വിവരണം – Fahim Maharoof.
നമ്മൾ മലയാളികളുടെ ഒരു കഴിവാണ് ഒരു പ്ലാനിങും ഉണ്ടാവില്ലെങ്കിലും എവടെ എങ്കിലും എങ്ങനെയെങ്കിലും എത്തിപെടും എന്നത്.. ഞാൻ പലവട്ടം ആഗ്രഹിച്ചതാണ് മുംബൈ അധോലോകത്തേക്ക് ഉള്ള ഒരു യാത്ര. എന്റെ കാഴ്ചപ്പാടും എന്നെ തന്നെ മാറ്റിമറിച്ച ഒരു യാത്രയായിരുന്നു അത്. എല്ലാ ആഗ്രഹങ്ങളിലും ഓരോ തടസങ്ങൾ ഉണ്ടാവും. ആ ഒരു തടസമായിരുന്നു എനിക്ക് എന്റെ പഠനം.. അത് കൊണ്ട് ഞാൻ ശനി ഞായർ ഈ ദിവസങ്ങളിൽ ആയിരുന്നു മിക്കവാറും യാത്ര ചെയ്യാറുള്ളത്. അങ്ങനെ ഒരു വെള്ളിയാഴ്ച 1300 രൂപ കൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങി. ശേഖരിച്ച കുറച്ചു പൈസ ഉണ്ടായിരുന്നു കയ്യിൽ. തലശ്ശേരി റെയിൽവേയിൽ നിന്ന് നേത്രവതി എക്സ്പ്രസ്സിൽ ലോകമാന്യതിലകിലേക് ₹320 രൂപക്ക് ടിക്കറ്റ് ഇടുത്തു കേറി. നിക്കാൻ പോലും സ്ഥലമുണ്ടാവില്ല ട്രെയിനിൽ. എന്റമ്മോ സത്യത്തിൽ ശ്വാസം പോലും വലിക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു.
കാഞ്ഞങ്ങാട് കഴിഞ്ഞപ്പോൾ ഭാഗ്യത്തിന് ഒരു സീറ്റ് കിട്ടി. അതും ഗോവ പോണ കൊച്ചി ഫ്രിക്കൻ മച്ചാന്മാരെടുത്ത്. നല്ല അടിപൊളി ടീംസ് ആയിരുന്നു. കുറേ കമ്പനി ഒക്കെ തന്നു. ഒരുപാട് സംസാരിച്ചു. ഒറ്റക്കാണ് പോണേ എന്ന് കേട്ടപ്പോൾ.. “ബോർ അടിക്കില്ലേ.. ചങ്ങായിമാരെ ഒക്കെ കൂട്ടി പോയിക്കോടെ” എന്ന് ചോദിച്ചു.. ഞാൻ പറഞ്ഞു “കൂട്ടാൻ ഒക്കെ കൊറേ ചങ്ങായിമാർ ഉണ്ടാവും. പക്ഷെ ഒറ്റക്ക് പോണ സുഖം അത് വേറെ തന്നെയാ.. അത് ആർക്കും പറഞ്ഞ മനസിലാവില്ല.. അനുഭവിച്ചു തന്നെ ആസ്വദിക്കണം” എന്ന്.. അപ്പൊ ഒരു കോമൺ ആയ ഒരു മറുപടി കിട്ടി… ആ ഞാനും ഒരു ദിവസം പോവും മണാലിക് ഒറ്റക്ക് എന്ന്.. അത് പറയലും ഒക്കെ ഉള്ള ആൾകാർ ചിരിച്ചു കൊണ്ട് പറഞ്ഞു “ആദ്യം നീ ഒറ്റക്ക് കിടക്ക്.. അത് കഴിഞ്ഞു മനാലിയും ലാടക്കൊക്കെ പോവാ”ന്ന്. അത് കഴിഞ്ഞു എന്റെ കയ്യിലുള്ള പൈസ കേട്ടിട്ടും അവർ ഞെട്ടി.. എന്നിട്ട് നീ വേറെ തന്നെ ഒരു മനുഷ്യനാടാ എന്ന് പറഞ്ഞു ചിരിച്ചു.. അവർ മഡ്‌ഗോൻ വരെ കളിയും ചിരിയുമൊക്കെ ആയി കൂടെ ഉണ്ടായിരുന്നു. വീണ്ടും ഒറ്റക്കായി..
