വിവരണം – വൈശാഖ് കീഴേപ്പാട്ട്.
അലറാത്തിനേക്കാൾ കൃത്യതയോടെയാണ് ശനിയാഴ്ച കാലത്ത് അമ്മു എഴുന്നേറ്റത്. അതിന്റെ കാരണം ഈ മൂന്നാർ യാത്ര അവളുടെ ഏറെ നാളത്തെ ആഗ്രഹമാണ്.. കാലത്ത് ഏഴു മണിക്കു യാത്ര തുടങ്ങാനുള്ള പ്ലാനിലാണ് തലേദിവസം, സുഹൃത്ത് മജീദിനോട് പറഞ്ഞു പിരിഞ്ഞത്. പക്ഷേ അത് അല്പം വൈകി. എട്ടരയോടെയാണ് നാട്ടിൽ നിന്നും ഞങ്ങൾ ഇറങ്ങിയത്.. അതിനാൽ പോകുന്ന വഴിയിൽ കാണാൻ കഴിയുന്ന ചില സ്ഥലങ്ങൾ വേണ്ടെന്നുവെച്ചു. പകൽ സമയമായതിനാൽ റോഡിലെ തിരക്ക് നമ്മുടെ സമയക്രമത്തെയെല്ലാം തകിടംമറിച്ചു.
ആദ്യ കടമ്പ പതിവുപോലെ പാലിയേക്കര. ഫാസ്റ്റാഗ് ഉപയോഗിക്കാതെ ക്യാഷ് കൊടുത്താണ് പോയത്. എന്തോ ഭാഗ്യത്തിന് പതിവുപോലെ കിട്ടാറുള്ള പണി കിട്ടിയില്ല. അങ്കമാലിവരെ പണം കൊടുത്തുള്ള കുഴിയുള്ള റോഡിലൂടെ യാത്ര. പെരുമ്പാവൂർ കോതമംഗലം അതാണ് വഴി. കാലത്ത് മജീദിന്റെ വീട്ടിൽ നിന്നും ഉണ്ടാക്കിക്കൊണ്ടുവന്ന മക്കെറോണി ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. വണ്ടി നിർത്തി കഴിക്കാൻ പറ്റിയ ഒരു സ്ഥലം കിട്ടാത്തതിനാൽ ആ ചിരിയുടെ ആയുസ്സ് അല്പം കൂടി. ഒടുവിൽ കോതമംഗലം കഴിഞ്ഞാണ് പറ്റിയ സ്ഥലം കിട്ടിയത്.
ഉച്ച ഭക്ഷണത്തിനു പകരം വെച്ചത് ഇതായിരുന്നു. അളവും സ്വാദും കൂടുതൽ ആയതിനാൽ നല്ലരീതിയിൽ എല്ലാരും കഴിച്ചു. പോകുന്നത് തണുപ്പുള്ള സ്ഥലത്തേക്കു ആയതിനാലാണോ എന്നറിയില്ല അതുവരെ കിട്ടിയ ചൂടിന് ഒരു കുറവും ഉണ്ടായില്ല.. വറ്റി വരണ്ടു ഒഴുകുന്ന ചീയപ്പാറ വെള്ളച്ചാട്ടം. അതിന്റെ സങ്കടം തീർക്കാൻ ദൂരെ അത്യാവശ്യം വെള്ളത്തോടെ ഒഴുകുന്ന വെള്ളറ വെള്ളച്ചാട്ടം. ഇങ്ങനെ കാഴ്ചകൾ പലതാണ് അടിമാലി വരെ.
ആനച്ചാൽ – മൂന്നാർ ബൈപാസ്സിലേക്കു വണ്ടി കയറിയതോടെ അടുത്ത പ്രധാന പരിപാടിയായ റൂം തിരയൽ ആരംഭിച്ചു. ഉദ്ദേശിച്ച റൂം എല്ലാം ഫുൾ ആയതാണ് ഞങ്ങൾക്ക് കിട്ടിയ പ്രധാന പണി. ചിത്തിരപുരം എത്തിയതോടെ ഏകദേശം ഒന്ന് രണ്ടെണ്ണം സെറ്റ് ആയി. അതിൽ ആദ്യം പോയി നോക്കിയത് ഗ്രാൻഡ് വാലി റിസോര്‍ട്ട് ആയിരുന്നു. കണ്ടപാടെ എല്ലാർക്കും ഒരുപോലെ ഇഷ്ടപ്പെട്ടതിനാൽ കൂടുതലൊന്നും ആലോചിക്കാതെ അതുറപ്പിച്ചു. പൂൾ ഉള്ളതാണ് എല്ലാര്‍ക്കും ഇഷ്ടപ്പെടാൻ പ്രധാന കാരണം. രണ്ടു ഫാമിലിക്ക് നിക്കാവുന്ന ഒരു ഫാമിലി ഹട്ട് ആണ് ഞങ്ങൾ എടുത്തത്. 6000 രൂപയാണ് അതിന്റെ ചാർജ്. പ്രഭാത ഭക്ഷണം ഉൾപ്പെടെ. റൂം കിട്ടിയ സ്ഥിതിക്ക് പിന്നെ നീരാട്ടായിരുന്നു എല്ലാരുടെയും പ്രധാന ലക്ഷ്യം. മറ്റാരും അന്നേരം ഇല്ലാത്തതിനാൽ എല്ലാവര്‍ക്കും നല്ലതുപോലെ ആസ്വദിക്കാൻ സാധിച്ചു. ദൂരെ, പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങളാണ് അവിടെ നിന്നുള്ള പ്രധാന വ്യൂ..
