വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.
ബീഫ് ഫ്രൈ എന്നും എപ്പോഴും ഇഷ്ടം. മനതാരിൽ കൊതിയോടെ കൊണ്ട് നടക്കുന്ന ബീഫിന്റെ ചില രുചിയിടങ്ങളുണ്ട്. അതിൽ ഒന്നും കൂടി. MS Hotel വിളപ്പിൽ ശാല. ചില മാണിക്യങ്ങൾ അങ്ങനെയാണ്. അതിങ്ങനെ മറഞ്ഞ് കിടക്കും. രുചിപ്പെരുമയുമായി നമ്മളറിയാതെ. അടുത്തറിയുമ്പോൾ ഹൃദയത്തെ രുചി കൊണ്ട് കീഴടക്കിക്കളയും. അത്തരത്തിലൊന്ന്. അടുത്തായിട്ടും അറിയാൻ കുറേ വൈകി പോയി.
വിളപ്പിൽ പഞ്ചായത്തിൽ തുടങ്ങിയ ആദ്യത്തെ ഹോട്ടൽ. എത്രയോ വർഷങ്ങൾക്ക് മുന്നേ സോദര പിള്ളയുടെ ചായക്കട എന്ന പേരിൽ പഴമക്കാർക്കിടയിൽ പേര് പിടിച്ചു പറ്റിയ രുചി. വിളപ്പിൽകാർക്ക് ഒരു ഭക്ഷണയിടം എന്ന് പറയാൻ ഇത് മാത്രമേ ആ കാലത്ത് ഉണ്ടായിരുന്നുള്ളു. വർഷങ്ങൾ കഴിഞ്ഞ് മധുസൂദനൻ നായർ (MS) എന്ന മകൻ 1974 ൽ അത് ഏറ്റെടുത്തു. വെറുതെ ഏറ്റെടുക്കകയായിരുന്നില്ല MS ന്റെ രുചിയെ വേറൊരു തലങ്ങളിലേക്ക് എത്തിച്ചു.
അന്ന് പേര് കേട്ട പല ഭക്ഷണയിടങ്ങളിലും അതിന്റെ രുചി പെരുമ കേട്ടറിഞ്ഞ് എത്തി, നാവ് കൊണ്ട് അതിലെ ചേരുവകളെ രുചിച്ചറിഞ്ഞ്, തന്റേതായ കൈപുണ്യവും ചേർത്ത് അദ്ദേഹം തന്റെ സ്വന്തം തട്ടകമായ വിളപ്പിലെ MS ഹോട്ടലിൽ കൊണ്ട് വരികെയാണ് ഉണ്ടായത്. MS എന്ന പെരുംതച്ചനിൽ നിന്ന് രുചിയുടെ അറിവുകൾ പകർന്ന് കിട്ടിയ അദ്ദേഹത്തിന്റെ സഹചാരിയായിരുന്ന മകൻ Renjith M S Nair, MS ന്റെ കാലശേഷം 2015 ൽ ഈ ഹോട്ടലിന്റെ സാരഥ്യം ഏറ്റെടുത്തു വളരെയധികം ഭംഗിയായി നടത്തി വരുന്നു. മൂന്നാം തലമുറയിൽ പെട്ട ഈ ചെറുപ്പക്കാരനിൽ ആ പഴയ രുചിയും ഭദ്രം.
സ്ഥലം: പേയാട് നിന്ന് വിളപ്പിൽ ശാല ജംഗ്ഷനിൽ നിന്ന് മുന്നോട്ട് പോകുമ്പോൾ ശ്രീകണ്ഠ ശാസ്താക്ഷേത്രം എന്ന ശിവക്ഷേത്രം. ആ ക്ഷേത്രത്തിന് എതിരായി വലത്തോട്ട് കാട്ടാക്കടയിലോട്ട് തിരിയുന്ന റോഡിന്റെ ഇടത് ഭാഗത്തായി തുടക്കത്തിലുള്ള ഓടിട്ട കെട്ടിടത്തിൽ കാണാം പഴമയുടെ പെരുമ കാക്കുന്ന ഈ രുചിയിടം. രാവിലെ 6 മുതൽ രാത്രി 11 വരെയാണ് ഹോട്ടലിന്റെ പ്രവൃത്തി സമയം. ഞാറായ്ഴ്ച രാത്രി 12 മണി വരെയുണ്ട്.
