വിവരണം – Lijo Thayil.
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ ദേവികുളം ബ്ലോക്കിലാണ് മാങ്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 2000 ഓക്ടോബര്‍ 2-ാം തിയതി രൂപീകൃതമായ ഈ പഞ്ചായത്ത് മാങ്കുളം വില്ലേജ് പരിധിയില്‍ ഉള്‍പ്പെടുന്നു. 123 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് മൂന്നാര്‍ പഞ്ചായത്തും, തെക്കുഭാഗത്ത് അടിമാലി പഞ്ചായത്തും, കിഴക്കുഭാഗത്ത് മൂന്നാര്‍, പള്ളിവാസല്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കുട്ടമ്പുഴ, അടിമാലി പഞ്ചായത്തുകളുമാണ്. ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയില്‍ വരുന്ന മാങ്കുളം പഞ്ചായത്തിലെ പ്രധാന വിളകള്‍ റബ്ബര്‍, കൊക്കോ, കവുങ്ങ്, ഏലം, ജാതി, കാപ്പി, കൊടി, തെങ്ങ് മുതലായവയാണ്. നല്ലതണ്ണിപ്പുഴ, മാങ്കുളം പുഴ, ഈറ്റചോല പുഴ എന്നിവ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളാണ്.
മലമ്പ്രദേശമായ മാങ്കുളം പഞ്ചായത്തില്‍ നിരവധി കുന്നുകളും, മലകളുമുണ്ട്. പള്ളികുന്ന്, 96 കുന്ന്, മുനിപാറകുന്ന്, പാര്‍വ്വതിമല, കിളിക്കല്ല് മല, വിരിഞ്ഞപാറ മല എന്നിവ ഇവിടുത്തെ പ്രധാന കുന്നുകളും മലകളുമാണ്. മൊത്തം ഭൂവിസ്തൃതിയുടെ 25 ശതമാനം വനപ്രദേശമാണ്. ആനക്കുളം ഓര്, പെരുമ്പന്‍കുത്ത്, നക്ഷത്രകുത്ത്, ചിന്നാര്‍ കുത്ത്, കിളിക്കല്ല് കുത്ത്, വിരിഞ്ഞ പാറ മുനിയറ, കള്ളക്കുട്ടികുടി കുത്ത്, കോഴിവാലന്‍ കുത്ത്, വെല്ലിപാറകുട്ടി, വിരിപാറ തേയിലതോട്ടം എന്നിവ ഈ പഞ്ചായത്തിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളാണ്. നെടുമ്പാശ്ശേരി-കൊടൈക്കനാല്‍ സംസ്ഥാന പാത പഞ്ചായത്തിലൂടെ കടന്നു പോകുന്നു. ഭാരതത്തിന്റെ സുഗന്ധവ്യജ്ഞന ഉദ്യാനമായ കേരള സംസ്ഥാനത്തിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയുടെ കിഴക്കേ അറ്റത്ത് തമിഴ് നാടിനോട് തൊട്ടുകിടക്കുന്ന ദേവികുളം ബ്ളോക്ക് പഞ്ചായത്തിലുള്‍പ്പെട്ട മാങ്കുളം പഞ്ചായത്ത് ഭൂമിശാസ്ത്രപരമായും കാലാവസ്ഥ, സംസ്കാരം, കാര്‍ഷികവിളകള്‍ എന്നിവയുടെ കാര്യത്തിലും കേരളത്തിലെ മറ്റുപ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്നു.
പശ്ചിമഘട്ടത്തിന്റെ ഭാഗമായി സഹ്യപര്‍വ്വതനിരകള്‍ക്കിടയിലാണ് പ്രകൃതിരമണീയമായ ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഹൈറേഞ്ചസ് എന്ന കാര്‍ഷിക കാലാവസ്ഥ മേഖലയിലാണ് ഈ പഞ്ചായത്ത് ഉള്‍പ്പെടുന്നത്. ചരിത്രപുരാവസ്തു ഗവേഷകര്‍ 3000 കൊല്ലങ്ങള്‍ക്ക് മേല്‍ പ്രായം കണക്കാക്കിയിട്ടുള്ള പ്രപിതാ മഹാന്മാര്‍ വരച്ച എഴുത്തളകളും നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ചരിത്രമുറങ്ങുന്ന മുനിയറകളും ഈ പ്രദേശത്തിന്റെ മാത്രം സ്വന്തം. പഞ്ചപാണ്ഡവന്‍മാരുടെ പുണ്യപാദധൂളികളാല്‍ അനുഗ്രഹീതമാണ് ഇവിടുത്തെ മിക്ക പ്രദേശങ്ങളും എന്ന് പഴമക്കാര്‍ വിശ്വസിക്കുന്നു.
