വിവരണം – ഷഹീർ അരീക്കോട്.

അന്നൊരു ഞായറാഴ്ചയായിരുന്നു, ചുമ്മാ ഇരുന്നു മടുത്തപ്പോൾ ബൈക്കെടുത്ത് റോഡിലിറങ്ങി, എങ്ങോട്ടു പോകണം? വലത്തോട്ടു തിരിഞ്ഞാൽ മൂന്നാർ, മറയൂർ, മാങ്കുളം, ചിന്നക്കനാൽ, etc. ഇടത്തോട്ടു പോയാൽ എങ്ങോട്ടു വേണേലും പോകാം, ഹല്ല പിന്നെ. എന്നാൽ ഇടത്തോട്ട് പോകാം.

വാളറയെത്തി ശകടം ഒതുക്കിനിർത്തി വാളറക്കുത്തിലേക്ക് കണ്ണും നട്ട് ചുമ്മാ കുറച്ചു സമയം ഇരുന്നു, നല്ല വെയിലാണേലും കാറ്റിനു നല്ല കുളിർമ അനുഭവപ്പെടുന്നുണ്ട്. അടുത്ത ലക്ഷ്യം ചീയപ്പാറ വാട്ടർഫാൾസ്. ഇവ രണ്ടും എപ്പോഴും കാണുന്നവയാണ് പുതുമയൊന്നുമില്ല. എന്നാൽ പിന്നെ ഒരു വെറൈറ്റി പിടിച്ചാലോ? ‘മാമലക്കണ്ടം – കുട്ടമ്പുഴ റൂട്ട്’ കാട്ടാനകളുടെ വിഹാരകേന്ദ്രം, ആഹാ അന്തസ്സ്.

ഫോണെടുത്ത് ഡയൽ ചെയ്തു, “കോവിഡ്-19 അൺലോക്ക് പ്രക്രിയ രാജ്യമെമ്പാടും…” പരസ്യം പറയുന്ന ചേച്ചിയുടെ തൊണ്ടയിലെ വെള്ളം വറ്റുന്നതിന് മുൻപെ മാമലക്കണ്ടത്തെ വീട്ടിലിരുന്ന് അനിൽ സാർ ഫോൺ എടുത്തു, “എന്നായുണ്ട് വിശേഷം, എവിടെയാണ്?.” ഞാനിവിടെ വാളറക്കുത്തിനടുത്തുണ്ട് എന്ന് പറഞ്ഞതും മറുതലക്കൽ നിന്നും മറുപടി വന്നു, “എന്നാൽ മാമലക്കണ്ടത്തേക്ക് വാ, ഞാനും ഫ്രീയാണ്.” മറുപടി കേട്ടതും എന്റെ മനസ്സിൽ രണ്ട്ലഡ്ഡു ഒരുമിച്ച് പൊട്ടി.

വണ്ടിയെടുത്ത് താഴേക്കുരുട്ടി ചീയപ്പാറയെത്തി. അത്യാവശ്യം നല്ല തിരക്കാണ് വെള്ളച്ചാട്ടത്തിനടുത്ത്, സഞ്ചാരികളുടേയും വാനരന്മാരുടേയും. സോഷ്യൽ സിസ്റ്റൻസിട്ട് കുറച്ചു സമയം അവിടെ ചിലവഴിച്ചു. ഒരു വാനരൻ കരിക്കിന്റെ പാതിയുമെടുത്തോണ്ടുവന്ന് കഷ്ടപ്പെട്ട് അത് കഴിക്കുന്നതും നോക്കി കുറച്ച് നേരമിരുന്നു. സൂര്യൻ നെറുകയിലെത്തിയ കാരണം വെയിലിന് ശക്തി കൂടി വരുന്നു. അവിടെ നിന്നും ചലിച്ചു, ആറാം മൈൽ ഫോറസ്റ്റ് സ്റ്റേഷനടുത്തെത്തി വലത്തോട്ടുള്ള വഴിയിലേക്ക് പ്രവേശിച്ച് പഴംപിള്ളിച്ചാൽ വഴി മുന്നോട്ടു പോയി വനത്തിൽ പ്രവേശിച്ചപ്പോഴേക്കും ആനപ്പിണ്ടങ്ങൾ സ്വാഗതമോതി.

