വിവരണം – Haveena Rebecah.
എന്റെ ജീവിതം മാറ്റി മറിച്ച ഒരു മൂന്നാർ യാത്ര ഉണ്ട്. ഒരു സോളോ യാത്ര. എല്ലാം അവസാനിച്ചു, ഇനി ഒന്നും ഇല്ല, എന്ന് തോന്നിപ്പിക്കുന്ന ഒരു നിമിഷം നമ്മുടെ എല്ലാം ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാവും. ഇല്ലേ? അങ്ങനെ എന്റെ ജീവിതത്തിൽ ഉണ്ടായ, ഇനി എന്ത് എന്നറിയാത്ത ഒരു സാഹചര്യത്തിൽ ആണ് ഞാൻ ആ യാത്ര പോകാൻ തീരുമാനിച്ചത്. എന്റെ 28 ആം വയസ്സിൽ, അതുവരെ ഉണ്ടായിരുന്ന insecurities നെ എല്ലാം പൊട്ടിച്ചറിഞ്ഞ് ഒരു യാത്ര.
അതിലേക്ക് എന്നെ കൊണ്ടെത്തിച്ചത് എന്റെ ജീവിതാനുഭവങ്ങൾ തന്നെ ആയിരുന്നു. എന്റെ വീട്. വീട്ടുകാർ. സ്വന്തം അച്ഛനിൽ നിന്നും ചേട്ടനിൽ നിന്നും പോലും ഏൽക്കേണ്ടി വന്ന ശാരീരിക, മാനസിക, ലൈംഗീക അതിക്രമങ്ങൾ, ഉറക്കം നശിച്ച രാത്രികൾ. എല്ലാത്തിനും ഒടുക്കം ഒരു നാൾ ശബ്ദം ഉയർത്തി പ്രതികരിച്ചപ്പോൾ അവർ വീട്ടിൽ നിന്ന് എന്നെ പുറത്താക്കി. കൂടെ ഉണ്ടാവും എന്ന് കരുതിയ പെറ്റമ്മ പോലും തനിച്ചാക്കി പോയ നാളുകൾ. ഒക്കേക്കും പുറമേ വിളിച്ചോ വിളിക്കാതെയോ കയറി വന്ന 2018 ലെ പ്രളയവും. മനസ്സ് മരവിച്ച അവസ്ഥ. ഇനി എന്ത്. എനിക്കറിയില്ലായിരുന്നു. ജോലിയിലും കാര്യമായി ശ്രദ്ധിക്കാൻ കഴിയാതെ വന്നു. അങ്ങനെ ആണ് ഒരു അവധി എടുത്ത് ഒരു യാത്ര പോകാൻ തീരുമാനിച്ചത്.
മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്ത കാലം കൂടി ആയിരുന്നു അത്. എന്റെ ജീവിതത്തിൽ സന്തോഷം വരുന്നത് പോലെ വല്ലപ്പോഴും ഒന്ന് വന്ന് ആർഭാടത്തോടെ വിരിഞ്ഞ് കൊഴിഞ്ഞ് മടങ്ങുന്ന പൂക്കൾ. അത് കൊണ്ട് തന്നെ അവ കാണാൻ നിശ്ചയിച്ച് ഞാൻ പുറപ്പെട്ടു. ആദ്യത്തെ ദിവസം government (DTPC) arrange ചെയ്ത ഒരു 1 day trip ആയിരുന്നു book ചെയ്തത്. പ്രളയത്തിന് ശേഷം “we are open” എന്ന് പറഞ്ഞ് അവർ ആദ്യം നടത്തിയ യാത്രകളിൽ ഒന്ന്. രാജമലയിലേക്ക്. ഉച്ചക്ക് അവിടെ നിന്ന് ഇറങ്ങി നേരെ കോട്ടഗുടി മലയിലെ ക്ലൗഡ് ഫാം എന്ന ക്യാമ്പിലേക്ക് പോകാം എന്നും കരുതി. അതായിരുന്നു പ്ലാൻ.