മാങ്കുളത്തെ കുറിച്ച് പുറംലോകം അറിഞ്ഞ് തുടങ്ങിയിട്ട് ഏറെ നാളുകളൊന്നും ആയിട്ടില്ല. വേണ്ടത്ര വാഹന സൗകര്യമോ മററ് അടിസ്ഥാന വികസനങ്ങളോ എത്തിപ്പെടാതെ കിടക്കുന്ന മാങ്കുളം അക്ഷരാര്‍ത്ഥത്തില്‍ വനത്തിനുളളിലെ പറുദീസ തന്നെയാണ്. മലകളാല്‍ ചുറ്റപ്പെട്ട് പച്ചപ്പിന്റെ മേലങ്കിയണിഞ്ഞ് കാട്ടരുവികളാലും പുഴകളാലും വെളളച്ചാട്ടങ്ങളാലും സമൃദ്ധമായി തണുത്ത കാറ്റിന്റെ സ്പര്‍ശനത്താല്‍ കുളിരണിഞ്ഞ് നില്‍ക്കുന്ന മാങ്കുളം മൂന്നാറിനോട് ചേര്‍ന്നു കിടക്കുന്ന, അറിയപ്പെടേണ്ടുന്ന എന്നാല്‍ അറിയാന്‍ ബാക്കി വച്ച പ്രകൃതി സൗന്ദര്യത്തിന്റെ ഒരു തുരുത്താണ്.
കല്ലാറ്റില്‍ നിന്നു തുടങ്ങിയ യാത്രയില്‍ മാങ്കുളത്തേക്ക് പതിനേഴ് കിലോമീറ്റര്‍ എന്ന പൊതുമരാമത്ത് വകുപ്പിന്റെ ബോര്‍ഡ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. വീതി കൂടിയ ദേശീയ പാതയില്‍ നിന്നും ഇടുങ്ങിയതും ഗട്ടറുകള്‍ നിറഞ്ഞതുമായ പതിനേഴ് കിലോമീറ്റര്‍ ദൂരം താണ്ടുക എന്നതാണ് യാത്രയ്ക്കിടയിലെ പ്രധാന വെല്ലുവിളി. ഇടയ്ക്കിടെ വന്നു പോകുന്ന സ്വകാര്യ ബസുകളാണ് പ്രദേശത്തേക്കുളള തരക്കേടില്ലാത്ത യാത്രാ സംവിധാനം. വളഞ്ഞും തിരിഞ്ഞും പോകുന്ന റോഡിലൂടെ കുരിശുപാറയും പീച്ചാടും പിന്നിട്ടാല്‍ മറ്റൊരു ലോകമായി. മാനം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന വന്മരങ്ങള്‍ക്കിടയിലൂടെ നുരഞ്ഞൊഴുകു കാട്ടാറിനരികിലൂടെ സുഗന്ധം പൊഴിക്കുന്ന ഏലച്ചെടികള്‍ക്കിടയിലൂടെയുളള യാത്ര ഏതൊരു സൗന്ദര്യാസ്വാദകന്റയും മനസ്സില്‍ എണ്ണമറ്റ പൂക്കള്‍ വിരിയിക്കും.
വലിയ മരങ്ങള്‍ പിന്നിട്ട് റോഡിനിരുവശവും പരന്ന് കിടക്കുന്ന തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെയാണ് പിന്നീടുളള സഞ്ചാരം. നിരനിരയായി വെട്ടി നിര്‍ത്തിയിരിക്കുന്ന തേയില ചെടികള്‍ക്കിടയില്‍ വളര്‍ന്നു നില്‍ക്കുന്ന ചൗക്ക മരങ്ങളും കരിവീരന്റെ ഗാംഭീര്യത്തോടെ ഉയര്‍ന്നു നില്‍ക്കുന്ന പാറക്കൂട്ടങ്ങളും മണ്ണിലേക്ക് പെയ്തിറങ്ങാന്‍ വെമ്പുന്ന മഞ്ഞു കണങ്ങളും അങ്ങനെ മാമരങ്ങള്‍ക്കിടയില്‍ നിന്നും വിശാലമായ പച്ച വിരിച്ച് കിടക്കുന്ന തേയില ചെടികള്‍ക്കിടയിലൂടെ സഞ്ചരിക്കുമ്പോള്‍ കഴിഞ്ഞ് പോകുന്ന സുന്ദര നിമിഷങ്ങളെ ഓര്‍മകള്‍ക്കൊപ്പം ചേര്‍ത്ത് നിര്‍ത്താന്‍ മത്സരിച്ച് ചിത്രങ്ങള്‍ പകര്‍ത്തുന്ന സഞ്ചാരികളെ വഴിയരികുകളില്‍ കാണാം.
