എഴുത്ത് – സജിൻ മഠത്തിൽ (തിടമ്പും തമ്പുരാന്മാരും).
മംഗലാംകുന്ന് അപ്പു. ഇന്നിവന്റെ ചിത്രം കണ്ടപ്പോൾ പഴയൊരു കാഴ്ച്ച ഓർമയിൽ വന്നു. അതെന്താണന്നല്ലേ.. പറയാം. ഞാൻ എന്റെ കുട്ടിക്കാലത്തു അപ്പുവിനെ കാണുന്നത് ആദ്യമായി കുണ്ടുവംപാടം ഭരണിവേലക്ക് ആണ്. അന്ന് അപ്പു സിനിമാസ്റ്റാർ ആണ്. ഇന്നും നക്ഷത്രത്തിളക്കത്തോടെ ഓര്മയിലുണ്ട് ആ സുന്ദരകാഴ്ച്ച. കുണ്ടുവംപാടം ഭരണിവേലക്കും നിറമാലക്കും ഞങ്ങൾ കുടുംബസമ്മേതം പോകാറുണ്ട്. ഉണ്ണികണ്ണന്റെ അമ്പലത്തിൽ നിന്നുള്ള വേലയുടെ അമരത്തു ചെറിയച്ചനും ഉണ്ടാവും.
ഞങ്ങളെ ക്ഷേത്രചുമരിനോട് ചേർന്നുള്ള ചുറ്റുവിളക്കിന് കീഴിൽ കൊണ്ടിരുത്തി വീട്ടിലെ മുതിർന്ന ആണുങ്ങൾ പൂരാഘോഷങ്ങളിലെ ആരവങ്ങളിലേക്കു ചേക്കേറും. ഞാനും അമ്മയും ചേച്ചിയും വല്യമ്മയും അച്ഛൻപെങ്ങന്മാരും ചെറിയച്ഛന്മാരുടെ ഭാര്യമാരും കൂടാതെ അയല്പക്കത്തുള്ള സ്ത്രീജനകളും കുട്ടികളും കാണും കൂടെ.
ക്ഷേത്രനടയുടെ അരികിൽതന്നെ എല്ലാകൊല്ലവും ഞങ്ങൾക്കുള്ള സ്ഥാനം അന്ന് പിടിച്ചുവച്ചിട്ടുണ്ടാവും. അതുകൊണ്ടുതന്നെ ആനകളും ആരവങ്ങളും പടികെട്ടുകൾ കയറിവരുന്നത് കാണാൻ സാധിക്കും. എത്രയോ തവണ പൂരാആവേശംകൊണ്ട് പിന്നിലേക്ക് നീങ്ങി മുതുകിൻപുറം ചുറ്റുവിളക്കിലെ വജ്രശോഭയിൽ വെന്തുരുകി വെയിൽകൊണ്ട കമുങ്ങിൻപ്പാള പോലായിരിക്കുന്നു. പക്ഷേ.. ആ നീറ്റലോന്നും എന്റെ മനസ്സിലെ ആനകമ്പത്തെയും പൂരകമ്പത്തെയും തെല്ലും നിരുത്സാഹപ്പെടുത്തിയിട്ടില്ല അന്നൊന്നും.
അങ്ങനെയുള്ള ഒരു ഭരണിവേലക്ക് പതിവിൽകവിഞ്ഞ ആവേശത്തോടെ വടക്കൻപൂരം ആ വലിയ ഭീമാകാര പടികെട്ടുകൾ കയറിവരുന്നത് ഞാൻ,അല്ല ഞങ്ങൾ കണ്ടു. തെല്ലത്ഭുതത്തോടെ ക്ഷേത്രമുറ്റത് നിൽക്കുന്നവരും താഴേക്ക്‌നോക്കുന്നുണ്ട്. ഞാൻ എന്താണെന്ന് അറിയാൻ അമ്മയുടെ കൈപ്പിടിയിൽനിന്നും കുതറിമാറി എഴുന്നേറ്റു നോക്കി. അപ്പോൾ അതാ വരുന്നു കിഴക്കൻപൂരത്തിന്റെ തിടമ്പാന ഗജലോകചക്രവർത്തി ആനകേരളത്തിന്റെ ചരിത്രങ്ങൾ പലകുറി തിരുത്തിക്കുറിച്ച മാതങ്കമാണിക്യം സാക്ഷാൽ മംഗലാംക്കുന്നു ഗണപതിയും മൂന്നുനാലു കൂട്ടുകാരും. ഒപ്പം ചെറിയ 2 വയസ്സുകാരൻ കുട്ടിയെപ്പോലെ പിച്ചവച്ചു നടക്കുന്ന ഒരു കുറുമ്പൻ ആനക്കുട്ടിയും.