പക്ഷേ അന്ന് 2018 Oct 2 ആം തീയതി ആയിരുന്നു. ഗാന്ധി ജയന്തി ദിനം. പ്രതീക്ഷകളും പദ്ധതികളും ഒക്കെ അവതാളത്തിലാക്കിക്കൊണ്ട് അവിടെ വൻ ജനത്തിരക്ക്. ഒപ്പം മഴയും. അവരുടെ ബസിൽ മാത്രമേ അകത്തേക്ക് കയറ്റി വിടുകയുമുള്ളൂ. അതിനു ക്യൂ നിന്ന് ദിവസം തീർന്നു. ഉച്ചക്ക് 2 മണിക്ക് അവിടെ നിന്ന് തിരിച്ച് ഇറങ്ങേണ്ട ഞങ്ങൾ തിരികെ മുന്നാർ ടൗൺ എത്തിയപ്പോൾ മണി ഏഴ് (7pm). ഇരുട്ടു വീണിരുന്നു.
ക്ലൗഡ് ഫാമിൽ വിളിച്ച് ഇന്ന് വരാൻ സാധിക്കുകയില്ല എന്ന് ഞാൻ അറിയിച്ചു. അപ്പോൾ അവർ പറഞ്ഞു, “ഇന്നായിരുന്നു എങ്കിൽ വേറെ ഗസ്റ്റ് ഉണ്ടായിരുന്നു. നാളെ ആണെങ്കിൽ തത്കാലം വേറെ ബുക്കിംഗ് ഒന്നും ഇല്ല. തനിച്ചായിരിക്കും.” ചങ്കിൽ കൂടി ഒരു മിന്നൽ പാഞ്ഞു പോയി. എങ്കിലും “വിശ്വാസം, അതല്ലേ എല്ലാം” എന്ന tagline മനസ്സിൽ ഉരുവിട്ട് കൊണ്ട് ഞാൻ പറഞ്ഞു “സാരമില്ല. ഇനി എന്തായാലും ഇന്ന് പറ്റില്ലല്ലോ. അതുകൊണ്ട് നാളെ വരാം”.
എന്തോ ഒരു ഉൾവിളിയുടെ പേരിൽ ഞാൻ മുന്നാർ ടൗണിൽ ഒരു റൂം ബുക്ക് ചെയ്തിരുന്നു. അത് എന്തായാലും നന്നായി. അവിടേക്ക് പോകാനായി ബസ്സിൽ നിന്ന് എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയ എന്നെ ഞങ്ങളുടെ co ordinator തടഞ്ഞു. “നിൽക്കൂ. ഒറ്റക്ക് പോവണ്ട. ഞാൻ കൊണ്ട് ചെന്ന് ആക്കാം.” യാത്രകളിൽ അപ്രതീക്ഷിതമായി കിട്ടുന്ന ചില സഹായങ്ങൾ സ്വർഗം കിട്ടുന്ന സന്തോഷം തരാറുണ്ട്. അതും പ്രത്യേകിച്ച് തനിച്ചുള്ള യാത്രകളിൽ.
അങ്ങനെ അദ്ദേഹം ഒരു ഓട്ടോ വിളിച്ച് എന്നെ അവിടെ കൊണ്ട് ചെന്നാക്കി. റിസപ്ഷനിൽ നിന്ന പയ്യനോട് ഞാൻ government guest ആണ്, പ്രത്യേകം നോക്കണം എന്നൊക്കെ പറഞ്ഞ് ഏൽപ്പിച്ച് അദ്ദേഹത്തിന്റെ id card ഉം കാണിച്ചു. പിന്നീട് അവർ എന്നെ മഹാറാണിയെ പോലെ ആണ് നോക്കിയത്. ചോദിക്കുന്നതെന്തും റൂമിലെത്തും. അങ്ങനെ ഫുഡ് ഒന്നും പാക്കേജിൽ ഇല്ലാതിരുന്നിട്ടും, ഞാൻ എല്ലാം ഇരുന്നു ഓർഡർ ചെയ്ത്, അവർ കൊണ്ട് തന്നു.എങ്കിലും ആദ്യമായി ഒരു ഹോട്ടൽ മുറിയിൽ തനിച്ചു താമസിച്ചതിന്റെ സകല ടെൻഷനും ഉണ്ടായിരുന്നു. ഒരു കൂട്ടുകാരിയെ വീഡിയോ കോൾ വിളിച്ച് മുറി മുഴുവൻ ഒളി-ക്യാമറ-ടെസ്റ്റിംഗ് നടത്തി. അങ്ങനെ ഉറപ്പ് വരുത്തിയതിന് ശേഷവും പേടി മാറാത്തത് കൊണ്ട് കുളിച്ചില്ല. കൈയ്യും കാലും മുഖവും മാത്രം കഴുകി വന്ന്, Blanket ന്റെ അടിയിൽ ചുരുണ്ട് കയറി ഇരുന്ന് വസ്ത്രം മാറി, കിടന്നുറങ്ങി.
