നീലക്കുറിഞ്ഞി വസന്തം തേടി ഒരു ആനവണ്ടി യാത്ര….

Total
0
Shares

വിവരണം – ഗീവർഗ്ഗീസ് ഫ്രാൻസിസ് (പോസ്റ്റ് ഓഫ് ദി വീക്ക് – പറവകൾ ഗ്രൂപ്പ്).

സെപ്റ്റംബർ 27 “ലോക വിനോദ സഞ്ചാര ദിനം” – മൂന്നാറിലെ നില്ലക്കുറിഞ്ഞി വസന്തം കണ്ടു വരാൻ ഒരു യാത്ര ആലോചിച്ചതു തന്നെ എറണാകുളത്തു നിന്നും വെളുപ്പിനു 1:30 ന് മൂന്നാർക്കുള്ള ആനവണ്ടി (LS Ordinary) മനസ്സിൽ കണ്ടു കൊണ്ടാണ്. മൊബൈൽ ഫോണിൽ വിരൽ ചലിപ്പിച്ച്, ഉപഗ്രഹ വലകളുടെ സഹായത്തോടെ, പുതുപുത്തൻ യാത്രാ സംവിധാനമായ യൂബർ ടക്സിയിൽ വീടിന്നടുത്തു നിന്നും 12:30 ന് ഞങൾ നാല് സുഹൃത്തുക്കൾ ബസ് സ്റ്റാൻഡിലേക്ക് പുറപ്പെട്ടു,… കാർ നിറുത്തിയ ഉടനെ മൊബൈൽ ചിലച്ചു 140/- രൂപ, മുച്ചക്രത്തിലാണെങ്കിൽ 150/- മുതൽ 170/- വരെ കഴുത്തറപ്പുകാരെങ്കിൽ പാതിരാത്രിയുടെ കാര്യം പറഞ്ഞ് 200/- മുതൽ 250/- വരെ….

Photo – Ranjith Ram Rony.

വളരെ വ്യക്തമായും, കൃത്യമായും കാര്യങൾ വിളിച്ചു പറയുന്ന എറണാകുളം സ്റ്റാൻഡിലെ അന്വേഷണ കൗണ്ടറിലെത്തി 1:30 AM ന്റെ ബസ്സുണ്ടെന്ന് ഉറപ്പു വരുത്തി, ഇല്ലെങ്കിൽ വൈറ്റില ഹബ്ബിലെത്തിയാൽ 3:00 AM നുള്ള മൂന്നാർ എൻ.എം.എസ് കുളിച്ചു കുറി തൊട്ട് ദീപങൾ തെളിയിച്ച് യാത്രക്ക് ഒരുങി നിൽക്കുന്നുണ്ടാകും…. അതുമില്ലെങ്കിൽ എറണാകുളം സ്റ്റാൻഡിൽ നിന്നും 4:30 AM ന്റെ ആനവണ്ടി, മൂന്നാർ-കോവിലൂർ സൂപ്പർ ഫാസ്റ്റ്…

സ്റ്റാൻഡിലെ തിരക്കിൽ നിന്നും മൂന്നാർ യാത്രികരെ തിരിച്ചറിഞ്ഞതു കൊണ്ട്, 1:15 നു തന്നെ സ്റ്റാൻഡിലേക്ക് പിടിച്ച ബസ്സിൽ അല്പം സാഹസപ്പെട്ട് ആദ്യം തന്നെ കയറിപ്പറ്റി. 5 മിനിട്ടു കൊണ്ടു തന്നെ സീറ്റുകൾ നിറഞ്ഞ് യാത്രക്കാർ ചാരാൻ സൗകര്യമുള്ള കമ്പികൾ അന്വേഷിച്ചു തുടങി. തിരക്കുള്ള ബസ്സു കയറ്റത്തിൽ കായിക ക്ഷമത തെളിയിച്ച ഞങൾ ഒരാൾക്ക് 114/- രൂപ നിരക്കിൽ മൂന്നാർക്ക് നാലു പാസ്സു വാങി ആനവണ്ടിയുടെ ചാരു കസേരയിൽ സ്വസ്ഥമായി ഇരുന്നു. കൃത്യം 1:30 നു തന്നെ ഞങളുടെ യാത്ര ആരംഭിച്ചു.

ആലുവയിൽ എത്തിയപ്പോൾ ഒന്നു കൂടി തിരക്കു കൂടി, റെയിൽവേ സ്റ്റേഷനു മുന്നിൽ കുറച്ചു സ്ഥിരക്കാരും, പിന്നെ ട്രെയിനിൽ വന്നിറങിയ, ഹിന്ദിയിൽ കലപില കൂട്ടുന്ന വടക്കു നിന്നുള്ള അന്യസംസ്ഥാനക്കാരും കൂടി ആയപ്പോൾ ബസ്സു തിങി നിറഞ്ഞു. പെരുമ്പാവൂർ, കോതമംഗലം വരെ മാത്രമെ തിരക്ക് ഉണ്ടകാൻ ഇടയള്ളൂ. ആ ഭാഗത്തേക്ക് എറണാകുളത്തു നിന്നുള്ള അവസാന വണ്ടിയാണ് 1:30 AM നുള്ളത്. അതു കഴിഞ്ഞാൽ 3:00 AM നുള്ള സ്വകാ ര്യ ബസ്സാണുള്ളത്.
സംസ്ഥാന വാഹനം ആലുവ-മൂന്നാർ (AM Road) റോഡിലൂടെ ഇടനാടുകൾ താണ്ടി, കിഴക്കോട്ട്, മല നാടുകളിലേക്കുള്ള യാത്ര ആരംഭിച്ചു….

