വിവരണം – Jithesh Vijayan.
കഴിഞ്ഞ ഒന്നരവർഷമായി അടപടലം പ്ലാനിങ്ങുകൾ നടന്നെങ്കിലും ഇത്തവണയാണു ഞങ്ങൾക്ക് ഒരു ഫാമിലി ടൂർ പോകാനുള്ള അവസരം ഒത്തത്. ഏതൊരു യാത്രയും പ്ലാൻ ചെയ്ത പോലെ നടക്കാറില്ലല്ലൊ? അതുപോലെ കുറെ സംഭവ വികാസങ്ങളും ആകസ്മികമായുണ്ടായ ത്രില്ലറും ഒക്കെകൂടി യാത്ര അവസാനിച്ച്പ്പോ ഒരു ഹൊറർ മൂവി കണ്ട ഒരനുഭവം പോലെ ആയി!
ഒരുകാര്യം പ്രത്യേകം മനസ്സിലായി ഞങ്ങളെ ഇവിടുത്തെ( ഗൾഫ്) വഴികാട്ടിയായ ഗൂഗിൾ മാപ്പിനെ നാട്ടിൽ തെല്ലും വിശ്വസിക്കാൻ കൊള്ളില്ലാ. പിന്നെ മനസ്സിലായ കാര്യം എന്തെന്ന് വച്ചാൽ ഒരു യാത്രയ്ക്ക് ഇറങ്ങുമ്പോൾ ഇന്ന സ്ഥലത്തിനു ഇത്ര ഇത്ര സമയം എന്നു schedule ചെയ്തു പോകുന്നതും മണ്ടത്തരം ആണു. ചൂട് സമയമായതു കൊണ്ട് വല്യ പ്രതീക്ഷ ഇല്ലാതെ ആണു പോയത് എങ്കിലും അപ്രതീക്ഷിതമായി കിട്ടിയ കിടുക്കൻ മഴയും കോടമഞ്ഞും ഞങ്ങളുടെ യാത്ര ഉഷാറാക്കി.
ഏപ്രിൽ 19 നു അതിരാവിലെ തന്നെ ഞങ്ങൾ അഞ്ചു പേർ ഞാനും രസ്നയും മിഥുനും ശ്രുതിയും പക്രൂം പുറപ്പെട്ടത് കണ്ണൂർ, തലശ്ശേരി, കോഴിക്കോട് വരെ ഉള്ള ബ്ലോക്കുകളിൽ നിന്നും രക്ഷപ്പെടാനായിരുന്നു. സെയിലന്റ് വാലി ആയിരുന്നു പ്ലാൻ എങ്കിലും കനോലിപ്ലോട്ടും തേക്ക് മ്യൂസിയവും കാണാൻ വേണ്ടി ചെറിയ ഒരു തിരുത്ത് വരുത്തി റൂട്ടിൽ. നേരെ കനോലി പ്ലോട്ടിലേക്കാണു പോയത്. 1840 കനോലി സായിപ്പും കൂട്ടരും വച്ച് പിടിപിച്ച തേക്ക് പ്ലാന്റേഷൻ കാണണേൽ ഒന്നാന്തരം തൂക്ക് പാലത്തിലൂടെ ചാലിയാറും കടന്ന് അക്കരെ എത്തണം.
ഇന്നേവരെ കാണാത്ത വലിപ്പത്തിലുള്ള തേക്ക് മരങ്ങൾ കൊണ്ടൊരു കാടും,അധികം ബഹളങ്ങൾ ഒന്നും ഇല്ലാത്ത നല്ല തണലുകളും തണുപ്പും ഉള്ള ഒരിടം! നേരെ തേക്ക് മ്യൂസിയവും കണ്ട് സെയിലന്റ് വാലിയിലേക്ക് വച്ച് പിടിപ്പിച്ചു. സെയിലന്റ് വാലിയിൽ കാട്ടിൽ കേറണേ ബുക്ക് ചെയ്യണം എന്നുള്ള കാര്യം അറിയാഞ്ഞത് കൊണ്ട് അന്നവിടെ കേറാൻ പറ്റിയില്ല!! ത്രിശ്ശുർക്ക് പോയി അന്നവിടെ തങ്ങി പിറ്റേദിവസം രാവിലെ അതിരപ്പള്ളി വഴി കാട്ടിലേക്ക് വച്ച് പിടിപ്പിക്കാനായിരുന്നു പ്ലാൻ!
