ചുറ്റിനും നീലക്കടൽ, വെള്ള മണല്‍; മാലിദ്വീപ് യാത്രയുടെ വിശേഷങ്ങൾ

Total
0
Shares

വിവരണം – വർഷ വിശ്വനാഥ്.

കാല്‍ നീട്ടി വെച്ചു നടന്നാല്‍ 15 മിനിറ്റ് കൊണ്ടു നടന്നു തീര്‍ക്കാവുന്ന ദ്വീപുകള്‍. എങ്ങോട്ട് തിരിഞ്ഞു നോക്കിയാലും കടല്‍. അതും ഭംഗിയുള്ള നീല നിറം, നല്ല സൂര്യപ്രകാശം, വെള്ള മണല്‍… ഇത് മാല്‍ഡീവ്സ്.

മാല്‍ഡീവ്സിലേക്ക് യാത്ര പോകാമെന്ന ആശയം തോന്നിയപ്പോള്‍ ആദ്യം തന്നെ ഓര്‍ത്തത് തങ്ങളുടെ ഭൂതകാലവും ചരിത്രവും ഒക്കെ അടയാളപ്പെടുത്തുന്ന സ്വന്തം വേരുകളെ പോലും ബഹുമാനിക്കാതെ അവസാന ബുദ്ധ പ്രതിമയും തല്ലി തകര്‍ത്ത അസഹിഷ്ണുക്കളായ ജനങ്ങളെ കുറിച്ച് പത്രത്തില്‍ വായിച്ചതാണ്‌. എന്നാല്‍ ഭാവിയില്‍ Global Warming ന്റെ ഭാഗമായി കടല്‍വെള്ളത്തിന്റെ നിരപ്പു പൊന്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആദ്യം ഇല്ലാതാകാന്‍ പോകുന്ന രാജ്യങ്ങളുടെ സാദ്ധ്യതാ നിരയില്‍ മുന്‍പന്തിയിലാണ്‌ മാല്‍ഡീവ്സ്. അപ്പൊ പിന്നെ കണ്ടു കളയാമെന്നു തീരുമാനിച്ചു. 2004-ല്‍ ഉണ്ടായ ഭീകര സുനാമിയില്‍ അത്രമാത്രം നാശനഷ്ടങ്ങള്‍ സഹിച്ചിട്ടുണ്ട് ഈ രാജ്യം.

തലസ്ഥാന നഗരിയായ മാലിയില്‍ എത്തിയപ്പോള്‍ മനസ്സിലായി – വിമാനം ഇറക്കുന്ന പാതയില്‍ ഒരല്‍പം അങ്ങോട്ടോ ഇങ്ങോട്ടോ പോയാല്‍ നേരെ ചെന്നെത്തുന്നത് കടലിലാണ്‌. കടല്‍ ജലനിരപ്പില്‍ നിന്നു വലിയ ഉയരമൊന്നുമില്ല അവിടത്തെ ഭൂമിക്ക്. ഏറ്റവും ഉയര്‍ന്ന ഇടം (പ്രകൃതിജം ആയത്) 7 അടിയാണത്രെ. പിന്നെ ഒരേ ഒരു സമാധാനം പ്ലെയിന്‍ കടലില്‍ പോയാലും “അവസാന സമയത് ഒരു തുള്ളി വെള്ളം പോലും കിട്ടിയില്ല” എന്ന പ്രശ്നം വരില്ല. ആവോളം കുടിക്കാം. ഉപ്പുരസം കാണും. അത്ര മാത്രം.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ലക്ഷദ്വീപിന്റെ അടുത്തായും പിന്നെ നീണ്ട് നീണ്ട് ഭൂമധ്യരേഖ വരെ കാണാവുന്ന അനേകം കൊച്ചു കൊച്ചു ദ്വീപുകള്‍ അടങ്ങുന്ന രാജ്യമാണ്‌ മാല്‍ഡീവ്സ്. അനേകം എന്നാല്‍ 1190 കൊചു ദ്വീപുകള്‍ . ഇത്രയും ദ്വീപുകളുണ്ടെങ്കിലും മാല്‍ഡീവ്സുകാര്‍ താമസിക്കുന്നത് വെറും 192 ദ്വീപുകളില്‍ മാത്രമാണ്‌. ബാക്കി ചിലതില്‍ ആരുമില്ല.. ചിലതില്‍ റിസോര്‍ട്ടുകള്‍ പണിതിരിക്കുന്നു.ബാക്കിയുള്ളവ വിനോദ സഞ്ചാരത്തിനു ഉപയോഗിക്കുന്നതോ വ്യവസായങ്ങള്‍ക്ക് ഉപയോഗിക്കുന്നതോ കൃഷിക്കു ഉപയോഗിക്കുന്നതോ ആയിരിക്കും. നമ്മള്‍ സഞ്ചാരികള്‍ക്കു അവിടത്തെ നാട്ടുകാരുമായി സൌഹൃദം സ്ഥാപിക്കാനോ അവരുടെ കൂടെ സമ്പര്‍ക്കം നടത്താനോ അവസരങ്ങള്‍ കുറവാണ്. സഞ്ചാരികളെല്ലാം നേരെ റിസോര്‍ട്ടിലേക്ക് പോവുകയാണ്‌ പതിവു.

