വിവരണം – Echmu Kutty.
വേവിച്ച ആഹാരം കഴിക്കാനിഷ്ടപ്പെടുന്നവരെല്ലാവരും സ്വയം ഭക്ഷണം പാകം ചെയ്യാന്‍ പഠിച്ചിരിക്കണമെന്ന് എന്നോട് പറഞ്ഞത് വിദേശിയായ ഒരു സ്വാമിജിയായിരുന്നു. മെക് ലോഡ് ഗഞ്ജിലെ അദ്ദേഹത്തിന്‍റെ താമസസ്ഥലത്ത് വെച്ചായിരുന്നു അത്.
കല്ലുകളിളകിക്കിടക്കുന്ന മോട്ടോര്‍ റൂട്ടില്‍ നിന്നും കുത്തനെ താഴോട്ടിറങ്ങിയിറങ്ങി ചെല്ലുമ്പോള്‍ പൊടുന്നനെ ഒരു പൂങ്കാവനം ചിരിക്കുകയും സംസാരിക്കുകയും പാട്ടു പാടുകയും ചെയ്യുന്നതു പോലെ മുന്നില്‍ പൂത്തു വിടരുന്ന ഒരു താഴ്വരയിലായിരുന്നു സ്വാമിജി പാര്‍ത്തിരുന്ന ആശ്രമം. എന്നു പറഞ്ഞാല്‍ ഒരു വലിയ സംഭവമൊന്നുമല്ല. സ്ലേറ്റ് പാളികള്‍ കൊണ്ട് മേഞ്ഞ വലിയ ഒറ്റ മുറിയും വരാന്തയും മറപ്പുരയും കുളിമുറിയും മാത്രം.
പക്ഷെ, അവിടെ അവരുണ്ടായിരുന്നു പൂക്കള്‍… ചെറുതും വലുതുമായ പൂക്കള്‍… ഒറ്റിയിതളില്‍ … എണ്ണമറ്റ ഇതളുകളില്‍… അവരിങ്ങനെ സമൃദ്ധമായി … നോക്കുന്നിടത്തെല്ലാം ചിരിച്ചുകൊണ്ട്…നൃത്തം ചെയ്തുകൊണ്ട്…നിറങ്ങള്‍ വാരിവിതറിക്കൊണ്ട്.. സൌന്ദര്യപൂജാ ശ്ലോകങ്ങള്‍ ദേവ ഭാഷകളില്‍ ഉരുവിട്ടുകൊണ്ട്…
ചെന്ന ദിവസം ഏകദേശം പകല്‍ മുഴുവന്‍ മഴ ഇങ്ങനെ ചിണുങ്ങി ചിണുങ്ങി പെയ്യുകയായിരുന്നു…. സാമാന്യത്തിലധികം തണുപ്പും ഉണ്ടായിരുന്നു. അതുകൊണ്ട് അധിക സമയവും അംഗീട്ടി ( കല്‍ക്കരി അടുപ്പ് ) ക്കു ചുറ്റും കൂനിക്കൂടിയിരിക്കുവാനാണ് ഞാന്‍ താല്‍പര്യപ്പെട്ടത്.
സ്വാമിജി എനിക്ക് പഹാഡി റൊട്ടിയും റജ്മയും ചായയും സല്‍ക്കരിച്ചു. ചുവന്നു തുടുത്ത മാതള യല്ലികള്‍ എനിക്കായി തളികയില്‍ നിരത്താനും ‘യൂ ലുക് പെയ് ല്‍’ എന്ന് ഉല്‍ക്കണ്ഠപ്പെടാനും മാത്രം അടുപ്പമുണ്ടായിരുന്നു അദ്ദേഹത്തിന്. വിവിധ തരം ഭക്ഷണ പദാര്‍ഥങ്ങളെ ക്കുറിച്ച് സംസാരിച്ചുകൊണ്ട് ഘനമുള്ള ആ റൊട്ടിയും കഴിച്ച് ചായയും കുടിച്ച് വെറുതെയിരിക്കുന്നത് സുഖകരമായ ഒരനുഭവമായിരുന്നു. പെണ്ണുങ്ങള്‍ വെറുതേ ഇരിക്കുന്നത് ഒരു വലിയ കുറ്റമാണെന്ന് കേട്ടും വായിച്ചും ജീവിച്ചിട്ടുള്ളപ്പോള്‍ തീര്‍ച്ചയായും…
ദില്ലിയില്‍ നിന്നു ബസ്സ് പുറപ്പെടുമ്പോള്‍ നേരം പുലര്‍ന്നിട്ടേ മെക് ലോഡ് ഗഞ്ജില്‍ എത്തൂ എന്നൊക്കെ കണ്ടക്ടര്‍ അറിയിച്ചുവെങ്കിലും രാവിലെ നാലുമണിയോടെ എനിക്കിറങ്ങേണ്ട സ്റ്റോപ്പില്‍ എത്തിയപ്പോള്‍ ഞാന്‍ ശരിക്കും പേടിച്ചു. അഞ്ഞൂറു കിലോ മീറ്റര്‍ ദൂരം എട്ടൊമ്പത് മണിക്കൂറില്‍ ആ പാട്ട ബസ്സ് ഓടി തീര്‍ക്കുമെന്ന് ഞാന്‍ തീരെ വിചാരിച്ചില്ല. അസമയത്ത് ഏകയായി പുറത്തിറങ്ങുമ്പോഴുള്ള അപകടങ്ങള്‍, സ്പെഷ്യലായി ഈ ജന്മം മുഴുവന്‍ അനുവദിച്ചു കിട്ടുന്ന അവസാനമില്ലാത്ത ചീത്തപ്പേരുകള്‍, എന്‍റെ പെണ്‍ ദേഹം… എല്ലാം എന്നെ സാമാന്യത്തിലധികം ഭയപ്പെടുത്തി.
