ബസ്സുകൾ എന്ന് കേൾക്കുമ്പോൾ ടാറ്റയും അശോക് ലൈലാൻഡും ഒക്കെ മനസ്സിൽ വരുന്നത് പോലെത്തന്നെ വിമാനങ്ങൾ എന്നു കേൾക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്നത് രണ്ടു പേരുകളാണ്. എയർ ബസ്സും ബോയിങ്ങും.ഇവയിൽ പണ്ടുമുതലേ വലിപ്പം കൊണ്ടും മറ്റു സവിശേഷതകൾ കൊണ്ടും പേരു കേട്ട വിമാന മോഡലാണ് ബോയിങ് 747 എന്ന ഭീമൻ.

ഈ ശ്രേണിയിൽപ്പെട്ട ബോയിങ് യാത്രാവിമാനങ്ങൾ ആകാശത്തിൽ വിപ്ലവം തീർക്കുന്നത് 1970 ലായിരുന്നു. കൃത്യമായി പറഞ്ഞാൽ 1969 ഫെബ്രുവരി 9 നാണു ബോയിങ് 747 വിമാനം പറക്കൽ ആരംഭിച്ചത്. അന്നുതൊട്ട് അമേരിക്കൻ കമ്പനികളുടെ കുത്തകയായി B747 എന്ന ബോയിങ് 747 വിമാനങ്ങൾ മാറിയിരുന്നു. 2017 സെപ്റ്റംബർ മാസത്തോടെ ഈ മോഡൽ വിമാനങ്ങളുടെ നിർമ്മാണം കമ്പനി നിർത്തി. ഇതുവരെ ഈ ശ്രേണിയിൽപ്പെട്ട 1536 വിമാനങ്ങളാണ് മൊത്തം നിർമ്മിച്ചത്. ഇതിൽ 146 എണ്ണത്തിന് അപകടങ്ങൾ സംഭവിച്ചു. മണിക്കൂറിൽ 939 കിമീ വേഗതയിൽ പറക്കുവാൻ ശേഷിയുണ്ടായിരുന്ന ഇതിനു 14320 കിമീ ദൂരം താണ്ടുവാനുള്ള കാര്യക്ഷമതയും ഉണ്ടായിരുന്നു. 76 മീറ്റർ ആണ് ഈ ഭീമൻ വിമാനത്തിന്റെ നീളം. 68 മീറ്റർ വീതിയും.

ഈ മോഡൽ ഇറങ്ങിയ സമയത്ത് ബ്രിട്ടീഷ് എയർവേയ്‌സ്, ലുഫ്താൻസ, അറ്റ്ലസ് തുടങ്ങിയ വമ്പൻ കമ്പനികൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്. കാലക്രമേണ ഈ മോഡൽ വിമാനങ്ങൾ എയർ ഇന്ത്യ, തായ് എയർലൈൻസ് മുതലായ എയർലൈനുകളും ഉപയോഗിക്കുവാൻ തുടങ്ങി. ഇപ്പോൾ മിക്ക എയർലൈൻ കമ്പനികളും കാലപ്പഴക്കം കണക്കിലെടുത്ത് ഇവ സർവ്വീസിൽ നിന്നും പിൻവലിക്കുവാൻ തുടങ്ങിയിരിക്കുന്നു. ഇത്തരത്തിൽ തായ് എയർലൈൻസ് സേവന കാലാവധി കഴിഞ്ഞു ലേലം ചെയ്യാൻ വെച്ചിരുന്ന ഒരു വിമാനം ഒരു വ്യക്തി വിലകൊടുത്തു വാങ്ങിയ വാർത്ത ഏറെ കൗതുകകരമായി മീഡിയകളിൽ വൈറൽ ആയതാണ്.

ആ കഥ ഇങ്ങനെ – സംഭവം നടക്കുന്നത് തായ് ലാൻഡിൽ ആണ്. തായ്‌ലൻഡിലെ പ്രധാന വിമാനസർവ്വീസുകളിൽ ഒന്നായ തായ് എയർലൈൻസ് തങ്ങളുടെ പഴയ ഒരു B747 വിമാനം സർവ്വീസ് കാലാവധി കഴിഞ്ഞതിനെത്തുടർന്നു സ്ക്രാപ്പ് ചെയ്യുവാനായി തീരുമാനിച്ചു. ഇതറിഞ്ഞെത്തിയ സോംചി ഫുക്യോ എന്ന വ്യക്തി ഈ വിമാനം വാങ്ങുവാൻ താല്പര്യമുണ്ട് എന്നറിയിക്കുകയും വിലയ്ക്ക് വാങ്ങുകയും ചെയ്തു. എത്ര പണം മുടക്കിയാണ് ഈ വിമാനം അദ്ദേഹം സ്വന്തമാക്കിയത് എന്ന് ഇന്നും രഹസ്യമാണ്.