പിറ്റേന്ന് രാവിലെ എണീറ്റപ്പോൾ കണ്ടത് ജനാലയിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞു തുള്ളികളെയാണ്. അതിന് അപ്പുറം പച്ചപ്പട്ടു വിരിച്ച മലനിരകൾ. ഓരോ മഞ്ഞു തുള്ളിയിലും ഒരായിരം പ്രതിബിബങ്ങളായി ഞാനത് കണ്ടു. പുറത്തെ തണുപ്പ് ഉള്ളിനെയും കോരിത്തരിപ്പിക്കും പോലെ. രണ്ടു മണി ആണ് ക്ലൗഡ് ഫാം ചെക്ക് ഇൻ സമയം. അതു വരെ എന്ത് ചെയ്യും എന്ന് ആലോചിച്ചപ്പോൾ ആണ് വന്ന വഴിയിൽ കണ്ട ഫ്ളവർ ഗാർഡനെ കുറിച്ച് ഓർത്തത്. അവിടെ നിറയെ പൂക്കൾ അടുക്കി വെച്ചിട്ടുണ്ടായിരുന്നു. എനിക്ക് പൂക്കളും അവയുടെ നിറങ്ങളും സുഗന്ധവും വളരെ ഇഷ്ടമാണ്. അവിടെ അൽപ്പ സമയം ഇരിക്കണം എന്ന് തോന്നി.
ഒരു ഓട്ടോ പിടിച്ചു. KSRTC stand നും അപ്പുറത്ത് ആയിരുന്നു അത്. അവിടെ ചെന്നിറങ്ങി ഓഫീസ് മുറിയിൽ ചേച്ചിമാരോട് ചോദിച്ച് ബാഗ് അവിടെ ഇറക്കി വെച്ച് നടക്കാൻ പോയി. 12.30 വരെ അതിന്റെ ഉള്ളിൽ കൂടി തെക്ക് വടക്ക് നടന്നു. അപ്പോഴേക്കും വിശന്നു തുടങ്ങിയിരുന്നു. പുറത്ത് ഇറങ്ങി ഒരു അന്തവും കുന്തവും ഇല്ലാതെ നടന്നു. ഗൂഗിളിൽ restaurants near me എന്ന് സെർച്ച് ചെയ്തപ്പോൾ ആദ്യം തന്നെ ആലിബാബ പൊങ്ങി വന്നു. നോക്കിയപ്പോൾ സംഭവം തൊട്ടടുത്ത്. നേരെ നടന്ന് അങ്ങോട്ട് കേറി ഒരു ഊണ് പറഞ്ഞു.
കഴിച്ചു കൊണ്ടിരിക്കുമ്പോൾ ക്ലൗഡ് ഫാമിൽ നിന്ന് എബിന്റെ വിളി വന്നു. “ഹവീന എവിടെ ആണ്? ഞാൻ സാധനങ്ങൾ വാങ്ങാൻ മൂന്നാർ വന്നിട്ടുണ്ട്. ഒരു അര മണിക്കൂറിൽ പരുപാടി കഴിയും. അപ്പോഴേക്ക് യെല്ലപ്പെട്ടി ജീപ്പ് കിടക്കുന്ന സ്റ്റോപ്പിൽ വന്നാൽ ഒന്നിച്ചു പോകാം”. ഞാൻ പെട്ടന്ന് ഉള്ളതെല്ലാം വെട്ടി വിഴുങ്ങി അങ്ങോട്ടോടി. KSRTC stand ന്റെ അവിടെ നിന്ന് ആ സ്റ്റോപ്പിലേക്ക് ഓട്ടോ എടുത്തു. അവിടെ എത്തി തനിച്ച് പോകാനാണ് ഇരുന്നത്. ഇനി എന്തായാലും കൂട്ടൊണ്ടല്ലോ. പിന്നെ നോക്കിയപ്പോ അതാ ജീപ്പ് നിറയെ തിങ്ങി നിറഞ്ഞു ഇഷ്ടം പോലെ വേറെ കൂട്ടുകളും. മൂക്ക് മാത്രം ഇടി കൊള്ളാതെ ബാക്കി കിട്ടിയത് കൊണ്ട് ശ്വാസം വിടാൻ പറ്റി. ബാക്കി ഒക്കെ ഇഞ്ച പരുവം ആവുന്ന ലക്ഷണം ആണ്. അല്പം ഞെക്ക് കൊണ്ടാലും ബഡ്ജറ്റ്കാർക്ക് ഉത്തമം. വെറും 40 രൂപാ ടിക്കറ്റ്.
