എഴുത്ത് – സഞ്ജയ് മേനോൻ.
നിരവധി ചരിത്രപരവും വിശ്വാസപരവുമായ കാരണങ്ങൾ ആണ് ഓരോ ആചാരങ്ങളെയും രൂപപ്പെടുത്തുന്നത്. ലോകത്ത് സ്ത്രീകൾക്ക് നിയന്ത്രണം നിലവിലുള്ള പ്രദേശങ്ങളിൽ ഒന്നാണ് മൗണ്ട് ഏതോസ്. മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും ഇത് ബാധകമാണ്.
ഗ്രീസിന്റ അധീനതയിൽ ഉള്ള ഒരു സ്വയംഭരണ പ്രവിശ്യയാണ് പർവ്വതങ്ങളാൽ ചുറ്റപ്പെട്ട മൗണ്ട് ഏതോസ്. പുണ്യ പർവതമായിട്ടാണ് ഗ്രീക്കുകാർ ഇതിനെ കാണുന്നത്. ഈസ്റ്റേൺ ഓർത്തഡോക്സ് സഭയുടെ 20 സന്യാസി മഠങ്ങളിലായി റഷ്യ, മൾഡോവ, ജോർജിയ,സെർബിയ എന്നിവിടങ്ങളിൽനിന്ന് ഏതാണ്ട് 2000 പേര് ഇവിടെ വസിക്കുന്നുണ്ട്.
ഗ്രീക്ക് പുരാണത്തിൽ ഏതോസ് പർവതത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ഗ്രീക്ക് ദേവനായ പോസിഡോണുമായുണ്ടായ യുദ്ധത്തിൽ ഏതോസ് എന്ന രാക്ഷസൻ പർവതം വലിച്ചെറിഞ്ഞു. വർഷങ്ങൾ നീണ്ട യുദ്ധത്തിൽ ജയിച്ച പോസിഡോൺ അവസാനം ഏതൊസിനെ കൊന്ന് പർവതം രാക്ഷസന്റെ മുകളിൽ വെച്ച് പ്രദേശത്ത് സമാധാനം പുനഃസ്ഥാപിച്ചു.
പരിശുദ്ധ കന്യാമറിയം സെന്റ് ജോണിന്റ കൂടെ ജോപ്പയിൽ നിന്ന് സൈപ്രസ്സിലേക്ക് പോകുന്ന വഴി ഇവിടെ കപ്പലിറങ്ങുകയും മൗണ്ട് ഏതൊസിന്റ സൗന്ദര്യത്തിൽ മതിമറന്നു നിന്നു എന്നാണ് ക്രിസ്ത്യൻ വിശ്വാസം. അതുകൊണ്ട് കന്യാമറിയത്തിന്റ പൂങ്കാവനം എന്നും ഈ പ്രദേശം അറിയപ്പെടുന്നു.
നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഗ്രീക്ക് പേഗൻ ജനവിഭാഗങ്ങളും പിന്നീട് ഓർത്തഡോക്സ് പുരോഹിതന്മാരും ഏതൊസിന്റ താഴ്വരകളിൽ ചെറിയ മഠങ്ങൾ നിർമിച്ചു താമസിച്ചിരുന്നു. 829 ലെ താസോസ് യുദ്ധത്തിലും ക്രെറ്റൻ സറസൻ നടത്തിയ പടയോട്ടത്തിലും മഠങ്ങൾ കൊള്ളയടിക്കുകയും തകർക്കുകയും ചെയ്തു. കുറെ കാലം മൗണ്ട് ഏതോസ് വിജനമായി കിടന്നിരുന്നു.
പിന്നീട് 860 ൽ ഫാദർ എഫ്തിമിയോസും സംഘവും ചേർന്നാണ് പ്രദേശത്തെ മഠങ്ങൾ പുനര്നിര്മിച്ചത്. 885 ൽ ബേസിൽ ഒന്നാമൻ രാജാവിന്റെ കാലഘട്ടത്തിൽ മൗണ്ട് ഏതോസ് പ്രദേശം പുരോഹിതന്മാർക്ക് മാത്രമുള്ള പുണ്യ മലയാണെന്ന് വിളംബരം പുറപ്പെടുവിക്കുകയും പ്രദേശത്ത് കൃഷിക്കാർക്കും കന്നുകാലി വളർത്തുന്നവർക്കും നിരോധനം ഏർപ്പെടുത്തുകയും ചെയ്തു.
