വിവരണം – Hashim Shuhad.
ഓരോ പടവുകളും നിശബ്ദമായ മറ്റൊരു ലോകത്തിലേക്കുള്ളത് പോൽ….ഒന്ന് കണ്ണടച്ചാൽ പല ആർത്തനാദങ്ങൾ കേൾക്കുന്ന പ്രതീതി….ഓരോ ചുവടുകളും പ്രതിധ്വനികളായ് മാറിക്കൊണ്ടിരിക്കുന്നു…ചിലപ്പോൾ അതാരുടെയൊക്കെയോ നിലവിളികളാവാം… നൂറ്റിയെട്ട് പടവുകൾ…അത് എത്തിക്കുന്ന നിഗൂഢമായ കിണർ…താഴെ കുറച്ചു നേരം തനിച്ചു നിന്നാൽ മനസ്സ് ആകെ അസ്വസ്ഥമാവും…കിണറിലെ ജലം നോക്കി നിൽക്കുന്നവർക്ക് ആത്മഹത്യാ പ്രവണത ഉണ്ടാക്കുമത്രേ….
അറുപത് മീറ്റർ നീളവും പതിനഞ്ചു മീറ്റർ വീതിയുമുള്ള ഒരു വാസ്തുവിദ്യാ വിസ്മയമെന്ന് വിശേഷിപ്പിക്കാം ഇവിടം. മഹാഭാരത കാലത്തെ അഗ്രസൻ ചക്രവർത്തിയാണ് കിണർ പണി കഴിപ്പിച്ചതെന്നു വിശ്വസിക്കപ്പെടുന്നുവെങ്കിലും ഈ വാദത്തിനു യാതൊരു തെളിവും ഇതുവരെ നിലവിൽ ഇല്ല…ജലാശയത്തിന്റെ നിർമാണം ഇപ്പോഴും അജ്ഞാതരഹസ്യമായി തുടരുന്നു……ഭിത്തികളും മേൽക്കൂരകളും കിണറും ഓരോ വഴികളും വാസ്തുവിദ്യാ അത്ഭുതമായി തോന്നിപ്പോവും….
ഓരോ പടവുകൾക്കും പല കഥകൾ പറയാനുള്ളത് പോലെ…താഴെ കിണറിനരികെ തനിച്ചിരിക്കുമ്പോൾ മനസ്സ് വല്ലാതെ അശാന്തമാവുന്ന പ്രതീതി.ഹൃദയമിടിപ്പ് കൂടുന്ന ഒരുതരം അവസ്ഥ…കുറേ ആളുകൾ ഈ കിണറിൽ ചാടി ആത്മഹത്യ ചെയ്തിട്ടുണ്ടെന്നതാണ് കല്പിത കഥകൾ.ഇവിടെ കുറച്ചു നേരം ഇരുന്നാൽ ചുറ്റും ശ്യൂനതയുടെ അങ്ങേയറ്റത്തെ ഒരു ഭയം തോന്നിപ്പോവും…കാഴ്ചകൾ മങ്ങിപോവുന്നത് പോൽ…..മനുഷ്യന് കണ്ണുകൊണ്ടുകാണാൻ കഴിയാത്ത പലതും നമുക്ക് ചുറ്റുമുള്ളതുപോലെ ….ചിലയിടങ്ങൾ മനസ്സിന്റെ ഭ്രാന്തൻ ചിന്തകളെ നിധി തേടി അലയുന്നപോൽ വായുവിൽ ഭ്രമരം ചെയ്യിക്കും…അവ ഉത്തരങ്ങൾ തേടി അലഞ്ഞുകൊണ്ടിരിക്കും….
പുറത്തുള്ള ഒരു ശബ്ദവും ഉള്ളിലേക്ക് കടക്കാത്ത രീതിയിൽ പണിത വാസ്തുവിദ്യ മികവ് തന്നെയാണ് കോട്ട. ഒന്ന് നിലവിളിച്ചാൽ പോലും ആരും കേൾക്കുകയില്ല…നാല് ചുവരുകൾക്കിടയിൽ എല്ലാ നിലവിളികളും അലയടിച്ചുകൊണ്ടിരിക്കും..ഒന്ന് കണ്ണടച്ചാൽ പല ശബ്ദങ്ങളുടെയും പ്രതിധ്വനികൾ കേൾക്കാം…പണ്ട് എന്തൊക്കെയോ നടന്നത് പോലെ…വായുവിൽ ഒരു പ്രത്യേക തരം മണം… മരണത്തിന്റെ തീവ്രമായ വാസന പോൽ…. കുറേ പേരുടെ ജഡങ്ങൾ മണ്ണിൽ അലിഞ്ഞുചേർന്ന ഗന്ധം…കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ….പല നിഗൂഢമായ പല ശബ്ദങ്ങളും ഇടയ്ക്കിടെ നമ്മെ അലട്ടിക്കൊണ്ടിരിക്കും…ഇത് ഭിത്തികളിലെ ചെറിയ വഴികലിലുള്ള വവ്വാലുകളും പ്രാവുകളുമാവാം…അവയുടെ ചിറകടി ശബ്ദങ്ങൾ ഭയാനകമായ ഒരു അന്തരീക്ഷം ചുറ്റിലും സൃഷ്ടിക്കുന്നു….
