ഒറ്റയ്‌ക്കൊരു പെൺകുട്ടി മഞ്ഞുമല കാണാൻ പോയപ്പോൾ

Total
4
Shares

വിവരണം – സൗമ്യ ഓമന കുര്യൻ.

യാത്രകൾ അത് തരുന്ന ലഹരി അതൊന്നു വേറെ തന്നെയാണ് എത്ര തളർന്നിരിക്കുന്നവരെയും അടിപൊളിയാക്കാൻ പോന്നൊരു മാന്ത്രിക ശക്തി ഓരോ യാത്രകൾക്കും ഉണ്ട്. അങ്ങനെ ഒരു ലഹരി ആവശ്യമാണ് എന്ന് തോന്നിയപ്പോഴാണ് ഒറ്റക്ക് മഞ്ഞു മലകൾ തേടിയുള്ള എന്റെ ഈ കുളു മണാലി യാത്രയിൽ ചെന്നെത്തിച്ചത്. ഒരുപാട് സ്വപ്നം കണ്ട് പലപ്പോഴും മുടങ്ങി പോയ ഒരു യാത്ര ആയിരുന്നു മണാലിയിലേക്കുള്ളത്. ഒടുവിൽ ജനുവരി 26 നു പ്രണയത്തിന്റെ താഴ്‌വരയിലേക്ക് യാത്ര തിരിച്ചു.

പോവുന്നതിന് 10 ദിവസം മുന്നേ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്‌തത്‌ കൊണ്ടു ഏറ്റവും കുറഞ്ഞ റേറ്റ് നോക്കി എടുത്തു വന്നപ്പോൾ രാത്രി 8.15 നാണ് ഫ്ലൈറ്റ്. ബുക്കിങ് ഒക്കെ കഴിഞ്ഞു പോവുന്നതിന് രണ്ടു ദിവസം മുന്നേ മാത്രമാണ് ഡൽഹിയിൽ നിന്നും മണാലിയിലേക്കുള്ള ബസ് ടൈം നോക്കുന്നത്. ലാസ്റ്റ് ബസ് 11.45 നു ആണ് ഞാൻ ഇറങ്ങുന്നത് 11.15. എങ്ങനെ പോയാലും ബസ് കിട്ടില്ല എന്നുറപ്പായി അതോടെ. ചെറിയ നിരാശ ഒക്കെ ആയെങ്കിലും ട്രെയിനിൽ ഒക്കെ പോയാൽ ദിവസം നഷ്ടം ആവുന്നത് കൊണ്ട് പിറ്റേ ദിവസം ഡൽഹി കണ്ടു വൈകിട്ട് ആറ് മണിക്കുള്ള ബസിൽ മണാലിയിലേക്ക് പോവാൻ തീരുമാനം ആയി.

അങ്ങനെ ഡൽഹിയിൽ വന്നിറങ്ങി എത്തിയപ്പോൾ തന്നെ പുളിമൂടൻ വിളിച്ചു എന്തു ആവശ്യം ഉണ്ടെങ്കിലും പറയണം എന്ന്. പക്ഷെ എന്തു വന്നാലും ഒരാളുടെയും സഹായം തേടില്ല എന്നുറപ്പിച്ചത് കൊണ്ടു ചെക്കനെ നൈസായിട്ടങ്ങു ഒഴിവാക്കി. ഫ്ലൈറ്റിൽ ഇരുന്നപ്പോൾ തന്നെ പ്ലാനുകളും പലതും മാറി മറിഞ്ഞത് കൊണ്ടു എന്തു ചെയ്യണം എന്നു കൺഫ്യൂഷൻ അടിച്ചും നിൽക്കുമ്പോഴാണ് ഏതോ ഒരു മലയാളി അങ്കിൾ അവിടെ നിൽക്കണ കണ്ടത്. ആളോട് ചോദിച്ചപ്പോൾ ഇപ്പോൾ പോയാൽ കാശ്മീരി ഗേറ്റിന്റെ അടുത്തു നിന്നു മണാലിയിലേക്കുള്ള ബസ് ഉണ്ടാവൂത്രേ. ഇവിടുന്നു മെട്രോ കയറിയാൽ മതി എന്നു പറഞ്ഞു.

വീണ്ടും പ്ലാൻ തിരിഞ്ഞു ഡൽഹിയിൽ നിൽക്കണ്ട മണാലിയിലേക്ക് പോവാം എന്നായി. അങ്ങനെ മെട്രോ സ്റ്റേഷനിൽ ചെന്നപ്പോ ആട് കിടന്നിടത്ത് പൂട പോലും ഇല്ലാത്ത അവസ്ഥ പോലെ ആയി മെട്രോ ഒക്കെ ക്ലോസ് ചെയ്തു പോയി. പ്രീപെയ്ഡ് ടാക്സി ഉള്ളിടത്തു ചെന്നു ടാക്സി ചാർജ് ചോദിച്ചപ്പോൾ കാശ്മീരി ഗേറ്റിലേക്ക് (മണാലിയിലേക്കുള്ള ബസ് ഇടുന്ന സ്ഥലം ) വെറും 950 രൂപ മാത്രം, സന്തോഷമായി. ഇനിയിപ്പോ എന്ന ചെയ്യും എന്നോർത്തു നടന്നപ്പോൾ മെട്രോ സ്റ്റേഷനിൽ ആളുകൾ കിടന്നുറങ്ങുന്നു. എന്ന പിന്നെ ഇവിടെ കിടന്നാലോ എന്നു വരെ ആലോചിച്ചു. റിസ്ക് എടുക്കാൻ പറ്റാത്തോണ്ട് വീണ്ടും ടാക്സി കൗണ്ടറിൽ എത്തി.