ഇനി മാല്‍ഡീവ്സിലെ ഏതെങ്കിലും റിസോര്‍ട്ടിന്റെയോ എയര്‍പോര്‍ട്ടിന്റെയോ അഡ്രസ്സ് നോക്കുമ്പോള്‍ ഇന്ന സ്ഥലം സ്ഥിതി ചെയ്യുന്നത് ഇന്ന അട്ടോളിലാണെന്നു കാണാം. ഈ അടോള്‍ എന്ന വാക്കു രണ്ടു രീതിയില്‍ മാല്‍ഡീവ്സില്‍ ഉപയോഗിക്കുന്നുണ്ട്. ഒന്നു – ഭൂമിശാസ്ത്രപരമായി പറയുന്ന അടോള്‍ . രണ്ട് – മാല്‍ഡീവ്സിലെ ഭരണകേന്ദ്രങ്ങളുടെ പേരിന്റെ പുറകിലുള്ള അടോള്‍ എന്ന വാല്‍ .

പവിഴപുറ്റുകള്‍ അഥവാ പവിഴപാറക്കൂട്ടങ്ങള്‍ മാല്‍ഡീവ്സ് ഭാഗത്തെ കടലിനടിയില്‍ കാണാം. ഈ പവിഴപുറ്റുകള്‍ ഏതാണ്ടൊരു വട്ടത്തിലാണ്‌ കിടക്കുക. ആ വട്ടത്തിനു പുറം ഭാഗം മഹാസമുദ്രം. ഉള്‍ഭാഗം കായല്‍ അഥവാ ലഗൂണ്‍ (Lagoon). ഇങ്ങനെയുള്ള ഓരോ വട്ടത്തിലും ഒന്നോ രണ്ടോ അതില്‍ക്കൂടുതലോ ദ്വീപുകള്‍ ഉണ്ടാകാം. ഉണ്ടാകാതിരിക്കാം. പവിഴപുറ്റും അതിനുള്ളിലെ കായലും ദീപുകളും അടങ്ങുന്നതാണ്‌ ഭൂമിശാസ്ത്രപരമായ ഒരു അടോള്‍ .

ഭൂമിശാസ്ത്രപരമായി പറയുകയാണെങ്കില്‍ മാല്‍ഡീവ്സില്‍ 26 അടോളുകളുണ്ട്. ആയിരത്തില്‍ മേലെ ദ്വീപുകളുള്ള ഈ രാജ്യത്തെ ഭരണകാര്യങ്ങള്‍ക്കായി 7 പ്രവിശ്യകളാക്കി (7 ഭരണഭാഗങ്ങളാക്കി) തിരിച്ചിട്ടുണ്ടായിരുന്നു പണ്ട്. ഓരോ പ്രവിശ്യയിലും ഒന്നോ രണ്ടോ അതില്‍ക്കൂടുതലോ അടോളുകള്‍ ഉണ്ടാകും. ഇന്നു അതിനു പകരം 21 ഭരണ കേന്ദ്രങ്ങളാണ്‌ (തലസ്ഥാനമായ മാലി ഉള്‍പ്പടെ). മാല്ഡീവ്സില്‍ ഇതിലെ 19 ഭരണകേന്ദ്രങ്ങള്‍ക്കും വാലായി അടോള്‍ (Atoll) എന്ന വാക്കും കാണാം.

വീണ്ടും എന്റെ യാത്രയിലേക്ക്. വിമാനം ഇറങ്ങിയത്‌ നീണ്ട റണ്‍വേ ഉള്ള, വിമാനത്താവളം മാത്രമുള്ള തലസ്ഥാന നഗരിയായ മാലിയിലെ ഒരു ദ്വീപിലാണ്‌ . അവിടെ മിക്കവാറും വിദേശികളെയാണ്‌ കാണാനാകുക. പിന്നെ അവരെ സ്വീകരിക്കാന്‍ വരുന്ന ഹോട്ടലധികൃതരെയും. അതും പഴയപോലെ യൂറോപ്പ്യന്‍ സഞ്ചാരികളല്ല ഇപ്പോള്‍ കൂടുതല്‍ . വിനോദ സഞ്ചാരവും ചൈന കൈക്കലാക്കിയിരിക്കുന്നു.

ഇവിടേക്ക് വരാന്‍ വിസ ആവശ്യമില്ലെങ്കിലും ശ്രദ്ധിക്കേണ്ട അനേകം കാര്യങ്ങളുണ്ട്. ഇതൊരു ഇസ്ലാമിക രാഷ്ട്രമാണ്‌. ശരിഅത്താണ്‌ ഇവിടത്തെ നിയമം. അതുകൊണ്ട് തന്നെ മദ്യം, പൂജാ വിഗ്രഹങ്ങള്‍ , പ്രചരണോദ്ദ്യേശ്യത്തോടെയുള്ള മറ്റു മത പുസ്തകങ്ങള്‍ എന്നിവ കൊണ്ടു വരുന്നതിനു നിരോധനങ്ങളൊ അല്ലെങ്കില്‍ കര്‍ശന നിയമങ്ങളോ ഉണ്ടിവിടെ. ഇസ്ലാമിക രാജ്യമാണെങ്കിലും മദ്യം റിസോര്‍ട്ടുകളില്‍ സുലഭം.

മാല്‍ഡീവ്സിലേക്ക് കാല്‍ വെച്ചതും ഒരു ചാറ്റല്‍ മഴ പെയ്തു സ്വാഗതമോതിക്കൊണ്ട്. പൊതുവേ ഉഷ്ണ കാലാവസ്ഥയാണവിടെ. അപ്പൊ ആ മഴ വളരെ രസകരമായി തോന്നി. ഇനി ഈ ദ്വീപില്‍ നിന്നു തൊട്ടടുത്താണ്‌ തലസ്ഥാന നഗരിയായ മാലി പ്രധാന ദ്വീപ്. അവിടെ ഉയര്‍ന്ന കെട്ടിടങ്ങളൊക്കെ കാണാം. കുറച്ചപ്പുറത്ത്‌ വ്യവസായ സ്ഥാപനങ്ങളുടെ ദ്വീപ് കാണാം. മാലിയിലെ ചവറു ഇടാനും ഒരു ദ്വീപുണ്ട്. അങ്ങനെ അങ്ങനെ ദ്വീപുകള്‍ ദ്വീപുകള്‍.

