അനുഭവക്കുറിപ്പ് – പ്രിനു കെ.ആർ.
1999 ൽ ആകാശഗംഗ സിനിമ ടാക്കീസിൽ എത്തിയപ്പോൾ എനിക്ക് പത്ത് വയസ്സ് മാത്രമാണ് പ്രായം. എങ്കിലും ഈ സിനിമയും തീയേറ്ററിൽ നിന്നുതന്നെ കാണാൻ എനിക്ക് സാധിച്ചു. ചെറുപ്പം മുതലേ എന്നെയും അമ്മയെയും കൂട്ടി അച്ഛൻ സിനിമകൾ കാണിക്കാൻ കൊണ്ടുപോയിരുന്നു.
ഇന്നത്തെപോലെ റിലീസ് പടങ്ങൾ ഒന്നും എന്റെ നാട്ടിൽ എത്തി തുടങ്ങിയിരുന്നില്ല. പതിയെ പതിയെ ആണ് സിനിമകൾ ഇരിട്ടിയിലേക്ക് എത്താറുള്ളത്. ഇരിട്ടിയിൽ എത്തുമ്പോഴേക്കും സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഒക്കെ പറഞ്ഞു കേട്ടും പത്ര പരസ്യങ്ങളിലൂടെയും അറിഞ്ഞിട്ടുണ്ടാവും. അങ്ങനെ പറഞ്ഞുകേട്ട സിനിമകൾ കാണാൻ അച്ഛൻ നേരത്തെ തന്നെ പ്ലാൻ ചെയ്യും. ഇത്തവണ അച്ഛന്റെ പ്ലാനിങ്ങിൽ കുടുങ്ങിയത് അയൽവാസിയായ നാരായണൻ ചേട്ടനും കുടുംബവും ആണ്.
“നാരായണേട്ടാ നല്ല പടം വന്നിട്ടുണ്ട് നമുക്ക് പോയാലോ? പ്രേതപടമാണ് ആകാശഗംഗ. ഇരിട്ടി ന്യൂ ഇന്ത്യയിലാണ്.” “അതുപിന്നെ രാധാകൃഷ്ണ എനിക്കൊരു..” “അങ്ങനെ പറയല്ലേ നിങ്ങള് നോക്കപ്പാ.. നമുക്ക് നാതാംപാടി ശിവൻ ചേട്ടന്റെ ജീപ്പ് വിളിക്കാം. ഞാൻ സൂചിപ്പിച്ചിട്ടുണ്ട്. നാളെ പുള്ളി ഓക്കെയാണ്.” നാരായണേട്ടനെ പറഞ്ഞ് സമ്മതിപ്പിച്ചു. അങ്ങനെ ആ കാര്യത്തിൽ ഒരു തീരുമാനമായി.
സ്കൂൾ വിട്ടു വന്ന എന്നോട് സിനിമയ്ക്ക് പോകുന്ന കാര്യം അമ്മ പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ആവേശമായി. പതിവായി കളിക്കാൻ പോകുന്ന ഞാൻ കളിയൊക്കെ ഒഴിവാക്കി. രാമചന്ദ്രൻ മാഷ് തന്നു വിട്ട വീട് കണക്കിലെ വഴി കണക്കൊക്കെ മര്യാദയ്ക്ക് ചെയ്തത് നല്ലകുട്ടിയായി കുളിക്കാൻ ഓടി. ഞാനും അച്ഛനും വേഗത്തിൽത്തന്നെ റെഡിയായി. പാന്റും ഷർട്ടും ഇട്ടാൽ മതിയല്ലോ. അമ്മയുടെ സാരി ഉടുക്കലും ഒരുക്കവും ആണ് ഒരു രക്ഷയും ഇല്ലാത്തത്. “ബിന്ദു വേഗം നോക്ക്, ജീപ്പ് ഇപ്പൊ വരും.” അച്ഛനും ഞാനും പോവാനുള്ള തിരക്കിലായി.
