അധികമാരും അറിയാത്ത ഓഫ്‌റോഡ് വഴികൾ താണ്ടി മൂന്നാറിലേക്ക് ഒരു ബൈക്ക് ട്രിപ്പ്

Total
20
Shares

വിവരണം – Sreehari Kunjunni‎.

ഓഫീസിൽ നിന്നും മുന്നാർക്ക് ട്രിപ്പ്. അടിപൊളി. തകർക്കണം. ലീഡ്‌സ് ഒക്കെ നല്ല കമ്പനി ചേട്ടന്മാർ.. CEO, CTO ഒക്കെ അത്യാവശ്യം ഓപ്പൺ ആണ്.. അത്യാവശ്യം വെള്ളമടിയും ഒക്കെ അവര് തന്നെ സെറ്റ് ചെയ്യുന്നുണ്ട്.. പക്ഷേ വലിയ ഒരു പ്രശ്നം.. രണ്ട് ടൂറിസ്റ്റ് ബസ്സുകളിൽ ആണ് യാത്ര.. എനിക്ക് ആണെങ്കിൽ ബസിന്റെ പടി കാണുമ്പോഴേ വാള് വെയ്ക്കാൻ വരും.. അങ്ങനെ ബസ്സിൽ കേറി വയ്യാണ്ട് അവിടെ എത്തിയാൽ തന്നെ വല്ല മൂലയ്ക്കും ചുരുണ്ട് കൂടാം എന്നല്ലാണ്ട് പ്രത്യേകിച്ച് നമ്മളെ ഒന്നിനും കൊള്ളില്ല. അവസാനം ബൈക്കിൽ പോകാം എന്ന് തീരുമാനിച്ചു..

രാവിലെ 6:30ക്ക് സ്മാർട് സിറ്റിയിൽ നിന്നും ബസ്സുകൾ പുറപ്പെടും.. 12:30ക്ക് സ്റ്ററിലിങ് റിസോർട്ടിൽ എത്തും..എന്ന് നേരത്തെ പറഞ്ഞിരുന്നു.. അവിടെയാണ് ആദ്യ ദിവസം.. രണ്ടാം ദിവസം ഡ്രീംland adventure പാർക്കിൽ..

പോകുന്നതിന്റെ തലേ ദിവസം രാത്രി CEO ചേട്ടൻ വിളിച്ചു.. “അതായത് കമ്പനിയിൽ നിന്നും പോകുമ്പോ ഒരാളായിട്ടു ബൈക് ഒരു റിസ്ക് അല്ലെ…ബസ്സ് പോരെ..?”Health condition പ്രശ്നം ഒക്കെ പറഞ്ഞ് ഒരു വിധം ചേട്ടനെ പറഞ്ഞ് മനസ്സിലാക്കി.. പുള്ളി OK പറഞ്ഞ് ഫോൺ വെച്ചു. അതിന് ശേഷം ലീഡ് ചേട്ടനും വിളിച്ചു.. “ടാ നീ മാത്രം ബൈക്കിൽ വന്നാൽ എങ്ങനെയാ..? ഓഫീസ് ട്രിപ്പ് ആവുമ്പോൾ എല്ലാവരും ഒരുമിച്ച് പോകുന്നതല്ലേ നല്ലത്.. നീ ബൈക് ഓടിച്ച് വരുന്നത് ടെന്ഷൻ ആണ്..”

അടുത്ത മാസം ദുബായിൽ എങ്ങാണ്ട് സ്കൈ ഡൈവിങ് ചെയ്യാൻ പോണ കക്ഷി റിസ്ക് പറഞ്ഞ് പിന്തിരിപ്പിക്കാൻ നോക്കുന്നത് കേട്ട് ചിരി വന്നെങ്കിലും പുള്ളിയെയും കാര്യം പറഞ്ഞ് മനസ്സിലാക്കി. “ബസ്സിൽ ഉള്ള മുഴുവൻ ആൾക്കാരെയും ബുദ്ധിമുട്ടികണോ ചേട്ടാ..ഞാൻ ട്രിപ്പ് ഒക്കെ പോവാറുള്ളതല്ലേ.. സാരമില്ല…” പക്ഷെ വരാനിരിക്കുന്ന ദിവസം ഇത്രയ്ക്ക് പ്രശ്നം ഉണ്ടാക്കും എന്ന് അന്ന് എനിക്കും അറിയില്ലായിരുന്നു..

ട്രിപ്പ് ദിവസം അതിരാവിലെ 9:30ക്ക് തന്നെ ഉണർന്നു.. ആഹാ അടിപൊളി.. അവരൊക്കെ 6:30ക്ക് തന്നെ പൊയിരുന്നു.. കുറച്ച് മിസ്ക്കാൾ കണ്ടു തിരിച്ച് വിളിച്ചപ്പോ മ്മടെ ലീഡ് ആണ്.. ഇറങ്ങിയോ സേഫ് ആണോ എന്നൊക്കെ അറിയാൻ വിളിച്ചതാണ്.. കുറച്ച് ‘വെള്ളടി സാധനങ്ങൾ’ കൂടെ വാങ്ങാൻ പറഞ്ഞ് പുള്ളി ഫോൺ വെച്ച്..