അന്തര്‍ദേശീയ വിമാനത്താവളത്തിനു തൊട്ടടുത്തു തന്നെയാണ്‌ ദേശീയ ടെര്‍മിനലും. ഇവിടെ നിന്നും മാല്‍ഡീവ്സിലെ മറ്റു എയര്‍പോര്‍ട്ടിലേക്ക്ക്ക് പോകാനായി Island Aviation ന്റെ വിമാനങ്ങളുണ്ട്. പിന്നെ അടുത്തുള്ള റിസോര്‍ട്ടുകളിലേക്ക് സ്പീഡ് ബോട്ടിലോ അല്ലെങ്കില്‍ സീ പ്ലെയിനിലോ യാത്ര ചെയ്യാം. അതേര്‍പ്പാടാക്കുന്നതും റിസോര്‍ട്ടുകാര്‍ തന്നെയാണ്‌ . ഇതെല്ലാം കൂട്ടി ഒരു കൊന്ന വില ഡോളറിലങ്ങിടും അവര്‍.

നമ്മള്‍ റിസോര്‍ട്ടിലേക്ക് പോയത് 50 മിനിറ്റ് വിമാനത്തിലും പിന്നെ 20 മിനിറ്റ് സ്പീഡ് ബോട്ടിലുമാണ്‌ . ആ പ്രാദേശിക വിമാനത്താവളത്തിലിറങ്ങി പുറത്തേക്ക് കടന്ന ഞാന്‍ ആദ്യം കണ്ടത് മടി പിടിച്ച് കാര്യമായൊന്നും ചെയ്യാതെ അവിടവിടെയായി ഇരിക്കുന്ന കുറച്ച് മാല്‍ഡീവ്സുകാരെയാണ്‌ . ആകെ മൊത്തം അവിടത്തെ ഗന്ധത്തില്‍ ഒരു അലസത അനുഭവപ്പെട്ടു. മെല്ലെയുള്ള ജീവിതം. Slow Life എന്നൊക്കെ പറയാം.

ബോട്ടില്‍ കേറുന്നതിനു മുമ്പെ അവിടമൊന്നു നടന്നു കണ്ടു. വീടുകളും അവിടത്തുകാരെയും ഒക്കെ. മാല്‍ഡീവ്സ് ജനതയില്‍ ഭൂരിഭാഗവും ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്‌ . അവിടത്തെ ഒരു 10 – 15 കുഞ്ഞു മുഖങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചു. ഒരു മാതിരിപ്പെട്ട എല്ലാ ethnicity-ഉം അവരില്‍ കാണാം. കറുത്തും വെളുത്തും ഇരുനിറവും ഗോതമ്പു നിറവുമൊക്കെയായി..

മാലിദ്വീപില്‍ ഒരുപാട് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്. മലയാളികളുള്‍പ്പടെ. പ്രത്യേകിച്ച് അദ്ധ്യാപകര്‍ . യാത്രക്കിടെയില്‍ അങ്ങനെ കുറച്ചുപേരെ കണ്ടുമുട്ടാനായി. അതില്‍ ഏറ്റവും അടുത്തത് റെജിയോടായിരുന്നു. ഒരു തെക്കന്‍ നസ്രാണി. റിസോര്‍ട്ടില്‍ ഷെയറുള്ള ഗല്‍ഫ് മേഖലയിലെ കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. 8 മാസം മാലിദ്വീപിലും 4 മാസം ഗള്‍ഫിലുമായി ജോലി. അങ്ങനെ ഇപ്പൊ 2 വര്‍ഷമായി ഇവിടെ. നല്ല ഉദ്യോഗം, നല്ല ശമ്പളം. കുടുംബം പക്ഷെ ഇവിടെ ഇല്ല. ഗള്‍ഫിലാണ്‌ . കുട്ടികളുടെ വിദ്യാഭ്യാസമാണത്രെ പ്രശ്നം. അപ്പൊ ന്യായമായും “വിദ്യാഭ്യാസം ഇവിടെ ഇല്ലേ” എന്നു ഞാന്‍ സംശയിച്ചു.

റെജിയുടെ അഭിപ്രായത്തില്‍ ഇവിടെ വിദ്യാഭ്യാസമൊക്കെയുണ്ട്. സ്കൂളുണ്ട്. “ഒ” ലെവല്‍ സിലബസാണ്‌ കൂടുതലും. പക്ഷെ ‘അച്ഛന്‍’ എന്നെഴുതാന്‍ പറഞ്ഞാല്‍ പിള്ളേര്‍ ‘ഓച്ഛന്‍’ എന്നെഴുതുംത്രേ. ഒരു കളിയാക്കല്‍ സ്വരമുണ്ടായിരുന്നു അതിനു. സ്കൂളുകളുടെ മാത്രമല്ല പ്രശ്നം. ഇവിടത്തെ രീതികളുടെ കൂടിയാണ്‌ . പിന്നെ… എന്തിനും വലിയ വിലയാണ്‌. ഈ റെജിക്കറിയാവുന്നര്‍ തന്നെ ചില പമ്പ്, വയര്‍ സാമഗ്രികള്‍ പല വരവുകളിലായി നാട്ടില്‍നിന്നു കൊണ്ടു വന്നു ഇവിടെ വലിയ വിലയ്ക്ക് വില്‍ക്കാറുണ്ട്പോലും.

