വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ.
എന്റെ ചുടു ശ്വാസോശ്വാസമായ യാത്രകളും , പ്രകൃതി നൽക്കുന്ന മനോഹരമായ ചിത്രങ്ങൾ ക്യാമറ കണ്ണിൽ നിന്നും ഹൃദയത്തിലേക്ക് പകർത്തുമ്പോഴും , എന്റെ പ്രിയപ്പെട്ട മുഖപുസ്തകത്തിലെ സുഹൃത്തുക്കൾ നിങ്ങൾ നൽക്കുന്ന പ്രോസാഹനവും, പിൻന്തുണയുമാണ് എന്റെ ഓരോ എഴുത്തുകളും , ഇതെല്ലാമാണ് സാധാരണയിൽ സാധരണക്കാരനായ ഞാൻ. ചുരുക്കി പറഞ്ഞാൽ ഇവയെല്ലാം ജീവന് തുല്യം സ്നേഹിക്കുന്നൊരു പാവം കൊല്ലക്കാരൻ പയ്യൻ. മുട്ടറ മരുതിമലയിലെ മേഘസന്ദേശത്തിന്റെ കഥയുടെ ഉൾനാമ്പ് തേടി ഒരു യാത്ര..
യാത്രകളോടുള്ള പ്രണയമാണ് ജീവിക്കാനുള്ള ഓരോ ദിവസത്തെയും എന്റെ മോട്ടിവേഷൻ. പിന്നിടുന്ന ദൂരമല്ല , കാണുന്ന കാഴ്ചയാണ് ഓരോ യാത്രയെയും മനോഹരമാക്കുന്നത്. നമ്മൾ കാണുന്ന കാഴ്ചകളിലൂടെ , നമ്മൾ കേൾക്കുന്ന ശബ്ദങ്ങളിലൂടെ സഞ്ചാരി യാത്ര ചെയ്യുമ്പോൾ കിട്ടുന്ന സമ്പത്താണ് ഓരോ യാത്രകളുടെയും എന്റെ പ്രതിഫലം. പ്രകൃതിയോട് ഇണങ്ങിയും പിണങ്ങിയും ഉള്ള യാത്രകളോടാണ് ഏറെ ഇഷ്ടം. മരുതിമലയിലേക്ക് ഒരു ട്രക്കിങ്.
ട്രക്കിങ് സാഹസിക യാത്ര ചെയ്യാൻ ആർക്കാണ് യാത്രികരെ ഇഷ്ടമല്ലാത്തത് . അങ്ങനെ മരുതിമലയിലേ മേഘസന്ദേശം പറഞ്ഞ ട്രക്കിങ് കഥയുടെ സന്ദേശം എന്റെ പ്രിയപ്പെട്ട സഞ്ചാരി സ്നേഹിതരിലേക്ക് പങ്ക് വെയ്ക്കുന്നു. നമ്മുക്ക് ഒരുമിച്ച് പോയിട്ട് വരാം. നിങ്ങൾ തയ്യാറല്ലിയോ ഞങ്ങൾ റെഡിയാണ് . മഹാഭാരത കഥയിൽ അർജുനന് ശ്രീകൃഷ്ണൻ വഴികാട്ടിയും സാരഥിയായതുപോലെ ഇവിടെ നമ്മളെ ഈ ട്രക്കിങ് യാത്രയുടെ വഴികാട്ടിയാക്കുന്നത് യാത്രികൻ Sahir Shan . അതെ മരുതിമല സാഹസിക യാത്രയുടെ അമരക്കാരൻ.
അകലെ മല മുകളിലേക്ക് പോകാൻ സൂര്യന്റെ പൊൻ പ്രഭയിലൂടെ സാഹീർ നമ്മുക്ക് യാത്രയുടെ വഴി തെളിക്കുന്നു കൂറ്റൻ പാറകൾക്കിടയിലൂടെ സാഹസികമായുരു യാത്ര , കഠിനമായ വേനൽ ചൂട് ആഞ്ഞ് അടിക്കുമ്പോഴും യാത്രികരായ ഞങ്ങളുടെ ചുടുശ്വാസോശ്വാസത്തിൽ വേനൽ ചൂടിന് ഓടി ഒളിക്കേണ്ടി വന്നു . അത് ഞാൻ ചിത്രീകരിച്ച മരുതിമല ട്രക്കിങ് വീഡിയോയിൽ കാണാം നിങ്ങൾക്ക് . മണ്ണിലെ ജന്മം പൊൻ ചിറക് ഏറി മരുതിമലയിലെ മേഘ സന്ദേശത്തിന്റെ കഥയിലെ കഥയുടെ ഉൾനാമ്പ് തേടി ഒരു യാത്ര, യാത്ര തുടരാം. ഇവിടേക്ക് ട്രക്ക് ചെയ്തു പോകുന്നതിന് മുപ്പതുമിനിറ്റോളം ഏടുക്കും. പ്രകൃതിഭംഗിയാല്‍ മനോഹരമായ ഒരിടം.