അങ്ങനെ 10:30ക്ക് എല്ലാം റെഡി ആക്കി ട്രിപ്പിന് ഇറങ്ങി.. 2016 മോഡൽ RC200 ആണ് വണ്ടി…അന്നത്തെ വണ്ടിക്ക് ABS ഇല്ല.. പക്ഷെ ട്രിപ്പ് പോയി നല്ല എക്സ്‌പീരിയൻസ് ഉള്ളത് കൊണ്ട് ആ ഒരു അഹങ്കാരത്തിൽ ഇറങ്ങി. സ്റ്ററിലിങ് റിസോർട്, മൂന്നാർ എന്ന് പറയും എങ്കിലും മുന്നാറിൽ നിന്നും വീണ്ടും ഒരു 40 km അടുത്ത് പോണം..

Direct റിസോർട് മാപ്പിൽ സെറ്റ് ചെയ്ത് ഒറ്റയ്ക് ഹിമാലയം വരെ പോണ വണ്ടിപ്രാന്തൻ ഗുരുക്കന്മാരെ പ്രാർത്ഥിച്ച് ഇറങ്ങി.. ഇടയ്ക് ഒന്നു രണ്ട് സ്റ്റോപ്.. ചായക്കും സ്നാക്ക്‌സിനും ഒക്കെ.ഓഫീസിലെ ചങ്ക് കൂട്ടുകാരി ഇടയ്ക് വിളിക്കുന്നുണ്ട്.. എത്തിയോ..? എത്താറായോ..? “ആ വരുവാ.. എത്തിക്കോളാം.”

ഇടയ്ക്ക് മറ്റൊരു സോളോ റൈഡറേ കിട്ടി.. പുള്ളി കുമിളിക്ക് ആണ്.. ഒറ്റയ്ക്ക് മൂന്നാർ എന്ന് പറഞ്ഞപ്പോൾ പുള്ളി പറഞ്ഞു വഴി മോശമാണ്.. ഒറ്റയ്ക്ക് പോകുന്നത് സ്വല്പം റിസ്ക് ആണ്.. സൂക്ഷിച്ച് പോവണം എന്ന്. പാൽകുളമേഡ് ഓഫ്‌റോഡ് പോയി വന്നിട്ട് അധികം ആയിട്ടില്ല.. അതിന്റെ ഒരു കോണ്ഫിഡൻസിൽ സാരമില്ല ചേട്ടായി ഞാൻ പൊയ്ക്കോളാമെന്ന് പറഞ്ഞ് പുള്ളിക്ക് ബൈ പറഞ്ഞ് കൈ കൊടുത്ത് പൊന്നു..

മുമ്പൊക്കെ മൂന്നാർ വന്ന വഴി അല്ലലോ ഈ ഗൂഗിൾ അമ്മച്ചി പറയുന്നത് എന്നൊരു doubt വന്നപ്പോ ഫോൺ എടുത്ത് നോക്കി.. സംഭവം ശെരി ആണ്.. മൂന്നാർ ടച്ച് ചെയ്യാതെ direct റിസോർട്ടിലേയ്ക്ക് ആണ് പോകുന്നത്.. ചിന്നക്കനാൽ ആണ് സ്ഥലം. പക്ഷെ വഴി ഇടുങ്ങി ഇടുങ്ങി വരുന്നു.. ഒരു കാറിന് കഷ്ടി പോകാം.. പോയി പോയി കാടിനു നടുവിലൂടെ ആയി വഴി.. കുറച്ച് കൂടി ചെന്നപ്പോൾ വീണ്ടും ഇടുങ്ങിയ വഴി.. ഒരു ഓട്ടോ ഒക്കെ പോകുമായിരിക്കും..

ഒടുവിൽ നല്ല കുത്തനെ ഉള്ള ഒരു ഇറക്കത്തിനു മേലെ എത്തിയപ്പോൾ വണ്ടി നിർത്തി.. നല്ല ഫ്രഷ് മണ്ണ് കൊണ്ടു നിരത്തിയിരിക്കുന്ന വഴി.. ടയർ പൂഴ്ന്നു പോകും എന്ന് ഏറെക്കുറെ ഉറപ്പാണ്.. വഴി കറക്ടാണ് എന്ന് ഉറപ്പാക്കാൻ ഒന്നൂടെ ഫോൺ എടുത്ത് നോക്കി.. ഹെല്മെറ്റിലെ ഇന്റർകോമിൽ ചേച്ചിയുടെ വർത്തമാനം എനിക്കത്ര വിശ്വാസം ഇല്ല.. അതുകൊണ്ട് ഇടയ്കിടയ്ക് ഫോണ് നോക്കി വഴി ഉറപ്പാക്കയില്ലെങ്കി ഒരു സമാധാനം ഇല്ല..(ബൈക്കിൽ ഫോൺ ഹോൾഡർ ഇല്ല.. ഹെല്മെറ്റിലെ ബ്ലൂടൂത് ഇന്റർകോം ആണ് ഏക ആശ്വാസം.. )

