വിവരണം – ദീപ ഗംഗേഷ്.
അധികമാരും സഞ്ചരിക്കാത്ത വഴിയിലൂടെ പ്രിയപ്പെട്ടവരുമൊത്ത് ഒരു യാത്ര. അതിന്റെ ആനന്ദം ഭ്രമിപ്പിക്കുന്നതാണ്. എവിടെ എത്തിച്ചേരുന്നു എന്നതിലല്ല പ്രാധാന്യം.. എങ്ങനെ ആയാത്ര ആസ്വദിക്കുന്നു എന്നതിലാണ് വീട്ടുകാരോടും സുഹൃത്തുക്കളോടും കൂടി 3 ദിവസത്തെ യാത്രയ്ക്ക് ഇറങ്ങിത്തിരിച്ചതായിരുന്നു.
ഇടുക്കിഡാമും രാമയ്ക്കൽമേടും കമ്പവും കണ്ട് രാത്രി തേനിയിലെ ഹോട്ടലിൽ വിശ്രമിക്കുമ്പോൾ പിറ്റെ ദിവസം എങ്ങോട്ട് എന്ന ഒരുനിശ്ചയവും ഇല്ലായിരുന്നു. സുഹൃത്തും നല്ലൊരു യാത്രികനും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ ഷാ സിറാജിനോട് അഭിപ്രായം തേടിയതോടെയാണ് മേഘമല എന്ന് പേര് ഉരുത്തിരിഞ്ഞ് വന്നത്. റോഡിന്റെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചുവെങ്കിലും മേഘമല കാണാതെ പോകുന്നത് ഒരു നഷ്ടമായിരിക്കും എന്ന് ഷാ അഭിപ്രായപ്പെട്ടതോടെ പോകാൻ തന്നെ തീരുമാനമായി. താമസ സൗകര്യങ്ങൾ ഇല്ല എന്നുതന്നെ പറയാവുന്ന സ്ഥലത്ത് ഒരു സ്റ്റേ അദ്ദേഹം സംഘടിപ്പിച്ചു തരികയും ചെയ്തു.
പേര് അന്വർത്ഥമാക്കും വിധം തന്നെ മേഘങ്ങൾ ഒഴുകി നടക്കുന്ന സ്ഥലമാണ് മേഘമല. പച്ച നിറത്തിലുള്ള പട്ടുസാരിപുതച്ച് തിളങ്ങുന്ന വൈരക്കൽ മൂക്കുത്തിയിട്ട് മോഹിപ്പിക്കുന്ന സൗന്ദര്യവുമായിനിൽക്കുന്ന തനിനാടൻ തമിഴ് സുന്ദരിയാണവൾ. ഞങ്ങളുടെ ഡസ്റ്ററും സുഹൃത്ത് അനീഷിന്റെ ഹോണ്ട ജാസുമായിരുന്ന ഞങ്ങളുടെ വാഹനങ്ങൾ.
തേനിയിലെ മനോഹരമായ കൊച്ചു കർഷകഗ്രാമമാണ് ചിന്നമണ്ണൂർ. പല രുചികളുള്ള മട്ടൻ വിഭവങ്ങൾ ഇവിടെ കിട്ടും. വിശാലമായ പഴം-പച്ചക്കറി ചന്തയാണ് ചിന്നമണ്ണൂരിലുള്ളത് . ഇവിടെ നിന്നാണ് മേഘമലയിലേക്ക് തിരിഞ്ഞു പോകേണ്ടത്. പിറ്റേന്ന് രാവിലെ ഗൂഗിൾ ദേവതയോട് വഴി ചോദിച്ച് യാത്ര ആരംഭിച്ചു. ചിന്നമണ്ണൂരിന്റെ പ്രധാനപാതയിലൂടെതന്നെ ദേവത വഴികാട്ടി.. വഴിക്കിരുവശവും ഒരേ അകലത്തിൽ കിലോമീറ്ററുകളോളും നിരയായി നിൽക്കുന്ന പുളിമരങ്ങൾ. മൂന്നു കി.മീറ്ററോളം പിന്നിട്ടു കാണും.
