വിവരണം – Musthafa Karassery.

എന്റെ ആദ്യത്തെ എഴുത്താണ്, ഒരല്പം തള്ള് കൂടുതലായിരിക്കും, അതെന്റെയൊരു ശൈലിയായി കരുതിയാൽ മാത്രം മതി. ഞാൻ ശെരിക്കും പാവമാണ്. നമ്മളെല്ലാം തിരക്കുള്ളവരായത് കൊണ്ട് ഇത് മുഴുവൻ വായിക്കാൻ ത്രാണിയുണ്ടായെന്നു വരില്ല, പക്ഷെ എഴുതുമ്പോൾ മുഴുവൻ എഴുതാതിരിക്കാൻ പറ്റില്ലല്ലോ, അതല്ലേ അതിന്റെ ഒരിത്. വായിച്ചു നോക്ക് അഥവാ ബിരിയാണി വിളംബിയാലോ. അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്, പോസിറ്റീവാണെലും അല്ലേലും.

മയാമി ബീച്ചിൽ നിന്നും ഏകദേശം 16 കിലോമീറ്റർ അകലെയുള്ള ലിറ്റിൽ ഹവാന എന്ന ഒരു പുരാതന ക്യൂബൻ മാർക്കറ്റിലെ ഡോമിനോസ് പാർക്കിനു മുൻപിലാണ് ടൂർ ബസ് നിറുത്തിയത്. അമേരിക്കയിൽ നിന്നും നാട്ടിലേക്ക് കൂടു മാറാൻ തീരുമാനിച്ചതിൽ പിന്നെ കണ്ടു തീർക്കാനുള്ള സ്‌ഥലങ്ങൾ എത്രയും പെട്ടെന്ന് കണ്ടു തീർക്കുക എന്ന ഉദ്ദേശത്തോടെയാണ് ഫ്ലോറിഡ കാണാൻ തീരുമാനിച്ചത്. ആദ്യം മനസ്സിൽ ഓടിയെത്തിയത് മയാമി ബീച്ച് തന്നെ. അത് മാത്രമായിരുന്നു കാര്യമായി പ്ലാനിലുണ്ടായിരുന്നത്.

ചിക്കാഗോയിൽ നിന്നും ഫ്ലൈറ്റിൽ കയറി മയാമി എയർപോർട്ട് എത്തിയപ്പോഴേക്കും രാത്രിയായിരുന്നു. ബഡ്ജറ്റിന്റെ മിഡ് സൈസ് സെഡാൻ കാർ ബുക്ക് ചെയ്തിരുന്നു, കാർ എടുക്കാൻ വേണ്ടി അവിടെയെത്തിയപ്പോ അവർക്ക് എന്നെക്കൊണ്ട് അത് പ്രീമിയം കാർ ആയി അപ്ഗ്രേഡ് ചെയ്യിക്കാൻ വല്ലാത്തൊരു പൂതി.എനിക്കതിൽ എന്തോ പന്തികേട് തോന്നിയപ്പോ ഞാൻ മിഡ് സൈസ് തന്നെ മതിയെന്ന് ഉറപ്പിച്ച് പറഞ്ഞു, പിന്നെ അറിഞ്ഞത് മിഡ് സൈസ് ഇപ്പോൾ അവൈലബിൾ അല്ല ഒരല്പം കാത്തിരിക്കണം, ഞാൻ വിടുമോ, ഉള്ളത് തരാൻ പറഞ്ഞു, കിട്ടിയത് മിഡ് സൈസിന്റെ റേറ്റിന് ഡോഡ്‌ജിന്റെ ഡ്യൂറൻഗോ സ്പോർട്സ് എസ് യു വി കാറും. നേരത്തെ airbnb വഴി ബുക്ക് ചെയ്ത റൂമിലേക്ക്, ഉഗ്രൻ റൂമെന്നു പറയാതെ വയ്യ, ന്യൂ യോർക്കിലെ airbnb റൂമുകൾ വെറും ചപ്പ് ചാവാറാണെന്നു തോന്നിപ്പോകും.