ഗൂഗിൾചേച്ചി പറഞ്ഞു ഒന്നും നോക്കണ്ട നേരെ താഴേക്ക് വിട്ടോ.. രണ്ട് വളവു കഴിഞ്ഞാൽ റിസോർട് ആയി എന്ന്.. എന്നാലും ഒരു സംശയം അവിടെ നിന്ന ഒരു റബറുവെട്ട് കാരി ചേച്ചിയോട് ചോദിച്ചു “സ്റ്റെർലിങ് റിസോർട്???” പുള്ളിക്കാരി മിഴിച്ച് നോക്കി..വീണ്ടും ചോദിച്ചു “ഈ മൂന്നാർ പോകാൻ??” “ഇതുവഴി വഴിയില്ല മോനെ തിരിച്ച് പോയി കറങ്ങി പോകണം.. ”

പിന്നേ.. എനിക്കെങ്ങും വയ്യ ഇനി.. അല്ലെങ്കിലും ഇവർക്കാണോ ഗൂഗിള്കാർക്ക് ആണോ കൂടുതൽ വിവരം.. ഞാൻ ഈ വഴിയേ പോകു.. ഒന്നുകൂടി ഫോണിൽ നോക്കി വഴി ഉറപ്പാക്കി ആ നശിച്ച വഴിയിലേക് ഇറങ്ങി.. ടയർ പൂണ്ട് പോകുന്നുണ്ട്.. സാരമില്ല ഇറക്കം കഴിഞ്ഞാൽ റിസോർട് അവിടെ കാണാം എന്നാണ് ഗൂഗിൾ ഇച്ചായി പറഞ്ഞത്.. അങ്ങനെയാണെങ്കിൽ ബസ്സിനും മുമ്പേ എത്തുമല്ലോ ഞാൻ.. ഇതിപ്പോ ലാഭായല്ലോ..(innocent.jpg)

റോളർകോസ്റ്റർ പോലുണ്ട്.. വഴി വീണ്ടും കുത്തനെ ആയി.. ഒരു വളവ് കഴിഞ്ഞപ്പോ അപകടം തൊട്ടു മുന്നിൽ.. കഷ്ടിച്ച് ഒരു 200 മീറ്റർ മുമ്പിൽ പുഴ.. വണ്ടി ചവിട്ടി നിർത്തി.. ഈ RC ഓടിക്കുന്ന പ്രാന്തന്മാർക്ക് അറിയാം.. ഇത്തിരി നീളം കുറഞ്ഞ മനുഷ്യർക്ക് ഭാരം താങ്ങാൻ സ്വൽപ്പം പാടാണ്.. നമ്മൾ നല്ല ഉയരത്തിൽ ഇരിക്കുന്നത് കൊണ്ട് കാൽ പാദത്തിന്റെ മുൻഭാഗം മാത്രം ആണ് നിലത്ത് കുത്താൻ എത്തുന്നത്..

നേരെ കിടക്കുന്ന റോഡിൽ തന്നെ വണ്ടി പിന്നിലേയ്ക്ക് തള്ളി നീക്കാൻ അൽപ്പം വിയർക്കും.. അപ്പൊ പിന്നെ കുത്തനെ കിടക്കുന്ന ഇറക്കത്തിൽ പിന്നിലേയ്ക്ക് വണ്ടി തള്ളി കയറ്റാൻ എന്തായാലും ഒക്കൂല്ല.. കഷ്ടപ്പെട്ട് വണ്ടി ബാലൻസ് ചെയ്ത് ബ്രേക്ക് പിടിച്ച് നിർത്തിയിരിക്കുകയാണ്.. ബ്രേക്ക് വിട്ടാൽ ഞാനും വണ്ടിയും നേരെ ചെന്ന് പുഴയിലേക്ക് ഇറങ്ങും.. ബ്രേക്ക് വിടാതെ തള്ളി കയറ്റാൻ ശ്രമിക്കാൻ പോലും കഴിയില്ല.. അടുത്തെങ്ങും ഒരുത്തനും ഇല്ല.. അല്ലെങ്കിലും ഈ കാട്ടു വഴിയിൽ ഞാനും വണ്ടിയും അല്ലാതെ വേറെ ആരെയും പ്രതീക്ഷിക്കുന്നതിൽ അർത്ഥം ഇല്ല..

ഇനിയിപ്പോ എന്താണ് ചെയ്യേണ്ടത്?? ഒന്നും ചെയ്യാനില്ല.. ഒരു 5 മിനിറ്റ് അങ്ങനെ നിന്നു.. ഗൂഗിൾ ചേച്ചി പറയുന്നുണ്ട്, “in 600 meters turn left towards etho oru road.. ” കള്ള പെണ്ണുമ്പിള്ളേ നേരെ പോയി ലെഫ്റ് വളഞ്ഞാൽ ഞാൻ അറബിക്കടലിൽ ചെല്ലും.. നിങ്ങക്ക് ഇനിയും മതിയായില്ല..??