നട്ടുച്ച നേരമായതിനാൽ ആനകൾ കാണാൻ വഴിയില്ല. എന്നിരുന്നാലും ബൈക്ക് പതുക്കെ ഓടിച്ചു ഒരു കൗതുകത്തിന് ഇരുവശങ്ങളിലെ കാടുകളിലേക്കും ശ്രദ്ധിച്ചു കൊണ്ട് മുന്നോട്ടു പോയി. എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ, യേത്?… കുറത്തിക്കുടിയിൽ പോയിട്ട് മടങ്ങിവരുന്ന ചില വൈകുന്നേരങ്ങളിൽ പലപ്പോഴും ഈ വഴിയിൽ ഞാൻ ആനകളെ കണ്ടിട്ടുണ്ട്. ആനയെ കണ്ടില്ലെങ്കിലും ഒരു മലയണ്ണാൻ എനിക്ക് ദർശനം തന്നു.

കാട് കഴിഞ്ഞപ്പേഴേക്കും ഇടുക്കി ജില്ലയിൽ നിന്നും എറണാകുളം ജില്ലയിലേക്ക് പ്രവേശിച്ചു. അടുത്ത ജംഗ്ഷനിൽ നിന്നും എളംപ്ലാശ്ശേരി റോഡിലേക്ക് കയറി, സ്വന്തമായി വെള്ളച്ചാട്ടമുള്ള സ്കൂൾ എന്ന ഖ്യാതിയിൽ അറിയപ്പെടുന്ന മാമലക്കണ്ടം ഗവ: ഹൈസ്‌കൂളിനടുത്തു ചെന്നു. എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയിലാണിത് സ്ഥിതി ചെയ്യുന്നത്. ക്ലാസ് റൂമിൽ നിന്നും നോക്കിയാൽ അതി മനോഹരമായ മലകളും വെള്ളച്ചാട്ടവും (മഴക്കാലത്ത്) വേറെ എവിടെ കാണാൻ സാധിക്കും.

ബൈക്കിലിരുന്നു കൊണ്ടു തന്നെ ആ ദൃശ്യഭംഗി കുറച്ചു നേരം ആസ്വദിച്ചു, ന്റെ സാറേ… വല്ലാത്ത ഒരു ഫീലാണത്. സ്കൂളിന്റെ താഴ്ഭാഗത്തായി കാടുവെട്ടിത്തെളിച്ച് വൃത്തിയാക്കി കുറേ പേർ ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു. വൈകാതെ അവിടെ നിന്നും കുട്ടമ്പുഴ റോട്ടിലേക്ക് തിരിഞ്ഞ് അനിൽ സാറിന്റെ വീട് ലക്ഷ്യമാക്കി നീങ്ങി.

മുമ്പ് ഇടുക്കി ജില്ലയിൽ ആയിരുന്ന മാമലക്കണ്ടം ഇപ്പോൾ എറണാകുളം ജില്ലയുടെ ഭാഗമാണ്. നാലു വശവും വനത്താൽ ചുറ്റപ്പെട്ടുകിടക്കുന്നു എന്നത് തന്നെയാണ് മാമലക്കണ്ടം മറ്റു സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി നിൽക്കുന്നത്. കാടിന് ഒരൽപം പോലും കോട്ടം വരുത്താതെയാണ് ജനങ്ങൾ എവിടെ ജീവിച്ചു പോരുന്നത്. ആദിവാസി സംസ്കാരം നിലനിർത്തി ജീവിക്കുന്ന ഒരുപറ്റം ആദിവാസി ഊരുകളും അതോടു ചേർന്ന് ജീവിക്കുന്ന നാട്ടുകാരും. വർഷങ്ങൾക്കു മുന്നെ കൃഷി ചെയ്യാനായി കാടുകയറിയവർ കാടിനോടും കാട്ടുമൃഗങ്ങളോടും കാലാവസ്ഥയോടും പൊരുതി കൃഷി നടത്തി ഇവിടെ സ്ഥിരതാമസമാക്കി, അങ്ങനെ പിന്നീട് ഇവിടം ഒരു ഗ്രാമമായി രൂപാന്തരം പ്രാപിച്ചു.

