ചെല്ലാനത്ത് വിതരണം ചെയ്ത പൊതിച്ചോറിലൊന്നിൽ നൂറു രൂപ കൂടി കരുതി വെച്ച മനസിനെ അന്വേഷിക്കുകയായിരുന്നു എല്ലാവരും. ഒടുവിൽ ചെല്ലാനത്തെ ദുരിതാശ്വാസ പ്രവർത്തനത്തിന് മുന്നിൽ നിൽക്കുന്ന കണ്ണമാലി സി.ഐ. ഷിജു തന്നെ ആ സ്നേഹത്തെ കണ്ടെത്തി. കുമ്പളങ്ങി സ്വദേശി മേരി സെബാസ്റ്റിൻ ആണ് ആ അമ്മ മനസ്സ്.
ആഴ്ചകളായി ചെല്ലാനത്ത് നിന്നും ഒരാൾ പണിക്കു പോയിട്ട്. കടലാക്രമണവും രൂക്ഷം. മറ്റുള്ളവരുടെ സഹായം കൊണ്ട് മാത്രമാണ് പല കുടുംബങ്ങളും മുന്നോട്ട് പോകുന്നത്.
പണിയില്ലാതെയാകുന്നൊരാളുടെ വിഷമം മേരി ചേച്ചിയോട് പറയേണ്ട. കാരണം, കൂലി വേലക്കാരനായ ഭർത്താവിന് ജോലിയില്ലാതായിട്ട് നാലാഴ്ചയായി. അതുകൊണ്ട് കൈയ്യിൽ ഉണ്ടായിരുന്ന നൂറു രൂപ പൊതിച്ചോറിനൊപ്പം വെച്ചു. ആർക്കെങ്കിലും ഉപകാരപ്പെടട്ടെയെന്നു കരുതി.
മേരിചേച്ചിയോടുള്ള ആദരവ് പ്രകടിപ്പിക്കാൻ കണ്ണമാലി സ്റ്റേഷൻ ഒന്നടങ്കം എത്തി. സി ഐ ശ്രീ. ഷിജു, ചേച്ചിക്ക് ഉപഹാരം സമ്മാനിച്ചു. എല്ലാവരോടും കൈകൂപ്പി അവർ പറഞ്ഞു – “പറ്റുന്ന പോലെ ഞാൻ സഹായിച്ചെന്നേയുള്ളു.” ഈയൊരു കെട്ട കാലത്ത് കൈയ്യിൽ ഉള്ളതത്രെയും നൽകിയ മേരി ചേച്ചി മലയാളിയുടെ അതിജീവനത്തിന്റെയും സ്നേഹത്തിന്റെയും മറ്റൊരു മാതൃകയാണ്.
കടൽക്ഷോഭം മൂലം ബുദ്ധിമുട്ടിലായി ചെല്ലാനത്തെ ജനതയ്ക്ക് കണ്ണമാലി സി.ഐ. ഷിജുവിൻ്റെ നേതൃത്വത്തിൽ 4000 ൽ അധികം പേർക്കുള്ള ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്. ഓരോരോ വീടുകളിൽ നിന്നും അഞ്ചും പത്തും പൊതികൾ വീതം ശേഖരിച്ചവയായിരുന്നു അവയെല്ലാം. എന്തൊക്കെ വിഭവങ്ങൾ ഉണ്ടെന്നറിയാൻ പൊലീസുകാരനായ അനിൽ ആൻറണി ഒരു പൊതി ഊണ് തുറന്നു നോക്കിയപ്പോഴാണ് ഊണ് പൊതിഞ്ഞ കവറിൽ കറികൾക്കിടയിൽ പ്ലാസ്റ്റിക് കൊണ്ട് ഭദ്രമായി പൊതിഞ്ഞ ഒരു നൂറു രൂപ നോട്ട് കണ്ടത്.
വാങ്ങുന്നവൻ്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്താതെ ആ പൊതിച്ചോറിൽ 100 രൂപ കൂടി കരുതി വെച്ച മേരിചേച്ചിയുടെ ആ മനസിന് മുമ്പിൽ നമിക്കുന്നു. ഇനിയും ഇതുപോലെയുള്ള സഹായങ്ങൾ ചേച്ചിയ്ക്ക് നൽകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ജാതിയോ മതമോ നോക്കാതെ ഇന്നത്തെ കാലത്ത് ഇതുപോലെ ഒരാൾ സഹായിക്കാൻ കഴിഞ്ഞെങ്കിൽ നമുക്ക് അഭിമാനിക്കാം സുഹൃത്തുക്കളെ. മേരിചേച്ചിയെ പോലെയുള്ള അനേകം ആൾക്കാർ ഇനിയും ഉണ്ടാകും നമുക്കിടയിൽ. ഓർക്കുക നാളെ ഇതുപോലെയൊരു പൊതിച്ചോർ നമുക്കായിരിക്കും കിട്ടുക. മേരി ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ… ഇങ്ങനെയും മനസുകൾ ഉള്ളപ്പോൾ നമുക്ക് തോൽക്കാനാകുമോ?