മാല്‍ഡീവിയന്‍ രുഫിയാക്ക് ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യമുണ്ട്. ഒരു ഏകദേശ കണക്കായി പറഞ്ഞാല്‍ 1 MVR = 4.5 INR. ഇവിടത്തെ റിസോര്‍ട്ടുകളില്‍ ചിലവിടാനായി വരുന്നവരുടെ അവധിക്കാലത്തിന്റെ വിലയും അതിഗംഭീരമാണ്‌. ഒരു ദിവസം 700 ഡോളര്‍ മുതല്‍ മുകളിലേക്കാണ്‌ മിക്കതിലും.

റെജിയെക്കൂടാതെ വേറെയും മലയാളികളോട് നല്ല കൂട്ടായി. അങ്ങനെ റിസോര്‍ട്ടിന്റെ സ്റ്റാഫ് കോര്‍ട്ടേഴ്സും കിച്ചണും പിന്നെ അഡ്‌മിനിസ്ട്രേഷന്‍ ഏരിയയുമൊക്കെ കാണാന്‍ സാധിച്ചു. ഈ റിസോര്‍ട്ടിലാണ്‌ റെജി കൂടുതല്‍ സമയമെങ്കിലും തലസ്ഥാന നഗരിയായ മാലി ദ്വീപിലും ജോലി സംബന്ധമായി ഇടക്കിടെ താമസിക്കേണ്ടി വരാറുണ്ട്. റെജിയുടെയും കൂട്ടരുടെയും അഭിപ്രായത്തില്‍ Morality കുറവാണ്‌ ഇവിടത്തെ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും.

ഇവര്‍ പറയുന്ന മൊറാലിറ്റിയുടെ അടിസ്ഥാനം എന്തെന്നറിയില്ല. ഇത്തരം കാര്യങ്ങളില്‍ ഓരോരുത്തരുടെയും “ശരി” വ്യത്യസ്തമല്ലേ? പക്ഷെ ‘പൈസ എങ്ങനെയെങ്കിലും ഉണ്ടാക്കുക -അടിച്ചു പൊളിക്കുക- നാളയെക്കുറിച്ച് ചിന്തിക്കാതിരിക്കുക’ എന്നതൊക്കെയാണ്‌ ഇവിടത്തുകാരെക്കുറിച്ചുള്ള അഭിപ്രായം. ബന്ധങ്ങളിലൊന്നും വലിയ വില കൊടുക്കുന്നവരല്ലത്രെ അവിടത്തെ യുവതലമുറ. മാലിക്കാരായ ഫൈസലിനെയും റഷീദിനെയും ഒക്കെ പരിചയപ്പെട്ടപ്പോള്‍ അതില്‍ കുറെ സത്യമുണ്ടെന്നു തോന്നി. കൂടെയുണ്ടായിരുന്ന ജിജോ പറഞ്ഞു – “നിങ്ങളീ ‘One man Woman, One woman Man’ എന്നൊന്നും പറയല്ലേ. അവന്മാര്‍ ചിരിച്ച് ചിരിച്ച് ചാവും” എന്നു. ഞാന്‍ മന്ദഹസിച്ചു.

മാല്‍ഡീവ്സുകാരായ ജീവനക്കാരില്‍ ഞാന്‍ ആദ്യം തന്നെ ശ്രദ്ധിച്ച ഒരു കാര്യം ഇവരെല്ലാം പുകവലിക്കുന്നവരാണ്‌ എന്നാണ്‌ . പുകവലി എന്നാല്‍ ഒരു തരം മയങ്ങിയ കണ്ണുകളൊക്കെയായി. കഞ്ചാവും മറ്റു മയക്കു മരുന്നും ഇവരുടെ ഏറ്റവും പ്രിയപ്പെട്ട സാധനങ്ങളത്രെ. ഇവര്‍ സായിപ്പിന്റെ ഭാഷ സംസാരിക്കുന്നത് വളരെ നന്നായിട്ടാണ്‌ എന്നതും ഞാന്‍ ശ്രദ്ധിച്ചു.

മറ്റൊന്നിന്നും വലിയ ഉത്സാഹവും ആവേശവുമൊന്നും കണ്ടില്ലെങ്കിലും രാത്രി അപ്പുറത്തെ Sandbank-ഇല്‍ പോയാലോ എന്നു ചോദിച്ചപ്പൊ അവര്‍ക്കെല്ലാം വലിയ ആവേശമായിരുന്നു. ദ്വീപുകള്‍ക്കു പുറമെ മണല്‍ തിട്ടകളും കാണാം. ഈ മണല്‍തിട്ടകള്‍ കാറ്റിനും കോളിനുമനുസരിച്ച് ഒരല്‍പം മാറിയും ഇരിക്കാം. രാത്രിനേരത്ത് ഇത്തരം മണല്‍ത്തിട്ടകളില്‍ ബോട്ടെടുത്തു വന്നു ചെറിയ ടെന്റൊക്കെ കെട്ടി Barbeque നടത്തി രാത്രി ആഘോഷിക്കുന്നത് ഇവരുടെ ഇഷ്ടവിനോദമാണ്‌ .

