വിവരണം – ഡോ. മിത്ര സതീഷ്.

വെള്ളച്ചാട്ടങ്ങളുടെ നാടെന്നൊക്കെ അനായാസം വിശേഷിപ്പിക്കാവുന്ന ‘മിനി മൂന്നാറി’ലാണ് വെള്ളച്ചാട്ടം മുപ്പത്തിമൂന്നും, കോഴിവാലൻ വെള്ളച്ചാട്ടവും, കള്ളകുട്ടി കുടികുത്തു വെള്ളച്ചാട്ടവും പോലത്തെ അനേകം വലുതും ചെറുതുമായ വെള്ള ചാട്ടങ്ങളും, നൂറ്റിരുപതു വർഷം പഴക്കമുള്ള സുറുക്കി പാലവും, കേരളത്തിലെ കുവൈറ്റ് സിറ്റിയും എല്ലാം. ഏറ്റവും കൗതുകപരമായ വസ്തുത കേരളത്തിൽ സ്വന്തമായി വൈദ്യുതി ഉത്പ്പാദിച്ചു, വൈദ്യുതി ബോർഡിന് വിൽപ്പന നടത്തുന്ന ഏക പഞ്ചായത്തു കൂടിയാണ് ഇഷ്ടൻ !!!!

പതിനഞ്ചു കിലോമീറ്റർ ചുറ്റളവിൽ, മൂന്ന് തരം കാലാവസ്ഥ അനുഭവിക്കാം എന്നുള്ളതും ഇവിടത്തെ എടുത്തു പറയേണ്ട ഒരു പ്രത്ത്യേകത തന്നെയാണ്. വിരിപ്പാറയിൽ മൂന്നാറിനെ വെല്ലുന്ന തണുപ്പും, മാങ്കുളത്തു സമ്മിശ്ര കാലാവസ്ഥയും, ആനകുളത്തു ചൂടും ആണ് അനുഭവപ്പെടുക. അപ്പൊ കണ്ടു കളയാം അല്ലെ സഹ്യപർവത നിരകൾക്കിടയിൽ ഒളിച്ചിരിക്കുന്ന ഈ കുഞ്ഞു ഗ്രാമത്തെ.

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ് ‘മാങ്കുളം’ സ്ഥിതി ചെയ്യുന്നത്. മൂന്നാർ പല തവണ പോയിട്ടുണ്ടെങ്കിലും, മാങ്കുളം പേര് കൊണ്ട് പോലും പരിചിതമല്ലായിരുന്നു. സുഹൃത്തായ അനുവിന്റെയ് ഇൻസ്റ്റാ ഫോട്ടോസിലാണ് ആദ്യമായി മാങ്കുളം കാണുന്നത്. നിറയെ വെള്ളച്ചാട്ടങ്ങൾ ഉള്ള ആ സ്ഥലം വല്ലാതെ ആകർഷിച്ചു. അങ്ങനെയാണ് സുഹൃത്തായ ആതിര മുരളി മാങ്കുളം ട്രിപ്പ് അനൗൺസ് ചെയ്തപ്പോൾ ചാടി വീണു ബുക്ക് ചെയ്തത്.

2019 ലേ മഴയിലും , തുടർന്നുണ്ടായ മുന്നാറിലെ വെള്ളപ്പൊക്കത്തിലും ആദ്യം ഉണ്ടാക്കിയ പ്ലാൻ ഒലിച്ചു പോയി. പോകാനുള്ള തീവ്ര ആഗ്രഹം കൊണ്ട് ഒന്നിൽ പിഴച്ചാൽ മൂന്നു എന്നുള്ളത് തിരുത്തി രണ്ടാക്കി 2019 ഒക്ടോബർ ആദ്യ വാരം മാങ്കുളത്തേക്കു പുറപ്പെട്ടു. ഇത്തവണ യാത്രക്ക് ഒമ്പതു വയസുള്ള മകൻ നാരായണൻ കുട്ടിയേയും കൂട്ടി. ആതിര അറേഞ്ച് ചെയ്ത ടെമ്പോ ട്രാവലറിൽ വൈറ്റില നിന്നും, വേറെയും പത്തു പന്ത്രണ്ടു പേരെയും കൂട്ടി രാവിലെ എട്ടു മണിക്ക് പുറപ്പെട്ടു.