ജീപ്പ് എടുക്കാൻ സമയം ആയിട്ടില്ല. ബാഗ് ജീപ്പിൽ വെച്ചിട്ട് ഇപ്പൊ വരാം എന്ന് പറഞ്ഞു എബിൻ പുറത്തേക്ക് പോയി. ജീപ്പ് സ്റ്റാർട്ട് ചെയ്തപ്പോൾ തിരികെ വന്നു കയറി. പിന്നെ ഞങ്ങൾ ഓരോന്ന് സംസാരിച്ച് ഇരുന്നു. പെട്ടെന്ന് എനിക്ക് ശ്വാസം മുട്ടി തുടങ്ങി. എബിൻ cigarette വലിച്ചിട്ടുണ്ടായിരുന്നു. ഞാൻ വല്ലാതെ അസ്വസ്ഥ ആയി. കണ്ണ് നിറഞ്ഞു വെള്ളം വന്നു. ആകെ വിയർത്തു. ഭയങ്കരമായി ചുമക്കാൻ തുടങ്ങി. സംസാരിക്കാൻ പോലും കഴിയാതെ ആയി.
എബിൻ ആകെ പേടിച്ച് വിരണ്ട് “എന്ത് പറ്റി എന്ത് പറ്റി” എന്ന് ചോദിച്ചു. അത് ചോദിക്കാനായി അടുത്ത് വരും തോറും എനിക്ക് അസ്വസ്ഥതകൾ കൂടി കൂടി വന്നു. പക്ഷേ അപ്പോഴും സിഗരറ്റ് ആണ് കഥയിലെ വില്ലൻ എന്ന് ഞാൻ മനസ്സിലാക്കിയിരുന്നില്ല. ചെറിയ തോതിൽ പൊടി അലർജിയും ശ്വാസം മുട്ടലും ഒക്കെ ഉള്ളത് കൊണ്ട്, സിഗരെട്ടും പിടിക്കാതെ വന്നതാവാം എന്നേ കരുതിയുള്ളൂ. പിന്നെ ഒന്ന് breathe normal ആവാൻ വേണ്ടി ഇത്തിരി കിട്ടിയ വിടവിലൂടെ തല വെളിയിലേക്കിട്ട് ഞാനിരുന്നു.
പയ്യെ പയ്യെ ചുമ മാറി. ശ്വാസവും നേരെ ആയി തുടങ്ങി. അപ്പോഴേക്കും വണ്ടി Yellapetty എത്തിയിരുന്നു. ബാഗ് എടുത്ത് ഇറങ്ങി നടന്നു തുടങ്ങിയപ്പോഴേക്കും പോയ എനർജി മുഴുവനായി തിരികെ വന്നു. എബിന് അത് കണ്ട് ആശ്വാസമായി എങ്കിലും, പേടിച്ചരണ്ട് രണ്ടടി അകലത്തിൽ നടക്കാൻ തുടങ്ങി. നടക്കുന്ന വഴി എബിൻ ചോദിച്ചു.”എന്നാലും ഒറ്റക്ക് ബുക്ക് ചെയ്തു വരാൻ എങ്ങനെ ധൈര്യം കിട്ടി? പേടി ഒന്നും തോന്നിയില്ലേ?” ഞാൻ ഒന്ന് ചിരിച്ചു. “ആവോ. വരണം എന്ന് തോന്നി” എന്ന് പറഞ്ഞു നടത്തം തുടർന്നു. എങ്കിലും എനിക്കറിയാമായിരുന്നു. നല്ല പേടി ഉണ്ട്. പക്ഷേ ആ പേടിയെ അതിജീവിക്കാൻ ആണ് എന്റെ ഈ വരവ്. അതുകൊണ്ട് തന്നെ പിന്മാറാൻ തയ്യാറല്ല എന്ന്. പിന്നെ കൊച്ചിയുടെ പാച്ചിലുകളിലേക്ക് പെട്ടെന്നങ്ങോട്ട് തിരിച്ചു പോകാനും വയ്യ. അതു മാത്രമല്ല, ഇത്രയും reputed ആയ ഒരു ക്യാമ്പ് ആയത് കൊണ്ട്, ഒന്നും വരില്ല എന്നൊരു ധൈര്യവും.