റിസോര്‍ട്ടിനെക്കുറിച്ച് പറയുകയാണെങ്കില്‍ ഒരു ദ്വീപ് മുഴുവന്‍ മിക്കവാറും അവരുടേതായിരിക്കും. എന്നാല്‍ ഈ ദ്വീപ് എന്നുപറയുന്നത് അത്ര വലുതൊന്നുമല്ല. 15 മിനിറ്റുകൊണ്ട് ഒരു വട്ടം സൈക്കിള്‍ ചവിട്ടി കാണാവുന്നതേ ഉള്ളൂ.. വെള്ളത്തിനു മുകളിലുള്ള വീടുകള്‍ , ബീച്ച് പരിസരത്തെ വീടുകള്‍ എന്നിവയാണിവിടത്തെ മുഖ്യാകര്‍ഷണങ്ങള്‍. കടലിനൊത്ത മുകളില്‍ നില്‍ക്കുന്ന water villa – ലാണ്‌ താമസിച്ചത്. താഴെയും മുകളിലും ബാല്‍ക്കണിയുണ്ട്. താഴേത്തതില്‍ ഒരു ജാക്കൂസിയും ഉണ്ട്. പല രീതിയില്‍ പലയിടത്തായി നിന്നു വെള്ളം വരുന്ന ഒരു വലിപ്പമുള്ള ബാത് ടബ്ബ് ആണത്. ഒരു മസാജിന്റെ സുഖമുണ്ടാകും അതും പ്രവര്‍ത്തിപ്പിച്ച് അതിലെ വെള്ളത്തില്‍ കിടക്കുമ്പോള്‍ . അങ്ങനെ ദൂരെ കടലിനെയും നോക്കി അതില്‍ കിടന്നു വിശ്രമിക്കുന്നത് വളരെ രസകരമാണ്‌ .

ഇനി ഭക്ഷണത്തെക്കുറിച്ച്. അതില്‍ എന്തു പറയാനിരിക്കുന്നു? മീന്‍ തന്നെ മുഖ്യമായ ഭക്ഷണം. കടലില്‍ നിന്നു പിടിച്ചയുടനെ ഉണ്ടാക്കിയ മീന്‍ വിഭവങ്ങള്‍ . മീന്‍ കൊണ്ടുള്ള പലതരം ചമ്മന്തി. ചിക്കനും സസ്യവിഭവങ്ങളും ഇതിനോടൊപ്പമുണ്ടായിരുന്നു. ഇവിടത്തെ അടുക്കളയിലും ഒരുപാട് മലയാളികളെ കണ്ടു. നമ്മള്‍ ഒരാഴ്ച്ചയൊക്കെ ഇവിടെ വന്നു താമസിച്ചു സന്തോഷിക്കുന്നു.

പക്ഷെ അവിടെ ജോലി ചെയ്യുന്നവര്‍ക്ക് ഈ സന്തോഷം കണ്ടില്ല. കാരണം മറ്റൊന്നുമല്ല. ബോറടി തന്നെ. ജോലി കഴിഞ്ഞാല്‍ കാര്യമായൊന്നും അവര്‍ക്ക് ചെയ്യാനില്ല. ഒരു ദ്വീപ് എന്നാല്‍ ഒരു ചെറിയ സ്ഥലം. ആഞ്ഞു നടന്നാല്‍ അത് തീര്‍ന്നു. പിന്നെ വെള്ളമാണ്‌ ചുറ്റും. കുറച്ചപ്പുറമോ ഇപ്പുറമോ പോകാമെന്നു വെച്ചാല്‍ അത് വേറെ ദ്വീപിലേക്കാണ്‌. അങ്ങനെയങ്കില്‍ ബോട്ടോ പ്ലെയിനോ വേണം. അപ്പൊ ആ യാത്ര ചെറിയ കീശകള്‍ക്കൊതുങ്ങില്ല. ഇവരുടെ വിശ്രമനേരം വെള്ളത്തിലും (ഉള്ളിലും പുറത്തും) പിന്നെ ഇന്റര്‍നെറ്റിലുമാണ്‌ .

റിസോര്‍ട്ടുകളില്‍ ഇപ്പോള്‍ ഇന്ത്യക്കാര്‍ക്കു പുറമെ പാകിസ്ഥാനികള്‍ , ഒരുപാട് ബംഗ്ലാദേശികള്‍ എന്നിവരുണ്ട് ജോലിക്കാരായി.പിന്നെ ചൈനയില്‍ നിന്നുള്ള ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ അവരോട് സംസാരിക്കാന്‍ ഒന്നോ രണ്ടോ ചൈനക്കാരും. എന്തായാലും നമ്മള്‍ മലയാളികള്‍ക്ക് മാല്‍ഡീവ്സില്‍ ഭാഷ അത്ര പ്രശ്നമാകില്ല. മലയാളം പറ്റിയില്ലെങ്കിലും മുറി ഹിന്ദി ഇവിടെ പയറ്റാം. കാരണം ഷാറൂഖും കത്രീനയും കരീനയും ഒക്കെ ഇവര്‍ക്ക് സുപരിചിതരാണ്.

സങ്കേതികമായി മാല്‍ഡീവ്സ് പുറകിലല്ല. തലസ്ഥാന നഗരിയില്‍ നിന്നും ഒരുപാട് ദൂരെയുള്ള ഈ റിസോര്‍ട്ടില്‍ പോലും ഇന്റര്‍നെറ്റുണ്ടായിരുന്നു. നമ്മള്‍ ഇന്റര്‍നെറ്റൊക്കെ ഉണ്ടല്ലൊ എന്നന്വേഷിച്ചാണ്‌ ബുക്കുചെയ്തത്. എന്നാല്‍ കുറച്ചപ്പുറത്ത് താമസിച്ച ഇംഗ്ലീഷ് ദമ്പതിമാര്‍ക്ക് അതിന്റെ ആവശ്യമേ തോന്നിയില്ലത്രെ. ചാറ്റും, മെയിലും, ഫേസ്ബൂകും, മൊബൈലും ഒക്കെ നോക്കാനാണെങ്കില്‍ നമ്മള്‍ എന്തിനു മാല്‍ഡീവ്സ് വരെ വരണം? എന്നാണവരുടെ ഭാഷ്യം.