അടിമാലി കഴിഞ്ഞതും പശിമഘട്ടത്തിന്റെയ് പ്രകൃതി രമണീയത ദൃശ്യമായി തുടങ്ങി. റോഡിന്റെയ് ഇരുവശത്തും പച്ച പട്ടുടുത്ത പോലെ പ്രകൃതി അണിഞ്ഞൊരുങ്ങി നിന്നൂ. കൂട്ടിനു വഴി നീളെ ചെറുതും വലുതുമായ ധാരാളം വെള്ളച്ചാട്ടങ്ങളും കാട്ടരുവികളും. ശെരിക്കും ഒരു പറുദീസയുടെ കടന്നു പോകുന്ന പോലെയാണ് തോന്നിയത്. ഇടക്ക് കുറച്ചു നേരം വഴിയിലുള്ള ചീയപ്പാറ വെള്ളച്ചാട്ടത്തിന്റെയ് അരികിൽ വണ്ടി നിർത്തി ആസ്വദിച്ചു. അവിടെ ഇരുന്ന വാനരൻ എന്നേ സംശയഭാവത്തിൽ നോക്കുന്ന നോട്ടത്തിൽ ഇത്തിരി പന്തികേടു മണത്തതു കൊണ്ട് ഞാൻ നൈസ് ആയിട്ട് സ്ഥലം കാലിയാക്കി.

മൂന്നാറിന് പതിനഞ്ചു കിലോമീറ്റര് മുന്നേ കല്ലാർ എന്നുള്ള സ്ഥലത്തു നിന്നാണ് മാങ്കുളത്തേക്കു തിരിയേണ്ടത്. വളരെ വീതികുറഞ്ഞ വഴിയിലൂടെയ് ആയിരുന്നു പിന്നീട് സഞ്ചാരം. പോകുന്ന വഴിക്കെല്ലാം ഏല തോട്ടങ്ങളും, കൊക്കോ തോട്ടങ്ങളും കാണാമായിരുന്നു. റോഡിൻ്റെ വശത്തു കൂടി ഒരു കാട്ടാറിന്റെ ശക്തമായ ഒഴുക്കും കാണാമായിരുന്നു. ഏകദേശം പത്തു കിലോമീറ്ററോളം പൊട്ടി പൊളിഞ്ഞ റോഡിലൂടെ സഞ്ചരിച്ചാണ് ഞങ്ങളുടെ താമസ സ്ഥലത്തു ഉച്ചക്ക് പന്ത്രണ്ടരക്ക് എത്തിയത്.

ഊണും, ലഘു വിശ്രമവും കഴിഞ്ഞു രണ്ടു മണിക്ക് മാങ്കുളം ചുറ്റിക്കറങ്ങാൻ ഇറങ്ങി. കുറച്ചു ഓഫ് റോഡ് സഞ്ചരിക്കേണ്ടതിനാൽ രണ്ടു ജീപ്പ് ഏർപ്പാടാക്കിയിരുന്നു. താമസ സ്ഥലത്തെ നടത്തിപ്പുകാരൻ ബേബിച്ചായനും ഞങ്ങളോടൊപ്പം ജീപ്പിൽ കയറി. ബേബിച്ചായൻ പറഞ്ഞ കഥ അനുസരിച്ചു വർഷങ്ങൾക്ക് മുമ്പ് മാങ്കുളം ടൗണിനടുത് ഒരു കുളം ഉണ്ടായിരുന്നു പോലും. മാനുകൾ അവിടത്തെ നിത്യ സന്ദര്ശകരായിരുന്നു. അങ്ങനെയാണ് മാങ്കുളം എന്നു പേര് വന്നത്. പിന്നീട് ചെളിയും മണ്ണുമൊക്കെ നിറഞ്ഞു കുളം അപ്രത്യക്ഷമായി. മേനാച്ചേരിയിലെ മാങ്കുളം ചെറുകിട ജല വൈദ്യുത പദ്ധതിയെ പറ്റിയും വിശദീകരിച്ചു. രണ്ടു ജനറേറ്ററിന്റെ സഹായത്തോടെയാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. മാസം അഞ്ചു ലക്ഷം രൂപ വരെ ഈ വകുപ്പിൽ പഞ്ചായത്തിന് ലഭിച്ചിരുന്നു. ഇപ്പോൾ അതിൽ ഒരു ജനറേറ്റർ പ്രവർത്തനരഹിതമായി. എങ്കിലും ഒരു പഞ്ചായത്തു വൈദ്യുതി ഉണ്ടാക്കി വിൽക്കുന്നത് വളരെ നല്ല ഒരു ആശയമായി തോന്നി.