മൂന്നാറിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണെങ്കിലും ആഡംബരത്തിന്റെ വലിയ റിസോര്‍ട്ടുകളോ മുന്തിയ ഹോട്ടലുകളോ വാഹനങ്ങളുടെ തിരക്കോ ഒന്നും ഈ ഗ്രാമത്തില്‍ കാണാന്‍ കഴിയില്ല. പകരം എവിടേക്ക് നോക്കിയാലും മാനം മുട്ട ഉയര്‍ന്നു നില്‍ക്കുന്ന മലകളും മലകള്‍ക്കപ്പുറം മാനത്തെ തഴുകുന്ന മേഘ പാളികളും മാത്രം. താമസ സൗകര്യത്തിനായി വിരലിലെണ്ണാവുന്ന ഏതാനും ചില ലോഡ്ജുകളെ ആശ്രയിക്കുക എന്നതാണ് മാങ്കുളത്തെത്തിയാല്‍ ചെയ്യേണ്ട ആദ്യ ജോലി. ദീര്‍ഘ നേരത്തെ യാത്രാക്ഷീണം ഒഴിവാക്കാന്‍ ഗ്രാമത്തിലെ തണുത്ത വായു മാത്രം ശ്വസിച്ചാല്‍ മതിയാവും. 123 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുളള ഗ്രാമത്തില്‍ 12000 ജനസംഖ്യ മാത്രമാണുള്ളത്. ചരിത്രം പരിശോധിച്ചാല്‍ പൂഞ്ഞാര്‍ രാജാക്കന്മാരുടെ കീഴിലായിരുന്നു ഈ പ്രദേശമെന്നു മനസ്സിലാക്കാം. ബ്രിട്ടീഷ് ആധിപത്യത്തിന്റെ ആഢത്വം വിളിച്ചോതുന്ന അവശേഷിപ്പുകള്‍ ഇന്ന് മാങ്കുളത്ത് ബാക്കിയായിട്ടുണ്ട്. ജനവാസ മേഖലകളെക്കാളും വനപ്രദേശമാണ് ഗ്രാമത്തില്‍ അധികമായുളളത് എന്നതാണ് മാങ്കുളത്തിന്റെ വലിയ സവിശേഷതകളില്‍ ഒന്ന്.
വ്യത്യസ്തങ്ങളായ മൂന്ന് തരത്തിലുളള കാലാവസ്ഥയാണ് മാങ്കുളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ പൂജ്യത്തിലും താഴെ അന്തരീക്ഷ ഊഷ്മാവ് എത്തുന്ന വിരിപ്പാറ, തണുപ്പും ചൂടും സമിശ്രമായ മാങ്കുളം, ചൂടേറെയുളള ആനക്കുളം; ഏതാണ്ട് പതിനഞ്ച് കിലോമീറ്റര്‍ ദൂരത്തിനുളളില്‍ തന്നെ വ്യത്യസ്തങ്ങളായ ഈ മൂന്നു കാലാവസ്ഥയും അനുഭവിക്കാന്‍ കഴിയും. മാങ്കുളത്തെത്തിയാല്‍ ആശ്രയിക്കാവുന്ന ഏറ്റവും നല്ല വാഹനം ജീപ്പ് തന്നെയാണ്. മണ്ണും കല്ലും നിറഞ്ഞ വഴികളിലൂടെ സഞ്ചരിക്കാന്‍ ഇതിലും ഉചിതമായ മറ്റൊരു വാഹനം അവിടെ കിട്ടാനില്ലായെന്നതു തന്നെയാണ് അതിന്റെ പ്രധാന കാരണം. മാങ്കുളത്തിന്റെ വിവിധ മേഖലകളിലേക്കു സഞ്ചരിക്കാന്‍ തയ്യാറായി കിടക്കുന്ന ടാക്‌സി ജീപ്പുകള്‍ അവിടെ കാണാം.