സ്വാമിജി എന്നെ കാത്തു ബസ്സ് സ്റ്റോപ്പില്‍ നിന്നിരുന്നു. വളരെക്കാലമായി ഇന്ത്യയില്‍ തന്നെ താമസിക്കുന്നതുകൊണ്ട് ഇന്ത്യക്കാരുടെ ഇമ്മാതിരി ആകുലതകളെയും അതിനവര്‍ സ്വീകരിക്കാറുള്ള പരിഹാരമാര്‍ഗങ്ങളേയും എല്ലാം അദ്ദേഹം അടുത്തറിഞ്ഞിരിക്കുമെന്ന് അപ്പോള്‍ എനിക്ക് തോന്നാതിരുന്നില്ല.
ഹിമാചല്‍ പ്രദേശിലെ കാംഗ്ഡാ ജില്ലയില്‍ ധരംശാലയ്ക്കടുത്താണ് മെക് ലോഡ് ഗഞ്ജ്. സമുദ്ര നിരപ്പില്‍ നിന്ന് രണ്ടായിരത്തോളം മീറ്റര്‍ ഉയരത്തിലുള്ള സ്ഥലം. ഹിമാലയത്തിലെ ദോളാദാര്‍ ഗിരിനിരകളിലെ ഏറ്റവും ഉയരം കൂടിയ ഹനുമാന്‍ ജി കാ ടിബ്ബ എന്ന മഞ്ഞു മൂടിയ വെണ്‍കൊടുമുടി ധരംശാലയ്ക്ക് തൊട്ടുപുറകിലായി ഉന്നതങ്ങളില്‍ ദൃശ്യമാവുന്നു. അതിസുന്ദരമായ ഒരു കാഴ്ചയാണിത്… മേഘങ്ങളും മഴയും കനിഞ്ഞ് അനുഗ്രഹവും അനുവാദവും തരണമെന്ന് മാത്രം… ധരംശാല എന്നാല്‍ തിബത്തന്‍ ഗവണ്‍മെന്‍റിന്‍റെ ആസ്ഥാനം. അവരുടെ ആത്മീയ നേതാവായ ബഹുമാനപ്പെട്ട ദലൈലാമയുടെ വാസസ്ഥലം. തിബത്തുകാര്‍ ചെറിയ ലാഹ്സാ എന്നും ദാഹ്സാ എന്നും പറയാറുണ്ട്.