അര മണിക്കൂർ യാത്ര ചെയ്തു, പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിനരികിൽ എത്തി. റോഡിൽ നിന്നും നോക്കിയാൽ വെള്ളച്ചാട്ടം കാണാൻ സാധിക്കില്ല. ഈറ്റ കാടുകൾക്കിടയിലൂടെ ഇരുന്നൂറു മീറ്ററോളം ചെന്ന് കഴിഞ്ഞാൽ മനസ്സിന് കുളിര്മയേകുന്ന ദൃശ്യം കാണാം. നല്ല വീതിയുള്ള വെള്ളച്ചാട്ടം. അവിടെ കൈവരികളോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്ത കൊണ്ട് എല്ലാവരും അരികിൽ നിന്നാണ് ആസ്വദിച്ചത്. വെള്ളം ഒഴുകുന്ന സ്ഥലത്തു വലിയ പാറക്കല്ല് ഉള്ളതിനാൽ ഇതിന്റെയ് ഉയരം ശെരിക്കും മനസിലായില്ല. പിന്നീട് വേറൊരു വ്യൂ പോയിന്റ് ചെന്ന് കണ്ടപ്പോഴാണ് ഇതിന്റെ അതിശയിപ്പിക്കുന്ന ഉയരം ശ്രദ്ധയിൽ പെട്ടത്. ഏകദേശം 250 അടിയോളം ഉയരത്തിൽ നിന്നാണ് താഴേക്കു പതിക്കുന്നത്. മേനാച്ചേരിയാറിൽ (മാങ്കുളം പുഴ) വേറെയും ചില വലിയ വെള്ളച്ചാട്ടങ്ങൾ ഉണ്ട്.

അവിടെ അടുത്ത് തന്നെയായിരുന്നു സുറുക്കി പാലം. കൊച്ചിയിൽ നിന്നും ആലുവ വഴിക്കാണ് പണ്ട് ബ്രിട്ടീഷുകാർ മൂന്നാർ എത്തിയത്. അന്ന് അവർ 1900 ഇൽ പണിത പാലമാണ് ഈ സുറുക്കി പാലം. ബേബിച്ചായൻ പറഞ്ഞതനുസരിച്ചു ശർക്കരയും കുമ്മായവും കുഴച്ചാണ് ഇത് ഉണ്ടാക്കിയത്. 1924 ലും 2018 ലും ഉണ്ടായ പ്രളയങ്ങളെ ഈ പാലം നിഷ്പ്രയാസം അതിജീവിച്ചു. പാലാരിവട്ടം പാലവും നമുക്ക് ശർക്കരയും കുമ്മായവും കുഴച്ചു ഉണ്ടാക്കാൻ ഒരു ശ്രമം നടത്തണം എന്നാണ് അത് കേട്ടപ്പോൾ തോന്നിയത്. പാലം കടന്നാൽ എത്തുന്ന സ്ഥലത്തിനെ കുവൈറ്റ് സിറ്റി എന്നാണ് പോലും വിളിക്കുന്നത്. അങ്ങിനെ കുവൈറ്റ് സിറ്റിയും കണ്ടു ഞങ്ങൾ വീണ്ടും ജീപ്പിൽ യാത്ര തിരിച്ചു.