അവിടെ വീണ്ടും ഒരു മലയാളിയെ പരിജയപെട്ടു.. പുള്ളി പൻവേലിലെക് ആയിരുന്നു. അവിടെ ഒരു ഫ്രണ്ടിന്റെ ഹോട്ടലിൽ ജോലി ചെയ്യാൻ പോകുവാണെന്നു പറഞ്ഞു. എന്റെ കയ്യിൽ പൈസ കുറവായത് കൊണ്ട് ഒരു നേരം പവ്വ് ബജി കേറ്റി വിശപ്പ് മാറ്റിയിരുന്നു. പാവ് ബജി ഇല്ലേൽ വടയാണ് മെയിൻ. നോമ്പ് ഒക്കെ നോറ്റ് ശീലം ഉള്ളത് കൊണ്ട് വിശപ്പ് അടക്കാനും അറിയാം. അങ്ങനെ ഒരു 6 മണി ഒക്കെ ആയപ്പോൾ ലോക്മാന്യതിലകിൽ എത്തി. അന്ധവും കുന്തവും തിരിയാത്ത അവസ്ഥ ആയിരുന്നു അവിടെ.. റെയിൽവേയിൽ നിന്ന് പുറത്തിറങ്ങിയാൽ കാണുന്നത് ഒരു ചെറിയ ഇട വഴി. ചുറ്റും തട്ട്കടകളും ലഹരി വസ്തുക്കൾ വിൽക്കുന്ന കടകളും. അവിടെ ഇരുന്ന കുറച്ചു പിള്ളേരോട് ചത്രപതിയിലേക് പോകുന്ന ട്രെയിൻ എവിടെ കിട്ടും എന്നൊക്ക ചോദിച്ചു ലോക്കൽ ട്രെയിൻ സ്റ്റേഷനിൽ എത്തി. ആദ്യമായിട്ടയത് കൊണ്ട് ലോക്കൽ ട്രെയിൻ വരുന്നത് കണ്ട് മരണ പാച്ചിൽ പാഞ്ഞു. എങ്ങനെയോ കേറി. വല്ലാത്ത ഒരു അവസ്ഥ ആണ് ലോക്കൽ ട്രെയിൻ ഒക്കെ. നിറച്ചും ആളായിരിക്കും. തള്ളും ഉന്തും.. ഒന്നും പറയണ്ട.. എങ്ങനെയോ രണ്ടു ലോക്കൽ ട്രെയിൻ കേറി ഛത്രാപതി എത്തി..
ശെരിക്കും കൊട്ടാരം പോലൊരു സ്റ്റേഷൻ. അതിന്റെ ഭംഗി ഒക്കെ ആസ്വദിച്ചു നൈസ് ആയിട്ട് പുറത്തിറങ്ങി.. റെയിൽവേയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഏകദേശം 7 മണി ആയിരുന്നു. ഒരു നല്ല ചായ കുടിച്ചു. സത്യം പറഞ്ഞാൽ ഹൈദരാബാദിലും ബാംഗ്ലൂരിലും മുംബൈലുമൊക്കെ കിട്ടുന്ന ചായക്ക് വേറേ തന്നെ ടേസ്റ്റ് ആണ്. സ്റ്റേഷനിൽ നിന്ന് കീഞ്ഞപ്പോൾ തന്നെ കൊറേ സ്ട്രീറ്റ് ഫുഡ് ഏരിയ കാണാം. 35 രൂപക്കൊക്കെ 8 പൂരിയും കറിയും ഒക്കെ കിട്ടും. നല്ല അടിപൊളി ടേസ്റ്റും ആയിരിക്കും. നിങ്ങൾ അവിടെ പോയാൽ എന്തായാലും കഴിക്കണം..കിടു ആണ്. അങ്ങനെ സ്റ്റേഷന്റെ മുൻഭാഗം വേറേ തന്നെ ഒരു രസമാണ് കാണാൻ. എല്ലാ സൈഡിൽ നിന്നും ലൈറ്റ് ഒക്കെ കത്തുന്നുണ്ട്. എന്ത് മനോഹരമായ കാഴ്ച.
