വിവരണം – ശ്രുതി എസ്.എം.
അഷ്ടമുടിക്കായലിലെ സൂര്യോദയം കണ്ടിട്ടുണ്ടോ? കഴിഞ്ഞ ശനിയാഴ്ച ഒറ്റയ്ക്കിറങ്ങിയതായിരുന്നു, മണ്‍റോ തുരുത്ത് ലക്ഷ്യം വെച്ച്. കൊച്ചിയില്‍ നിന്ന് മൂന്നര മണിക്കൂറില്‍ (by car) എത്താവുന്ന ഒരു കുഞ്ഞുനാട്. 1800കളില്‍ ഈസ്റ്റ് ഇന്ത്യ കമ്പനി തിരുവിതാംകൂര്‍ ഭരണത്തിന്‍റെ മേല്‍നോട്ടം വഹിക്കാന്‍ നിയമിച്ച ജോണ്‍ മണ്‍റോ എന്ന ബ്രിട്ടീഷുകാരനാണ് ഈ തുരുത്തിനെ ഇന്ന് കാണുന്ന പരുവത്തില്‍ രൂപപ്പെടുത്തിയത് എന്നാണ് ചരിത്രം.
ശനിയാഴ്ച വൈകിട്ട് ഇരുട്ടുവോളം തോണിയില്‍ തുരുത്ത് ചുറ്റി, അസ്തമയം കണ്ടു. ചീവീടിന്‍റെ ഒച്ച മാത്രം കേട്ട് മേലെ നക്ഷത്രമെണ്ണിയിരുന്നു കുറേ നേരം. മൂന്നാല് മണിക്കൂര്‍ എടുക്കും തുരുത്ത് മൊത്തം ചുറ്റി, കായലും കണ്ട് മെല്ലെ ഒരു റൗണ്ട് തുഴഞ്ഞുവരാന്‍.
പിറ്റേന്ന് രാവിലെ അഞ്ചുമണിക്ക് വീണ്ടുമിറങ്ങി വേറൊരു ഡയറക്ഷനില്‍. കായലും തുരുത്തും ചേരുന്നിടത്തേക്ക്, ഉദയം കാണാന്‍. അതിഭീകരമാണ്. തോണി തുഴഞ്ഞ് (ഞാനല്ല തുഴഞ്ഞത്) പോയി കായലും കനാലും ചേരുന്ന ഓരത്ത് നിന്ന് ആവി പറക്കുന്ന കട്ടന്‍കാപ്പീം കുടിച്ച്, ഉദയസൂര്യനെ ചുമ്മാ മതിവരുവോളം നോക്കി നിന്നു. ജീവിതം അസ്തമിക്കും വരെ ഞാനീ ഉദയം ഓര്‍ത്തിരിക്കും, തീര്‍ച്ച! ♥
Location: Munroe Island, Ashtamudy Lake, Kollam. Route: Kochi – Aleppey – Puthiyakavu (Karunagappally) – Bharanikkavu – Chittumala – Munroe Island. Season : 12 months ( except during heavy rain), Permission: NA, Entry Fee: തോണി at കടവത്ത് for INR 300-500.
മൺറോ തുരുത്തിനെക്കുറിച്ച് – കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിനും കല്ലടയാറിനും നടുക്കു സ്ഥിതിചെയ്യുന്ന ഒരു തുരുത്ത് ആണ് മൺറോ തുരുത്ത് (ഇംഗ്ലീഷ്:Monroe Island). ഇത് ഒരു ഗ്രാമപഞ്ചായത്ത് കൂടിയാണ്. ചിറ്റുമല ബ്ലോക്കിൽ പെടുന്നു. വിസ്തീർണം 13.37 ച.കി.മീ. തെങ്ങും നെല്ലും ആണ് പ്രധാന കൃഷി. തെങ്ങു കൃഷിക്കനുയോജ്യമായ മണ്ണാണ് ഇവിടെയുള്ളത്. കൃഷിയും കയറുപിരിക്കലുമാണ് ഇവിടുത്തെ പ്രധാന തൊഴിൽ. തിരുവിതാംകൂർ ദിവാനായിരുന്ന കേണൽ മൺറോയുടെ സ്മരണാർഥമാണ് ദ്വീപിന് ഈ പേര് ലഭിച്ചത്. കോട്ടയത്തെ ചർച്ച് സൊസൈറ്റിക്ക് മൺറോ ഈ തുരുത്ത് മതപ്രചാരണത്തിനായി വിട്ടുകൊടുത്തു. പിന്നീട് സേതുലക്ഷ്മീഭായി ഈ തുരുത്ത് സർക്കാരിലേക്ക് ഏറ്റെടുത്തു (1930). മൺറോതുരുത്ത് പഞ്ചായത്തിന്റെ അതിരുകൾ വടക്കുകിഴക്കു ഭാഗത്ത് കിഴക്കേക്കല്ലട പഞ്ചായത്തും കിഴക്കുഭാഗത്ത് പേരയം പഞ്ചായത്തും, തെക്കുഭാഗത്ത് പെരിനാട് പഞ്ചായത്തും, തെക്കുപടിഞ്ഞാറു ഭാഗത്ത് തെക്കുംഭാഗം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് തേവലക്കര പഞ്ചായത്തും, വടക്കുഭാഗത്ത് പടിഞ്ഞാറേ കല്ലട പഞ്ചായത്തുമാണ്.