വിവരണം – BriJish Aar-bi Kadakkal.

മൂന്നാർ – വട്ടവട – മറയൂർ – വാൽപാറ – അതിരപ്പള്ളി. ഒരുപാടു നാളത്തെ ആഗ്രഹം ആയിരുന്നു ഈ റൂട്ടിൽ ഒന്ന് പോകണമെന്ന്. അവസാനം ഞങ്ങളുടെ മൂന്നാം വിവാഹ വാർഷികത്തിന് (14.5.19) വീട്ടിൽ ആഘോഷിക്കുന്നതിനു പകരം ഇങ്ങനെ ഒരു യാത്ര ആകാമെന്ന് വെച്ചു.

Day1: രാവിലെ 5.30ന് കടയ്ക്കൽ കൊല്ലം നിന്ന് ഞങ്ങൾ യാത്ര തിരിച്ചു. ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാനും ഭാര്യയും ഒന്നര വയസുള്ള മകളും. മുന്നാറിൽ ഒരുപാടു തവണ പോയിട്ടുള്ളതിനാൽ പതിവ് സ്ഥലങ്ങൾ ഒന്നും ഞങ്ങൾ അത്രയ്ക്ക് പരിഗണിച്ചില്ല. പോകുന്ന വഴിക്കുള്ള കാഴ്ചകളിൽ കൂടുതൽ ശ്രദ്ധ കൊടുത്തു. മുന്നാറിൽ ചെന്നിട്ട് എടുത്ത തീരുമാനം ആയിരുന്നു വട്ടവട പോകാം എന്നുള്ളത്. ടോപ് സ്റ്റേഷനിൽ ഉച്ചയൂണ് കഴിച്ചു ചെക്ക് പോസ്റ്റിൽ വിവരങ്ങൾ നൽകി അകത്തു കയറി. കുറച്ചു കൃഷി സ്ഥലങ്ങൾ ഒക്കെ കണ്ടു (സ്ട്രോബെറി, കാരറ്റ്) അവിടന്ന് മടങ്ങി.

ഓഫ് റോഡ് യാത്ര ഉണ്ടായിരുന്നെങ്കിലും കുഞ്ഞു ഉള്ളതിനാൽ വേണ്ടാന്ന് വച്ച്. തിരിച്ചു റിസോർട്ടിൽ(ഗ്രേറ്റ് എസ്കെപ് റിസോർട്)എത്തിയപ്പോ 5മണി ആയി.അപ്പോഴേക്കും കോടയും മഞ്ഞും ഇറങ്ങി തുടങ്ങി. റിസോർട്ടിൽ അതിന്റെ ചുറ്റുപാട് തന്നെ ആയിരുന്നു അതിനെ കിടിലം ആക്കിയത്. രാത്രി ആയപ്പോഴേക്കും തണുപ്പ് കൂടി വന്നു. രാത്രി എപ്പോഴോ ഉണർന്നപ്പോ പുറത്തു ഇറങ്ങി നോക്കി, തണുപ്പ് സഹിക്കാൻ വയ്യാതെ അപ്പൊ തന്നെ കയറി കിടന്നു ഉറങ്ങി.

Day2: രാവിലെ റിസോർട് ഒക്കെ ചുറ്റി കണ്ടു വൽപ്പറയിലേക്കു തിരിച്ചു. മറയൂർ ചന്ദന കാടുകൾ(ചിന്നാർ വന്യ ജീവി സങ്കേതം) വഴി ആയിരുന്നു യാത്ര. ഉച്ച ഭക്ഷണനം മറയൂരിൽ നിന്ന് വാങ്ങി വച്ച്. പിന്നീടുള്ള യാത്ര മുഴുവൻ കാട്ടിൽ കൂടി (ആനമല കടുവ സങ്കേതം) ആയതിനാൽ കടകൾ കുറവാകും. വൽപറയ്ക് പൊള്ളാച്ചി പോകാതെ തന്നെ ആനമല-ഠാലി റോഡ് വഴി പോകാം. പോകുന്ന വഴി ആളിയാർ ഡാം, പാർക്ക് ഉണ്ട്.