അപ്പൊ തന്നെ ഉമ്മാനെ വിളിച്ചു അവിടുത്തെ വിശേഷം പറഞ്ഞു. ഉമ്മ പറഞ്ഞു ഉപ്പനെയും കൂട്ടി നമ്മക്ക് ഒരു ദിവസം പോകാം എന്ന്. എനിക്ക് ഇത്രയും സ്വാതന്ത്ര്യം തരുന്നത് കൊണ്ട് മാത്രമാണ് ഞാൻ ഇങ്ങനെ പറന്നു നടന്നു ജീവിക്കുന്നെ.. ഉമ്മ “പോയിട്ട് വാ” എന്ന ഒറ്റ വാക്ക് പറഞ്ഞാലേ ഞാൻ എവിടെയും പോവാറുള്ളു . ആ വാക്കിന് അത്രയ്ക്കും വിലയാണ്. ആ വാക്കില്ലാതെ ഞാൻ എവിടെയെങ്കിലും പോയാൽ ജീവനോടെ തിരിച്ചു വരുമോ എന്ന് പോലും എനിക്ക് പറയാൻ പറ്റില്ല. നിങ്ങൾ എവിടെ പോവുന്നതാണെങ്കിലും ഒരു വാക്ക് പറഞ്ഞിട്ടെങ്കിലും പോണം. അവരുടെ പ്രാർത്ഥന മതി നമ്മളെ വലിയൊരു അപകടത്തിൽ നിന്ന് തന്നെ രക്ഷിക്കാൻ..
ഞാൻ അങ്ങനെ പാട്ടും പാടി ഇങ്ങനെ നടന്നു. മാപ്പ് നോക്കി ഗേറ്റ് വെയിലേക് വിട്ടു. ഗേറ്റ് വെയിൽ വെച്ച് ഒരു റഷ്യൻ കപ്പിൾസിനെ പരിചയപെട്ടു. ഒരു ഫോട്ടോ ഇടുത്തു തരുമോ എന്ന് ചോദിച്ചായിരുന്നു പരിചയപ്പെട്ടത്. അങ്ങനെ കുറച്ചു ഇംഗ്ലീഷ് ഒക്കെ അറിയുന്നത് കൊണ്ട് ഒറ്റക്കാണ്. ബഡ്ജറ്റ് ട്രിപ്പ് വന്നതാണൊക്കെ പറഞ്ഞു. പിന്നെ അവർ അവരുടെ കഥ പറയാൻ തുടങ്ങി. 10 വർഷമായി അവർ യാത്രയിലാണ്. 20 ഓളം രാജ്യങ്ങളിൽ സഞ്ചരിച്ചു എന്ന് പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി.ഞാൻ ചോദിച്ചു എങ്ങനെയാണ് നിങ്ങൾക്ക് യാത്ര ചെയ്യാൻ വരുമാനം കിട്ടുന്നത് എന്ന്. അപ്പൊ പറഞ്ഞു അച്ഛൻ പണ്ടപ്പൊഴോ വാങ്ങിയ സ്ഥലം അവർ വിറ്റിട്ടാണ് യാത്ര ചെയ്യുന്നത് എന്ന്.. അങ്ങനെ ഒരു ഡിന്നർ ഒക്കെ അവർ ഓഫർ ചെയ്തു. അവരോട് ബൈ പറഞ്ഞു നേരെ മറൈൻ ഡ്രൈവിലേക് നടന്നു..
