വിവരണം – Gokul Vattackattu.
ഏകദേശം രണ്ടര വർഷം മുൻപുള്ള ഒരു യാത്രയായിരുന്നു മീശപ്പുലിമലയിലേക്ക്. ചില കാരണങ്ങളാൽ വീണ്ടും ആ യാത്ര മനസ്സിലേക്ക് വന്നു. അപ്പോ നമ്മുടെ സുഹൃത്തുക്കൾക്ക് വേണ്ടി ആ അനുഭവം ഒന്ന് വിവരിക്കാം. യാത്രയും സാഹസികതയും മാത്രം. പലവട്ടം മൂന്നാറിന്റെ ഭംഗി ആസ്വദിച്ചിട്ടുണ്ടെങ്കിലും ഇത് തികച്ചും നവ്യാനുഭവം ആയിരുന്നു! പ്രതീക്ഷിച്ചതിലും അതികഠിനവും!
വിദേശത്തെ ജോലിയിൽ നിന്നും ചൂടിൽ നിന്നും ചെറിയ ഒരു അവധി എടുത്ത് നാട്ടിലേക്ക് പോരാൻ തീരുമാനിച്ചപ്പോഴേ ഒരു യാത്ര മനസ്സിൽ ഉണ്ടായിരുന്നു. വാഗമൺ പോയി പാരാഗ്ലൈഡിംഗ് ചെയ്യാൻ ആയിരുന്നു ആഗ്രഹം. അതിനായി ഒരു അഡ്വഞ്ചർ ടൂറിസം ഏജന്റിനെ ഫേസ്‌ബുക്ക് വഴി ബന്ധപ്പെട്ടു. പക്ഷേ എന്റെ അവധി സമയം ആകുമ്പോഴേക്കും അതിന്റെ സീസൺ അവസാനിക്കും. ഫലം നിരാശ. പിന്നെ എവിടെ പോകണം എന്ന ചിന്തയായി! അവരുടെ തന്നെ website ൽ മീശപ്പുലിമല ട്രെക്കിംഗ് പാക്കേജ് കണ്ടു. Online payment ചെയ്തു. പിന്നീടാണ് മനസ്സിലായത് കേരളാ സംസ്ഥാന വനം വികസന കോർപ്പറേഷൻ ആണ് അങ്ങോട്ടുള്ള ട്രെക്കിംഗ് നടത്തുന്നത് എന്ന്. ഏജന്റ് അവർ വഴി ബുക്കിംഗ് ഏർപ്പാടാക്കി തന്നു.
അവർ നിർദേശിച്ച പ്രകാരം 2016 May 21 ശനിയാഴ്ച ഉച്ചക്ക് ഞാൻ മൂന്നാർ എത്തിച്ചേർന്നു. മൂന്നാർ ടൗണിൽ നിന്നും മാട്ടുപ്പെട്ടി റോഡിൽ ഏകദേശം 2 കിലോമീറ്റർ മാറി വനംവകുപ്പിന്റെ ഒരു പുഷ്പ ഉദ്യാനം ഉണ്ട്. അവിടെ തന്നെയാണ് വനം വകുപ്പ് ഓഫീസും. Online ആയി ലഭിച്ച രസീതിന്റെ കോപ്പി അവിടെ കാണിച്ച് പാസ്സ് വാങ്ങി. പാക്കേജിൽ ബേസ് ക്യാംപിൽ ടെന്റ് അടിച്ച് ഒരു രാത്രി താമസം, ഭക്ഷണം ക്യാംബ് ഫയർ, ട്രെക്കിംഗ് എല്ലാം ഉൾപ്പെട്ടിരുന്നു. കൂടെ വരാം എന്ന് ഏറ്റിരുന്ന സുഹൃത്ത് ശനിയാഴ്ചത്തെ ജോലിക്ക് ശേഷം കൊല്ലത്ത് നിന്നും എത്തിച്ചേരാൻ വൈകിയതിനാൽ ടെന്റിലെ താമസം മിസ്സായി.