ആ 5 മിനുട്ട് തലയ്ക്കുള്ളിലൂടെ പലതും പോയി.. റിസ്ക് പറഞ്ഞ് തരാൻ ശ്രമിച്ച ലീഡ് ചേട്ടൻ.. ബസ്സിൽ വരാൻ നിർബന്ധിച്ച CEO ചേട്ടൻ.. ഒറ്റയ്ക്ക് വരണ്ടാടാ എന്ന് പറഞ്ഞ് കാലുപിടിച്ച ഓഫീസിലെ ചങ്കത്തി..

എനിക്കെന്തിന്റെ കേടായിരുന്നു.. മര്യാദയ്ക്ക് ബസിൽ പോയാൽ മതിയായിരുന്നു.. ങാ ഇനി അവരൊക്കെ എന്നെങ്കിലും പുഴയിൽ വീണാൽ അന്ന് വീണ്ടും തമ്മിൽ കാണാം.. ഞാൻ എന്തായാലും പുഴയിലോട്ട് തന്നെ പോകും എന്ന് ഏറെക്കുറെ ഉറയ്പ്പായി..

അങ്ങനെ നിന്നു മടുത്തപ്പോൾ ബൈക്ക് സ്റ്റാൻഡിൽ വെച്ച് ഇറങ്ങാൻ നോക്കി.. ആഹാ നല്ല ഫ്രഷ് ചെമ്മണ്ണ്‌.. വണ്ടി സ്റ്റാൻഡിൽ വെയ്ക്കാൻ എന്തായാലും ഒക്കില്ല..ബ്രേക്ക് പിടിച്ച് വെച്ച് കൈ വേദനിക്കുന്നു.. പുല്ല്.. വണ്ടി അവിടെ ചരിച്ച് ഇട്ടു.. എന്നിട്ടു ഇറങ്ങി.. നടക്കുമ്പോൾ പോലും തെന്നി പോകുന്നുണ്ട് നന്നായിട്ട്.. അവിടെ സൈഡിൽ ഒരു മരത്തടിയിൽ കയറി ഇരുന്നു.. ഇനി എന്തായാലും ആരെങ്കിലും വരാതെ വണ്ടി പൊക്കാൻ ഒക്കുല്ല… ഫോണിൽ ഒരു തുള്ളി range ഇല്ല.. ജിപിഎസിൽ മറ്റേ ഗൂഗിൾ തള്ള നേരെ പോ എന്നും പറഞ്ഞ് ഒടുക്കത്തെ ബഹളം..

ഫോൺ എടുത്ത് അവളെ വിളിക്കാൻ നോക്കി.. range ഇല്ല.. വേറൊന്നും ചെയ്യാനില്ല.. കുറച്ച് നേരം ഗാലറി നോക്കി ഇരുന്നു.. നമ്മുടെ ആരൊക്കെയോ ആയ കുറെ ആളുകളുടെ മുഖങ്ങൾ.. അമ്മ , അച്ഛൻ ചേട്ടൻ.. ഫ്രണ്ട്സ്.. വല്ലാത്തൊരു ഫീൽ.. എല്ലാ റൈഡേഴ്സും ഒരിക്കൽ എങ്കിലും ഒറ്റയ്ക്കൊരു ട്രിപ്പിലിങ്ങനൊരു അവസ്ഥയിൽ പെടണം.. ഉറപ്പാണ് ആ ഫോട്ടോകൾ നമുക്ക് അറിയാത്ത എന്തൊക്കെയോ feelings കൊണ്ട് തരും..

battery low!!! ഫോൺ കുത്തിയിടാൻ പതിവ് പോലെ തലേന്ന് രാത്രിയിലും മറന്നിരുന്നു.. അതെടുത്ത് വെച്ചു. എന്തൊക്കെയോ ആലോചിച്ച് കാടിനു നടുവിൽ.. ആന വരുവോ?? ചിലപ്പോ പുലി ആയിരിക്കും.. ഇനി പുഴയിൽ നിന്നു മുതല വല്ലതും.. ഓടാൻ പോലും ഒക്കില്ല..നല്ല തെന്നി കിടക്കുന്ന വഴി.. അല്ലെങ്കിലും എങ്ങോട്ട് ഓടാൻ.. മിക്കവാറും ഈ കാട്ടിൽ കിടന്ന് എന്റെ CC അടഞ്ഞ് തീരും..