അവര്‍ക്ക് യാത്രകള്‍ എല്ലാത്തില്‍ നിന്നുമുള്ള വിടുതലാണ്‌ . പുസ്തകം, കടല്‍ , കത്തി നില്‍ക്കുന്ന സൂര്യനെ നോക്കി പൂഴിയില്‍ കിടക്കല്‍ , പിന്നെ നീന്തല്‍ , മദ്യം , വിശ്രമം ഇതു മാത്രമാണ്‌ അവരുടെ ആവശ്യം. എന്നാല്‍ ചൈനക്കാര്‍ അങ്ങനെയല്ലത്രെ.. അവര്‍ കൊടുത്ത പൈസ മുതലാക്കാനായി അവിടെയുള്ള എല്ലാത്തിലും കൈ വെക്കും. പിന്നെ ഇത്രയും ദൂരം വന്ന് സ്കൂബ ഡൈവിങ്ങും സ്നോര്‍ക്കലിങ്ങുമെല്ലാം ഒരു തവണയെങ്കിലും പയറ്റി നോക്കും. മലയാളികള്‍ സഞ്ചാരികളായി എത്തുന്നതും കുറവാണ്‌ .

ഡൈവിംങ്, വിശ്രമം, മധുവിധു ആഘോഷം എന്നിവയ്ക്കാണ്‌ മാല്‍ഡീവ്സിലേക്ക് മിക്ക സഞ്ചാരികളും എത്തുന്നതെങ്കിലും സമ്പന്നരായ ചിലര്‍ അവരുടെ സമ്പന്നമായ വിവാഹങ്ങള്‍ ഇവിടത്തെ റിസോര്‍ട്ടുകളില്‍ നടത്താറുണ്ട്. അല്ലെങ്കില്‍ വിവാഹത്തോടനുബന്ധമായി ഫോട്ടോ എടുക്കാനും ഈ സ്ഥലം തെരഞ്ഞെടുക്കുന്നവരുണ്ട്. അത്തരത്തില്‍ വിവാഹവേഷത്തിലുള്ള ഒരു വധുവിനെ ഞാന്‍ കണ്ടു. കൃസ്ത്യന്‍ വിവാഹങ്ങളില്‍ കാണുന്ന നീളമുള്ള വെള്ള ഉടുപ്പ് ധരിച്ചൊരു വധു. അവരെ മണലിലൂടെ നടത്തിയും തലയുയര്‍ത്തി നില്‍ക്കുന്ന തെങ്ങുകളുടെ താഴെ ചാരി നിര്‍ത്തിയും മറ്റും ഫോട്ടോകള്‍ എടുത്തു കൊണ്ടേയിരുന്നു ആ ഫോട്ടോഗ്രാഫര്‍ .

മാല്‍ഡീവ്സിലെ കാലാവസ്ഥ കൂടുതലും ആകര്‍ഷിക്കുന്നത് തണുത്ത രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളെയാണ്‌ . നിറപകിട്ടാര്‍ന്ന പവിഴപുറ്റുകള്‍ തന്നെയാണ്‌ മാല്‍ഡീവ്സില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത്. സ്നോര്‍ക്കലിംങ് (Snorkeling) ചെയ്യാനായി മൂക്കും വായും അടയ്ക്കുന്ന കണ്ണടയും പിന്നെ താറാവിന്റെ കാല്‍പാദം പോലത്തെ ഷൂവും ധരിച്ച് കടലിലിറങ്ങി അടിയിലേക്ക് നോക്കിയ ഞാന്‍ ഞെട്ടി. കടലിനടിയില്‍ ഇത്രമാത്രം സൌന്ദര്യമോ? ദൂരെ ഭംഗിയുള്ള നീലനിറത്തില്‍ പരന്നു കിടക്കുന്ന കടല്‍ കണ്ടുതന്നെ ‘എന്തു ഭംഗി’ എന്നു പറഞ്ഞ ഞാന്‍ കടലിന്നടിഭാഗം കണ്ട് ശരിക്കും പകച്ചു പോയി. വിവിധ വര്‍ണങ്ങളില്ലുള്ള മീനുകള്‍ , നക്ഷത്ര മീന്‍, ജലസസ്യങ്ങള്‍ , മറ്റു ജലജീവികള്‍ , ഭംഗിയുള്ള കടല്‍ തട്ട്, ഇതെല്ലാം ഒരു സ്വപ്നലോകം പോലെയാണെനിക്ക് തോന്നിയത്.

പവിഴപുറ്റുകള്‍ക്കിടയിലൊരു കൊച്ചു രാജകൊട്ടാരം. അവിടെ പടയാളികളായി മഞ്ഞയും ബ്രൌണും വരയുള്ള മീനുകള്‍ .. തോഴിമാരായി നീല നിറത്തിലുള്ള സുന്ദരിമീനുകള്‍ … വെള്ളത്തിനടിയിലേക്ക് നോക്കി എന്തൊക്കെയോ ചിന്തിച്ചു കൂട്ടി കുറെ നേരം നീന്തി ഞാന്‍ . അപ്പോഴാണ്‌ ട്രെയിനര്‍ ചേട്ടന്‍ എനിക്കൊരു ആമയെ കാണിച്ചു തന്നത്. . ആമ എന്നാല്‍ മെല്ലെ നടക്കുന്ന ജീവി എന്നാണെനിക്കറിയാവുന്നത്. പക്ഷെ ആ കണ്ടത് നല്ല വേഗതയില്‍ നീന്തുന്ന ആമയെയായിരുന്നു.. അത്രയും വേഗത്തില്‍ നീന്തിപ്പോയതുക്കൊണ്ട് കാമറയില്‍ പകര്‍ത്താനായില്ല. എന്തൊക്കെ ഇനി കാണണം? എനിക്കിങ്ങനെ അത്ഭുതപ്പെടാനേ നേരമുണ്ടായിരുന്നുള്ളൂ. വാ പൊളിച്ചാല്‍ വെള്ളം കേറുമെന്നുള്ളതു കൊണ്ട് അത് ചെയ്തില്ലെന്നു മാത്രം.