ചൂട് പതിയെ തണുപ്പിന് വഴിമാറിക്കൊടുത്ത സമയം. സൂര്യനും ജോലി കഴിഞ്ഞു പോയിരുന്നു. ശരീരം നമ്മുടെ നിയന്ത്രണത്തിൽ നിന്നും മാറി ഡാൻസ് കളിയ്ക്കാൻ തുടങ്ങിയിരിക്കുന്നു. രാത്രിയിലെ മൂന്നാർ കാണുക എന്നുള്ളതാണ് അടുത്ത പരിപാടി. കട്ടി വസ്ത്രം എല്ലാം അണിഞ്ഞു ടൗണിലേക്ക് ചുമ്മാ തിരിച്ചു. ജാക്കറ്റുകൾ വിൽക്കുന്ന ആളുകളാണ് ഇരുവശവും. എല്ലായിടത്തും നല്ല തിരക്കുണ്ട്. ടൗണിൽ ചെന്ന് കണ്ണൻദേവന്റെ ഒരു ചായ കുടിക്കാൻ അവരുടെ ഷോപ്പിൽ കയറി. കൂടെ കുറച്ചു പൊടിയും വാങ്ങിച്ചു. ഇനി ഇത് തീരുമ്പോൾ ഒന്നൂടെ വരാല്ലോ.
രാത്രി ഭക്ഷണം റിസോർട്ടിലാണ്. ഒരാൾക്കു 300 രൂപയാണ് ചാർജ്. കുട്ടികൾക്ക് വേണ്ട. സൂപ്പിൽ നിന്നാണ് തുടക്കം. മഞ്ചാവൊ സൂപ്പ് എന്ന് പേര് പറഞ്ഞു. തൊട്ടുപിന്നാലെ മീൻ പൊള്ളിച്ചത്. ഹൈദ്രബാദ് ചിക്കൻ,റൈസ് ,ചപ്പാത്തി ,പൊറോട്ട പിന്നെ അവസാനം പായസവും. ഉച്ചയ്ക്കത്തെ മക്കെറോണിക്കുശേഷം, പിന്നെ കഴിക്കുന്നത് ഇപ്പോഴാണ്. വിശപ്പുള്ളതിനാലാണോ എന്നറിയില്ല ഭക്ഷണത്തിനു നല്ല രുചിയുണ്ടായിരുന്നു. ഭക്ഷണശേഷം മഞ്ഞത്ത് കുറച്ചുസമയം പാട്ട് കേട്ടിരുന്നു. അതും പഴയത്. എങ്ങും നിശബ്ദത, തണുപ്പ്. ആഹാ! എന്താ ഫീൽ. 12 ആയപ്പോൾ ഒടുക്കത്തെ ഫീൽ ആയതിനാൽ പിന്നെ അവിടെ ഇരുന്നില്ല..