അമ്മ റെഡി ആയപ്പോഴേക്കും ഒരു ഹോണടി ശബ്ദത്തോടെ മുന്നിലെ റോഡിലൂടെ ജീപ്പ് നാരായണേട്ടന്റെ വീട്ടിലേക്ക് പോയി. കാത്തുനിന്നിട്ടും ജീപ്പ് വരുന്നില്ല. ഈ നാരായണേട്ടന്റെ ഒരു കാര്യം. വേഗം നോക്കാൻ ഉള്ളതിന് അച്ഛൻ പിറുപിറുത്തു. ഒടുവിൽ അവിടുന്ന് അവരെയും കേറ്റി ജീപ്പ് തിരിച്ചുവന്നു. പുറകുവശത്തെ സ്റ്റെപ്പിനി ടയർ ഉള്ള ഭാഗത്തെ സീറ്റ് നിധീഷ് ഏട്ടൻ ബുക്ക് ചെയ്ത് ഇരിപ്പാണ്. അപ്പുറത്തെ സൈഡിൽ നിതിന ചേച്ചിയും. സ്റ്റെപ്പിനി ടയറിന് അടുത്ത് സീറ്റ് കിട്ടാത്തതിൽ ചെറിയൊരു വിഷമം എനിക്ക് തോന്നി.
“വേഗം കേറ്, നേരം പോയി” ശിവേട്ടൻ തിരക്ക് ആക്കി. ഞാനും അമ്മയും അച്ഛനും കൂടി വണ്ടിയിൽ ചാടിക്കയറി. “എന്റെ രാധാകൃഷ്ണാ, ഈ ശാന്തിയുടെ ഒരു ഒടുക്കത്തെ ഒരുക്കം.” നേരം വൈകിയതിന് കാരണം നാരായണേട്ടൻ പറഞ്ഞപ്പോൾ “പിന്നെ നിങ്ങൾ ആണുങ്ങളെപ്പോലെ പെട്ടെന്ന് ഒരുങ്ങാൻ ഞങ്ങൾ പെണ്ണുങ്ങൾക്ക് ആവോ?” എന്ന വാദവുമായി ശാന്ത ചേച്ചി എത്തി. അതിനെ അമ്മ പിന്താങ്ങി.
അങ്ങനെ കൊച്ചു വർത്തമാനങ്ങളുമായി വണ്ടി മുന്നോട്ടു നീങ്ങി. പുലിക്കാട് ടൗണിൽ എത്തിയപ്പോൾ കുറെയാളുകൾ ജീപ്പിലേക്ക് തുറിച്ചു നോക്കുന്നത് പോലെ എനിക്ക് തോന്നി. ടൗണിലെ ആളുകൾക്കിടയിലൂടെ ജീപ്പ് മുന്നോട്ട് പോയി. ഇതിനോടകം നിതീഷ് ചേട്ടന്റെ കാലുപിടിച്ച് സ്റ്റെപ്പിനി ടയർ അടുത്തുള്ള സീറ്റ് സ്വന്തമാക്കിയ ഞാൻ ടൗണിലെ ആളുകളെ ഇങ്ങനെ നോക്കി. ഇങ്ങനെ ചിന്തിച്ചു ഇവരിൽ ആരൊക്കെ സിനിമ കാണുന്നുണ്ടാവും? എന്തായാലും ഞാൻ സിനിമ കാണാൻ പോകുന്നു. ഉള്ളിൽ ഒരു സന്തോഷം അലയടിച്ചു.
ഇരട്ടി പാലവും കടന്ന് ജീപ്പ് ന്യൂ ഇന്ത്യ ടാക്കീസിന് മുൻപിൽ എത്തി. തിയേറ്റർ മുഴുവൻ നല്ല തിരക്കാണ്. തിരക്കായാലും നമുക്ക് ഒരു പ്രശ്നമേയല്ല. തിരക്കില്ലാത്ത സ്ത്രീകളുടെ ക്യൂവിലേക്ക് അമ്മയും ശാന്ത ചേച്ചിയും കൂട്ടി അച്ഛൻ പോയി. വേഗം തന്നെ ടിക്കറ്റ് കിട്ടി. വലിയ തിരക്കിനിടയിലൂടെ ഞങ്ങൾ തിയേറ്ററിൽ കയറി. പടം തുടങ്ങി.