കോട്ടക്കുള്ളിലെ ദ്വാരങ്ങൾക്കുള്ളിൽ നൂറുകണക്കിന് വവ്വാലുകളുടെ വാസസ്ഥലം ആണ്…ഇവയുടെ രാത്രിയിലെ ചിറകടി ശബ്ദം കോട്ടക്കുള്ളിലെ ചുമരുകളിൽ പ്രതിധ്വനിച്ചുകൊണ്ടേ ഇരിക്കും…ഈ മാറ്റൊലികൾ മനുഷ്യന്റെ മനസ്സിനെ താളം തെറ്റിക്കുവാൻ കഴിവുള്ളതാണ്..ഭിത്തികളുടെ ഉള്ളറകളിൽ നിഗൂഢമായ ദുര്മന്ത്രവാദ കെട്ടുകൾ ആണെന്ന് പലരും വിശ്വസിക്കുന്നു…മനുഷ്യരെ അസ്വസ്ഥമാക്കുന്ന കിണറിനു ചുറ്റും ദുര്മന്ത്രവാദകെട്ടുകളാൽ മൂടിയിരിക്കുന്നുപോലും…ഈ കെട്ടുകൾ ആർക്കും കാണാനോ കണ്ടുപിടിക്കാനോ കഴിയില്ല..മഹാഭാരത കാലത്തെ ദുര്മന്ത്രവാദ രഹസ്യങ്ങളുടെ ഭാഗങ്ങൾ ആണിതെന്നു പലരും കരുതുന്നു…കെട്ടുകളിലെ മന്ത്രങ്ങളുടെ ശക്തി ദിനംപ്രതി..വര്ധിച്ചുകൊണ്ടിരിക്കുകയാണെന്നും,അവസാനം ഒരു മഹാവിപത്ത് വരാനുണ്ടത്രേ,കോട്ടയുടെ ലക്ഷ്യം അതാണ് പോലും….
ഇവിടുത്തെ ശ്വാസത്തിന് പോലും ഒരു പ്രത്യേകതരം നിശബ്ദതയാണ് …ആരുമില്ലാതെ താഴെ നിന്ന് കണ്ണുകളടച്ചാൽ കിട്ടുന്ന ഒരു വൈബ്രേഷൻ ഉണ്ട്…നിശബ്ദതയുടെ അമൂർത്തമായ ഭാവങ്ങൾ…… നിരവധി ആളുകളെ മനസ്സിന്റെ താളം തെറ്റിച്ചു മരണം എന്ന മറ്റൊരു ലോകത്തേക്ക് വിളിക്കുന്ന മരണക്കിണർ….ആർക്കും അറിയാത്ത കിണറിന്റെ രഹസ്യം തേടി മനസ്സ് ചലിച്ചുകൊണ്ടിരിക്കും..
പഴയകാലത്തു സമീപഗ്രാമങ്ങളീലേക്കു വെള്ളമെത്തിക്കാൻ പണിത മരണക്കിണർ അന്ന് ജല സമൃദ്ധിയാൽ നിറഞ്ഞുനിന്നിരുന്നു….അന്ന് നിഗൂഢമായ രീതിയിൽ ചില പെൺകുട്ടികളുടെ ജഡങ്ങൾ കിണറിൽ കണ്ടുതുടങ്ങിപോലും…ആ ഗ്രാമവാസികൾ അതുവരെ അവിടെ കണ്ടിട്ടില്ലാത്ത ചെറിയ പെൺകുട്ടികൾ ആയിരുന്നു ജഡങ്ങളായി പ്രത്യക്ഷപ്പെട്ടത്…പിന്നീട് ഗ്രാമീണർ പേടിയോടെ കിണറിനെ കാണാൻ തുടങ്ങുകയും കോട്ടയെ അവർ പൂർണമായും ഉപേക്ഷിക്കുകയും ചെയ്തു…..അതുകൊണ്ടാവും ഇവിടെ ഇപ്പോഴും മരണത്തിന്റെ ഗന്ധമാണ്.അത് ചിലപ്പോൾ നമ്മെ ഭ്രാന്തുപിടിപ്പിക്കാം….
