ഇന്ന് ലോകം ഭയക്കുന്ന ഒരു രോഗാവസ്ഥയാണ് കാൻസർ. ഇത് ഒരിക്കൽ വന്നു പെട്ടാൽ പിന്നെ ജീവിതം തീർന്നു എന്നാണു ആളുകളുടെ ധാരണ. എന്നാൽ ആ ധാരണ തെറ്റാണെന്നു നമ്മുടെ സമൂഹത്തിൽ ധാരാളമാളുകൾ തെളിയിച്ചിട്ടുണ്ട്. അവരിൽ ഒരാളാണ് തിരുവനന്തപുരം സ്വദേശിയായ നന്ദു മഹാദേവ എന്ന യുവാവ്. കാലിൽ കാൻസർ പിടിപെട്ട നന്ദുവിനോട് ഡോക്ടർ “കാലു വേണോ, അതോ ജീവൻ വേണോ?” എന്നു ചോദിച്ചപ്പോൾ ആത്മവിശ്വാസത്തോടെ പതറാതെ, തളരാതെ “എന്റെ കാലു മുറിച്ചു കളയൂ” എന്ന് പറഞ്ഞ നന്ദു ഇന്ന് എല്ലാവർക്കും ഒരു ആവേശമാണ്, ആത്മവിശ്വാസമാണ്. “കാൻസറല്ല അവന്റെ അപ്പൻ വന്നാലും വെറും ആന മയിൽ ഒട്ടകമാണ്” എന്നാണു നന്ദു ഫേസ്‌ബുക്കിൽ കുറിച്ച വാക്കുകൾ. ഇനിയുള്ള വിശേഷങ്ങൾ നന്ദുവിന്റെ വാക്കുകളിൽ നമുക്ക് കേൾക്കാം.
“ചങ്കുകൾക്ക് തന്ന വാക്ക് ഞാൻ പാലിച്ചിരിക്കുന്നു. കഴിഞ്ഞ വർഷം ഇതേ ദിവസം ആണ് ഞാൻ അവളുമായുള്ള യുദ്ധം തുടങ്ങിയത്. ദേ പഴയതിനെക്കാളും ശോഭയോടെ വന്നിരിക്കുന്നു. ഒരു ജലദോഷം വന്ന ലാഘവത്തോടെ ഞാൻ ഇതിനെ നേരിട്ട് വിജയിച്ചു വരും എന്ന് പറഞ്ഞിട്ടാണ് ആശുപതിയിലേക്ക് പോയത്. ആ വാക്ക് ഞാൻ പാലിച്ചിരിക്കുന്നു. വേദനകളിൽ അലറിക്കരയുമ്പോഴും, മാസങ്ങളോളം ഉറക്കമില്ലാതെ കൺപോളകൾക്ക് കനം കൂടിയപ്പോഴും, 24 വർഷം താങ്ങായവരിൽ ഒരുവൻ പോയപ്പോഴും പിന്നീട് അർബുദം ശ്വാസകോശത്തിലേക്ക് പടർന്നപ്പോഴും നന്ദു പതറാത്തത് എന്താണെന്ന് ആർക്കെങ്കിലും അറിയുമോ?
കൃത്യമായ ചികിത്സയും അത് കൂടാതെ നിങ്ങളെല്ലാവരും കൂടി തീർത്ത സ്നേഹത്തിന്റെ ഒരു വലയം എനിക്ക് ചുറ്റുമുണ്ട്. ആയിരം കീമോയെക്കാൾ ശക്തിയുള്ള വലയം. അതിനുള്ളിൽ ഞാൻ സുരക്ഷിതനാണ്. ഒപ്പം സർവ്വേശ്വരൻ തന്ന മനസ്സിന്റെ ശക്തിയും കൂടിയായപ്പോൾ സർവ്വം ശുഭം. അർബുദം എന്നെ കണ്ടു പേടിച്ചു പോയതല്ല. നിങ്ങളുടെയൊക്കെ സ്നേഹം കണ്ട് നാണിച്ചു നാട് വിട്ടതാണ്. അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.
