കടപ്പാട് – ‎Lijo T Varghese.

നമ്മുടെ ഇടയിൽ വലിയൊരു വിഭാഗം ആളുകളും ഒരു കാർ വാങ്ങുന്നത് ജീവിതത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത വസ്തു ആയതു കൊണ്ടല്ല, ജീവിതത്തിലെ ഒരു വലിയ സ്വപ്നം ആയത് കൊണ്ടാണ്. ഞാനും അങ്ങനെയാണ് എന്റെ സ്വപ്നം യാഥാർഥ്യമാക്കിയത്. 2 കൊല്ലം കൊണ്ട് 15000 താഴെ km ഓടിയിട്ടൊള്ളൂ അപ്പോ തന്നെ അറിയാല്ലോ വണ്ടി വാങ്ങിയത് ആവശ്യം കൊണ്ടല്ല ആഗ്രഹം കൊണ്ടാണെന്ന്.

കൊടുക്കാൻ ചെറിയ തുകയേ കയ്യിൽ ഉളളൂ, മാസം ചെറിയ തുക അടക്കാനുള്ള വരുമാനമേ ഉളളൂ. ആവശ്യം ഫാമിലി ആയിട്ട് യാത്ര പോകുമ്പോൾ അല്ലെങ്കിൽ ഏതെങ്കിലും ചടങ്ങിന് പോകുമ്പോൾ സൗകര്യപ്രദമായിട്ട് യാത്ര ചെയ്യാൻ പറ്റിയ ചെറിയ വിലയിൽ ഉള്ള വാഹനം. വാഗൺ R ആയിരുന്നു എന്റെ സങ്കല്പത്തിനിണങ്ങിയ വാഹനം. ഞാനത് സ്വന്തമാക്കി. Vxi ക്കുള്ള പണം ഇല്ലാത്തത് കൊണ്ട് LXI വാങ്ങി. കുറേശ്ശേ കുറേശ്ശേ മാറ്റി വെക്കുന്ന പൈസ കൊണ്ട് VXI ആക്കി അപ്ഗ്രേഡ് ചെയ്തുകൊണ്ടിരിക്കുന്നു..

എന്നേ സംബന്ധിച്ച് ഇവൻ നൽകിയ ആത്മസംതൃപ്തി ചെറുതല്ല. സ്വന്തം വാഹനത്തിൽ ഒരിടത് ചെന്ന് ഇറങ്ങുമ്പോഴുള്ള ഫീൽ ആഹാ അന്തസ്സ്. ഒന്നും അറിയാതെ വാങ്ങിയതല്ല ആ സമയത്ത് എനിക്ക് സേഫ്റ്റിയെ പറ്റി അറിയാം. പവറിനെപ്പറ്റി അറിയാം. ലുക്കിനെപ്പറ്റി അറിയാം. ബ്രാൻഡ് വാല്യൂവിനെപ്പറ്റി അറിയാം. സർവോപരി എന്റെ ബഡ്ജറ്റിനെപ്പറ്റി അറിയാം. ഞാൻ മുൻ‌തൂക്കം കൊടുത്തത് എന്റെ സ്വപ്നത്തിനും എന്റെ ബഡ്ജറ്റിനും തന്നെ ആണ്.

അപ്പോ ചേട്ടന് കുടുംബത്തിന്റെ സേഫ്റ്റി മുഖ്യമല്ലേ എന്ന് ചോദിച്ചാൽ അതേ.. ഈ വണ്ടിയിൽ സേഫ് ആയി പോകാവുന്ന സ്പീഡും ഡ്രൈവിങ്ങ് രീതിയിലും പോയാൽ ഈ വണ്ടിയും സേഫ് ആണ് എന്നാണ് എന്റെ ഒരിത്. പിന്നെ നമ്മുടെ സമയം ശരിയല്ലെങ്കിൽ world safest കാറിൽ ചെന്നിറങ്ങുമ്പോൾ തലയിൽ തേങ്ങ വീണാകും ചാവുന്നത്. പറഞ്ഞ് വന്നത് എനിക്ക് സേഫ്റ്റി ഉള്ള വണ്ടി ആവശ്യമില്ല എന്നല്ല അതിനുള്ള പൈസ ഇല്ലാത്തത്കൊണ്ടാ.

“ഡാ ഒരു ഒന്നര ലക്ഷം കൂടി ഇട്ടാൽ സേഫ്റ്റി ഉള്ള വേറെ വണ്ടി കിട്ടില്ലേ?” അതേ കിട്ടും പക്ഷേ ഈ പറഞ്ഞ ലക്ഷം ആരിടും. ലക്ഷമാണെടോ ലക്ഷം ഉണ്ടാവണ്ടേ ഇടാൻ… അപ്പോ പറഞ്ഞ് വന്നതെന്താണെന്ന് വെച്ചാൽ വണ്ടി വാങ്ങുക എന്ന് പറഞ്ഞാൽ അതൊരു സ്വപ്ന പൂർത്തീകരണം ആണ്.

ആരെങ്കിലും ഒരു വാഹനം വാങ്ങിയതിനെപ്പറ്റി സന്തോഷത്തോടെ പറയുമ്പോൾ അത് ഏത് വാഹനം ആയാലും ഒരു അഭിനന്ദനങ്ങൾ പറയുക. അതല്ലേ ഒരു ശരിയായ വണ്ടി ഭ്രാന്തൻ പറയേണ്ടത്. അല്ലാതെ ചുമ്മാ “നീ തീർന്നെടാ തീർന്നു”, “പപ്പടം”, “മോശം തീരുമാനം” തുടങ്ങി മനസ്സ് മടുപ്പിക്കുന്ന വാക്കുകൾ പറയാതിരിക്കുക. പ്ലീസ് മാരുതി ആയാലും ടാറ്റ ആയാലും നമ്മുടെ ആവശ്യത്തിന് ഇണങ്ങിയ വാഹനം വാങ്ങുക.. സേഫ് ആയി ഡ്രൈവ് ചെയ്യുക വണ്ടി പൊന്ന് പോലെ നോക്കുക.. ബാക്കി എല്ലാം വിധി പോലിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.