അതിശയിപ്പിക്കുന്ന ഉയരത്തില്‍ നിന്നും ഇടതടവില്ലാതെ നുരഞ്ഞ് പതഞ്ഞ് താഴേക്ക് പതിക്കുന്ന ഒന്നിലധികം വെളളച്ചാട്ടങ്ങളാല്‍ സമ്പന്നമാണ് ഇവിടം. ചിന്നാര്‍ വെളളച്ചാട്ടം, വിരിപ്പാറ വെളളച്ചാട്ടം, കോഴിവാലന്‍ക്കുത്ത്, പെരുമ്പന്‍കുത്ത്, നക്ഷത്രകുത്ത് തുടങ്ങി അരഡസനിലധികം വെളളച്ചാട്ടങ്ങള്‍ മാങ്കുളത്തുണ്ട്. അവയിലേറെയും ഇരുന്നൂറ് ഇരുന്നൂറ്റമ്പത് അടിക്കുമേല്‍ ഉയരത്തില്‍ നിന്നുമാണ് വെള്ളം താഴേക്കു പതിക്കുന്നത്. കലര്‍പ്പില്ലാത്ത ശുദ്ധജലമാണ് എന്നു മാത്രമല്ല ശരീരം കോച്ചുന്നത്ര തണുപ്പുമാണ് അതിന്. വെളളച്ചാട്ടങ്ങളാല്‍ സമ്പന്നമായതിനാലാവണം സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വൈദ്യുതി ബോര്‍ഡിന് വില്‍പ്പന നടത്തുന്ന സംസ്ഥാനത്തെ ഏക പഞ്ചായത്ത് എന്ന ബഹുമതി മാങ്കുളത്തിനുണ്ട്. നക്ഷത്രകുത്തിനോട് ചേര്‍ന്നാണ് ഇത്തരത്തില്‍ വൈദ്യുതി ഉത്പ്പാദിപ്പിക്കുന്ന പവര്‍ഹൗസും മറ്റ് അനുബന്ധ ഉപകരണങ്ങളും. കാട്ടാനക്കൂട്ടം പതിവായി വെളളം കുടിക്കാനെത്തുന്ന ആനക്കുളമാണ് മാങ്കുളത്തിന്റെ ഏറ്റവും ആകര്‍ഷീയമായ കേന്ദ്രം.
ഈ അപൂര്‍വ സുന്ദര കാഴ്ച കാണാന്‍ ദിവസവും ഒട്ടേറെ സഞ്ചാരികള്‍ ആനക്കുളത്തെത്താറുണ്ട്. ആനക്കുളത്ത് വനത്തിനോട് ചേര്‍ന്നു കിടക്കുന്ന പുഴയിലാണ് ഗജവീരന്മാറരുടെ നീരാട്ട്. വേനല്‍ക്കാലമാകുന്നതോടെ ഉള്‍വനങ്ങളില്‍ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടും. ഈ സമയത്ത് കുടിക്കാനും കുളിക്കാനുമുളള വെളളം തേടിയാണ് കാട്ടാനക്കൂട്ടം ആനക്കുളത്തെത്താറുളളത്. പുഴയിലെ ഒരു പാറയുടെ കീഴില്‍ നിന്നുയരുന്ന കുമിളകള്‍ക്ക് ഉപ്പ് രസം ഉണ്ടെന്നും ഓര് എന്ന് പ്രദേശവാസികള്‍ വിളിക്കുന്ന ഈ ഓര് വെളളം ആനകള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ഇത് കുടിക്കുവാനായാണ് ദിവസേന നിരവധിയായ ആനകള്‍ ഇവിടേക്ക് എത്തുന്നതെന്നും പറയപ്പെടുന്നു. മുപ്പത് ആനകള്‍ വരെ കൂട്ടമായി എത്തിയ ദിവസങ്ങള്‍ ഉണ്ടെന്നു പ്രദേശവാസികള്‍ പറഞ്ഞു. ഈ കാട്ടാന കൂട്ടത്തിന്റെ സാമീപ്യം മൂന്ന് നാല് മാസത്തോളം ഇവിടെയുണ്ടാകും. മഴക്കാലം ആരംഭിക്കുമ്പോള്‍ മാത്രമാണ് ഇവ തിരികെ ഉള്‍വനങ്ങളിലേക്ക് പോകാറുളളത്രേ.
