വിവരണം – അൻസിൽ മാത്യു.

ഡൽഹിയിൽ നിന്നും മണാലിയിൽ വന്നു മണാലി കറങ്ങിയതിനു ശേഷം പലരും ലേ യിലേക്ക് യാത്ര ചെയ്യുവാൻ തിരഞ്ഞെടുക്കുന്ന മാർഗ്ഗമാണ് ഷെയർ ടാക്സിയും മറ്റും, പക്ഷെ എന്റെ അനുഭവത്തിൽ നിന്നും ഞാൻ പറയുകയാണ് ബസ് യാത്രയുടെ സുഖം ഒന്ന് വേറെ തന്നെയാണ്. മണാലിയിൽ വരുന്നത് വരെ ഇങ്ങനൊരു ബസ് യാത്രയെ കുറിച്ച് കേട്ടിട്ടുണ്ടെന്നല്ലാതെ കൂടുതൽ ഒന്നും അറിവില്ലായിരുന്നു.

മണാലിയിൽ രാവിലെ വന്നപ്പോൾ ഞാൻ പല ഷെയർ ടാക്സിക്കാരെയും സമീപിച്ചു. ടാറ്റ സുമോ, സൈലോ പോലുള്ള വണ്ടികളാണ് കൂടുതലും. അവർ മുൻപിലത്തെ സീറ്റിനു 3000 രൂപയും നടുവിൽ 2500 ഏറ്റവും പുറകിൽ 2000 രൂപയുമാണ് ലേ വരെയുള്ള യാത്രക്ക് എന്നോട് ആവശ്യപ്പെട്ടത്. സുമോ പോലുള്ള വാഹനത്തിൽ ഡ്രൈവറെ കൂടാതെ 10 പേരുണ്ടാകും എന്ന് കൂടി കേട്ടപ്പോൾ ഞാൻ പതുക്കെ അവിടെ നിന്നും പോന്നു.

അങ്ങനെയാണ് ഹിമാചൽ ടൂറിസത്തിന്റെ ബസ് ഞാൻ തിരഞ്ഞെടുത്തത്. ഓൺലൈനിൽ ഞാൻ ചെക്ക് ചെയ്തപ്പോൾ സീറ്റുകൾ ഒഴിവുണ്ട്. അങ്ങനെ ബുക്ക് ചെയ്യാൻ ഞാൻ തീരുമാനിച്ചു മുന്നിലെ സീറ്റ് കിട്ടാതെ പിന്നിൽ നിന്നും മൂന്നാമത്തെ സീറ്റ് കിട്ടിയപ്പോൾ ഞാൻ നിരാശനായിരുന്നു. എന്നാൽ ബസിൽ കയറിയപ്പോൾ അത് മാറി. കാരണം എന്റെ കൂടെ യാത്ര ചെയ്യുന്ന എല്ലാവരും ദിവസങ്ങൾക്കും, ആഴ്ചകൾക്കും മുന്നേ ടിക്കറ്റ് ബുക്ക് ചെയ്തതാണ്. അത് വെച്ച് നോക്കുമ്പോൾ ബസ് പുറപ്പെടുന്നതിനു 2 മണിക്കൂർ മുന്നേ ഒരു സീറ്റ് കിട്ടിയത് വലിയ ഭാഗ്യമായി ഞാൻ കാണുന്നു.

2900 രൂപയാണ് ഈ ബസിന്റെ ചാർജ്, ബഡ്ജറ്റ് യാത്രയായിരുന്നിട്ടു കൂടി എനിക്കതു അധികമായി തോന്നിയില്ല. കാരണം രാവിലെ മണാലിയിൽ നിന്നും പുറപ്പെട്ടാൽ അന്ന് വൈകുന്നേരം ഒരു സ്റ്റേയുണ്ട്. കൂടാതെ ഡിന്നർ, അടുത്ത ദിവസം രാവിലെയുള്ള ബ്രേക്ക്ഫാസ്റ്റ് എല്ലാം ഈ 2900 ൽ ഉൾപ്പെടുന്നു.

ഷെയർ ടാക്സികൾ പലതു വൈകുന്നേരമാണ് ഇവിടെ നിന്നും പോകുന്നത്. അതുകൊണ്ടു തന്നെ രാത്രി യാത്രയിൽ നമുക്കൊന്നും കാണുവാനും ആസ്വദിക്കാനും കഴിയുകയില്ല. മാത്രമല്ല അവർ നേരെ ഓടിച്ചു പോവുകയാണ് മിക്കതും. നമ്മൾ ഗ്രൂപ്പ് ആയിട്ടാണ് യാത്ര ചെയ്യുന്നെങ്കിൽ ഒരു വണ്ടി നമുക്കായി നമ്മുടെ സമയത്തിന് വന്നേക്കാം. സോളോ യാത്ര ചെയ്യുന്നവരെയാണ് ഞാൻ ഉദേശിച്ചത്.