ശേഷം വാൽപാറ ചുരം കയറാൻ തുടങ്ങി. 40 ഹെയർപിൻ ഉണ്ട്. അത് കയറി ചെല്ലുമ്പോൾ വിശാലമായ തേയില തോട്ടങ്ങൾ കാണാം. ആരായാലും അവിടെ നിർത്തി കുറച്ചു ചിത്രങ്ങൾ എടുത്തു പോകും. ഞങ്ങളും എടുത്തു. കാഴ്ചകൾ കണ്ടും നിരത്തിയും വാൽപാറ എത്തിയപ്പോ 6 മണി ആയി. അന്ന് അവിടെ ആയിരുന്നു താമസം.( ഗ്രീൻ ഹിൽ ഹോട്ടൽസ്) മൂന്നാറിനെ അപേക്ഷിച്ചു ലേശം തണുപ്പ് കുറവായിരുന്നു വാൽപാറയിൽ.

Day3: അതിരപള്ളിക്കു രാവിലെ 7.30ക് പുറപെട്ടു. ഇത്രയും മനോഹരമായ മരങ്ങളും തേയില തോട്ടങ്ങളും വേറെ കാണില്ല. പോകുന്ന വഴി ഷോളയാർ ഡാമിൽ കയറി കഴച്ചകൾ കണ്ടു. മലക്കപറ ചെക്ക്പോസ്റിൽ 8.30ന് എത്തി വിവരങ്ങൾ നൽകി. 2 മണിക്കൂറിനകം അടുത്ത ചെക്ക്പോസ്റ് അയ വാഴച്ചാൽ എത്തണമെന്നും എവിടെയും നിർത്തുകയോ ഇറങ്ങുകയോ ചെയ്യരുതെന്ന് കർശന നിർദേശം നൽകി ഞങ്ങളെ വിട്ടു. പോകുന്ന വഴി എല്ലാം ആവി പറക്കുന്ന ആനപിണ്ഡങ്ങൾ കണ്ടു. ഉള്ളിലേക്ക് പോകും തോറും ഭാര്യക്കു പേടി കൂടി വന്നു. വാഴച്ചാൽ ചെക്ക്പോസ്റിൽ എത്തിയപ്പോ ആണ് ആശ്വാസം ആയതു. വെള്ളം നന്നേ കുറവായിരുന്നു വാഴച്ചാലിൽ.

ശേഷം ആതിരപ്പള്ളി വെള്ളച്ചാട്ടം കാണാൻ കയറി. വെള്ളം കുറവായതിനാൽ നന്നായി ഇറങ്ങി കുളിക്കാൻ പറ്റും. അദ്യം വെള്ളത്തിൽ ഇറങ്ങാൻ മോള് പേടിച്ചെങ്കിലും അവസാനം കയറ്റാൻ പാടുപെട്ടു. ഉച്ചഭക്ഷണം കൊച്ചി ഇടപള്ളിലെ “ദേ പുട്ടിൽ” നിന്നെ കഴിക്കു എന്ന ഭാര്യയുടെ വാശിയിൽ അങ്ങോട്ട് വിട്ടു. നല്ല കത്തി റേറ്റ് ആയിരുന്നേലും ഭക്ഷണം നന്നായിരുന്നു. തൊട്ടടുത്തുള്ള ഒബ്‌റോൺ മാളിലും കയറി കറങ്ങി 4.30ന് വീട്ടിലേക്കു തിരിച്ചു, കോട്ടയം വഴി വീട് എത്തിയപ്പോ 9.30. വീട്ടിൽ വണ്ടി നിർത്തിയപ്പോഴേക്കും ഭാര്യയുടെ ചോദ്യം, ഇനി എപ്പോഴാ ചേട്ടാ അടുത്ത ട്രിപ്പ് പോകുന്നെ!!

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.