കുറച്ച് കഴിഞ്ഞപ്പോ അയ്യോ എന്നൊരു വിളി.. ഒരു 30 വയസൊക്കെ തോന്നിക്കുന്ന ഒരു ചേട്ടൻ.. വണ്ടി കിടക്കുന്നത് കണ്ട് accident ആണെന്ന് കരുതി കാണും.. പെട്ടന്ന് ഒരാളെ കണ്ട ആശ്വാസത്തിൽ ഞാൻ ചിരിച്ച് കൊണ്ടു പറഞ്ഞു, ഒന്നും പറ്റിയില്ല ചേട്ടാ.. തിരിച്ച് കയറ്റാൻ ഒക്കാത്തോണ്ട് rest എടുക്കുവാണ് എന്ന്..

പുള്ളി വന്ന് എവിടെ പോവാണ് എന്നൊക്കെ ചോദിച്ചു.. ഞാൻ ചിന്നക്കനാൽ എന്നു പറഞ്ഞു.. അപ്പോൾ പുള്ളി പറഞ്ഞു “ഇതുവഴി ആകെ വരുന്നത് ജീപ്പും ടിപ്പറും ആണ്.. പുഴയിൽ വണ്ടി കഴുകാൻ വരും.. പിന്നെ തടി വെട്ടികൊണ്ട് പോകാൻ വരും.. ബൈക്കിൽ ഒന്നും ആരും ഈ വഴി വരാറില്ല.. ഈ സ്ഥലം അത്ര നല്ലതും അല്ല.. ഒറ്റയ്ക്ക് ഇങ്ങനെ ഇരിക്കുന്നത് ഒട്ടും safe അല്ല.. വേഗം പൊയ്ക്കോ..”

വെറുതെ ഇരുന്നവനെ പറഞ്ഞ് പേടിപ്പിച്ചിട്ട് പുള്ളി തിരിച്ച് നടക്കാൻ തുടങ്ങി.. ഞാൻ ആളെ വിളിച്ചു.. ചേട്ടാ.. ഈ വണ്ടി ഒന്ന് പൊക്കി തരാമോ.. പുള്ളി നന്നായിട്ട് ആക്കി ഒന്നു ചിരിച്ചു.. ന്നിട്ടു വന്നു വണ്ടി പൊക്കാൻ കൂടി.. ഒരുവിധം വണ്ടി പൊക്കി നേരെ ആക്കി.. വണ്ടി തിരിച്ച് കയറ്റത്തേയ്ക്ക് വെയ്ക്കാൻ കുറേ പാട് പെട്ടു.. എന്നിട്ടും ഉരുണ്ട് താഴെ പോകാൻ ആണ് വണ്ടിക്ക് താല്പര്യം.. ചേട്ടൻ ബാക്കിൽ നിന്നും തള്ളി തന്നു.. ഒരു വിധം വെള്ളത്തിൽ പോകാതെ കെയറ്റത്തിന്റെ മേലെ എത്തി..

വണ്ടി നിർത്തി തിരിഞ്ഞ് നോക്കിയപ്പോൾ ആളെ കാണാൻ ഒക്കുന്നില്ല.. വളവിന്റെ അപ്പുറത്ത് ആണ് പുള്ളി.. വണ്ടി വെച്ച് നടന്ന് താഴേയ്ക്ക് പോയി നോക്കി.. അവിടെങ്ങും ആരും ഇല്ല..

ങാ പുള്ളിയെ ഇപ്പൊ ആണ് പിടി കിട്ടിയേ.. കാട്ടിൽ പെട്ടു പോയവരെ രക്ഷിക്കുന്ന നല്ലവരായ പ്രേതങ്ങളെ എത്ര വെട്ടം സിനിമയിൽ കണ്ടിരിക്കുന്നു.. നിന്ന നിപ്പിൽ ആളെ കാണുന്നില്ല

ആഹ് എന്തായാലും നന്ദി കേക്കാൻ താൽപര്യമില്ലാതെ പുള്ളി പോയി.. ഞാൻ വണ്ടിയെടുത്ത് തിരിച്ച് വിട്ടു.. പക്ഷെ ഇനി എങ്ങോട്ട്.. മേലെ കേറി ഒരു പൊസിഷനിൽ എത്തിയിട്ട് വീണ്ടും മാപ് നോക്കി

ചിന്നക്കനാലിലോട്ട് ഈ കാട്ടിൽ കൂടെ അല്ലാതെ വേറെ വഴി ഒന്നും ഏതായാലും ഇല്ല.. പിന്നെ ഒന്ന് ഉള്ളത് മൂന്നാർ എത്തിയിട്ട് അവിടുന്നു പോകണം. കറക്കം ആണ്.. വന്ന വഴി കുറേ തിരിച്ച് പോകണം.. വേറെ വഴി ഒന്നും ഇല്ല.. എങ്കിൽ അങ്ങനെ ആവട്ടെ.. ഇടയ്കിടയ്ക് നാടോടികറ്റിലെ കുഞ്ഞിരാമനെ പോലെ ഗൂഗിൾ ചേച്ചി പുഴയിലൂടെ ഉള്ള വഴിയും പൊക്കിക്കോണ്ട് വരുന്നുണ്ട്.. ഇനി എന്തായാലും നമുക്കു ചോയ്ച്ച് ചോയ്ച്ച് പോകാം എന്ന് ഉറപ്പിച്ചു..