മുംബൈ നഗരത്തിലൂടെ രാത്രിയുള്ള നടത്തം മറൈൻഡ്രൈവ്… ആഹ എന്ത് സുന്ദരമാണെന്നോ നെക്‌ലസിന്റെ രാജകുമാരി എന്നറിയപ്പെടുന്ന ഈ കടൽ. നല്ല കാറ്റ് വീശുന്നുണ്ടായിരുന്നു. എന്താ പറയാ.. വേറെ തന്നെ ഒരു വൈബ് ആണ്! എവിടെ നോക്കിയാലും റൊമാന്റിക് ക്യാപ്പ്ൾസ്. അത് കണ്ട് ഞാനും ആഗ്രഹിച്ചു പോയി.. “കല്യാണം കഴിച്ചു ഓളെയും കൂട്ടി ഇവിടെ വരണം എന്ന്! പിന്നെ അവിടെ ഫുഡ് ഒക്കെ കായ്ച്ചു പോയാൽ മതി.. ഫുഡ് അടുത്തെങ്ങും കിട്ടില്ല. അവിടെ നിന്നൊരു ചായ കുടിച്ചു കുറച്ച് ഉറങ്ങി. ഒരു 12 മണി ഒക്കെ ആയപ്പോൾ എണീച്ചു മുംബൈ ഒക്കെ ഒന്ന് നടന്നു കണ്ടാലൊന്ന് തോന്നി.. നടക്കാൻ തുടങ്ങി.. കുറച്ചു ബീച്ചിലൂടെ നടന്നപ്പോൾ കാലിലൂടെ എന്തോ ഓടുന്ന പോലെ ഫീൽ ചെയ്തു. നോക്കുമ്പോൾ ബീച് മുഴുവൻ എലി. എന്റമ്മോ ജീവനും കൊണ്ട് ഓടി റോഡിലേക്ക്.
അങ്ങനെ പിന്നെയും കസിനെ ഒക്കെ വീഡിയോ കാൾ ചെയ്ത് നടന്നു ബോർ അടി മാറ്റി. ഒറ്റക്കാണെന്നതെ ഓർമ ഉണ്ടായിരുന്നില്ല അവനെ വിളിച്ചപ്പോ.. പിന്നെ ഒറ്റ മനുഷ്യ കുട്ടി ഇല്ല റോഡിൽ. വണ്ടി മാത്രം പോവും. അവസാനം നടന്ന് മുംബൈ സെൻട്രലിൽ അവിടെ എത്തിയപ്പോൾ രണ്ടു ആൾകാർ എന്നെ നോക്കുന്നത് കണ്ടു.. അവരുടെ കളി കണ്ട് എന്തോ പെശക് പോലെ തോന്നി. ഞാൻ നടത്തം കുറച്ച് ഫാസ്റ്റ് ആക്കി. പിന്നെ അവർ എന്നെ പിന്തുടരുന്നത് പോലെ തോന്നി.. പിന്നെയും കുറച്ച് വേഗത്തിൽ നടന്നു. അവിടെ ഒറ്റ മനുഷ്യർ ഇല്ല. റെയിൽവേയിൽ നിന്ന് കുറച്ച് മുമ്പോട്ടു പോയത് കൊണ്ട് തിരിച്ചു പോവാനും പറ്റില്ല. അവർ എന്നെ തന്നെ പിന്തുടരാൻ തുടങ്ങി.. ഞാൻ ആകെ വിറച്ച അവസ്ഥയിലായി. നെഞ്ചിടിപ്പ് ഒക്കെ ഒരു നായ ബാക്കിൽ ഓടുന്ന പോലെ ഉണ്ടായിരുന്നു. പിന്നെ ഞാൻ ഓടാൻ തുടങ്ങി.. അവരും ബാക്കിൽ ഓടി. അവരുടെ ഓട്ടം ശ്രധിച്ചപ്പോൾ ആണ് ‘ഹോമോ’ ആണെന്ന് മനസിലായത്. അങ്ങനെ ഏകദേശം 2 km ഓളം ഓടിച്ചു.
ഞാൻ ഒരു ഹോട്ടലിൽ കേറി അവരോടു കാര്യം അറിയുന്ന ഹിന്ദിയിൽ പറഞ്ഞു. അവർ പറഞ്ഞു ഇവിടെ ഇതൊക്കെ സാധാരണ ആണ്. ആരെങ്കിലും ഇവിടെ രാത്രി ഒറ്റക്ക് നടക്കുമോ എന്ന് ചോദിച്ചു. ഞാൻ അവിടുന്ന് ഫുഡ് ഒക്കെ കഴിച്ചു പുറത്തിറങ്ങി. പോയിട്ടും കയ്യ് ഒക്കെ വിറക്കുന്നുണ്ടായിരുന്നു. വീണ്ടും മറൈൻ ഡ്രൈവിലേക് നടന്നു. അവിടെ എത്തി വാച്ച് നോക്കിയപ്പോൾ ആ രാത്രി മാത്രം ഞാൻ 20km നടന്നു കഴിഞ്ഞിരുന്നു. ഏകദേശം 4 മണിയായിരുന്നു തിരിച്ചു എത്താൻ. ക്ഷീണം കാരണം മറൈൻഡ്രൈവിലെ ഒരു സിമന്റ് സോഫയിൽ കിടന്നു. അവിടെ ഒന്നും കൊണ്ട് പേടിക്കണ്ട.. 24 മണിക്കൂറും പോലീസ് പ്രൊട്ടക്ഷൻ ഉണ്ടാവും. പിന്നെ എവിടെ നോക്കിയാലും റൊമാന്റിക് സീൻസും കാണാം. ഒരു 4:30 ഒക്കെ ആയപ്പോൾ ഉറങ്ങി.