വളഞ്ഞു, പുളഞ്ഞു കിടക്കുന്ന ഇരുട്ടു വഴികളിൽ വെളിച്ചം വീശി കുതിച്ചു പായുന്ന ആനവണ്ടിയുടെ ചാരു കസേരയിൽ ഇരുന്നു, ഒരു സ്വപ്ന സഞ്ചാരത്തിനു തയ്യാറെടുത്തു. സാരഥിയുടെ അഭ്യാസ പ്രകടനങൾ, ആടി ഉലയേണ്ട കൊടും വളവുകളിൽ പോലും ഇരുപ്പിടം പങ്കിടുന്ന സഹായാത്രികനു ശല്യമാകാതെ തന്നെ സ്വസ്ഥമായി യാ ത്ര തുടർന്നു. ഇത്തരം രാത്രി യാത്രകൾ തന്നെയാണ് ഏറ്റവും സ്വസ്ഥ യാത്രകൾ എന്നതിൽ എനിക്ക് ഒരു സംശയവും ഇല്ല. ഇടക്കൊക്കെ കണ്ണുകളടച്ച് ഓർമ്മകൾ അയവിറക്കുവാനും, ഉറക്കത്തിനു മുൻപുള്ള മയക്കത്തിനിടയിൽ ബോധ മനസ്സിന്റെ ചിന്തകളൊക്കെയും, ഉറക്കത്തോടെ സ്വപ്നങളായി മാറുന്നതുമൊക്കെ ഇത്തരം യാത്രകളിലാണ്.

ഹൈറേഞ്ചിലേക്കുള്ള പാതിരാത്രിയിലെ ആനവണ്ടി യാത്രകൾ എനിക്ക് ഒരു ഹരമാണ്. കണ്ണകളടച്ച് ഇരുന്നാൽ പോലും, സാരഥിയുടെ കൈകാൽ ചലനങൾക്ക് അനുസരിച്ച് യന്ത്രത്തിനുണ്ടാകുന്ന ശബ്ദ വ്യതിയാനങളിലൂടെ കയറ്റവും, ഇറക്കവും, സമതലവും, പിന്നെ നമ്മെ മറികടന്നു പോകുന്നതും, എതിരെ വരുന്നതുമായ വഹനങളുമൊക്കെ തിരിച്ചറിയാം. ഈ യന്ത്ര മുരക്കങളെ ഒക്കെ മറികടന്ന് കാറ്റും, ജലപാതങളും, ചീവീടുകളും ഒക്കെ പാതി മയക്കത്തിൽ പോലും നമ്മുടെ കർണ്ണപടങളിലേക്ക് എത്തും. ആനവണ്ടി മലകയറാൻ തുടങുമ്പോൾ തണുപ്പിനെ പ്രതിരോധിക്കാൻ ജനലുകൾ അടക്കുന്നതോടെ പ്രകൃതി നാദങളൊക്ക ഒഴിഞ്ഞു നിൽക്കും. പിന്നെ പൂട്ടിയ മിഴികൾ തുറന്നിരുന്നാൽ മങിയും, തെളിഞ്ഞും ലക്ഷ്യസ്ഥാനം വരെ കരിവഴികൾക്ക് ഇരുവശവും ഓടിയടുക്കുന്ന നാടുകളും, വീടുകളും, കെട്ടിടങളും, മേടുകളും, മരങളും കണ്ടു കൊണ്ടിരിന്ന്, ഉറക്കത്തിലേക്ക് കൂപ്പുകുത്താം.

ഉറക്കത്തിലേക്ക് കൂപ്പുകുത്തിയ ഞങൾ ഉണരുന്നത് അടിമാലിയിൽ എത്തിയപ്പോഴാണ്. നേര്യമംഗലം പാലവും, ചീയപ്പാറ വെള്ളച്ചാട്ടവും, വാളറകുത്തും കാണാണമെന്ന് ആഗ്രഹിച്ചെങ്കിലും, ജനലുകൾ പൂട്ടി, വിളക്കുകൾ അണച്ച് ഉറക്കത്തിനുള്ള എല്ലാ സാഹചര്യവും ഒരുക്കി യുള്ള യാത്രയിൽ ഞങളും ഗാഡ നിന്ദ്രയിലായിരുന്നു. അടിമാലിയിൽ ഇറങി ഞങളുടെ ബസ്സിന്റെ ഒരു ചിത്രം പകർത്തി, ഒരു ചായയും കുടിച്ച് ആനച്ചാൽ വഴി മൂന്നറിലേക്ക് യാത്ര തുടർന്നു…. ഇരുട്ടുകാനം മുതൽ തണുപ്പും, ആനച്ചാൽ മുതൽ തേയിലയുടെ ഗന്ധവും ഇന്ദ്രിയങളെ കീഴ്പെടുത്തി തുടങിയെങ്കിലും വിണ്ടും ഉറക്കത്തിലേക്ക് പോയ ഞങൾ ഉണരുന്നത് മൂന്നാർ എത്തിയപ്പോഴാണ്. 4 മണിക്കൂറും, 20 മിനിട്ടും നീണ്ട ബസ്സു യാത്ര കഴിഞ്ഞ് മഴയിൽ കുതിർന്ന, തണുത്തുറഞ്ഞു നിൽക്കുന്ന മൂന്നാറിൽ, രാവിലെ 5:50ന് ഞങൾ ബസ്സിറിങി..