വനംവകുപ്പിന്‍റെ കണക്കനുസരിച്ച് കേരളത്തിൽ ഇത്രയേറെ കാട്ടാനകൾ അഴിഞ്ഞാടുന്ന, അപകടകരമായ രാജവെമ്പാലകളുള്ള, ഒരു പ്രദേശം വേറെയില്ല. ഇവിടങ്ങളിൽ താമസിക്കുന്ന ആദിവാസികളിൽ പലരും ആനകളുടെ ആക്രമണത്തിനിരയായിട്ടുണ്ട്. മലകളുടെ മടിത്തട്ടിൽ സൂര്യവെളിച്ചം അധികം കടന്നു വരാത്ത, ഇടുക്കി-എറണാകുളം ജില്ലകളുടെ അതിർത്തി പങ്കിടുന്ന ഒരു പ്രദേശമാണ് മാമലക്കണ്ടം. സിനിമാക്കാരുടേയും ഇഷ്ടലൊക്കേഷനാണിവിടം. ‘പുലിമുരുകൻ’ സിനിമയുടെ പ്രധാന ഭാഗങ്ങളെല്ലാം പകർത്തിയത് മാമലക്കണ്ടത്തിന്റെയും പൂയംകുട്ടിയുടേയും പരിസര പ്രദേശങ്ങളിൽ നിന്നാണ്. കാട് ഇതിവൃത്തമായ, പഴയതും പുതിയതുമായ പല സിനിമകളുടെയും പിറവിക്കായി ക്യാമറ ചലിച്ചത് ഈ പ്രദേശങ്ങളിൽ നിന്നുമായിരുന്നു.

അനിൽ സാറിന്റെ വീട്ടിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച് ഞങ്ങൾ ഊരുതെണ്ടാനായി ഇറങ്ങി, പുള്ളിക്കാരന്റെ മോനും കൂടെക്കൂടി അവർ രണ്ടു പേരും ബുള്ളറ്റിലും ഞാനെന്റെ ശകടത്തിലുമായി യാത്ര തുടങ്ങി. മാമലക്കണ്ടത്തെ ഒരു നൊസ്റ്റാൾജിക് ഐറ്റമാണ് പഴമയെ ഓർമ്മിപ്പിക്കുന്ന ഒരു ബസ് കാത്തിരിപ്പു കേന്ദ്രം, ഇവിടെ എത്തുന്ന സഞ്ചാരികളിൽ മിക്കവരുടേയും ഫോട്ടോ ശേഖരത്തിൽ ഇടം നേടിയ ഐറ്റമാണത്. ഒരു ദിവസം മഴയത്ത് ഞാൻ ആ ബസ്‌റ്റോപ്പിൽ നിൽക്കുന്ന ഫോട്ടോ, കുടയും ചൂടി നിന്ന് കൊണ്ട് എനിക്ക് വേണ്ടി പുള്ളി എടുത്തു തന്നിട്ടുണ്ട്.

മാമലക്കണ്ടത്തു നിന്നും ഉരുളൻ തണ്ണി റോഡിലേക്ക് കയറുമ്പോൾ ഒരു ബോർഡാണ് ഞങ്ങളെ ആദ്യം വരവേറ്റത്. “ഉരുളൻതണ്ണി-മാമലക്കണ്ടം റോഡിൽ കൂട്ടിക്കുളം പാലം അപകടാവസ്ഥയിൽ ആയതിനാൽ ബസ്സ്, ഭാരവാഹനങ്ങൾ തുടങ്ങിയവയുടെ ഗതാഗതം നിരോധിച്ചിരിക്കുന്നു.” വൈകാതെ ഞങ്ങൾ വനത്തിലേക്ക് പ്രവേശിച്ചു. കൊടുംവനത്തിന് നടുവിലൂടെ ഒരു ബസ്സിന് കഷ്ടിച്ച് കടന്നു പോകാവുന്ന കോൺക്രീറ്റ് വഴിയാണ്. സഞ്ചാരികളെയും വഹിച്ച് കിതപ്പോടെ കയറ്റം കയറി വരുന്ന ധാരാളം ബൈക്കുകളും കാറുകളും കാണാനായി.

കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും കുട്ടമ്പുഴ വഴി മാമലക്കണ്ടത്തേക്ക് ഒരു സ്റ്റേ ബസ്സ് സർവ്വീസ് ഉണ്ടായിരുന്നു. വൈകുന്നേരം കോതമംഗലത്തു നിന്നും മാമലക്കണ്ടത്തേക്ക് പുറപ്പെടുന്ന ഈ ബസ്സും ജീവനക്കാരും രാത്രിയിൽ വനമധ്യത്തിലെ ഈ ഗ്രാമത്തിൽ അന്തിയുറങ്ങും. പിറ്റേന്ന് രാവിലെയാണ് മടക്കം. ഈ ഡിപ്പോയിലെ ഏറ്റവും പ്രയാസമേറിയതും എന്നാൽ ഏറ്റവും മനോഹരവുമായ പ്രദേശത്തേക്കുള്ള ബസ് റൂട്ടാണിത്. ധാരാളം കാട്ടാനകളും മറ്റു വന്യമൃഗങ്ങളുമുള്ള വനത്തിലൂടെ ഒരു ബസിനു മാത്രം പോകാൻ കഴിയുന്ന റോഡ്, ഒരു ബൈക്ക് എതിരെ വന്നാൽ പോലും സൈഡ് കൊടുക്കാൻ പോലും കഴിയാത്ത വഴി, വളരെ സാഹസികത നിറഞ്ഞൊരു ആനവണ്ടി യാത്രയാണിത്. കെഎസ്ആർടിസി കൂടാതെ പ്രൈവറ്റ് ബസ്സും ഇവിടേക്ക് സർവ്വീസ് നടത്തുന്നുണ്ടായിരുന്നു, കോവിഡും പാലം പണിയുമൊക്കെ കാരണം ബസ് സർവ്വീസ് എല്ലാം ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്.

കാട്ടുമൃഗങ്ങളെയൊന്നും കണ്ടില്ലെങ്കിലും ഈ യാത്രയിലെ കാടകങ്ങൾ വല്ലാത്ത ഒരനുഭൂതിയാണ് നമുക്ക് സമ്മാനിക്കുന്നത്. യാത്രയിൽ കാട് തീരുന്നതിനു മുൻപായി ചെറിയ ആദിവാസി കുടിലുകൾ കാണാം. അത് കഴിഞ്ഞ് ഞങ്ങൾ ഉരുളൻ തണ്ണിയിലൂടെ കുട്ടമ്പുഴ ലക്ഷ്യമാക്കി നീങ്ങി. എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണ് കുട്ടമ്പുഴ ഗ്രാമം. ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ സംഭരണപ്രദേശത്ത് വന്നുചേരുന്ന പെരിയാറിന്റെ ഒരു കൈവഴിയിലാണ് കുട്ടമ്പുഴ സ്ഥിതി ചെയ്യുന്നത്. തീരഭംഗി ആസ്വദിച്ചു കൊണ്ട് ഞങ്ങൾ മുന്നോട്ട് പോയി തട്ടേക്കാടെത്തിച്ചേർന്നു.