എന്റെ ലോകത്തിൽ ഏറ്റവും ധീരയായ വനിത എന്റെ അമ്മയാണ്. എനിക്കൊരു മകനുണ്ടായിരുന്നെങ്കിൽ അവന്റെ കാലിൽ ഒരു തൊട്ടാവാടി മുള്ള് കൊള്ളുന്നത് പോലും എന്നെ എന്തു മാത്രം വിഷമിപ്പിക്കും എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. അപ്പോൾ എന്റെ അമ്മ എന്നെ ഓർത്ത് എത്രത്തോളം കരഞ്ഞിട്ടുണ്ടാകും. സങ്കടപ്പെട്ടിട്ടുണ്ടാകും. എന്നിട്ട് മുന്നിൽ വന്ന് ‘അമ്മ ചിരിച്ചു നിൽക്കുമ്പോൾ ഞാൻ അമ്മയുടെ മുന്നിൽ പലപ്പോഴും അലിഞ്ഞില്ലാതായിട്ടുണ്ട്. എനിക്ക് ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോൾ അമ്മ പിടിച്ചു നിന്നു. പക്ഷേ കാൽ നഷ്ടപ്പെടും എന്നറിഞ്ഞപ്പോൾ അത് താങ്ങാൻ ആ പെറ്റ മനസ്സിന് കഴിഞ്ഞില്ല. ആ കാര്യം അമ്മയെ പറഞ്ഞു മനസ്സിലാക്കി സമ്മതിപ്പിച്ചത് എത്ര കഷ്ടപ്പെട്ടാണ് എന്നെനിക്കറിയില്ല. പലപ്പോഴും സങ്കടം സഹിക്കാൻ വയ്യാതെ അമ്മ വിതുമ്പിക്കരയുമായിരുന്നു. അപ്പോഴൊക്കെ ഞാൻ മനസ്സിൽ ഓർക്കാറുണ്ടായിരുന്നു. ഒരു പക്ഷേ ഞാൻ ഒറ്റയപകടത്തിൽ മരിച്ചിരുന്നുവെങ്കിൽ അമ്മയ്ക്ക് ഇത്രേം സങ്കടം കൊടുക്കേണ്ടി വരില്ലായിരുന്നു. ദുരന്തങ്ങളുടെ പെരുമഴ പെയ്തിട്ടും എന്റെ അമ്മ തളർന്നില്ല. എന്റെ ഊർജ്ജം എന്റെ അമ്മയാണ്.
ന്റെ പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകൾക്ക് പകരം കിട്ടിയ ഭിക്ഷയാണ് എന്റെ പ്രാണൻ. ഞാനിന്ന് വിജയിച്ചു നിൽക്കുന്നതിന് മുഴുവൻ കാരണവും എന്റെ പ്രിയപ്പെട്ട ഡോക്ടർമാരും നഴ്‌സുമാരും സ്നേഹത്തോടെ എനിക്ക് തന്ന കൃത്യമായ ചികിത്സയാണ്. RCC യിലെ ശ്രീജിത്ത് സർ, ഓർത്തോയിലെ സുബിൻ സർ, ശ്രീജിത്ത് സർ എന്നിവർ എനിക്ക് ഈശ്വരതുല്യരാണ്. നന്ദുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളേ എന്ന് പറയാൻ എനിക്ക് ഇഷ്ടമല്ല. നന്ദുവിന്റെ ചങ്കുകളുടെ സ്നേഹത്തെ തോൽപ്പിക്കാൻ ആവില്ല മക്കളേ. ആ സ്നേഹത്തിന് മുന്നിൽ കാലൻ വരെ കോമ്പർമൈസ് ചെയ്തു. എന്റെ അനുഭവം ഈ സമൂഹത്തിന് ഒരു പ്രചോദനമാകട്ടെ. ഒന്നുകൂടി പറയാനുണ്ട്. പുകയരുത്. ഒരു നിമിഷമെങ്കിൽ ഒരുനിമിഷം. ജ്വലിക്കണം!!”