അങ്ങനെ ഒരു 1 മണിക്കൂർ കൂടെ എടുത്ത് മൂന്നാർ എത്തി. എന്തങ്കിലും കുടിക്കാൻ കേയറി.. സമയം 1:30.. range വന്നു. ചങ്കത്തി വിളിച്ചു. “നീ ഇതെവിടെയാ.. ഞങ്ങൾ ഇങ്ങത്തി.. വഴി ഒന്നും കൊള്ളില്ല.. മോശം ആണ്.. നീ സൂക്ഷിച്ച് എത്തണം.” അതങ്ങനെയാണ്.. എല്ലായിടത്തും കാണും ഒന്നും പ്രതീക്ഷിക്കാതെ ആത്മാർഥമായിട്ടു കെയർ ചെയ്ത് വെറുപ്പിക്കുന്ന ഒരു പെണ്ണ്.

അങ്ങനെ മുന്നാറിൽ നിന്നും NH കയറി.. ഇനി ഒരു 38 km ഒള്ളു.. അതൊരു 1.5 മണിക്കൂർ മാക്സിമം.. ഹാവൂ സമാധാനം..പക്ഷെ കഥക്ക് അങ്ങനെ ഒന്നും തീരാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല.. കുറച്ച് പോയപ്പോ തന്നെ വഴി നാശം ആവാൻ തുടങ്ങി..നല്ല ഉശിരൻ ഒരു മഴ പെയ്തു.. റെയിൻ കൊട്ട് എടുത്തിട്ടു.. പക്ഷെ നന്നായിട്ട് നനഞ്ഞു.. വണ്ടി മുഴുവൻ ചെളി അടിച്ച് കയറി… Tail cut ചെയ്ത പ്രാന്തന്മാർക്ക് അറിയാം അവസ്ഥ..

ഉരുൾപൊട്ടിയതാണോ എന്തോ, വഴി പകുതി ഇല്ല പല ഇടത്തും..ബാക്കി കുറെ സ്ഥലങ്ങളിൽ പണി നടക്കുന്നു.. മൊത്തത്തിൽ 1 മണിക്കൂർ എടുത്ത് ഒരു 12 km എത്തി.. ഒരു ബ്രേക്ക് എടുക്കാം.. കടയിൽ കേയറി.. കടയ്ക്ക് മുന്നിൽ ഒരു R15 V3 ഇരുപ്പുണ്ട്.. ബ്ലാക്ക്‌. കടയിൽ കേയറി ചായ പറഞ്ഞു.. അവിടെ ഇരുന്നു ഒരു ചേട്ടൻ ചോദിച്ചു.. ചെളി അടിച്ച് കയറി അല്ലെ.. ?Burn out ചെയ്ത് ഉരുകിപോയ hugger എടുത്ത് മാറ്റിയതിന്റെ പ്രത്യാഘാതകം.. പ്രത്യാക്കാടം.. ആ അത്..

പുള്ളി എവിടെ പോകുവാ എന്നൊക്കെ ചോദിച്ചു.. രണ്ട് വണ്ടിയും കൂടെ ഇരിക്കുന്നതിന്റെ കുറച്ച് പിക് ഒക്കെ എടുത്തു.. ഞാനും എടുത്തു.. അയച്ച് കൊടുക്കണം എന്ന് പറഞ്ഞപ്പോ നമ്പറും വാങ്ങി.. ആൾ വേറൊരു റിസോർട്ടിൽ ആണ് വർക് ചെയ്യുന്നത്.. അജിത് എന്നാണ് പേര്.. ഞാൻ പോകുന്ന റിസോർട് ആൾക്ക് അറിയാം.. ഇറങ്ങാൻ നേരം പുള്ളി പറഞ്ഞു. “ഈ വഴിയിലൂടെ നീ എത്തില്ല.”

ചോദ്യ ഭാവത്തിൽ നോക്കിയപ്പോ ആൾ പറഞ്ഞു.. വഴി പണി നടക്കുകയാണ്.. diversion എടുക്കണം.. അതും വളരെ കുത്തനെ ഉള്ള ഇറക്കം ആണ്.. മഴ ആയത് കൊണ്ട് എങ്ങനെ ആയിരിക്കും വഴിയുടെ സ്വഭാവം എന്ന് അറിയല്ല… നിങ്ങളുടെ ബസ്സ് എന്തായാലും ഈ വഴി ആയിരിക്കില്ല പോയത്.. അതുവഴി ജീപ്പ് പോകും.. പ്രോ ആണെങ്കിൽ ബൈക് സ്വന്തം റിസ്കിൽ ഇറക്കാം.. പക്ഷെ ABS ഇല്ലാതെ അത് വേണോ??