അങ്ങനെ കൃത്യം 10 മണിക്ക് കരുത്തനായ ടാറ്റായുടെ എൻജിനുള്ള ഒരു ചെറിയ ബസിൽ മണാലിയിൽ നിന്നും യാത്ര തിരിച്ചു. ഹരിതാത്മയും പച്ചപ്പും നിറഞ്ഞ മലമടക്കുകളിലൂടെ തുടങ്ങിയ യാത്ര അൽപ സമയം കഴിഞ്ഞപ്പോൾ ഉച്ച ഭക്ഷണം കഴിക്കുന്നതിനായി മാടി എന്ന സ്ഥലത്തു വണ്ടി നിർത്തി. ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു വീണ്ടും യാത്ര തുടർന്നു.

വളഞ്ഞും പുളഞ്ഞും കിടക്കുന്ന റോഡുകളിലൂടെയാണ് യാത്ര. കുറച്ചു കഴിഞ്ഞപ്പോൾ ചെറിയ മഞ്ഞു പാളികൾ റോഡിനു വശങ്ങളിലായി കണ്ടു തുടങ്ങി. അല്പസമയത്തിനു ശേഷം അവ മഞ്ഞു മലകളായി കാണപ്പെട്ടു അങ്ങനെ പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട റോഹ്താങ് പാസിൽ ബസ് അല്പസമയം നിർത്തുകയുണ്ടായിൽ പലരും ആദ്യമായി മഞ്ഞു കാണുന്നതിന്റെ അമ്പരപ്പിലായിരുന്നു.

അങ്ങനെ പിന്നീട് അവിടുന്ന് പല സ്ഥലങ്ങളിലും നിർത്തി ബസ് വൈകുനേരം 6 മണിക്ക് കിലോങ് എന്ന സ്ഥലത്തെത്തി. ഇന്ന് രാത്രി താമസം ഒരുക്കിയിരിക്കുന്നത് ഇവിടെയാണ്. “ബസ് നാളെ രാവിലെ 4:30 ഇവിടെ നിന്നും പുറപ്പെടും. എല്ലാവരും റെഡി ആയി ഇവിടെ എത്തണം” എന്ന നിർദേശം ബസിൽ നിന്നുമിറങ്ങുന്നതിനു മുൻപ്പ് ബസ് ജീവനക്കാർ നൽകി.

ഒരു റൂമിൽ 4 പേർക്കായി 4 സിംഗിൾ ബെഡ് ആയിരുന്നു ഒരുക്കിയിരുന്നത്. രാജസ്ഥാനിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ളവരായിരുന്നു എന്റെ റൂമിലുണ്ടായിരുന്ന 3 പേർ. നല്ല വൃത്തിയുള്ള റൂമായിരുന്നു. ബാത്‌റൂമിൽ ചൂട് വെള്ളവും ഉണ്ട്. അങ്ങനെ ഒരു കുളിയൊക്കെ കഴിഞ്ഞു 7:30 നു ഫുഡ് കഴിക്കുന്നതിനായി restaurant ലേക്ക് പോയി. ബുഫേ ആയിരുന്നു സെറ്റ് ചെയ്തത്. വളരെ നല്ല ഫുഡുമായിരുന്നു. ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു നേരത്തെ എല്ലാവരും കിടന്നു.

രണ്ടാം ദിവസം രാവിലെ റൂമിൽ എല്ലാവർക്കും ബ്രേക്ക് ഫാസ്റ്റ് എത്തിച്ചിരുന്നു. അത് കഴിച്ചതിനു ശേഷം കൃത്യം 4:30 നു തന്നെ എല്ലാവരും റെഡിയായി ബസിനടുത്തു എത്തി ചേർന്നു. ശേഷം അവിടെ നിന്നും യാത്ര തുടർന്നു. പോകുന്ന വഴിക്കു പലസ്ഥലങ്ങളിലും ബ്രേക്ക് എടുക്കുന്നതിനായി ബസ് നിർത്തുകയുണ്ടായി.

പോകുന്ന വഴി taglang la യിൽ മഞ്ഞു മഴ പെയ്യുന്ന കാഴ്ച കാണുവാനിടയായി. ജൂലൈ മാസത്തിലായിരുന്നു എന്റെ യാത്ര. ഈ സമയത് ഇങ്ങനൊരു കാഴ്ച പ്രതീക്ഷിച്ചതല്ല. തുടർന്നു മണിക്കൂറുകൾക്കു ശേഷം വൈകുന്നേരത്തോടു കൂടി ബസ് ലേയിൽ എത്തിചേർന്നു. ഇന്നലെ രാവിലെ തുടങ്ങിയ യാത്രയിൽ ഇന്ന് വൈകിട്ട് അവസാനിപ്പിച്ചപ്പോൾ ബസിനുള്ളിൽ ഉള്ള എല്ലാവരും പരിചിതരായി കഴിഞ്ഞിരുന്നു എന്നതായിരുന്നു ഈ യാത്രയുടെ മറ്റൊരു പ്രതേകത.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.