രാവിലെ എണീറ്റു നേരെ പോയത് കീ വെസ്റ്റിലേക്ക്,ഫ്ലോറിഡയിൽ നിന്നും 260 കിലോമീറ്റർ അകലെ സൗത്തിലേക്ക് ഒറ്റയ്ക്കു അഞ്ചു മണിക്കൂറോളം ഡ്രൈവ് ചെയ്‌യണം. നേരിയ ഒറ്റവരിപ്പാത, രണ്ടു സൈഡിലും നല്ല പച്ചക്കടൽ, വെള്ളത്തിനടിയിലുള്ള ഓരോ മണൽ തരിയും കാണാം, മൽസ്യങ്ങൾ കൂട്ടം കൂട്ടമായി നീന്തുന്നു. കൂട്ടമല്ലാതെയും നീന്തുന്നവരുണ്ട് കേട്ടോ. ഇനി അത് പറഞ്ഞു ട്രോളാൻ നിക്കണ്ട. അത്രയ്ക്കും നല്ല ക്ലിയർവാട്ടർ ആണെന്നാണ് കവി ഉദ്ദേശിച്ചത്. ഇടക്കിടക്ക് ചെറിയ ദീപുകൾ, ഓരോ ദീപും ഓരോ കീ ആയിട്ടാണ്അറിയപ്പെടുന്നത്. കീ ലാർഗോയിൽ തുടങ്ങി കീ വെസ്റ്റ് വരെനീണ്ടു കിടക്കുന്ന ദീപു സമൂഹമാണ്. ഏകദേശം 1700 ഓളം ദീപുകൾ അടങ്ങിയതാണ് ഫ്ലോറിഡ കീ വെസ്റ്റ്, സത്യമായിട്ടും ഞാൻഎണ്ണിയിട്ടില്ല വായിച്ചറിഞ്ഞതാ. നാട് ചുറ്റി, ആദ്യമായിട്ട് ഒരു ജെറ്റ്സ്‌കീയിങ്ങും നടത്തി, എന്റെ ജെറ്റ്‌സ്‌കീയിങ് പെർഫോമൻസ് കണ്ടു അവിടുത്തെ PWD എൻജിനീയർ വിളിച്ചു ഒരു അവാർഡും തന്നു.

കീവെസ്റ്റിൽ പോയാൽ സീഫുഡ് കഴിച്ചിരിക്കണം എന്നതാണ് നാട്ടു നടപ്പ്. ഞാനായിട്ട് അത് മാറ്റാൻ നിന്നില്ല. ഒരു ഫിഷ് സാൻവിച്ച് പിന്നെ മൂന്ന് ജംബോ ഷ്രിമ്പ്, ഒരു മാതിരി ഗ്രഹണി പിടിച്ചവൻ ചക്കക്കൂട്ടാൻ കണ്ടപോലെ. വൈകീട്ട് മയാമി ബീച്ചിലേക്ക് തിരിച്ചു. നല്ല ജോറ് ബീച്ചെന്നു പറഞ്ഞാ അതാണ് ബീച്ച്. തെളിഞ്ഞ വെള്ളം, നല്ല വെളുത്ത മണൽപ്പരപ്പ് വിശാലമായി കിടക്കുന്നു, ഒരല്പനേരം അവിടെ ചിലവഴിച്ചു സൂര്യാസ്തമയവും കണ്ടു തിരിച്ചു. അപ്പോഴേക്കും ചിക്കാഗോയിലെ ഷാജഹാൻക്ക (പള്ള നിറച്ചു വയസ്സുണ്ടെങ്കിലും ഒരു 18 കാരന്റെ ചുറുചുറുക്കോടെ സംസാരിക്കുന്ന വ്യക്തി) പരിചയപ്പെടുത്തിത്തന്ന ഫ്ലോറിഡ മലയാളികളായ മജീദ്ക്കായും കൂട്ടുകാരും നല്ലൊരു ഡിന്നറും തരപ്പെടിത്തിയിരുന്നു. ആദ്യമായിട്ട് കാണുകയാണെങ്കിലും നല്ല ചൂടുള്ള ചർച്ചകളും കുടുംബം കലക്കലും ഒക്കെ കഴിഞ്ഞിട്ടാണ് റൂമിലേക്ക് തിരിച്ചത്. അവരുടെആഥിത്യം വല്ലാത്തൊരനുഭവമായി ഇപ്പോഴും നിലനിൽക്കുന്നു. ഇതിൽ ഡോമിനോസിന് എന്താ റോളെന്നല്ലേ, പറയാം, തിരക്കല്ലേ.

