എഴുത്ത് – ‎Dasz Nikhil‎ (ധ്രുപദ് – Science, Stories & Paranormal Activities).

അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വ്യോമയാനമാണ് മറൈൻ വൺ ഹെലികോപ്റ്റർ. ദീർഘദൂര യാത്രകൾക്ക് ഉപയോഗിക്കുന്ന എയർ ഫോഴ്സ് വൺ വിമാനം പോലെ, പ്രസിഡന്റിന്റെ ഹ്രസ്വ ദൂരയാത്രകൾക്കു വേണ്ടി പ്രത്യേകം തയ്യാർ ചെയ്യപ്പെട്ട ഒന്ന്.മറൈൻ വൺ ഹെലികോപ്റ്ററിൽ അല്ല അമേരിക്കൻ പ്രസിഡണ്ട് പോകുന്നത്, മറിച്ച് പ്രസിഡന്റ് ഏത് ഹെലികോപ്റ്ററിൽ പോകുന്നുവോ, അതാണ് മറൈൻ വൺ.

ജൂലൈ 12, 1957ൽ, ഐസൻഹോവറാണ്‌ മറൈൻ വൺ ആദ്യമായി ഉപയോഗിച്ച അമേരിക്കൻ പ്രസിഡന്റ്. പരമപ്രധാനമായ വസ്തുത, മറൈൻ വൺ ഒരു ഹെലികോപ്റ്ററല്ല, പ്രത്യേകമായി നിർമ്മിച്ച സെക്യൂരിറ്റി ഹെലികോപ്റ്ററുകളുടെ ഒരു കൂട്ടമാണ്.പ്രസിഡന്റ് സഞ്ചരിക്കുന്നത് ഇവയിയിലേതുമാവാം.

അമേരിക്കൻ സായുധ സേനയിലെ ‘നൈറ്റ് ഹോക്സ്’ എന്നറിയപ്പെടുന്ന മറൈൻ ഹെലികോപ്റ്റർ സ്ക്വാഡ്രൺ വണ്ണിലെ സികോർസ്‌കി VH 3D സീകിംഗ് ഹെലികോപ്റ്ററോ , അല്ലെങ്കിൽ VH 60N ‘വൈറ്റ് ഹോക്’ ഹെലികോപ്റ്ററോ ആയിരിക്കും മറൈൻ വൺ ആയി തിരഞ്ഞെടുക്കുക.വ്യോമയാന ലൈവറി പ്രകാരം, വൈറ്റ് ടോപ് വിഭാഗത്തിൽപ്പെട്ടതാവും ഇവ രണ്ടും.

രാത്രിയോ പകലോ എന്ന ഭേദമില്ലാതെയാക്കുന്ന ശക്തിയേറിയ പ്രത്യേക ലൈറ്റുകളുടെ വെളിച്ചത്തിലായിരിക്കും മറൈൻ വൺ സഞ്ചരിക്കുക. കൊടുങ്കാറ്റും പേമാരിയോ മുതലായ ഏതൊരു വിധ പ്രതികൂല കാലാവസ്ഥയും ഹെലികോപ്റ്ററിനെ ബാധിക്കില്ല.അവയെല്ലാം തരണം ചെയ്യാൻ പ്രത്യേക സംവിധാനങ്ങളൊരുക്കിയാണ് മറൈൻ വൺ നിർമ്മിക്കുന്നത്.

HMX വൺ എന്നറിയപ്പെടുന്ന മറൈൻ ഹെലികോപ്റ്റർ സ്ക്വാഡ്രണിലെ ഏറ്റവും മികച്ച പൈലറ്റുമാരായിരിക്കും മറൈൻ വൺ പറത്തുക. ബീസ്റ്റ് ഡ്രൈവർമാരെ പോലെ, സി.ഐ.എ പരിശീലനം കൊടുത്ത ലോകത്തിലെ ഏറ്റവും മികച്ച പോരാളികളുമായിരിക്കും ഇവർ.

സാധാരണ, ഒറ്റനോട്ടത്തിൽ തിരിച്ചറിയാത്ത അഞ്ച് ഹെലികോപ്റ്ററുകൾക്കൊപ്പമാണ് മറൈൻ വൺ പറക്കുക.ഡീക്കോയ് ഹെലികോപ്റ്ററുകൾ എന്നറിയപ്പെടുന്ന മറ്റു ഹെലികോപ്റ്ററുകളിൽ, പ്രസിഡണ്ടിന്റെ സുരക്ഷാ ഉദ്യോഗസ്ഥരായിരിക്കും. നേരിട്ടുണ്ടാവുന്നൊരു ആക്രമണത്തിൽ സംഭവിച്ചേക്കാവുന്ന അപകട സാധ്യതകൾ ഈ മുൻകരുതലിൽ പകുതിയായി കുറയും.