കുട്ടിയാനകള്‍ മുതല്‍ കൊലകൊമ്പന്മാാര്‍ വരെ പുഴയില്‍ കളിച്ച് തിമിര്‍ക്കുമ്പോള്‍ പുഴയോട് ചേര്‍ന്നുളള വലിയ മൈതാനത്ത് കുട്ടികള്‍ കാല്‍പ്പന്ത് കളിക്കുന്നത് ഏറെ കൗതുകത്തോടെ മാത്രമേ കാണാന്‍ കഴിയൂ. വെളളം കുടിക്കാന്‍ എത്തുന്ന ആനകള്‍ പുഴ കടന്ന് ജനവാസ മേഖലയിലേക്ക് വരികയോ ആളുകളെ ഉപദ്രവിക്കുകയോ ചെയ്യാറില്ല എന്നും ഇവിടുത്തുകാര്‍ പറഞ്ഞു. ആനക്കൂട്ടം വിഹരിക്കുന്ന ആനക്കുളം ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിലുളള ഈ വനമേഖലയും സഞ്ചാരികളെ ത്രസിപ്പിക്കുതാണ്. പച്ചപ്പ് നിറഞ്ഞ പുല്‍മൈതാനത്താണ് ആനകളെ കാണാന്‍ സഞ്ചാരികള്‍ തമ്പടിക്കാറ്. വന്‍ മരങ്ങളാലും ജൈവസമ്പത്താലും അനുഗ്രഹീതമായ ഈ വന മേഖലയില്‍ അപൂര്‍വ ഇനത്തില്‍പ്പെട്ട വേഴാമ്പല്‍ ഉള്‍പ്പെടെയുളള പക്ഷികളുടെ സംരക്ഷിത മേഖല കൂടിയാണ്.
പ്രകൃതിയുമായി ഏറെ അടുത്തിടപ്പഴകുന്ന ആദിവാസി വിഭാഗങ്ങളുടെ ജീവിതം നേരിട്ട് കണ്ടറിയാന്‍ മാങ്കുളത്തേക്കുളള യാത്ര സഹായിക്കുമെന്നത് മറ്റൊരു പ്രത്യേകതയാണ്. ജനസാന്ദ്രത നന്നേ കുറഞ്ഞ മാങ്കുളത്ത് ഏകദേശം ഇരുപത്തഞ്ച് ശതമാനത്തോളം ആദിവാസി ജനതയാണ് ഉളളത്. പ്ലാമലക്കുടി, താളുകണ്ടം കുടി, വിരിപാറ ആദിവാസി സെറ്റില്‍മെന്റ്, കോഴിയിളക്കുടി, ചിക്കണംകുടി, ശേവലുക്കുടി, കളളക്കൂട്ടി കുടി തുടങ്ങിയ മേഖലകളിലാണ് ആദിവാസി ജനത ജീവിച്ച് വരുന്നത്. മുതുവാന്‍, മാന്‍ സമുദായത്തില്‍പ്പെടുന്ന ‘ ആദിവാസി വിഭാഗങ്ങളെയാണ് ഇവിടെ കണ്ട് വരുന്നത്. ഉള്‍ക്കാടുകളില്‍ തങ്ങളുടേതായ പാരമ്പര്യ ജീവിത ശൈലി നയിക്കുന്ന ഇവര്‍ അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രമാണ് പുറംലോകവുമായി ബന്ധപ്പെടാറ്. ഭാഷ, വസ്ത്രധാരണ രീതി, ആചാരങ്ങള്‍, ഭക്ഷണം, പണ സമ്പാദനം എന്നിവയിലൊക്കെ ഏറെ കൗതുകകരമായ കാഴ്ചകളാണ് ഈ ആദിവാസി ജനത കാണിച്ച് തരുന്നത്.
തമിഴ് മിശ്രമായ മലയാള ഭാഷയാണ് പൊതുവായി ഇവര്‍ ഉപയോഗിക്കുന്നത് എങ്കില്‍ കൂടിയും ഈ വിഭാഗത്തിന്റെ തനതായ ഭാഷയ്ക്ക് ലിപി ഇല്ലയെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കടുംനിറത്തിലുളള വസ്ത്രങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന ഇവര്‍ ധാരാളമായി ആഭരണങ്ങളും അണിയാറുണ്ട്. വെറ്റില കൂട്ടി മുറുക്കുക എന്നത് ഇവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. പുരുഷന്മാര്‍ പലരും മുടി നീട്ടി വളര്‍ത്തിയിട്ടുണ്ടാകും. വന വിഭവങ്ങളാണ് ഇവരുടെ പ്രധാന വരുമാന മാര്‍ഗം. മൂര്‍ച്ചയുള്ള ഒരായുധം ഇവര്‍ എപ്പോഴും കൈയ്യില്‍ കരുതും. പ്രായപൂര്‍ത്തിയായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വീടുകളില്‍ നിന്നും മാറി വനത്തിനുള്ളില്‍ വെവ്വേറെ വീടുകള്‍ നിര്‍മ്മിച്ചാണ് താമസിക്കാറ്. ഗോത്രത്തിനുള്ളിലെ പ്രശ്‌ന പരിഹാരത്തിനായി ഊരു മൂപ്പന്‍ ഇവര്‍ക്കുണ്ടായിരിക്കും.