ഇനിയാണ് ത്രില്ല്. ഒരു 15,000 അടി(ഇല്ല കുറക്കില്ല) ആകാശത്തേയ്ക്ക് പോയിട്ട് “ഉമ്മച്ചീ കാത്തോളീന്നും” വിളിച്ചു ഒരൊറ്റ ചാട്ടം. അതെ സ്‌കൈ ഡൈവിങ്ങ്, മുൻപ് ഒരുപാട് തവണ ആഗ്രഹിച്ചതാ, പക്ഷെ ഭാര്യ കൂടെയുണ്ടായതോണ്ട് സമ്മതിച്ചിരുന്നില്ല, ഇപ്പൊ ഫ്രീബേർഡ് അല്ലെ എന്തും ആവാല്ലോ. ആരോടും പറയാതെ ടിക്കറ്റ് ഒക്കെ ബുക്ക് ചെയ്തു, അത്യാവശ്യം കാര്യങ്ങളൊക്കെ ചാടുന്നതിനു മുൻപ് കൂടെയുള്ള കോഫ്ലയർ പറഞ്ഞു തന്നു, ഫ്ലൈറ്റിൽ കയറി, ഇടക്കിടക്കൊക്കെ കോഫ്ലയർ വിഡിയോ പിടിക്കുന്നുണ്ട്. ഫ്ലൈറ്റ് പൊങ്ങിയത് മുതൽ എന്തോ ഒരിത്, ചാടണോ ചാടണ്ടേ, പണി പാളിയാലോ എന്നൊക്കെയുള്ള മൂത്രശങ്ക ചിന്തകൾ വരാൻ തുടങ്ങി. ഉള്ളിലെ പേടി പുറമെ കാണിച്ചില്ല കാരണം കൂടെ ചാടാനുള്ളത് പെണ്ണുങ്ങളൊക്കെയാണ് നാണക്കേടല്ലേ. കൊടുത്ത പൈസ തിരിച്ചും തരില്ല, രണ്ടും കല്പിച്ച് ചാടാൻ തന്നെ തീരുമാനിച്ചു.

ഞങ്ങൾ നാല് പേരുണ്ട് ചാടാൻ, കോഫ്ലയറുടെ വയറിനോട് ഞങ്ങളെ വരിഞ്ഞു കെട്ടിയിട്ടാണ് ചാട്ടം, പുള്ളിക്കാരൻ കൂടെ ചാടുന്നുണ്ടെങ്കിലും അങ്ങേരുടെ പാരച്യൂട്ട് എങ്ങാനും തുറന്നില്ലെങ്കിൽ കഴിഞ്ഞില്ലേ കഥ. ഫ്ലൈറ്റ് ഏകദേശം മുകളിലെത്തി, ആദ്യത്തെയാൾ ചാടാൻ പോവുകയാണ്, ഞാൻ മൂന്നാമനാണ്, അയാളുടെ ഇൻസ്ട്രക്ടർ അയാളെയും കൊണ്ട് ഡോറിനരികിൽ, എന്നിട്ട് ഒറ്റ ചാട്ടം, അയാളാണോ ചാടിയത് ഞാനാണോ ചാടിയത് എന്ന് സംശയിച്ചു പോയി, അമ്മാതിരി ഒരു വെട്ടൽ വയറ്റിൽ നിന്നും. ന്റെ പടച്ചോനെ ഞാനും അതുപോലെ ചാടണമല്ലോ.

പിന്നീട് ചാടിയത് ഒരു പെണ്ണാണ്, അവൾക്കൊക്കെ ചാടാമെങ്കിൽ പിന്നെ നമുക്കിതൊക്കെ ഗ്രാസ്സാണ് എന്ന പുരുഷമേധാവിത്വം എന്റെ സിരകളിൽ ധൈര്യത്തെ സടകുടഞ്ഞെണീപ്പിച്ചു. എന്നെ ബാക്കിൽ നിന്നും ഇൻസ്ട്രക്ടർ തള്ളാൻ തുടങ്ങി. എമ്മാതിരി തള്ളെന്നു പറയാൻ വയ്യ. ഈ ചെങ്ങായി എന്നെ കൊല്ലാൻ കൊണ്ട് പോവുകയാണോ എന്നൊക്കെ തോന്നി. അവർ അങ്ങിനെയാണ് പോലും, നമ്മുടെ ഊഴമായാൽ പിന്നെ പിന്നോട്ട് പോവില്ല. പൈസ എന്റെയല്ലേ എന്ന ബോധമൊന്നും ആ പഹയനില്ല.

