വിവരണം – വിഷ്ണു എ.എസ്. നായർ.

ഏതൊക്കെ ഡ്രിങ്ക്‌സും സർബത്തുമൊക്കെ വന്നാലും നമ്മുടെ നല്ല മോരും വെള്ളത്തിന്റെയും ബോഞ്ചി വെള്ളത്തിന്റെയും ആശ്വാസം മറ്റൊന്നിനും നൽകാനാവില്ല.. അങ്ങനെ നല്ല കിടുക്കാച്ചി മോരും നാരങ്ങാ വെള്ളവുമായി തുടങ്ങിയിരിക്കുകയാണ് നെടുമങ്ങാട് ഹസ്സൈൻ മാമയുടെ തട്ട്. പേരു വായിച്ചു എനിക്ക് അക്ഷരപ്പിശാച് കൂടിയതാണോയെന്നു സംശയിക്കണ്ട. പുള്ളിക്കാരന്റെ പേര് ഹുസൈൻ അല്ലേൽ ഹസ്സൻ അല്ല ഹസ്സൈൻ എന്നാണ്. വർഷങ്ങളോളം ഗൾഫിൽ ‘കഫീലിന്റെ’ കീഴിൽ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട ജോലിയിലായിരുന്നെങ്കിലും ഈ വെമ്പായംകാരന്റെ മനസ്സെപ്പോഴും നാട്ടിലായിരുന്നു.

അങ്ങനെ ഗൾഫിലെ പരിപാടിയെല്ലാം മതിയാക്കി ഒരു സുപ്രഭാതത്തിൽ നാട്ടിലെത്തി. കൂലിക്കും സ്വന്തമായും നെടുമങ്ങാട്,വാളിക്കോട് മലക്കറി കച്ചവടം നടത്തിയെങ്കിലും അത്രയ്ക്കങ്ങട് പച്ച പിടിച്ചില്ല.. അങ്ങനെ ആകെമൊത്തം ശോകം അവസ്ഥയിലിരുന്നപ്പോഴാണ് കൈത്താങ്ങായി കൂട്ടുകാർ വന്നെത്തിയത്. അവരുടെ സഹായത്തോടെ അഴിക്കോട് ചെറിയ രീതിയിൽ ഒരു തട്ട് തുടങ്ങി. വേനലൊന്നു കടുത്തപ്പോൾ മുളച്ചു പൊന്തിയ സർബത്ത് കടകളെക്കാൾ ഹസ്സൈൻ മാമ മുന്നോട്ടു വച്ചത് നല്ല അസ്സൽ നാടൻ മോരും വെള്ളമാണ്, അതും പിത്തള കുടത്തിൽ.

ദിനവും പോയി വരുന്ന വഴിയായിട്ടും കണ്ടിട്ടും കുറച്ചു നാൾ മുൻപാണ് അദ്ദേഹത്തിന്റെ കടയിൽ പോകാൻ കഴിഞ്ഞത്. വളരെ ചെറിയൊരു തട്ടായിട്ടും നല്ല വൃത്തിയും വെടിപ്പുമായി സൂക്ഷിച്ചിരിക്കുന്നു. വേസ്റ്റ് വരുന്ന വെള്ളം ശേഖരിക്കാനും നിര്മാജനം ചെയ്യാനും പ്രത്യേകം ശ്രദ്ധ കൊടുത്തിട്ടുണ്ട്. 25 ലിറ്ററിന്റെ ബാരലിൽ വരുന്ന കുടിവെള്ളം മാത്രമേ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുള്ളൂ. ഐസിനായി മാത്രം വീട്ടിലെ വെള്ളം ഉപയോഗിക്കും. കടയിൽ ചെല്ലുമ്പോൾ തന്നെ ചിരിച്ചു കൊണ്ട് സ്വീകരിക്കുന്ന ഹസ്സൈൻ മാമ തന്നെ ആ കടയുടെ ഐശ്വര്യം. ചെന്നപാടെ ഒരു മോരും വെള്ളം പറഞ്ഞു. കേട്ടപാടെ എണ്ണയിട്ട യന്ത്രം പോലെ കൈകൾ എവിടെയൊക്കെയോ ഓടിയത്തിനു ശേഷം ഒരു പുഞ്ചിരിയോടെ പിത്തള ചെമ്പ് എന്റെ മുന്നിലേക്ക് നീട്ടി…