2 ദിവസമാണ് ഞാൻ അവിടെ ഉണ്ടായത്. പക്ഷെ ഞാൻ പോയി വന്നിട്ട് 6 മാസമായെങ്കിലും അതിലെ ഓരോ അനുഭവം മനസിലുണ്ടെങ്കിൽ അതാണ് ഒറ്റക്ക് സഞ്ചരിക്കുന്നതിന്റെ പവർ. പല യാത്രകളും പോയിട്ടുണ്ടെങ്കിലും ഒറ്റക്ക് പോയപ്പോൾ കിട്ടിയ ഫീൽ ഒന്നും എവിടെ പോയിട്ടും കിട്ടിയിട്ടില്ല. ഒരു യാത്രയും എനിക്ക് ചെറുതല്ല പക്ഷെ ഇതെന്തോ എന്നെ മാറ്റി മറിച്ച യാത്രയായിരുന്നു. ഞാൻ ആ സിമെന്റിന്റെ സോഫയിൽ ആണ് കിടന്നതെങ്കിലും നല്ല സുഖമായി കിടന്നു ഉറങ്ങി. പിന്നെ ഫുൾ ടൈം കാറ്റ് വീശുന്നത് കൊണ്ട് എ സിടെയും ആവശ്യം ഇല്ല. പ്രഭാതം ഒരു രക്ഷയും ഇല്ല. രാത്രി കാണുന്നതിലും അടിപൊളി. ഞാൻ ഛത്രപതിലേക്ക് തന്നെ തിരിച്ചു നടന്നു. അവിടെ ഒരു പബ്ലിക് ടോയ്‌ലെറ്റിൽ കേറി 5 രൂപ കൊടുത്തു ഫ്രഷ് ആയി. മാപ്പ്ലെ കൺഹേരി കേവ്സ് എന്ന ഒരു നല്ല കിടുകാച്ചി പ്ലേസ് കണ്ടു. ഒന്നും നോക്കിയില്ല അവിടുത്തേക്ക് പോകാൻ തന്നെ താനെയിലേക്ക് ട്രെയിൻ കേറി.
അവിടെ കുറച്ച് ആൾക്കാരോട് ചോദിച്ചപ്പോൾ അവർ പറഞ്ഞു സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിൽ ആണ് കൺഹേരി കേവ്സ് സ്ഥിതി ചെയ്യുന്നെന്ന്. അങ്ങനെ ചോദിച്ചു ചോദിച്ചു ബസിൽ അവിടെ ഇറക്കി തന്നു. 55 രൂപ ആണ് ടിക്കറ്റിന്. അതും കൊടുത്തു ഉള്ളിൽ കേറി. അപ്പോൾ അവിടുത്തെ ബോർഡ് കണ്ടപ്പോൾ ആണ് ഇത്രെയും സംഭവം അതിന്റെ ഉള്ളിൽ കാണാൻ ഉണ്ടെന്ന് മനസിലായത്. സൈക്കിൾ ഉണ്ട് റെന്റിന്. പിന്നെ അങ്ങോട്ടേക്ക് ബസും ഉണ്ട്. എന്നാലും ആ കാടിന്റെ ഭംഗി ആസ്വദിക്കാം എന്ന് കരുതി നടക്കാൻ തന്നെ തീരുമാനിച്ചു. നടത്തത്തിൽ കുറച്ചുപേരെ പരിചയപെടാൻ പറ്റി. അത് കൊണ്ട് സെൽഫി ഇടുക്കേണ്ട ആവശ്യം വന്നില്ല. അവർ കോളേജിൽ നിന്ന് മുങ്ങി വരുന്നതായിരുന്നു. നടന്നു കൊണ്ടിരിക്കുമ്പോൾ കാടിന്റെ ഉള്ളിൽ നിന്ന് ഒരു കുട്ടി അലറുന്നത് കേട്ടു. ഒരു ചെറിയ വഴിലൂടെ ചെന്നു നോക്കുമ്പോൾ ഒരു സുന്ദരമായ അരുവി. ഇങ്ങനെയും സ്ഥലങ്ങളുണ്ടോ മുംബൈയിൽ എന്ന് തോന്നിപ്പിക്കും. നമ്മൾ കേട്ടതൊന്നും എല്ലാ മുംബൈ. നഗരത്തെകാൾ കൂടുതൽ പ്രകൃതി ആണെന്ന് അപ്പോഴാണ് മനസിലായത്.