ഇത്തവണ സഞ്ചരിച്ചത് പണ്ടത്തെ രാജപാതയിലൂടെയാണ്. അതെ പൂഞ്ഞാർ രാജഭരണത്തിന്റെയ് കീഴിലുള്ള മാങ്കുളത്തേക്ക് എത്തിയിരുന്നത് കോതമംഗലം, തട്ടേക്കാട്, കുട്ടമ്പുഴ വഴിയായിരുന്നു. മലയാറ്റൂർ വനത്തിലൂടെയുള്ള ഈ കാനന പാതയിൽ ഇപ്പോൾ ആരും സഞ്ചരിക്കാറില്ല. വന്യമൃഗങ്ങളെ കാണാൻ സാധ്യതയുള്ള സ്ഥലമായതിനാൽ കുറച്ചു ദൂരം ഞങ്ങൾ ആ വഴിക്കു സഞ്ചരിച്ചു. പലയിടങ്ങളിലും ആനത്താര കാണാമായിരുന്നു. വശത്തു കുത്തനെയുള്ള മലഞ്ചെരിവുകളും, ദൂരെ കോട പൊതിഞ്ഞ രാജമലയും ഒക്കെ കണ്ണിനും മനസ്സിനും കുളിർമയേകുന്ന കാഴ്ചകൾ ആയിരുന്നു.

തിരിച്ചു വരുന്ന വഴിക്കു പെരുമ്പൻകുത്ത് ചപ്പാത്തിൽ കുറേ നേരം ഞങ്ങൾ ഇറങ്ങി നിന്നു. അവിടെ തെളിഞ്ഞ വെള്ളത്തിൽ ഇറങ്ങി പുഴ കടക്കാം. ഐസ് പോലെ തണുത്ത വെള്ളത്തിൽ ഇറങ്ങി പുഴയുടെ കുറുകെ നടക്കുന്നത് നല്ലൊരു അനുഭവം ആയിരുന്നു. മുട്ടോളം വെള്ളം ഉണ്ടായിരുന്നൊളെങ്കിലും നല്ല ഒഴുക്ക് കാരണം പലപ്പോഴും വീണു പോകുമോ എന്നു വരെ തോന്നി. ഇതിന്റെ ഇടയിലാണ് കുറച്ചു ചെറുപ്പക്കാരെയും ആയി വന്ന ജീപ്പ് അതിസാഹസികമായി പുഴ കടന്നത്. കൂട്ടത്തിൽ വന്ന ചിലർക്ക് പേടി ഉള്ളതിനാൽ ഞങ്ങൾ വന്ന വഴി തന്നേ തിരികെ പോയി.

അടുത്ത ലക്‌ഷ്യം വെള്ളച്ചാട്ടം മുപ്പതിമ്മൂന്ന് ആയിരുന്നു. മാങ്കുളം ഫോറെസ്റ് ഡിവിഷനിൽ നിന്നും ഒഴുകി വരുന്ന നീരൊഴുക്കാണ് ഈ വെള്ളച്ചാട്ടം ആയി രൂപാന്തരപ്പെടുന്നത്. വെള്ളച്ചാട്ടം ഉൾപ്പെട്ട പ്രദേശം അവിടെയുള്ള മുപ്പതിമ്മൂന്നു കുടുംബങ്ങൾക്ക് പട്ടയം ആയി ലഭിച്ചതായിരുന്നു പോലും. അങ്ങിനെയാണ് ഇങ്ങനൊരു പേര് വന്നത്. റോഡിൽ നിന്നും ഒരു കിലോമീറ്റർ നടന്നാണ് ഈ വെള്ളച്ചാട്ടത്തിൽ എത്തുന്നത്. ഇവിടെ അടുത്തടുത്തായി രണ്ടു വെള്ളച്ചാട്ടങ്ങൾ ഉണ്ട്. പക്ഷേ രണ്ടും തമ്മിൽ അജഗജാന്തരം വ്യത്യാസം. ഒരു വെള്ളചാട്ടം ഭയപ്പെടുത്തുന്ന രീതിയിൽ കുതിച്ചു താഴോട്ടു വീഴുന്നെങ്കിൽ, അതിന്റെ തൊട്ടരികിൽ ഉള്ള വെള്ള ചട്ടം വളരെ സൗമ്യമായി താഴേ പതിച്ചു അവിടെ ഒരു ചെറിയ കുളവും രൂപപ്പെട്ടു. നാരായണൻ അവിടെ ഇറങ്ങി കുറേ നേരം വെള്ളത്തിൽ കളിച്ചു .