പെട്ടന്നാണ് വലത്തോട്ട് തിരിയാൻ ദേവതയുടെ കല്പന. മുന്നിലെ റോഡ് കണ്ട് ഞെട്ടിപോയി എന്നു തന്നെ പറയാം. ഒരു കൊച്ചു കാറിന് കഷ്ടിച്ചു കടന്നു പോകാം. ദേവത പറ്റിച്ചു. വണ്ടി തിരിച്ച് വീണ്ടും ചിന്നമണ്ണൂരിൽ തന്നെയെത്തി. പിന്നീട് ലാലേട്ടൻ പറഞ്ഞ പോലെ നമുക്ക് ചോയ്ച്ച് ചോയ്ച്ച് പോകാം എന്നായി തീരുമാനം. മേഘമലയിലേക്കുള്ള വഴി ചോദിക്കുമ്പോൾ പലരും കാറിനുള്ളിലേക്ക് അമ്പരപ്പോടെ നോക്കുന്നത് കണ്ടു. ചന്തയിലെ തിരക്കുള്ള ഇടുങ്ങിയ തെരുവുകൾ പിന്നിട്ട് നേർരേഖയിൽ പോകുന്ന മനോഹരമായ ഒരു റോഡിലേക്കാണ് വണ്ടി എത്തിച്ചേർന്നത്.
സൂര്യരശ്മികളേറ്റ് തിളങ്ങുന്ന പുതിയ വഴി. ഇരുവശത്തും കണ്ണെത്താ ദൂരത്തോളം വിളഞ്ഞു നിൽക്കുന്ന വിജനമായ മുന്തിരിപ്പാടങ്ങൾ. ചോളപാടങ്ങൾ കടുക് പാടങ്ങൾ മുതലായവും ഉണ്ടായിരുന്നു. പാടങ്ങൾക്കതിർത്തി മലനിരകളാണ്. ഇടക്കിടെ ഇടയൻമാരും ആട്ടിൻ പറ്റങ്ങളും. പശ്ചാത്തലത്തിൽ ദൂരെയായി ഭീമൻ കാറ്റാടി യന്ത്രങ്ങളും. ഭ്രമിപ്പിക്കുന്ന കാഴ്ചകൾ. വഴിയിലെങ്ങും ഒരു വാഹനം പോലും ഇല്ല. തീർത്തും വിജനം.
കാറിന്റെ സ്പീഡ് നൂറ് കടന്നിരുന്നു. പെട്ടന്നാണത് സംഭവിച്ചത്. റോഡിൽ കുറുകനെ ഒരു മോപ്പെഡ്കാരൻ – ശ്രദ്ധയില്ലാതെ റോഡിൽ കയറിയതാണ്. കാര്യം മനസ്സിലാവും മുൻപ് വണ്ടി അടുത്തെത്തി കഴിഞ്ഞു. സഡൻ ബ്രേക്ക്… സ്പീഡ് കൊണ്ട് വണ്ടി നിരങ്ങി നീങ്ങുകയാണ്. അയാളുടെ മേൽ തട്ടാതിരിക്കാൻ ഗംഗേട്ടൻ കാർ വശത്തേക്ക് വെട്ടിച്ചു. വല്ലാത്തൊരു ഉലച്ചിലോടെ റോഡിൽ നിന്നറങ്ങി വണ്ടി നിന്നു. പിന്നാലെ അതേവേഗത്തിൽ വന്ന മറ്റേ കാർ അയാളുടെ മേൽ ഇടിച്ചു എന്നു തന്നെ കരുതി. ഭാഗ്യത്തിന് തൊട്ടു തൊട്ടില്ല എന്ന അവസ്ഥയിൽ അവരും നിന്നു.. ചുറ്റും ടയർ കരിഞ്ഞ ഗന്ധം…
ചാടിയിറങ്ങി നോക്കിയപ്പോൾ ജീവഛവം പോലെ അയാൾ വണ്ടിയിൽ തന്നെ ഇരിക്കുന്നുണ്ട്.. ഈശ്വരനോടും മറിയാതെ പിടിച്ചു നിന്ന കാറിനോടും ആദ്യം മനസ്സിൽ നന്ദി പറഞ്ഞു. ഒന്നും ചോദിക്കാനോ ചീത്ത വിളിക്കാനോ ഉള്ള മാനസികാവസ്ഥ ആയിരുന്നില്ല അപ്പോൾ .ഒന്നും സംഭവിച്ചില്ലല്ലോ… കാറിന്റെ പിൻസീറ്റിൽ ഇരുന്ന മക്കൾക്ക് വണ്ടി ഒന്നുലഞ്ഞതല്ലാതെ യാതൊന്നും പിടികിട്ടിയിരുന്നില്ല. കാറിന്റെ ഗുണം. അയാളോട് പോയ്ക്കൊളളാൻ പറഞ്ഞു. ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ തൊട്ടടുത്ത ഇടവഴിയിലേക്ക് കടന്ന് അയാൾ മറഞ്ഞു. പിന്നീട് വളരെ സൂക്ഷിച്ചായിരുന്നു യാത്ര. മനോഹരമായ ആ റോഡ് അവസാനിച്ചത് മലയടിവാരത്തിലെ ചെക്പോസ്റ്റിനു മുൻപിലാണ്.