അത് പോലെ തന്നെ മരുതിമലക്കുന്നിനു മുകളില്‍ സ്ഥിതിചെയ്യുന്ന കാവ് , കാവുകൾ നമ്മുക്ക് അറിയമല്ലോ പ്രകൃതിയുടെ ആവാസ വ്യവസ്ഥ നില നിർത്തുന്നതിൽ വഹിക്കുന്ന പങ്ക് . മനോഹരമായ ആകാശ കാഴ്ചകൾ ആണ് ഇവിടെ നിന്നും ലഭ്യമാക്കുന്നത് . മേഘങ്ങൾ പരസ്പരം എന്തൊക്കെയോ പറയുന്നുണ്ട് , ഒന്ന് ചെവി കൂർപ്പിച്ചാൽ അവരുടെ സ്വകാര്യം പറച്ചിൽ നമ്മുക്കും കേൾക്കാം. മരുതിമലയിലെ കഥയിലെ കഥയുടെ ഉൾനാമ്പ് സഞ്ചാരിയായ ഞാൻ കണ്ടെത്താൻ ഒന്ന് ശ്രമിച്ചു. പക്ഷേ ആ കഥയുടെ പൂർണ്ണതയിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല. കഥയിൽ നിന്നും കഥകളിലേക്ക് എനിക്ക് ആകാശ സ്വപ്ന യാത്ര ചെയ്യേണ്ടി വന്നു. അതു പോലെ ഇവിടുത്തെ ഇളം കാറ്റ് എന്റെ ശരീരത്തെ തഴുക്കുമ്പോൾ ഇന്ദ്രജാലക്കാരൻമ്മാരായ മേഘങ്ങൾ എങ്ങോ പോയി മറയുന്നത് കാണാം.
ഒന്ന് പറയാം പ്രകൃതിയുടെ കഥയുടെ ഉൾനാമ്പിന് അവസാനമില്ലല്ലോ. എന്റെ പൊൻ ചിറകിൽ സൂര്യ പ്രഭ തിളക്കത്തോടെ ജ്വലിച്ച് നിൽക്കുമ്പോൾ മനസ്സ് മന്ത്രിച്ചു ആകാശത്തിലേക്ക് കുതിച്ച് ഉയർന്നാലോ എന്ന് തോന്നിയ നിമിഷവും സമയവും . സ്വപ്നം കാണാൻ ഒരു ആകാശം ഉണ്ടെന്ന ആശ്വാസമാണ് ഒറ്റപ്പെടലിനിടയിലും എന്നെ ജീവിക്കാനും യാത്രകൾ ചെയ്യാനും പ്രേരിപ്പിക്കുന്നത്. ഇവയെല്ലാം മരുതിമലയിൽ എത്തുന്ന എല്ലാവരുടെയും മനസ്സിൽ കേറി കൂടും തീർച്ച തന്നെ. പിന്നീട് എടുത്ത് പറയേണ്ടത് കുടുംബത്തോടൊപ്പം സുരക്ഷിതമായി തല്ക്കാലം റബ്ബർ പ്ലാറ്റേഷനിലൂടെ നടത്താവുന്ന ട്രക്കിങ്ങും ഇവിടത്തെ പ്രത്യേകതയാണ്. ഞാറാഴ്ച ആയതിനാൽ കൈ കുഞ്ഞുങ്ങളെ കൊണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ട്രക്കിങിന് എത്തിയിരുന്നു .യാത്രകൾ ചെയ്യുന്നതിന് ഒരു വ്യക്തിയുടെ , പ്രായമോ , സമയമോ ഒന്നും യാത്രയിൽ പ്രതിപാദിക്കുന്നില്ലല്ലോ.
ഏക്കർ ഓളം സ്ഥലത്ത് ഭൂനിരപ്പിൽ നിന്നും ഏകദേശം ആയിരത്തോളം അടി ഉയരത്തിൽ സിഥിതിചെയ്യുന്ന പാറക്കൂട്ടങ്ങളോടുകൂടിയ ഒരു മലനിരപ്പാണ് മുട്ടറ മരുതിമല എന്ന പേരിലറിയപ്പെടുന്നത്. വെളിയം ഗ്രാമപഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറ് അതിർത്തിയായി ഈ പ്രദേശം നിലകൊള്ളുന്നു. അത്യപൂർവ്വങ്ങളായ സസ്യങ്ങളും പക്ഷിമൃഗാദികളും തിങ്ങിനിറഞ്ഞിരിക്കുന്ന ഒരു പ്രദേശം കൂടിയാണിത്.