കോതമംഗലം പട്ടണത്തിൽ നിന്ന് 17 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് തട്ടേക്കാട്. ഇവിടെയാണ് ഡോ. സലിം അലി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്. വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന വനപ്രദേശത്തോടുകൂടിയ ഒരു മുനമ്പാണ് തട്ടേക്കാട്. പക്ഷി നിരീക്ഷകരേയും സഞ്ചാരികളേയും ഒരു പോലെ ആകർഷിക്കുന്നയിടമാണ് തട്ടേക്കാട്. 25.16 ച.കി.മി വിസ്തീർണ്ണമുള്ള ഈ പ്രദേശം പലവംശത്തിലുള്ള നാട്ടുപക്ഷികളുടെ ആവാസവ്യവസ്ഥയും കേരളത്തിലെ പ്രശസ്തമായ പക്ഷിസങ്കേതവുമാണ്‌. അവകൂടാതെ പലതരം ദേശാടനപക്ഷികളും സീസണുകളിൽ ഇവിടേക്കെത്തുന്നു. ഇന്ന് ഇവിടെ ദേശാടകരടക്കം 330 ഇനം പക്ഷികൾ ഉണ്ടെന്നാണ്‌ കരുതുന്നത്‌. പ്രശസ്ത ഇന്ത്യൻ പക്ഷിശാസ്ത്രജ്ഞനായ ഡോ. സാലിം അലി പക്ഷിനിരീക്ഷണത്തിനായി പലതവണ ഇവിടെ എത്തിയിരുന്നു. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥമാണ്‌ ഈ പക്ഷിസങ്കേതത്തിന്‌ ഡോ. സാലിം അലി പക്ഷിസങ്കേതം എന്ന് നാമകരണം ചെയ്തിരിക്കുന്നത്‌.

അടുത്ത ലക്ഷ്യം ഇഞ്ചത്തൊട്ടിയാണ് നേരെ അവിടേക്ക് വെച്ചുപിടിച്ചു. മലനിരകളുടെ പാശ്ചാത്തലത്തിൽ ഹരിതഭംഗി കളിയാടിടുന്ന തീരംതീർത്ത ശാന്തമായ ജലാശയവും, സഞ്ചാരികളെ കാത്ത് കിടക്കുന്ന പെഡൽ ബോട്ടുകളും ജലത്തിനു മുകളിലൂടെ തുഴഞ്ഞുല്ലസിക്കാനായി കയാക്ക് എന്നപേരിൽ അറിയപ്പെടുന്ന ചെറു നൗകകളും, നെറ്റിപ്പട്ടം കെട്ടിയ കൊമ്പൻ കണക്കെ തലയുയർത്തി നിൽക്കുന്ന തൂക്കുപാലവും, ഇഞ്ചത്തൊട്ടിയെന്ന ഗ്രാമത്തിലേക്ക് ആളുകളെത്തുന്നത് ഇവയെല്ലാം ആസ്വദിക്കാനാണ്.

കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലങ്ങളിലൊന്നാണ് ഇഞ്ചത്തൊട്ടി തൂക്കുപാലം. എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്ത് കീരംപാറ പഞ്ചായത്തിലെ ചാരുപ്പാറയിൽ നിന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയിലേക്കുള്ള നടപ്പാലമാണിത്. കോതമംഗലം – തട്ടേക്കാട് വഴിയിൽ പുന്നേക്കാട് കവലയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് നേര്യമംഗലത്തേക്ക് പോകുന്ന വഴിയിലാണ് പ്രകൃതിരമണീയമായ ചാരുപ്പാറ സ്ഥിതി ചെയ്യുന്നത്.

അന്നത്തെ സായാഹ്നം കളറാക്കാനായി ധാരാളം പേർ അവിടെ എത്തിയിരുന്നു, പാലത്തിലൂടെ പെരിയാറിന്റെ ഭംഗിയുമാസ്വദിച്ച് അക്കരെ വരെ പോയി തിരികെ വന്ന് ഓരോ സോഡാ നാരങ്ങാവെള്ളവും കുടിച്ച് നേരെ നേര്യമംഗലത്തേക്ക്, സൗത്ത് ഇന്ത്യയിലെ പ്രഥമ ആർച്ച് പാലമായ എറണാകുളം-ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നേര്യമംഗലം പാലവും കടന്ന് വീണ്ടും ഇടുക്കി ജില്ലയിൽ പ്രവേശിച്ചു. ആറാം മൈലെത്തിയപ്പോൾ ഞങ്ങൾ യാത്ര പറഞ്ഞ് പിരിഞ്ഞു, അവർ മാമലക്കണ്ടത്തേക്കും ഞാൻ അടിമാലിയിലേക്കും. ഒരു പക്ഷെ ഈ സായം സന്ധ്യയിൽ അവർക്ക് ദർശനമേകാൻ അവരുടെ വഴിയിൽ കരിവീരന്മാർ കാത്തുനിൽപുണ്ടാവാം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.