മൂന്നാറിൻറ്റെ മണ്ണിലേക്ക് കാലുകുത്തും മുൻപേ, വാതിലിലൂടേ ബസ്സിലേക്ക് തല നീട്ടി നമ്മെ സ്വീകരിക്കുന്നത്, ഓട്ടോ, ജീപ്പ് സാരഥികളും, പിന്നെ ഹോട്ടൽ, റിസോർട്ട്, ഹോം സ്റ്റേ ഏജൻറ്റുമരും ആയിരിക്കും. അതിരാവിലെ മൂന്നാർ എത്തുന്ന തിരുവനന്തപുരം – മൂന്നാർ മിന്നലും, തിരുവന്തപുരം – മാട്ടുപെട്ടി സൂപ്പർ ഫാസ്റ്റും ഒന്നിനു പുറകെ ഒന്നായി മൂന്നാർ എത്തുമ്പോൾ ഇരപിടക്കാൻ തയ്യാറായി നിൽക്കുന്ന ഇക്കൂട്ടരിൽ നിന്നും രക്ഷപെടാൻ ഇത്തിരി പ്രയാസമാണ്. റൂം സാർ, ഓട്ടോ സാർ, ജീപ്പ് സാർ എന്നു പറഞ്ഞു നിൽക്കുന്നവരെ, നമുക്ക് ഇതൊന്നും ആവിശ്യമില്ല എന്നു പറഞ്ഞു കടന്നു പോകാൻ ശ്രമിച്ചാൽ, എന്നാൽ പിന്നെ നമ്മൾ എങോട്ടാണ് പോകുന്നത് എന്ന് അവർക്ക് അറിയണം.

ഞാൻ സാധാരണയായി പയറ്റുന്ന സൂത്രം ഉഡുമൽ, അല്ലെങ്കിൽ ബോഡിമെട്ട് ആണ് ലക്ഷ്യം എന്നു പറയും. ഇത്തവണ ഞങൾ വന്ന ആനവണ്ടിയെ കാത്ത് ഉഡുമൽ ആനവണ്ടി കിടക്കുന്നത് ശ്രദ്ധയിൽ പെട്ടതു കൊണ്ട് ലക്ഷ്യം ബോഡിമെട്ട് ആണെന്നു പറഞ്ഞു. മറുപടി ഉടനെ കിട്ടി പോണ്ട സാർ അവിടെ റോഡ് ഇടിഞ്ഞ് ഗതാഗതം ഇല്ല. മൂന്നാറിൽ തന്നെ നമ്മെ പിടിച്ചു നിർത്താനുള്ള അവരുടെ അവസാന ശ്രമം. തനിക്കു കിട്ടിയില്ലെങ്കിലും കൂട്ടത്തിൽ ഒരാൾക്ക് കിട്ടിയേക്കും എന്ന പ്രതീക്ഷയോടെ ഉള്ള അടവു പ്രയോഗം.

മൂന്നാർ മാർക്കറ്റിനു അടുത്തു നിന്നും, മാട്ടുപ്പെട്ടി വഴിയിലേക്കുള്ള നടപ്പാലത്തിനു അടുത്തുള്ള ചായക്കടയിൽ ഞങൾ എത്തി. ഇവിടെ ആണ് ഓട്ടോ, ജീപ്പ് സ്റ്റാൻറ്റ്. ഇവിടേയും മുൻ പറഞ്ഞ കാര്യങൾ ആവർത്തിച്ചു കൊണ്ടിരിക്കും. അതിരാവിലെ പ്രവർത്തനവും, തിരക്കും തുടങുന്ന ചായക്കടയിൽ നാലര മുതൽ നല്ല ചൂടു വടയും, നല്ല രസികൻ ചായയും കിട്ടും. അതിനടുത്തു തന്നെ ശൗചാലയ സൗകര്യവും ഉണ്ട്. ചായയും കുടിച്ച് പ്രഭാത കൃത്യങൾ പൂർത്തിയാക്കി ഞങൾ അടുത്ത യാത്രക്കൊരുങി. ദേവികുളം വഴിയിലെ ബസ് സ്റ്റോപ്പ് ആണ് ലക്ഷ്യം, ചായക്കടയിൽ ചായ കുടിക്കാൻ വന്ന ആനവണ്ടി കണ്ടക്ടറോട് സൂര്യനെല്ലി ബസ്സ് സമയം അന്വേഷിച്ചിരുന്നു.

പ്രളയത്തിൻറ്റെയും, കൊത്തൊഴുക്കിൻറ്റെയും അടയാളങൾ ഇപ്പോഴും കാണുന്ന നടപ്പാലം കടന്നു ചെല്ലുന്നത് മാട്ടുപെട്ടി വഴിയിലേക്കാണ്. ബസ്സ് ഇറങിയപ്പോൾ നമ്മെ സമീപിച്ചവർ അടക്കം പുതിയ ചിലർ കൂടി, പാലം കടന്നാൽ ഉടൻ നമ്മെ വരവേൽക്കും. ഇവിടെ മുൻ ചോദ്യങൾ ആവർത്തിക്കും, കൂടാതെ മാട്ടുപ്പെട്ടി, ടോപ്സ്റ്റേഷൻ, വട്ടവട തുടങിയ സ്ഥലപ്പേരുകൾ കൂടി അവർ ചേർക്കും. ഞങൾ ബോഡിക്കാണെന്നു പറഞ്ഞു നടപ്പു തുടർന്നു.

ദേവികുളം റോഡിലെ ബസ്സ് സ്റ്റോപ്പിൽ എത്തുമ്പോൾ മുൻപരിചയക്കാരും, ദേവികുളം റോഡിലെ പുതുമുഖങളും, ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ നമുക്ക് അടുത്തുവരും, ചോദ്യങൾ ആവർത്തിക്കപ്പെടും, കൂടാതെ ദേവികുളം, ഗ്യാപ്പ് റോഡ്, കൊളുക്കുമല എന്ന സ്ഥലപ്പേരുകൾ കൂടി ചേർക്കപ്പെടും. ഇവിടെ നമ്മൾ കുടുങും…. ബോഡിക്കാണെന്നു പറഞ്ഞപ്പോൾ അവിടെ മലയിടിച്ചൽ ആണെന്നും, 2-3 ദിവസമായി ബസ്സുകൾ ഒന്നും വരുന്നില്ല എന്നും അതിഥി വേട്ടക്കാരിൽ നിന്നും അറിയിപ്പു കിട്ടി. സൂര്യനെല്ലിക്കാണെന്നു പറഞ്ഞപ്പോൾ ബസ്സേ ഇല്ലെന്നു പറഞ്ഞു. ഇതൊക്കെ ഒന്നോ – രണ്ടോ പേർ അല്ല പറയുന്നത്, നമ്മെ സമീപിക്കുന്ന ഏവർക്കും ഒരേ രീതി, ഒരേ അഭിപ്രായം, ഒരേ തുക,. എല്ലാം നമ്മെ സഹായിക്കാൻ അണെന്ന ഭാവവും.

