കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹതയാണു കൈരളി കപ്പലിന്റെ തിരോധാനം. കൈരളിക്ക് എന്താണു സംഭവിച്ചത് എന്ന ചോദ്യത്തിന് വർഷങ്ങൾക്കിപ്പുറവും ആർക്കും കൃത്യമായ മറുപടിയില്ല. പുതിയ തലമുറയ്ക്ക് അധികം പരിചയമില്ലാത്ത കൈരളിയുടെ കഥ ഇതാ ഇങ്ങനെ…
കേരളാ സർക്കാർ സ്ഥാപനമായ കേരളാ ഷിപ്പിംഗ് കോർപറേഷന്റെ കപ്പലായിരുന്നു കൈരളി. നോര്‍വെയിലെ തുറമുഖനഗരമായ ഹോര്‍ട്ടനിലെ മറൈനന്‍സ് ഹോവ്ഡ്വെഫ്ത്ത് ( Marinens Hovedverft ) യാര്‍ഡില്‍ നിര്‍മ്മിച്ച സാഗസോഡ് (Saga sword) ആണ് പിന്നീട് കൈരളിയായത്. 1967 ല്‍ കപ്പല്‍ നീററിലിറങ്ങി. 1975ല്‍ കപ്പല്‍ ഓസ്ലോയിലെ ഒലേ ഷ്രോഡര്‍ കമ്പനിക്ക് വിററു. ഓസ്‌കോസോഡ് (Oscosword) എന്ന് പേരിട്ട ഈ കപ്പല്‍ 1976 ഫെബ്രുവരി 14 ന് കേരള സ്റേറററ് ഷിപ്പിംഗ് കോര്‍പ്പറേഷന്‍ 5.81 കോടി രൂപക്ക് വാങ്ങുകയും എം.വി.കൈരളി എന്ന പേര് സ്വീകരിക്കുകയും ചെയ്തു.
അറുപത്തിമൂന്നടി ഉയരവും പത്തൊമ്പതിനായിരം ടണ്‍ ചരക്കുവാഹകശേഷിയുമുണ്ടായിരുന്ന എം വി കൈരളിയ്ക്ക്. മൂന്ന് വര്‍ഷക്കാലം ചരക്കുകളുമായി കൈരളി രാജ്യങ്ങള്‍ താണ്ടി. 1979 ജൂണ്‍ 30 ന് മർമ്മഗോവ തുറമുഖത്തുനിന്നും 20,538 ടണ്‍ ഇരുമ്പയിരുമായി കിഴക്കന്‍ ജര്‍മ്മനിയിലെ റോസ്റേറാക്കിലേക്ക് ആയിരുന്നു കൈരളിയുടെ അവസാന യാത്ര. ക്യാപ്റ്റന്‍ മരിയദാസ് ജോസഫ്, ചീഫ് എഞ്ചിനീയര്‍ അബി മത്തായി അടക്കം 23 മലയാളികളുള്‍പ്പെടെ 51 ജീവനക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്.
ജൂലൈ മൂന്നിന് രാത്രി എട്ടുമണി മുതല്‍ കപ്പലില്‍ നിന്നുള്ള സന്ദേശങ്ങള്‍ നിലച്ചു. മര്‍മഗോവയില്‍ നിന്ന് 500 മൈല്‍ മാത്രമകലെയായിരുന്നു അപ്പോള്‍ കപ്പല്‍. മണ്‍സൂണ്‍ കാലമായതിനാല്‍ കടല്‍ പതിവിലേറെ പ്രക്ഷുബ്ധവുമായിരുന്നു. നിശ്ചയിച്ച പ്രകാരം ജൂലായ് എട്ടിന് ഇന്ധനം നിറക്കാന്‍ കപ്പല്‍ ആഫിക്കന്‍ തീരത്തെ ജിബൂത്തിയിലെത്തേണ്ടതായിരുന്നു. ജൂലായ് 11 ന് ജിബൂത്തിയിലെ കമ്പനിയുടെ ഏജന്റാണ് കപ്പൽ ലക്ഷ്യസ്ഥാനത്ത് എത്തിയില്ല എന്ന വിവരം പ്രധാന കാര്യാലയത്തിൽ വിളിച്ചറിയിച്ചതോടെയാണ് കപ്പൽ കാണാതായെന്നുള്ള വിവരം ശരിവെക്കുന്നത്.
ഇതുസംബന്ധിച്ചു ശേഷം പത്രമാധ്യമങ്ങളിൽ വർത്ത വരിക കൂടി ചെയ്തതോടെ തിരച്ചിൽ ആരംഭിച്ചു. രണ്ട് സൂപ്പര്‍സോണിക് വിമാനങ്ങളും നാല് കപ്പലുകളും രണ്ട് ഇന്ത്യന്‍ യുദ്ധക്കപ്പലുകളും ദിവസങ്ങളോളം തിരഞ്ഞെങ്കിലും അവശിഷ്ടങ്ങള്‍ പോലും കണ്ടെത്താനായില്ല. കപ്പല്‍ അതിശക്തിയായ തിരമാലകളില്‍ പെട്ട് തകര്‍ന്നതാണെന്നും കടല്‍ക്കൊള്ളക്കാര്‍ പിടിച്ചുകൊണ്ട് പോയതാണെന്നുമൊക്കെയുള്ള ഊഹാപോഹങ്ങള്‍ ഇതിന് പിന്നാലെയെത്തി. പല തലത്തില്‍ നിരവധി അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ഫലം ചെയ്തില്ല.