രാവിലെ ഭാരത് ഹോട്ടലീന്ന് നല്ല കിടുക്കൻ ഭക്ഷണോം കഴിച്ച് ആതിരപ്പള്ളിക്ക് വിട്ടു. ചൂടുകാലം ആയിട്ടും നല്ല തിരക്കായിരുന്നു തമിഴ്‌നാട്ടിന്ന് ആൾക്കാർ വന്ന് നിറഞ്ഞിരുന്നു. അതുകാരണം വെള്ളത്തിൽ ഒന്നിറങ്ങാം എന്നുള്ള പ്ലാനും 3G. വെള്ളച്ചാട്ടോം കണ്ട് കുറച്ച് വിശ്രമിച്ച് നേരെ വണ്ടി വിട്ടു ഷോളയാറും ഇടമലയാറും കഴിഞ്ഞ് വാൽപ്പാറ വഴി ആളിയാറും കഴിഞ്ഞ് പൊള്ളാച്ചിക്ക്. മൂന്നാർക്ക് ആതിരപ്പള്ളിന്ന് എളുപ്പവഴി ഇണ്ടെങ്കിലും കാട്ടിനുള്ളിൽ കൂടെ യാത്രചെയ്യാൻ എല്ലാർക്കും താൽപര്യം ഉള്ളതോണ്ടും കുറച്ച് ചുറ്റിപോകാം എന്ന് കരുതി.
കാടുകയറിയതും പ്രകൃതി ആകെ മാറി. കിടുക്കൻ ഇടിയോടു കൂടി ഉള്ള മഴയാണു ഞങ്ങളെ സ്വാഗതം ചെയ്തത്. ഒരു ഒന്നര മണിക്കൂറോളം തുടർച്ചയായി മഴപെയ്തു. വാൽപ്പാറ ടീ എസ്റ്റേറ്റ് എത്തുമ്പോഴെക്കും നല്ല കോടമഞ്ഞും. കാഴ്ചകൾകണ്ടും ഫോട്ടൊ പകർത്തിയും അടിപൊളിയായ് പതുക്കെ മൂന്നാർ ലക്ഷ്യമാക്കി വണ്ടി ഓടിക്കൊണ്ടിരുന്നു. ഞങ്ങളെകൂടാതെ,ഞങ്ങളുംടെ മറ്റ് രണ്ട് ചങ്കുകൾ തിരോന്തരത്തൂന്ന് പുറപ്പെട്ടിട്ടുണ്ട് സുമേഷും രചനയും ലച്ചൂം,അവിടെ വച്ച് കണ്ടു മുട്ടാം എന്നായിരുന്നു പ്ലാനിംഗ്.
