© Sherinz Photography.

മൂകാംബിക – കർണാടകയിലെ ഉഡുപ്പി ജില്ലയിലെ കൊല്ലൂർ എന്ന സ്ഥലത്തിൽ സൗപർണ്ണികാ നദിയുടെ തെക്കേ തീരത്ത്‌ സ്ഥിതി ചെയ്യുന്ന സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ മഹാക്ഷേത്രമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം. ക്ഷേത്രം സ്ഥിതിചെയ്യുന്നത് കർണാടകയിലാണെങ്കിലും ക്ഷേത്രത്തിലെത്തുന്ന ഭക്തർ അധികവും കേരളത്തിൽ നിന്നാണെന്നത് ശ്രദ്ധേയമാണ്. കേരളത്തിൻ്റെ രക്ഷക്കായി പ്രതിഷ്ഠിക്കപ്പെട്ട നാല് അംബിമാരിൽ ഒരാളാണ് മൂകാംബിക എന്നാണ് വിശ്വാസം. അതുകൊണ്ടാണ് മലയാളികൾ ഇവിടേക്ക് ധാരാളമായി എത്തിച്ചേരുന്നത്. ഒൻപത് നാൾ നീണ്ടു നിൽക്കുന്ന “നവരാത്രി-വിജയദശമി” ഉത്സവവും “വിദ്യാരംഭവും” ഇവിടെ പ്രധാനമാണ്.

സാധാരണയായി ഇവിടേക്ക് കേരളത്തിൽ നിന്നുള്ളവർ വരുന്നത് ടൂറിസ്റ്റ് വാഹനങ്ങളിലാണ്. കൂടാതെ കൊട്ടാരക്കര, തിരുവനന്തപുരം, ആലപ്പുഴ, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ നിന്നും കെഎസ്ആർടിസിയുടെ ബസ് സർവ്വീസുകളും കൊല്ലൂർ മൂകാംബികയിലേക്ക് ലഭ്യമാണ്. എന്നാൽ മൂകാംബികയിലേക്ക് പോകുവാനായി ഏറ്റവും ചെലവു കുറഞ്ഞ മാർഗ്ഗം ട്രെയിനാണ്. ഇതു മനസ്സിലാക്കി ചിലരെല്ലാം ട്രെയിൻ മാർഗ്ഗം തിരഞ്ഞെടുക്കാറുമുണ്ട്.

മൂകാംബിക ക്ഷേത്രത്തിൽ ഞാൻ പലതവണ പോയിട്ടുണ്ടെങ്കിലും അതെല്ലാം ബസ്സിലും സ്വന്തം വണ്ടിയിലുമൊക്കെയായിരുന്നു. അതിനാൽ ഇത്തവണ മൂകാംബിക ക്ഷേത്ര ദർശനത്തിനായി പോകുവാൻ ഞാൻ തിരഞ്ഞെടുത്തത് തീവണ്ടി മാർഗ്ഗമായിരുന്നു. കോട്ടയം, ഷൊർണ്ണൂർ വഴി പോകുന്ന നാഗർകോവിൽ – ഗാന്ധിധാം എക്സ്പ്രസ്സിലായിരുന്നു എൻ്റെ യാത്ര. തേർഡ് എസി കമ്പാർട്ട്മെന്റിലായിരുന്നു ഞാൻ ടിക്കറ്റ് ബുക്ക് ചെയ്തത്. ഇന്ത്യൻ റെയിൽവേയുടെ Current Booking എന്നൊരു സംഭവം വഴി തലേദിവസം 1850 രൂപ പ്രീമിയം തത്കാൽ ചാർജ്ജ് കാണിച്ചിരുന്നത് വെറും 900 രൂപയ്ക്ക് എനിക്ക് ലഭിക്കുകയുണ്ടായി. എന്തായാലും സംഭവം കൊള്ളാം.

മൂകാംബികയിൽ പോകുവാനായി ട്രെയിൻ ഇറങ്ങേണ്ടത് ബൈന്ദൂർ എന്ന റെയിൽവേ സ്റ്റേഷനിലാണ്. മൂകാംബിക ക്ഷേത്രത്തിനു ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ഈ റെയിൽവേ സ്റ്റേഷൻ മൂകാംബിക റോഡ് എന്ന പേരിലും അറിയപ്പെടുന്നു. എൻ്റെ വീടിൻ്റെ ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനാണ് ചെങ്ങന്നൂർ. അവിടെ നിന്നുമായിരുന്നു ഞാൻ യാത്ര തുടങ്ങിയത്. അനിയൻ അഭിജിത്തിന്‌ പരീക്ഷയായതിനാൽ ഇത്തവണ ഞാൻ ഒറ്റയ്ക്കായിരുന്നു മൂകാംബികയിലേക്ക് പോയത്. എങ്കിലും അവൻ എന്നെ സ്റ്റേഷനിൽ കൊണ്ടുവന്നു ട്രെയിൻ കയറ്റിവിട്ടു.

