അതിശക്തമായ മഴയെത്തുടര്‍ന്നു നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ചവരെ അടച്ചു. റണ്‍വെയില്‍ ക്രമാതീതമായി വെള്ളം കയറിയതിനാലാണ് വിമാനത്താവളം അടച്ചത്. ആദ്യം വെള്ളിയാഴ്ച രാവിലെ 9 മണിവരെ വിമാനത്താവളം അടച്ചിടുമെന്നായിരുന്നു അറിയിപ്പ് ഉണ്ടായിരുന്നത്. എന്നാല്‍, റണ്‍വേയില്‍ അടക്കം പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഞായറാഴ്ച വരെ വിമാനത്താവളം അടയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള തടസങ്ങളാണു പ്രശ്നമുണ്ടാക്കുന്നത്. കൊച്ചി എയർപോർട്ട് (CIAL) ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജ് വഴിയാണ് ഇതു സംബന്ധിച്ച അറിയിപ്പുകൾ പൊതുജനങ്ങളിൽ എത്തിച്ചത്.
കേരളത്തില്‍ പ്രളയസമാന സാഹചര്യം തുടരുന്ന സാഹചര്യത്തില്‍ നാവികസേന സഹായത്തിന് ഇറങ്ങുന്നു. താൽക്കാലികമായി കൊച്ചി വില്ലിംഗ്ടൺ ഐലൻഡിലെ നാവികസേന എയര്‍സ്റ്റേഷന്‍ ഐഎന്‍എസ് ഗരുഡ തുറന്ന് കൊടുത്തിട്ടുണ്ട്. കൊച്ചി വിമാനത്താവളം വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ച സാഹചര്യത്തിലാണ് നാവികസേനയുടെ ഇടപെടല്‍. പാസഞ്ചര്‍ വിമാനങ്ങള്‍ക്ക് ഐഎന്‍എസ് ഗരുഡയില്‍ ഇറക്കാമെന്ന് നാവിക സേന ട്വിറ്ററില്‍ അയിച്ചിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തിനിടയിലും കൊച്ചി നാവികസേന എയർപോർട്ടിൽ വിമാനങ്ങൾ ഇറക്കിയിരുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതോടെ വിദേശ രാജ്യങ്ങളിൽ നിന്നടക്കമുള്ള സർവീസുകളെല്ലാം ക്യാൻസൽ ചെയ്യുകയോ തിരുവനന്തപുരം, ബെംഗളൂരു വിമാനത്താവളങ്ങളിലേക്ക് വഴിമാറ്റി വിടുകയോ ചെയ്യുന്നുണ്ട്. കൊച്ചി വിമാനത്താവളം അടച്ചിട്ട സാഹചര്യത്തില്‍ എല്ലാ സര്‍വീസുകളും താത്കാലികമായി റദ്ദാക്കിയതായി ഇത്തിഹാദ് എയര്‍വേയ്സ് അറിയിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് നടത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കൊച്ചിയില്‍ നിന്നുള്ള വിമാനങ്ങളില്‍ പോകേണ്ടിയിരുന്ന പരമാവധി യാത്രക്കാരെ കൊണ്ടുപോകുന്നതിനായി തിരുവനന്തപുരത്ത് നിന്ന് അധിക സര്‍വീസുകള്‍ നടത്തുമെന്നും ഇത്തിഹാദ് കമ്പനി അറിയിച്ചിട്ടുണ്ട്. ഈ സൗകര്യം ഉപയോഗിക്കാന്‍ താല്‍പര്യമുള്ള യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ പുനഃക്രമീകരിക്കാനുള്ള ചാര്‍ജുകള്‍ ഒഴിവാക്കി നല്‍കും. എന്നാല്‍ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്വന്തം ഉത്തരവാദിത്തത്തില്‍ എത്തിച്ചേരണം.
അതുപോലെതന്നെ ടിക്കറ്റുകള്‍ റദ്ദാക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കുമെന്ന് ഇന്റിഗോയും എയര്‍ ഇന്ത്യയും എയര്‍ഇന്ത്യ എക്സ്‍പ്രസും അറിയിച്ചു. മറ്റ് തീയ്യതികളിലേക്കോ മറ്റ് വിമാനങ്ങളിലോ യാത്ര പുനഃക്രമീകരിക്കുകയും ചെയ്യാവുന്നതാണ്. ചില എയര്‍ ഇന്ത്യ എക്സ്‍പ്രസ് വിമാനങ്ങൾ തിരുവനന്തപുരത്തേക്ക് സർവ്വീസ് മാറ്റിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് (എയര്‍ ഇന്ത്യ) 04424301930, 0471 2500008, 8086855081 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
എമിറേറ്റ്സ് എയര്‍ലൈന്‍സ് തങ്ങളുടെ സർവ്വീസുകൾ തിരുവനന്തപുരം എയർപോർട്ടിലേക്ക് താൽക്കാലികമായി മാറ്റിയിട്ടുണ്ട്. യാത്രക്കാര്‍ വിമാനങ്ങളുടെ സമയക്രമം വെബ്‍സൈറ്റുകള്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതായുണ്ട്. കൊച്ചിയിലേക്ക് വരാനും കൊച്ചിയില്‍ നിന്ന് പുറപ്പെടാനും മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് മറ്റ് വിമാനങ്ങളിലേക്കോ മറ്റ് തീയ്യതികളിലേക്കോ ടിക്കറ്റ് പുനഃക്രമീകരിക്കാനും എമിറേറ്റ്സ് അവസരം നൽകുന്നുണ്ട്.
അതോടൊപ്പം വഴി തിരിച്ചു വിട്ട വിമാനങ്ങളിൽ വന്നിറങ്ങുന്ന ആളുകൾക്ക് മറ്റു ജില്ലകളിലേക്ക് പോകുന്നതിനായി തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസുകൾ തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ പ്രളയത്തില്‍ റണ്‍വേയിലടക്കം വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടിരുന്നു. മഴ മാറിയാല്‍ ഞായറാഴ്ച വൈകീട്ട് 3 മണിമുതല്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് കൊച്ചി എയർപോർട്ട് (സിയാല്‍) അധികൃതര്‍ അറിയിച്ചു. കൊച്ചി രാജ്യാന്തര വിമാനത്താവളം എമർജൻസി നമ്പർ– 0484 3053500.
വിവരങ്ങൾക്ക് കടപ്പാട് – ഏഷ്യാനെറ്റ് ന്യൂസ്, വിവിധ ഓൺലൈൻ മാധ്യമങ്ങൾ. ചിത്രം – Photo – Tebin Cherian.