1342 മുതൽ 1372 സെർബിയൻ ഭരണം മഠങ്ങളുടെ സുവർണ്ണ കാലഘട്ടം ആയിരുന്നു. നിരവധി പ്രഭുക്കൾ മൗണ്ട് ഏതൊസിലെ മഠങ്ങൾക്ക് ഭൂമിയും സ്വത്തുക്കളും ദാനം ചെയ്തു കൂടാതെ ചില പ്രദേശങ്ങളുടെ അധികാരം വിട്ടുകൊടുക്കുകയും ചെയ്തു. സെർബിയൻ തകർച്ചക്ക് ശേഷം പ്രദേശം ഒട്ടോമൻ ഭരണത്തിൽ ആയി. 1912 ബാൽകൻ യുദ്ധത്തിൽ ഒട്ടോമൻ സൈന്യത്തെ പരാജയപ്പെടുത്തിയ ഗ്രീസ് മൗണ്ട് ഏതോസ് തിരിച്ചുപിടിച്ചു ലണ്ടൻ സമാധാന കരാറിൽ ഒപ്പുവെച്ചു.
അതേസമയം റഷ്യൻ ഓർത്തഡോക്സ് സഭയും മൗണ്ട് ഏതോസ് പുരോഹിത സമൂഹവുമായുണ്ടായ വിശ്വാസപരമായ പൊരുത്തക്കേടലുകൾ അക്രമത്തിലേക്ക് കലാശിച്ചു. പിന്നീട് റഷ്യൻ ഗ്രീക്ക് സർക്കാരുകൾ ഒപ്പിട്ട ഉടമ്പടി പ്രകാരം മൗണ്ട് ഏതോസ് ഗ്രീസിന്റ സ്വയം ഭരണ പ്രദേശമായി മാറി.
ഗ്രീക്ക് സർക്കാരിന്റെ പ്രതിനിധിയായ ഗവർണ്ണറിന്റെ മേൽനോട്ടത്തിൽ കേറിയസ് ആസ്ഥാനമായി 20 മഠങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത പ്രധാന പുരോഹിതൻ ആണ് പ്രദേശം ഭരിക്കുക. 1046 ൽ കോൺസ്റ്റന്റൈൻ മോനോമക്കോസ് ആണ് പ്രദേശത്ത് സ്ത്രീകൾക്ക് പ്രവേശനം ആദ്യമായി നിരോധിക്കുത്. പുരോഹിതരുടെ ബ്രഹ്മചര്യം ആയിരുന്നു വിഷയം. പെൺ പൂച്ചകൾ ഒഴികെ കോഴികൾക്കും, പശുക്കൾക്കും, പട്ടികൾക്കും, ആടുകൾക്കും മറ്റു വളർത്തു മൃഗങ്ങൾക്കും ഈ നിയമം ബാധകമാണ്. ചുരുക്കം ചില സ്ത്രീകൾ മാത്രമാണ് ഇതുവരെ ഇവിടേക്ക് പ്രവേശിച്ചിട്ടുള്ളു.
14 ആം നൂറ്റാണ്ടിൽ സെർബിയൻ രാജാവ് പകർച്ചവ്യാധികളിൽ നിന്ന് രക്ഷപെടാൻ പത്നി ഹെലനെയും കൂട്ടി മൗണ്ട് ഏതൊസിൽ എത്തി. പക്ഷെ അക്കാലമത്രയും മൗണ്ട് ഏതൊസിൽ കാൽ പാദം പോലും വെക്കാതെ പല്ലക്കിൽ ആയിരുന്നു ഹെലൻ കഴിഞ്ഞിരുന്നത്. 1930 ൽ ആയിരുന്നു മിസ്സ് ഗ്രീക്ക് ആയിരുന്ന എലിഖി ഡിപ്ലര്ക്ക് പുരുഷ വേഷത്തിൽ ഇവിടെ കയറുകയും കൂടുതൽ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെടുകയും ചെയ്തു. 1988 ൽ വേൾഡ് ഹെറിറ്റേജ് ലിസ്റ്റിൽ ഇടം പിടിച്ച മൗണ്ട് ഏതൊസിലേക്ക് ഇന്നും 18 വയസ് പൂർത്തിയായ പുരുഷന്മാർക്ക് മാത്രമേ പ്രവേശനം ഉള്ളു.