AC കൂപ്പെയായതിനാൽ സാധാരണ ട്രെയിൻ യാത്രകളിൽ കാണപ്പെടുന്ന തിരക്കും ഇടിച്ചു കയറ്റവും ഒക്കെ ഒഴിവായിരുന്നു. ചിങ്ങവനം എത്തിയപ്പോൾ എന്തോ കാരണത്താൽ കുറച്ചു സമയം ഞങ്ങളുടെ ട്രെയിൻ അവിടെ നിർത്തിയിടുകയുണ്ടായി. ആ സമയത്ത് ഞാൻ ഡിന്നർ കഴിക്കുകയും ചെയ്തു. പിന്നീട് ട്രെയിൻ യാത്ര തുടങ്ങിയപ്പോൾ ഞാൻ പതിയെ ഉറക്കത്തിലേക്ക് വഴുതി.
നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ ഞാൻ നല്ല അസ്സലായി ഒന്നുറങ്ങി.

രാവിലെ എഴുന്നേറ്റപ്പോൾ ട്രെയിൻ എവിടെയോ പിടിച്ചിട്ടിരിക്കുകയായിരുന്നു. അങ്ങനെ നന്നായി വൈകിയാണ് ട്രെയിൻ വീണ്ടും യാത്ര തുടർന്നത്. രാവിലെ ഏഴു മണിയ്ക്ക് ശേഷം മൂകാംബിക എത്തേണ്ട സമയമായിട്ടും ട്രെയിൻ ഉടുപ്പിയ്ക്ക് മുൻപുള്ള സുറത്കൽ സ്റ്റേഷനിൽ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യൻ റെയിൽവേയുടെ ഒരു പോരായ്മയാണ് ഇത്. പിന്നെയും ഏതൊക്കെയോ സ്റ്റേഷനുകളിൽ നിർത്തി നിർത്തിയായിരുന്നു ഞങ്ങളുടെ ട്രെയിൻ പോയത്. അതിനിടയിൽ ധാരാളം വ്യത്യസ്തമായ കാഴ്ചകൾ നമുക്ക് ആസ്വദിക്കാം. ട്രെയിനിൽ ലോറികൾ കയറ്റിക്കൊണ്ടു പോകുന്ന ‘റോ-റോ’ എന്ന സംഭവം അവിടെ വെച്ചാണ് ഞാൻ നേരിട്ടു കണ്ടത്.

ബൈന്ദൂർ റെയിൽവേ സ്റ്റേഷന് മുൻപായി കുന്ദാപുര എന്നൊരു സ്റ്റേഷനുണ്ട്. വേണമെങ്കിൽ നമുക്ക് അവിടെയിറങ്ങി മൂകാംബികയിലേക്ക് ബസ്സിനു പോകാം. എന്നിരുന്നാലും കൂടുതലാളുകളും ബൈന്ദൂരിൽ ആണ് ട്രെയിനിറങ്ങാറുള്ളത്. അങ്ങനെ ഞാൻ കയറിയ ട്രെയിൻ മൂകാംബിക റോഡ് അഥവാ ബൈന്ദൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു. ഇനി അവിടെ നിന്നും മൂകാംബിക ക്ഷേത്രത്തിലേക്ക് പോകണം.