അപ്പോഴാണ് ടാക്സി കൗണ്ടറിനു മുന്നിലൊരു ബസ് കിടക്കുന്നത് കണ്ടത്. കാശ്മീരി ഗേറ്റിലേക്കുള്ള സ്റ്റേറ്റ് ബസ് ആണത്രേ അങ്ങനെ ഓടിയും നടന്നും ബസിനടുത്തു എത്താറായി. ഓട്ടത്തിനിടയിലും മനസ്സു പറയുന്നുണ്ടായിരുന്നു നീ എത്തുന്നതിനു മുന്നേ ബസ് പോകും എന്ന് എന്നായാലും മനസ്സിലിരുപ്പു തെറ്റിയില്ല ബസ് ഓടി തുടങ്ങി ഒരു വിധത്തിൽ കാറി കൂവി വിളിച്ചു ബസ്സ് നിർത്തി കയറിയപ്പോൾ സമയം വെളുപ്പിനെ 12.40. അവസാനത്തെ സീറ്റിൽ ഏറ്റവും അറ്റത്തുള്ള മൂലയിൽ ഇരുന്നു ഒരാൾക്ക് 100 രൂപ ആണ് ടിക്കറ്റ് ചാർജ്. അങ്ങനെ ശ്വാസം ഒക്കെ വലിച്ചു വിട്ടു പതിയെ കാഴ്ചകൾ ഒക്കെ കണ്ടു ബസിനകത്തു നോക്കിയപ്പോൾ ഞാനൊഴികെ ബാക്കി എല്ലാരും പുരുഷന്മാർ. പെട്ടന്ന് ഒരു പേടി ഒക്കെയുണ്ടായി എങ്കിലും പുറത്തേക്ക് നോക്കിയിരുന്നു അതങ്ങു കളഞ്ഞു.

രാത്രി 2.15 ഓടെ കാശ്മീരി ഗേറ്റിൽ എത്തി. മണാലിയിലേക്ക് ബസ് ഇല്ലന്ന് അറിയാൻ കഴിഞ്ഞു. എന്താ ചെയ്യണ്ടേ എന്നു അറിയാത്ത അവസ്‌ഥ. മിനിറ്റിനു മിനിറ്റിനു പ്ലാൻ മാറ്റി കൊണ്ടിരുന്നത് കൊണ്ട് റൂം ബുക്ക് ചെയ്തതുമില്ല. എന്തായാലും അവിടെ ഉണ്ടായിരുന്ന ഓട്ടോ ഓടിക്കുന്ന ഒരു പഞ്ചാബി അങ്കിളിനോട് ആഗ്രക്ക് പോകാൻ ഉള്ള ട്രെയിൻ വരുന്നിടത്തു കൊണ്ടു വിടുമോ എന്ന് ചോദിച്ചു. അങ്ങോട്ട് പോയാൽ യാത്രക്ക് വേണ്ടി മാത്രം ഏഴു മണിക്കൂർ വേണ്ടി വരും അത് കൊണ്ട് ഡൽഹി കാണുന്നതാണ് നല്ലത്. റൂം ബുക്ക് ചെയ്തിട്ടില്ലെങ്കിൽ അടുത്തുള്ള ഹോട്ടലിൽ റൂം റെഡി ആക്കി തരാം എന്ന് പറഞ്ഞു. വേറെ നിവർത്തി ഇല്ലാത്തൊണ്ട് കയറി.

എന്റെ പേടി കണ്ടിട്ടാവണം “പേടിക്കണ്ട ഇപ്പോ എത്തും കേട്ടോ” എന്നു അങ്കിൾ കൂടെ കൂടെ പറഞ്ഞു കൊണ്ടേയിരുന്നു. 2.30 ഓടെ റൂം കിട്ടി. ഡൽഹി കറങ്ങാനും മണാലിയിലേക്ക് പോകാനും ഉള്ള ടിക്കറ്റും ബുക്ക് ചെയ്തു തന്നതിന് ശേഷം ആണ് അങ്കിൾ പോയത്. പേര് കൊറേ വട്ടം പറഞ്ഞിട്ടും എനിക്ക് മനസ്സിലായില്ല എന്നതാണ് സത്യം. പിറ്റേ ദിവസം ഡൽഹി ഒക്കെ അത്യാവശ്യം നന്നായി ചുറ്റി കണ്ടു. ആറു മണിയോടെ മണാലിയിലേക്കുള്ള ബസ് കയറാൻ പോയി. സ്വർഗം തേടിയുള്ള യാത്ര, വൈകിട്ടു 6.30 ഓടെ ആരംഭിച്ച യാത്ര ഏകദേശം ഏഴു മണിയോടെ കുളുവാലിയിൽ എത്തി. ഇവിടെ അങ്ങനെ കാര്യമായ മഞ്ഞൊന്നും ഇല്ല. അകലെ കാണുന്ന മല നിരകളിൽ അവിടിവിടുനായി മഞ്ഞു വീണിട്ടുണ്ട്. ശ്ശെ ഇതു കാണാനാണോ വന്നെ എന്നു തോന്നിപ്പോയി.