പൊള്ളാച്ചിയിൽ എന്താണു കാണാൻ ഉള്ളതെന്ന് സത്യത്തിൽ ഞങ്ങൾക്ക് ഊഹം ഇണ്ടായിരുന്നില്ല. എത്തിയതും രാത്രിയിൽ ആണു പിന്നെ നേരെ ആനമലൈ ചിന്നാർ ഫോറസ്റ്റ് കേറി. നമ്മുടെ കേരളാ ഫോറസ്റ്റ് ഡിപ്പാട്‌മന്റ് എത്ര മാത്രം അഭിമാനം ഉള്ളവരാണെന്നു തമിഴ്‌നാട് ചെക്ക് പോസ്റ്റിൽ കയറിയപ്പൊ മനസ്സിലായി. ഫോറസ്റ്റ് കയറുമ്പോ വണ്ടി നമ്പറും പാസഞ്ചർ എണ്ണവും ഒപ്പും ഇടുന്ന ഒരു ഏർപ്പാടുണ്ട്. ഒപ്പിട്ടപ്പോ ഒരു ദിനരോധനം “യതാവത് തന്നിട്ട് പോങ്കൊ സാർ.” പോക്കറ്റിൽ കയ്യിട്ടപ്പൊ കിട്ടിയത് 10 രൂപ.. അവൻ ഹാപ്പി. അവിടെ കൈ നീട്ടൽ ആണെങ്കിൽ ഇറങ്ങി കേരളാ ബോഡർ എത്തുമ്പൊ തമിഴ്‌നാട് ചെക്ക് പോസ്റ്റിൽ ഡിമാന്റാണു. 50 രൂപ. ക്ലീനിംഗ് പർപ്പസ് റെസീറ്റും ഇല്ല ഒന്നും ഇല്ല! അതു കഴിഞ്ഞ് നേരെ കേരളാ ചെക്ക് പോസ്റ്റിൽ കയറിയപ്പോ ഒരൊപ്പും ഇട്ട് വണ്ടി നമ്പറും ഇട്ട് ഇറങ്ങി വന്ന് കേരളാ ഫോറസ്റ്റ് സേട്ടൻമാർക്ക് ഒരു സല്യൂട്ടും കൊടുത്തു.
കാടിന്റെ യഥാര്ഥ വന്യത മനസ്സിലാക്കാൻ രാത്രി പോകണം. ആനമല ചിന്നാർ ഫോറസ്റ്റ് കയറിയപ്പൊ വല്യ തിരക്കൊന്നും ഇണ്ടായിരുന്നില്ല. കിടുക്കാച്ചി മഴയും!! മഴയും ആസ്വദിച്ച് കാറിൽ പതുക്കെ കാടുകയറി നല്ല ഇരുട്ടും മഴയും ഇടിയും ഇതു പോലൊരു കോമ്പിനേഷൻ ഇതുവരെ അനുഭവിച്ചിട്ടില്ല! അതൊരു ഒന്നൊന്നര അനുഭവാണു. എപ്പൊഴെങ്കിലും രാത്രിയിൽ കാടു കയറാനുള്ള അവസരം ഇണ്ടായാൽ ഒരു 10സെക്കൻഡ് വണ്ടീം ലൈറ്റും ഓഫാക്കി വച്ച് നോക്കുക ആ നിശബ്ദത ആരേം ഒന്നു പേടിപ്പിക്കും. ഞങ്ങളും പേടിച്ചു.
ഏതാണ്ട് 11:30 മണീയോട് കൂടി മൂന്നാർ എത്തി. ഞങ്ങളുടെ റൂം ചിന്നക്കനാൽ ആയിരുന്നു. മൂന്നാറീന്ന് ഫുഡും കഴിച്ച് ചിന്നക്കനാലിലേക്ക് വിട്ടു. ഈ യാത്രയിൽ ആണു ഗൂഗിൾ മാപ്പ് പതിനാറിന്റെ പണി തന്നത്. ഞങ്ങടെ എത്തിയൊസ് പിന്നീട് യാത്ര ചെയ്തത് മഹീന്ദ്ര ജീപുകൾക്ക് മാത്രം പോകാൻ പറ്റുന്ന വഴിയിൽ കൂടെ ആയിരുന്നു. നല്ല ഒന്നാന്തരം ഹൈവേ ഉണ്ടായിട്ടും ഷോട്ട്കട്ട് കാണിച്ച് തന്നതാണു. തേയിലത്തോട്ടത്തിനിടയിലൂടെ കഷ്ടിച്ച് ഒരു വണ്ടിക്ക് മാത്രം പോകാൻ പറ്റുന്ന വഴി. റോഡ് എന്നൊന്നും പറയാൻ ഇല്ല. വെള്ളം ഒഴുകിപ്പൊയ ഒരു വഴി അത്രെന്നെ. സമയം ആണേൽ ഏതാണ്ട് ഒരുമണി. ഭാഗ്യവശാൽ വല്യ തെറ്റില്ലാതെ റോഡിലേക്കെത്താൻ പറ്റി. പക്ഷെ ഞങ്ങൾ അനുഭവിച്ച ടെൻഷൻ ചിന്തിക്കാൻ പറ്റാത്തതായിരുന്നു. ഏതു വഴിയാണു എന്നറിയത്തില്ല, ആദ്യം നല്ല താർ ഇട്ട റോഡായിരുന്നു. ഒരു വളഞ്ഞ് ഇറക്കം ഇറങ്ങി എത്തിയത് ഇമ്മാതിരി റോഡിലേക്ക്. Reverse എടുക്കാനും പറ്റുന്നില്ല. ഏതായാലും റൂമിൽ എത്തിയപ്പൊ 2:30 ആയി.