അവിടന്ന് ഇറങ്ങി ആനക്കുളത്തേക്ക് പോകുന്ന വഴിക്ക്, വെള്ളപൊക്കത്തിൽ നല്ലതണ്ണിയാറ് വഴി മാറി ഒഴുകിയ സ്ഥലത്തു കുറച്ചു നേരം സമയം ചിലവഴിച്ചു. പുഴയുടെ തീരത്തു നിറയെ തവിട്ടു നിറമുള്ള ഉരുളൻ കല്ലുകൾ ആയിരുന്നു. ആറിന് കാവൽ എന്ന പോലെ മലകളും നിലകൊണ്ടു. ശെരിക്കും ഉത്തരേന്ത്യയിലെ ദൃശ്യങ്ങളെ വെല്ലുന്ന ദൃശ്യം ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. വഴിമാറി ഒഴുകിയ കൂട്ടത്തിൽ ചില വീടുകളും ഒലിച്ചു പോയി. ആ വീടുകളുടെ അവശിഷ്ടങ്ങൾ ഒരു നൊമ്പരക്കാഴ്ചയായി നിലകൊണ്ടു.

മാങ്കുളത്തു നിന്നും പതിന്നാലു കിലോമീറ്റർ മാറി നല്ലതണ്ണിയാറിന്റെ കടവാണു ആനക്കുളം. കടവിന്റെയ് മറുകരയിൽ നിബിഢവനമാണ്. ഈ വനത്തിൽ നിന്നും കാട്ടാനക്കൂട്ടം വൈകിട്ട് വെള്ളം കുടിക്കാൻ കടവിലെത്തും. അവിടെ വെള്ളത്തിൽ പാറക്കല്ലുകൾക്കിടയിലൂടെ ഉപ്പു രസം കലർന്ന ഓരു വെള്ളം കുടിക്കാൻ ഈ ആനകൾക്ക് വളരെ ഇഷ്ടമാണ്. വേനൽ കാലത്തു എന്നും വൈകിട്ട് ആനക്കൂട്ടം വരുമെങ്കിലും, മഴക്കാലത്ത് അവർ ഇടക്ക് മാത്രമേ കടവ് സന്ദർശിക്കു. ഞങ്ങൾ ഒന്ന് രണ്ടു മണിക്കൂർ അവിടെ കാത്തു നിന്നെങ്കിലും ആനയെ കാണാൻ പറ്റിയില്ല. ചെറിയ നിരാശയോടെ, ഏഴു മണിയോടെ ഞങ്ങൾ അവിടന്നു തിരികെ പുറപ്പെട്ടു. രാത്രിയിൽ അത്താഴവും കഴിഞ്ഞു ഒരു ചെറിയ ക്യാമ്പ് ഫയർ ഒക്കെ ഒരുക്കി കുറേ നേരം എല്ലാവരുമായി സംസാരിച്ചിരുന്നു വളരെ വൈകിയാണ് ഉറങ്ങിയത്.

പിറ്റേന്ന് അതി രാവിലെ ഞാനും നാരായണനും കൂടി അവിടെ അടുത്തൊക്കെ ചുറ്റിക്കണ്ടു. ആ സമയത്തു മത്സ്യം വിൽക്കാൻ കോതമംഗലത്തു നിന്നും അവിടെ എത്തിയ പെട്ടി ഓട്ടോ കണ്ടു ശെരിക്കും ആശ്ചര്യം തോന്നി. തിരികെ പോയി എല്ലാരും ഒന്നിച്ചു അവിടെ അടുത്തുള്ള ഏല തോട്ടങ്ങളിൽ കൂടി നടക്കാൻ പോയി. ഇടതിങ്ങി നിന്നിരുന്ന ഏലച്ചെടികളുടെ പൂവും, കായും എല്ലാം പലർക്കും ഒരു പുതിയ കാഴ്ചയായിരുന്നു. കുറച്ചു ദൂരം നടന്നു മലയുടെ അറ്റത്തു എത്തി. അവിടെ നിന്നാൽ സഹ്യപർവ്വതനിരകളുടെ വിദൂര ദൃശ്യം കാണാം. പോകുന്ന വഴിക്കും, വരുന്ന വഴിക്കും നൂറു കണക്കിന് കുഞ്ഞൻ അട്ടകൾക്കു പ്രാതൽ കൊടുക്കാൻ പറ്റി എന്നുള്ളത് രാവിലെ ചെയ്ത സത്കർമ്മത്തിൽ ഉൾപ്പെടുത്താനും മറന്നില്ല.

