വിവരണം – ജാസ്‌മിൻ എം.മൂസ.

മൂന്നാർ…. ഓളെ ഒന്നു പോയി കാണണംന്ന് വിചാരിച്ചിട്ട് കാലം ഇച്ചിരിയായി. അതോണ്ട് തന്നെ വരുന്ന ഞായറാഴ്ച ഒന്നും നോക്കാണ്ട് മൂന്നാറിലേക്ക് തന്നെന്ന് പ്ളാനിട്ട് നിന്നപ്പോഴാണ് മനസ്സിൽ അപ്രതിക്ഷിതമായി ഒരു പോണ്ടിച്ചേരി യാത്ര മൊട്ടിട്ടത്. അതിന് വിരിയാൻ യോഗമില്ലായിരുന്നു അവസാന നിമിഷത്തിൽ അതിൽ നിന്ന് മാറി നിക്കേണ്ടി വന്നു. ഒടുക്കം മൂന്നാർ എന്നുള്ളത് തന്നെ അങ്ങട് ഉറപ്പിച്ചു.

പെട്ടെന്നുള്ള തീരുമാനമായത് കൊണ്ട് വലിയ പ്ലാനിങ് ഒന്നും നടത്താൻ സമയം കിട്ടിയില്ലാർന്നു. എറണാകുളത്തുന്ന് എല്ലാ ദിവസവും രാത്രി ഒന്നരക്ക് എടുക്കുന്ന കെ എസ് ആർ ടി സി സൂപ്പർഫാസ്റ്റ് ബസ്സിനെ പറ്റി മാത്രം അറിയാമായിരുന്നു. കൊളുക്കുമലയും മീശപുലിമലയും രാജമലയും മൂന്നാർ കാണാൻ പോവുന്നവരുടെ എല്ലാവരുടെ മനസ്സിലുള്ളത് പോലെ എന്റെ മനസ്സിലും ഉണ്ടായിരുന്നു. പക്ഷേ എൻറെ ലക്ഷ്യം ഒരു ദിവസംകൊണ്ട് മാക്സിമം സ്ഥലങ്ങൾ കാണുക എന്നുള്ളതായിരുന്നു. ഓൺലൈൻ ഫ്രണ്ട്സ് വഴിയും ഗൂഗിൾ വഴിയും കിട്ടിയ ചെറിയ ചെറിയ വിവരങ്ങൾ വച്ച് ഒരു തട്ടിക്കൂട്ട് പ്ലാൻ ഇട്ടു. അങ്ങനെയാണ് ടോപ്പ് സ്റ്റേഷനും മാട്ടുപ്പെട്ടി ഡാമും വട്ടവടയും ലിസ്റ്റിൽ ഇടം പിടിച്ചത്.

ശനിയാഴ്ച രാത്രി ഒന്നേകാലോടെ എറണാകുളം KSRTC ബസ് സ്റ്റാൻഡിൽ എത്തി. കൃത്യസമയത്ത് തന്നെ ബസ് എടുത്തു. മുന്നിൽ കണ്ട സിംഗിൾ സീറ്റിൽ ചാടി കേറി ഇരുന്നു. തൊട്ട് പിന്നാലെ കണ്ടക്ടർ വന്ന് അത് പുള്ളിക്കാരന്റെ സീറ്റാണെന്നും വേറെ സീറ്റിൽ പോയി ഇരിക്കണം ഹേ ന്ന് പറഞ്ഞിട്ട് പോയി. ആദ്യം തന്നെ ഞാനായിരുന്നു ബസ്സിലേക്ക് ഇടിച്ച് കേറിയത്. ബാക്കി ആളുകൾ ബസ്സിനുള്ളിലേക്ക് കേറി കൊണ്ടിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അപ്പറത്തുള്ള ഡ്രൈവറുടെ തൊട്ടു ബാക്കിലെ സീറ്റിലേക്ക് വേഗം കേറി ഇരുന്നു.

ഏകദേശം 5 മണിക്കൂറോളം ബസ്സിൽ ഇരിക്കണം. ഹെഡ് ഫോൺ ചെവിയിൽ വച്ചിട്ട് ചെറുതായൊന്ന് കണ്ണടച്ചു. തുറന്നിട്ട ജനലിലൂടെ തണുപ്പ് അപ്പഴേക്കും അരിച്ച് കേറി. അതോടെ ഉറക്കം പിന്നെയങ്ങോട്ട് സ്വാഹ! സമയം ഏകദേശം 6 മണിയോടെ ബസ് മൂന്നാറെത്തി. നല്ല കിണ്ണം കാച്ചിയ തണുപ്പ്. ബാഗിലെ ജാക്കറ്റ് എടുത്തിട്ടു. ചുറ്റും ഒന്ന് നടന്നു. കടകളെല്ലാം തുറന്നു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. പിന്നെ വഴിയിൽ കണ്ട ചേട്ടനോട് മാട്ടുപ്പെട്ടി ഡാമിലേക്ക് പോകുന്ന ബസ് സ്റ്റോപ്പ് ചോദിച്ചു മനസ്സിലാക്കി അങ്ങോട്ട് നടന്നു.

