വിവരണം – Vysakh Kizheppattu.

ഒരിക്കൽ പോയാൽ വീണ്ടും വീണ്ടും നമ്മളെ അവിടേക്കു തന്നെ എത്തിക്കുന്ന പല സ്ഥലങ്ങളും നമ്മുടെ നാട്ടിൽ ഉണ്ട്. പക്ഷെ ആദ്യ തവണ അവിടെ എത്തിപ്പെടാൻ ഒരു യോഗം വേണം എന്ന് മാത്രം. മനസ്സിൽ കുറച്ചു കാലമായി ആഗ്രഹിക്കുന്നതാണ് മുത്തശ്ശിയാർ കാവിൽ പോകണം എന്നുള്ളത്.

പാലക്കാട് ജില്ലയില്‍ പട്ടാമ്പി -പള്ളിപ്പുറം പാതയില്‍ കൊടുമുണ്ടയിൽ സ്ഥിതി ചെയ്യുന്ന പ്രധാന ഒരു ദേവീ ക്ഷേത്രം ആണ് നെടുങ്ങനാട്ട് മുത്തശ്ശിയാർ കാവ്. അവിടേക്കുള്ള യാത്രയിൽ സ്ഥിരം പങ്കാളി ആയ മണിയേട്ടനെ വിളിച്ച്‌ ഇത്തവണയും യാത്ര ആരംഭിച്ചു.

വീട്ടിൽ നിന്ന് 28 KM ദൂരം മാത്രമേ അവിടെക്കൊള്ളു. ഭാരതപുഴയുടെ തീരത്തുകൂടിയുള്ള മനോഹരമായ യാത്ര. പ്രളയ സമയത്തു യാത്ര ചെയ്യുന്ന വഴിയിലൂടെ ആയിരുന്നു നമ്മുടെ നിള ഒഴുകിയിരുന്നത്. എന്നാൽ ഇന്ന് ഇവിടെ ഒരു പുഴയുണ്ട് എന്ന് മറ്റുള്ളവരെ ധരിപ്പിക്കാൻ ഉള്ള നെട്ടോട്ടത്തിൽ ആണ് നിള. അത്രയ്ക്ക് മോശമായി അവസ്ഥ.

തൃത്താലയിലെ പ്രധാന ആകർഷണമായ വെള്ളിയാങ്കല്ല് വഴിയാണ് യാത്ര. വൈകുന്നേരം ആയതിനാൽ ഒരുപാട് ആളുകൾ ഉണ്ട്. ചിലർ പാലത്തിൽ. ചിലർ അങ്ങിങ്ങായി പുഴയിൽ ഒഴുകി വന്ന മരത്തിൽ ഇരുന്നു ഫോട്ടോ എടുക്കുന്നു. ഇപ്പോഴത്തെ വൈകുന്നേരത്തെ വെയിൽ കുറച്ചു കഠിനമാണ് പക്ഷെ അതൊന്നും നോക്കാതെ ആണ് സഞ്ചാരികളുടെ ആഘോഷങ്ങൾ.

റോഡുകൾ വളരെ മോശമായതിനാൽ പതിയെ മാത്രമേ പോകാൻ സാധിക്കു. പോകുന്ന വഴിക്കു ഒരു റെയിൽവേ ക്രോസ്സ് ഉണ്ട്. രണ്ടു വണ്ടികൾക്ക് വേണ്ടി അല്പം നേരം അവിടെ കാത്തിരുന്നു. പട്ടാമ്പിക്കടുത്തുള്ള കൊടുമുണ്ടയിൽ ആണ് മുത്തശ്ശിയാർ കാവ് ക്ഷേത്രം. പട്ടാമ്പിയിൽ നിന്നും 5 KM ദൂരം മാത്രമേ അവിടെക്കൊള്ളു. പ്രധാന റോഡിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള റോഡിലേക്ക് കയറി.

ഒരു കുന്നിന്റെ മുകളിൽ ആണ് ക്ഷേത്രം. ഒരു വലിയ കയറ്റം കയറി ചെന്നാൽ ക്ഷേത്ര കവാടം നമ്മുക് കാണാം. നേരെ മുന്നിൽ 71 പടികൾക്കു മുകളിൽ ക്ഷേത്രം. വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ മയിലിന്റെ വിളി വന്നു. തൊട്ടടുത്തുള്ള തെങ്ങിൽ നിന്നാണ് ഞങ്ങളുടെ വരവ് ചെക്കൻ വിളിച്ചു പറഞ്ഞത്.

വലിയ തിരക്കുകൾ ഒന്നും ഇല്ല. പതിയെ പടവുകൾ കയറി. ക്ഷേത്രത്തിനകത്തു നിന്നും അസുര വാദ്യത്തിന്റെ ശബ്‌ദം ചെവിയിലേക്ക് കയറി. മുകളിൽ നിന്നും നോക്കിയാൽ മനോഹര കാഴ്ച. ഉള്ളിൽ ദീപങ്ങളാൽ നിറഞ്ഞു നിൽക്കുന്ന ക്ഷേത്രം.അകത്തേക്ക് കയറിയാൽ കാടിനുള്ളിൽ ഒരു ക്ഷേത്രം എന്ന ഫീൽ ഭക്തകർക്കു കിട്ടും.വാദ്യത്തിന്റെ ശബ്‌ദം പ്രകൃതിയിലെ മറ്റു ശബ്ദങ്ങളെ ഞങ്ങളിൽ നിന്ന് അകറ്റി. മുൻപ് വന്നപ്പോൾ അത് ശരിക്കും അനുഭവിച്ചതാണ്.

ഭഗവതി ആണ് ഇവിടത്തെ പ്രതിഷ്ഠ. ചുറ്റുമുള്ള അഞ്ചു ഗ്രാമങ്ങൾ ഭഗവതിയെ മുത്തശ്ശി ആയാണ് കാണുന്നത്.അങ്ങനെ ആണ് മുത്തശ്ശിയാർ കാവ് എന്ന പേര് ഈ ക്ഷേത്രത്തിനു വന്നത്.പാവക്കൂത്തു നടക്കുന്ന കൂത്തമ്പലവും ഇവിടെ ഉണ്ട്.ഒരു പ്രത്യേക അനുഭവം ആണ് ഈ ക്ഷേത്രം ഭക്തർക്ക് നൽകുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.