അന്ന് ഞാൻ ജീവിതത്തിൽ ആദ്യമായിട്ടാണ് ചെറിയ ആനക്കുട്ടിയെ കാണുന്നത്. ആസമയത്തെ എന്റെ ഒരു സന്തോഷവും ഇതെന്തുകാണിക്കും എന്നുള്ള ആകാംക്ഷയും. അതെങ്ങിനെയാണ് ഞാൻ എഴുതി ഫലിപ്പിക്കുക?! എന്തായാലും ആളുകൾ ഗണപതിക്ക് ജയ്‌വിളിക്കുകയും പൂവെറിയുകയും ഒക്കെ ചെയ്യുന്നുണ്ട്. അങ്ങിനെ ആ പൂരം ക്ഷേത്രമതിലകത്തെക്കു പ്രവേശിക്കുവാൻ തുടങ്ങി.
ആദ്യം ആളുകളും പിന്നാലെ വാദ്യമേളങ്ങളും ക്ഷേത്രത്തിനകത്തേക്കു കടന്നു തൊട്ടുപുറകെ ഗണപതിയും മറ്റ് ആനകളും. അപ്പോഴാണ് ആ സംഭവം നടന്നത്. വേറൊന്നും അല്ല നമ്മുടെ കുട്ടികുറുമ്പൻ അപ്പുക്കുട്ടന് ക്ഷേത്രത്തിനകത്തേക്കു കടക്കാൻ പറ്റുന്നില്ല. കുണ്ടുവംപാടം ചെറുക്കുന്നത് ഭാഗവതീക്ഷേത്രത്തിലേക്കു പ്രവേശിക്കാൻ രണ്ടു നടകൾ ആണുള്ളത്. വടക്കേനടയും കിഴക്കേനടയും. വടക്കേനടയിൽകൂടി കയറുന്ന പൂരങ്ങൾ കഴിഞ്ഞു ആനകൾ ഇറങ്ങുക കിഴക്കേനടയിലൂടെയാണ്.
എന്തായാലും പറഞ്ഞുവന്നത്, മ്മടെ അപ്പുസ്സിന് വടക്കേനടയുടെ കല്ലത്താണി കടക്കാൻ പറ്റുന്നില്ല. അവൻ അവനെകൊണ്ടു ആവുംവിധം ശ്രമിക്കുന്നുണ്ട്. പക്ഷേ ഒരു രക്ഷയും ഇല്ല. പിന്നെ അവിടെ നടന്നത് ഞാൻ കണ്ട ഏറ്റവും സുന്ദരമായ ആനകാഴ്ച്ചകളിൽ ഒന്നായിരുന്നു. മുമ്പിൽനടന്ന വമ്പനാം ഗണപതി തെല്ലൊന്നുചെരിഞ്ഞു തന്റേ തുമ്പികരം നീട്ടി അപ്പുവിനെ അകത്തെക്കുകടത്തി, അതൊരു കാഴ്ച്ച ആയിരുന്നു, ഒരൊന്നൊന്നര കാഴ്ച്ച!!
അന്ന് ഇതൊക്കെ കാണുമ്പോഴും എനിക്കതൊരു ആനയും ആനക്കുട്ടിയും മാത്രമായിരുന്നു. പിന്നീടാണ് പറഞ്ഞറിയുന്നത് ആനക്കും ആനക്കുട്ടിക്കും പേരുണ്ടെന്ന്. അന്ന് ആ പൂരം കഴിഞ്ഞു പോകുന്നതുവരെ എന്റെ നോട്ടം ,തലയുയർത്തി നിൽക്കുമ്പോഴും തുമ്പിക്കൈ ഒരുമടക്കു നിലത്തു ചുരുട്ടിവച്ചിരിക്കുന്ന ഗണപതിയിലും കുട്ടികുറുമ്പുകൾ കൊണ്ട് ആളുകളെ ഹരംകൊള്ളിക്കുന്ന അപ്പുവിലും ആയിരുന്നു. എന്തായാലും അതൊരു ഓർമ്മയാണ്.. മായ്ച്ചാലും മായ്ച്ചാലും മായാത്ത സുന്ദരമായ ആനച്ചൂരുള്ള ഒരോർമ്മ.
ഇന്ന് മംഗലാംകുന്ന് അപ്പു ഗുരുവായൂർ അനന്തനാരായണൻ ആണ്. പുന്നത്തൂർ കോട്ട ഭാവികാലത്തിനായി കരുതിവെയ്ക്കുന്ന തികഞ്ഞ നാടൻ ആനച്ചന്തം….ആനക്കോട്ടയിലെ ലക്ഷണ തികവുള്ള യുവതാരം… വരും നാളുകളുടെ ഭാവി വഗ്ദനമയ് ഇവൻ വളരുന്നു പുനത്തൂർ കോട്ടയിൽ. ഒപ്പം ഗുരുവായൂരപ്പന്റെ ദൈവിക സാനിധ്യവും… ഉയർന്ന തലക്കുന്നി, തേൻ നിറമാർന്ന കണ്ണുകൾ, വലിയ ചെവികൾ, ചെവിയാട്ടുംപോഴുള്ള ശബ്ദം, നല്ല കൊമ്പ്, നല്ല വാലുകൾ ഇങ്ങനെ പോകുന്നു അപ്പുവെന്ന അനന്തനാരായണന്റെ വിശേഷങ്ങൾ.