ബസ്റ്റോപ്പിലേക്ക് നടന്നുവരുന്ന എന്നെ കണ്ട അവിടെ കിടന്ന ഓട്ടോക്കാരൻ എവിടേക്കാണ് എന്താണ് വിവരങ്ങൾ എന്ന് അന്വേഷിക്കാൻ തുടങ്ങി. ഡാം കാണാൻ ആണെന്നും അത് കഴിഞ്ഞ് top സ്റ്റേഷനിലേക്ക് പോകണമെന്നും അയാളോട് പറഞ്ഞു. ആ ഭാഗത്തേക്ക് ജന്മത്ത് ബസ് പോവാറില്ല എന്ന രീതിയിലായിരുന്നു അയാളുടെ മറുപടി. എന്നെ അയാളുടെ വണ്ടിയിൽ കയറ്റാൻ സകലമാന അടവും അയാൾ എടുത്തു. അത് മൈൻഡ് വെക്കാതെ നേരെ ബസ് സ്റ്റോപ്പിലോട്ട് വച്ച് പിടിപ്പിച്ച്.

ആറരക്ക് ഒരു ബസ്സ് ഉണ്ടെന്ന് അവിടെ ബസ് കാത്തുനിന്ന ആള് പറഞ്ഞു മണി 7 ആയിട്ടും ബസ്സ് വന്നില്ല. ഇതിനിടയിൽ വേറേം ഓട്ടോക്കാർ വന്നു ചോദിച്ച് കൊണ്ടിരുന്നു. എന്ത് വന്നാലും ബസ്സിലേ പോവൂന്ന് ശപഥം ചെയ്തിരുന്ന എന്നെ ദൂരത്തൂന്ന് ഒരു ഓട്ടോ കാരൻ അങ്ങോട്ട് വരാൻ കൈ കൊണ്ട് വിളിച്ച് പറഞ്ഞു ഈ അണ്ണാച്ചിക്കിതെന്താ പറഞ്ഞാൽ മനസ്സിലാവൂലെ എന്ന് ഉള്ളിൽ പിറുപിറുത്തുകൊണ്ട് ഞാൻ ചെന്നു. ഒരു ഓട്ടോ കാണിച്ച് അത് ഡാമുള്ള വഴിയാണ് പോകുന്നതെന്ന് പറഞ്ഞു. ഞാനാദ്യം എത്ര രൂപയാകും എന്ന് ചോദിച്ചു. 80 പറഞ്ഞു അൻപത് ഉറപ്പിച്ചു (ഞാനാരാ മോൾ).

സത്യത്തിൽ അത് ഒരു പാൽ വണ്ടിയായിരുന്നു. വഴിയിലെ ചെറിയ കടകളിൽ പാൽ എത്തിക്കാൻ വേണ്ടി ഉള്ള വണ്ടി. എന്തായാലും ഞാൻ ഉള്ളിൽ കേറി. പോകുന്ന വഴിയിലെ കാഴ്ചകൾ അത്രക്ക് ഹൃദയം നിറക്കുന്നത് ആയിരുന്നു . നോക്കത്താ ദൂരത്ത് പടർന്നു കിടക്കുന്ന തേയിലത്തോട്ടം പിന്നിൽ തലയുയർത്തി നിക്കുന്ന പാറകൾ. ഊഹ് ആദ്യമായി കാഴ്ച കിട്ടിയവരുടെ അവസ്ഥയായിരുന്നു എനിക്ക്. അത്രക്കുണ്ട് മൊഞ്ച് . ഇടക്കൊരു കടയിൽ പാൽ കൊടുക്കാൻ വണ്ടി നിർത്തി കൂട്ടത്തിൽ ഞാനും ചാടിയിറങ്ങി.