കേരളത്തില്‍ ഗ്രാമഹരിത വനേതര പ്രദേശ സംരക്ഷണ പദ്ധതി ആദ്യമായി നടപ്പാക്കിയ സ്ഥലമാണ് വെളിയം പഞ്ചായത്തിലെ മുട്ടറ മരുതിമല ഇക്കോ ടൂറിസം പദ്ധതി. മരുതിമലയിലേക്ക് ജലലഭ്യത ഉറപ്പാക്കി, പ്രകൃതിക്ക് ദോഷംതട്ടാത്ത രീതിയില്‍ ഇവിടുത്തെ കല്ലുകള്‍ ഉപയോഗപ്പെടുത്തി തന്നെ വാക്ക് വേ, പടിക്കെട്ടുകള്‍ എന്നിവ നിര്‍മിച്ചു, കഫെറ്റീരിയ, ചുറ്റുവേലി, പ്രവേശന കവാടം, വൈദ്യുതീകരണം എന്നിവയും പൂര്‍ത്തിയാക്കി വരികയാണ്. ഉടനെ തന്നെ ഈ ടൂറിസം പദ്ധതി ഇവിടെ പ്രാബല്യത്തിൽ വരുമെന്നാണ് പ്രദേശ വാസികളിൽ നിന്നും അറിയാൻ കഴിഞ്ഞത്.
മരുതിമലയുടെ മുകള്‍ഭാഗം പരന്നിട്ടാണ്. ഇവിടെയുള്ള പാറകള്‍ അറപ്പത്തായം, വസൂരപ്പാറ, കാറ്റാടിപ്പാറ, ഭഗവാന്‍പാറ, പുലിച്ചാണ്‍ , എന്നും അറിയപ്പെടുന്നു. മരുതിമല നല്ലൊരു വ്യൂപോയന്റു കൂടിയാണ് എന്ന് എടുത്ത് പറയേണ്ടിരിക്കുന്നു . വന്യ ജീവികളായ കുരങ്ങ്, മലയണ്ണാന്‍ നിരവധി ചെറു ജീവികള്‍ എന്നിവയുടെ ആവാസ മേഖല കൂടിയാണിവിടം . പ്രകൃതിയാണ് ഭൂമിയുടെ ആഭരണം ഞാൻ ഉൾപ്പടെ എല്ലാവരും ആലോചിക്കുക , ചിന്തിക്കുക , പ്രവർത്തിക്കുക . അത് പോലെ തന്നെ മരുതിമലയിലേക്ക് ട്രക്കിങ്ങിന് എത്തുന്ന സ്നേഹിതർ , പ്ലാസ്റ്റിക് കുപ്പികൾ , ആഹാര സാധനങ്ങൾ , മുതലായവ ഇവിടെ വലിച്ചെറിയരുത് . മുട്ടറ എന്ന് പറയുന്നത് ഒരു ഗ്രാമപ്രദേശമാണ് പ്രദേശിവാസികൾക്ക് നമ്മളിൽ നിന്ന് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കരുത് .
പിന്നെ നിങ്ങൾ ചോദിക്കാവുന്ന ഒരു ചോദ്യമാണ് ഞാൻ ഉത്തരം തരാം ഇവിടെ സാമൂഹിക വിരുദ്ധരുടെ ശല്യം ഇല്ലെന്ന് പറയാൻ എനിക്ക് കഴിയില്ല. പക്ഷേ ഇവിടുത്തെ പ്രദേശവാസികൾ ഒരു പരിധി ഇവരെ തടയുന്നുണ്ട് എന്ന് മനസിലാക്കാം . തൽക്കാലം മുട്ടറ മരുതിമലയോട് നമ്മുക്ക് വിട പറയാം. എങ്ങോ ചെല്ലാതെ നീളുന്നു യാത്രകൾ. യാത്രയെ മനസ്സിൻ മന്ത്രമായി ഉരുവിട്ട് ഞാനും.
ഹൃദയത്തിന്റെ സംവാദം യാത്രകളിൽ പിന്നിടുമ്പോഴും മുന്നിടുമ്പോഴും സഞ്ചാരിയുടെ യാത്ര തുടരും. ഒരു സഞ്ചാരിയേ സംബന്ധിച്ചടത്തോളം ഈ ഭൂമിയിൽ പറന്ന് പറന്ന് സഞ്ചരിക്കാനാണിഷ്ടം. യാത്രകൾക്ക് അവസാനമില്ല . യാത്ര എന്ന പ്രണയിനിയുടെ കാഴ്ചകൾ ഒരിക്കലും അവസാനിക്കുന്നുമില്ല. അതെ സഞ്ചാരിക്ക് സഞ്ചരിക്കാനാണിഷ്ടം.