“ആകാശഗംഗ” പ്രേത സിനിമയാണെങ്കിലും ഉള്ളിലെ പേടി പുറത്തുകാട്ടാതെ സിനിമ മുഴുവൻ കണ്ടു തീർത്തു. ഇടയ്ക്ക് പലപ്പോഴും ഞെട്ടുകയും പേടിക്കുകയും ചെയ്തു എന്നത് സത്യമാണ്. ഇടംകണ്ണിട്ടു നോക്കുമ്പോൾ നിതീഷ് ഏട്ടനും നിതിന ചേച്ചിയും എന്തിന് അമ്മ വരെ പേടിക്കുന്നത് ഞാൻ കണ്ടു. അപ്പോ എനിക്കു മാത്രമല്ല പേടി.
ചെറിയൊരു ആശ്വാസം.
വളരെ ആവേശത്തോടെ സിനിമയ്ക്ക് വന്ന ഞാൻ ഭയങ്കരമായി പേടിച്ചു കൊണ്ടാണ് സിനിമ കഴിഞ്ഞ് പുറത്തേക്കിറങ്ങിയത്. തിരക്കായതിനാൽ അച്ഛന്റെ കയ്യിൽ നിന്നും പിടി വിട്ടതും ഇല്ല. ജീപ്പിൽ കയറിയപ്പോൾ ചെറുതായി ഉറക്കം വരുന്നുണ്ട്. എന്നാൽ കണ്ണടയ്ക്കുമ്പോൾ പ്രേതം ആണ് മനസ്സിലേക്ക് വരുന്നത്. കണ്ണ് തുറന്ന് തുറന്നു തന്നെയിരുന്നു. സ്റ്റെപ്പിനി ടയറിന് അടുത്തുള്ള സീറ്റ് നിതീഷ് ഏട്ടന് തിരിച്ചുകൊടുത്തു. ഞാൻ അമ്മയുടെ അടുത്ത് ചേർന്നിരുന്നു.
ജീപ്പ് വീട്ടിലേക്ക് തിരിച്ചു. സിനിമയെ കുറിച്ചുള്ള വിലയിരുത്തൽ അച്ഛൻ ജീപ്പിൽ നിന്നു തന്നെ ആരംഭിച്ചിരുന്നു. നാരായണേട്ടൻ, ശാന്ത ചേച്ചി, അമ്മ, ഡ്രൈവർ ശിവേട്ടൻ തുടങ്ങിയവരെല്ലാം ചർച്ചയിൽ സജീവമായി. നല്ല സിനിമയാണെന്നും നന്നായി തന്നെ പേടിച്ചു എന്നുമാണ് എല്ലാവരുടെയും അഭിപ്രായം. ഉറക്കം വരുന്നുണ്ട് എന്നാൽ കണ്ണടയ്ക്കുമ്പോൾ സിനിമയിലെ പൂച്ചയും തീയും പ്രേതവും ഒക്കെയാണ് എന്റെ മനസ്സിലേക്ക് വന്നത്. പുറത്ത് നല്ല ഇരുട്ടും.
ജീപ്പ് പുലിക്കാട് ടൗണിൽ എത്തി നിന്നു. പോകുമ്പോൾ ആളുകളെക്കൊണ്ട് നിറഞ്ഞിരുന്ന ടൗൺ ഇപ്പോൾ ശൂന്യമായി. ചുറ്റും ഇരുട്ട് മാത്രമേയുള്ളൂ. എന്തിനാണ് ഇവിടെ ജീപ്പ് നിർത്തിയത്? ഡ്രൈവർ ശിവൻ ചേട്ടൻറെ അച്ഛൻ ശേഖരട്ടന് പുലിക്കാട്ടിൽ പലചരക്ക് കച്ചവടമാണ്. കല്ലുപ്പ് ചാക്ക് പൊതുവേ കടയുടെ പുറത്താണ് വെക്കാറുള്ളത്. ഉപ്പ് കടയുടെ അകത്തു വെച്ചാൽ ശരിയാവില്ല അത്രേ.