കുറച്ചു ഫോട്ടോസ് എടുത്തു വീണ്ടും യാത്ര തുടങ്ങി. ഓട്ടോക്കാരൻ ചേട്ടനോട് ഡാമിൽ നിന്ന് ടോപ്പ് സ്റ്റേഷനിലേക്ക് എത്താനുള്ള ബസ് വിവരം ചോദിച്ചപ്പോ അവർ ടോപ്പ് സ്റ്റേഷന്റ അടുത്ത് വരെ പോവുന്നുണ്ടെന്ന് പറഞ്ഞു . എന്നാപ്പിന്നെ ഞാനും കൂടെ ഉണ്ടെന്ന് പറഞ്ഞ് യാത്ര തുടർന്നു. മാട്ടു പെട്ടി ഡാം ഒരു നോട്ടം കണ്ട് വണ്ടി മുന്നോട്ട് പോയി. ഇടക്കൊരു കടയിൽ പാല് കൊടുക്കാൻ നിർത്തിയപ്പോൾ ഒരു സുലൈമാനി അടിക്കാം എന്നുകരുതി ഇറങ്ങി . കൂട്ടത്തിൽ ഓട്ടോകാരനും ഒരു ചായയും വടയും വാങ്ങിക്കൊടുത്തു. ഇല്ലേൽ വണ്ടീം എടുത്തെങ്ങാനും പോയാലോ.

അവിടെ നിന്നും യാത്ര പിന്നേം തുടർന്നു. ടോപ് സ്റ്റേഷന്റെ 3 കിലോമീറ്റർ താഴെയായി വണ്ടി നിർത്തി ഓട്ടോ തിരിച്ച് പോയി, ചുറ്റും അൽപ നേരം കണ്ണോടിച്ച് ഞാൻ മുകളിലേക്ക് നടക്കാൻ തുടങ്ങി. എങ്ങും പച്ചപ്പും പിന്നെ തണുപ്പും അത് അവ്ടെ പോയി തന്നെ എക്സ്പീരിയൻസ് ചെയ്യേണ്ടതാണ്.

മുകളിലേക്ക് നടക്കുന്ന വഴിയിൽ വച്ച് 4 ബൈക്കിൽ ആയി കുറച്ചു പയ്യന്മാർ വന്ന് മുന്നിൽ നിന്നത് top സ്റ്റേഷനിലേക്ക് ആണെന്ന് പറഞ്ഞപ്പോൾ അതിന് ഇനിയും ഒരുപാട് ദൂരം ഉള്ളതായി അവർ പറഞ്ഞു. അവരും അങ്ങോട്ടാണ് വേണമെങ്കിൽ Lift തരാമെന്നായി. ആദ്യം വേണ്ടെന്ന് പറഞ്ഞെങ്കിലും പിന്നെ സമയം കുറവായതിനാൽ ഞാനും വരാം എന്നായി. അങ്ങനെ അവരുടെ കൂടെ നേരെ Top സ്റ്റേഷനിലേക്ക്.

പടുകൂറ്റൻ മലകൾക്കിടയിൽ കുടുങ്ങി പോയി അന്തം വിട്ട് നിക്കുന്ന കുഞ്ഞു കുഞ്ഞു മേഘങ്ങൾ എങും കണ്ണിന് കുളിർമ നൽകുന്ന കാഴ്ചകൾ മാത്രം, ടോപ്സ്റ്റേഷൻ കണ്ട ശേഷം പോവാൻ ഉദ്ദേശിച്ചത് വട്ടവട ആയിരുന്നു അവരും നേരെ വട്ടവട യിലേക്കാണ് പോകുന്നത് എന്ന് അറിഞ്ഞപ്പോൾ പിന്നെ ഞാനും അവരോടൊപ്പം തന്നെ അങ്ങോട്ട് പോകാൻ തീരുമാനിച്ചു. വട്ടവട യിലേക്കുള്ള ചെക്ക്പോസ്റ്റ് കഴിഞ്ഞിട്ടുള്ള ഒരു വഴി ഉണ്ട് പല്ല കിടുക്കാച്ചിയാണ് ഒരു വെസ്റ്റേൺ കൺട്രി യിലൂടെ പോകുന്ന ഫീലിംഗ്. ചെറിയ പുൽ മൈതാനങ്ങളും ഇടക്ക് കാണുന്ന മരങ്ങളും ആകെ മൊത്തം ടോട്ടൽ സംഭവം പൊളിയാണ്.