തിരികെ എത്തി, കുളിച്ചു റെഡി ആയി ഞങ്ങൾ ‘ടൈഗേഴ്‌സ് കേവ്’ എന്ന പുലിമട കാണാൻ പോയി. റോഡിൽ നിന്നും ഒരു തൂക്കുപാലം കയറിയാൽ ഈറ്റക്കാട് തുടങ്ങുകയായി. ചില ഇടങ്ങളിൽ വലിയ വൃക്ഷവും, അതിൽ നിന്നും തൂങ്ങി കിടക്കുന്ന വലിയ വള്ളികളും എല്ലാം കാണാമായിരുന്നു. നാരായണൻ വള്ളികളിൽ ഇരുന്നു ഉഞ്ചാലാടി കുറച്ചു നേരം രസിച്ചു. വീണ്ടും നടന്നു വലിയ പാറക്കെട്ടുകൾകിടയിലൂടെ നടന്നു ഒരു ചെറിയ ഗുഹാമുഖത്തു എത്തി. ഒരാൾക്ക് നൂഴ്ന്നിറങ്ങവുന്ന വിസ്‌തൃതിയെ ഒള്ളൂ. അതിലൂടെ ഇറങ്ങി ഇരൂന്നൂറു മീറ്റർ നടന്നാൽ ഗുഹയുടെ അവസാനത്തിൽ എത്തും. അകത്തു കൂറ്റാക്കൂരിരുട്ടാണെങ്കിലും എല്ലാവരും ബഹളം ഒക്കെ വെച്ച് പോയത് കൊണ്ട് പേടിയൊന്നും തോന്നിയില്ല. അറ്റത്തു പാറയുടെ വിടവിൽ നിന്നും ചെറിയൊരു നീരുറവ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

തിരികെ നടക്കാൻ നേരം രാക്ഷസ പല്ലു കാണിച്ചു ചിരിച്ചു നിൽക്കുന്ന പാറയുടെ രസകരമായ കാഴ്ച കാണാമായിരുന്നു. അടുത്തതു ഞങ്ങൾ പോയത് കൈനഗരി വെള്ളച്ചാട്ടം കാണാൻ ആയിരുന്നു. വിരിപ്പാറ നിന്നും രണ്ടു കിലോമീറ്റര് സഞ്ചരിച്ചാൽ കൈനഗരി എത്തും. പോകുന്ന വഴിക്കു എല്ലാം തേയില തോട്ടങ്ങൾ ആയിരുന്നു. മൂന്നാർ സദൃശ്യമായ ദൃശ്യങ്ങൾ യാത്രയിൽ ആദ്യമായി കണ്ടത് ഈ വഴിക്കായിരുന്നു. റോഡിൽ നിന്നും അര കിലോമീറ്റർ നടന്നാൽ ഒരു വിശാലമായ പാറപുറത്തു എത്തും.

പാറയുടെ വിടവിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം, വെള്ളച്ചാട്ടത്തിന്റെയ് വെള്ളവുമായി ചേർന്ന് കുത്തിയിറങ്ങുന്ന സ്ഥലത്തു ഒരു തടയണ ഉണ്ടാക്കിയിട്ടുണ്ട്. അവിടെ നീന്തൽകുളത്തിൽ എന്ന പോലെ വെള്ളം കെട്ടി കിടക്കുന്നുണ്ട്. ചിലർ പാറപുറത്തു കൂടി ഒലിച്ചിറങ്ങുന്ന വെള്ളത്തിൽ ഇരുന്നു ആസ്വദിച്ചപ്പോൾ, ചിലർ നീന്തൽ കുളത്തിൽ ഇറങ്ങി നീണ്ടി തുടങ്ങി. കുറേ അധികം നേരം അവിടെ ചിലവഴിച്ചു. മഴക്കാർ ഇരുണ്ടു കൂടിയപ്പോൾ ആണ് എല്ലാവരും കര പറ്റിയത്. അവിടെ അടുത്തുള്ള നേച്ചർ അപ്പ്രീസിയേഷൻ സെന്റർ ഓഫീസിനോട് ചേർന്ന് തുണി മാറ്റാൻ സൗകര്യമുണ്ട്. അങ്ങനെ ഈറൻ തുണിയൊക്കെ മാറ്റി വീണ്ടും യാത്ര തുടർന്നു.