ഹിമാചല്‍ പ്രദേശ് വളരെ പ്രത്യേകതകളുള്ള ഒരിടമാണ്. ശരിക്കും ഹിമവാന്‍റെ മടിത്തട്ട് തന്നെ. ഹിമാലയന്‍ ഗിരിനിരകളുടെ അസുലഭമായ സാന്നിധ്യമുണ്ട് ഇവിടെ. പ്രധാന ഹിമാലയന്‍ ഗിരിനിര, നമ്മുടെ എവറസ്റ്റും കാഞ്ചന്‍ ജംഗയും ഒക്കെ ഉള്‍പ്പെടുന്ന വല്യേട്ടന്‍ ഗിരിനിര ഹിമാചലിലൂടെ കടന്നു പോകുന്നു. അതിനും പുറമേ കുഞ്ഞേട്ടന്‍ പീര്‍ പഞ്ജാല്‍ ഗിരി നിരകളും ഏറ്റവും ഇളയവന്‍ ഈ ദോലാദാര്‍ ഗിരിനിരകളും ഇതിലേ കടന്നു പോയി അവരവരുടെ പ്രൌഢ സാന്നിധ്യമറിയിക്കുന്നു. ഉം … അവരൊക്കെ ശരിക്കും ആരാന്നാ ? … വല്യേട്ടന്‍ ലഡാക്കീന്ന് ദൂരെ ദൂരെ സിക്കിം വരെ നീണ്ട് നിവര്‍ന്ന് കിടക്കുമ്പോള്‍ …. കുഞ്ഞേട്ടന്‍ കാശ്മീരിലെ ഉധംപൂരിനടുത്ത് പത് നി തോപ്പില്‍ നിന്നു ഗഡ് വാള്‍ വരെ …. ഇളയവന്‍ ദോലാദാര്‍ ഹിമാചലിലെ ഡല്‍ഹൌസി(1942 ലൌവ് സ്റ്റോറി എന്ന ഹിന്ദി സിനിമയില്‍ കാണുന്നത് ഡല്‍ഹൌസിയാണ്.) മുതല്‍ അങ്ങ് ബദരീനാഥ് വരെ…. ഒക്കെ വന്‍ കക്ഷികളാണ്.. വെറുതേ ഒന്നു തുമ്മിയാല്‍ മതി, ഒന്നു പുറം ചൊറിഞ്ഞാല്‍ മതി ….. ഇപ്പോഴത്തെ പോലെ ദുരന്തഭൂമിയായി തീര്‍ന്ന എത്ര ഉത്തരാഖണ്ഡുകളെ വേണമെങ്കിലും സെക്കന്‍റുകള്‍ക്കുള്ളില്‍ ആവര്‍ത്തിപ്പിക്കാന്‍ കഴിയും .
പത്തു പതിനഞ്ചു കിലോ മീറ്റര്‍ അപ്പുറത്ത് ഗഗ്ഗല്‍ എയര്‍പോര്‍ട്ടുണ്ട്. പിന്നെ മീറ്റര്‍ ഗേജ് തീവണ്ടിയുണ്ട് . അതും ഇരുപതു കിലോമീറ്റര്‍ ദൂരെയാണ്. ബ്രോഡ് ഗേജ് വണ്ടീലു വരണമെങ്കില്‍ പത്താന്‍കോട്ട് വരെ മാത്രമേ പറ്റൂ. പത്താന്‍കോട്ട് എണ്‍പത് എണ്‍പത്തഞ്ചു കിലോമീറ്റര്‍ ദൂരത്താണ്. അവിടന്ന് ബസ്സോ കാറൊ ഒക്കെ പിടിച്ചു വരണം. ഇമ്മാതിരി നീണ്ട യാത്രകള്‍ക്കൊന്നും പ്രാപ്തിയില്ലാത്തതുകൊണ്ടാണ് ദില്ലീന്ന് ഒരു ബസ്സും പിടിച്ച് ഞാന്‍ മെക് ലോഡ് ഗഞ്ജിലേക്ക് കുത്തനെ വന്നത്.
പഞ്ചാബിലെ ഒരു ലഫ്റ്റനന്‍റ് ഗവര്‍ണറായിരുന്ന സര്‍ ഡൊണാള്‍ഡ് ഫ്രീയല്‍ മെക് ലോഡിന്‍റെ പേരിലാണ് ഈ സ്ഥലം മെക് ലോഡ് ഗഞ്ജ് എന്നറിയപ്പെടുന്നതെന്ന് സ്വാമിജി പറഞ്ഞു. തരക്കേടില്ലാത്ത കക്ഷിയായിരുന്നു ഈ സായിപ്പ്. പഞ്ചാബ് യൂണിവേഴ്സിറ്റി അല്ലെങ്കില്‍ ലാഹോര്‍ യൂണിവേഴ്സിറ്റിയുടെ സ്ഥാപകരില്‍ പ്രമുഖനായിരുന്ന അദ്ദേഹത്തിന്‍റെ പേരില്‍ ഇപ്പോഴും മെക് ലോഡ് റോഡ് നിലവിലുണ്ടത്രേ…ഇവിടെങ്ങുമല്ല അങ്ങ് ലാഹോറില്‍… അദ്ദേഹം കല്‍ക്കത്തയില്‍ ജനിച്ചു വളര്‍ന്നവനായിരുന്നു. ഒന്നാം സ്വാതന്ത്ര്യ സമര കാലമായ 1857 ല്‍ അദ്ദേഹം ലാഹോര്‍ ഭരിക്കുകയായിരുന്നു. ഭരണത്തിന്‍റെ അവസാന കാലത്ത് സിന്‍ഡ് ,പഞ്ചാബ്, ദില്ലി റെയില്‍വേയുടെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിരുന്നു.
