വിവരണം – Saleel Bin Ashraf.

മാർച്ച് മാസത്തിലെ പരീക്ഷ ചൂടിനേയും ഉഷ്ണത്തെയും ഒരുമിച്ചു പമ്പ കടത്താൻ വേണ്ടി ഒരു യാത്രക്ക് തയ്യാറായി നിൽകുമ്പോൾ ആണ് കൂട്ടുകാരൻ ‘നാരങ്ങാത്തോട്’ സജെസ്റ് ചെയ്തത്. മനസ്സും ശരീരവും ഒന്നിച്ചു തണുപ്പിക്കാൻ പറ്റിയിടം. നാരങ്ങാത്തോട് എന്ന മലയോരഗ്രാമം, കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിനും പുല്ലൂരാംപാറയ്ക്കും അടുത്തായിട്ട് സ്ഥിതിചെയ്യുന്നു. വശ്യമായ മലഞ്ചെരുവുകളാലും കാട്ടുചോലകളാലും കാടുകളാലും അനുഗ്രഹീതമാണിവിടം. അരിപ്പാറ വെള്ളച്ചാട്ടം, മറിപ്പുഴ, വെള്ളരിമല, തുഷാരഗിരി തുടങ്ങിയവ ഇതിനടുത്താണ്. തുഷാരഗിരി സന്ദർശനത്തിന് വരുന്ന സഞ്ചാരികൾ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ് നാരങ്ങാത്തോട്. ഇവിടേക്കുള്ള സന്ദർശനം തികച്ചും ഫ്രീ ആണ് എന്നുകൂടി ഓർക്കുക.

ഇനി നാരങ്ങാത്തോട് വിശേഷത്തിലേക്ക് കടക്കാം. കൂറ്റൻ ഉരുളൻ പാറക്കെട്ടുകൾക്കിടയിലൂടെ നുരച്ചു പതഞ്ഞു വരുന്ന കാട്ടുചോല, ചുറ്റും മനോഹരമായ ഇലപൊഴിയും കാടുകളും കൊക്കോ തോട്ടങ്ങളും. കാട്ടുചോലയുടെ കളകള നാദത്തിനു കാട്ടുപക്ഷികളുടെ സംഗീതവും താളമിടുന്നു. കാടിന്റെ വന്യതയിൽ ലയിച്ചു നാരങ്ങാത്തോടിന്റെ തെളിനീരിലേക്ക് ഊളിയിടുമ്പോൾ കിട്ടുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഒരുപക്ഷെ ആയിരങ്ങൾ മുടക്കുന്ന വാട്ടർതീം പാർക്കുകളിൽ പോലും കിട്ടാത്ത അനുഭൂതിയും ആസ്വാദനവും പ്രകൃതി നമുക്കായി ഇവിടെ ഒരുക്കിയിരിക്കുന്നു. കല്ലംകാരി, ടൈഗർഫിഷ് തുടങ്ങി ധാരാളം മത്സ്യങ്ങളും നമ്മോടൊപ്പം നീന്തി തുടിക്കാൻ കൂട്ടുവരും. നീലയും പച്ചയും നിറങ്ങളിലുള്ള ഇവിടെത്തെ വെള്ളം ആർട്ടിഫിഷ്യൽ സ്വിമ്മിംഗ് പൂളുകളെ വെല്ലുന്ന സൗന്ദര്യം ഉള്ളവയാണ്. നീന്തൽ വശമില്ലാത്തവർ ഇവിടെ ഇറങ്ങാതിരിക്കുന്നതായിരിക്കും നല്ലത്.

പുഴയിലെ ഉരുളൻ വെള്ളാരം കല്ലുകളിൽ മുത്തമിട്ട് തഴുകി പോകുന്ന ഓരോ കുഞ്ഞോളങ്ങളും വിളിച്ചു പറയുന്നുണ്ടായിരുന്നു “ഈ കാനനസൗന്ദര്യത്തെ ഒരിക്കലും നശിപ്പിക്കരുതെന്നു”. എങ്കിലും അവിടെയും ഇവിടെയുമായി കണ്ട മദ്യക്കുപ്പികൾ വരാനിരിക്കുന്ന വലിയ ഒരു ചൂഷണത്തിന്റെ സൂചകമായി എനിക്ക് തോന്നിച്ചു. പാറക്കെട്ടുകളിൽ രൂപപ്പെട്ട ആഴമേറിയ കുഴികളിലെ വെള്ളത്തിനു മനംകുളിരുന്ന തണുപ്പായിരുന്നു. ഉഷ്ണകാലത്തെ എല്ലാ ചൂടിനേയും ടെൻഷനെയും ലയിപ്പിച്ചു കളയാൻ നാരങ്ങാത്തോട് എന്ന സുന്ദരിപെണ്ണിന് കഴിയും തീർച്ച. സന്ദർശകർ കൂടുന്നതിനനുസരിച്ച് മാലിന്യങ്ങൾ കൂടി നാശമായ അനുഭവങ്ങൾ പലയിടത്തുമുണ്ട്. അതുകൊണ്ട് നമ്മൾ ഓരോരുത്തരും ശ്രദ്ധിച്ചാൽ എല്ലാ കാലത്തും ഈ പ്രകൃതിദത്തമായ ചോലകളൊക്കെ ഇങ്ങനെ തന്നെ കാണാം. ഒപ്പം ഇവയെല്ലാം അടുത്ത തലമുറയ്ക്കും ആസ്വദിക്കാം. റൂട്ട് : കോഴിക്കോട് – തിരുവമ്പാടി – പുല്ലൂരാംപാറ – എലന്തുകടവ് പാലം – നാരങ്ങാത്തോട് (ആനക്കാംപൊയിൽ റൂട്ട്).

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.