എഴുത്ത് – Harish KM Wayanad.

പ്രകൃതി സുന്ദരിയായി അണിഞ്ഞൊരുങ്ങി നിന്ന വയനാടിനെ നിങ്ങൾക്ക്‌ ഓർമ്മയില്ലേ? നിങ്ങളുടെ സഞ്ചാരങ്ങളിൽ നിറപുഞ്ചിരി തീർത്ത വയനാടിനെ, നിങ്ങളുടെ സ്വപ്നങ്ങളിൽ ഭ്രമമേറ്റിയ വയനാടിനെ, പച്ചപ്പിന്റെ പലപല വർണ്ണഭാവങ്ങൾ കൊണ്ട്‌ നിങ്ങളെ ഉന്മത്തരാക്കിയ വയനാടിനെ, നിങ്ങളുടെ സന്തോഷ നിമിഷങ്ങളെ സാർത്ഥകമാക്കിയ വയനാടിനെ.

ആ വയനാട്‌ ഇന്ന് കരയുകയാണ്‌. ഞങ്ങളുടെ 12 സഹോദരങ്ങൾ ഉരുൾപൊട്ടലിൽ മരണപ്പെട്ടു. ഏഴ്‌ പ്രിയപ്പെട്ടവരെ കാണാനില്ല. അവർ ഉണ്ടെന്ന് ഞങ്ങൾ കരുതുന്ന പുത്തുമലയിൽ രാവും പകലും ഞങ്ങൾ തിരയുകയാണ്‌, അവർക്ക്‌ വേണ്ടി. അവരവിടെ ഉണ്ടെന്ന് എല്ലാവരും പറയുമ്പോഴും ഞങ്ങൾ പ്രതീക്ഷിക്കുന്നു. അവർ ആ മണ്ണിനും വെള്ളത്തിനും മലവെള്ളപ്പാച്ചിലിനും ഉരുൾപൊട്ടലിനും കീഴടങ്ങാതെ, മലകൾക്കപ്പുറത്തെ കാട്ടിൽ നിന്ന് ഞങ്ങൾക്ക്‌ നേരെ കൈകൾ വീശി വരുമെന്ന്. ആ പ്രതീക്ഷ വെറുതെയാണെന്ന് എല്ലാവരും പറയുമ്പോഴും, വെറുതെ അങ്ങനെ ആശിച്ച്‌ പോകുന്നു.

കണ്ണീർ തോരാത്ത കണ്ണും മനസ്സുമായി ഉറ്റവരെ പിരിഞ്ഞവർ കഴിയുന്നുണ്ട്‌ ക്യാമ്പുകളിൽ. അവർക്ക്‌ തിരികെ പോവാൻ വീടില്ല. വയനാട്ടിൽ ഞങ്ങളുടെ 535 വീടുകൾ തകർന്ന് തരിപ്പണമായി. അയ്യായിരത്തി അഞ്ഞൂറോളം വീടുകൾക്ക്‌ സാരമായ കേടുപാടുകൾ സംഭവിച്ചു. തൊണ്ണൂറായിരത്തോളം ആളുകളെയാണ്‌ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുൻ കരുതലായി മാറ്റിപ്പാർപ്പിച്ചത്‌. അതു കൊണ്ടാണ്‌ ഈ ദുരന്തത്തിന്റെ ആഘാതം കുറഞ്ഞത്‌.

ജനങ്ങളും സർക്കാരും കൈകോർത്ത്‌ നിന്നാണ്‌ ഞങ്ങളീ ദുരന്തത്തെ നേരിടുന്നത്‌. ഒപ്പം നിങ്ങളും ഉണ്ട്‌. നിങ്ങൾ ചെയ്തതെല്ലാം വലിയ സഹായങ്ങളാണ്‌. പക്ഷേ അവിടെ നിർത്തരുത്‌. ഇനിയും നിർത്താനായിട്ടില്ല. വീടും സ്ഥലവും ജീവിതമാർഗ്ഗവും സകലതും ഒരു നിമിഷം കൊണ്ട്‌ കണ്മുന്നിൽ ഇല്ലാതാവുന്നത്‌ കണ്ടു നിന്നവർ കുറേയുണ്ട്‌ ഞങ്ങളുടെ വയനാട്ടിൽ. അവരുടെ കണ്ണീരൊപ്പാൻ ഇനിയും കൈകൾ മുന്നോട്ട്‌ വരണം, സ്നേഹത്തിന്റെയും സഹായത്തിന്റെയും പട്ടുതൂവാലകൾ ഏന്തിയ കൈകൾ.