അല്പ സമയം കഴിഞ്ഞപ്പോൾ തേനിയിൽ നിന്നും വരുന്ന ആനവണ്ടി ഞങൾ നിന്നിരുന്ന സ്റ്റോപ്പിനു മുൻപിലെ സ്റ്റാൻറ്റിൽ എത്തി ആളെ ഇറക്കി. അതിനു ശേഷം മല ഇടിച്ചൽ പറഞ്ഞവർ അകന്നു നിന്നു. ബസ്സ് കാത്തിരിപ്പിനിടയിൽ മലപ്പുറത്തു നിന്നുള്ള ആഷിക്കിനേയും, ഇർഫാനേയും, അനശ്വരിനേയും പരിചയപ്പെട്ടു. അവരും ഞങളെപ്പോലെ നീലക്കുറിഞ്ഞി വസന്തം തേടി ഇറങിയവർ. കൊളുക്കുമല ജീപ്പ് സഫാരിയുടെ ആളൊന്ന് ചിലവു കുറക്കാൻ ഞങൾ ഒരു ടിം ആയി. ഒരു നാൽവർ സംഘത്തെ കൂട്ടു കിട്ടുമെന്ന പ്രതീക്ഷയോടെ തന്നെയാണ് ഞങളേപ്പോലെ അവരും യാത്ര തിരിച്ചിരിക്കുന്നത്. പുതുതായി ഞങളെ സഹായിക്കാൻ സമീപിച്ചവരോട് ഞങൾ 7 പേരുണ്ടെന്നു പറഞ്ഞു. ഒരു ജീപ്പിൻറ്റെ. സാരഥി 600 രുപക്ക് സൂര്യനെല്ലിയിൽ എത്തിക്കാൻ കുറവു നിരക്ക് അനുവദിച്ചു. എന്തായാലും 7 മണിക്കുള്ള ആനവണ്ടി എത്തിയില്ലെങ്കിൽ മറ്റു മാർഗ്ഗങൾ നോക്കാം എന്ന തിരുമാനത്തിൽ ഞങൾ 7 പേരും സംസ്ഥാന വാഹാനം മതിയെന്ന് ഉറച്ചു നിന്നു..

എടുക്കുന്ന തിരുമാനം ഉറച്ചതാണെന്നു ഇക്കൂട്ടർക്ക് ബോധ്യപ്പെട്ടാൽ അടവു തന്ത്രങൾ മാറ്റി പ്രയോഗിക്കും, സ്റ്റോപ്പിലെ മറ്റു യാത്രക്കാരിൽ ചിലർ നമുക്ക് അരുകിൽ എത്തി വിശേഷങൾ തിരക്കും, അതു കഴിഞ്ഞ് നമ്മുടെ ലക്ഷ്യ സ്ഥാനത്തേക്ക് ബസ്സില്ല എന്നു പറയും, ജീപ്പ് വിളിച്ചാൽ ഞാൻ കൂടി എന്നു പറഞ്ഞു കയറാൻ കാത്തിരിക്കുന്നവരാണ് ഇക്കൂട്ടർ. ഇതു കൂടാതെ നാടകീയമായ പല ചർച്ചകളും നമുക്ക് അരികിൽ അരങേരും. മണ്ണിടിച്ചലിൻറ്റെ വ്യാപ്തി, ഗ്യാപ്പ് റോഡിൻറ്റെ അപകടാവസ്ഥ, സൂര്യനെല്ലിയിലേക്കുള്ള ഗതാഗത പ്രശ്നങൾ, വൈകിയാൽ കൊളുക്കുമലയിലെ തിരക്ക്…. തുടങി നമ്മെ വലയിലാക്കാൻ ഉതകുന്ന ചർച്ചകൾ മുറുകും. ഇതിനിടയിൽ കളവു പരിശീലിച്ചിട്ടില്ലാത്ത, ബസ്സ് സ്റ്റോപ്പിൽ കാത്തു നിൽക്കുന്ന സ്കൂൾ കുട്ടികളോട് 7 മണിക്കുള്ള ബസ്സിനെ കുറിച്ച് ഞാൻ അന്വേഷിച്ചു. സൂര്യനെല്ലി ബസ്സ് കാത്താണ് അവരും നിൽക്കുന്നത്. ചിന്നക്കനാൽ സ്കൂളിൽ പഠിക്കുന്ന കുട്ടികളാണ് യൂണിഫോമും, അതിനു മുകളിൽ ചൂടു കുപ്പായവും ഒക്കെ ധരിച്ച്, ബസ്സ് കാത്ത് നിന്നിരുന്നത്

കുതന്ത്രങളുടെ പരിശിലന കളരിയിൽ കാത്തു നിൽക്കുമ്പോൾ ചുവപ്പും, മഞ്ഞയും നിറത്തിൽ ഒരു രക്ഷകനെപ്പോലെ സൂര്യനെല്ലിയിലേക്കുള്ള ആനവണ്ടി ഞങൾക്കരുകിലേക്ക് ഓടിയെത്തി. സൂര്യനെല്ലിക്ക് ആളൊന്നിനു 24/- രൂപയുടെ ടിക്കറ്റും എടുത്ത് ഞങൾ സ്വസ്ഥമായി ആനവണ്ടിയുടെ ചാരു കസേരയിൽ ഇരുന്നു. കൂട്ടിന്ന് കലപില കൂട്ടി തമിഴ് കലർന്ന മലയാളത്തിൽ കളി ചിരി വർത്തമാനങളുമായി ചിന്നക്കനാൽ സ്കൂളിലെ കുട്ടികളും.