ദൂരെ മഞ്ഞുനിറഞ്ഞ മലനിരകൾ കണ്ടാണ് പ്രഭാതം ആരംഭിച്ചത്. തണുപ്പ് അപ്പോഴും വിട്ടുപോയിരുന്നില്ല. കാഴ്ചകൾ കണ്ടൊരു പ്രഭാത നടത്തം. ഇനി അധികം സമയം ചിലവഴിക്കാൻ നമുക്കില്ല. കാരണം മൂന്നാറിന്റെ ഏതെങ്കിലും ഒരു ഭാഗം കണ്ടു നാട്ടിലേക്ക് മടങ്ങണം. അതിനാൽ കാലത്തേ കാര്യങ്ങൾ എല്ലാം സ്പീഡാക്കി ഭക്ഷണം കഴിക്കാൻ പോയി. ദോശ,പൂരി,മുട്ട പൊരിച്ചത്, ബ്രഡ് അങ്ങനെയൊക്കെയാണ് പ്രഭാത ഭക്ഷണം. എല്ലാം അത്യാവശ്യം കഴിച്ചാണ് ഗ്രാൻഡ് വാലി റിസോർട്ടിനോട് വിട പറഞ്ഞത്. നല്ലൊരു അനുഭവമായിരുന്നു അവിടത്തെ താമസം. അവരുടെ സർവീസ്, സ്റ്റാഫുകളുടെ പെരുമാറ്റം അങ്ങനെ എല്ലാം തൃപ്തികരം.
മൂന്നാറിൽ പ്രധാനമായി മൂന്ന് മേഖലയിലാണ് കാഴ്ചകളുള്ളത്. മറയൂർ, മാട്ടുപ്പെട്ടി, ചിന്നക്കനാൽ. ഈ മൂന്നു ഭാഗത്തേക്കു പോകണമെങ്കിൽ മൂന്നാർ ടൗണിലെത്തിയേ തീരൂ. അതിനാൽ പോകാനുള്ള എളുപ്പം കണക്കാക്കി മറയൂർ ലക്ഷ്യമാക്കി സഞ്ചരിച്ചു. ആ റൂട്ടിലെ പ്രധാന ആകർഷണം ദേശീയോദ്യാനം തന്നെയാണ് പക്ഷേ അവിടത്തെ തിരക്കു കണ്ടപ്പോൾത്തന്നെ ആ ചിന്ത ഒഴിവാക്കി. അടുത്തത് മറയൂർ ആണ്. പോകുന്ന വഴിയിൽ റോഡു പണി നടക്കുന്നതിനാൽ പല സ്ഥലത്തും ഗതാഗതക്കുരുക്ക് നന്നേ അനുഭവപ്പെട്ടു.
മറയൂർ ചന്ദനക്കാടുകൾ, മറയൂർ ശർക്കര അങ്ങനെ പലതാണ് കാഴ്ചകൾ. മറയൂരിൽ നിന്നും കാന്തല്ലൂരിലേക്കാണ് ആദ്യം പോയത്. പോകുന്ന വഴിയിലെല്ലാം ശർക്കര ഉണ്ടാക്കുന്ന ഷെഡുകൾ കാണുന്നുണ്ട്. ചുറ്റുമുള്ള കാഴ്ചകളെല്ലാം മനോഹരമാണ്. കരിമ്പിൻ തോട്ടങ്ങളിൽ നിന്നും വിളവെടുത്തു വണ്ടിയിൽ കയറ്റുന്ന തൊഴിലാളികൾ. മരങ്ങൾ മുറിച്ചു ജീപ്പിൽ കൊണ്ടുപോകുന്ന മറ്റൊരു കാഴ്ച. അങ്ങനെ യാത്രയിലുടനീളം പല തരത്തിലുള്ള കാഴ്ചകൾ.
ഓറഞ്ചുതോട്ടം ഉണ്ടെന്നറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ മുൻപോട്ടുള്ള യാത്ര. ഒടുവിൽ പേരിനു മാത്രമേ ആ കാഴ്ച്ചയുള്ളൂ എന്നറിഞ്ഞപ്പോൾ പരസ്പ്പരം മുഖത്തോടു മുഖം നോക്കാനേ സാധിച്ചുള്ളൂ. അതിന്റെ ക്ഷീണം മാറ്റാൻ തൊട്ടടുത്തുള്ള കടയിൽ കയറി കുറച്ചു സാധനങ്ങൾ വാങ്ങി . കൂട്ടത്തിൽ അവിടെയുണ്ടാക്കിയ നല്ല വൈൻ സ്വാദ് നോക്കാനും കിട്ടി. സ്ട്രോബെറി, ഫാഷൻഫ്രൂട്ട് ,നെല്ലിക്ക എന്നിവയാണ് കഴിച്ചത്. വാങ്ങാൻ മനസ് മന്ത്രിച്ചു പക്ഷേ കൈകൾ വിലക്കിയിരുന്നു.. ആരെന്നു പ്രത്യേകം പറയുന്നില്ല.
