വിവരണം – സുമിത്ത് സുരേന്ദ്രൻ.

തിങ്കളാഴ്ച ഉച്ചയ്ക്ക് വിശപ്പ് മൂത്തപ്പോൾ കൂടെയുള്ള സുഹൃത്ത് ജെയ്‌സൺ ആണ് ഒരു പുതിയ സ്ഥലം പരിചയപ്പെടുത്തി തരാമെന്ന് പറയുന്നത് (കുറച്ചു നാളായിട്ടുള്ളതാണെന്ന് പറഞ്ഞു). എനിക്ക് നാടൻ ഊണിനോടും കറികളോടുമുള്ള പ്രതിപത്തി അറിയാമെന്നുള്ളതു കൊണ്ട് അതു ചോദിക്കാൻ നാക്ക് വളച്ചതേ പുള്ളി പറഞ്ഞു നിനക്ക് ഇഷ്ടപ്പെടും, കിടു ഭക്ഷണമാണ് എന്ന്.

“ങ്ഹേ..അതേതാ നമ്മളറിയാത്ത മൊതല്?” എന്ന ആകാംഷയിൽ പേരെന്താന്ന് ചോദിച്ചപ്പോൾ പുള്ളി പറഞ്ഞു പേരോർമ്മയില്ല, സ്ഥലമറിയാമെന്ന്. ഉടനേ തന്നെ ശകടമെടുത്ത് അങ്ങോട്ടേക്ക് വിട്ടു.. കടവന്ത്ര – കലൂർ റൂട്ടിൽ, കതൃക്കടവ് പാലം കഴിഞ്ഞ ഉടനെ ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞു അല്പം ദൂരം കഴിയുമ്പോൾ തന്നെ വലതു വശത്തെ “നാടൻ ഊണ്” എന്ന ബോർഡ് നമ്മുടെ ശ്രദ്ധയിൽ പെടും, പിന്നെ #TheMachliRestaurant എന്ന വേറൊരു ബോർഡും കാണാം.

മുകളിലെ നിലയിലാണ് റെസ്റ്റോറന്റ്, നല്ല വൃത്തിയുള്ള, മനോഹരമായി പരിപാലിച്ചിരിക്കുന്ന റെസ്റ്റോറന്റ് കണ്ട മാത്രയിൽ തന്നെ എന്നെ ഹടാദാകർഷിച്ചു. വിഭവങ്ങൾ കണ്ടതോടെ തലയുംകുത്തി വീണു. നല്ല പാകത്തിനു വെന്ത കുത്തരി ചോറിനൊപ്പം തന്ന സൈഡ് ഡിഷുകൾ കണ്ടപ്പോൾ തന്നെ എന്റെ കണ്ണ് നിറഞ്ഞു. ആവശ്യത്തിന് എരിവുള്ള തേങ്ങ ചമ്മന്തി, ഉണക്കമുളക് ഇടിച്ചു ചേർത്ത ബീൻസ് മെഴുക്കുപരട്ടി (ആർത്തി മൂത്ത് അതിടുന്നതിന് മുമ്പേ കഴിക്കാനും തുടങ്ങി, ഫോട്ടോയും എടുത്തു), പാകത്തിന് എണ്ണയും തേങ്ങയും ചേർത്ത അവിയൽ, ഉഗ്രൻ അച്ചാർ, പിന്നെ അമ്മ സാധാരണ പപ്പടം മടുക്കുമ്പോൾ ഒരു ഗുമ്മിന് ഉണ്ടാക്കി തരാറുള്ള പോലത്തെ മുളക് ചേർത്ത പപ്പടം പൊടിച്ചത്, ഒപ്പം ഒരു ഹോട്ടലിൽ നിന്ന് “എനിക്ക്” ആദ്യമായിട്ട് കിട്ടിയ ഉണക്കമീൻ വറത്തതും.

അതും കൂടി കണ്ടതോടെ നന്ദിയോടെ ഞാൻ കൂടെയുള്ള ജയ്സണെ നോക്കി. ഒഴിച്ച് കൂട്ടാനായി സാമ്പാറും, നല്ല കട്ടിയുള്ള മോരു കറിയും, അപൂർവ്വമായി ഇവിടുത്തെ കടകളിൽ കിട്ടാറുള്ള സൊയമ്പൻ മാങ്ങാ കറിയും. മേമ്പൊടിക്ക് ഒരു കൊച്ചു ഗ്ളാസിൽ പച്ചമോരും പിന്നെ കുടിക്കാൻ ചൂടു കഞ്ഞിവെള്ളവും. പോരേ പൂരം.. ഒരു ഭംഗിക്ക് “ബീഫ് കൂർക്കയിട്ടതും” പിന്നെ “ചെമ്പല്ലി കറിയും” വാങ്ങി.. അതിനേ പറ്റിയും കൂടി വർണ്ണിക്കാൻ നിന്നാൽ ഈ പോസ്റ്റ് മതിയാകാതെ വരും. കൂർക്കയേക്കാൾ സോഫ്റ്റായ ബീഫും, മുളകുചാറിൽ കുടംപുളിയുടെ ഒപ്പം കിടന്ന് മദിക്കുന്ന ചെമ്പല്ലിയും പൊളിച്ചു. ഇടിയിറച്ചി, ചിക്കൻ റോസ്റ്റ്, മീൻ ഫ്രൈ തുടങ്ങി മറ്റു വിഭാഗങ്ങളും ലഭ്യമാണ്…!!

ഇതൊക്കെയാണെങ്കിലും പൈസ കൊടുത്തപ്പോഴാണ് കൂടുതൽ ഞെട്ടിയത്. ഊണിന് 70/-, ബീഫ് കൂർക്കയിട്ടതിന് 80/-, ചെമ്പല്ലി കറിക്ക് 60/- അങ്ങനെ രണ്ടു പേർക്ക് ആകെ മൊത്തം 280 രൂപ മാത്രം. ഓണർ കം വിളമ്പലുകരാനായ ചേട്ടന് നന്ദിയും പറഞ്ഞ്, കയ്യും കൊടുത്ത് ഓരോ കടല മുട്ടായിയും കൂടി തിന്ന്, തീർച്ചയായും പിന്നെയും വരുമെന്ന് പറഞ്ഞ് ഒരു കണക്കിന് ഇഴഞ്ഞാണ് (വയർ നിറഞ്ഞതു കാരണം) വണ്ടിയിൽ കയറിയത്..!!

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.