ദേവികുളം റോഡിൻറ്റെ തുടക്കം മുതൽ മണ്ണിടിച്ചിലിൻറ്റെ ഭീകര കാഴ്ച്ചകളാണ്. ഈ വഴിയിലാണ് മൂന്നാർ മേഖലയിൽ ഏറ്റവും കൂടുതൽ മണ്ണിടിച്ചലുകൾ ഉണ്ടായത്. മൂന്നാർ – ദേവികുളം – പൂപ്പാറ റോഡ് വികസനത്തിൻറ്റെ പണികൾ നടക്കുന്നതിനാൽ യന്ത്രക്കൈകൾ വെച്ച് കാർന്നെടുത്ത മലഞ്ചെരുവുകൾ മണ്ണിടിച്ചലിന് ആക്കം കൂട്ടി. ഈ വഴിയിലാണ് ഇടുക്കിയിലെ തന്നെ ഏറ്റവും വലിയ മണ്ണിടിച്ചലുകളിൽ ഒന്നുണ്ടായത്. മൂന്നാർ ഗവ. കോളേജിൻറ്റെ ഉദ്ഘാടനം കാത്തു നിന്ന ഹോസ്റ്റൽ കെട്ടിടവും, കോളേജ് കെട്ടിടങളും താഴേക്ക് ഒഴുകിപ്പോയി. ഒരു മലഞ്ചെരിവു തന്നെ താഴെ ഒഴുകുന്ന ആറിലേക്ക് കുത്തിയൊലിച്ചു.

നാലു വരി പാതയുടെ വീതിയിലാണ് ദേവികുളം റോഡ് പുതുക്കി പണിയുന്നത്. മലയിടിച്ചിലുകളും, കറുത്ത ടാർ പുരണ്ട വഴിയാകെ ചുവന്ന നിറത്തിൽ ഒഴുകി കിടക്കുന്ന കുറുക്കച്ചെളിയും, മൂന്നാർ – ദേവികുളം – ഗ്യാപ്പ് റോഡ് യാത്രയുടെ സ്വഭാവിക സൗന്ദര്യം നശിപ്പിച്ചിരിന്നു. ദേവികുളവും കഴിഞ്ഞ് ആനവണ്ടി ഗ്യാപ്പ് റോഡ് മുരണ്ട് കയറാൻ തുടങിയപ്പോൾ കോടമഞ്ഞു പുതച്ച തേയില തോട്ടങൾ കാഴ്ച്ചക്ക് ഇമ്പമേകി. റോഡ് റോളറുകളും, ജെസിബി കളും, വലിയ ടിപ്പർ ലോറികളും ഗ്യാപ്പ് റോഡിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇതൊക്കെ ആസ്വാദനത്തെ കാര്യമായി ബാധിക്കുന്നുണ്ടായിരുന്നു. ഗ്യാപ്പ് റൊഡിനു മുകളിൽ നിന്നും ലോക്ക്ഫാർഡ് തേയില മലമടക്കുകൾ കോടമഞ്ഞിൻ പശ്ചാത്തലത്തിൽ നല്ല കാഴ്ച്ച ആയിരുന്നു.. ഗ്യാപ്പ് റോഡ് ഗ്യാപ്പ് കടക്കും നേരം, വലതു വശത്തു നിന്നും ചൊക്ര മുടിയിലേക്കുള്ള വഴി സന്ദർശകരെ വിലക്കി വലിയ ബോർഡും, നിയന്ത്രണ വേലിയും സ്ഥാപിച്ചിരിക്കുന്നു.

ലോക്ക് ഹാർഡ് ഗ്യാപ്പ് കഴിഞ്ഞാൽ ഗ്യാപ്പ് റോഡ് അതി ഭീകരമാണ്. റോഡ് എന്നു പറയുക അസാധ്യം. വഴി നീളെ വെള്ളപ്പാച്ചിലുകളും, ചെളിക്കുഴികളും, പിന്നെ റോഡിനു ഇടതു വശമുള്ള പാറക്കൂട്ടങൾ പൊട്ടിച്ച് വഴിക്ക് വീതികൂട്ടുന്നതിനാൽ നിറയെ പാറക്കല്ലുകളും. ഹിമാലയൻ റോഡുകളെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള വഴിയാണ് പിന്നിട് അങോട്ട് ചിന്നക്കനാൽ പവർ ഹൗസ് വരെ. റൊഡിനു വലതു വശം കണ്ണെത്താ താഴ്ച്ചയിൽ താഴ്വര. ഇടതു വശം ഏതു സമയവും നിലം പതിക്കാൻ ഇടയുള്ള കരിമ്പാറ കൂട്ടങൾ, വഴിയാകെ പാറക്കഷണങളും, ചെളിയും, വെള്ളപ്പാച്ചിലുകളും, വെള്ളക്കെട്ടുകളും. 3-4 കിലോ മീറ്റർ ദൂരം ശ്വാസം അടക്കിപ്പിടിച്ചിരുന്ന് യാത്ര ചെയ്യാം.