പോകെ പോകെ അകലെയായി മഞ്ഞു മലകൾ കാണാൻ തുടങ്ങി , ശരിക്കും പറഞ്ഞാൽ സൂര്യകിരണങ്ങൾ മഞ്ഞിൽ തട്ടി ഒരു തരം ഓറഞ്ചു നിറമാണ് മലകൾക്ക് . കുളുവിൽ നിന്നും 45 കിലോമീറ്റർ ആണ് മണാലിയിലേക്ക്. ബസ് ഏകദേശം 8.30 ഓട് കൂടി ഗ്രീൻ ടാക്സിൽ എത്തി ചേർന്നു. ഇവിടെയാണ് സ്റ്റേറ്റ് ബസ് ഒഴികെയുള്ള എല്ല ബസും വരുന്നതും പുറപ്പെടുന്നതും. ബസ് ഇറങ്ങിയ ഉടനെ ചക്കപഴത്തിൽ ഈച്ച പൊതിയുന്നതുപോലെ ടാക്സിക്കാരും ഹോട്ടലുകാരും നമ്മളെ പൊതിയും. oyo വഴി റൂം ബുക്ക് ചെയ്തിരുന്നു. അവിടേക്ക് പോകാൻ ടാക്സി ഡ്രൈവറോട് ചാർജ് ചോയ്ച്ചപ്പോൾ 400 രൂപ, തന്നെയുമല്ല ബുക്ക്‌ ചെയ്ത ഹോട്ടൽ മെയിൻ സ്ഥലമായ മാൾ റോഡിൽ നിന്നും പിന്നേം കൊറേ പോണം. മാൾ റോഡിൽ ഒരുപാട് ഹോട്ടൽ ഉണ്ട് അവിടെ ആക്കിതരാം എന്ന് പറഞ്ഞു. അവസാനം 300 രൂപ ടാക്സി ചാർജിൽ ഹോട്ടലിലേക്ക്.

റോഡിൽ മുഴുവൻ ഐസ് കട്ട ആണ്. അങ്ങനെ അവര് കാണിച്ചു തന്ന ഹോട്ടൽ എത്തി. ബാഗ് ഒക്കെ തൂക്കി ഇറങ്ങിയപ്പോൾ എന്റെ മുന്നിൽ ആയി ഹോട്ടലിലേക്ക് വന്ന ആളെ പതിയെ അവിടെ ഉള്ളവർ കൈയൊക്കെ പിടിച്ചു കൊണ്ട് പോകുന്നു. ഇതെന്താ സംഭവം എന്നു വിചാരിച്ചു കാലെടുത്തു വച്ചതും ദേ കിടക്കുന്നു ധിം തരികിടതോം വച്ചു താഴെ. വേറെ ഒന്നുമല്ല മഞ്ഞിൽ തെന്നി വീണതാ. എന്തായാലൂം നല്ലൊന്നാന്തരം വെൽക്കം ഒക്കെ കിട്ടി . എന്നയാലും ഡ്രൈവറും അവിടെ നിന്നവരൊക്കെ കൂടി എഴുന്നേൽപ്പിച്ചു. അങ്ങനെ റൂം സെറ്റ് ആക്കാൻ നോക്കിയപ്പോൾ 800 രൂപക്കു തരാം എന്ന് പറഞ്ഞ റൂമിനു ഇപ്പോൾ 1200 രൂപ പറഞ്ഞു. നമ്മള് അമ്പിനും വില്ലിനും അടുത്തില്ല. ഒയോ ഉള്ള ധൈര്യത്തിൽ ടൗണിലേക്ക് നടന്നു.

മുന്നേ ഉണ്ടായ വീഴ്ചയുടെ അനുഭവത്തിൽ മണിച്ചിത്രത്താഴിലെ പപ്പുവിനെ പോലെയാണ് നടപ്പൊക്കെ. എന്നായാലെന്നെ ചെറിയ ഒരിറക്കം എത്തിയപ്പോൾ ദേ കിടക്കുന്നു പിന്നേം താഴെ. പക്ഷെ നിന്നിടത്തു നിന്നു നൂറു മീറ്റർ മാറി ആണെന്ന് മാത്രം. ഫോൺ ഒക്കെ റോഡിന്റെ ഓപ്പോസിറ് സൈഡ് വരെ എത്തി. പുതിയ ഫോൺ വാങ്ങിയിട്ട് ഒരാഴ്ച പോലും ആയിട്ടില്ല. സ്‌ക്രീൻ ഒക്കെ പൊട്ടി നാശമായി. ഏതായാലും അവിടെ നിന്നവരുടെ സഹായത്തോടെ എഴുന്നേറ്റ് മെയിൻ സ്ഥലത്തു എത്തി. മൈ ബുക്കിംഗ് കണ്ട ഹോട്ടലിൽ കയറി റൂം ചോയ്ച്ചു. രണ്ടു ദിവസത്തേക് 1500 രൂപ റെന്റിൽ റൂമെടുത്തു.