രണ്ടാമത്തെ ആംഗ്ലോ സിക്ക് യുദ്ധത്തിനുശേഷമാണ്, 1849 ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനി മെക് ലോഡ് ഗഞ്ജ് ഉള്‍പ്പെടുന്ന ധരം ശാലയില്‍ ആധിപത്യമുറപ്പിച്ചത്. തണുതണുത്ത കാലാവസ്ഥയും ശാന്തമായ അന്തരീക്ഷവും അവര്‍ക്കങ്ങ് ശരിക്കും ബോധിച്ചു. നമ്മൂടെ ഇപ്പോഴത്തെ ഗൂര്‍ഖാ റെജിമെന്‍റിന്‍റെ പൂര്‍വികരായിരുന്ന ഗൂര്‍ഖ ലൈറ്റ് ഇന്‍ഫന്‍ററിയാണ് ഈ സ്ഥലം ഒരു നഗരമായി സംവിധാനം ചെയ്തെടുത്തത്. വൈസ്രോയി ആയിരുന്ന എല്‍ഗിന്‍ പ്രഭു ഇവിടം സമ്മര്‍ ക്യാപിറ്റല്‍ ആക്കിക്കളയാമെന്ന് പോലും വിചാരിച്ചിരുന്നു. എന്തായാലും ഇവിടെ ഒരു ഔദ്യോഗിക പര്യടനത്തിനിടയില്‍ മൃതിയടഞ്ഞ വൈസ്രോയിയുടെ ശവകുടീരം മെക് ലോഡ് ഗഞ്ജിനു തൊട്ടു താഴെ ഫോര്‍സിത് ഗഞ്ജിലാണുള്ളത്. ‘ സെന്‍റ് ജോണ്‍ ഇന്‍ ദി വൈല്‍ഡര്‍നെസ് ‘ എന്ന പള്ളിയില്‍… പള്ളിയുടെ പേരു പോലും അപൂര്‍വ സുന്ദരം… ഒരു ഇംഗ്ഗ്ലീഷ് കാല്‍പനികതയുള്ള പള്ളിയാണത്. … എപ്പോഴോ കണ്ടു മറന്ന ചില ഇംഗ്ഗ്ലീഷ് റൊമാന്‍റിക്
സിനിമകളെ ഈ പള്ളി ഓര്‍മ്മിപ്പിക്കുന്നു. ബെല്‍ജിയന്‍ സ്റ്റെയിന്‍ഡ് ഗ്ലാസിന്‍റെ മനോമോഹനമായ വിന്യാസം പള്ളിയില്‍ ഒരു ദൈവികമായ ഭ്രമാത്മകത നല്‍കുന്നുണ്ടെന്ന് തോന്നി. ദൈവം അടുത്തെവിടെയോ ഉണ്ടെന്നും ദൈവത്തിനോട് നേരിട്ട് സംസാരിക്കാമെന്നും ഇങ്ങനെയുള്ള ആരാധനാലയങ്ങളില്‍ ചെല്ലുമ്പോള്‍ നമുക്ക് തോന്നിപ്പോകും. മനസ്സു ചുട്ടു നീറുമ്പോഴും ദൈവത്തിനോട് ഒരു വഴക്കുമില്ലാതെ, ഏലോഹീ ഏലോഹീ ലാ മ്മ ശബക് താനി എന്ന് നിലവിളിക്കാതെ നമുക്കിങ്ങനെ മൌനമായിരിക്കാന്‍ കഴിയും.