അവിടെ നിന്ന് കുറച്ച് ഫോട്ടോ ഒക്കെ ഇടുത്തു തിരിച്ചു റോഡിലേക്ക് നടന്നു. അധികം ആൾക്കാരും സൈക്കിളിൽ ആയിരുന്നു പോകുന്നെ. അവസാനം കാല് കടഞ്ഞു ഒരു ബൈക്കിനോട് ലിഫ്റ്റ് ചോദിച്ചു. ആ ഫോറെസ്റ്റിൽ കാറും ബൈക്കും ഒക്കെ കടത്തി വിടും. അവർ ഒരു കയറ്റം വരെ ഇറക്കി തന്നു. അങ്ങനെ കൺഹേരിലേക്ക് നടന്നു. അവിടെ എത്തി നോക്കുമ്പോൾ കിടിലൻ സ്ഥലം. മുഴുവൻ കാടും മലയും കാണാം. കോളേജ് പിള്ളേരോട് ഒരു ഫോട്ടോ ഇടുത്തു തരാൻ പറഞ്ഞു. ഒരുത്തൻ വന്നു എടുത്തു. അത് കണ്ടു അവരുടെ കൂട്ടത്തിലുള്ള ഒരു പെൺകുട്ടി അവനെ ഹിന്ദിയിൽ തെറി വിളിച്ചു ഇങ്ങനെയാണോ ഫോട്ടോ ഇടുക്കുന്നെന്ന് ചോദിച്ചു ഫോൺ വാങ്ങി. ഒരു നല്ല ഫോട്ടോ ഇടുത്തു തന്നു. പിന്നെ മേലെ കേറുന്നത് വരെ അവളും അവരോടുമൊക്കെ സംസാരിച്ചു മോളിൽ എത്തിയത് അറിഞ്ഞില്ല.
നല്ല അടിപൊളി വ്യൂ ആണ് മുകളിൽ നിന്ന്. അങ്ങനെ കീയുമ്പോൾ രണ്ടുപേർ മലയാളത്തിൽ സംസാരിക്കുന്നത് കണ്ടു. മലയാളി ആണോന്നു വിളിച്ചു ചോദിച്ചു. അങ്ങനെ എന്നെ കണ്ടു ഒരു നല്ല ചിരിയും തന്നു.. അതെ ഇങ്ങോട്ട് വാ എന്ന് പറഞ്ഞു വിളിച്ചു. എന്നെ കുറിച്ച് കേട്ടപ്പോൾ അവർ ഞെട്ടി. ഞാനൊക്കെ ഇപ്പോഴും വീട്ടിൽ നിന്ന് ഇറങ്ങിയാൽ രാത്രി ആവുമ്പോഴേക് വീട്ടിൽ കേറിയില്ലെങ്കിൽ വഴക്ക് പറയും എന്ന് പറഞ്ഞു. നിന്നെ സമ്മതിച്ചു തന്നു എന്നൊക്കെ പറഞ്ഞു. അവർ മുംബൈയിൽ പ്രൊഫഷൻ ചെയ്യുവാണെന്ന് പറഞ്ഞു.ഇടക്ക് ലീവ് കിട്ടുമ്പോൾ ഇങ്ങനെ വെറുതെ കറങ്ങും എന്ന് പറഞ്ഞു എന്റെ ഫോണിൽ ചാർജ് തീർന്നത് കൊണ്ട് ഒക്കെ നിന്ന് ഫോട്ടോ എടുക്കാൻ പറ്റിയില്ല. പക്ഷെ അവർ നൈസ് ആയിട്ട് ഒരു ഫോട്ടോ ഒക്കെ ക്ലിക്ക് ചെയ്തു വീണ്ടും കാണാം എന്ന് പറഞ്ഞു പോയി.