അപ്പോഴേക്കും മഴ ചാറി തുടങ്ങി. Rain coat ഉണ്ടെങ്കിൽ എടുത്തിട്ടോ എന്ന് എബിൻ നിർദേശിച്ചു. പാള പോലത്തെ ആ കോട്ടും വലിച്ചു കയറ്റി മഴയും നനഞ്ഞു നടത്തം തുടർന്നു.
മഴക്കാലം ആയത് കൊണ്ട് അട്ടയുടെ കാര്യം പിന്നെ പറയണ്ടല്ലോ. വഴി നീളെ ഇഷ്ടം പോലെ അട്ടകടി കിട്ടി. മഴ കൊണ്ട് ബാഗ് തുറന്ന് ഉപ്പ് എടുക്കാനും പറ്റിയില്ല. ആദ്യമായിട്ടായത് കൊണ്ടും പരിചയക്കുറവ് കൊണ്ടും വെപ്രാളത്തിൽ, കടിച്ചിരുന്ന ഒന്നു രണ്ട് അട്ടയെ വലിച്ചു പറിച്ച് പിന്നീട് കുറച്ച് നാളത്തേക്ക് അവിടം കല്ലിച്ച് ചൊറിച്ചിലും അലർജിയും കിട്ടി. ഉപ്പില്ലെങ്കിൽ അവയെ മെല്ലെ തലോടി കൊടുത്താൽ മതി എന്ന് എബിൻ പറഞ്ഞു. ഒന്നുമല്ലെങ്കിലും നമ്മുടെ ചോര അല്ലേ. ആ സ്നേഹം മുഴുവൻ എടുത്ത് തലോടി. ഒരു 10 സെക്കൻഡ് ക്ഷമയോടെ തലോടിയപ്പോൾ അവർ പിടി വിട്ടു. It works.
പിന്നെ ട്രെക്കിങ്ങ്. സംഭവം നാലര കിലോമീറ്ററേ ഉള്ളൂ എങ്കിലും 16 കിലോമീറ്റർ തോന്നി. Sit ups പോലെ ഉള്ള വ്യായാമങ്ങൾ ട്രെക്കിങ്ങിന് ഉപകരിക്കും. Daily morning & evening 10 – 20 sit up വീതം എടുക്കാൻ അവൻ ഉപദേശിച്ചു. അതിനു ഗുണവും ഉണ്ടായി കേട്ടോ. അതിനു ശേഷം ഉള്ള യാത്രകളിൽ ഒക്കെ പുല്ല് പോലെ കയറി പോകാൻ സാധിച്ചു. അങ്ങനെ മുകളിൽ എത്തി. എന്റെ സാറേ… ആ കാഴ്ച. സന്തോഷം കൊണ്ടെനിക്ക് കണ്ണ് നിറഞ്ഞു. പിന്നെ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റിയില്ല. എബിനെ കൂടാതെ അവിടെ മറ്റു രണ്ട് ആൺകുട്ടികൾ കൂടെ ഉണ്ടായിരുന്നു. ബാഗ് അവിടെ ഇറക്കി വെച്ച് ഞാൻ അവർക്കൊപ്പം ഇരുന്നു. ഒരു ചായ എടുത്ത് ജിത്തു (ജിൻ) എനിക്ക് നീട്ടി. ആ ശീലം ഇല്ലാത്തത് കൊണ്ട് ഞാനത് സ്നേഹപൂർവ്വം നിരസിച്ചു.
