ചെറുപ്പത്തിൽ കളിപ്പാട്ടങ്ങൾ വേണമെന്നു പറഞ്ഞു വാശി പിടിച്ചിരുന്നപ്പോൾ നമ്മുടെ മാതാപിതാക്കൾ അവർക്കറിയാവുന്ന തരത്തിൽ എന്തെങ്കിലുമൊക്കെ ഉണ്ടാക്കി നമ്മളെ സന്തോഷിപ്പിക്കാൻ ശ്രമിക്കുമായിരുന്നു. മരപ്പണി അറിയുന്ന അച്ഛൻ ആണെങ്കിൽ തടി കൊണ്ടുള്ള ലോറിയും ക്രിക്കറ്റ് ബാറ്റും മറ്റുമൊക്കെ ഉണ്ടാക്കി കൊടുക്കാറുണ്ട്.

ഇപ്പോഴിതാ സ്വന്തം മക്കൾക്ക് കളിക്കുവാൻ തൊടുപുഴ സ്വദേശിയായ അരുൺകുമാർ ഉണ്ടാക്കി നൽകിയ സാധനം കേട്ടാൽ ആരുമൊന്ന് അമ്പരന്നു പോകും. ഒറിജിനൽ ഓട്ടോറിക്ഷയുടെ ഒരു മിനി പതിപ്പ് തന്നെയാണ് അരുൺ സ്വയം നിർമ്മിച്ചിരിക്കുന്നത്. മക്കളായ മാധവിനും കേശിനിയ്ക്കും വേണ്ടി അരുൺ ഇതിനു മുൻപ് മിനി ജീപ്പും ബുള്ളറ്റും ഒക്കെയുണ്ടാക്കി വാർത്തകളിൽ ശ്രദ്ധ നേടിയിരുന്നു. ഇതൊക്കെ കേട്ടപ്പോൾ ഈ അച്ഛൻ ഏതെങ്കിലും എൻജിനീയർ ആയിരിക്കുമെന്ന് വിചാരിച്ചോ? എങ്കിൽ തെറ്റി, ഇടുക്കി ജില്ലാ ആശുപത്രിയിലെ മെയിൽ നേഴ്‌സാണ് അരുൺകുമാർ.

ഓർമ്മ വെച്ച പ്രായം മുതലേ ഒരു വണ്ടിഭ്രാന്തനായിരുന്ന അരുൺ ചെറുപ്പത്തിൽ താൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങളാണ് ഇപ്പോൾ മക്കൾക്കായി നിറവേറ്റി കൊടുക്കുന്നത്. നേഴ്സിങ് എന്ന ജോലിയുടെ തിരക്കിനും, ഉത്തരവാദിത്വത്തിനും ഇടയിൽ കിട്ടുന്ന സമയത്താണ് അരുണിന്റെ ഈ നിർമ്മാണ പ്രവർത്തനങ്ങൾ. വീട്ടിൽ നിന്നും തന്നെ ലഭിച്ച സാധനങ്ങൾ ഉപയോഗിച്ചാണ് അരുൺ ഈ കൊച്ചു ഓട്ടോറിക്ഷ തീർത്തിരിക്കുന്നത്. ഏകദേശം 7 മാസമെടുത്തു ‘സുന്ദരി’ എന്നു പേരിട്ടിരിക്കുന്ന അരുണിന്റെ ഓട്ടോ പണിതീർന്നു നിരത്തിൽ ഇറങ്ങുവാൻ.

ഒരു ഓട്ടോറിക്ഷയുടെ വെറും മോഡൽ മാത്രമല്ലിത്, ബാറ്ററിയിൽ ഓടുന്ന നല്ല അസ്സൽ ഓട്ടോ തന്നെയാണ്. കിക്കറും ഇൻഡിക്കേറ്ററും എന്നു വേണ്ട ഒരു പാസഞ്ചർ ഓട്ടോറിക്ഷയിൽ ഉണ്ടായിരിക്കേണ്ട കാര്യങ്ങളെല്ലാം ഇതിലുമുണ്ട്. ഓട്ടോറിക്ഷയുടെ മുൻഭാഗം Sun Direct ന്റെ ഡിഷ് ആന്റിന മുറിച്ച് പാകപ്പെടുത്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. താക്കോൽ ഇട്ടു തിരിച്ച് ഓൺ ചെയ്‌താൽ മാത്രമേ ഈ ഓട്ടോ ഓടുകയുള്ളൂ. ഹെഡ് ലൈറ്റ്, പാർക്ക് ലൈറ്റ് എന്നിവയും കൂടാതെ പ്രവർത്തിക്കുന്ന വൈപ്പറും ഇതിൽ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ മൊബൈൽ ഫോൺ ചാർജ്ജ് ചെയ്യുവാനുള്ള സൗകര്യവും ഓട്ടോയിലുണ്ട്. പെൻഡ്രൈവും മെമ്മറി കാർഡും ഒക്കെയിട്ട് പാട്ടു കേൾക്കുവാനുള്ള സംവിധാനമെല്ലാം അരുൺ തയ്യാറാക്കിയിട്ടുണ്ട്.

24 DC മോട്ടോർ, 24 വോൾട്ട് ബാറ്ററി എന്നിവയാണ് അരുൺ ഈ കുഞ്ഞൻ ഓട്ടോയിൽ ഉപയോഗിച്ചിരിക്കുന്നത്. 150 കിലോ വരെ ഭാരം താങ്ങുവാനുള്ള ശേഷി അരുണിന്റെ ഈ സുന്ദരിയ്ക്ക് ഉണ്ട്. സാധാരണ സൈക്കിളുകളുടെ ഡിസ്ക്ക് ബ്രേക്ക് സംവിധാനമാണ് ഈ മിനി ഓട്ടോറിക്ഷയിൽ ഘടിപ്പിച്ചിരിക്കുന്നത്. എന്തായാലും മക്കളുടെ ഹീറോ അച്ഛൻ തന്നെയാണ് എന്ന ചൊല്ല് അരുൺ ഇവിടെ കൂടുതൽ അർത്ഥവത്താക്കിയിരിക്കുകയാണ്. ഫേസ്‌ബുക്കിൽ ഓട്ടോയുടെ വിശേഷങ്ങൾ അരുൺ തന്നെയാണ് കഴിഞ്ഞ ദിവസം പങ്കുവെച്ചത്. പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ മുഖ്യധാരാ മാധ്യമങ്ങളും സംഭവം ഏറ്റെടുത്തു. നിരവധിയാളുകളാണ് അരുണിനെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടു വന്നരിക്കുന്നത്. മക്കൾക്കായി ഒരച്ഛൻറെ സ്വപ്‌നം യാഥാർഥ്യമാക്കിയ സന്തോഷത്തോടെ പുഞ്ചിരിച്ചുകൊണ്ട് എല്ലാവര്ക്കും നന്ദി പറയുകയാണ് അരുൺ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.