ആനവണ്ടി ചിന്നക്കനാൽ എത്തി സ്കൂൾ കുട്ടികൾ ഇറങിയപ്പോൾ കാലിയായി, 8:30 നു മുൻപ് ഞങൾ സൂര്യനെല്ലിയിൽ കാലുകുത്തി. സൂര്യനെല്ലിയിൽ എത്തും മുൻപെ ഞങാളുടെ സംഘ ബലം എട്ടായി ഉയർന്നു. മലപ്പുറത്തു നിന്നും ഒറ്റായാനയി വന്ന ഡാനിഷും ഞങളോടൊ പ്പം ചേർന്നു. ബസ്സിറങിയപ്പോൾ തന്നെ ജീപ്പു സാരഥികൾ ഞങളെ സമീപിച്ചു തുടങി. ഇവിടെ മൂന്നാറിനോളം കുതന്ത്രങളില്ല. മൂന്നാറിനോട് മത്സരിച്ചിരുന്ന ഒരു കാലം സൂര്യനെല്ലിക്കും ഉണ്ടായിരുന്നു. പരിചയമില്ലാത്ത സഞ്ചാരികളെ പിഴിയുന്നവർ ഇവിടേയും ഉണ്ടായിരുന്നു. ഇപ്പോൾ പൂർണ്ണമായും ഇല്ലാതായി എന്നു പറയാൻ കഴിയില്ല. എന്നിരുന്നാലും നന്നേ കുറഞ്ഞു. ഡി ടി പി സി കൊളുക്കു മല യാത്ര ഏറ്റെടുത്ത ശേഷം ജീപ്പു സാരഥികളുടേയും, ഗൈഡുകളുടേയും കുതന്ത്രങൾ നടക്കാതെ ആയി. ചില ഇരകൾ ഒക്കെ ഇപ്പോഴും അവരുടെ വലയിൽ അകപ്പെടാറുണ്ട്.

പ്രാതൽ കഴിച്ചതിനു ശേഷം പറയാമെന്ന് പറഞ്ഞ് എല്ലാവരെയും ഒഴിവാക്കി, കാരണം സൂര്യനെല്ലിയിൽ എത്തിയാൽ ‘മത്തിയാൻ’ എന്നറിയപ്പെടുന്ന നന്ദു ചേട്ടനാണ് എപ്പോഴും ഞങളുടെ സാരഥി. പക്ഷെ വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല. പ്രാതൽ കഴിഞ്ഞ് ഒരു വിളി കൂടി കഴിഞ്ഞു മറ്റ് ആരെയെങ്കിലും നോക്കം എന്നു കരുതി. പ്രാതലിനിടയിലും നന്ദു ചേട്ടനെ വിളിച്ചു നോക്കി കിട്ടിയില്ല. പ്രാതൽ കഴിച്ച് ഹോട്ടലിനു പുറത്ത് ഇറങിയപ്പോൾ ഞങളെ കാത്ത് ഒരു ചെറുപ്പക്കാരൻ സാരഥി കാത്തു നിൽക്കുന്നുണ്ടായിരുന്നു. എത്രപേർ സാർ എന്ന അയാളുടെ ചോദ്യത്തിനു മറുപടി ആയി ഞാൻ നന്ദു ചേട്ടനെ അന്വേഷിച്ചു. സൂര്യനെല്ലിയിലും, കൊലുക്കുമലയിലും മുൻപരിചയം ഉണ്ടെന്ന് അറിയിക്കലായിരുന്നു എൻറ്റെ ലക്ഷ്യം. അതിനു ഫലം കണ്ടു, നന്ദു ചേട്ടൻ ഇന്നു സഫാരി പോകാത്തുതു കാരണം ആയിരിക്കും ഫോൺ ഓഫ് ആക്കിയിരിക്കുന്നത് എന്ന് ആ ചെറുപ്പാക്കരൻ പറഞ്ഞു. പകരം ഞാൻ വരാം, ഡി ടി പി സി യിൽ 2000/- രൂപ അടക്കണം, കൂടുതൽ ആയി ഒന്നും വേണ്ടാ എന്നും, രാജു എന്ന പേരുള്ള ആ ചെറുപ്പക്കാരൻ പറഞ്ഞു.

ഡി ടി പി സി കൗണ്ടറിൽ എല്ലാ അംഗങളുടേയും പേരും, വിലാസവും എഴുതി കൊടുത്ത് 2000/- രൂപ അടച്ചു. ആ കെട്ടിടത്തിനു പുറത്ത് 3-4 സ്ഥലങളിൽ കൊളുക്കുമല യാത്രക്ക് 2000/- രൂപ എന്ന് എഴുതി വെച്ചിട്ടുണ്ട്. കൗണ്ടറിനു സമീപമുള്ള ചെക്ക് പോസ്റ്റ് ഞങൾക്കായി ഉയർത്തി തന്നു. അടുത്ത ലക്ഷ്യം ഹാരസൺ കമ്പിനിയാണ്. അവിടെ ജീപ്പിൻറ്റെ സാരഥികൾക്ക് അനുവാദം തേടണം, ഒപ്പു വെക്കണം. ഹാരിസൺ തേയില തോട്ടങളിലൂടെ ആണ് കൊളുക്കുമല യാത്ര. ആദ്യ 4-5 കീ. മീ ദൂരം അധികം പരിക്കുകൾ പറ്റാത്ത ടാർ പുരണ്ട വഴിയാണ്. അപ്പർ സൂര്യനെല്ലി മുതൽ പാറക്കല്ലുകൾ പതിച്ച വഴിയും. ഞങളുടെ സാരഥി തനിക്കറിയാവുന്ന കര്യങളും, അറിവുകളും ഞങൾക്കായി പങ്കുവെയ്ച്ചുകൊണ്ടാണ് വാഹനം ഓടിക്കുന്നത്. ഞങളുടെ വാഹനം ടാർ പുരണ്ട വഴിയിൽ നിന്നും പാറക്കല്ലുകൾ നിറഞ്ഞ ഓഫ് റോഡ് നിലവാരത്തിലെ വഴിയിലേക്ക് കയറിയതു മുതൽ, വാഹനം ഓടിക്കുന്നതിൽ മാത്രമായി രാജുവിൻറ്റെ ശ്രദ്ധ. എന്നാലും ഞങളുടെ ചോദ്യങൾക്ക് ഒക്കെ അയാൾ മറുപടി തന്നിരുന്നു.