തള്ളി തള്ളി എന്നെ ഡോറിനരികിലെത്തിച്ചു. പിന്നെ ദാ ഒരൊന്നൊന്നര തള്ളു.. ഒരില കൊഴിയും പോലെ ഞാനും അയാളും വായുവിൽ.. പാരച്യൂട്ട് ഇല്ലാതെ ഒന്നുമില്ലാതെ, എന്റെ ബോഡി വെയ്റ്റ് എവിടെപ്പോയെന്നറിയില്ല, അയാൾ വീഡിയോ എടുക്കുന്നുണ്ട്. ഞാൻ ചിരിക്കാനൊക്കെ ശ്രമിക്കുന്നുണ്ട്. ചിരിക്കണോ കരയണോ മൂത്രമൊഴിക്കണോ എന്ത് ചെയ്യണമെന്ന് നിവൃത്തിയില്ലാത്ത ഒരു തരം വികാരം. വായുവിൽ ദാതാഴോട്ട്, ഈ ആകാശത്തിനു എന്തിനാ ഇത്രയ്ക്ക്ക് ഉയരം കൊടുത്തത് എന്നൊക്കെ ചിന്തിച്ചു.

30 സെക്കന്റാണ് ഫ്രീ ഫാൾ. പിന്നെ പാരച്യൂട്ട് ഇടും. എന്നാലും ഈ 30 സെക്കന്റൊക്കെ എന്നത് ഇത്രയ്ക്ക് ടൈമുണ്ടായിരുന്നോ എന്നൊക്കെ തോന്നിപ്പോയി. ബുക്ക് ചെയ്യുന്നതിന് മുൻപ് എന്തൊക്കെയായിരുന്നു, ഒരു 20,000 അടി ഉയരത്തിൽ നിന്നെങ്കിലും ചാടണം. 2 മിനിറ്റെങ്കിലും ഫ്രീ ഫാൾ വേണം അങ്ങനെയായിരുന്നെങ്കിൽ എന്റെ കഥ എടുക്കാനുണ്ടാവില്ലായിരുന്നു. ഇൻസ്ട്രക്ടർ പാരച്യൂട്ട് ഇട്ടു, കുറച്ചൊക്കെ എന്നെക്കൊണ്ട് നിയന്ത്രിക്കാൻ പഠിപ്പിച്ചു, പിന്നെ വട്ടം കറങ്ങി വട്ടം കറങ്ങി ലാൻഡിങ്. ശ്വാസം നേരെവീണത് ഇപ്പഴാണ്, ജീവനോടെ താഴെ എത്തിയല്ലോ. വല്ലാത്തൊരു എക്സ്പീരിയൻസ് തന്നെയായിരുന്നു അത്, ഒന്നൂടി ചാടും കൂടുതൽ ധര്യത്തോടെ, കളി ഈ കോയനോട് വേണ്ടാട്ടാ.

ഇനിയല്ലേ സംഗതി വരുന്നത്. സിറ്റി ടൂർ എടുത്തതിന്റെ കാര്യമായ ഉദ്ദേശ്യം ലിറ്റിൽ ഹവാന കാണുക തന്നെ.ബസ് സിറ്റിയുടെ ഏതാണ്ട് കാഴ്ചകളൊക്കെ കാണിച്ചു എത്തി നിൽക്കുന്നത് ലിറ്റിൽ ഹവാന എന്ന ഒരു പുരാതന ക്യൂബൻ മാർക്കറ്റിലെ ഡോമിനോസ് പാർക്കിനു മുൻപിലാണ്. കാഴ്ചയിൽ എന്താണതെന്ന് പെട്ടെന്ന് മനസ്സിലായില്ല, കുറേ ആളുകൾ കൂടി നിൽക്കുന്നത് കണ്ടാണ് ഞാൻ അതിനുള്ളിലേക്ക് ചെന്നത്. അതെ മറ്റൊന്നുമല്ല ഡോമിനോസ് അല്ലെങ്കിൽ നമ്മുടെ നാട്ടിൽ അറിയപ്പെടുന്ന കട്ട കളി. അതിനും ഒരു പാർക്കോ? തടിച്ച ക്യൂബൻ പുകയില ചുരുട്ടും ചുണ്ടുകളിൽ തിരുകി അതീവ ഗൗരവത്തോടെ ഡോമിനോസ് കളിക്കാൻ അന്നാട്ടിലെ വയോവൃദ്ധന്മാർ തിക്കും തിരക്കും കൂട്ടുകയാണ്. അധികവും വൃദ്ധന്മാർ തന്നെ. പത്തോ പന്ത്രണ്ടോ പ്രത്യേകം സജ്ജമാക്കിയ ടേബിളുകളുണ്ട്, മറ്റു കളിക്കാർ കാണാതെ കട്ടകൾ നിരത്തി വെക്കാനുള്ള സൗകര്യമുള്ള ടേബിൾ, ചുറ്റും കളിക്കാർ, കാഴ്ചക്കാരും ഏറെ. ആകെക്കൂടി ഒരു ചെസ്സ് ചാംപ്യൻഷിപ്പിനു ചെന്ന പോലോത്ത ഫീലിംഗ്.