എല്‍ഗിന്‍ പ്രഭുവിന്‍റെ വേനല്‍ക്കാല വസതി ആയിരുന്ന മോര്‍ട്ടിമര്‍ ഹൌസിലാണ് ഇപ്പോള്‍ ബഹുമാനപ്പെട്ട ദലൈലാമ താമസിക്കുന്നത്. പ്രഭു നിര്‍മ്മിച്ച ടീ ഹൌസും അതിന്‍റെ മേല്‍ നോട്ടം വഹിച്ചിരുന്ന നവറോജി ആന്‍ഡ് സണ്‍സും ഇന്നും മെക് ലോഡ് ഗഞ്ജിലെ ഒരു പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. ടീ ഹൌസിന്‍റെ പ്രവര്‍ത്തനം പിന്നീട് ചൈനയിലെ സിച്വാന്‍ പ്രവിശ്യയിലേക്ക് മാറിയെങ്കിലും അവിടെ നിന്നും നല്ല ഒന്നാന്തരം തേയില മെക് ലോഡ് ഗഞ്ജ് ടീ ഹൌസ് എന്ന ബ്രാന്‍ഡില്‍ ഇന്നും വിറ്റു വരുന്നുണ്ട്. അവരുടെ കസ്റ്റമേഴ്സ് ബക്കിംഗ് ഹാം കൊട്ടാരവും രാഷ്ട്രപതിഭവനും ഇംഗ്ലണ്ടിലെ ക്ലാരിഡ് ജസ് ഹോട്ടലും മറ്റുമാണ് . എന്നെ പോലെയുള്ള വെറും സാധാരണ മനുഷ്യര്‍ അമ്മാതിരി തേയിലയൊന്നും കാണാന്‍ തന്നെ പോകുന്നില്ല. എന്നിട്ടു വേണമല്ലോ അതിട്ടു ചായ കുടിക്കണ കാര്യം ആലോചിക്കാന്‍…
ഫോര്‍സിത് ഗഞ്ജും മെക് ലോഡ് ഗഞ്ജും ഇപ്പോഴത്തെ ഹൈദരാബാദും സെക്കന്ദരാബാദും പോലെ ഇരട്ടകളായിരുന്നു പണ്ട്… എന്നുവെച്ചാല്‍ ഒരു നൂറ്റാണ്ട് മുന്‍പ്… അനവധി യൂറോപ്യന്‍ വസതികളും മനോഹരമായ പൂന്തോട്ടങ്ങളും പോസ്റ്റ് ഓഫീസും പള്ളിയും ഗൂര്‍ഖാ യൂണിറ്റിലെ മുന്തിയ ഗൂര്‍ഖകളുടെ വീടുകളും ലൈബ്രറിയും വലിയൊരു മാര്‍ക്കറ്റും എല്ലാമായി അടിവെച്ചടി വെച്ച് നഗര വികസനത്തിന്‍റെ വീതിയേറിയ പാതയിലായിരുന്ന ഈ സ്ഥലങ്ങള്‍ 1905ല്‍ ഉണ്ടായ ഭീമമായ ഭൂമികുലുക്കത്തില്‍ തകര്‍ന്നടിയുകയായിരുന്നു. കാംഗ്ഡയിലും ധരംശാലയിലും മെക് ലോഡ് ഗഞ്ജിലും എല്ലാം അതിഭയങ്കരമായ നാശം വിതച്ച ആ ഭൂമികുലുക്കത്തില്‍ ഇരുപതിനായിരം പേരെങ്കിലും മരിച്ചു പോയിട്ടുണ്ടാകുമത്രെ… അയ്യായിരം വര്‍ഷം പഴക്കമുള്ള ബഗ്സുനാഗ് അമ്പലവും തകര്‍ന്ന് പോവുകയുണ്ടായി… ഈ ഭീകര ഭൂമികുലുക്കമാണ് സിംലയെ ബ്രിട്ടീഷുകാര്‍ സമ്മര്‍ ക്യാപിറ്റലാക്കാനുണ്ടായ ഏറ്റവും പ്രധാന കാരണമെന്ന് പറയപ്പെടുന്നു.
പിന്നീട് 1959 ല്‍ തിബത്തില്‍ നിന്ന് രക്ഷപ്പെട്ടോടി വന്ന ബഹുമാനപ്പെട്ട ദലൈലാമ ധരംശാലയില്‍ താമസമാക്കുകയും മെക് ലോഡ് ഗഞ്ജ് ബുദ്ധ ഭിക്ഷുക്കളൂടെ ആവാസ കേന്ദ്രമായിത്തീരുകയും ചെയ്തു. തിബത്തന്‍ അഭയാര്‍ഥികള്‍ ഇപ്പോള്‍ ഇവിടെ ഇടതിങ്ങിപ്പാര്‍ക്കുന്നുണ്ട്.
