ടൂവീലറിൽ സഞ്ചരിക്കുക എന്നു പറഞ്ഞാൽത്തന്നെ ഒരു ഞാണിന്മേൽ കളിയാണ്. രണ്ടു ചക്രത്തിൽ വാഹനവും നമ്മുടെ ഭാരവുമെല്ലാം ബാലൻസ് ചെയ്ത് തിരക്കുകൾക്കിടയിലൂടെ ലക്ഷ്യസ്ഥാനത്ത് എത്തുക എന്നത് ചില്ലറക്കാര്യമൊന്നുമല്ല. എന്നാൽ ഈ യാത്ര ഒരു റിസ്ക്ക് ആണെന്ന് മനസിലാക്കികൊണ്ടു തന്നെ ടൂവീലറുകൾ നടുറോഡിൽ കാണിക്കുന്ന അഭ്യാസങ്ങൾ കണ്ടാലോ?

പൊതുവെ ഇന്ത്യയിൽ ട്രാഫിക് പോലീസുകാർക്ക് കൂടുതൽ തലവേദന സൃഷ്ടിക്കുന്നവരാണ് ടൂവീലറുകാർ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ടൂവീലറുകാരുടെ പലതരത്തിലുള്ള അഭ്യാസങ്ങളും അവസാനം പോലീസ് പിടിക്കുന്നതുമെല്ലാം നാം സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ട്. അതിൽ ഏറ്റവും വൈറലായ ഒന്നയിരുന്നു മാസങ്ങൾക്ക് മുൻപ് ഫോർട്ട്കൊച്ചിയിൽ അരങ്ങേറിയത്. ആ സംഭവം ഇങ്ങനെ.

ഫോര്‍ട്ട്‌കൊച്ചിയിലെ വെളി ഗ്രൗണ്ടില്‍ പതിവ് വാഹന പരിശോധനയിലായിരുന്നു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ വിനോദ് കുമാറും സംഘവും. നിയമലംഘകരെ കാത്തുനിന്ന അവരുടെ മുന്‍പിലേക്ക് എത്തിയത് നാല് കുട്ടികളുമായി ഹെല്‍മറ്റ് വക്കാതെ സ്‌കൂട്ടര്‍ ഓടിച്ച് എത്തിയ മധ്യവയസ്‌കന്‍. തന്റെ സര്‍വീസ് ജീവിത്തിൽ ആദ്യമായി ഇത്തരമൊരു കാഴ്ച കണ്ട വിനോദ് കുമാര്‍ ആദ്യമൊന്ന് കൈകൂപ്പി. പിന്നെയായിയിരുന്നു മറ്റ് നടപടിക്രമങ്ങള്‍.

2019 മെയ് 22 ബുധനാഴ്ചയായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഫോട്ടോയുടെ പിന്നിലുള്ള ഈ സംഭവം. എം.വി.ഐയുടെ ഈ കൈകൂപ്പല്‍ അടുത്ത് ഉണ്ടായിരുന്നവര്‍ ക്യാമറയില്‍ പകര്‍ത്തി. കൈകൂപ്പിയ ശേഷം ഇയാളുടെ വാഹന രേഖകളില്‍ നടത്തിയ പരിശോധനയില്‍ വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് കാലാവധി കഴിഞ്ഞതാണെന്നും കണ്ടെത്തി. 2100 രൂപ മോട്ടോര്‍ വാഹന വകുപ്പ് ഫൈന്‍ ഈടാക്കി. വാഹനത്തിന് ഇന്‍ഷുറന്‍സ് അടയ്ക്കാതിരുന്നതിന് 1000 രൂപ, കുട്ടികളെ കുത്തിനിറച്ച് വാഹനം ഓടിച്ചതിന് 1000 രൂപ, ഹെല്‍മറ്റ് വയ്ക്കാത്തതിന് 100 രൂപ എന്നിങ്ങനെയാണ് ഫൈന്‍ ഈടാക്കിയത്. ഇനി ഇങ്ങനെ ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുമെന്ന താക്കീത് നൽകിയാണ് ഇയാളെ വിട്ടയച്ചത്.

വാഹന സുരക്ഷ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സഹായിക്കുന്ന രീതിയില്‍ ആ ഫോട്ടോ പ്രചരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ വിനോദ് കുമാര്‍ പ്രതികരിച്ചു. ഫോട്ടോ ശ്രദ്ധയില്‍പെട്ട മേലധികാരികളും അഭിനന്ദിക്കുകയാണ് ചെയ്തത്. വ്യത്യസ്തമായ വാഹന പരിശോധന എന്ന രീതിയിലാണ് പ്രചരിക്കുന്നത്. സുരക്ഷയെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന്‍ ആ ചിത്രത്തിന് കഴിയുമെങ്കില്‍ അത് നല്ലതാണെന്നും എന്‍ വിനോദ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനു മുൻപും കൊച്ചിയിൽ ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരക്കേറിയ റോഡിലൂടെ ചെറിയ കുട്ടികളെക്കൊണ്ട് സ്‌കൂട്ടർ ഓടിപ്പിക്കൽ, ഒരു ഫാമിലി മൊത്തം സ്‌കൂട്ടറിൽ ഹെൽമറ്റ് പോലും വെക്കാതെ യാത്ര ചെയ്യൽ, ഇങ്ങനെ നീളും നമ്മുടെ ആളുകളുടെ ചില റോഡ് ഷോകൾ. സമൂഹമാധ്യമങ്ങളിൽ ഇവയെല്ലാം വൈറലാകുന്നുണ്ടെങ്കിലും ഭൂരിഭാഗമാളുകളും ഇത്തരം പ്രവൃത്തികളിൽ നിന്നും ഒഴിഞ്ഞുമാറുന്നില്ല എന്നതാണ് യാഥാർഥ്യം. എന്തായാലും ഇനിയൊരു പോലീസ് ഓഫീസർക്കും ഇത്തരത്തിൽ കൈകൂപ്പി നില്ക്കാൻ ഇടവരാതിരിക്കട്ടെ.. നിയമങ്ങൾ പാലിക്കപ്പെടാനുള്ളതാണ്.. അത് നമ്മൾ പാലിക്കുക തന്നെ വേണം.

കടപ്പാട് – മാതൃഭൂമി.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.