നമ്മുടെ പ്രാന്തന്മാർ അങ്ങനെയാണ്.. വണ്ടി കണ്ടാൽ വർഷവും മോഡലും സ്പെസിഫിക്കേഷനും ഒക്കെ സ്കാൻ ചെയ്ത് എടുക്കും..എനിക്ക് വേറെ വഴി ഇല്ലാത്തത് കൊണ്ട് ഞാൻ നമുക്ക് നോക്കാം എന്ന് പറഞ്ഞു.. പോകണ്ട വഴി പറഞ്ഞ് തന്ന് പുള്ളി പോകാൻ തുടങ്ങി.. ഞാനും വണ്ടിയെടുക്കാൻ തുടങ്ങിയപ്പോ പുള്ളി പറഞ്ഞു.. “ഏതായാലും ഞാനും വരാം.. ആ diversion കടത്തി വിടാം..” എന്തോ ഒരു doubt.. ആളുടെ കയ്യിൽ നിറച്ച് tattoo.. കാതിൽ studs.. കൊള്ളക്കാരൻ വല്ലോം ആണോ.. ഫോണും ബൈക്കും കിഡ്‌നിയും അങ്ങനെ വിലപിടിപ്പുള്ള കുറച്ച് സാധനങ്ങൾ കയ്യിൽ ഉണ്ട് താനും.. എന്തായാലും നേരത്തെ ഒന്നു പെട്ടു പോയ അവസ്ഥ ഓർമ ഉള്ളത് കൊണ്ട് ok പറഞ്ഞ് പുള്ളിയുടെ പിന്നാലെ പോയി.. ആൾക്ക് വഴി നല്ല പരിചയം ഉള്ളത് കൊണ്ടാവണം നല്ല സ്പീഡിൽ കേയറി പോയി.. ഞാൻ അത്രയ്ക്ക് കൈ കൊടുത്തില്ല.. മഴയത്ത് തെന്നി കിടക്കുന്ന വഴി ആണ്.. ABS ഉള്ളവന് എന്തും ആകാമല്ലോ..

ഒരു വളവു കഴിഞ്ഞ് ആളെ കാണുന്നില്ല.. നേരെ പോകുക തന്നെ.. ദാ കാണുന്നു take diversion.. ആഹാ നല്ല അടിപൊളി വഴി.. ഇതിന് diversion എന്നാണോ പറയുന്നത്.. “വണ്ടിയും കൊണ്ടു താഴേക്ക് ചാടുക” എന്ന് എഴുതി വെയ്ക്കേടോ.എന്തായാലും താഴേയ്ക്ക് ഇറങ്ങി.. വേറെ വഴി ഒന്നും ഇല്ലല്ലോ.. നല്ല കുത്തനെ ഉള്ള ഇറക്കം മുഴുവൻ ഉരുളൻ കല്ലുകളും ചെളിയും പാറയും… ബ്രേക്ക് ചെയ്താൽ വീഴും എന്നുറപ്പാണ്.. കാൽ കുത്തി നിർത്താനും ഒക്കില്ല.. ആകെ ചെയ്യാൻ ഉള്ളത് പടച്ചോനെ വിളിച്ച് വണ്ടി ഒരു ഫ്രീ ഫാളി ന് വിടുക.. ഹൻഡ്‌ലിൽ മുറുകെ പിടിച്ച് കല്ലുകളുടെ മുകളിലൂടെ ചർക്കി വീഴാണ്ട് ഇറങ്ങുക..

കുറച്ച് ചെന്നപ്പോ അതാ നിക്കുന്നു ചേട്ടൻ.പുള്ളി കൈ വീശി വഴി കാണിച്ച് തന്നു.. പിന്നാലെ പോയി.. ഒരു സ്ഥലം എത്തിയപ്പോൾ ഒരു തരത്തിലും വണ്ടി ഇറങ്ങാത്ത ഒരു സ്ഥലത്ത് എത്തി.ഞൻ വണ്ടി ചവിട്ടി നിർത്തി.. ചേട്ടനും..പുള്ളി വണ്ടി ഇറക്കി തരാം എന്ന് പറഞ്ഞു.. വണ്ടിയും താക്കോലും കൊടുക്കാൻ ഒരു മടി.. വണ്ടിയും കൊണ്ട് കടന്നു കളയുന്ന വണ്ടി കള്ളൻ ആണോ ഇനി? എന്തായാലും ഞാനായിട്ട് ഉരുണ്ടു വീഴുന്നതിനേകൾ ഭേദം ഇതു തന്നെ.. പിന്നെ പുള്ളിയുടെ പുതിയ വണ്ടി ഉപേക്ഷിച്ച് എന്റെ വണ്ടിയും കൊണ്ടു പോവില്ലായിരിക്കും എന്ന് തോന്നി ഞാൻ വണ്ടി കൊടുത്തു.. പുള്ളി ഈസി ആയി താഴേ വണ്ടി എത്തിച്ചു. ഞാൻ പിന്നാലെ നടന്നു..

