വിവരണം – Akhil Sasidharan.

‘Exploring’ എന്ന വാക്കിന് ഒരുപാട് അർത്ഥങ്ങൾ ഉണ്ട്. അത് വെറും പര്യവേഷണവും, സാഹസികതയും മാത്രമല്ല അതിനപ്പുറെ പലതുമുണ്ട്. വളരെ കഷ്ട്ടപെട്ട് ഗൂഗിൾ മാപ്പിൽ പോലും ഇല്ലാത്ത ഒരു മനോഹര പ്രദേശത്തിൽ എത്തി, ആ കാഴ്ചകൾ കൺകുളിരെ കണ്ട് നെഞ്ചിലേറ്റുമ്പോൾ ലഭിക്കുന്ന അനുഭൂതിയോളം വരില്ല ഒരു ട്രാവലറിന് മറ്റൊന്നും.

ഒരു ഫോൺ കോളും പിന്നാലെ എത്തിയ കൊതിപ്പിക്കുന്ന കുറെ ചിത്രങ്ങളും എന്നെ എത്തിച്ചത് കോട്ടയം ജില്ലയിലെ കൈപ്പള്ളി എന്ന ഒരു കൊച്ചുഗ്രാമത്തിൽ ആണ്. കാലങ്ങൾക്കു മുൻപ് തേയിലത്തോട്ടങ്ങളും ഓറഞ്ചു തോട്ടങ്ങളും നിറഞ്ഞു നിന്നിരുന്ന കോടമഞ്ഞിന്റെയും പ്രകൃതിയുടെയും അനുഗ്രഹം ആവോളം കിട്ടിയിരുന്ന ഒരു മലയോര കർഷക ഗ്രാമം. മർഫി എന്ന സായിപ്പ് പരിചയപ്പെടുത്തിയ റബ്ബറിനെ സ്വന്തം മണ്ണിലും മനസിലും നട്ട് വളർത്തി പരിപാലിച്ച കേരളത്തിലെ ആദ്യത്തെ കർഷക ഗ്രാമം.

റബ്ബർ പാല് പോലെ വെളുത്ത മനസിന്റെ ഉടമകളായ, മണ്ണിനോടും മൃഗങ്ങളോടും തോൽക്കാൻ മനസില്ലാത്ത ഹൈറേഞ്ചുകാരന്റെ ആ ഗ്രാമത്തിന്റെ മുകളിൽ കോടമഞ്ഞിൽ ഒളിച്ചു കിടക്കുന്ന മുതുകോര മലയിലേക്ക് അങ്ങനെ എത്തിപ്പെടാൻ ഭാഗ്യം ലഭിച്ചു. അധികം ആളുകൾ എത്തിപ്പെടാത്ത പ്രദേശങ്ങളിലേക്ക് അൽപ്പം സാഹസികതയോടു കൂടി കടന്നു ചെല്ലുക എന്ന ലക്ഷ്യത്തിലേക്കു ഇത്തവണ കൈപിടിച്ച് കയറ്റിയത് കൈപള്ളികാരൻ ആന്റോ ആയിരുന്നു. വെറും ദിവസങ്ങൾ മാത്രം സോഷ്യൽ മീഡിയയിൽ പരിചയമുള്ള എന്നെ സ്കൂൾ ടൂറിനു വന്ന ഒരു കുട്ടിയെ സ്ഥലം കാണിച്ചു കൊടുക്കുന്ന അധ്യാപകനെ പോലെ ആന്റോ മുതുകോര മല കൺ നിറയെ കാണിച്ചു തന്നു.

കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള മലനിരകൾ ആണ് മുതുകോര മല. ഇവിടെ നിന്നും നോക്കിയാൽ കേരളത്തിലെ നാല് ജില്ലകളുടെ പ്രദേശങ്ങൾ കാണാം. അതായതു പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളുടെ. പക്ഷെ ഈ കാഴ്ചകൾ എല്ലാം മിനിറ്റുകൾ കൊണ്ട് നമ്മെ വന്നു കെട്ടിപുണരുകയും അതേ ലാഘവത്തോടെ ഉപേക്ഷിക്കുകയും ചെയ്യുന്ന കോടയുടെ കനിവുണ്ടേൽ മാത്രം.

വളരെ അപകടം പിടിച്ച മുതുകോരമലയുടെ താഴ്‌വാരം എന്നത് ആയിരകണക്കിന് അടി താഴ്ചയുള്ള ചെങ്കുത്തായ കൊക്കയാണ് അതുകൊണ്ടു തന്നെ പാറയുടെ മുകളിലെ നിൽപ്പ് അൽപ്പം സാഹസികത തന്നെ ആണ്. എപ്പോഴും വീശിയടിക്കുന്ന തണുത്ത കാറ്റ് ഈ അപകട സാഹചര്യത്തെ കുറച്ചുകൂടി ബുദ്ധിമുട്ടിലാക്കും. എങ്കിലും ചുറ്റിലും നിറഞ്ഞു നിൽക്കുന്ന ഈ കോടയുടെ ആവരണവും പെട്ടന്ന് ദർശനം തന്നു മടങ്ങുന്ന മേഘങ്ങൾ നമുക്ക് താഴെ നിൽക്കുന്ന വിദൂര ദൃശ്യങ്ങളും മുതുകോരമലയെ സ്വർഗ്ഗതുല്യമാക്കും. കോട്ടയം ജില്ലയിലെ മീശപുലിമല എന്ന് നിസംശയം നമുക്ക് മുതുകോരമലയെ വിളിക്കാം.