മെക് ലോഡ് ഗഞ്ജ് അങ്ങാടിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരമേയുള്ളൂ ബഗ്സുനാഗ് അമ്പലത്തിലെത്താന്‍. ഉച്ച തിരിഞ്ഞുള്ള മൃദുലമായ വെയിലേറ്റ് , വശങ്ങളില്‍ ഹരിത വര്‍ണം വാരിപ്പുതച്ച പാതയിലൂടെ മെല്ലെയുള്ള നടത്തം വളരെ ആഹ്ലാദകരമായിരുന്നു. ഇരുപതു മിനിറ്റ് നേരത്തെ നടപ്പു കൊണ്ട് അവിടെ എത്തിച്ചേരാന്‍ കഴിയും. സ്ലേറ്റ് പാളികള്‍ മേഞ്ഞ മേല്‍പ്പുരയും വലിയ വെണ്‍ താഴികക്കുടങ്ങളും അമ്പലത്തിന്‍റെ പ്രൌഡി വിളിച്ചോതുന്നു. ഈ അമ്പലത്തില്‍ സകലവിധ മഹാ രോഗങ്ങള്‍ക്കും ശാന്തി കിട്ടുമെന്ന് വിശ്വസിക്കപ്പെടുന്നു. ശിവന്‍റെ അമ്പലമാണത്. ഗൂര്‍ഖകള്‍ വളരെ ഭക്തിപൂര്‍വം പ്രാര്‍ഥിക്കുന്ന അമ്പലം. ധരംശാലയെ ഗൂര്‍ഖകള്‍ ബഗ്സു എന്ന് വിളിക്കുന്നു. അവരെ ബഗ്സുവാലകള്‍ എന്നും …
അതിമനോഹരമായ ഒരു വെള്ളച്ചാട്ടമുണ്ട്… അമ്പലത്തിനു പുറകില്‍ … വേനലില്‍ കൃശഗാത്രിയായ ഈ മനോഹരി വര്‍ഷക്കാലത്ത് മുപ്പതടിയില്‍ കൂടുതല്‍ വീതിയില്‍ വളര്‍ന്ന് ഉഗ്രരൂപിണിയായ ഒരു താടകയായി മാറുന്നു.. മഴ പെയ്തു തുടങ്ങുമ്പോള്‍ തന്നെ അവള്‍ കോപിഷ്ടയാവും. അവള്‍ അലറുന്നതിന്‍റെ ശബ്ദത്തില്‍ ദുര്‍ബലമായ ആശ്രമം പ്രകമ്പനം കൊള്ളാറുണ്ടെന്ന് സ്വാമിജി മന്ദഹസിച്ചു.
ആ വെള്ളച്ചാട്ടത്തിനു മുന്നില്‍ നിന്ന് വലിയ അണക്കെട്ടുകളെക്കുറിച്ച് എന്തൊക്കേയോ സംസാരിച്ചപ്പോള്‍ ജലം സ്ത്രീത്വത്തെപ്പോലെയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം.. പറ്റാവുന്നിടത്തെല്ലാം വേലികള്‍ കെട്ടി നമ്മള്‍ ജലത്തെ ഒതുക്കുവാന്‍ ശ്രമിക്കുന്നു….സ്വന്തമാക്കാന്‍ ശ്രമിക്കുന്നു. എന്നിട്ടും ഒരു നാള്‍ എല്ലാ കെട്ടുകളും പൊട്ടിച്ച് ജലം ആര്‍ത്തിരമ്പുമ്പോള്‍ ഭയം കൊണ്ട് രോമങ്ങള്‍ എഴുന്നുനില്‍ക്കുകയും ഒടുവില്‍ ആ പ്രളയജലത്തില്‍, ഒതുക്കിയവരും അതുവരെ ഒതുങ്ങിയതുമായ സമസ്തവും എന്നേക്കുമായി അസ്തമിക്കുകയും ചെയ്യുന്നു.
നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട തിബത്തന്‍ കാഴ്ച ബഹുമാനപ്പെട്ട ദലൈലാമയുടെ അമ്പലമാണ്. അവിടെ ശാക്യമുനിയുടേയും അവലോകിതേശ്വരന്‍റെയും പത്മസംഭവന്‍റേയും അതി സുന്ദരമായ വിഗ്രഹങ്ങളുണ്ട്. പത്മസംഭവനോടുള്ള ഏഴുവരി പ്രാര്‍ഥന ഒരു തിബത്തുകാരന്‍റെ നിത്യപ്രാര്‍ഥനയാണ്.. അവരുടെ ദിവസം ആരംഭിക്കുന്നത് ഈ പ്രാര്‍ഥനയോടെയാണത്രെ.. ബുദ്ധ സന്യാസിമാര്‍ പിരീത് ചൊല്ലുമ്പോള്‍ കേള്‍പ്പിക്കുന്ന ശബ്ദം നമ്മള്‍ ‘ ക ‘ എന്ന അക്ഷരം തുടര്‍ച്ചയായി ഉച്ചരിക്കുന്നതിനോട് ഏകദേശം സാമ്യം തോന്നിക്കും . ആ പ്രാര്‍ഥനയുടെ വിവിധ ഈണങ്ങളിലെ ഏറ്റക്കുറച്ചിലുകള്‍ കേട്ടുകൊണ്ട് അങ്ങനെ നില്‍ക്കുന്നതില്‍ ഒരു തരം അഭൌമമായ ശാന്തിയുണ്ടായിരുന്നു. ശാന്തി എപ്പോഴും അങ്ങനെയാണ്… ചിലപ്പോള്‍ നമ്മള്‍ അറിയാതെ നമ്മിലേക്ക് ഒഴുകിയെത്തും… മറ്റു ചിലപ്പോള്‍ എത്ര അലഞ്ഞാലും ലഭ്യമാവില്ല…
സ്വാമിജി ചിരിച്ചു… നിത്യജീവിതത്തിന്‍റെ സകല നൂലാമാലകളിലും കുടുങ്ങിക്കിടന്ന് നെഞ്ചിലിടിക്കുകയും കണ്ണീര്‍ വാര്‍ക്കുകയും പിച്ചും പേയും പുലമ്പുകയും ചെയ്യുന്ന ഒരു സാധാരണ സ്ത്രീ ശാന്തിയെപ്പറ്റി പറയുന്നത് കേട്ടപ്പോള്‍ അദ്ദേഹം ചിരിച്ചു പോയതായിരിക്കുമോ?
യാക്ക് വെണ്ണയും ഡൈയും ചേര്‍ത്തുണ്ടാക്കുന്ന അതി മനോഹരവും സൂക്ഷ്മവുമായ വെണ്ണ ശില്‍പങ്ങള്‍ ഞാന്‍ ആദ്യം കാണുന്നത് മെക് ലോഡ് ഗഞ്ജിലാണ്. പുതുവര്‍ഷം ( ലോഗ് സര്‍ ) ആഘോഷിക്കാനും മറ്റ് മതപരമായ ചടങ്ങുകള്‍ക്കും വേണ്ടിയാണ് ഈ സൂക്ഷ്മമായ അനുഷ്ഠാനം തിബത്തുകാര്‍ നിര്‍വഹിക്കുന്നത്. ബുദ്ധവിഹാരങ്ങളിലെ കുഞ്ഞുകുഞ്ഞു കൊത്തുപണികളിലൊന്നു പോലും ഒഴിവാക്കാതെ അവയെ അപ്പാടെ വെണ്ണയില്‍ പുനര്‍സൃഷ്ടിക്കുന്ന ഈ അനുഷ്ഠാന കലാരൂപത്തിനു പരിപൂര്‍ണമായ സൌന്ദര്യത്തികവുണ്ട്. അലൌകികമായ അനുഭൂതികള്‍ പകരാനുള്ള കെല്‍പ്പുണ്ട്.
യാക്കിന്‍റെ പാലും ഉപ്പും ചേര്‍ത്ത ചായ ഒരടി പൊക്കം തോന്നിപ്പിക്കുന്ന വലിയൊരു ഗ്ലാസില്‍ ആണ് പകര്‍ന്നു കിട്ടിയത്. അപരിചിതമായ ആ രുചിയില്‍ അത്ര ആഹ്ലാദമൊന്നും അനുഭവപ്പെട്ടില്ലെങ്കിലും തണുപ്പ് പെയ്യുന്ന ആ കാലാവസ്ഥയില്‍ അതൊരു ആശ്വാസമായിരുന്നു. ആ അങ്ങാടിയിലെ തെരുവോരത്ത് അനവധി പ്രാര്‍ഥനാ ചക്രങ്ങളുണ്ടായിരുന്നു. പ്രായഭേദമെന്യേ പല ബുദ്ധഭിക്ഷുക്കളും അവ തിരിച്ചുകൊണ്ട് പ്രാര്‍ഥിക്കുന്നത് ഞാന്‍ കൌതുകത്തോടെ നോക്കി നിന്നു.
