വിവരണം – ഷെരീഫ് ഇബ്രാഹിം.

1964 ലോ 1965 ലോ ആയിരിക്കാം ഈ ഫോട്ടോ എടുത്തത്. ഈ പള്ളിയാണ് അന്ന് അബൂദാബിയിലുണ്ടായിരുന്ന ഏറ്റവും വലിയ പള്ളിയായ ഗ്രാൻഡ് മോസ്‌ക് (ജുമാ മസ്ജിദ്). മറ്റേ വലിയ കെട്ടിടമാണ് ഖസ്ർ അൽഹൊസൻ (അൽഹൊസൻ പാലസ്). ഇനി എന്റെ അനുഭവങ്ങൾ ഓർമയിൽ നിന്ന് എഴുതാം. ഏകദേശം അമ്പത് വർഷങ്ങളോളം മുമ്പുള്ള കാര്യങ്ങളാണ് ഞാൻ ഓർമയിൽ നിന്നെടുത്ത് എഴുതുന്നതെന്ന് നിങ്ങൾ മനസ്സിലാക്കണം. ഞാൻ എഴുതുന്നത് 1972 ലെ കാര്യമാണ്.

ഈ പള്ളിയുടെ ഒരു പ്രത്യേകത അന്ന് ഞാന്‍ കാണുകയുണ്ടായി. ഈ പള്ളിയുടെ ഉൾഭാഗത്ത് തന്നെ (ഫോട്ടോ ശ്രദ്ധിക്കുക) മുകൾഭാഗം ഓപ്പണ്‍ ആയ ഒരു ഭാഗം ഉണ്ടായിരുന്നു. അതില്‍ ചെറിയ വാട്ടർ ഫൌണ്ടന്‍ ഉണ്ടായിരുന്നു. പള്ളിയുടെ ഉള്ളിലോ വാട്ടർ ഫൗണ്ടൻ എന്ന് അതിശയം തോന്നുന്നു അല്ലെ? അല്ലാതെ അവിടെ പള്ളിയുടെ ഉള്ളിലോ അടുത്തോ മറ്റൊരിടത്തും ജാറങ്ങൾ ഇല്ല.

പള്ളിയുടെയും ഖസ്ർ അൽ ഹോസന്റെയും ഇടയിലുള്ള ടാർ ഇട്ട റോഡ് മീനയിൽ (സീപോർട്ട്) നിന്ന് ബത്തീനിലേക്ക് പോകുന്ന റോഡാണ്. ഫോട്ടോവിന്റെ ഇടത്ത് ഭാഗത്ത് കാണുന്ന മണൽ റോഡ് ആണ് പഴയ (ഇപ്പോഴത്തെയല്ല) ക്ളോക്ക് ടവറിൽ നിന്ന് പഴയ എയർപോർട്ടിലേക്ക് പോകുന്ന റോഡ് ആയി മാറിയ ഓൾഡ് എയർപോർട്ട് റോഡ്. ഈ റോഡ് ടാർ ചെയ്തത് H.H. ഷെയ്ഖ് ഷേഖ്‌ബൂത്ത് ആയിരുന്നു. അത് കൊണ്ട് അദ്ദേഹത്തിന്റെ ഭരണം അവസാനിച്ചത് 1966 ഓഗസ്റ്റ് ആണ്. അത് കൊണ്ടാണ് 1964-1965 എന്ന് വർഷം ഞാൻ കണക്കു കൂട്ടിയത്.

ഫോട്ടോവിന്റെ വലത്ത് മുകൾ ഭാഗത്ത് പാലസിന്റെ അടുത്ത് കുറച്ചു വീടുകൾ കാണുന്നില്ലേ? ആ സ്ഥലമാണ് ദാഇറത്തുൽമിയ എന്ന സ്ഥലം. അവിടെ ചില വീടുകൾ കാണുന്നില്ലേ? അവിടെയാണ് പാവപ്പെട്ട അറബികൾക്ക് ഭരണാധികാരിയായിരുന്ന H.H. ഷെയ്ഖ് ശഖ്‌ബൂത്ത് ബിൻ സുൽത്താൻ സൗജന്യമായി വീട് പണിത് കൊടുത്തത്. (ഈ സിസ്റ്റം പിന്നീട് H.H. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ ശാബിയ മുശ്രിഫിലും പിന്നീട് മറ്റു പലയിടത്തും ചെയ്തു).

ആ വീടുകളുടെ വലിയ സിറ്റിംഗ് റൂം മലയാളികൾക്ക് വാടകക്ക് കൊടുത്ത് പോക്കറ്റ് മണി ഉണ്ടാക്കുന്ന ഏർപ്പാട് ആ പാവപ്പെട്ട അറബികൾക്കുണ്ടായിരുന്നു. അങ്ങിനെയുള്ള ഒരു മുറിയിലാണ് ഞാൻ ചാവക്കാട്ടുകാരായ (വെളിച്ചെണ്ണപ്പടി, ആറങ്ങാടി, ബ്ലാങ്ങാട്, തിരുവത്ര, അഞ്ചങ്ങാടി) എട്ടു പേരോടൊപ്പം രണ്ടു വർഷം താമസിച്ചത്.