വൈകുന്നേരം ആയപ്പോഴേക്കും കോട വന്ന് മൂടിയത് കൊണ്ട് sunset ട്രെക്കിന് പോയില്ല. അവിടെ തന്നെ ഇരുന്നു. പിന്നെ വേറെ പണി ഒന്നും ഇല്ലാത്തത് കൊണ്ട് അത്താഴം ഉണ്ടാക്കാൻ അവർ പോയപ്പോൾ പിന്നാലെ ഞാനും പോയി. അങ്ങനെ അവർ ഗസ്റ്റും ഞാൻ ഗോസ്റ്റും ആയി. എബിൻ പറഞ്ഞു “ആദ്യമായിട്ടാണ് ഒരു ഗസ്റ്റ് വന്നിട്ട് ഞങ്ങൾ കൈയ്യും കെട്ടി നോക്കി നിന്നിട്ട് ഗസ്റ്റ് cook ചെയ്യുന്നത്. അതിപ്പോ ലാഭായീലോ” എന്ന്.
ക്യാമ്പ് ഫയറിന് ചുറ്റും ഇരുന്ന് അത്താഴം കഴിച്ചു. പിന്നെ കൊറേ നേരം പാട്ടൊക്കെ കേട്ടിരുന്ന് കിടക്കാൻ നേരം എന്നോട് ചോദിച്ചു “പുറത്ത് ഒറ്റക്ക് കിടക്കുവോ? സാധാരണ ഗസ്റ്റ് വരുമ്പോൾ ദേ അവിടെ ആണ് കിടക്കാറ്” എന്ന് പറഞ്ഞ് പുറത്ത് കുറ്റാകൂരിരുട്ടിലേക്ക് കൈ ചൂണ്ടി. ഞാൻ ദയനീയമായി അവരെ നോക്കി. പറയാതെ തന്നെ അവർക്ക് കാര്യം പിടികിട്ടി. എന്നിട്ട് എബിൻ പറഞ്ഞു “ആ അല്ലെങ്കിലും ഇപ്പോ ഹവീന ഗസ്റ്റ് അല്ലല്ലോ. വീട്ടുകാരി ആയില്ലേ. അപ്പോ വീട്ടിൽ കിടക്കാം. മുകളിൽ രണ്ടു ടെന്റ് ഉണ്ട്. അതിൽ ഒന്നിൽ ഞങ്ങൾ മൂന്നും കൂടെ കിടന്നോളാം. മറ്റേതിൽ ഹവീന കിടന്നോളൂ. പക്ഷേ ആദ്യം ഞങ്ങൾ അവിടം ഒന്ന് വൃത്തി ആക്കട്ടേ.. തൽക്കാലം ഇവിടെ നില്ല്” എന്ന് പറഞ്ഞ് മുകളിലേക്ക് ഓടി. ഞാൻ ചിരിച്ചു.
Cleaning പരുപാടി കഴിഞ്ഞപ്പോൾ എനിക്ക് വിളി വന്നു. ഞാൻ കയറി ചെന്നതും ഒരു നിമിഷം കൊണ്ട് എന്റെ ശ്വാസം വീണ്ടും നിന്നു പോയി. അവിടെ ആകെ cigarette ന്റെ മണം. ക്ലീൻ ചെയ്യാൻ കയറിയപ്പോൾ ജിൻ വലിച്ചതാണ്. എബിൻ ഒട്ട് ശ്രദ്ധിച്ചും ഇല്ല. കാരണം അത് വരെ ഞാൻ പോലും cigerette ഇത്ര വലിയ വില്ലൻ ആണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. എന്തായാലും എനിക്ക് ശ്വാസം എടുക്കാൻ പറ്റുന്നില്ല. വല്ലാതെ ചുമക്കാനും തുടങ്ങി. കണ്ണും നാവും ഉള്ളിൽ ഉള്ള സകല അവയവങ്ങളും പുറത്ത് ചാടും എന്ന് തോന്നുന്ന പോലുള്ള ചുമ.