വെള്ളത്തിനടിയില്‍ ഫോട്ടോ എടുക്കാന്‍ കാമറക്ക് Underwater Case എന്ന ഒരു ഉടുപ്പ് ഇടീപ്പിച്ചാണ്‌ ഞാന്‍ കടലിലേക്ക് ചാടിയത്. ആ തീരുമാനം നന്നായി എന്നെനിക്ക് തോന്നി. ഞാന്‍ കണ്ണു കൊണ്ടു കണ്ട ആ ഭംഗി അതുപോലെ കാമറയിലേക്ക് പകര്‍ത്താനായില്ലെങ്കിലും ഒരുപിടി നല്ല ചിത്രങ്ങള്‍ കിട്ടി എനിക്ക്.

സ്നോര്‍ക്കലിംങ് ചെയ്യാന്‍ റിസോര്‍ട്ടിലെ ഡൈവിംഗ് സെന്ററിന്റെ സഹായമാണ്‌ ഞങ്ങള്‍ തേടിയത്. അല്ലെങ്കില്‍ അതിനുള്ള ഉപകരണങ്ങള്‍ വാങ്ങി ഇവിടെ നിന്നു തന്നെ കൊണ്ടുപോകാം. കാരണം അത്രക്കെളുപ്പമാണ്‌ സ്നോര്‍ക്കലിംങ്. മാത്രമല്ല അതിനായി അതിദൂരം പോകേണ്ട ആവശ്യമില്ല. നീന്തലറിയണമെന്നുമില്ല. നീന്താനറിയാത്തവര്‍ക്ക് ലൈഫ്ജാക്കറ്റിട്ടിറങ്ങാം. നീന്താനറിയുന്നവര്‍ക്കു ചെറുതായി ഊളിയിട്ടു കൂടുതല്‍ ഭംഗിയുള്ള അടിത്തട്ടു കാണാം. എങ്ങിനെയായാലും മനോഹരമായ ഒരു അനുഭവമാണത്. കാണാത്തതിനെയും അറിയാത്തതിനെയും അകാരണമായി പേടിക്കുന്ന ഒരു പ്രവണത നമുക്കുണ്ടല്ലോ.. അതിന്റെ ആവശ്യം ഈ കാര്യത്തില്‍ തീര്‍ച്ചയായും വേണ്ട. ഞാന്‍ സാക്ഷ്യം.

ഞണ്ടുകളുടെ ഓട്ടമത്സരം : റിസോര്‍ട്ടിലെ ഒരു രാത്രി മാള്‍ഡീവ്സുകാരുടെ കളികളിലൊന്നായ Crab Race കാണാന്‍ പറ്റി. അതെ. ‘ഞണ്ട് ഓട്ടം’ എന്നു മലയാളീകരിക്കാം. ഒരു തുറന്ന പാത്രത്തില്‍ നിറയെ ഞെണ്ടുകളിട്ട് നിറച്ചിട്ടുണ്ട്. അതില്‍ നിന്നൊരു ഞെണ്ട് പോലും പുറത്തേക്ക് പോകില്ലെന്നറിയാമല്ലോ അല്ലേ. എന്റെ അച്ഛന്‍ തമാശക്ക് പറയാറുണ്ട് – “ചില മനുഷ്യര്‍ ‘ഞണ്ടുകളെ പോലെയാണ്‌” എന്ന്. ഒരുത്തന്‍ മുകളിലേക്ക് പോയി രക്ഷപ്പെടാന്‍ നോക്കിയാല്‍ മറ്റുള്ളവ പിടിച്ച് താഴെയിടും. താനും വലുതാകണ്ട. മറ്റവന്‍ ഒട്ടുമാകണ്ട. അതത്രെ മനോഭാവം.

ഇനി കളിയെക്കുറിച്ച് പറയാം. ഈ ഞണ്ടുകളില്‍ ഓരോന്നു വീതം കാണികള്‍ തിരഞ്ഞെടുക്കണം. അവിടെ താമസിക്കുന്നവരും ജോലിക്കാരുമൊക്കെ ഓരോന്നിനെ തിരഞ്ഞെടുത്തു. 1, 2, 3, എന്നിങ്ങനെ ആ ഞണ്ടുകളുടെ പുറത്ത് സ്റ്റിക്കര്‍വെച്ചു ഒട്ടിച്ച് വെച്ചിട്ടുണ്ട്. പങ്കെടുക്കുന്ന ആള്‍ടെ പേരും ഞണ്ടിന്റെ നമ്പറും ഒരാള്‍ നോട്ടില്‍ കുറിക്കുന്നുമുണ്ട്. 10 ഡോളര്‍ കൊടൂത്തു വേണം ഈ കളിയില്‍ പങ്കെടുക്കാന്‍. അതായത് 500.00 ഇല്‍ മേലെ ഇന്ത്യന്‍ രൂപ. കാശില്ലാതെ ഇവിടെ ഒന്നും നടക്കില്ല.