വിൽപ്പന നടന്ന ശേഷം അദ്ദേഹം ബാങ്കോക്കിനു 100 കിമീ വടക്കു ഭാഗത്തുള്ള തൻ്റെ ഒഴിഞ്ഞ പറമ്പിലേക്ക് ഈ വിമാനം കൊണ്ടുവരാൻ തീരുമാനിച്ചു. പക്ഷെ വിമാനത്തിലെ എൻജിനും മറ്റു ഉപകരണങ്ങളും കമ്പനി അഴിച്ചെടുത്തതിനാൽ റോഡ് മാർഗ്ഗം മാത്രമേ അവിടെ എത്തിക്കുവാൻ കഴിയുമായിരുന്നുള്ളൂ. ഇതിനായി അദ്ദേഹം വലിയ ട്രെയിലറുകൾ ഏർപ്പാട് ചെയ്തു. അർദ്ധരാത്രിയിലാണ് വിമാനവും വഹിച്ചു കൊണ്ടുള്ള ട്രെയിലറുകൾ യാത്ര നടത്തിയത്. അവസാനം വിമാനം സോംചിയുടെ ആളൊഴിഞ്ഞ പറമ്പിൽ എത്തിച്ചു.

പിറ്റേദിവസം രാവിലെ പുറത്തിറങ്ങിയ ഗ്രാമവാസികൾ തങ്ങളുടെ പരിസരത്തുള്ള ഗ്രൗണ്ടിൽ ഒരു ഭീമൻ വിമാനം കിടക്കുന്നത് കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു പോയി. ഏതോ വിമാനം എമർജൻസി ലാൻഡിംഗ് നടത്തിയതാണ് എന്നാണു മിക്കവരും കരുതിയത്. പിന്നീടാണ് കാര്യങ്ങളുടെ സത്യാവസ്ഥ ആളുകൾ മനസ്സിലാക്കിയത്. വിമാനം ഉരുണ്ടു പോകാതിരിക്കുവാനായി ചക്രങ്ങൾക്കിടയിൽ കോൺക്രീറ്റ് കട്ടകൾ തടസ്സം വെച്ചിരുന്നു.

പിന്നീട് ഈ വിമാനത്തിലെ തായ് എയർലൈൻസിന്റെ പേര് പെയിന്റ് ചെയ്ത് കളയുകയും എന്നാൽ ആ കളർ കോമ്പിനേഷൻ നിലനിർത്തുകയും ചെയ്തു. വിമാനത്തിന്റെ എഞ്ചിനുകൾ നീക്കം ചെയ്‌തെങ്കിലും അകത്തെ സീറ്റുകളും മറ്റും ഒക്കെ അതുപോലെ തന്നെ നിലനിർത്തിയാണ് ഇപ്പോൾ വിമാനം ആ പറമ്പിൽ കിടക്കുന്നത്.

എന്തിനായിരിക്കും ഈ പറമ്പിൽ ഇത്രയും കാശ് മുടക്കി ഇങ്ങനെയൊരു വിമാനം കൊണ്ടു വന്നിട്ടിരിക്കുന്നത്? ഈ ചോദ്യത്തിനുത്തരം ഉടമയായ സോംചി തന്നെ വെളിപ്പെടുത്തി. വെളിമ്പ്രദേശം പോലെ കിടക്കുന്ന ഈ സ്ഥലം കൂടുതൽ ആളുകളിലേക്ക് ആകർഷിക്കണം. ഇവിടെ റേസ് ട്രാക്ക്, ഫുടബോൾ ഗ്രൗണ്ട് തുടങ്ങിയവ നിർമ്മിക്കുവാൻ പദ്ധതിയുണ്ട്. അതുപോലെ തന്നെ ഇവിടെ സന്ദർശിക്കുന്നവർക്ക് ഈ വിമാനത്തിൽ കയറാനുള്ള സൗകര്യവും ഒരുക്കും. എങ്ങനെയുണ്ട് ബുദ്ധി?

ഏതൊരു വിമാനപ്രേമിയും ആഗ്രഹിക്കുന്ന ഒരു സ്വപ്നം…അതെ അതായിരുന്നു സോംചിയും സാക്ഷാത്കരിച്ചത്.. പിന്നീട് അതിന് ഒരു ബിസ്സിനസ്സ് തന്ത്രം കൂടി അദ്ദേഹം നൽകിയെന്നു മാത്രം. എന്തായാലും എയർപോർട്ടിൽ നിന്നും ഇത്രയും ഭീമാകാരനായ B747 വിമാനം കിലോമീറ്ററുകൾ റോഡിലൂടെ ഈ പറമ്പിൽ എത്തിച്ചതിനു അദ്ദേഹത്തിനെ സമ്മതിക്കണം. എന്താ നിങ്ങൾക്കും വാങ്ങണമെന്നുണ്ടോ ഇതുപോലൊരു വിമാനം?

Photos – Viral Press.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.