റൂമിൽ ചെന്നയുടൻ നല്ല അടിപൊളി ചൂട് വെള്ളത്തിൽ കിടിലൻ ഒരു കുളി കുളിച്ചപ്പോൾ വീണപ്പോൾ ഉണ്ടായ വേദന കുറച്ചൊക്കെ കുറഞ്ഞു. കുളിയൊക്കെ കഴിഞ്ഞു സോളങ് വാലിയിലേക്ക് പോകാം എന്ന പ്ലാനിൽ ഇറങ്ങി. അന്വേഷിച്ചും പിടിച്ചും ചെന്നപ്പോൾ റോഡ് അടച്ചിട്ടെക്കുവാണ് പോലും. എന്ന പിന്നെ വല്ലതും കഴിക്കാം എന്നു കരുതി ഹോട്ടലിൽ കയറിയിരുന്നപ്പോൾ (രണ്ടു ധാബകൾ ഉണ്ട് മാൾ റോഡിൽ അത്യാവശ്യം നല്ല ഫുഡും താരതമ്യേന ബാക്കിയുള്ള സ്ഥലങ്ങളെ അപേക്ഷിച്ചു വിലയും കുറവാണു ) നല്ല പരിചയം ഉള്ള ഒരു മുഖം. അനൂപേട്ടൻ, പുള്ളി ഇവിടെ ഔട്ട്ർഡോർ ഷൂട്ടിനു വന്നതാണ്. ഇന്ന് തിരിച്ചു പോകുമത്രേ. പുള്ളീടെ ചിലവിൽ എന്നയാലും നല്ല അടിപൊളി ഭക്ഷണം ഒക്കെ കഴിച്ചു .

അവര് ഹഡിംബ ക്ഷേത്രത്തിൽ പോവുന്നുണ്ടു വരുന്നുണ്ടോ എന്നു ചോയ്ച്ചു. നമ്മുടെ ലിസ്റ്റിൽ ഉള്ള സ്‌ഥലമായത് കൊണ്ട് സമ്മതിച്ചു. അങ്ങനെ ടാക്സി വിളിച്ചു ഹഡിംബയിലും നെഹ്റുകുണ്ടിലും പോകാൻ 1500 രൂപ പറഞ്ഞു, 1000 രൂപയാക്കി വണ്ടിയിൽ കയറി ഹഡിംബ ക്ഷേത്രത്തിലെത്തി. അനൂപേട്ടനും കൂടെയുള്ളവരും അവർ അവരുടെ ലോകത്തിലേക്കും ഞാൻ എന്റെ ലോകത്തിലേക്കും പോയി. ഹഡിംബ ക്ഷേത്രം ദേവദാരു മരങ്ങളാൽ (പൈൻ) സമ്പന്നമായ ക്ഷേത്രം ,തടികളാൽ നിർമിച്ചിരിക്കുന്ന ക്ഷേത്രത്തിനു മൂന്നു തട്ടുകളായിട്ടാണ് മേൽക്കൂര. ക്ഷേത്രത്തിനുള്ളിലേക്ക് കയറുന്നതിനായി ഇരു വശത്തുമായി വരാന്തയുമുണ്ട്. അതിലൂടെ കയറി വേണം ഉള്ളിൽ കടക്കാൻ ഞാൻ ചെല്ലുമ്പോൾ ക്ഷേത്രത്തിന്റെ പടിയിൽ നല്ല രണ്ടു സുന്ദരൻ പട്ടികുഞ്ഞുങ്ങൾ ഇരിപ്പുണ്ടായിരുന്ന്. ഭാഗ്യം അതുങ്ങൾക്കു ഇവിടെ അയിത്തം ഒന്നൂല്ലട്ടോ.