പെട്ടന്നാണ് എബിന് ഉച്ചക്കത്തെ അനുഭവം ഓർമ്മ വന്നത്. “ശ്ശോ.. ഞാനാണേൽ ഓർത്തും ഇല്ല” എന്ന് പറഞ്ഞ് എന്നെ വേഗം താഴേക്ക് കൂട്ടിക്കൊണ്ടു പോകാൻ അവൻ ബാക്കി രണ്ടു പേരോടും ആവശ്യപെട്ടു. നേർത്ത പടിക്കെട്ട്. ഞാൻ വീണു പോകും എന്ന് തോന്നി. അങ്ങോട്ട് കയറിയ പരുവം അല്ല അപ്പൊൾ. ആകെ അവശത ആയി. അവർ എന്നെ എങ്ങനെ ഒക്കെയോ താഴെ എത്തിച്ചു. എബിൻ ആ നേരം കൊണ്ട് പടുതാ ഒക്കെ പൊക്കി വെച്ച് അവിടം ശുദ്ധമാക്കി.
ഉച്ചക്കത്തെ ഓർമ്മ വെച്ച് ഈ അവസ്ഥക്ക് പരിഹാരമായി കുറച്ച് നേരം ശുദ്ധ വായൂ ലഭിക്കുന്ന ഇടത്ത് ഇരുന്നാൽ മതി എന്ന് എങ്ങനെ ഒക്കെയോ ഞാൻ അവരെ പറഞ്ഞു മനസിലാക്കി. പക്ഷേ കുറച്ച് കഴിഞ്ഞപ്പോൾ പണി പിന്നേം പാളി. പുറത്ത് മഞ്ഞത്ത് കുത്തി ഇരുന്ന് തണുത്തു വിറക്കാൻ തുടങ്ങി. അത് കണ്ടപ്പോൾ അടുക്കള തുറന്ന് അവർ എന്നെ അകത്തു കൊണ്ട് പോയി. വെള്ളം ചൂടാക്കി കുടിക്കാൻ തന്നു. പിന്നെ സ്റ്റൗ വെറുതെ കത്തിച്ചിട്ടു. മുറിയിൽ പയ്യെ ചൂടു പരന്നു. സംസാരിക്കാൻ പറ്റില്ല എനിക്ക് ആ സമയത്ത്. അതാണ് അവരെ ഏറ്റവും പേടിപ്പെടുത്തിയത്. അങ്ങനെ ഒരു അര മണിക്കൂർ കൊണ്ട് പയ്യെ ഓകെ ആയി വന്നപ്പോൾ ഞാൻ ഒന്ന് ചിരിച്ചു. അത് കണ്ടപ്പോൾ ആണ് അവർക്കും ശ്വാസം വീണത്.
ജിൻ പറഞ്ഞു “ചുമ്മാതല്ല പൊതു സ്ഥലങ്ങളിൽ പുക വലിക്കരുത് എന്ന് പറയുന്നത്. ഇതുപോലെ ഉള്ള ആരെങ്കിലും അതിലെ പോയാൽ തീർന്നില്ലേ.” അവൻ കാരണം അപ്പോൾ അങ്ങനെ ഒക്കെ വന്നതിന് കുറേ മാപ്പ് പറഞ്ഞു. പാവം. പിന്നെ മെല്ലെ എഴുന്നേറ്റ് ഉറങ്ങാൻ പോയി. അപ്പോഴേക്കും അവിടെ പുകമണം ഒക്കെ പോയിരുന്നു. സുഖമായി ഞാൻ കിടന്നുറങ്ങി. ഒരുപക്ഷേ എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായിട്ടാവും അത്ര സന്തോഷത്തിലും സമാധാനത്തിലും കിടന്നുറങ്ങുന്നത്. അതും മൂന്ന് അന്യ പുരുഷന്മാരുടെ അരികിൽ, ഒരു അടച്ചുറപ്പും ഇല്ലാത്ത ടെന്റിന്റെ ഉള്ളിൽ. അത്ര അരികത്ത്, തനിച്ചു കിട്ടിയിട്ടും അവരെന്നെ ഒന്നും ചെയ്തില്ല. ഞാനവരെ ഭയന്നുമില്ല. പക്ഷേ സ്വന്തം വീട്ടിൽ, ഉറ്റവരുടെ അരികിൽ കിടന്നുറങ്ങാൻ ഞാൻ എന്നും പേടിച്ചിരുന്നു. അതിന് വിപരീതമായി ഒരു രാത്രി തനിച്ചാണെന്ന് കേട്ടപ്പോൾ തിരിഞ്ഞോടാതെ അങ്ങോട്ട് തന്നെ പോകാൻ തീരുമാനിച്ചത് എത്ര നന്നായി എന്നെനിക്ക് തോന്നി.
