കേരളത്തിന് കെഎസ്ആർടിസി എന്നപോലെ മഹാരാഷ്ട്രയുടെ പൊതുഗതാഗത സംവിധാനമാണ് MSRTC അഥവാ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ.

1948 ൽ ബോംബെ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ അഥവാ BSRTC എന്നപേരിലായിരുന്നു മഹാരാഷ്ട്രയിലെ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ തുടക്കം. പൂനെയിൽ നിന്നും അഹമ്മദ്നഗറിലേക്ക് ആയിരുന്നു ആദ്യത്തെ ബസ് സർവ്വീസ്.

ഷെവർലെ, ഫോർട്ട്,ബെഡ്ഫോർഡ്, ലെയ്‌ലാൻഡ്, ഫിയറ്റ്, മോറിസ് കൊമേഴ്‌സ്യൽ തുടങ്ങി വിവിധ കമ്പനികളുടെ ബസുകൾ BSRTC ഉപയോഗിച്ചിരുന്നു. 1950 ന്റെ തുടക്കത്തിൽ നിൽകമൽ, ഗിരിയരോഹിണി എന്നീ പേരുകളിൽ രണ്ട് ലക്ഷ്വറി കോച്ച് സർവ്വീസുകൾ BSRTC ആരംഭിച്ചു. 2×2 സീറ്റുകൾ, കർട്ടനുകൾ, ക്ളോക്ക്, അലങ്കാരങ്ങളോട് കൂടിയ ഇന്റീരിയർ, ടിൻറ്റെഡ് വിൻഡോസ് എന്നീ സൗകര്യങ്ങളോടു കൂടി സർവ്വീസ് ആരംഭിച്ച ഈ ബസ്സുകൾ പൂനെ – മഹാബലേശ്വർ റൂട്ടിൽ ആയിരുന്നു സർവ്വീസ് നടത്തിയിരുന്നത്.

1950 ൽത്തന്നെ കേന്ദ്രസർക്കാർ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ആക്ട് നിലവിൽ വരുത്തുകയും, അതുപ്രകാരം ബോംബെ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എന്നത് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ആയി മാറുകയും ചെയ്തു.

തടി കൊണ്ടുള്ള ബോഡിയും, കയർ കൊണ്ടു നിർമ്മിച്ച സീറ്റുകളുമായി മഹാരാഷ്ട്ര ട്രാൻസ്‌പോർട്ട് ബസ്സുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സർവ്വീസ് നടത്തി. 1960 ഓടെ അലുമിനിയം ബോഡിയിലുള്ള ബസ്സുകൾ ഉപയോഗിച്ച് സർവ്വീസ് നടത്താൻ തുടങ്ങി. ഡ്രൈവറും കണ്ടക്ടറും കാക്കി യൂണിഫോമുകൾ ആയിരുന്നു ധരിച്ചിരുന്നത്.

1968 ലായിരുന്നു MSRTC ഭാഗികമായി നൈറ്റ് സർവ്വീസുകൾ ആരംഭിച്ചത്. പിന്നീട് ഏകദേശം പത്തുവർഷങ്ങൾക്കു ശേഷം 1970 കളുടെ അവസാനത്തോടെയാണ് MSRTC ഓവർനൈറ്റ് സർവീസുകൾ തുടങ്ങിയത്. 1982 ലെ ഏഷ്യൻ ഗെയിംസിനിടയിലാണ് MSRTC യിൽ ആദ്യമായി സെമി ലക്ഷ്വറി ക്ലാസ്സ് ബസ്സുകൾ സർവ്വീസ് ആരംഭിച്ചത്.

ഗതാഗതം ചെന്നെത്താത്ത കുഗ്രാമങ്ങളിലേക്ക് വരെ MSRTC സർവ്വീസ് ആരംഭിച്ചു. ഗ്രാമങ്ങളിൽ നിന്നും കത്തുകൾ, മരുന്നുകൾ, പത്രങ്ങൾ, ടിഫിൻ ബോക്സുകൾ മുതലായവ മറ്റു നാടുകളിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആളുകൾ എത്തിച്ചിരുന്നത് MSRTC ബസ്സുകളിലൂടെയായിരുന്നു. കൂടാതെ ഗ്രാമങ്ങളിലെ കൃഷിയിടങ്ങളിൽ നിന്നുള്ള വിളവുകൾ പട്ടണത്തിലേക്ക് എത്തിക്കുന്നതിനും അക്കാലത്ത് ആശ്രയിച്ചിരുന്നത് MSRTC യെ ആയിരുന്നു.

ഇന്ന് ദിവസേന 6.7 മില്യൺ യാത്രക്കാരെ വഹിക്കുന്ന MSRTC യ്ക്ക് 18000 ത്തിലധികം ബസ്സുകളുണ്ട്. പരിവർത്തൻ, ഏഷ്യാഡ്‌, ഓർഡിനറി, സിറ്റി സർവ്വീസ്, യാത്ര ബസ്, ശിവനേരി, ഹിർക്കനി, അശ്വമേധ്, ശിവ്ഷാഹി എന്നീ പേരുകളിൽ MSRTC വിവിധ റൂട്ടുകളിൽ സർവ്വീസ് നടത്തുന്നുണ്ട്. അശോക് ലെയ്‌ലാൻഡ്, ടാറ്റ, ഐഷർ തുടങ്ങി വോൾവോ, സ്‌കാനിയ വരെയുള്ള ബസ്സുകൾ MSRTC യിലുണ്ട്.

കർണാടക ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിലേക്ക് ധാരാളം ഇന്റർ സ്റ്റേറ്റ് സർവ്വീസുകൾ MSRTC നടത്തുന്നുണ്ട്. അതുപോലെതന്നെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനിതാ ജീവനക്കാരുള്ള രണ്ടാമത്തെ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ MSRTC ആണ്. കേരളത്തിലേക്ക് MSRTC സർവ്വീസുകൾ ഇല്ലാത്തതിനാൽ നമ്മുടെ നാട്ടുകാരിൽ പലരും ഈ ബസുകളെ നേരിട്ടു കണ്ടിരിക്കാൻ ഇടയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.