മൂന്ന് എൻജിനുകളുടെ സമ്പൂർണ്ണ സുരക്ഷയോടൊപ്പം,തികച്ചും മിസൈൽപ്രൂഫ് ആണ് മറൈൻ വൺ. റഡാര് ജാമറുകൾ ഡീക്കോയ് ഫ്ളെയറുകൾ തുടങ്ങിയ പ്രാരംഭ പ്രതിരോധ ഉപാധികൾ മുതൽ ഏറ്റവും മികച്ച മിസൈൽ ആർമർ, മിസൈൽ വാണിംഗ് സംവിധാനം, മിസൈൽ പ്രതിരോധ സംവിധാനം എന്നിവയും ഇതിൽ ഒരുക്കിയിട്ടുണ്ട്.200 സ്ക്വയർ ഫീറ്റ് വിസ്തൃതിയുണ്ട് ഈ ഹെലികോപ്റ്ററിന്റെ ഉൾവശത്തിന്.ഒരേ സമയം, 14 യാത്രക്കാരെ ഉൾക്കൊള്ളാനുള്ള സൗകര്യം ഇതിനുണ്ട്. അഥവാ എൻജിനുകളിൽ ഒന്ന് പ്രവർത്തന രഹിതമായാലും നിഷ്പ്രയാസം മറൈൻ വൺ മുന്നോട്ടു തന്നെ കുതിക്കും.

പ്രസിഡന്റിന് മാത്രമായുള്ള പ്രത്യേക ലൈനുകളും, സദാസമയം വൈറ്റ് ഹൗസും പെന്റഗണുമായി ബന്ധം പുലർത്തുന്ന റേഡിയോ ഫ്രീക്വൻസികളും മറൈൻ വണ്ണിൽ സദാ പ്രവർത്തിച്ചു കൊണ്ടിരിക്കും.

ഈ പ്രതിരോധ സംവിധാനങ്ങൾ എല്ലാം നിഷ്ഫലമായാലും അടിയന്തരഘട്ടങ്ങളിൽ പ്രസിഡണ്ടിനെ എയർ ഡ്രോപ്പ് ചെയ്യാനുള്ള മൂന്ന് (?) മിനിപാരഷൂട്ട് ഘടിപ്പിച്ച എസ്കേപ്പ് പോഡുകളും മറൈൻ വണ്ണിൽ സദാ സജ്ജമായിരിക്കും.GPS, TCAS കൂടാതെ അമേരിക്കൻ പ്രസിഡണ്ടിന്റെ സുരക്ഷയ്ക്ക് വേണ്ടി മാത്രമുള്ള സ്പെഷ്യൽ നാവിഗേഷൻ സിസ്റ്റവും ഇതിൽ ഉണ്ടാവും.

അമേരിക്കയിലെ ഏറ്റവും മികച്ച ശബ്ദനിയന്ത്രണ സംവിധാനം മറൈൻ വണ്ണിന് അകത്തും പുറത്തുമുണ്ടാവും.അതിനാൽത്തന്നെ ,ഓഫീസിൽ സംസാരിക്കുന്നത്ര താഴ്ന്ന ശബ്ദത്തിൽ അമേരിക്കൻ പ്രസിഡണ്ടിന് ഇതിനകത്ത് സംസാരിക്കാൻ സാധിക്കും. 6 മറൈൻ വൺ ഹെലികോപ്റ്ററുകളും സി-5 ഗ്യാലക്സി, അല്ലെങ്കിൽ സി-17 ഗ്ലോബ് മാസ്റ്റർ വിമാനങ്ങളിലായിരിക്കും ലോകത്തെവിടെയും കൊണ്ടുപോവുക.

ഏറ്റവും പ്രധാനപ്പെട്ട കാര്യം, അമേരിക്കൻ പ്രസിഡണ്ട് മറൈൻ വണ്ണിൽ ഉണ്ടെങ്കിൽ, കടലിലോ കരയിലോ ഹെലികോപ്റ്റർ താഴെ ഇറങ്ങിയിട്ടുണ്ടെങ്കിൽ, പ്രസിഡന്റിന്റെ സുരക്ഷയ്ക്കായി ഒരു മറൈൻ യൂണിറ്റ് മുഴുവൻ ആ പരിസരത്ത് എവിടെയെങ്കിലുമുണ്ടാവും.അവർ മറൈൻ യൂണിറ്റിനെ കാണുന്നില്ലെങ്കിലും, മറൈൻ യൂണിറ്റവരെ കാണുന്നുണ്ടാകും.