ആര്‍ത്തവ സമയങ്ങളില്‍ ഈ വിഭാഗത്തിലെ സ്ത്രീകള്‍ ‘വാലായ്മപ്പുരകള്‍’ എന്നു പേരിട്ടിരിക്കുന്ന കുടിലുകളില്‍ മാറിയാണ് താമസിക്കാറ്. ഗോത്രത്തിനകത്തും ഗോത്രത്തിനുപുറത്തും ഉള്ള അന്യപുരുഷന്മാരുടെ മുമ്പില്‍ കഴിവതും ഈ വിഭാഗത്തിലെ സ്ത്രീകള്‍ വരാറില്ല. മരച്ചീനി, ചേമ്പ് ,തിന ,ചോളം , തുവര എന്നിവയൊക്കെയാണ് ഇവരുടെ പ്രധാന കൃഷികള്‍. ഈറ്റ ഉപയോഗിച്ച് തീര്‍ത്ത വയായിരിക്കും ഇവരുടെ കുടിലുകള്‍. തെറ്റ് ചെയ്താല്‍ ഊര് വിലക്കുള്‍പ്പെടെയുള്ള ശക്തമായ ശിക്ഷാവിധികളും ഈ ജനവിഭാഗം പിന്തുടര്‍ന്നു വരുന്നുണ്ട്. ഇത്തരത്തില്‍ കൗതുകമുണര്‍ത്തുന്ന ഒരു ജനവിഭാഗത്തെ അടുത്തറിയാനുള്ള ഒരു സാഹചര്യവും മാങ്കുളത്തേക്കുള്ള യാത്രയിലൂടെ സാധിച്ചെടുത്തു.
സമ്പൂര്‍ണ്ണ ജൈവഗ്രാമം കൂടിയാണ് മാങ്കുളം. കാര്‍ഷികവൃത്തിയുടെ കാര്യത്തില്‍ ഈ ഗ്രാമം ഏതാണ്ട് സ്വയംപര്യാപ്തമാണ്. ഏലം, റബ്ബര്‍, കാപ്പി ,കുരുമുളക്, തേയില എന്നിവയ്ക്കു പുറമെ വാഴ, മരച്ചീനി, നെല്ല് ,ചേമ്പ്, ചേന തുടങ്ങിയ ഭക്ഷ്യവിളകളും ഇവിടുത്തെ കര്‍ഷകര്‍ ഉത്പാദിപ്പിച്ചുവരുന്നു. മാങ്കുളത്തെ ജനസംഖ്യയില്‍ 99 ശതമാനം ആളുകളും കര്‍ഷകരാണ് എതാണ് ഇവിടുത്തെ പ്രത്യേകത. ജൈവകൃഷി പിന്തുടരുന്ന മാങ്കുളത്തെ കര്‍ഷകര്‍ക്ക് 100 മേനി വിജയമാണ് ഇവിടുത്തെ മണ്ണും കാലാവസ്ഥയും സമ്മാനിക്കുന്നത്. 100 കിലോയ്ക്ക് മുകളില്‍ തൂക്കമുള്ള വാഴക്കുലകളും ഒറ്റക്കെടുത്തുയര്‍ത്താന്‍ പറ്റാത്ത മരച്ചീനിയുടെ കിഴങ്ങുകളും ഈ ജൈവഗ്രാമത്തിന്‍െ്‌റ പ്രത്യേകതകളാണ്. ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനായി കര്‍ഷക വിപണിയും ഇവിടെയുണ്ട്.
