കർണാടകയിലെ പ്രധാനപ്പെട്ട രണ്ടു നഗരങ്ങളാണ് ബെംഗളൂരുവും മൈസൂരും. ഈ രണ്ടു സ്ഥലങ്ങളിൽ നിന്നും ദിവസേന ധാരാളമാളുകളാണ് പല കാര്യങ്ങൾക്കായി അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നത്. നിലവിൽ ബസ് മാർഗ്ഗവും ട്രെയിൻ മാർഗ്ഗവുമാണ് ഈ യാത്രയ്ക്കായി ആളുകൾ തിരഞ്ഞെടുക്കുന്നത്.
ബെംഗളൂരു – മൈസൂർ റൂട്ടിലെ ബസ് ചാർജ്ജ് സാധാരണക്കാരായ ഗ്രാമീണർക്ക് താങ്ങുവാൻ സാധിക്കുന്നതല്ല. അതുകൊണ്ട് മിക്കവാറും സ്ഥിരയാത്രക്കാർ ഈ റൂട്ടിൽ ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് ഈ റൂട്ടിലെ പാസഞ്ചർ ട്രെയിനുകളിൽ കാലു കുത്താനിടം കിട്ടാത്ത തരത്തിലുള്ള തിരക്കായിരിക്കും.
ഈ യാത്രാക്ലേശങ്ങൾക്ക് ഒരു പരിധിവരെ അറുതി വരുത്തുവാനായി ബെംഗളൂരു – മൈസൂർ റൂട്ടിൽ റെയിൽവേയുടെ മെമു സർവ്വീസ് ആരംഭിക്കുകയാണ്. നിലവിൽ ബെംഗളൂരുവിൽ നിന്നും രാമനഗരം വരെ സർവ്വീസ് നടത്തുന്ന മെമു സർവ്വീസ് മൈസൂർ വരെ നീട്ടുകയാണ് ചെയ്യുന്നത്.
ഈ മെമു സർവ്വീസ് ബെംഗളൂരുവിൽ നിന്നും മൈസൂരിലേക്ക് ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായിരിക്കും സർവ്വീസ് നടത്തുക. മൈസൂരിൽ നിന്നും തിരികെ ബെംഗളുരുവിലേക്ക് വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലും സർവ്വീസ് നടത്തും. വരുന്ന ഡിസംബർ 27 മുതലായിരിക്കും നിലവിൽ രാമനഗരം വരെ ഓടിക്കൊണ്ടിരിക്കുന്ന ഈ മെമു സർവ്വീസ് മൈസൂരിലേക്ക് നീട്ടിക്കൊണ്ട് യാത്രയാരംഭിക്കുക.
രണ്ടു മെമുകളായിരിക്കും ഈ റൂട്ടിൽ അങ്ങോട്ടുമിങ്ങോട്ടുമായി സർവ്വീസ് നടത്തുക. ഒരെണ്ണം (ട്രെയിൻ നമ്പർ – 06576) മൈസൂരിൽ നിന്നും വൈകീട്ട് 4.45 നു പുറപ്പെടുകയും രാത്രി 8.30 ഓടെ ബെംഗളൂരുവിൽ എത്തിച്ചേരുകയും ചെയ്യും. അതുപോലെതന്നെ രണ്ടാമത്തെ ട്രെയിൻ (ട്രെയിൻ നമ്പർ – 06575) ബെംഗളൂരുവിൽ നിന്നും രാത്രി 7.55 നു പുറപ്പെടുകയും മൈസൂരിൽ രാത്രി 10.50 നു എത്തിച്ചേരുകയും ചെയ്യും.
മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുവാൻ സാധിക്കുന്ന മെമു ട്രെയിനുകളാണ് ഈ റൂട്ടിൽ സർവ്വീസ് നടത്തുന്നത്. എന്നാൽ എല്ലായ്‌പ്പോഴും ഈ വേഗതയിൽ ഓടുവാൻ സാധിക്കില്ല.
മെമു നിർത്തുന്ന സ്റ്റോപ്പുകൾ (ബെംഗളൂരു – മൈസൂർ) : കൃഷ്ണദേവരായ ഹാൾട്ട്, നയന്ദഹള്ളി, ജ്ഞാനഭാരതി ഹാൾട്ട്, കെംഗേരി, ഹെജ്‌ജാല, ബിഡാദി, കേതോഹള്ളി ഹാൾട്ട്, രാമനഗരം, ചന്നപട്ടണ, മാണ്ട്യ, പാണ്ഡവപുര, ശ്രീരംഗപട്ടണം.
ബെംഗളൂരുവിൽ നിന്നും മൈസൂരിലേക്ക് 2 മണിക്കൂർ 55 മിനിറ്റ് സമയവും മൈസൂരിൽ നിന്നും ബെംഗളുരുവിലേക്ക് 3 മണിക്കൂർ 45 മിനിറ്റുമാണ് മെമു സർവ്വീസ് നടത്തുവാൻ എടുക്കുക. മൈസൂരിൽ നിന്നും തിരികെ വരുന്ന വഴിയിൽ 40 മിനിറ്റ് സമയം രാമനഗരം സ്റ്റേഷനിൽ മെമു നിർത്തിയിടുന്നതു കൊണ്ടാണ് സമയം കൂടുതലെടുക്കുന്നത്. ആ സമയത്ത് മറ്റു ട്രെയിനുകൾ ആ പാതയിലൂടെ കടന്നു പോകുന്നതിനാലാണ് മെമു അവിടെ നിർത്തിയിടുന്നതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.
മൈസൂർ, മാണ്ട്യ, മദ്ദൂർ, ചന്നപട്ടണ എന്നിവിടങ്ങളിൽ നിന്നും ദിവസേന ബെംഗളൂരുവിൽ പോയി വരുന്ന സാധാരണക്കാരായ ആളുകൾക്ക് ഈ സർവ്വീസ് നീട്ടൽ വളരെ ഉപകാരപ്രദമാകും.