ഏകദേശം പത്ത് മണിയോടെ അടുത്തപ്പോൾ ഞങ്ങൾ വട്ടവടയിൽ എത്തി. സ്ട്രോബറി സീസൺ ആയതുകൊണ്ട് നേരെ സ്ട്രോബറി ഫാം കാണാമെന്നു കരുതി ഞങ്ങൾ താഴേക്ക് നടന്നു. പ്രായമായ ഒരു സ്ത്രീയും അവരുടെ ഭർത്താവും നടത്തുന്ന ഒരു ചെറിയ തോട്ടം. അവിടെ അവർ ഞങ്ങൾ വരുന്നതിന് മുമ്പ് തന്നെയായി കുറച്ച് സ്ട്രോബറി പറിച്ചു വെച്ചത് ഉണ്ടായിരുന്നു. അതിൽ നിന്നും ഞങ്ങൾക്ക് കഴിക്കാനായി കുറച്ചെണ്ണം തന്നു. നല്ല മധുരമായിരുന്നു.

ഒരു ബോക്സ് സ്ട്രോബറി 100 രൂപ പറഞ്ഞു വിലപേശാൻ നിന്നില്ല. ഒരു ചെറിയ പാത്രവുമെടുത്ത് നേരെ സ്ട്രോബറി പറിക്കാൻ ഇറങ്ങി. ഈ സമയത്ത് കൂടെ വന്നവർക്ക് അവർ അവിടെ ഉണ്ടാക്കിയ സ്ട്രോബറി വൈനും ജാമും ടേസ്റ്റ് ചെയ്യാൻ സാമ്പിൾ തന്നു. ശേഷം എന്റെ കൂടെ വന്നവർ കുടിച്ച വൈനിന്റെ പൈസ ഞാൻ എടുത്തു കൊടുത്തു (ഒന്നുമില്ലെങ്കിലും നമ്മൾ അത്രക്ക് എച്ചി ആണെന്ന് അവർ കരുതരുതല്ലോ).

ഇനി തിരിച്ചു നേരെ മൂന്നാറിലേക്ക് വിടാനായിരുന്നു എൻറെ പ്ലാൻ. വിചാരിച്ചതിനേക്കാൾ ഒരുപാട് സമയം കൂടുതൽ കിട്ടി. അപ്പോഴാണ് കുറച്ചു മാറി ഒരു വെള്ളച്ചാട്ടത്തിനെ പറ്റി അറിയാൻ കഴിഞ്ഞത്. എങ്കിൽ പിന്നെ അതും കൂടെ കണ്ടേക്കാം എന്ന് കരുതി ഞങ്ങൾ അങ്ങോട്ട് യാത്ര തിരിച്ചു. അവിടെ ബൈക്ക് ഒരു സൈഡിൽ പാർക്ക് ചെയ്യേണ്ടിവന്നു. തുടർന്ന് താഴേക്കുള്ള റോഡ് ഓഫ് റോഡ് ജീപ്പ്കൾക്ക് പറഞ്ഞിട്ടുള്ളത് ആയിരുന്നു.

എന്തായാലും താഴെയിറങ്ങി അത് കണ്ടു കളയാമെന്നു തീരുമാനിച്ചു ഞങ്ങൾ താഴേക്ക് നടത്തം തുടങ്ങി. ഒരു മണിക്കൂറോളം താഴേക്കിറങ്ങി നടന്ന് ഞങ്ങൾ അവസാനം ആ വെള്ളച്ചാട്ടത്തിനരുകിൽ എത്തി. അവിടെ കുറച്ചു നേരം നിന്നതിനുശേഷം തിരിച്ചു മുകളിലേക്ക് കയറി നേരെ മൂന്നാറിലേക്ക് തിരിച്ചു. പോവുന്ന വഴിക്ക് മാട്ടുപ്പെട്ടി ഡാംമിന്റെ അരികിൽ ബൈക്ക് നിർത്തി അൽപ സമയം കാഴ്ചകൾ കണ്ടു.

രണ്ടരയോടെ മൂന്നാറിലെത്തി. സമയം ബാക്കിയുള്ളതുകൊണ്ട് അടുത്ത് കാണാൻ പറ്റിയ വേറെ വല്ല സ്ഥലം ഉണ്ടെങ്കിൽ പോയി കാണാമെന്ന ചിന്തയായി, പക്ഷെ തിരിച്ചെത്തുമ്പോഴേക്കും വിചാരിച്ചതിൽ കൂടുതൽ ലേറ്റാവും എന്നുള്ളതുകൊണ്ട് ആ പ്ലാൻ ഉപേക്ഷിച്ചു. കൂടുതൽ ഒന്നും ആലോചിക്കാൻ നിക്കാതെ പിന്നെ നേരെ മൂന്നാർ കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് തിരിച്ചു. അവിടുന്ന് മൂന്നരയ്ക്ക് ഉള്ള ബസിൽ തിരിച്ച് എറണാകുളത്തേക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.