അതിനാൽ തിരിച്ച് മൂന്നാർ ടൌണിൽ എത്തി ഒരു മുറി എടുത്ത് വിശ്രമിച്ചു.
സുഹൃത്ത് വന്നപ്പോൾ രാത്രി ഒരു മണി! വനം വകുപ്പ് ഓഫീസിൽ നിന്നും ഒരു ജീപ്പ് ഡ്രൈവറുടെ നമ്പർ തന്നിരുന്നു. അയാളെ രാവിലെ തന്നെ വിളിച്ച് മീശപ്പുലിമല ലക്ഷ്യമാക്കി യാത്ര തുടർന്നു. ബുള്ളറ്റ് ഉള്ളവർക്ക് ക്യാമ്പ് വരെ അതിൽ പോകാം. ജീപ്പിന് ഒരു സൈഡ് ആയിരം രൂപയാകും ചാർജ്. എട്ടുപേർക്ക് യാത്ര ചെയ്യാനാകും. ടൗണിൽ നിന്നും ഏകദേശം മുപ്പത് കിലോമീറ്റർ ഓഫ് റോഡ് യാത്ര, ജീപ്പിൽ! ക്യാമ്പിൽ എത്തിച്ചേർന്നു! തലേ ദിവസം കാണാത്തതിനാൽ ഞങ്ങളെ പ്രതീക്ഷിച്ചില്ലെന്ന് ക്യാമ്പിലെ കെയർടേക്കർ ശ്രീക്കുട്ടൻ! എങ്കിലും പ്രഭാത ഭക്ഷണം ലഭിച്ചു! താമസിയാതെ ആറു പേരുള്ള മറ്റൊരു ഗ്രൂപ്പിന്റെ കൂടെ ഗൈഡിനൊപ്പം ട്രെക്കിംഗ് ആരംഭിച്ചു. പ്രവാസ ജീവിതത്തിന്റെ ആലസ്യത്തിന്റെ അനന്തരഫലം എന്നോണം ശരീരം കിതക്കാൻ തുടങ്ങി! മൂന്നാറിനെ വേനൽ ബാധിക്കാത്തതിനാൽ നല്ല തണുപ്പും ഉണ്ട്! അതിനാൽ ചെറിയ പനിക്കോളും പിടിപെട്ടു!
പ്രവാസം 27 വയസ്സുള്ള എന്നെ 45 വയസ്സുകാരൻ ആക്കിയോ എന്നുള്ള ആകുലത ! കയറ്റം അതികഠിനമായ്. തണുപ്പ് കാരണം ശ്വാസം എടുക്കാൻ പോലും ബുദ്ധിമുട്ട്! ഹൃദയമിടിപ്പ് വെളിയിൽ കേൾക്കാം! എങ്കിലും മനസ്സിലെ ആഗ്രഹത്തിന്റെ ശക്തിയിൽ നടന്നു. ഒന്നും രണ്ടു മല്ല ഏകദേശം പതിനൊന്ന് കിലോമീറ്റർ! കുത്തനെ ഉള്ള കയറ്റങ്ങളും ഇറക്കങ്ങളും. കാലാവസ്ഥ അതി മനോഹരം! വഴിയിൽ ചെറിയ അരുവികൾ. 59 വയസ്സുള്ള ഗൈഡ് അണ്ണന് നിത്യതൊഴിലഭ്യാസം! പതിയെ കയറിയും വിശ്രമിച്ചും ധാരാളം വെള്ളം കുടിച്ചും ഒരു വിധം മീശപ്പുലിമല കീഴക്കി. മുകളിൽ എത്തിയപ്പോഴേക്കും ശരിക്കും ക്ഷീണിച്ചു. ക്യാമ്പിൽ നിന്നും കൊണ്ടു വന്ന ഭക്ഷണം കഴിച്ചു. കാഴ്ചകൾ ആവോളം ആസ്വദിച്ചു!