ബൈന്ദൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പല മാർഗ്ഗത്തിലൂടെ കൊല്ലൂർ മൂകാംബികയിൽ എത്തിച്ചേരാം. ഓട്ടോറിക്ഷയിലാണെങ്കിൽ 400 – 500 രൂപയും ടാക്സിവാഹനങ്ങളാണെങ്കിൽ 700 – 900 രൂപയും ആയിരിക്കും ചാർജ്ജ്. ഇതുകൂടാതെ ഷെയർ ടാക്‌സി വാനുകളും അവിടെ ലഭ്യമാണ്. ചെലവ് കുറച്ചു പോകുവാനാണെങ്കിൽ നിങ്ങൾക്ക് ഇത്തരം ഷെയർ ടാക്സികളെ ആശ്രയിക്കാം. എന്തായാലും കയറുന്നതിനു മുൻപായി അവരുമായി സൗഹൃദത്തിൽ വിലപേശി ചാർജ്ജ് പറഞ്ഞുറപ്പിക്കുക. ഇനി അഥവാ ബസ്സിനു പോകുവാൻ ആണെങ്കിൽ റെയിൽവേ സ്റ്റേഷനിൽ നിന്നും 40 രൂപ കൊടുത്ത് ബൈന്ദൂർ ബസ് സ്റ്റേഷനിൽ ഇറങ്ങിയിട്ട് അവിടെ നിന്നും ബസ്സിൽ പോകാവുന്നതാണ്. എന്നാൽ രാത്രി വൈകിയാൽ ബസ്സുകൾ ലഭ്യമല്ലാതാകും. ഇക്കാര്യം ഓർക്കുക.

അങ്ങനെ ഞാൻ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു ഓട്ടോ പിടിച്ച് ബസ് സ്റ്റാൻഡിൽ എത്തിച്ചേർന്നു. അവിടെ നിന്നും ഏകദേശഷം 15 മിനിറ്റ് കൂടുമ്പോൾ മൂകാംബികയിലേക്ക് ബസുകൾ ലഭ്യമാണ്. അവിടെ കൂടുതലും പ്രൈവറ്റ് ബസ്സുകളാണ് സർവ്വീസ് നടത്തുന്നത്. ബൈന്ദൂരിൽ നിന്നും കൊല്ലൂർ മൂകാംബിക വരെ 35 രൂപയാണ് ബസ് ചാർജ്ജ്. ഏകദേശം ഒരു മണിക്കൂറോളം സമയമെടുക്കും ഈ യാത്രയ്ക്ക്.

മൂകാംബിക സ്റ്റാൻഡിൽ എത്തിയപ്പോൾ അവിടെ തിരുവനന്തപുരത്തു നിന്നും വന്നിട്ടുള്ള കെഎസ്ആർടിസി സ്‌കാനിയ ബസ് കിടക്കുന്നതു കണ്ടു. ഇനി ഒന്ന് ഫ്രഷാകണം. അതിനായി കുറഞ്ഞ റേറ്റിന് ഒരു റൂമെടുക്കണം. ബസ് സ്റ്റാൻഡിൽ നിന്നും പുറത്തിറങ്ങിയപ്പോഴേക്കും ഒരു പയ്യൻ വന്നു റൂം വേണോയെന്നു ചോദിച്ചു. 300 രൂപയ്ക്ക് റൂം തരാമെന്നും അവൻ സമ്മതിച്ചു. സതീഷ് എന്നായിരുന്നു ആ പയ്യന്റെ പേര്. അങ്ങനെ ഞാൻ സതീഷിന്റെ കൂടെ ടൂവീലറിൽ റൂമിലേക്ക് യാത്രയായി.

ഇവിടെ വരുന്നവർക്ക് പല തരത്തിലുള്ള താമസ സൗകര്യങ്ങൾ ലഭ്യമാണ്. ബസ്സിറങ്ങിയാൽ ഉടനെ സതീഷിനെപ്പോലുള്ള ആളുകൾ വന്നു നിങ്ങളെ റൂമിനായി ക്യാൻവാസ് ചെയ്യും. അരവിന്ദന്റെ അതിഥികൾ എന്ന സിനിമയിൽ ഇത്തരം രംഗങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാകും. പഴനി പോലുള്ള സ്ഥലങ്ങളിലുള്ളവരെ അപേക്ഷിച്ച് ഇവിടെയുള്ളവരെല്ലാം മാന്യനാണ് എന്നു പറയാം. ഉഡായിപ്പുകൾ മൂകാംബികയിൽ വളരെ കുറവാണ് എന്നാണു ഞാൻ പറഞ്ഞു കേട്ടിട്ടുള്ളതും. എൻ്റെ അനുഭവത്തിൽ നിന്നും മനസ്സിലായതും അതാണ്. അതുപോലെതന്നെ നിങ്ങൾക്ക് വേണമെങ്കിൽ ഓൺലൈനായി ചില ഹോട്ടലുകളിൽ മുൻകൂട്ടി റൂമുകൾ ബുക്ക് ചെയ്യാവുന്നതാണ്. അതുമല്ലെങ്കിൽ ഇവിടെ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള റൂമുകളും ലഭ്യമാണ്. അവ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഇതുവരെ ലഭ്യമായിട്ടില്ല.