രാവിലെ വീശപ്പം, അപ്പം, ദോശ, പുട്ട്, പയർ, പപ്പടം, പെറോട്ട, പൂരി. കടലക്കറി/ഗ്രീൻ പീസ്/കുറുമ, മുട്ടക്കറി എന്നിവ കറികളായി കാണും. നാല് കൂട്ടം തൊടു കറികളുമായി ഊണ്. കിച്ചടി, അച്ചാർ, തോരൻ, അവിയൽ, തീയൽ. പിന്നെ തൈര്,മുളക്, കപ്പ ഇളക്കിയത്, കുടം പുളിയിട്ട മീൻ കറി. ഒഴിക്കാൻ പരിപ്പ്, സാമ്പാർ, പുളിശ്ശേരി/മോര്, രസം ₹ 70 രൂപയ്ക്ക്. നല്ല ഊണെന്നാണ് അറിഞ്ഞത്. സീസണനുസരിച്ച് കണവത്തോരൻ, ഞണ്ട് കറി, നെത്തോലി ഫ്രൈ, നെയ്മീൻ തുടങ്ങിയ മീനുകളും സ്പെഷ്യൽ മീൻ വിഭവങ്ങളായി ഉണ്ട്.
വൈകുന്നേരം ചപ്പാത്തി, ഗ്രീൻ സലാഡ്, കറികൾ, ദോശ, പെറോട്ട, വാഴയ്ക്കപ്പം തുടങ്ങിയ കടിപിടികൾ. ചിക്കൻ കറി, ചിക്കൻ തോരൻ, നാടൻ ചിക്കൻ പെരട്ട്, ബീഫ്, പോത്ത് ഇവ രാവിലെ 9 മണി മുതൽ കിട്ടി തുടങ്ങും. ഇവ വൈകുന്നേരങ്ങളിലും ഉണ്ട്. ചിക്കൻ ഫ്രൈ, ഫ്രൈഡ് റൈസ്, ന്യൂടിൽസ്, കൊത്തു പെറോട്ട, മട്ടൺ സൂപ്പ് എന്നിവ വൈകുന്നേരം 5 മുതൽ ലഭ്യമാണ്.
ഈയിടയ്ക്ക് മഴ കഴിഞ്ഞ ഒരു വൈകുന്നേരം കുടംബമായി നേരെ കേറി ചെന്നു. വളരെ രാവിലെ കഴിച്ച കല്യാണ സദ്യയുടെ ദഹനമൊക്കെ കഴിഞ്ഞ് വിശപ്പിന്റെ ഉഗ്രവിളിയുടെ തുടക്കമായി തുടങ്ങി. മുന്നിൽ ചൂട് പെറോട്ടയും കേട്ട് പെരുമയാർന്ന ബീഫ് ഫ്രൈയും. ബീഫിന്റെ ആദ്യത്തെ കഷ്ണം എടുത്ത് വായിൽ വച്ചപ്പോഴേ മനസ്സിലായി ഇതൊരു വേറൊരു റേഞ്ചാണ് മക്കളേ. ഏറ്റവും ഇഷ്ടപ്പെട്ട കഴിച്ച ബീഫ് രുചികളുടെ കൂടെ കട്ടയ്ക്ക് നില്ക്കുന്ന ഒരുത്തൻ. കൂടെ കിട്ടിയ ഉള്ളിയുടെ ഗ്രേവിക്കറിയും നന്നേ
ബോധിച്ചു.
ഒരു ദോശയും വാങ്ങിച്ചു. അതും കൊള്ളാം. വാഴയ്ക്കപ്പം വാങ്ങിച്ചു. നല്ല പഴുത്തത്. അത് പൊളിച്ചടുക്കി. വളരെ നാള് കൂടിയാണ് ഒത്ത ഒരു വാഴയ്ക്കപ്പം കഴിച്ചത്. നാല് ലൈറ്റ് ചായ മേടിച്ചു. മധുരം ഒരു പൊടിക്ക് കുറഞ്ഞ് പോയെന്നതൊഴിച്ചാൽ അതും സൂപ്പർ. അടുത്ത് തന്നെയുള്ള സൊസേറ്റിയിൽ നിന്നാണ് പാല് മേടിക്കുന്നത്. എല്ലാം കൊണ്ടും മറക്കാനാവാത്ത രുചിയുടെ താളം കൊണ്ട് തീർത്ത ഒരു സന്ധ്യ.
ഇനിയും കഴിച്ചിട്ടില്ലാത്തവർക്ക് ഈ രുചിയിടത്തിലോട്ട് സ്വാഗതം. പ്രത്യേകിച്ച് നിങ്ങൾ ഒരു ബീഫ് പ്രേമിയാണെങ്കിൽ കുറച്ച് ദൂരെ നിന്ന് ഇവിടെ സന്ദർശനം നടത്തിയാലും അതൊരിക്കലും ഒരു നഷ്ടമാവില്ല. M S Hotel, Temple Junction, Vilappilsala, Thiruvananthapuram, Kerala 097447 34473.