നടന്നിറങ്ങുമ്പോ ആലോചിച്ചു ഈ കക്ഷി എന്തിനാണ് ഇത്ര ദൂരം വന്ന് എന്നെ സഹായിക്കുന്നത്.. അയാളുടെ ആരും അല്ല ഞാൻ.. ഇനി ഞാൻ പോയി കഴിഞ്ഞ് ഈ കേയറ്റം മുഴുവൻ നടന്ന് കേറിയാലെ ആളുടെ വണ്ടിയുടെ അടുത്ത് എത്തു.. അതും ഒടുക്കത്തെ മഴയും.. എന്നിട്ടും അതൊന്നും നോക്കാതെ സഹായിച്ചതിന് ഒരു ഉത്തരമേ ഒള്ളു.. അയാളും ഒരു വണ്ടിപ്രാന്തൻ ആണ്.. പരസ്പരം സഹായിക്കാനും ബഹുമാനിക്കാനും വണ്ടിപ്രാന്തന്മാർക്ക് കാരണം ഒന്നും വേണ്ട.. “we both love bikes and that makes us brothers..” എന്ന് ആരോ പണ്ട് status ഇട്ടത് ഓർത്തു..

പുള്ളി വീണ്ടും വഴി ഒക്കെ ഒന്നുകൂടെ പറഞ്ഞ് തന്നു.. കൂടെ വരണോ എന്ന ചോദ്യത്തിന് ചിരിച്ച് കൊണ്ട് “വേണ്ട ചേട്ടാ” എന്ന പറഞ്ഞ് ഞാൻ ഗ്ലൗസ് എടുത്തിട്ടു.. താക്കോൽ തിരിച്ച് തന്ന് വണ്ടിയിൽ ഒന്നു തഴുകി പുള്ളി തിരിച്ച് നടന്നു.. ഇടയ്ക്കൊന്ന് തിരിഞ്ഞ് ബൈക്കിനെ നോക്കി.. ഞാൻ കൈ വീശി കാണിച്ചു.. ആ ചേട്ടൻ മേലെ വണ്ടിയുടെ അടുത്ത് എത്തുന്ന വരെ അവിടെ നിന്നു.. എന്നിട്ടു വീണ്ടും സ്റ്ററിലിങ് തപ്പി യാത്ര തുടർന്നു. മഴയും കല്ലും മണ്ണും ഒടുക്കത്തെ ഡൈവേർഷനും ഇടിക്കൊരു വഴി ചോദിക്കാൻ കിട്ടിയ ഓട്ടോ ചേട്ടന്റെ ex പട്ടാള കഥയും ഒക്കെ ആയി കൊറേ അപകടങ്ങൾ താണ്ടി റിസോർട് എത്തിയപ്പോൾ വൈകിട്ട് 5:30..

അങ്ങനെ 7 മണിക്കൂർ എടുത്ത് കൊച്ചിയിൽ നിന്നും ചിന്നക്കനാൽ എത്തിയ ആദ്യത്തെ റൈഡർ എന്ന ബഹുമതി ഞാൻ സ്വന്തമാക്കി.. കൂട്ടുകാരിയെ വിളിച്ച് എത്താറായി, ഒരു കുപ്പി വെള്ളവും കൊണ്ട് റിസോർട്ടിൽ പാർക്കിങ്ങിൽ വരാൻ പറഞ്ഞു.. അവള് പേടിച്ച് ഓടി വന്നു.. ഇത്ര നേരം ഫോൺ കിട്ടാഞ്ഞ് പേടിച്ച് ഇരിക്കുകയായിരുന്നു പുള്ളിക്കാരി.. ഇടയ്ക്ക് അവള് location ഒക്കെ അയച്ചു തന്നിരുന്നു.. പക്ഷെ ഫോൺ എപ്പോഴോ ഓഫ് ആയി പോയിരുന്നു.. അവളെ വിളിക്കാൻ നേരം ആണ് അവസാനത്തെ തുള്ളി ചാർജ് വെച്ച് ഓൺ ആക്കിയത്… അവള് ചോദിച്ചു ഫോണ് ഇല്ലാതെ എങ്ങനെ വഴി കണ്ടു പിടിച്ചു.. വഴി മുഴുവൻ പ്രശ്നം ആണ് എന്ന് പറയുന്നുണ്ടായിരുന്നു. ബസ്സ് കുറെ കറങ്ങി ഒക്കെയാണ് വന്നത് എന്ന്.. ഞാൻ ചിരിച്ചു കൊണ്ട് ഡയലോഗ് അടിച്ചു.. ഫോണും മാപ്പും ഒന്നും ഇല്ലാത്ത കാലത്തും ആളുകൾ ട്രിപ് പോയിട്ടുണ്ട് പെണ്ണേ..

അവൾക്കറിയില്ലല്ലോ.. വണ്ടിയും റൈഡും സ്നേഹിക്കുന്ന കുറച്ച് തലതെറിച്ച പ്രാന്തന്മാർ ഉള്ളിടത്തോളം ഏതു അവസ്ഥയിലും രക്ഷപെടുത്താൻ ഒരു റൈഡർ വരും എന്ന്..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി

വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post