ക്ഷേത്രത്തിൽ കയറണം എങ്കിൽ വാതിലിൽ കൂടി കുനിഞ്ഞു വേണം കയറാൻ. അതിനു ശേഷം സ്റ്റെപ് ഇറങ്ങി നിൽക്കുമ്പോൾ ആണ് വൃത്തിയായി കാണാൻ കഴിയുക. സാധാരണയായി ക്ഷേത്രങ്ങളിൽ കാണുന്ന പോലെ ഇവിടെ പ്രതിഷ്ഠ ഒന്നും കാണാന്‍ കഴിയില്ല. കല്ലില്‍ പതിഞ്ഞിരിക്കുന്ന ഒരു കാല്‍പ്പാടാണ് ക്ഷേത്രത്തിനുള്ളി‌ല്‍ ഉള്ളത്. അതിനെയാണ് പൂജിക്കുന്നത്. പിന്നെ ഇവിടുത്തെ മറ്റൊരു പ്രത്യേകത സ്ത്രീകൾ ആണ് പൂജ ചെയ്യുന്നതും മറ്റും (ഞാൻ കണ്ടത് ). ഇനി ക്ഷേത്രത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഭീമസേനന്റെ ഭാര്യയായ ഹിഡിംബ ദേവിയുടേതാണീയമ്പലം. മഹാഭാരതത്തിൽ പറഞ്ഞിരിക്കുന്നത് പ്രകാരം പാണ്ഡവരുടെ വനവാസകാലത്തു ഹിഡുംബനനും ഹിഡുംബിയും മണാലിയിൽ എത്തിപ്പെടുകയും ഇവിടെ താമസമാക്കുകയും ചെയ്തു. പിന്നീട് പാണ്ഡവരുമായുള്ള യുദ്ധത്തിൽ ഭീമസേനനാൽ ഹിഡുംബൻ മരിക്കുകയും ചെയ്യുന്നു. പിന്നീട് ഹിഡുംബി ഭീമസേനനെ വിവാഹം കഴിക്കുകയുമായിരുന്നു എന്നാണത്രെ. ഘോര്‍ പൂജയാണ് ഈ ക്ഷേത്രത്തിലെ ഏറ്റവും വിശിഷ്ടമായ ആചാരം.

ക്ഷേത്രത്തിലേക്ക് പോകുന്ന വഴി മുഴുവൻ പല തരത്തിൽ ഉള്ള കച്ചവടക്കാരാണ്. കയറി ചെന്ന പാടേ രണ്ടു ചേച്ചിമാർ വന്നു അവിടുത്തെ ഒരു തരം മുയലിനെ കയ്യിലേക്ക് വച്ചു തന്നു. മനുഷ്യനാണേൽ പേടിച്ചു വിറച്ചു അതിനെ പിടിച്ചത്. അതിന്റെ കൂടെയുള്ള ഫോട്ടോ വേണമെങ്കിൽ നമ്മുടെ ക്യാമറയിൽ അവര് തന്നെ ഫോട്ടോ ഒക്കെ എടുത്തു തരും കേട്ടോ. അതൊക്കെ കഴിഞ്ഞു മുന്നോട്ട് എത്തിയപ്പോൾ വേറെ ചേച്ചിമാര് മണാലിയുടെ വസ്ത്രവുമായി വന്നു. 50 രൂപയാണ്, ചിലർ 100 രൂപയും വാങ്ങുന്നുണ്ട്. അതൊക്കെ ഇട്ടു രണ്ടു ഫോട്ടോ ഒക്കെ എടുത്തു.

ക്ഷേത്രത്തിനു ചുറ്റുമുള്ള മഞ്ഞിൽ കൂടെ പലരും സ്കീയിങ് നടത്തുന്നുണ്ട്. പതിയെ അതിലെ ഒക്കെ നോക്കി നടന്നപ്പോഴേക്കും ടാക്സിക്കാരൻ വിളിച്ചു നെഹ്‌റുകുണ്ടിൽ പോകാൻ വേണ്ടി. മാൾ റോഡിൽ എത്തിയപ്പോൾ അനൂപേട്ടനും കൂട്ടരും ഇറങ്ങി. ഇനി വീണ്ടും തനിച്ചാണ് യാത്ര. മാൾ റോഡിൽ നിന്നും 4 കിലോമീറ്റർ ആണ് നെഹ്‌റു കുണ്ടിലേക്ക്. അവിടെ എത്തിയപ്പോൾ തന്നെ സന്തോഷവും സങ്കടവും പിന്നെയും എന്തൊക്കെയോ ചേർന്നാണ് വല്ലാത്തൊരു അവസ്ഥയിൽ എത്തി. സ്വപ്നം കണ്ട പോലെ ബിയാസ് നദിയുടെ തീരത്തു മഞ്ഞിൽ പൊതിഞ്ഞിങ്ങനെ നിലക്കാണ് മ്മ്‌ടെ മണാലി.

3978 മീറ്റര്‍ ഉയരത്തില്‍ ഹിമാവാനില്‍ നിന്നും ഉത്ഭവിക്കുന്ന ബിയാസ് നദി മണാലിയില്‍ വെളുത്തു തുടുത്തു സുന്ദരിയായിട്ടങ്ങു ഒഴുകുന്ന കാണാനും ഒരു ചേലാണ്. ബിയാസ് നദിയിലൂടെയുള്ള റിവർ റാഫ്റ്റിങ് ആണ് പ്രധാനമായും ഉള്ളത്. വെള്ളത്തിന്റെ അളവ് കുറഞ്ഞു പാറക്കെട്ടുകളിൽ ഒക്കെ മഞ്ഞു കട്ടകൾ ആണ് നിറയെ. അത് കൊണ്ട് റിവർ റാഫ്റ്റിങ് ചെയ്യാൻ ഇനിയും വരേണ്ടി വരും. അവിടെ കൊറേ അധികം സമയം ചിലവഴിച്ചു. കണ്ണെത്താദൂരത്തോളം മഞ്ഞാണെങ്കിലും അവിടിവിടങ്ങളിൽ ആയി കച്ചവടക്കാർ ചായയും ഓംലൈറ്റും കടലയും ഒക്കെ വിൽക്കുന്നുണ്ട്. ഫോട്ടോ എടുക്കാൻ വേണ്ടി മഞ്ഞു ഒക്കെ കയ്യിൽ എടുത്തു തണുത്തു മരവിച്ചിരുന്നു. അത് കൊണ്ട് തന്നെ തിരിച്ചു പോരുന്ന വഴി അവിടെ തീ കൂട്ടിയിട്ടിരുന്ന സ്ഥലത്തിരുന്നു കയ്യൊക്കെ ചൂടാക്കി പിന്നെ തിരിച്ചു വണ്ടിയിലേക്ക്.