കാര്‍ഷിക മേഖലയോടും മൃഗപരിപാലനത്തോടും ചേര്‍ന്നു നിന്നുകൊണ്ടുള്ള വിനോദസഞ്ചാരത്തേയും ഇവിടുത്തുകാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. നിരവധിയായ സ്‌പൈസസ് ഗാര്‍ഡനുകളും ഫാമുകളും സഞ്ചാരികള്‍ക്കായി ഇവിടെ തുറന്നിട്ടുണ്ട്. മീന്‍ പിടിക്കുക എന്ന തനി നാടന്‍ ശൈലിയെ തന്നെ ഇവിടുത്തുകാര്‍ ടൂറിസത്തിന്റെ ഭാഗമാക്കി മാറ്റിയിട്ടുണ്ട്. നിശ്ചിത തുകയടച്ച് സഞ്ചാരികള്‍ക്ക് ചൂണ്ടയിട്ടു രസിച്ച് യാത്ര അവിസ്മരണീയമാക്കാവുന്നതാണ്. ഇവിടുത്തെ കുടുംബങ്ങളിലധികവും വിഷമയമല്ലാത്ത പച്ചക്കറികളാണ് ഏറെയും ഉപയോഗിക്കുന്നത് അവയൊക്കെ തന്നെയും അവരവരുടെ തൊടികളില്‍ വിളഞ്ഞവയുമാണ്.
വലിയ മരങ്ങളുടെ ശിഖരങ്ങളില്‍ നിര്‍മ്മിച്ചിരിക്കുന്ന ഏറുമാടങ്ങള്‍ അഥവ ട്രീ ഹൗസുകളാണ് മാങ്കുളത്തെ മറ്റൊരു ആകര്‍ഷണ കേന്ദ്രം. ആദ്യകാലത്ത് ഈ മേഖലയില്‍ ട്രീഹൗസുകള്‍ നിര്‍മ്മിച്ചിരുന്നത് കാട്ടുമൃഗങ്ങളില്‍ നിന്നു രക്ഷനേടാനായിരുന്നു എങ്കില്‍ ഇപ്പോള്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് ഇത്തരം വീടുകള്‍ നിര്‍മ്മിക്കുന്നത്. നിലത്തുനിന്നും ഗോവണികയറി മുകളിലെത്തിയാല്‍ ഒരുകൊച്ചു വീടിനു സമാനമായ എല്ലാക്രമീകരണങ്ങളും ഈ ട്രീഹൗസുകളില്‍ ഒരുക്കിയിട്ടുണ്ട്. ഭൂമിക്കും ആകാശത്തിനുമിടയില്‍ മാമരങ്ങള്‍ക്ക് മുകളില്‍ അങ്ങനെ നില്‍ക്കുമ്പോള്‍ മനസ്സില്‍ അല്‍പ്പം ഭയം കയറിപ്പറ്റാതില്ല. എങ്കിലും ഇളം കാറ്റേറ്റ് ഇലകളുടെ മര്‍മ്മരങ്ങള്‍ക്ക് കാതോര്‍ത്ത് വനത്തിനുള്ളിലെ പറുദീസയില്‍ ദൂരേക്ക് കണ്ണും നട്ടങ്ങനെ നില്‍ക്കുക എന്നത് ഏറെ ആസ്വദ്യകരം തന്നെ.
വലിയ കാട്ടാറിനു കുറുകെ ബലിഷ്ഠമായ കമ്പികള്‍ ബന്ധിപ്പിച്ച് നിര്‍മ്മിച്ചിരിക്കുന്ന പാലങ്ങളാണ് കാഴ്ച്ചക്കാരെ അമ്പരപ്പിക്കുന്ന മറ്റൊരു വസ്തു. ‘ആട്ടുപാല’മെന്നും ‘തൂക്കുപാല’മെന്നുമൊക്കെ പ്രദേശവാസികള്‍ പേരിട്ടുവിളിക്കുന്ന ഈ പാലത്തിലൂടെയുള്ള സാഹസികയാത്രക്ക് അല്‍പം മനോധൈര്യം തന്നെ വേണം. പാലത്തില്‍ കാലെടുത്തുവയ്ക്കുമ്പോള്‍ മുതല്‍ പാലം താഴേക്കും മുകളിലേക്കും ഒരു താളത്തില്‍ ആടാന്‍ തുടങ്ങും. ആ താളത്തിനൊത്ത് കാലുകള്‍ പറിച്ച് വച്ച് മറുകര എത്തുക എന്നത് ഏറെ ശ്രമകരം തന്നെ. ഇടക്കെങ്ങാനും വെള്ളത്തിലേക്ക് നോക്കിയാല്‍ പാലമുള്‍പ്പെടെ ഒഴുകിപ്പോകുന്നതായി തോന്നും അതിനാല്‍ പാലത്തില്‍ കയറുമ്പോള്‍ മുതല്‍ മുമ്പോട്ടു മാത്രമെ നോക്കാവു എന്ന് പ്രദേശവാസികള്‍ മുറിയിപ്പ് തരുന്നു. കാര്യങ്ങള്‍ ഇത്തരത്തിലൊക്കെയാണെങ്കിലും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ പ്രായമായവര്‍ വരെ യാതൊരു സങ്കോചവുമില്ലാതെ കൈകള്‍പോലും പിടിക്കാതെ പാലത്തിലൂടെ അക്കരയിക്കരെ യാത്ര ചെയ്യുന്നത് ഏറെ അത്ഭുതത്തോടെ നോക്കിനിന്നു.