അങ്ങനെ ഞാൻ റൂമിൽ ചെന്ന് അൽപ്പം വിശ്രമിക്കുകയും കുളിച്ചു ഫ്രഷായി നേരെ അമ്പലത്തിലേക്ക് പോകുകയും ചെയ്തു. മൂകാംബികയിൽ വളരെ തിരക്കു കുറഞ്ഞ സമയമായിരുന്നതിനാൽ പത്തു മിനിറ്റ് കൊണ്ട് ഞാൻ തൊഴുതിട്ടു ഇറങ്ങി വന്നു. ഉച്ചസമയത്ത് അമ്പലത്തിൽ സൗജന്യ അന്നദാനം ലഭ്യമാണ്. ഫാമിലിയായിട്ട് വരുന്നവരാണെങ്കിൽ അമ്പലത്തിനു തൊട്ടടുത്തായി ജ്യോതിസ് റെസിഡൻസി എന്നൊരു ഹോട്ടലുണ്ട്. അവിടെ Goibibo പോലുള്ള ബുക്കിങ് സൈറ്റുകൾ വഴി 1500 രൂപയ്‌ക്കൊക്കെ റൂമുകൾ ലഭിക്കുവാൻ സാധ്യതയുണ്ട്. അൽപ്പം കൂടുതൽ സുഖസൗകര്യങ്ങൾ ആവശ്യമുള്ളവർക്ക് താമസത്തിനായി ഈ ഹോട്ടൽ തിരഞ്ഞെടുക്കാവുന്നതാണ്.

അതുപോലെതന്നെ ഇവിടെ വരുന്നവർ കുറച്ചു ദൂരത്തായുള്ള കുടജാദ്രി മലയിലേക്ക് കൂടി പോകുവാൻ ശ്രമിക്കുക. പലതരം സസ്യലതാതികളാലും സൗപർണികാ നദിയുടെ ഉത്ഭവസ്ഥാനം എന്നതിലും കുടജാദ്രി വളരെ സവിശേഷതകൾ ഉള്ള ഒരു ഇടമാണു. ഇവിടെ ആദിശങ്കരൻ തപസ്സു ചെയ്തു എന്നു പറയപ്പെടുന്ന ചിത്രമൂല ഗുഹയും ശങ്കരപീഠവും കാണാം. മൂകാംബിക ദേവിയുടെ മൂലസ്ഥാനം എന്നു അറിയപ്പെടുന്ന ഇടത്തിൽ ഒരു ക്ഷേത്രവും കാണാം. വളരെയധികം സിദ്ധന്മാരുടേയും സന്യാസിമാരുടേയും വാസസ്ഥലമാണു കുടജാദ്രി. മൂകാംബികയിൽ നിന്നും കുടജാദ്രിയിലേക്ക് ജീപ്പ് സർവ്വീസുകൾ ലഭ്യമാണ്. കുടജാദ്രിയിലേക്ക് കാൽനടയായി ട്രെക്ക് ചെയ്തും പോകാവുന്നതാണ്.

മൂകാംബികയിലേക്ക് സ്വസ്ഥമായി തൊഴാൻ വരുന്നവർ ഓഫ് സീസൺ സമയങ്ങളിൽ വരിക. അപ്പോൾ വളരെ തിരക്ക് കുറവായിരിക്കും എന്നു മാത്രമല്ല റൂമുകൾ റേറ്റ് കുറച്ചു ലഭിക്കുകയും ചെയ്യും. നിങ്ങളുടെ സൗകര്യാർത്ഥം ട്രെയിനിനോ ബസ്സിനോ ടൂറിസ്റ്റ് വാഹനങ്ങൾക്കോ സ്വന്തം വണ്ടിയിലോ ഒക്കെ നിങ്ങൾക്ക് മൂകാംബികയിലേക്ക് വരാവുന്നതാണ്. ഇറങ്ങി മാറിക്കയറേണ്ടി വരുമെങ്കിലും ചെലവ് കുറഞ്ഞ യാത്രാമാർഗ്ഗം ട്രെയിൻ തന്നെയാണ്. അപ്പോൾ അടുത്ത തവണ മൂകാംബികയിലേക്ക് പോകുമ്പോൾ ഈ കാര്യങ്ങൾ ഒന്നോർക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.