ഒറ്റയ്ക്ക് യാത്ര ചെയ്തപ്പോൾ ആകെ ഉണ്ടായ സങ്കടം നമ്മക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലത്തു നിന്ന് നമ്മൾ ആഗ്രഹിച്ച രീതിയിൽ നിന്നും ഫോട്ടോ എടുക്കാൻ പറ്റില്ല എന്നതായിരുന്നു. ചിലതൊക്കെ വഴിയിൽ കണ്ടവരോട് പറഞ്ഞു എടുത്തു. പിന്നെ സെൽഫി അത് കൊണ്ട് ആശ്വസിച്ചോണം. 5 മണി കഴിഞ്ഞപ്പോ മാൾ റോഡിൽ എത്തി. റൂമിൽ പോയി സാധനം ഒക്കെ വച്ച് വീണ്ടും താഴേക്ക് വന്നു. രണ്ടു ചായ ഒക്കെ കുടിച്ചു മുന്നിൽ കണ്ട റോഡിലൂടെ ഒക്കെ നടന്നു. 8 മണിയോടെ തിരിച്ചു പോയിടത്തു തന്നെ വന്നു. ഹോട്ടലിനു താഴെ ചായ വിൽക്കുന്ന ചേച്ചിയുടെയും കടയിൽ പോയി ചായ ഒക്കെ കുടിച്ചു തീയൊക്കെ കൊണ്ട് കഥയൊക്കെ പറഞ്ഞു കുറെ നേരം നിന്നു. പിന്നെ കുറെ സമയം മാൾ റോഡിനുള്ളിൽ കൂടി കുറെ വട്ടം നടന്നു.

ഇവിടുത്തെ ഏറ്റവും പ്രത്യേകത പഷ്മിന ഷാളുകൾ നല്ല വില കുറച്ചു കിട്ടും എന്നുള്ളതാണ്. രണ്ടാം ദിവസം എട്ടുമണിയോടെ എഴുന്നേറ്റൊരുങ്ങി താഴെ വന്നു. പ്ലാൻ പ്രകാരം വസിഷ്ടിൽ പോണം എന്നാണ്. എവിടെ പോണേലും ഒരു ചായ കുടിക്കാതെ പറ്റില്ല. അത് കൊണ്ട് താഴെ ഉന്തുവണ്ടിയിൽ ചായ വിൽക്കുന്ന കടയിൽ പോയി പത്തു രൂപയ്ക്കു നല്ല അടിപൊളി കുരുമുളകിട്ട ചായ കുടിച്ചു. ഒരെണ്ണം കൂടി വേണം എന്ന് അറിയാതെ മലയാളത്തിൽ പറഞ്ഞപ്പോൾ തൊട്ടടുത്ത് നിന്നൊരൊക്കെ ഒരു നോട്ടം. വേറെ ഒന്നും അല്ല അവര് തമിഴ്‌നാട്ടിൽ നിന്നാണ്. കൂടെ ഒരു ഇടപ്പള്ളിക്കാരനും. അവരെ പരിചയപെട്ടു. തിരിച്ചു ടാക്സി സ്റ്റാൻഡിൽ വന്നു. വസിഷ്ട്ടിലേക്കു മൂന്നു കിലോമീറ്റർ ആണ്. ടാക്സി ചാർജ് ചോദിച്ചപ്പോൾ ആയിരം രൂപ. സമ്മതിച്ചില്ല. ഒന്നുമില്ലേലും ഇടുക്കിയുടെ രക്തം അല്ലെ, അതോണ്ടങ്ങു നടക്കാൻ തീരുമാനിച്ചു.