ഇനി, വരുമ്പോൾക്കണ്ട ശർക്കരയാണ് ലക്‌ഷ്യം. നീരെടുത്ത കരിമ്പിൻ വേസ്റ്റുകളാണു ചുറ്റും. അതിലൂടെ നടന്നകത്തേക്കു കയറി. അവിടെ തീയിൽ, അടുത്ത ആവശ്യക്കാർക്കുള്ള ശർക്കര തയ്യാറായി വരുന്നു. ഏകദേശം 4 മണിക്കൂറിനു മുകളിൽ സമയമെടുക്കും അത് തീയിൽ നിന്നും മാറ്റാനെന്ന് അവർ പറഞ്ഞു. നിർമ്മാണരീതികളെല്ലാം വളരെ വ്യക്തമായി പറഞ്ഞു തന്നു. മടങ്ങുമ്പോൾ ഒരു കിലോ ശർക്കരയും വാങ്ങാൻ മറന്നില്ല..
ഇനി മടക്കമാണ് പ്രധാനം. പിറ്റേ ദിവസം ജോലിക്കു കയറണം. വന്ന വഴിക്കുപകരം കാനനവഴിയാണ് തിരഞ്ഞെടുത്തത്. ചിന്നാർ, ആനമലൈ, പൊള്ളാച്ചി വഴി നാട്ടിലേക്ക്. കാനനയാത്ര ആയതിനാൽ പുറപ്പെടുന്നതിനു മുന്നേ ഭക്ഷണം കഴിച്ചു. അല്ലെങ്കിൽപ്പിന്നെ കിട്ടാതെ വന്നാൽ എല്ലാരും വലയും പ്രത്യേകിച്ച് കുട്ടികൾ ഉള്ള സ്ഥിതിക്ക്. മറയൂരിലെ ഒരു ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ചു യാത്ര ആരംഭിച്ചു. ഇരുട്ടാവാൻ സമയം ഇനിയും ഉള്ളതിനാൽ ആനയെക്കാണാനുള്ള ആഗ്രഹം നടക്കില്ലെന്നു മനസിലായി. വീതി കുറവാണെങ്കിലും റോഡ് മികച്ചതായതു യാത്രാസുഖം നൽകി.
അല്പം പിന്നിട്ടപ്പോൾ അങ്ങുദൂരെ തൂവാനം വെള്ളച്ചാട്ടത്തിന്റെ വിദൂരഭംഗി അല്പ സമയം ഞങ്ങളെ അവിടെ പിടിച്ചുനിർത്തി. അതിനുശേഷമാണ് പിന്നീടുള്ള യാത്ര ആരംഭിച്ചത്. ചിന്നാറിലെ കാഴ്ചകൾക്കു വിരാമമിട്ടുകൊണ്ട് ആനമലൈ ടൈഗർ റിസേർവിലേക്കു കയറി. ചുറ്റും പച്ചപ്പു നിറഞ്ഞ കാഴ്ചകൾ. നീണ്ടു നിവർന്നു കിടക്കുന്ന റോഡുകൾ. വളവുകളില്ലാത്ത റോഡുകൾ മറ്റൊരു കൗതുകമായിരുന്നു. ആ കാഴ്ചകൾക്കും ആയുസ്സ് അധികമുണ്ടായില്ല. കാടുകൾ പതിയെ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറിക്കൊടുത്തു. ഞങ്ങളും പതിയെ നിശബ്ദതയിൽ നിന്ന് ഹോണുകളുടെ ബഹളത്തിലേക്ക് കടന്നിരിക്കുന്നു.
ഉദുമല്പേട്ട് പൊള്ളാച്ചി വഴി യാത്ര തുടരുന്നു. ഒരു നിമിഷം പോലും മോശം എന്ന് തോന്നിക്കാത്ത റോഡുകളാണ് മടക്ക യാത്രയിൽ മുഴുനീളെ കണ്ടത്. അത് പൊള്ളാച്ചി വിട്ടു നെന്മാറ റൂട്ടിലേക്ക് കയറിയപ്പോഴും ആ തോന്നലിനു യാതൊരു മാറ്റവും സംഭവിച്ചില്ല. എന്തുകൊണ്ടും മലബാറിൽ നിന്ന് മൂന്നാറിലേക്കുള്ള യാത്രക്ക് ഏറ്റവും അനുയോജ്യം ഈ വഴി തന്നെയാണ് എന്ന് മനസിലാക്കിയ നിമിഷം. ഗതാഗത കുരുക്കുകൾ ഇല്ല, ടോളുകൾ ഇല്ല മോശം റോഡുകൾ ഇല്ല . എതൊരു യാത്രികനും യാത്രാസുഖം നൽകുന്ന വഴി. ആ യാത്രാസുഖത്തോടെയാണ് ഈ തെക്കിന്റെ കശ്മീർ യാത്രക്ക് വിരാമമിട്ടത്.