തിരികെ താമസ സ്ഥലത്തു ചെന്ന് ഊണും കഴിച്ചു ഞങ്ങൾ പാക്ക് ചെയ്തു ഇറങ്ങി. തിരികെ പോരുന്ന വഴിക്ക് കുരിശു പാറ എന്ന ഒരു വ്യൂ പോയിന്റിൽ വണ്ടി നിർത്തി. ഒരു കിലോമീറ്റര് പാറപുറത്തു കൂടി നടന്നു മുകളിൽ എത്തിയാൽ പശ്ചിമഘട്ടത്തിന്റെയ് ഒരു പനോരാമിക് വ്യൂ കൺകുളിർക്കെ കാണണം. കൂട്ടിനു നല്ല തണുത്ത കാറ്റും. അങ്ങിനെ കുരിശുപ്പാറയും കണ്ടു ഞങ്ങൾ മാങ്കുളത്തിനോട് നാല് മണിയോടെ വിട പറഞ്ഞു.

മൂന്നാറിനെ വെല്ലുന്ന പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ ഭൂപ്രദേശമാണ് മാങ്കുളം. ടൂറിസം അധികം വികസിക്കാത്ത കൊണ്ട് വലിയ കെട്ടിടങ്ങൾ ഒന്നും പ്രകൃതിയുടെ ഭംഗി നശിപ്പിക്കാൻ പണിതുയർത്തിയിട്ടില്ല. മൂന്നാറിനെ അപേക്ഷിച്ചു പതിമടങ്ങു ശുദ്ധമായ വായുവും, പ്രകൃതിയും ഒക്കെ ആസ്വദിക്കാൻ മാങ്കുളം അവസരം ഒരുക്കുന്നു. തേയിലത്തോട്ടങ്ങളുടെ ഹരിതാഭയും, മലയാറ്റൂർ വനത്തിന്റെ വന്യതയും ഒരു പോലെ ആസ്വദിക്കാൻ ഇവിടെ പറ്റും. എന്തു കൊണ്ടും മൂന്നാറിനെക്കാട്ടിലും എനിക്ക് ഏറേ ഇഷ്ടം തോന്നിയത് മാങ്കുളം തന്നെയാണ്.

കുറിപ്പ് – മാങ്കുളത്തു നിന്നും എറണാകുളത്തേക്ക് രാവിലെ KSRTC ബസ് സർവീസ് ഉണ്ട്. ഈ ബസ് എറണാകുളത്തു നിന്നും ഉച്ചക്ക് തിരിച്ചു വൈകിട്ട് മാങ്കുളത്തു എത്തും. അടിമാലിയിൽ നിന്നും മാങ്കുളത്തേക്കു പ്രൈവറ്റ് ബസ് സർവീസ് ഉണ്ട്. മാങ്കുളത്തു ധാരാളം ഹോം സ്റ്റേ സൗകര്യം ലഭ്യം ആണ് . ഞാൻ ഗ്രൂപ്പ് ടൂറിന്റെ ഭാഗമായി Whispering Glade എന്ന ഇക്കോ ഫ്രണ്ട്‌ലി റിസോർട്ടിൽ ആണ് താമസിച്ചത്.

റോഡ് മോശമായതിനാൽ മാങ്കുളത്തു എത്തിയ ശേഷം ജീപ്പ് പിടിക്കുന്നത് ആണ് നല്ലത്. ഫോറെസ്റ് ഡിപ്പാർട്മെന്റ് മുൻകൈ എടുത്ത് ധാരാളം ട്രെക്കിങ്ങ് ഇവിടെ സംഘടിപ്പിക്കാറുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ഞാൻ കണ്ട സ്ഥലങ്ങൾ എല്ലാം അനായാസം പോകാൻ പറ്റുന്ന സ്ഥലങ്ങൾ ആയിരുന്നു. കുറച്ചു ട്രെക്ക് ചെയ്തു പോയി കാണാൻ പറ്റുന്ന ധാരാളം വെള്ളച്ചാട്ടം, ഗുഹകൾ ഈ പ്രദേശത്തുണ്ട്. മാങ്കുളത്തു പല സ്ഥലങ്ങളിലും മൊബൈൽ റേഞ്ച് വളരെ കുറവാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.