മുമ്പ് സൂചിപ്പിച്ച പോലെ രാജഭരണത്തിന്റെയും ബ്രിട്ടീഷ് ഭരണത്തിന്റെയും അവശേഷിപ്പുകള്‍ കൂടികണ്ടശേഷമേ മാങ്കുളത്തു നിന്നും മടങ്ങാന്‍ മനസ് അനുവദിക്കുകയുള്ളു. പൂഞ്ഞാര്‍ രാജഭരണ കാലത്ത് നിര്‍മിച്ച ബംഗ്ലാവുകളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും മാങ്കുളത്തുണ്ട്.’ബംഗ്ലാവ് തറ’ എന്ന സ്ഥലവാസികള്‍ പേരിട്ടു വിളിക്കുന്ന ഈ ചരിത്ര ഭൂമിയില്‍ നിന്നു പ്രദേശവാസികള്‍ക്ക് വളരെ വിലപ്പെട്ട’ മുത്തുകളും സ്വര്‍ണ്ണ മണികളും ദ്രവിച്ച് തീര്‍ന്ന ആയുധങ്ങളും അടുത്ത കാലത്ത് ലഭിച്ചിരുന്നു എന്നാണ് പറയുന്നത്. ബ്രിട്ടീഷ് ഭരണ കാലത്ത് കുതിര കുളമ്പടികളാല്‍ മുഖരിതമായിരുന്ന പഴയ ആലുവ-മൂന്നാര്‍ റോഡിന്റെ ഭാഗങ്ങളും യാത്രക്കിടയില്‍ കാണാന്‍ സാധിക്കും. നൂറ് വര്‍ഷങ്ങള്‍ക്കപ്പുറം ഉണ്ടായ ശക്തമായ വെള്ളലപ്പാച്ചിലിനെയും ഉരുള്‍പ്പൊട്ടലിനെയും അതിജീവിച്ച പാലങ്ങളുടെയും കലുങ്കുകളുടെയും ബാക്കിപത്രം ഇപ്പോഴും കൗതുകം ജനിപ്പിക്കുന്നതാണ്. സാങ്കേതിക വിദ്യ വികസിക്കാത്ത കാലത്ത് പോലും ഭീമാകാരമായ കരിങ്കല്ലുകള്‍ കീറി ഉണ്ടാക്കിയ വലിയ കരിങ്കല്‍ പാളികള്‍ ഉപയോഗിച്ചാണ് കലുങ്കുകളും പാലങ്ങളും അക്കാലത്ത് നിര്‍മ്മിച്ചിരുന്നത്. ആലുവ മുതല്‍ മൂന്നാര്‍ വരെയുളള രാജപാതയില്‍ ഒരിടത്തും കാര്യമായ കയറ്റിറക്കങ്ങള്‍ ഇല്ല എന്നതും കാഴ്ചക്കാരനെ അമ്പരിപ്പിക്കുന്നു.
പ്രകൃതിയുടെ മടിത്തട്ടില്‍ പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്നു കിടക്കുന്ന ഈ കൊച്ചു ഗ്രാമം സഞ്ചാരികളെ മാടിവിളിക്കുകയാണ്. കാറ്റിന്റെ ഇളം സ്പര്‍ശനത്തില്‍ നിന്നും ഇലകളുടെ മര്‍മ്മരങ്ങളില്‍ നിന്നും അകന്ന് തേയില കാടുകള്‍ക്കിടയിലൂടെ തിരികെ മൂന്നാറിലേക്ക് മടങ്ങുമ്പോള്‍ മനസ്സ് മാത്രം ഒപ്പമെത്തിയില്ല. വീണ്ടും ഒരു മടങ്ങി വരവിനായി കാതോര്‍ക്കുന്ന നിശബ്ദതക്കൊപ്പം മനസ്സും അലിഞ്ഞ് ചേര്‍ന്നിരുന്നു.
Mankulam Page : https://bit.ly/2HOr7wa.