ഇവിടത്തെ സുവനീര്‍ ഷോപ്പും മസാജ് സെന്ററും അങ്ങിനെ തന്നെയാ. തൊട്ടാല്‍ 60 ഡോളര്‍ , 90 ഡോളര്‍ എന്നൊക്കെ കാണാം. അവിടെ നിന്നു 5 ഇന്റെയും 10 ഇന്റെയും Fridge Magnets മാത്രമാണ്‌ ഞാന്‍ വാങ്ങിയത്. സുവനീര്‍ ഷോപ്പില്‍ മറ്റൊരു രസകരമായ സാധനമുണ്ടായിരുന്നു. ഒരു മരക്കഷണത്തില്‍ തെങ്ങും വെള്ളവും മീനും ഒക്കെ വരച്ചിരിക്കുന്നു. ഭംഗിയായി തന്നെ. പക്ഷെ വില 70 ഡോളര്‍ . ഞാന്‍ അതിനു ‘Soul Of Maldives’ എന്നു പേരിട്ടു. ‘കളിപ്പാട്ട’ത്തിലെ ഊശാന്താടിക്കാരന്‍ സിദ്ദിക്കിനെ പോലെയാരോ വരച്ചതാണത്.

അപ്പൊ വീണ്ടും ഞണ്ടുകളുടെ മത്സരയോട്ടത്തിലേക്കെത്താം. അങ്ങനെ രാത്രി ഭക്ഷണം കഴിഞ്ഞു നമ്മള്‍ നീന്തല്‍ക്കുളത്തിനും ബാറിനും ഇടയിലുള്ള സ്ഥലത്ത് കൂടി. അവിടെ നിലത്ത് ഒരു വലിയ വട്ടം വരച്ചിട്ടുണ്ട്. സ്കൂളുകളിലൊക്കെ പൂക്കള മത്സരത്തിനു ഇടുന്ന പൂക്കളത്തേക്കാളും ഒരല്‍പം വലുത്‌ . അതിനൊത്ത നടുവില്‍ ഈ സ്ഥാനാര്‍ത്ഥി ഞണ്ടുകളുടെ പാത്രം കമിഴ്ത്തി വെച്ചു. പിന്നെ ഞണ്ടുകളുടെ ഓട്ട മത്സരം തുടങ്ങുകയാണെന്നു പറഞ്ഞു ഒന്ന്, രണ്ട്, മൂന്ന് എന്ന് എണ്ണി ‘START’ എന്ന് നിലവിളിച്ച് ഈ പാത്രത്തിന്റെ ഇപ്പോള്‍ മുകളിലുള്ള ഭാഗത്ത് ഒന്നു കൊട്ടി ഞണ്ടെല്ലാം വീണെന്നുറപ്പാക്കിയ ശേഷം പൊക്കി. ഞണ്ടുകളെല്ലാം നിലത്തുണ്ട്. പിന്നെ കാണുന്നത് അവയുടെ പരക്കം പാച്ചിലാണ്! ഞണ്ടുകള്‍ ഓടി. അതെ. Crab Race.

ആദ്യം ആ വട്ടത്തിനു പുറത്ത് കടക്കുന്ന ഞണ്ടു ജയിക്കും . അതാണ്‌ മത്സരം. ആ ഓട്ടം കാണുന്നത് രസകരമായിരുന്നു. അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ പരക്കം പാഞ്ഞു ഒരു വീരന്‍ ആ വട്ടം മുറിച്ചു കടന്നു വിജയിയായി. അങ്ങനെ ഒന്നാമനേയും രണ്ടാമനേയും കണ്ടെത്തി. ആ വിജയി ഞണ്ടിനെ തിരഞ്ഞെടുത്തവര്‍ക്കു സമ്മാനമായി ലഭിച്ചത് അവിടെത്തന്നെയുള്ള ബാറില്‍ നിന്നു രണ്ടു പാനീയം സൌജന്യമായി കുടിക്കാനുള്ള കൂപ്പണുകളാണ്‌ .. കളി കഴിഞ്ഞപ്പോള്‍ എല്ലാരും കുടിയും വലിയും ചിരിയുമൊക്കെയായി അവിടെ തങ്ങി. സിഗററ്റിന്റെ പുക സഹിക്കാത്തതുകൊണ്ട് ഞാന്‍ കുറച്ചു നേരം മാറി നിന്നു. പിന്നെ എല്ലാരോടും യാത്ര പറഞ്ഞു തിരിച്ച് എന്റെ ‘കടല്‍ വീട്ടിലെ’ ബാല്‍ക്കണിയിലെത്തി രാത്രിയോടും തിരകളോടും സംസാരിച്ചു നിന്നു.

അങ്ങനെ കുറച്ച് നല്ല ദിവസങ്ങള്‍ . പിന്നെ വീണ്ടും നഗരത്തിലേക്ക്.. ജോലിയിലേക്ക്. വളരെ തിരക്കേറിയ നമ്മുടെ ജീവിതത്തിലെ ജോലിത്തിരക്കില്‍ നിന്നും ഉത്തരവാദിത്തങ്ങളില്‍ നിന്നും മാറി ഒരാഴ്ച്ച ഇതുപോലുള്ള യാത്രകളില്‍ , സ്ഥലങ്ങളില്‍ ചിലവിടുന്നത് ശരീരത്തിനും മനസ്സിനും ഒരുപോലെ നല്ല ഊര്‍ജ്ജവും ഉന്മേഷവും പ്രദാനം ചെയ്യുമെന്നതില്‍ സംശയം വേണ്ട.

ഇനിയും ജീവിതത്തിരക്കേറുമ്പോള്‍ ജോലിസമ്മര്‍ദ്ദങ്ങള്‍ പെരുകുമ്പോള്‍ ഒരാഴ്ച്ച എല്ലാം മറന്നു മെല്ലെയുള്ള ജീവിതം ആസ്വദിക്കാനായി, നീലക്കടലില്‍ ഇറങ്ങി രാജകൊട്ടാരം കാണാനായി, വിശ്രമിക്കാനായി ഞാന്‍ തിരിച്ചെത്തും ഈ പവിഴദ്വീപിലേക്ക്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post