എഴുത്ത് – ശുഭ ചെറിയത്ത്.
അച്ഛൻ്റെ കൈവിരലിൽ തൂങ്ങി നടത്തിയ കൊച്ചു കൊച്ചു യാത്രകളിലൂടെയാണ് യാത്രകളെ പ്രണയിച്ചു തുടങ്ങിയത് . അച്ഛനവധിക്കെത്താൻ കാത്തിരുന്ന ബാല്യം, അച്ഛനൊപ്പമുള്ള യാത്രകളേയും സ്വപ്നം കണ്ടിരുന്നു . ചിലപ്പോഴൊക്കെ അത് അടുത്തുള്ള അമ്മ വീട്ടിലേക്കാവാം .ഇടവഴി താണ്ടി വയൽ വരമ്പിലൂടെ നാരാണേട്ടൻ്റെ ചായക്കടവരെയാകാം. കുഞ്ഞുടുപ്പുകൾ വാങ്ങാൻ തൊട്ടടുത്ത ഇരിട്ടി പട്ടണത്തിലാകാം. അതുമല്ലെങ്കിൽ അച്ഛൻ്റെ നാടായ പ്രകൃതി ഭംഗിയാൽ അനുഗ്രഹീതമായ തളിപറമ്പിനടുത്തുളള മംഗലശ്ശേരിയിലേക്കാവാം ..
രണ്ടു മൂന്നു ബസ് മാറി കേറിയുള്ള മംഗലശ്ശേരി യാത്രക്ക് നീണ്ട ടൂർ പോകുന്ന ഭാവവും തയ്യാറെടുപ്പുമായിരുന്നു .ആ സമയമാകുമോൾ ഇത്തിരി അഹങ്കാരം കൂടും .കാരണം അന്ന് നാട്ടിൽ ഇത്ര ദൂരെ അച്ഛൻ്റെയോ അമ്മയുടേയോ വീടുള്ളവർ കൂട്ടുകാരിൽ ആരുമുണ്ടായിരുന്നില്ല .അക്കാരണത്താൽ അവരിലും അസൂയ നാമ്പിട്ടിരിക്കുന്നു .ഗൾഫ് യാത്രയ്ക്കുള്ള തയ്യറെടുപ്പു പോലെയാണ് ഒരുക്കങ്ങൾ .പുത്തനുടുപ്പും പുതിയ ചെരിപ്പുമൊക്കെ ആ യാത്രയ്ക്കായാണ് വാങ്ങുക .അതിൻ്റെ അഹ്ലാദം കുഞ്ഞു മനസ്സിൽ അലതല്ലുന്നുണ്ടാകും വർഷത്തിൽ ഒരിക്കൽ മാത്രം കണ്ണൂരും തളിപറമ്പും മൊക്കെ കാണാൻ കിട്ടുന്ന അവസരം .ടി വി എന്തെന്നു പോലും അറിയാത്ത അക്കാലത്ത് രണ്ടാം ക്ലാസ്സുകാരിയായ എനിക്ക് നീണ്ടു നിവർന്നു കിടക്കുന്ന ലോകത്തെക്കുറിച്ച് ഇത്തിരിയെങ്കിലും ധാരണ കിട്ടുന്നത് ഈ യാത്രയിലാണ് .അതുകൊണ്ട് ബസിലിരുന്ന് പുറം കാഴ്ചകളിലേക്ക് കണ്ണും നട്ട് ഞാൻ ഇരിക്കും .തളിപറമ്പിൽ നിന്ന് ഓട്ടോയിൽ കയറി തറവാട് വീട്ടിലേക്ക് ..
ഒരു വശത്ത് നിറഞ്ഞൊഴുകുന്ന പട്ടുവം പുഴയെ നോക്കി അച്ഛൻ തൻ്റെവീര സാഹസിക കഥകൾ നിറഞ്ഞ ഓർമകളുടെ ഭാണ്ഡം തുറക്കും .പുഴ മുറിച്ചു നീന്തിയതും മുതലയെ കണ്ടതും മഴക്കാലത്ത് തറവാട് വീട്ടിൻ്റെ മുറ്റം വരെ വെള്ളമെത്തിയതും മൂന്നു ആനയുള്ള തറവാട്ടിൽ ആന പുറത്തേറിയുള്ള യാത്രയുംമൊക്കെ .ഇതൊക്കെ കേട്ട് എൻ്റെ മനസ്സിൽ അച്ഛനൊരു വീരപുരുഷന്റെ പരിവേഷമായിരുന്നു .ഓട്ടോയിറങ്ങി വയൽ വരമ്പിലൂടെ വീട്ടിലേക്കുള്ള നടത്തത്തിനിടയിൽ ” ആരിതു കിട്ടനോ ( അച്ഛൻ്റെ ചെല്ലപ്പേര് ) എന്നു തുടങ്ങി വഴിയിലുടനീളം കുശലാന്വേഷണങ്ങൾ .അപ്പോൾ ഗൗരവക്കാരനായ പട്ടാളക്കാരനിൽ നിന്നും കൊച്ചു കുഞ്ഞിൻ്റെ നിഷ്കളങ്കത അച്ഛൻ്റെ മുഖത്ത് കാണാം .അല്ലേലും ജനിച്ചു കളിച്ചു വളർന്ന മണ്ണിലെത്തുമ്പോൾ നാമും കുട്ടികളാവുമല്ലോ..