സധാരണ മലനിരകളിൽനിന്നും മുതുകോരമലയെ വ്യത്യസ്ഥമാക്കുന്നത് മലയുടെ മുകൾത്തട്ടിലെ ഏരിയ തന്നെ ആണ്. കോത പുല്ലും, പാറക്കൂട്ടങ്ങളും, ചെറിയ കുറ്റിച്ചെടികളും, മരങ്ങളും നിറഞ്ഞ വനമേഖല ഏതാണ്ട് മൂന്നു കിലോമീറ്റർ നീളത്തിൽ വിസ്ഥരിച്ചു കിടക്കുകയാണ്. രണ്ടു വശവും അഗാധമായ താഴ്ചയുള്ള ഈ മലനിരകളുടെ മുകളിലൂടെ ഇടയ്ക്കിടെ കോട കാരണം വഴി മനസിലാകാതെ വീശി അടിക്കുന്ന തണുത്ത കാറ്റിലും, മഴയിലും അതോടൊപ്പം പെയ്തിറങ്ങുന്ന മഞ്ഞിലും കുളിച്ചുള്ള ട്രെക്കിങ് ജീവിതത്തിൽ മറക്കാനാകാത്ത അനുഭൂതി ആയിരുന്നു. അരമണിക്കൂറിനുള്ളിൽ നാലോളം കാലാവസ്ഥകൾ മിന്നിമറയുന്ന മുതുകോരമല ഒരു പ്രകൃതി വിസ്മയം തന്നെ ആണ്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യയിൽ വാണിജ്യപരമായി വിജയകരമായ ആദ്യത്തെ റബ്ബർ തോട്ടങ്ങൾ കേരളത്തിൽ സ്ഥാപിച്ച ഐറിഷ് പ്ലാന്റർ ജെ.ജെ മർഫി എന്ന ഇതിഹാസത്തിന്റെ ബംഗ്ലാവും ശവകുടീരവും, മധ്യകാല കേരളത്തിലെ രാജവംശങ്ങളിലൊന്നായ പാണ്ഡ്യ രാജവംശത്തിൽപ്പെടുന്ന പൂഞ്ഞാർ കൊട്ടാരവും മുതുകോരമലയുടെ രണ്ടു വശങ്ങളിലായി സ്ഥിതിചെയ്യുന്നു.

കോട്ടയം ജില്ലയിൽ പൂഞ്ഞാറിനും ഏന്തയാറിനും ഇടക്കുള്ള കൈപ്പള്ളി എന്ന ഗ്രാമപ്രദേശത്തിലൂടെ ആണ് മുതുകോര മലയിലേക്ക് ഉള്ള വഴി ആരംഭിക്കുന്നത്. പൂഞ്ഞാർ പഞ്ചായത്തിലും കൂട്ടിയ്ക്കൽ പഞ്ചായത്തിലുമായാണ് മുതുകോരമല ഉയർന്ന് നിൽക്കുന്നത്. ഇല്ലിക്കൽ കല്ലും, ഇലവീഴാപൂഞ്ചിറയും, വാഗമണ്ണും, ഉറുമ്പിഹിൽസും മുതുകോരമലയുടെ സമീപത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ ആണ്.

ഗൂഗിൾ മാപ്പിൽ പോലും ഇടം നേടാത്ത ഈ പ്രകൃതി വിസ്മയത്തിലേക്കുള്ള ഒറ്റക്കുള്ള യാത്ര വലിയ അപകടത്തിലേക്ക് നമ്മെ എത്തിക്കും. ജനവാസമേഖലയിൽ നിന്നും വളരെ പെട്ടന്ന് തന്നെ ഒരു യഥാർത്ഥ വനം ആയി മാറുന്ന ഇങ്ങോട്ടേക്കു പരിചയ സമ്പന്നരായ ആളുകളോടൊപ്പം മാത്രം യാത്ര ചെയ്യുക. അതും കൊറോണയെ പിടിച്ചു കിട്ടിയതിനു ശേഷം പോകുന്നതായിരിക്കും ഉത്തമം. പലപ്പോഴും വഴിയുണ്ടാക്കി കോടമഞ്ഞിനിടയിലൂടെ ട്രെക്ക് ചെയ്തു മുകളിൽ എത്തി ഞങ്ങൾ കണ്ട മുതുകോരമലയുടെ അവിസ്മരണീയമായ കാഴ്ചകൾ വീഡിയോ ആയി കാണാൻ എന്റെ യൂട്യൂബ് ചാനൽ (TravelOnceMore) സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.