ചെക് പോസ്റ്റിൽ നിന്നും 35 കി.മി കുത്തനെ കയറി വേണം മേഘമലയിൽ എത്താൻ.. പുഷ്പകവളവുകൾ എന്ന് വിളിക്കുന്ന 18 ഹെയർപിൻ വളവുകൾ ഇതിനിടയിലാണ്. റോഡ് വളരെ മോശമാണെന്നും ചിലയിടത്ത് റോഡ് പണി നടക്കുന്നുണ്ടെന്നും കുട്ടികൾ ഉള്ളതിനാൽ സൂക്ഷിച്ച് പോകണമെന്നും ചെക്പോസ്റ്റിൽ നിന്ന് നിർദ്ദേശം തന്നിരുന്നു. ചെക്പോസ്റ്റിനടുത്ത പേരറിയാത്ത ദൈവത്തിന്റെ കോവിലിൽ പ്രാർത്ഥിച്ച് യാത്ര തുടങ്ങി.
ആദ്യ രണ്ട് മൂന്ന് കി.മീറ്റർ കുഴപ്പമില്ലാതെ പോയി. പിന്നെയാണ് വഴിയുടെ യഥാർത്ഥ രൂപം പ്രകടമായി തുടങ്ങിയത്. തീർത്തും മണ്ണ് റോഡ്. വലിയ പാറകളും കല്ലുകളും റോഡിൽ മുഴച്ച് നിൽക്കുന്നു. പണ്ട് എന്നോ ടാറിംഗ് ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാൻ ചിലയിടങ്ങളിൽ അപൂർവ്വമായി ടാറിന്റെ തിരുശേഷിപ്പുകൾ. സെക്കന്റ് ഗിയറിനപ്പുറം മറ്റൊരു ഗിയറിനെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട.
വഴി ചോദിച്ചപ്പോൾ അത്ഭുതത്തോടെ പലരും നോക്കിയതിന്റെ കാരണം ഇതായിരുന്നു. ഡസ്റ്റർ ഓഫ് റോഡ് വാഹനം ആയതിനാൽ വലിയ പ്രശ്നം തോന്നിയില്ല. കൂടെയുള്ള ജാസിനെക്കുറിച്ചായിരുന്നു ആശങ്ക.എന്നാൽ സുഹൃത്ത് സുനിൽ ഓഫ് റോഡ് ഡ്രൈവിംഗ് ആസ്വദിക്കുകയാണെന്ന് മുഖഭാവം വ്യക്തമാക്കി.എതിർവശത്തു നിന്ന് യാതൊരു വാഹനങ്ങളും വരുന്നില്ല എന്നതായിരുന്നു ഏക ആശ്വാസം .
വഴിയരികിലെങ്ങും ഒരു മനുഷ്യജീവിയുടെയോ ആൾതാമസത്തിന്റെയോ ലക്ഷണമൊന്നും കണ്ടില്ല. അങ്ങനെ നിരങ്ങി നിരങ്ങി 20 കി.മീറ്ററോളം സഞ്ചരിച്ചു കാണും. താഴേക്ക് നോക്കിയാൽ ദൂരെ ചിന്നമണ്ണൂരും കമ്പവും കാണാം. പെട്ടന്നാണ് വഴിയുടെ രൂപം മാറിയത് – പുതിയതായി നിർമ്മിച്ച നല്ല വീതിയുള്ള കിടുക്കാച്ചി റബറൈഡ്സ് റോഡാണ് മുന്നിൽ. ആർപ്പ് വിളിയോടെയാണ് റോഡിനെ സ്വീകരിച്ചത് .. പിന്നീട് കാർ ഒഴുകുകയായിരുന്നു. കാടിനെയറിഞ്ഞ് കാടിന്റെ ഗന്ധമറിഞ്ഞുള്ള യാത്രയായി പിന്നീട്. എല്ലാ തരത്തിലുമുള്ള മൃഗങ്ങൾ മേഘമലയിൽ ഉണ്ട്. അതിനാൽ രാത്രിയിൽ ഈ വഴിയിലൂടെയുള്ള സഞ്ചാരം അതിസാഹസികമാണ്. ഫോറസ്റ്റ്കാർ അതിന് അനുവദിക്കില്ല.