അല്പം മുതിർന്നപ്പോൾ എല്ലാ മധ്യവേനലവധിക്കും അച്ഛനൊപ്പം ഊട്ടി യാത്ര പതിവായി. ഒരേ സ്ഥലങ്ങളിലേക്കുള്ള തുടർച്ചയായുള്ള യാത്രയും കാഴ്ചകളും മടുപ്പുളവാകാതെ ആസ്വദിക്കാൻ ഇന്നും എനിക്ക് സാധിക്കുന്നതിന് കാരണം ഈ ഊട്ടി തന്നെ .. ആദ്യകാലത്ത് തുടർച്ചയായുള്ള ഊട്ടി കാഴ്ചകൾ വിരസമായപ്പോൾ സൂക്ഷ്മമായി ഞാൻ കാഴ്ചകളെ അസ്വദിക്കാൻ തുടങ്ങി . പിന്നിടങ്ങോട്ടുള്ള ഓരോ യാത്രകളു വിസ്മയങ്ങളുടെ പറുദീസയായിരുന്നു.
സ്ക്കൂൾ വിനോദയാത്രയായിരുന്നു മറ്റൊന്ന് .ആറാം ക്ലാസ്സിലെയും ഏഴാം ക്ലാസ്സിലെയും മൈസൂർ മലമ്പുഴ യാത്രയും ഓർമ്മകളിൽ ഇന്നും വസന്തമായി പരിലസിക്കുന്നു .പിന്നീട് ഹൈസ്ക്കൂൾ തലത്തിലെത്തിയപ്പോൾ സ്ക്കൂളിൽ വിനോദയാത്രയിൽ പങ്കെടുക്കുന്നതിന് അമ്മ എനിക്ക് വിലക്കേർപ്പെടുത്തി .മുതിർന്ന പെൺകുട്ടികൾ ഇത്തരം യാത്രകളിൽ സുരക്ഷിതരല്ല എന്ന അമ്മയുടേതായ ചിന്താഗതി .ക്ലാസ്സിൽ നിന്നും അന്നു യാത്ര പോയ പല പെൺകുട്ടികളും തിരികെ വന്ന് യാത്രാ വിശേഷങ്ങൾ പങ്കു വച്ചപ്പോൾ നഷ്ടബോധത്താൽ എൻ്റെ ഉള്ളം നീറി.
പിന്നെ കിട്ടുന്ന ചെറു യാത്ര എന്നു പറയുന്നത് കുടുംബത്തിലോ നാട്ടിലോ ള്ള കല്യാണങ്ങൾ ആയിരുന്നു .അക്കാലങ്ങളിൽ എല്ലാവരും ദൂരനാട്ടിൽ നിന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്ന ആളാണ് ഞാൻ .( അതു കൊണ്ടാവാം ഞാനും അകലേയുള നാട്ടിലേക്ക് വിവാഹിതയായി എത്തിയും ).കല്യാണം സൽക്കാരം തുടങ്ങി വിവിധങ്ങളായ പരിപാടികൾ . ചെറുക്കൻ്റെയോ പെണ്ണിൻ്റെയോ വീട്ടുകാരായി എവിടെത്തിയാലും നാടും വീടും എന്നും വേണ്ട വീടിൻ്റെ മൊത്തം മാസ്റ്റർ പ്ലാൻ കയ്യിലെടുക്കുന്ന അമ്മായിമാരും വല്യമ്മമാരും പിറകെ ഞങ്ങൾ കുട്ടി പട്ടാളവും .കൂട്ടത്തിലുള്ള ഏറ്റവും നല്ല വാഹനത്തിലേ കയറുകയും ചെയ്യൂ .ഒരു കല്യാണവും അക്കാലത്ത് ഒഴിവാക്കാറുമില്ലായിരുന്നു .
വിവാഹ ശേഷമാണ് പിന്നീട് കൂടുതലായി യാത്രകൾ ചെയ്യാനും യാത്രകളെ സ്വപ്നം കാണാനും തുടങ്ങിയത്. യാത്ര ഒരു ലഹരിയാണ്. നമ്മെ നാമായി മാറ്റാൻ ഉതകുന്ന ലഹരി..