കുറച്ചു താഴേക്കു കീഞ് വരുമ്പോൾ ബസ് എവിടെ കിട്ടുമെന്ന് ചോദിച്ചു ഒരു ലേഡി പോലീസിനെ പരിചയപെട്ടു. ഞാനും അങ്ങോട്ടേക്കാണ് എന്റെ കൂടെ വന്നോളൂ എന്ന് പറഞ്ഞു നടന്നു. കൊറേ സംസാരിച്ചു നല്ല കമ്പനി ആയി. അവസാനം എനിക്ക് നല്ലൊരു പാട്ടൊക്കെ പാടി തന്നു. ഞാനും പാടി കൊടുത്തു. പോലീസ് ആണെങ്കിലും നല്ല സംസാര രീതി ആയിരുന്നു. അവരുടെ കൂടെ നടന്നു ഞാനും കുറച്ചു ഹിന്ദി ഒക്കെ പഠിച്ചു. അവസാനം ബസ് സ്റ്റോപ്പിൽ എത്തി. മുമ്പിൽ തന്നെ ബസ് നിർത്തി ഇട്ടിരുന്നു. അതിൽ കേറി ഇരിന്നു. ഒരു 10 രൂപയും കൊടുത്തു എക്സിറ്റിൽ ഇറക്കി തന്നു.
താനെയിൽ നിന്ന് പൻവേലിലേക്ക് ട്രെയിൻ കേറി. 6 മണിക്ക് പൻവേലിൽ എത്തി. തലശ്ശേരിയിലേക്ക് 9:25 ഇൻ ഉള്ള എറണാകുളം സൂപ്പർ ഫസ്റ്റിൽ ടിക്കറ്റ് ഇടുത്തു. ഇത്രയും ആയിട്ടും പൈസ കുറച്ച് കൂടെ ബാക്കി ഉണ്ടായിരുന്നു. അവിടെ നിന്ന് ബ്രെഡ് ഓംലറ്റ് കായ്ച്ചു വയറു നിറച്ചു. സമയം ഒരുപാട് ഉള്ളത് കൊണ്ട് Orion മാളിൽ പോയി. അവിടെ ഒരു പാട്ടിന്റെ പരിപാടി ഉണ്ടായിരുന്നു. അവിടെ ഉള്ള ഒരു പ്രശസ്ത ഗായകനാണെന് തോന്നുന്നു. അതൊക്കെ കേട്ട് സമയം പോക്കി. എന്റെ കയ്യിൽ പവർ ബാങ്കൊന്നും ഇല്ലാത്തത് കൊണ്ട് ഫോൺ സ്വിച്ച് ഓഫിൽ തന്നെ ആയിരുന്നു. റയിൽവെയിൽ പോയി ചാർജ് കേറ്റി.
ട്രെയിൻ വന്നപ്പോൾ ഓടി കേറി മുകളിൽ ഒരു സീറ്റ് ഉറപ്പിച്ചു. നല്ല പോലെ കിടന്നു ഉറങ്ങി നാട്ടിൽ എത്തി! എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ആദ്യത്തെ ദൂര യാത്രയും പിന്നെ ഒറ്റക്കുള്ള അനുഭവവും. Into the wild ൽ പറഞ്ഞത് പോലെ “happiness only real when shared!” ശെരിക്കുമുള്ള സന്തോഷം അത് പങ്കു വെച്ചാൽ മാത്രം കിട്ടുന്നതാണെന്ന് ഞാൻ കുറച്ച് ദിവസങ്ങൾ മുമ്പാണ് തിരിച്ചറിഞ്ഞത്.. അത് കൊണ്ടാണ് 6 മാസം മുമ്പ് “4 ഓഗസ്റ്റ് 2018” ൽ നടന്ന അനുഭവം ഇത്രയും വൈകി പങ്കു വെക്കുന്നത്.