തണുത്ത കാറ്റ് വീശിതുടങ്ങി. റോഡിലും താഴെയും മേഘങ്ങൾ സഞ്ചരിക്കുന്നു. വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ താഴേയ്ക്ക് നോക്കുന്ന പ്രതീതി. മലഞ്ചെരിവിൽ അല്പം താഴെയായി ഒരു കെട്ടിടം ശ്രദ്ധയിൽപ്പെട്ടത് അപ്പോഴാണ്. കാറുകൾ ഒതുക്കിനിർത്തി മൃദുലും സുനിലും കൂടി താമസം അന്വേഷിക്കുന്നതിനായി താഴേക്കിറങ്ങി. അതു തന്നെ ആയിരുന്നു ഞങ്ങൾ താമസിക്കാൻ ബുക്ക് ചെയ്തിരുന്ന സ്ഥലം.
ചെറിയൊരു വഴിയിലൂടെ കാറുകൾ താഴോട്ടിറക്കി റിസോർട്ടിനു മുന്നിലെത്തി. വല്ലാത്തൊരു വ്യൂ പോയൻറിലാണ് ആ കെട്ടിടം നിൽക്കുന്നത്. താഴെ ചെറിയ ചെറിയ മലകൾ നിരന്ന് നിൽക്കുന്നത്, കുട്ടിക്കാലത്ത് ചിരട്ടകൊണ്ട് മണ്ണപ്പം ചുട്ട് കളിച്ചതിനെ ഓർമ്മപ്പെടുത്തി. എത്രയോ ഉയരത്തിലാണ് നമ്മളെന്ന് മേഘങ്ങൾ പറഞ്ഞു തന്നു .എങ്ങും പച്ചപ്പ് മാത്രം. ചെറിയ കോടമഞ്ഞ് അവിടവിടെ പഞ്ഞി ചിതറിയ പോലെ കിടക്കുന്നുണ്ട്. മഞ്ഞിന്റെ തരിപ്പ് കാലിൽ പടരുന്നു. കുളിര് കോരുന്ന ഒരു ദൃശ്യാനുഭവം. കെട്ടിടത്തിന് പഴക്കം ഉണ്ട്. കൃത്യമായി പരിചരിക്കപ്പെടുന്നില്ല എന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാവും. വല്ലപ്പോഴും സഞ്ചാരികൾ വരുമ്പോൾ മാത്രമാണ് തുറക്കുന്നത്.
താമസസ്ഥലത്തിന്റെ പോരായ്മകൾ പ്രകൃതിയുടെ ഭംഗിയാൽ നികത്തപ്പെട്ടു. താഴ്‌വാരങ്ങളിലേക്ക് തുറക്കുന്ന രണ്ടുവശം മുഴുവനും ചില്ലുജാലകങ്ങളായ ഒരു റൂമിലാണ് ഞങ്ങളുടെ കുടുംബം ചേക്കേറിയത്. യാതൊരു പ്രൈവസിയും ഇല്ലാത്തൊരു മുറി. ജാലകങ്ങൾക്ക് കർട്ടനൊന്നുമില്ല .ഉള്ളത് തന്നെ പഴകി ദ്രവിച്ചു തുടങ്ങി. അടഞ്ഞുകിടന്നതിന്റെ ജീർണ്ണ ഗന്ധം വായുവിന്. അപ്പുറത്ത് ഇതിലും ഭേദപ്പെട്ട മുറികൾ ഉണ്ട് എന്നറിഞ്ഞിട്ടും അത് ഉപേക്ഷിക്കാൻ തോന്നിയില്ല. പക്ഷെ മേഘമലയുടെ യഥാർത്ഥ ഭംഗി ആസ്വദിക്കാൻ എനിക്ക് കിട്ടിയ സൗഭാഗ്യമായിരുന്നു അത്.