ഓരോ കളിക്കും വലിയ വില നൽകേണ്ടി വരും. പലരും ബെറ്റു വെച്ചിട്ടാണ് കളിക്കുന്നത്. പാർക്കിനു പുറത്തും നിലത്തിരുന്നും കോൺക്രീറ്റ് ഇരിപ്പിടങ്ങളിൽ ഇരുന്നുമൊക്കെ ഡോമിനോയും ചെസ്സും ഒക്കെ കളിക്കുന്ന ഒരുപാട് പേർ. ഇടക്കിടക്ക് ഡോമിനോ ടൂർണമെന്റ് നടത്താറുണ്ട് ഇവിടെ. അത് പോലെ വെറുതെയിരുന്ന് സൊറപറയുന്നവർ, പലവിധംവിക്രസുകൾ കാട്ടുന്നവർ, ചിത്രം വരക്കുന്നവർ, ഹാൻഡിക്രഫ്റ്സ് ഉണ്ടാക്കി വിൽക്കുന്നവർ, പാട്ടു പാടുന്നവർ, നമ്മുടെ നാട്ടിലെ തിരക്കുള്ള മാർക്കറ്റിലൊക്കെ പോയാലുള്ള ഒരവസ്ഥ. ഇങ്ങിനെയൊരെണ്ണം ഞാൻ അമേരിക്കയിലെത്തിയതിനു ശേഷം ആദ്യമായിട്ടാണ് കാണുന്നത്. പൊതുവെ നാല് മനുഷ്യരെ കാണണമെങ്കിൽ ഏതെങ്കിലും ഷോപ്പിംഗ് മാളിൽ കയറണം. ഇത് തികച്ചും വ്യത്യസ്തം.

ഇവിടെ 90% വും ക്യൂബക്കാരാണ്. അവരുടെ സംസ്കാരം ഈ തെരുവിന്റെ ഓരോ കോണിലും കൊത്തിവച്ചിട്ടുണ്ട്. ഒരുപാട് ക്യൂബൻ സിഗരറ്റു ഷോപ്പുകൾ- ആറ് ഇഞ്ചോളം വരും ഒരു ക്യൂബൻ സിഗരറ്റു. ക്യൂബൻ ചായ-ഒരു ഒന്നൊന്നര ചായ തന്നെ, ഉഗ്രൻ സ്‌ട്രോങ് ഒന്നടിച്ചപ്പോളാണ് സംഗതി കിളി പോവൽ എന്താണെന്നു മനസ്സിലായത്. ക്യൂബൻ ആർട്, ക്യൂബൻ റസ്റ്റാറന്റ്സ് മൊത്തത്തിൽ മറ്റൊരു രാജ്യത്ത് എത്തിപെട്ടപോലെ. തൊള്ളായിരത്തി അന്പൊത്തൊൻപത്തിൽ ഫിഡൽ കാസ്ട്രോയുടെ ക്യൂബൻ വിപ്ലവത്തിന് ശേഷം വന്നു കൂടിയവരാണ് ഏറെ പേരും. ഏറെ നല്ല ഓര്മകളുമായാണ് തിരിച്ചു ചിക്കാഗോയിലേക്ക് ഫ്ലൈറ്റ് കയറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.