കണ്ട കാക്കയോടും പൂവിനോടും ഒക്കെ വർത്തമാനം പറഞ്ഞു പതിയെ നടന്നു. ബൂട്ട്‌സ് ശരിയല്ലാത്ത കൊണ്ട് വളരെ ശ്രദ്ധിച്ചാണ് നടക്കുന്നത്. മുന്നോട്ട് ചെല്ലുമ്പോൾ ഇരു വശങ്ങളിലും ബൂട്സും കോട്ടും വിളിക്കുന്ന കടകൾ കാണാം. അവിടുന്ന് അമ്പതുരൂപ വാടക കൊടുത്തു ബൂട്ട്സ് ഒക്കെ വാങ്ങി മുന്നോട്ട് . വസിഷ്ട്ടിലേക്കുള്ള പ്രധാന വഴി എത്തുന്നതിനു മുന്നേ അവിടെ ഉള്ള ഒരു ചേച്ചി എനിക്ക് ഒരു എളുപ്പ വഴി പറഞ്ഞു തന്നത് കൊണ്ട് പ്രധാന വഴിയിലൂടെ കയറാതെ മുന്നോട്ട് നടന്നു. ഒരു ചെറിയ റോഡിനു മുന്നിൽ എത്തി. ഒരാൾക്ക് നടക്കാൻ പാകത്തിനു കല്ലുകൾ പാകിയ കൃഷിയിടത്തിന് ഇടയിലൂടെ ഉള്ള ഇടവഴി ആണിത്. അതിലൂടെ പതിയെ നടന്നു കയറി.

റോഡിനിരുവശവും ഇവിടുത്തെ പ്രധാന കൃഷികൾ ആയ ആപ്പിൾ, പിയർ ,അപ്രിക്കോട്ട് തുടങ്ങിയ മരങ്ങൾ ആണ്. സീസൺ കഴിഞ്ഞത് കാരണം ഇല പൊഴിച്ചു ഉണങ്ങിയ പോലെ നിൽക്കുവാണ്. മണാലിയിലെ സീസൺ ടൈം അല്ലങ്കിൽ ഇതൊക്കെ കാണാൻ പറ്റിയ ഏറ്റവും നല്ല സമയം മേയ് തൊട്ട് സെപ്റ്റംബർ വരെയുള്ള സമയങ്ങളിൽ ആണ് എന്നാണ് ബൂട്സ് വാങ്ങിയ കടയിലെ രമേഷ്‌ അങ്കിൾ പറഞ്ഞത്. പുള്ളിക്ക് ഒരു ചെറിയ ചായക്കട കൂടിയുണ്ട്. പിന്നെ ബുള്ളെറ്റ് വാടകക്ക് കൊടുക്കുന്ന കടയും. തിരിച്ചു വന്നപ്പോൾ അവിടുന്ന് ചായ ഒക്കെ കുടിച്ചു. ജൂണിൽ എന്തായാലും വരണം. പുള്ളിക്ക് ചെറിയ ചെറിയ വീടൊക്കെയുണ്ട്, സഞ്ചാരികൾക്കു വേണ്ടി കുറഞ്ഞ വിലയിൽ തരാം എന്നൊക്കെ പറഞ്ഞു.

അങ്ങനെ അരമുക്കാൽ മണിക്കൂർ ഇടവഴിയിലൂടെ യാത്ര ചെയ്തു വാസിഷ്ട്ടിൽ എത്തി ചേർന്നു. വസീഷ്ടിന്റെ ഏറ്റവും വലിയ പ്രത്യേകത വര്‍ഷം മുഴുവൻ ചൂടുവെള്ളം തരുന്ന നീരുറവകൾ ഉള്ള സ്ഥലം ആണെന്നതാണ്. ലക്ഷ്മണന്‍ ഭൂമിയിലേക്ക് അമ്പെയ്ത് സൃഷ്ടിച്ചതാണ് ഈ നീരുറവ എന്നാണ് ഇവിടുള്ളവരുടെ വിശ്വാസം. എന്നൊക്കെ പറഞ്ഞാലും തണുത്തുറഞ്ഞ മലമുകളിലെ ഈ ചൂടുവെള്ളതിന്റെ ഉറവ ആരെയും ആകർഷിക്കും എന്നതിൽ ഒരു സംശയവുമില്ല. ഇവിടെ വരുന്നവർക്ക് ഈ നീരുറവയിൽ കുളിക്കാനും കുടിക്കാനും ഒക്കെ ഉള്ള സൗകര്യം ഉണ്ട്. എന്തായാലും വന്ന സ്ഥിതിക്ക് കുളിക്കാൻ ഉള്ള സെറ്റപ്പ് ഒന്നും എന്റെ കയ്യിൽ ഇല്ലാത്തതിനാൽ ചൂട് വെള്ളത്തിൽ കയ്യും കാലും കഴുകി തിരിച്ചു പോന്നു. ഇതിനോട് ചേർന്നു വസിഷ്ഠമഹര്‍ഷിയുടെയും രാമന്റെയും ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട്.