ചിന്നമണ്ണൂരിൽ നിന്ന് രാവിലെയും വൈകീട്ടും മേഘമലയിലേക്ക് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ്സുണ്ട്. തേയില തോട്ടങ്ങളിലേക്കും മറ്റു ജോലികൾക്കും വരുന്ന തൊഴിലാളികൾ രാവിലത്തെ ബസ്സിൽ വന്ന് വൈകുന്നേരത്തെ ബസ്സിൽ മടങ്ങുന്നു. അവർക്ക് വേണ്ടിയാണ് അത് ഓടുന്നത് തന്നെ എന്നു തോന്നും. ഞങ്ങളുടെ റിസോർട്ടിലെ ജീവനക്കാരും ഗസ്റ്റ് ഉള്ള ദിവസം അതിലാണെത്രെ താഴെ നിന്ന് വരുന്നത്. ഇതല്ലാതെ റോഡിൽ വാഹനങ്ങൾ അപൂർവ്വ കാഴ്ചയാണ്. സഞ്ചാരികൾ മേഘമലയെക്കുറിച്ച് അധികം അറിഞ്ഞു തുടങ്ങിയിട്ടില്ല എന്നു തോനുന്നു.റോഡിന്റെ ശോചനീയാവസ്ഥ തന്നെ മറ്റൊരു പ്രധാന പ്രശ്നം.
രാത്രി ആഹ്ലാദഭരിതമായിരുന്നു. അന്താക്ഷരിയും കവിതയും പാട്ടുമായി ഞങ്ങൾ ആഘോഷമാക്കി. ഈ കലാ പരിപാടികൾ അരങ്ങേറിയിരുന്നത് നടുറോഡിൽ പരസ്പരം മനസ്സിലാക്കാൻ സാധിക്കാത്ത കൂരിരുട്ടിൽ ആയിരുന്നു എന്നതാണ് ഏറ്റവും രസം. ഇതിനിടയിൽ മൃദുൽ എന്നേയും ഏട്ടനേയും വിളിച്ചു കൊണ്ട് പോയി സുന്ദരമായ ഒരു കാഴ്ച കാണിച്ചു തന്നു. സാധാരണ ആകാശത്താണ് നക്ഷത്രങ്ങളെ കാണുക. അവിടെ താഴെ ഭൂമിയിലെ മിന്നിതിളങ്ങുന്ന നക്ഷത്രക്കൂട്ടങ്ങളെയാണ് ഞങ്ങൾ കണ്ടത്. വലിയ പ്രകാശം ചൊരിയുന്ന വിളക്കുകൾ ആയിരുന്നിരിക്കണം അത്. ഒരു റൊമാന്റിക് മൂഡ് സൃഷ്ടിക്കാൻ പറ്റിയ സാഹചര്യം. മഹാനായ സഞ്ചാരി ഇബനു ബത്തൂത്തയുടെ വാക്കുകൾ പോലെ യാത്ര. ആദ്യം അത് നിങ്ങളെ നിശബ്ദനാക്കുന്നു. പിന്നീടൊരു കഥാകാരനും.
രാവിലെ ആറുമണിയോടെ എഴുന്നേറ്റു. വെളിച്ചം വീണു തുടങ്ങുന്നു. ചില്ലുജാലകങ്ങൾക്കപ്പുറം ഞാൻ കണ്ട കാഴ്ചയുടെ ഭംഗി വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയുന്നതായിരുന്നില്ല. സിനിമകളിൽ ആകാശത്തിലെ നൃത്തരംഗങ്ങളുടെ പശ്ചാത്തലമില്ലേ അതുപോലെ എന്റെ ജാലകംവരെ നിറയെ ഉരുണ്ട മേഘങ്ങൾ സമുദ്രംപോലെ പരന്ന് കിടക്കുന്നു. ഇതല്ലാതെ ചുറ്റുപാട് ഒന്നും കാണുന്നില്ല. നമ്മളേതൊ ആകാശ കൊട്ടാരത്തിലാണെന്ന് തോന്നിപോകും. ജാലകങ്ങൾ തുറന്ന് ആ പഞ്ഞി കെട്ടുകളിലേക്ക് എടുത്ത് ചാടാൻ പോലും തോന്നിപോയി.