കൊടുംചൂടിൽ വണ്ടി ഓടിച്ചു ഒരു പരുവമായി ആ തണുത്ത ചെമ്പിൽ കൈ വയ്ക്കുമ്പോഴുള്ള ഒരു ഫീലിംഗ് ഉണ്ട്.. അടിപൊളി ഫീലിംഗ് അളിയാ… പിന്നെ ചെമ്പ് ചെറുതായി ഉയർത്തി ആ മോരും വെള്ളം കുറേശ്ശേ കുറേശ്ശേ ഒഴിച്ചു കുടിക്കണം… എരിവും ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും ചുവയും പുതിനായും എല്ലാം ചേർന്ന ആ മോര് തൊണ്ടയൊക്കെ നനച്ച് വയറ്റിലേക്ക് എത്തിച്ചേരുന്ന ഒരു അനുഭൂതി… കിടുക്കാച്ചി..മനസ്സും ശരീരവും തണുപ്പിക്കാൻ നമ്മുടെയൊക്കെ മുതുമുത്തച്ഛന്മാർ കണ്ടെത്തിയ മോരിനോളം വരോ മറ്റെന്തെങ്കിലും !!

ഈ മോരിലെ മറ്റൊരു പ്രധാന ചേരുവയാണ് ‘ഗുണ്ടു മുളക്’. പേരിൽ മാത്രമേ ഗുണ്ടുള്ളൂ. അത്ര സഹിക്കാൻ പറ്റാത്തത്ര എരിവൊന്നുമില്ല… മോരും വെള്ളം എന്നത് വെറുമൊരു സാധാ പാനീയമാണെങ്കിലും ഹസ്സൈൻ മാമയുടെ ചേരുവകളും സൂര്യന്റെ ചൂടും കൂടിയാകുമ്പോൾ അഡാർ കോമ്പിനേഷൻ തന്നെ. കുടിച്ചു കഴിയുമ്പോൾ ഫ്രീയായി ഒരു ഏമ്പക്കവും… നെല്ലിക്കയും കായവും ഗ്ലൂക്കോസും മറ്റും ചേർന്ന പുള്ളിയുടെ സ്‌പെഷ്യൽ ബോഞ്ചി വെള്ളവും കിടുക്കാച്ചി തന്നെ. ഒന്നിനും ഒരു കുറവ് വരുത്തിയിട്ടില്ല.. ന്യായമായ വിലയും.. നല്ല പെരുമാറ്റവും.. ക്ഷീണത്തിനും ആരോഗ്യത്തിനും ഇതിൽ നല്ലൊരു പാനീയമില്ല… ഇജ്ജാതി രുചി അജ്ജാതി ആശ്വാസം !! ലൈം സോഡയ്ക്ക് ഉപ്പിത്തിരി കൂടിപ്പോയന്നൊരു കുറവൊഴിച്ചാൽ അതും കിടു തന്നെ…

വിലവിവരം : മോരും വെള്ളം :- ₹.20/- , സ്‌പെഷ്യൽ ലൈം :- ₹.20/-, ലൈം സോഡാ :- ₹ 15/-. ഒരു ചെറിയ മനുഷ്യന്റെ നേരും നെറിയുമുള്ള സംരംഭമാണിത്… നാടറിയണം നാട്ടാരറിയണം !!! ലൊക്കേഷൻ :- നാടൻ മോര് കട, SH45, Karakulam, Thiruvananthapuram, Kerala 695564 092888 88833, https://maps.app.goo.gl/JLwH4.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.