അവിടിന്നിറങ്ങി ഇനി കാണാൻ പറ്റിയ സ്ഥലം ഏതാണെന്നു ഗ്രാമവാസികളോട് ചോദിച്ചപ്പോൾ അവിടെ അടുത്ത് ഒരു വെള്ള ചാട്ടം ഉണ്ടെന്നു പറഞ്ഞു. എന്തായാലും പോയി വരാം എന്ന് കരുതി അവിടെ കണ്ട ആളുകളൊടൊക്കെ വഴി ചോയ്ചു ചോയ്ച്ചു മുന്നോട്ടേക്ക്. അമ്പലത്തിന്റെ അവിടുന്നു അഞ്ചു മിനിട്ട് മുന്നോട്ട് നടന്നാൽ പിന്നെ അവിടുത്തെ വീടുകൾക്കിടയിലൂടെ ഒരാൾക്ക് മാത്രം കടന്നു പോകാൻ കഴിയുന്ന വഴിയാണ്. യാത്രയുടെ തുടക്കത്തിൽ അവിടുത്തെ മുന്നിലും പിറകിലുമായി അവിടുത്തെ ആളുകൾ യാത്ര ചെയ്യുന്നുണ്ടായിരുന്നെങ്കിലും ഒരു പതിനഞ്ചു മിനിട്ട് കഴിഞ്ഞതോടെ എല്ലാവരും പല വഴിക്കായി. ഞാൻ മാത്രമായി. ചെറിയ പേടിയൊക്കെ ഉണ്ടെങ്കിലും ഒരു ധൈര്യത്തിൽ അങ്ങു നടന്നു. അത്രയേറെ നിശബദ്മായ അന്തരീഷം ആണ്.

ഇവിടെ ഈ മലമുകളിൽ നിന്നു താഴേക്ക് നോക്കുമ്പോൾ ബിയാസ് നദിയുടെ തീരത്തു മഞ്ഞിൽ പുതച്ചു കിടക്കുന്ന മണാലിയാണ്. എന്തു രസാണന്നോ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സൗന്ദര്യമാണ് എവിടെ നോക്കിയാലും മഞ്ഞു മാത്രം. മഞ്ഞിൻ കട്ടകളിലൂടെ വെള്ളച്ചാട്ടവുമന്വേഷിച്ചുള്ള യാത്ര ഏകദേശം ഒരു മണിക്കൂറോളം ആയി. അവസാനം ആകെ കൂടി കണ്ടത് ഒരു കുഞ്ഞി വെള്ളച്ചാട്ടം. ഇനിയിപ്പോ വഴി തെറ്റിയതാണോ അതോ വെള്ളം കുറഞ്ഞതാണോ എന്നറിയില്ല. വഴി തെറ്റാനുള്ള ചാൻസ് കുറവാണ്. കാരണം വേറെ വഴി ഒന്നും ഞാൻ കണ്ടിരുന്നില്ല. എന്നയാലും വന്ന വഴി ആണേൽ തീരുവേം ചെയ്തു. ചെറിയൊരു വെള്ളച്ചാട്ടവും കണ്ടു. ഇനിയിപ്പോ തിരിച്ചു പോണം. ഇറങ്ങി വന്നത് പോലല്ല കയറ്റം. എവിടെ എങ്കിലും പിടിക്കാം എന്നു വിചാരിച്ചാൽ അതു മഞ്ഞിലായിരിക്കും. ഏതായാലും ഉരുണ്ടു പിരണ്ടു തിരിച്ചു മണാലിയിലേക്ക്..

നല്ല വിശപ്പുള്ളതു കൊണ്ടു മലമുകളിലെ ഒരു ചെറിയ കടയിൽ നിന്നും ഓംലൈറ്റും മസാല ചായയും കുടിച്ചു. എന്തൊക്കെ പറഞ്ഞാലും കിടിലൻ ചായ ആണ്. അവിടുന്നിറങ്ങി ചില്ലറ അവിടെയും ഇവിടെയും ഉള്ള കറക്കം കഴിഞ്ഞു മാൾ റോഡിൽ എത്തി. ചെറിയ പർച്ചേസിങ് ഒക്കെ നടത്തി തിരിച്ചു റൂമിലെത്തി, കുളിച്ചിറങ്ങി. ലീവ് തീരെ ഇല്ലാത്തതിനാൽ സ്വർഗ്ഗ കവാടത്തിൽ നിന്നും വീണ്ടും രാത്രിയോടെ കൊച്ചിയിലേക്ക് യാത്ര തിരിച്ചു.

ചിലവ് : നേരത്തെ ബുക്ക് ചെയ്താൽ രണ്ടു വശത്തേക്കും കൂടി ഒരു 8000 രൂപ ഫ്ലൈറ്റ് ചാർജ് ആകുകളയുള്ളൂ. ഒരാഴ്ചക്കു മുന്നേ ആയോണ്ട് എനിക്ക് 11000 ആയി. ഡൽഹിയിൽ നിന്നു ബസ് 900 – 1500 രൂപയാകും. അത്യാവശ്യം നന്നായി വിലപേശിയാൽ ടാക്സി, ഹോട്ടൽ റേറ്റ് ഒരു പരിധി വരെ എങ്കിലും കുറക്കാൻ പറ്റും. അഞ്ചു ദിവസത്തെ യാത്രക്ക് എനിക്ക് ഏകദേശം ഏല്ലാം കൂടി 21000 രൂപയാണ് ആയത്. ( ടിക്കറ്റ് നേരത്തെ എടുത്തിരുന്നെങ്കിൽ ഇനിയും കുറക്കാമായിരുന്നു എന്ന് തോന്നി).

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post