ദൂരെ മലകൾക്കിടയിൽ വർണ്ണശബളമായ ഒരു സൂര്യോദയവും അവിടെയിരുന്ന് കാണാൻ കഴിഞ്ഞു. മോണിംഗ് വോക്ക് ആയിരുന്നു അതിലും രസം. മഞ്ഞിന്റെ കുളിരിൽ നടുറോഡിലൂടെ കൈവിരിച്ച് പാട്ടും പാടി നടക്കാനും ഒരു ഭാഗ്യം വേണം. വഴിയരികിലെ കലുങ്കിലിരുന്ന് പരസ്പരം കളിയാക്കി. കുരങ്ങൻമാരോട് തമാശക്ക് വഴക്കുണ്ടാക്കി. വിജനതയുടെ സ്വാതന്ത്ര്യം ഒന്ന് വേറേ തന്നെ.
പ്രഭാത ഭക്ഷണത്തിനു ശേഷം വീണ്ടും മുകളിലേക്കൊരു മാത്ര. തേയിലക്കാടുകളുടെ സൗന്ദര്യം മൂന്നാറിനെ തോൽപ്പിക്കും. മലനിരകളിൽ ആരംഭിച്ച് തട്ടുകളായി ഇറങ്ങി താഴെ നീലജലാശയത്തിൽ അവസാനിക്കുന്ന തേയിലത്തോട്ടങ്ങൾ. എപ്പോഴും വീശുന്ന തണുത്ത കാറ്റും മേഘങ്ങളുടെ സാന്നിദ്ധ്യവും മേഘമലയെ വ്യത്യസ്തയാക്കുന്നു. ബ്രട്ടീഷ് അധിനിവേശത്തിന്റെ ബാക്കിപത്രങ്ങളാണ് മേഘമലയിലെ വളരെ കുറച്ചുള്ള കെട്ടിടങ്ങളിൽ അധികവും.
ദൂരെയുള്ള കോവിലിൽ നിന്ന് തമിഴ് ഭക്തിഗാനങ്ങൾ അലയടിക്കുന്നു. വഴിയരികിലെ ചെറിയ വെള്ളച്ചാട്ടം പോലുള്ള നീർചോലയിൽ മുഖം കഴുകിയപ്പോൾ വെള്ളത്തിന് ഐസിന്റെ തണുപ്പ്. ബുള്ളറ്റിൽ ഗ്രൂപ്പായി സഞ്ചാരത്തിനിറങ്ങിയ കൊല്ലംകാരായ ചെറുപ്പക്കാരോട് കുശലാന്വേഷണവും നടത്തി. അങ്ങനെ മേഘമലയെ അറിയുകയാണ്. തീർച്ചയായും സഞ്ചാര സൗഹൃദ മേഖലയല്ല മേഘമല. സഞ്ചാരികളെ ആകർഷിക്കാൻ അവർ യാതൊന്നും ചെയ്യുന്നില്ല. എന്നാലും ഒരു യഥാർത്ഥയാത്രികന്റെ മനസ്സ് നിറയ്ക്കാൻ ആവശ്യമായതെല്ലാം അവിടെയുണ്ട്.
റോഡ് പണി നടക്കുന്നതിനാൽ ഒരുപാട് ദൂരം വീണ്ടും മുന്നോട്ട് പോവാൻ കഴിഞ്ഞില്ല. താഴെ വഴി മുഴുവൻ ചെളി നിറഞ്ഞിരിക്കുകയാണെന്നും കാർ താഴാൻ സാദ്ധ്യത ഉണ്ടെന്നും അവർ മുന്നറിയിപ്പ് തന്നു. താഴെ നിന്ന് കയറി വന്ന ഒരു ജീപ്പ് കണ്ണിൽപ്പെട്ടതോടെ മുന്നോട്ട് പോവുക എന്ന തീരുമാനം വേണ്ടെന്നു വച്ചു. മൊത്തം ചെളിയിൽ താഴ്ന്ന്പോയ പോലെയാണ് അത് കടന്ന് വന്നത്. അതിൽ വെള്ളമുണ്ടുടുത്ത് യാത്ര ചെയ്ത തമിഴ് മദ്ധ്യവയസ്കന്റെയും കുടുംബത്തിന്റെയും തിരികെ വരുന്ന രൂപം കണ്ട് അറിയാതെ ചിരിച്ചു പോയി. ഉച്ചയോടെ മേഘമലയിൽ നിന്ന് മടക്കയാത്ര ആരംഭിച്ചു. സഞ്ചാരികളോട് യാതൊരു താൽപര്യവും കാണിക്കാതെ ആ തമിഴ് സുന്ദരി ഞങ്ങൾക്ക് പിറകിലായി അങ്ങനെ മോഹിപ്പിച്ച് നിലകൊണ്ടു.