ഥാന്‍ക എന്ന് പേരുള്ള മറ്റൊരു കലാരൂപത്തെയും അവിടെ വെച്ച് ഞാന്‍ പരിചയപ്പെടുകയുണ്ടായി. അതീവ മൃദുലമായ കോട്ടണ്‍ തുണിയില്‍ അല്ലെങ്കില്‍ സില്‍ക്കില്‍ ചെയ്യുന്ന ചിത്രപ്പണികളാണ് ഥാന്‍ക . ബുദ്ധന്‍റെ ജീവിതകഥയാണ് ചിത്രപ്പണിയിലെ പ്രതിപാദ്യം. സ്വര്‍ണ്ണച്ചായത്താലും അതിസൂക്ഷ്മമായ തുന്നല്‍ വേലകളാലും നേരിയ ബ്രഷു കൊണ്ടുള്ള ചിത്രങ്ങളാലും അലംകൃതമായ ഈ പെയിന്‍റിംഗുകള്‍ വളരെ അമൂല്യവുമാണ്. ബുദ്ധമതാചാരങ്ങളിലും കഥകളിലും ഒക്കെ നല്ല പാണ്ഡിത്യവും കഴിവും ഉള്ള അനുഗൃഹീതമായ വിരലുകളുടെ ഉടമസ്ഥര്‍ക്ക് മാത്രമേ കുറ്റമറ്റ ചിത്രങ്ങള്‍ വരക്കാനാകൂ. അന്തരീക്ഷത്തില്‍ നനവ് അധികമുള്ള കാലാവസ്ഥയില്‍ ഥാന്‍ക പെയിന്‍റിംഗുകള്‍ കേടു കൂടാതെ സംരക്ഷിച്ചു വെക്കുന്നത് വലിയ പ്രയാസമുള്ള ജോലിയാണ്. ഭൂട്ടാന്‍ ഥാന്‍കകളും നേപ്പാളി ഥാന്‍കകളും ഉണ്ടെന്നും നേപ്പാളി ഥാന്‍കകളില്‍ ധാരാളം ഹിന്ദു പുരാണ കഥകള്‍ ആലേഖനം ചെയ്യപ്പെടാറുണ്ടെന്നും സ്വാമിജി പറഞ്ഞു.
ദില്ലിയിലേക്ക് മടങ്ങും മുന്‍പ് സ്വാമിജി എനിക്കൊരു പുസ്തകം സമ്മാനിച്ചു. ‘ ഫ്രീഡം ഇന്‍ എക്സൈല്‍’ എന്ന പേരുള്ള വളരെ പ്രശസ്തമായ ഒരു ആത്മകഥ… ദലൈലാമയുടെ ആത്മകഥ… ജീവിതം മുഴുവന്‍ അഭയാര്‍ഥിയായി നടന്നു തീര്‍ക്കേണ്ടി വരുന്ന, എവിടെയായിരിക്കുമ്പോഴും അവിടത്തെയല്ലാത്തെ, എന്‍റെ നാട് എന്ന് ഒരിയ്ക്കലും നെഞ്ചൂക്കോടെ അവകാശപ്പെടാനില്ലാത്ത ഒരു ജന്മത്തിന്‍റെ കഥ.. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി സംസാരിക്കുമ്പോള്‍ നിങ്ങള്‍ പരിഹസിച്ചുകൊണ്ട്, പുച്ഛിച്ചുകൊണ്ട്, നിന്ദിച്ചുകൊണ്ട് ഫെമിനിസ്റ്റെന്ന് വിളിക്കുന്നത് എനിക്ക് സമ്മതമാണെന്നും തീര്‍ച്ചയായും ഞാന്‍ ഒരു ഫെമിനിസ്റ്റാണെന്നും തുറന്നു പറഞ്ഞ ദലൈലാമയുടെ കഥ… എല്ലാ തിരിച്ചടികള്‍ക്കും ഉപരിയായി വിജയിക്കുമെന്ന പ്രതീക്ഷയോടെ എല്ലാ സമരങ്ങളും തുടരണമെന്ന് പറഞ്ഞ ദലൈലാമയുടെ കഥ…
പുസ്തകം എന്‍റെ സഞ്ചിയില്‍ നിക്ഷേപിച്ച് ഞാന്‍ സ്വാമിജിയോട്… പിന്നെ ആ ഇരുണ്ട പച്ചപ്പിനോട്… മൃദുലമായ മഞ്ഞിനോട്, കൊച്ചു കൊച്ചു നീര്‍ച്ചോലകളോട്, മഞ്ഞിന്‍റെ ഷാള്‍ പുതച്ച് നനവോടെ മിന്നിത്തിളങ്ങുന്ന ഹിമാലയ ഗിരിനിരകളോട്… എല്ലാം യാത്രാ മൊഴി പറഞ്ഞു. തിരിച്ചു വരുവാന്‍ വേണ്ടി മാത്രം…