വ്യക്തമായ റഡാർ സംവിധാനങ്ങളില്ലാതെയാണ് കപ്പൽ യാത്ര തിരിച്ചതെന്ന് പറയപ്പെടുന്നു. റഡാര്‍ സംവിധാനം തകരാറിലായിരുന്നതിനാല്‍ അത് ശരിയാകാതെ യാത്ര പുറപ്പെടാനാവില്ലെന്ന്
യാത്രയ്ക്ക് മുൻപ് ക്യാപ്റ്റന്‍ മരിയദാസ് ജോസഫ് കോര്‍പറേഷനെ അറിയിച്ചെങ്കിലും കോർപ്പറേഷനിലെ ഉന്നതരുടെ സമ്മർദ്ദത്തത്തുടർന്നാണ് കപ്പലിനു പുറപ്പെടേണ്ടി വന്നത് എന്നും ആരോപണമുണ്ട്.
ജീവനക്കാരുടെ ബന്ധുക്കള്‍ക്ക് വിശദീകരണങ്ങള്‍ നല്‍കാനാവാതെ ഷിപ്പിങ് കോര്‍പ്പറേഷന്‍ നട്ടംതിരിഞ്ഞു. സംഭവം ലോകം മുഴുവന്‍ അറിഞ്ഞതോടെ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ അന്വേഷണത്തിന് കമ്മിറ്റിയെ നിയോഗിക്കാന്‍ കോര്‍പ്പറേഷന്‍ തയാറായി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തകര്‍ന്ന കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അഗാധതകളിലേക്ക് മുങ്ങിത്താണു പോയെന്നാണ് ജൂഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ എത്തിച്ചേര്‍ന്ന നിഗമനം. എന്നാല്‍ ഇതിന് ഉപോല്‍ബലകമായി ഹാജരാക്കാന്‍ കഴിയുന്ന തെളിവിന്റെ ഒരു തരിമ്പു പോലും ഇന്നേ വരെ ഒരു ഏജന്‍സിക്കും ലഭിച്ചിട്ടില്ല. കപ്പല്‍ തിരോധാനത്തിന് പിന്നില്‍ വലിയ തട്ടിപ്പുകളും നിഗൂഢതകളും മറഞ്ഞിരിക്കുന്നതായി പലരും അഭിപ്രായപ്പെടുന്നു.
വിശദാന്വേഷണം നടത്താനല്ല, നഷ്ടപരിഹാരം നേടിയെടുക്കായിരുന്നു അധികൃതര്‍ തിടുക്കം കാണിച്ചത്. 6.40 കോടി രൂപ കോര്‍പ്പറേഷന് ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരമായി ലഭിച്ചു. ജീവനക്കാരുടെ ബന്ധുക്കള്‍ക്ക് പൊതുവായി 37,730 രൂപ വീതം നല്‍കി. കോടതിവിധികള്‍ വഴിയും പലരും കൂടുതല്‍ നഷ്ടപരിഹാരം നേടുകയും ചെയ്തു.
കൈരളി കാണാതായതിനെക്കുറിച്ച് അന്വേഷണരേഖകളും റിപ്പോര്‍ട്ടുകളും ഇപ്പോള്‍ ലഭ്യമല്ലെന്നാണ് ഔദ്യോഗികഭാഷ്യം. 1974ലെ കേരള ഷിപ്പിങ് കോര്‍പ്പറേഷനും 1975 ലെ കേരള ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനും ലയിച്ച് 1989 ല്‍ രൂപവത്കൃതമായ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനാണ് ഈ വിവരമറിയിക്കുന്നത്. …
നിഗൂഢതകളും ദുരൂഹതകളും ബാക്കി വച്ച് കേരളത്തിന്റെ ‘കൈരളി’ കടലില്‍ മറഞ്ഞിട്ട് ഇപ്പോൾ 41 വർഷങ്ങൾ കടന്നുപോയി. കപ്പല്‍ എവിടെപ്പോയി? കപ്പലിലുണ്ടായിരുന്ന ജീവനക്കാര്‍ക്ക് എന്ത് സംഭവിച്ചു? അവരിലാരെങ്കിലും എവിടെയെങ്കിലും ജീവിച്ചിരിക്കുന്നോ? കൈരളി അപ്രത്യക്ഷമായിട്ട് ഇത്രയും വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഊഹാപോഹങ്ങളും കെട്ടുകഥകളും മാത്രമാണ് ഇന്നും ബാക്കി നില്‍ക്കുന്നത്.