രാവിലെ ഒൻപത് മണിക്ക് ബ്രേക്ഫാസ്റ്റും കഴിച്ച് ആനയിറങ്കൽ ഡാം തേടിപ്പോയി. ഈ ചൂട് കാലത്തും മൂനാറിന്റെ പച്ചപ്പ് കിടുവാണു. ഇനീം വരണം ഒരു തവണ കൂടി സീസണിൽ എന്ന് മനസ്സ് പറഞ്ഞു. മൗണ്ടേൻ ക്ലബ് റിസോർട്ടിലെ താമസവും ഇൻഫിനിറ്റി സ്വിമ്മിങ്ങ്പൂളും ശരിക്കും ആസ്വദിച്ചത് ഞങ്ങടെ പക്രൂം ലച്ചൂം ആണു. പുലർച്ചെയുള്ള കൊളുക്കുമല ഓഫ് റോഡ് സവാരിയും സുന്ദരമായ സൂര്യോദയവും ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു. ഈ ഭൂമിയിൽ ഇത്രയും ഭംഗിയുള്ള കാഴ്ചകൾ ഇനിയുംഎന്തൊക്കെ ഇണ്ടാകാം എന്നാണു ഞാൻ ചിന്തിച്ചത്. ഞങ്ങൾക്ക് ഇഷ്ടം പോലെ ലീവുള്ളതുകൊണ്ടും ചങ്കിനും കെട്യോൾക്കും ലീവില്ലാത്തോണ്ടും പിറ്റേ ദിവസം ഉച്ചയോടെ ഞങ്ങൾ അഞ്ചു പേരും സെയിലന്റവാലിയും, ചങ്കും ഫാമിലിയും വീടും ലക്ഷ്യമാക്കി യാത്ര തുടർന്നു.
കോളുക്കുമലയിലേക്കുള്ള മാരക ഓഫ് റോഡ് സവാരി അനുഭവം ഇള്ളതൊണ്ടാകണം സെയിലന്റ് വാലിയിലെ ജീപ്പ്സവാരി അത്ര ത്രില്ലിംഗ് ആയി തോന്നിയില്ല. ആനയിറങ്ങിയതു കൊണ്ട് അവിടെ ചുറ്റലുകൾക്ക് ലിമിറ്റേഷൻസ് ഇണ്ടായിരുന്നു. പിന്നെ നേരെ കോഴിക്കോട് റഹ്മത്ത് ഹോട്ടലിലേക്ക് വച്ച് പിടിപ്പിച്ച് അതി പ്രശസ്തമായ ബീഫ് ബിരിയാണീം തട്ടി പയ്യന്നൂരു ലക്ഷ്യമാക്കി വണ്ടി വിട്ടു.
മൂന്നാർ എന്നും സുന്ദരിയാണു. ഈ ചൂടു സമയത്തും ഇതുപോലെ പച്ചപ്പുംകാട്ടി നമ്മളെ വിളിക്കുന്നുണ്ടെങ്കിൽ തണുപ്പുള്ള സമയം ഒന്നു പോയി കാണേണ്ടത് തന്നെയാണു. ഇനീം വരണം, മൂന്നാറിന്റെ തണുപ്പ് ആസ്വദിക്കാനായിട്ട് ഒരിക്കൽകൂടി!!!