എഴുത്ത് – ജിതിൻ ജോഷി.

ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോകാറുള്ളവരാണ് നാമെല്ലാവരും. ഊണിനൊപ്പം സ്പെഷ്യൽ വേണോ എന്ന സപ്പ്ളയറുടെ ചോദ്യത്തിന് ഉത്തരം കൊടുക്കുന്നതിനു മുന്നെ “എത്രയാകും ചേട്ടാ” എന്നൊരു ചോദ്യം പലപ്പോളും നമ്മൾ ചോദിക്കാറുണ്ട്. കാരണം മറ്റൊന്നുമല്ല, സ്പെഷ്യൽ കൂടി വാങ്ങിയാൽ കയ്യിലുള്ള പണം തികയുമോ എന്ന പേടി.

എന്നാൽ അങ്ങനെ ഒരു പേടി ഇല്ലാതെ ഏറ്റവും രുചികരമായ ഭക്ഷണം കഴിക്കാൻ സാധിക്കുന്ന ഒരു ഹോട്ടലിൽ കഴിഞ്ഞ ദിവസം പോയിരുന്നു. ഹോട്ടൽ എന്ന് പറയാൻ സാധിക്കില്ല. മറിച്ചു ഇതൊരു വീടാണ്. വിശക്കുന്നവർക്ക് കയ്യിൽ പൈസ ഇല്ലെങ്കിൽ പോലും ധൈര്യമായി കയറി ചെല്ലാവുന്ന ഒരു വീട്..

പാലാരിവട്ടം വെണ്ണലയിൽ നന്ദൂസ് കിച്ചൻ എന്നപേരിൽ സുഹൃത്ത് Thushara Ajith Kallayil നടത്തുന്ന സ്ഥാപനത്തിലേക്ക് കയറി ചെല്ലുമ്പോൾ നല്ല രുചിയുള്ള ഭക്ഷണം കഴിക്കാം എന്നതിലുപരി മറ്റൊന്നും മനസ്സിൽ ഇല്ലായിരുന്നു. പക്ഷേ കയറി ചെന്നതുമുതൽ വ്യത്യസ്തത കൊണ്ടു ഞെട്ടിച്ചുകളഞ്ഞു തുഷാരചേച്ചിയും ഭർത്താവ് അജിത്തേട്ടനും.

സ്റ്റോർ റൂം ഇല്ലാത്ത ഹോട്ടൽ

ഇങ്ങനെ ഒരു ഹോട്ടൽ വേറെ ഉണ്ടെന്നു തോന്നുന്നില്ല. ഇവിടെ ഒരു സാധനം പോലും ഒരുപാട് വാങ്ങി സ്റ്റോക്ക് ചെയ്യുന്ന പതിവില്ല. അതുകൊണ്ടുതന്നെ ഒരു സ്റ്റോർ റൂം ഇവിടെ കാണാൻ കഴിയില്ല. ആകെയുള്ള ഫ്രിഡ്ജ് മുക്കാൽ ഭാഗവും കാലിയായി ഇരിക്കുന്നു. നമ്മുടെ വീടുകളിൽ ഉണ്ടാക്കുന്നതുപോലെ അന്നന്നുള്ള ഭക്ഷണം എന്നും രാവിലെ ഉണ്ടാക്കുന്നു. ബാക്കി വരുന്നത് ഒരിക്കലും വെറുതെ കളയാറില്ല. അടുത്തുള്ള അനാഥാലയത്തിലെ കുട്ടികളും ആ രുചി അറിയും..

സ്പെഷ്യൽ ഇല്ല

ഇവിടെ അങ്ങനെ ഒരു പരിപാടി ഇല്ല. എന്നും മീനും ഞണ്ടും ഒക്കെയായി കുറഞ്ഞത് 2, 3 ഐറ്റം വറുത്തതും പൊരിച്ചതും ഉണ്ടാകും. അതെല്ലാം നോർമൽ ഭക്ഷണത്തിന്റെ കൂടെ തന്നെ ഇവിടെ ലഭ്യമാണ്. അതും വെറും 70/- രൂപയ്ക്ക്.

പച്ചക്കറി കൊണ്ടുവന്നാൽ ഇളവുണ്ട്

ഇവിടെ കൂടുതലും ഉപയോഗിക്കുന്നത് സ്വന്തം കൃഷിയിടത്തിൽ വിളഞ്ഞ പച്ചക്കറികളാണ്. നിങ്ങൾ നിങ്ങളുടെ പുരയിടത്തിൽ വിളഞ്ഞ എന്തെങ്കിലും പച്ചക്കറി ഇവിടെ കൊണ്ടുവന്നാൽ 50 രൂപയ്ക്ക് (ചിലപ്പോൾ അതിലും കുറച്ച്) ഭക്ഷണം കഴിച്ചു മടങ്ങാം.

സഞ്ചാരികൾക്ക്

മുകളിൽ ഉള്ള മുറിയിൽ അത്യാവശ്യം വേണ്ട സഞ്ചാരികൾക്ക് വിശ്രമം ഒരുക്കാനും ഇവർ തയ്യാറാണ്. ഒരു രാത്രിയോ പകലോ വിശ്രമം, കൂടെ ഒരു നേരത്തെ വിഭവ സമൃദ്ധമായ ഭക്ഷണവും ഇവിടെ ലഭ്യമാണ്. അതും വെറും 300/- രൂപയ്ക്ക്.

കാശില്ലേലും കഴിക്കാം

ഇവിടെ അങ്ങനെയാണ്. നിങ്ങളുടെ പോക്കറ്റ് കാലിയാണെങ്കിലും ഈ വാതിലുകൾ തുറന്നു തന്നെ ഉണ്ടാകും. പട്ടിണി കിടക്കുന്നതിന്റെ ബുദ്ധിമുട്ട് അറിഞ്ഞവരാണ് ഈ സ്ഥാപനം നടത്തുന്നത്. അതുകൊണ്ടുതന്നെ കാശില്ല എന്നതിന്റെ പേരിൽ ഒരാളും ഇവിടെ നിന്ന് വിശന്ന വയറുമായി മടങ്ങില്ല. അതുറപ്പ്..

അടുക്കളയിലേക്ക് സ്വാഗതം

ഇവിടെ എല്ലാ ഹോട്ടലിലും കാണുന്ന “NO ADMISSION” ബോർഡ് കാണാൻ കഴിയില്ല..
നേരെമറിച്ചു എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ഒരു വീട്ടിലേ അടുക്കളയിലേക്കെന്നതുപോലെ ഇവിടെ കയറിച്ചെല്ലാം.

അപ്പൊ എല്ലാവർക്കും സ്വാഗതം. വഴി കൃത്യമായി അറിയേണ്ടവർക്ക് തുഷാരചേച്ചിയെ വിളിക്കാം. 9744607173.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.