പാറക്കല്ലുകൾ നിറഞ്ഞ ഓഫ് റോഡ് യാത്ര ആകെ കുലുങി മറിഞ്ഞാണ് പോകാൻ കഴിയുക, എന്നാലും ഇപ്പോൾ പഴയ കാല കൊളുക്കുമല യാത്രയെക്കാൾ വളരെ അധികം മെച്ചപ്പെട്ടിണ്ടു. കയറ്റം കയറി ചെല്ലുന്ന ഞങളുടെ വാഹനത്തിനു, മല ഇറങി വരുന്ന വാഹനങൾ നിറുത്തിയും, ഒതുക്കിയും, എല്ലാവിധ ഗതാഗത മര്യാദകളും പാലിച്ചു കൊണ്ടാണ് എല്ലാ സാരഥികളും വാഹനം ഓടിക്കുന്നത്. ചില ഇടങളിൽ കയറ്റം കയറി ചെല്ലുന്ന വാഹനങൾ നിറുത്തി ഒതുക്കി കൊടുക്കേണ്ടി വരും. കാര്യങൾ എന്തായാലും പല താളത്തിൽ നീട്ടി അടിക്കുന്ന ഫോണിലൂടെ വിളിച്ചു പറഞ്ഞ് അവർ തടസ്സങളില്ലാതെ വാഹനങൾ ഓടിക്കുന്നു.

കൊളുക്കുമല എസ്റ്റേറ്റ് തുടങുന്ന ഇടത്ത് കുരിശു പള്ളിക്ക് സമീപം ഇപ്പോൾ ഒരു പ്രവേശന കവാടം ഒരുക്കിയിട്ടുണ്ട്. കൊളുക്കുമല പ്രവേശനത്തിനും, ലോകത്തിലെ ഏറ്റവും ഉയരത്തിലെ തേയില തോട്ടവും, പരമ്പരാഗത രീതിയിൽ തേയില തയ്യാറക്കുന്ന ഫാക്ടറിയും, നീല്ലക്കുറുഞ്ഞി വസന്തവും കാണുന്നതിനായി ഒരാൾക്ക് 100/- രൂപ എന്ന കണക്കിൽ പാസ്സ് എടുക്കണം. സമുദ്ര നിരപ്പിൽ നിന്നും 7900 ൽ കൂടുതൽ അടി ഉയരത്തിലാണ് ഇവിടുത്തെ തേയില തോട്ടങളും, 1930 ൽ സ്ഥാപിതമായ തേയില ഫാക്ടറിയും സ്ഥിതി ചെയ്യുന്നത്. കേരള അതിർത്തിയോട് ചേർന്ന് തമിഴ്നാടിൻറ്റെ ഭാഗമാണ് കൊളുക്കമലയും, ഫാക്ടറിയും. കോളുക്കുമലയുടെ കിഴക്കു ഭാഗമുള്ള മല നിരകൾ തമിഴ്നാടിൻറ്റെ ഭാഗമായുള്ള ടോപ്പ് സ്റ്റേഷനും, താഴവാരം കോട്ടഗുഡിയും, കോറിങിണിയും. സമതലങളിലേക്ക് നോക്കുമ്പോൾ കാണുക ബോഡിനായ്ക്കന്നൂരും, ദൂരക്കാഴ്ചയിൽ തേനി ജില്ലയുടെ ഭാഗങളു മാണ്.

കൊളുക്കുമലയിൽ എത്തിയപ്പോൾ നല്ല തെളിഞ്ഞ കാലാവസ്ഥ ആയിരുന്നു. കൊളുക്കുമലയിൽ നിന്നും മീശപ്പുലി മലിയിലേക്ക് പോകുവാൻ കഴിയുമായിരുന്നു. കൊറിങിണി കാട്ടു തീ അപകടത്തിനു ശേഷം മീശപ്പുലിമല യാത്ര അനുവദിക്കുന്നില്ല. മാത്രമല്ല കേരളത്തിൻറ്റെ ഭാഗമായ മീശപ്പുലിമല ഭരിക്കുന്ന കേരള ഫോറസ്റ്റ് ഡവലപ്പ്മെൻറ്റ് കോർപ്പറേഷൻ, കൊളുക്കമലയിൽ നിന്നും മീശപ്പുലി മലയിലേക്കുള്ള അതിർത്തി കടന്നെത്തുന്നവർക്ക് വിലക്ക് കല്പിച്ച് പിഴ ചുമത്താറുണ്ട്. മീശപ്പുലിമലയിൽ പോകുവാൻ ഏറ്റവും സുരക്ഷിത മാർഗ്ഗം, മൂന്നാറിൽ നിന്നും കേരള ഫോറസ്റ്റ് ഡവലപ്പ്മെൻറ്റ് കോർപ്പറേഷൻ നടത്തുന്ന മീശപ്പുലിമല പാക്കേജ് ആണ്. തേയില ഫാക്ടറിയിലേക്ക് പോകു വഴി മീശപ്പുലി മലയിലേക്കുള്ള ഒറ്റയടിപ്പാത ഇപ്പോഴും തെളിഞ്ഞു കാണാം. സഞ്ചാരികൾ ഒരുപാട് കയറി ഇറങിയ ഒറ്റയിടി പാതയിലേക്ക് പുമേട് വളർന്ന് മൂടാൻ ഇനിയും കാലമേറെ കഴിയണം.