ബിൽ ക്ലിന്റൺ അമേരിക്കൻ പ്രസിഡണ്ടായിരുന്ന കാലത്ത്, പ്രസിഡണ്ടുമായി വളരെ അടുപ്പമുണ്ടായിരുന്ന അരിസോണയിൽ നിന്നുള്ള ഒരു രാഷ്ട്രീയ നേതാവായ ബ്രൂസ് ബബ്ബിറ്റ് ഈയടുത്ത് ഒരു വെളിപ്പെടുത്തൽ നടത്തി. ക്ലിന്റണുമായി വളരെ രഹസ്യമായി നടത്തേണ്ടിയിരുന്ന ഒരു കൂടിക്കാഴ്ചയ്ക്ക് സ്ഥലമായി നിശ്ചയിച്ചത് ഗ്രാൻഡ് കാന്യൺ പർവതനിരകളായിരുന്നു. പ്രസിഡണ്ട് എത്തുന്നതിനു മുൻപേ അവിടെയും ഒരു മറൈൻ യൂണിറ്റ് അദ്ദേഹത്തെ കാത്തു നിന്നിരുന്നുവത്രേ! സൂര്യനു താഴെ അമേരിക്കൻ പ്രസിഡണ്ട് എവിടെ പറന്നിറങ്ങിയാലും, അദ്ദേഹത്തെ അവിടെ ഒരു മറൈൻ കാത്തു നിൽക്കുന്നുണ്ടാവും.

മറൈൻ വണ്ണിന്റെ ആക്രമണ സംവിധാനങ്ങളെക്കുറിച്ച് പത്രങ്ങളുടെ ഊഹാപോഹങ്ങളല്ലാതെ ഒന്നും പുറത്തുവിട്ടിട്ടില്ല. അതിനാൽ അതിനെക്കുറിച്ച് പരാമർശിക്കാൻ നിൽക്കുന്നില്ല. ഒരു കാര്യം ഉറപ്പാണ്, 16 അടി 10 ഇഞ്ച് ഉയരവും, 72 അടി 8 ഇഞ്ച് നീളവുമുള്ള ഈ കൂറ്റൻ വ്യോമയാനത്തിൽ, ഭൂമിയിൽ ഇന്നേവരെ കണ്ടുപിടിച്ചിട്ടുള്ള എല്ലാ ആക്രമണ സംവിധാനങ്ങളും, പ്രതിരോധ സംവിധാനങ്ങളും കാണുമെന്നുറപ്പാണ്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ ഇന്ത്യൻ സന്ദർശനം അടുക്കുന്നതിന്റെ തയ്യാറെടുപ്പുകൾ കാണുന്നുണ്ട്. ദിവസങ്ങൾക്കു മുമ്പ്, പ്രസിഡണ്ടിന്റെ വാഹന വ്യൂഹത്തിലെ കാറുകൾ നിറച്ച യു.എസ് എയർഫോഴ്സിന്റെ ഹെർക്കുലീസ് വിമാനവും അഹമ്മദാബാദിൽ പറന്നിറങ്ങിയിരുന്നു. അമേരിക്കൻ പ്രസിഡണ്ടിന്റെ മുഖമുദ്രയായ ‘ബീസ്റ്റ്’ ഇതിനോടകം ഇന്ത്യൻ മണ്ണ് തൊട്ട് തൊട്ടിട്ടുണ്ടാവും.

അധിക സുരക്ഷ ഉറപ്പാക്കാൻ വേണ്ടി ഡൊണാൾഡ് ട്രംപ്, തന്റെ പേഴ്സണൽ ഹെലികോപ്റ്റർ സികോർസ്‌കി S-76 കൂടി അഹമ്മദാബാദിൽ എത്തിക്കുമെന്നാണ് അറിവ്.അതിനർത്ഥം, അമേരിക്കയിലെ ഏറ്റവും മികച്ച സ്‌നിഫർമാരായ ബെൽജിയൻ മലിന്വയോടൊപ്പം ട്രംപിന്റെ സ്വന്തം സേനയിലെ ഇംഗ്ലീഷ് സ്പ്രിംഗറുകളും, പിഴയ്ക്കാത്ത ഉന്നമുള്ള മറൈൻ സ്നൈപ്പറുകളും കൂടെയെത്തിയിട്ടുണ്ടാവും എന്നും നമ്മൾ അനുമാനിക്കണം.

പ്രസിഡന്റിന്റെ യാത്രാവിമാനമായ എയർഫോഴ്സ് വൺ ബോയിങ് 747-200B പരിഷ്കരിച്ചതാണ്.ഇതിലാണ് സർദാർ വല്ലഭായ് പട്ടേൽ എയർപോർട്ടിൽ അമേരിക്കൻ പ്രസിഡന്റും കുടുംബവും വന്നിറങ്ങുക.അതും ഒന്നല്ല,ഏഴു വിമാനങ്ങളുണ്ടാകും ഒരുപോലെ. എയർ ഫോഴ്സ് വണ്ണിന്റെയും മറൈൻ വണ്ണിന്റെയും അറ്റകുറ്റപ്പണികൾ, വൈറ്റ് ഹൗസ് മിലിറ്ററി ഓഫീസിനു കീഴിലുള്ള പ്രസിഡൻഷ്യൽ എയർ ലിഫ്റ്റ് ഗ്രൂപ്പാണ് നിർവഹിക്കുക.1944-ൽ സൈന്യത്തിലെ ഏറ്റവും വിശ്വസ്തരെ ചേർത്ത് പ്രസിഡന്റ് ഫ്രാങ്ക്ളിൻ ഡി റൂസ്വെൽറ്റാണ് ഇതിനു രൂപം കൊടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.