ആരെങ്കിലും അത് എടുത്തു കൊണ്ടു പോയോ ഇല്ലയോ എന്ന് നോക്കാനാണ് ശിവേട്ടൻ ജീപ്പ് നിർത്തി ഇറങ്ങിപ്പോയത്. ഇല്ല കുഴപ്പമൊന്നുമില്ല. ഉപ്പു കല്ല് പുറത്തു വെക്കുന്നതിനെ കുറിച്ചും പണ്ടെപ്പോഴോ കള്ളന്മാർ ഉപ്പ് കല്ല് കൊണ്ടുപോയ കാര്യവും വണ്ടി ഓട്ടത്തിനിടയിൽ ശിവേട്ടൻ പറയുന്നുണ്ടായിരുന്നു. ഇരുട്ട് നിറഞ്ഞ മൺ റോഡിലൂടെ ജീപ്പ് കുന്നുകയറി വീടിന്റെ മുന്നിൽ നിർത്തി. നാരായണൻ ഏട്ടനും അച്ഛനും കൂടി പൈസ വീതിച്ചെടുത്ത് ശിവൻ ചേട്ടന്റെ ജീപ്പ് കാശ് കൊടുത്തു.
വീട്ടിൽ എത്തിയപ്പോൾ അവിടെ ഒരാൾ നമ്മളെ കാത്തുനിൽപ്പുണ്ടായിരുന്നു. രണ്ടാഴ്ച മുമ്പ് അമ്മ നാടുകടത്തിയ ഒരു കറുത്ത പെൺപൂച്ച. പുഴ കടത്തിവിട്ടാൽ പൂച്ച തിരിച്ചു വരില്ല എന്ന് പറഞ്ഞത് കേട്ട് പുഴയിൽ മീൻ പിടിക്കാൻ പോകുന്ന രാജൻ ചേട്ടന്റെ കയ്യിൽ അമ്മ ചാക്കിലാക്കി കൊടുത്ത പൂച്ചയാണ് അത്.
തിരിച്ചുവന്ന് പൂച്ചയും കൂടി കണ്ടപ്പോൾ എന്റെ പേടി വീണ്ടും കൂടി. പേടിയോടൊപ്പം നല്ല വിശപ്പും ഉണ്ടായിരുന്നു. അച്ഛനും അമ്മയും ഞാനും ഒരുമിച്ചിരുന്ന് ചോറ് കഴിച്ചു. നേരം പാതിരാത്രി ആയതിനാൽ ചോറിനും കറികളും ഒക്കെ നല്ല തണുപ്പായിരുന്നു. തണുത്ത ചോറും കറിയും കഴിക്കാൻ നല്ല രസം ആണെന്ന് ഞാൻ അന്ന് തിരിച്ചറിഞ്ഞു.
മ്യാവു..മ്യാവു.. പൂച്ച കാലിനിടയിൽ കൂടെ വട്ടം ചുറ്റി കൊണ്ടിരുന്നു. “എന്നാലും എന്റെ ബിന്ദു, പൂച്ചയെ നാട് കടത്തിയിട്ട് ഇപ്പോ എന്തായി?” അമ്മയെ കളിയാക്കിക്കൊണ്ട് അച്ഛൻ അതിന് ചോറ് ഇട്ടുകൊടുത്തു. “ആ കൊടുക്ക് കൊടുക്ക്, ഇതിനെ കൊണ്ട് ഞാനല്ലേ കഷ്ടപ്പെടുന്നത്.” “സാരമില്ലെന്നേ ഒരു പൂച്ച അല്ലേ..” “സാരം ഉണ്ട് പൂച്ച തന്നെയാണ് എനിക്ക് പ്രശ്നം.” പുറത്ത് പറഞ്ഞില്ലെങ്കിലും ഉള്ളിലെ പേടി കൂടിക്കൂടി വന്നു. ചോറൊക്കെ കഴിച്ചു. വയറ് നിറഞ്ഞു, വിശപ്പുമാറി. പക്ഷേ പേടി മാറിയില്ല.