നിശബ്ദമായി കോട്ടയെ സമീപിച്ചവർക്ക് മാത്രം ലഭിക്കുന്ന ഇത്തരം അനുഭവങ്ങൾ കാലങ്ങളോളം നമ്മെ അലട്ടിക്കൊണ്ടിരിക്കും…ഭിത്തിയിലെ ദ്വാരങ്ങൾക്കിടയിലുള്ള വവ്വാലുകളുടെയും പ്രാവുകളുടെയും ശബ്ദങ്ങളുടെ പ്രതിധ്വനികൾ ആയിരിക്കാം പലർക്കും നിഗൂഢമായ അലയടികളായി തോന്നുന്നത്….. ചില സ്ഥലങ്ങൾ അങ്ങനെയാണ് …മനസ്സിന് കുളിർമയും സന്തോഷവും നൽകും….ചിലത് മനസ്സിലെ ചിന്തകളോട് സങ്കീർണമായ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കും…മനുഷ്യന്റെ മനസ്സ് കൊടുങ്കാറ്റുപോലെ മാറിമറിഞ്ഞുകൊണ്ടിരിക്കും… മരണം ചിലപ്പോൾ ജീവിതത്തേക്കാൾ അത്ഭുതമാണെന്ന് തോന്നിപ്പോവും…കിണറിൽ ചാടി ആത്മഹത്യ ചെയ്തവർ അപൂർമായ ഈ ചിന്തകളുടെ ആശയക്കുഴപ്പത്തിൽ നിന്നും മറികടക്കാൻ കഴിയാത്തവരാണ്…കിണറിലെ ജലം കണ്ണുകളിലെ ഭാവങ്ങളെ നൊടിയിടയിൽ മാറ്റികൊണ്ടിരിക്കും ….ആഴങ്ങളെ തേടിയൊരു യാത്രക്ക് ഉത്തേജനം പകരും….
കോട്ടയിൽ പലഭാഗത്തും അടച്ചുപൂട്ടിയ ചെറിയ മുറികൾ കാണാം…പണ്ടുകാലത്ത് പല പൂജകൾക്കും ഉപയോഗിച്ചിരുന്ന ഇവ ഇപ്പോൾ പ്രാവുകളുടെയും വവ്വാലുകളുടെയും ആവാസകേന്ദ്രമാണ്…സൂര്യന്റെ മാറ്റങ്ങൾക്കു അനുസരിച്ചു കോട്ടയിലേക്കുള്ള വെളിച്ചം മാറിക്കൊണ്ടിരിക്കും…ചിലപ്പോൾ വെളിച്ചതിനെന്തോ മറ വന്നതു പോലെ തോന്നിപ്പോവും…താഴെ നിന്നും പടികൾക്കു മുകളിലേക്കുള്ള കാഴ്ച്ച അത്രമേൽ മനോഹരമാണ്. പണ്ടുകാലത്ത് കിണറിലെ ജലനിരപ്പ് ഉയരുവാൻ വേണ്ടി പ്രത്യേക പൂജകൾ ചെയ്തു പെൺകുട്ടികളെ ബലിയായി കിണറിലേക്ക് വലിച്ചെറിയാറുണ്ടായിരുന്നു എന്ന മറ്റൊരു കഥയും നിലവിൽ ഉണ്ട്…ഇത്തരം പലതരം കഥകളും ചിത്രങ്ങളും മരണകിണറിന് ചുറ്റും അലയടിക്കുന്നുണ്ട്….
ഡൽഹിയിൽ എത്തിയാൽ പലരും ഒഴിവാക്കുന്ന ഈ കോട്ട മറ്റേത് കാഴ്ചകളെക്കാളും അനുഭവങ്ങൾ പകരുമെന്ന് തീർച്ച…. രാവിലെ 9 മുതൽ 5 വരെ കോട്ടയിലേക്ക് പ്രവേശനം ലഭ്യമാണ്….കൂടുതൽ ആളുകളില്ലാതെ ഒറ്റക്ക് നിശബ്ദമായി സമീപിച്ചാൽ കോട്ടയുടെ ചരിത്രം ആരും പറയാതെ തന്നെ ചുമരുകളിൽ നിന്നും നമുക്ക് ആഗിരണം ചെയ്തെടുക്കാം….രാവിലെ 10 മണി ആവുമ്പോഴേക്കും സന്ദർശകരുടെ തിരക്ക് വർധിക്കും.അതിനു മുൻപ് കോട്ടയെ സമീപിച്ചാൽ നമുക്ക് നിഗൂഢമായ കിണറിനു താഴെ നിന്ന് മരണത്തിന്റെ നിശബ്ദതയും ഗന്ധവും ഒറ്റക്ക് ആസ്വദിക്കാം…
2 comments
Ith evideyaaa… Location details kudukkamayirunnu
എന്ത് പോസ്ടാണിത് ലൊക്കേഷൻ എവിടാണെന്നു മാത്രം പറഞ്ഞിട്ടില്ല…