നിങ്ങളുടെ കൈകളും ഉണ്ടാവില്ലേ? ഉണ്ടാവും എന്നറിയാം. എങ്കിലും ഒന്നുകൂടി ചോദിച്ച്‌ പോവുകയാണ്‌ അടിയന്തിരമായി ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക keralarescue.in എന്ന പോർട്ടലിൽ കാണാം. അത് തരണം ദയവായി. അത്‌ കുറച്ച്‌ സാധനങ്ങളുടെ മാത്രം പട്ടികയാണ്‌. അത്‌ കൊണ്ടായില്ല. ഒപ്പം നിങ്ങളുടെ കരുത്ത്‌ തരണം – വയനാട്ടിലെ പ്രളയം കയറിയ മുക്കും മൂലയും വൃത്തിയാക്കാൻ.

നിങ്ങളുടെ സംഭാവനകൾ സി.എം.ഡി.ആർ.എഫ്‌. ലേക്ക്‌ നൽകണം, വയനാടിനെ പുനർ നിർമ്മിക്കാൻ. ഒപ്പം വയനാട്ടിലെ പാവങ്ങൾക്ക്‌ തൊഴിൽ ഉറപ്പാക്കാൻ കഴിയുന്ന സഹായങ്ങൾ ചെയ്ത്‌ കൊടുക്കണം.

കഴിഞ്ഞ കൊല്ലം പ്രളയമെടുത്ത എണ്ണൂറു വീടുകൾ സർക്കാർ പുനർ നിർമ്മിച്ചു. അവർക്ക്‌ ഗൃഹോപകരണങ്ങൾ നൽകണം. ഈ വർഷം വീട്‌ നഷ്ടായവർക്കും സർക്കാർ വീട്‌ നൽകും. അവർക്കും ഗൃഹോപകരണങ്ങൾ കരുതി വെക്കണം.

പതിനായിരം ഏക്കറിലെ കൃഷി നശിച്ചിട്ടുണ്ട്‌. ഒട്ടനവധി കന്നുകാലികൾ നഷ്ടപ്പെട്ടിട്ടുണ്ട്‌. റോഡുകളും പാലങ്ങളും കുടിവെള്ള പൈപ്പുകളും ഇലക്ട്രിക്‌ ലൈനുകളും തകർന്ന് പോയിട്ടുണ്ട്‌. സ്കൂളുകൾക്കും ആശുപത്രികൾക്കും പൊതു ഇടങ്ങൾക്കും കേടുപാടുകൾ വന്നിട്ടുണ്ട്‌. നമ്മളല്ലാതെ വേറാരാ ഇതൊക്കെ ഏറ്റെടുക്കാനുള്ളത്‌. വയനാടിന്റെ കണ്ണീരൊപ്പാൻ കൂടെ നിൽക്കണം.

അരിയും തുണിയും ബിസ്ക്കറ്റും ബ്രെഡും കമ്പിളിയും അങ്ങനെ പലതും നിങ്ങളുടെ സ്നേഹമായി കഴിഞ്ഞ നാളുകളിൽ ചുരം കയറുന്നുണ്ട്‌. അതൊക്കെ ഞങ്ങൾ നന്ദിയോടെ ഓർക്കും. അവിടെ നിർത്തരുത്‌, ഈ നാട്‌ അകപ്പെട്ട ദുരന്തം ചെറുതല്ല. അതിന്റെ വരും നാളുകളിലെ ആഘാതങ്ങളും ചെറുതായിരിക്കില്ല. ഒപ്പമുണ്ടാവണം എല്ലാവരും.

കൈക്കുമ്പിളിൽ സഹായവും ഹൃദയത്തിൽ സ്നേഹവുമായി ഞങ്ങൾക്കൊപ്പം ഉണ്ടാവണം. വയനാടിന്റെ കണ്ണീർ തോർന്നിട്ടില്ല. ഞങ്ങൾ കാത്തിരിക്കുന്നുണ്ട്‌, നിങ്ങളുടെ കൈകളിലെ സഹായത്തിന്റെയും സ്നേഹത്തിന്റെയും പട്ടുതൂവാലകളെ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.