അങ്ങനെ നേരം വെളുത്തു. കോട കൊണ്ട് sunrise ഒന്നും കാണാനായില്ല. അതുകൊണ്ട് നേരം നല്ല പോലെ വെളുത്തു കഴിഞ്ഞിട്ടാണ് ട്രെക്കിങിന് പോയത്. ഭാഗ്യമുണ്ടെങ്കിൽ cloud bed കിട്ടും എന്ന് അവർ പറഞ്ഞിരുന്നു. മുകളിൽ ചെന്നപ്പോൾ നിറയെ നീലക്കുറിഞ്ഞികൾ. ഒരാൾപ്പൊക്കം ഉള്ള ചെടികൾക്കിടയിലുടെ പൂക്കളെ തഴുകി ഞാൻ നടന്നു. കുറേ ഒക്കെ വാടി തുടങ്ങിയിരുന്നു. എങ്കിലും എനിക്ക് ഓണം പോലെ കരുതാനും മാത്രം പൂക്കൾ അവിടെ ഉണ്ടായിരുന്നു.
ഭാഗ്യങ്ങളുടെ തുടക്കം എന്ന പോലെ ഒരു വശത്ത് ക്ലൗഡ് ബെഡ് കെട്ടിത്തുടങ്ങി. ആവോളം ചിത്രങ്ങൾ പകർത്തി. പിന്നെ കുറച്ച് നേരം അവിടെ പുൽ മെത്തയിൽ മലർന്നു കിടന്നു. മേലെ ആകാശം. താഴെ ഭൂമി. ചുറ്റും കോട മഞ്ഞും പൂക്കളുടെ സുഗന്ധവും മാത്രം. “This is where I belong” എന്ന് തോന്നിപ്പോയ നിമിഷം. പുറലോകങ്ങളുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരിടം. അവിടെ ആരും തമ്മിൽ കലഹിച്ചില്ല. അനാവശ്യമായി ആരും ആരെയും ഉപദ്രവിച്ചില്ല. അനുവാദമില്ലാതെ ആരും ആരെയും തൊട്ടില്ല. സമയം എന്തെന്ന് പോലും ആരും അന്വേഷിച്ചില്ല. ഇതാണ് ഞാൻ ഇത്രയും കാലം തേടി നടന്ന സ്വർഗ്ഗം. അത് ഭൂമിയിൽ തന്നെ ഉണ്ട് എന്ന് എനിക്ക് മനസ്സിലായി. ഇവിടം സ്വർഗ്ഗവും നരകവും ആക്കുന്നത് മനുഷ്യർ തന്നെ ആണെന്നും എനിക്ക് മനസ്സിലായി.
തിരികെ പോകാൻ ഒട്ടും മനസ്സുണ്ടായിരുന്നില്ല. എങ്കിലും പോയല്ലേ മതിയാവൂ. അങ്ങനെ താഴേക്ക് നടന്നു. കാലങ്ങൾ ബന്ധിതയായതിന് ശേഷം കൂട് പൊട്ടിച്ചിറങ്ങിയ പൈങ്കിളിയെ പോലെ എന്റെ ഉള്ള് തുടിച്ചു. പക്ഷേ കാലിൽ കെട്ടിയ ഒരദൃശ്യ ചരടു പോലെ അന്ന് നേരം ഇരുട്ടിട്ടുമ്പോൾ വീണ്ടും ആ പഴയ കൂടിന്റെ മകൾ ആവണം എന്നത് എന്നെ വ്യാകുലപ്പെടുത്തി. എങ്കിലും പറക്കാൻ കഴിഞ്ഞ അത്രയും ദൂരം എനിക്കിഷ്ടപ്പെട്ടിരുന്നു. അവിടേക്ക് നിരന്തരമായി തിരികെ പോകാനുള്ള കാരണങ്ങൾ തേടി, അവരോട് യാത്ര പറഞ്ഞ്, താൽകാലികമായി ഞാനാ മല ഇറങ്ങി. കഥ തുടർന്നു.. തുടർന്നു കൊണ്ടേ ഇരിക്കുകയും ചെയ്യുന്നു..