ഇനിയാണ് പ്രശ്നം, കിടന്നുറങ്ങണം. വലിയ ചെക്കൻ ആയി എന്ന് പറഞ്ഞ് എന്നെ ഇപ്പോൾ ഒറ്റയ്ക്കാണ് കിടത്തുന്നത്. പേടിയാണ് എന്ന് പറയുന്നത് നാണക്കേടാണ്. ഒറ്റയ്ക്ക് കിടക്കുക തന്നെ. ധൈര്യം സംഭരിച്ച് ഞാൻ ഒറ്റയ്ക്ക് കിടന്നു. തലവഴി പുതച്ചു മൂടി കിടന്നു കണ്ണടയ്ക്കുമ്പോൾ ദാ വരുന്നു വീണ്ടും സിനിമയിലെ പൂച്ചയും, മൂങ്ങയും, പ്രേതവും, തീയും, ഒക്കെ. മറിഞ്ഞും തിരിഞ്ഞും തിരിഞ്ഞും മറിഞ്ഞും ഞാൻ കിടന്നു. സിനിമ തന്നെയായിരുന്നു മനസ്സിൽ. ഒടുവിൽ ഞാൻ എങ്ങനെയോ ഉറങ്ങി.
ഉറക്കമുണർന്ന് എണീറ്റപ്പോൾ എനിക്ക് രണ്ട് അഹങ്കാരം വന്നു. പ്രേത പടം കണ്ടിട്ടും ഒറ്റയ്ക്ക് കിടക്കാൻ കഴിയുമെന്ന് ഞാൻ തെളിയിച്ചിരിക്കുന്നു. മറ്റൊന്ന് ഇന്ന് സ്കൂളിൽ പോയിട്ട് വേണം ഈ സിനിമ കഥ പറഞ്ഞ് കൂട്ടുകാരെ പേടിപ്പിക്കാൻ. “നമ്മൾ ഇന്നലെ സിനിമക്ക് പോയല്ലോ..” കുട്ടി മനസ്സിലെ ചെറിയ അഹങ്കാരം.
കാലം കടന്നു പോയപ്പോൾ ഭൂതവും പ്രേതവും എല്ലാം പേടി ഉണ്ടാക്കുന്നതിനു പകരം തമാശയായി മാറി. പ്രേതങ്ങളെ കണ്ട് ഞാൻ ആർത്ത് ചിരിച്ചു. കടമറ്റത്ത് കത്തനാർ എന്ന സീരിയലിലെ പ്രേതങ്ങളെ കണ്ടപ്പോ പേടിക്കാൻ അല്ല ചിരിക്കാനാണ് തോന്നിയത്.
കാലങ്ങൾക്കുശേഷം എന്നെ ഒരുപാട് ഭയപ്പെടുത്തിയ എന്റെ ഉറക്കം നഷ്ടപ്പെടുത്തിയ ആകാശഗംഗയുടെ രണ്ടാം ഭാഗം വരുമ്പോൾ ആദ്യഭാഗം കണ്ടതിന്റെ ഓർമ്മകൾ എന്നിൽ നിറയുകയാണ്. എന്നെ പേടിപ്പെടുത്താൻ കഴിഞ്ഞാലും ഇല്ലെങ്കിലും അമ്മയെയും കൂട്ടി ആകാശഗംഗ രണ്ടാം ഭാഗവും തീയേറ്ററിൽ തന്നെ പോയി കാണണം. പറ്റിയാൽ സെക്കൻഡ് ഷോ തന്നെ. ആ സിനിമ കാണണമെന്ന് തീരുമാനിക്കുമ്പോൾ എന്റെ ഉള്ളിൽ ഒരു സങ്കടം നിറയുന്നുണ്ട്. കൂടെ സിനിമ കാണാൻ അച്ഛൻ ഇല്ല എന്ന സങ്കടം… ഓർമ്മകളിൽ സിനിമ നിറയുന്നു.