ഈ പാലസിന് ശേഷമാണ് അൽമൻഹൽ പാലസ് വന്നത്. അത് ഈ പോസ്റ്റ് ഓഫീസിനടുത്തായിരുന്നു. പിന്നെ മറ്റു പല പാലസുകളും വന്നപ്പോൾ ഈ അൽഹൊസൻ പാലസ് ഉപയോഗിക്കാതെ ഇപ്പോൾ പുരാവസ്തു വകുപ്പിന്റെ കീഴിലായി എന്നാണു എനിക്ക് കിട്ടിയ വിവരം.

ഈ പള്ളിയുടെ അടുത്താണ് പിന്നീട് അബുദാബി ജനറൽ പോസ്റ്റ് ഓഫീസ് വന്നത്. അതിന്റെ മുമ്പിലുള്ള ഗാനെം അൽഹാമെലി എന്നും റാശിദ് അൽഹാമിലി എന്നും പേരുള്ള രണ്ടു സഹോദരന്മാരുടെ അൽ ഹാമിലി ജനറൽ ട്രാൻസ്‌പോർട്ടിങ് & കോൺട്രാക്ടിങ് കമ്പനിയുടെ സ്പെയർ പാർട്സ് കടയിലായിരുന്നു എനിക്ക് ജോലി. ഞാൻ താമസിക്കുന്ന ദാഇറത്തുൽ മിയയിലേക്ക് പോയിരുന്നത് ഈ മണൽ റോഡിലൂടെ സാധാരണ സൈക്കിളിൽ (മോട്ടോർ സൈക്കിൾ അല്ല) ആയിരുന്നു.

ഇനി ഈ പാലസിനെപ്പറ്റി.. ഇത് പണിതത് H.H. ഷെയ്ഖ് ശഖ്‌ബൂത്ത് ബിൻ സുൽത്താൻ ആണെന്നാണ് എന്റെ അറിവ്. പക്ഷെ ഒരു കാര്യം ഉറപ്പുണ്ട്. അതായത് ഈ അബുദാബി ദ്വീപിലേക്ക് അറബികൾ സ്ഥിരമായി താമസം തുടങ്ങിയ കാലത്തിന്റെ തുടക്കത്തിൽ തന്നെ ഷെയ്ഖ് ശഖ്‌ബൂത്ത് താമസിക്കുന്നത് അൽഐനിൽ ആയാലും ലീവായിൽ ആയാലും ഇടയ്ക്കിടെ ഈ പാലസിൽ വരികയും താമസിക്കുകയും ചെയ്യാറുണ്ടായിരുന്നു. അത് കൊണ്ടായിരിക്കാം ആദ്യത്തെ താമസക്കാരായ അറബികൾ ഈ പാലസിന്റെ ചുറ്റുപാടുള്ള ദാഇറത്തുൽ മിയ തിരഞ്ഞെടുത്തത്.

ഞാൻ ജോലി ചെയ്ത സ്ഥാപനത്തിന്റെ പിന്നിലായിരുന്നു മദീന സായിദ്. അവിടെ ചുറ്റും മതിൽകെട്ടിയ ഒരു പഴയ ഖബർസ്ഥാൻ ഞാൻ കാണുകയുണ്ടായി. ഞാൻ ചെല്ലുന്ന കാലത്ത് അവിടെ മറവു ചെയ്തിരുന്നില്ല. മറവ് ചെയ്തിരുന്നത് ഉമ്മുനാറിന്നും മഫ്‌റക്കിനും ഇടക്കുള്ള സ്ഥലത്തായിരുന്നു. പക്ഷെ, ഞാൻ എത്തിയ കാലം കഴിഞ്ഞു ഒരു വർഷത്തിനുള്ളിൽ ആ കബർസ്ഥാൻ അടിച്ചു നിരപ്പാക്കി. പിന്നീട് അത് പൂന്തോട്ടമാക്കി.

ഞാൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ അടുത്ത് ഒരു പുതിയ കെട്ടിടം പണിയാൻവേണ്ടി കുഴി എടുത്തു. വെറും പൂഴിമണൽ ആയിരുന്നു. സൈഡിൽ സുരക്ഷക്കായി സംവിധാനം വേണമെന്ന നിയമം അന്നുണ്ടായിരുന്നില്ല. പത്തുപന്ത്രണ്ടടി താഴ്ച്ചയിൽ നിന്ന് മണ്ണ് കുഴിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് മണ്ണിടിഞ്ഞു രണ്ടു പേർ അതിനടിയിൽപ്പെട്ടതും അവർ ജീവനോടെ കുഴിച്ചു മൂടപ്പെട്ടതും ഫയർ ഫോഴ്സ് വന്നു ജഡം പുറത്തെടുത്തതും കാണാനുള്ള ദുർവിധി എനിക്കുണ്ടായി. അന്നത്തെ കാലമാണെന്ന് ഓർക്കണം. ജെസിബി തുടങ്ങിയ സാമഗ്രികൾ ഇല്ലാഞ്ഞത് കൊണ്ടോ അതോ ലാഭം നോക്കി അറബി ചെയ്തതാണോ എന്നത് ഇന്നും എനിക്ക് ഉത്തരം കിട്ടാത്ത സമസ്യയായിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.