കൊളുക്കുമല തേയിലത്തോട്ടം താഴെ ദൂരെയായി കണ്ടു. പിന്നെ കുറച്ചു നേരം കൊടുമുടിയിൽ മേഘങ്ങൾക്ക് താഴെയായി കണ്ണടച്ചു വിശ്രമിച്ചു. നല്ല ഒരു വെയിൽ വന്നു ഉറക്കം കളഞ്ഞു. തിരിച്ചിറക്കം വേറെ വഴിയിലൂടെ ആയിരുന്നു. കൊക്കക്ക് അരികിലൂടെ ഉള്ള ആ ഇറക്കം ഒരേ സമയം ഭയാനകവും ത്രില്ലിംഗും ആയിരുന്നു. കയ്യിൽ ഉണ്ടായിരുന്ന വെള്ളം ഒക്കെ അപ്പോഴേക്കും തീർന്നു. കുറച്ചു ദൂരം ഇറങ്ങിയപ്പോഴേക്കും ഒരു ചെറിയ അരുവി ദൃശ്യമായി! ആവശ്യത്തിന് വെള്ളം കുടിച്ചു. അതിമധുരം!!
കയറിയതിനേക്കാളും അതി മനോഹരമായിരുന്നു ഇറങ്ങിയപ്പോൾ ഉള്ള കാഴ്ചകൾ! മഞ്ഞുമൂടിയ താഴ്വാരത്ത് കൂടി ഉള്ള യാത്ര. അത്രയും നേരത്തെ ക്ഷീണത്തെ ഒക്കെ മാറ്റി! ഇത്ര കഠിനമായ വേനലിലും മൂന്നാർ എത്ര മനോഹരമാണ്. തികച്ചും സ്വർഗസമാനം. കയറ്റം കൂടുതലും മൊട്ട കുന്നുകളിൽ കൂടി ആയിരുന്നുവെങ്കിലും ഇറക്കം നെഞ്ചറ്റം ഉള്ള കുറ്റിച്ചെടികൾക്കിടയിലൂടെ ആയിരുന്നു. കോടമഞ്ഞ് വീണു കൊണ്ടേ ഇരുന്നു. ഇറങ്ങിയ വഴി ഒരു ചെറിയ വെള്ളച്ചാട്ടത്തിന് മുകളിൽ ഉള്ള ചെറിയ കുളത്തിൽ ഇറങ്ങി കൈകാലുകൾ കഴുകി. വരുന്ന വഴി നിറയെ അട്ടകൾ ഉണ്ടായിരുന്നെങ്കിലും ഒന്നും ഞങ്ങളെ ആക്രമിച്ചില്ല.
കുത്തനെ ഉള്ള ഇറക്കവും കഠിനം. ഒന്നു കാൽ തെറ്റിയാൽ ചിലപ്പോൾ അഗാധമായ കൊക്കയിൽ വീഴാം. വളരെ ശ്രദ്ധിച്ച് ഇറങ്ങി. അവസാനം ബേസ് ക്യാമ്പിൽ എത്തിച്ചേർന്നു.. ഒരു കട്ടൻ ചായ കുടിച്ച്, നല്ല ഒരു കുളി കഴിച്ച്, മരം കോച്ചുന്ന തണുപ്പിൽ ജീപ്പ് വിളിച്ച് തിരികെ മൂന്നാറിലേക്ക്. വൈകിട്ട് 6.30 ആയപ്പോൾ ടൗൺ എത്തി. എല്ലാ സഞ്ചാരികളെയും പോലെ തേയിലപ്പൊടിയും ചോക്ലേറ്റും വാങ്ങി തിരികെ വീട്ടിലേക്കുള്ള ബസ്സും കാത്ത് നിൽപ്പായി. അടുത്ത യാത്ര ഇനി എങ്ങോട്ട്?