കൊളുക്കുമലയിലേക്കുള്ള പ്രവേശന വാതിൽ കടന്ന ഞങൽ ആദ്യം പോയത് നീലക്കുറിഞ്ഞി താഴവരയിലേക്കാണ്. കൊളുക്കുമലയിൽ സൂര്യോദയ കാഴ്ച ലഭിക്കുന്ന മുനമ്പിലൂടെ പോകുമ്പോൾ ദൂരെ മലഞ്ചെരുവിൽ നീലക്കുറിഞ്ഞി വസന്തം കാണാം. ടീ ഫാക്ടറി വഴിയിൽ നിന്നും അല്പം കൂടി ജീപ്പ് മാർഗം തന്നെ പോകാം അതിനു ശേഷം ഒരു 200 മീറ്റർ ദൂരം കുത്തനെയുള്ള കയറ്റം നടന്നു കയറം. നടന്നു കയറുന്നത് ഒരു മലമുകളിലെ മുനമ്പിലേക്കാണെന്ന് നമുക്ക് മനസ്സിലാകും. ഞങൾക്ക് മുൻപേ പോയവർ മുനമ്പിലെത്തി നീലക്കുറിഞ്ഞി വസന്തം കണ്ട് സന്തോഷത്തോടെ കൂകി വിളിക്കുന്നതു കേട്ടപ്പോൾ മലകയറ്റത്തിനു ഉത്തേജകമായി. മുനമ്പിലേക്ക് എത്തും മുൻപേ പൂത്തുലഞ്ഞ നീലക്കുറിഞ്ഞി ചെടികളുടെ സാന്നിദ്ധ്യം കണ്ടു തുടങി. നടപ്പു വഴികളുടെ വശങളിലുള്ള പൈൻ മരങൾക്ക് പുറകിലായി ചെറു കൂട്ടങൾ, മുനമ്പിൽ എത്തിയപ്പോൾ താഴ്വരയാകെ നീല പുതച്ചു നീലക്കുറിഞ്ഞി വസന്തം.

കൈവരികൾ കെട്ടി സുരക്ഷിതമാക്കിയ മുനമ്പിൽ നിന്നും അല്പം താഴേക്ക് ഇറങിയാൽ നീല പുതച്ച മലഞ്ചെരിവ് മുക്കാലും കാണാം. മുഴുവനായി കാണണമെങ്കിൽ കുറച്ചു കൂടി താഴേക്ക് ഇറങണം. അപകട സാധ്യത ഉള്ളതുകൊണ്ട് മുന്നറിയിപ്പു നൽകുന്നതിനായി അവിടെ രണ്ടു നോട്ടക്കാരെ നിയമിച്ചിട്ടുണ്ട്. മലമുകളിലെ ചേങണ പുല്ലിലും, പതിറ്റാണ്ടുകളുടെ വേരു ബലമുള്ള നീലക്കുറിഞ്ഞി ചെടികളിലും പിടിച്ച് താഴേക്ക് ഇറങിയാൽ കുറിഞ്ഞി വസന്തം നീല പുതപ്പിച്ച മലഞ്ചെരിവിൻറ്റെയും, മലയിടുക്കുകളുടേയും പരമാവധി കാഴ്ച്ച നമുക്ക് ലഭിക്കും. സുരക്ഷിത സ്ഥാനങളിൽ നിന്നും വേണം ചിത്രങൾ പകർത്താൻ.

ഞങൾ എത്തിയപ്പോൾ നല്ല തെളിഞ്ഞ അന്തരീക്ഷമായിരുന്നു. ചിലപ്പോഴൊക്കെ കാറ്റിനൊപ്പം കോടമഞ്ഞും നീൽക്കുറിഞ്ഞി പൂത്തുലുഞ്ഞ മലനിരയ തഴുകാനെത്തും, ചിലപ്പോഴൊക്കെ ഞങളും കോടമഞ്ഞിൽ കുളിച്ച്, മങിയ വെളിച്ചത്തിൽ, ഇളം നീല പ്രകൃതിയിൽ ലയിച്ചു ചേർന്നു. മലമുകളിലെ നല്ല തണുത്ത മാരുത സ്നേഹം അനുഭവിച്ച്, തണുത്ത് വിറച്ച് നിന്ന് നീല വസന്തം ആസ്വദിക്കാം. മലമുകളിലെ ആകാശ മുനമ്പിൽ നിന്നും താഴേക്ക് നോക്കുമ്പോൾ കോടമഞ്ഞ് ഒഴിഞ്ഞിടത്തൊക്കെ, കടും പച്ചപ്പിൻറ്റെ, ഇരുണ്ട പാറക്കെട്ടുകളുടെ പശ്ചാത്തലത്തിൽ കുറിഞ്ഞി വസന്തം പ്രകൃതിയിൽ ഉദിച്ചു നിൽക്കും. കണ്ണെത്താ താഴ്ച്ചയിൽ കൊറിങിണിയും, ദൂരെ ബോഡിയുടേയും, തേനിയുടേയും സമതലങളും, കോടമഞ്ഞിൻറ്റെ തിരശീല നീങുമ്പോൾ കാഴ്ച്ചയിൽ തെളിഞ്ഞു വരും. ചിലപ്പോഴൊക്കെ കാറ്റിനൊപ്പം പറന്നകലുന്ന കോടമഞ്ഞിൻ പുറകിൽ ഒളിക്കും.

കുറിഞ്ഞി താഴവര കാണുമ്പോൾ ആ മല നിരയാകെ, നീലയുടെ നിറഭേദങൾ ചാലിച്ച് ഒരുക്കിയ പ്രകൃതിയുടെ വലിയ കാൻവാസായി മാറുന്നു. പൂവിട്ടതിനും, പൂർണ്ണ വളർച്ചയെത്തിയതും, പിന്നെ വാടിയ പൂക്കൾക്കും നീലയുടെ നിറഭേദമുണ്ട്. പരക്കെ കാഴ്ച്ചയിൽ ആകെ നീല മയം, നമുക്ക് അരുകിലുള്ളവ ചെറു ചുവപ്പു കലർന്ന നീലനിറം, കോഴിയാറായതിനു ചുവപ്പിൻറ്റെ അളവു കൂടും, പൂവിട്ടതിന്ന് ചുവപ്പിൻറ്റെ കലർപ്പ് നന്നെ കുറവാണ്. ഇലകൾ കാണിക്കാതെ പൂമൂടിയ കുറിഞ്ഞികളാണ് അധികവും. കുറിഞ്ഞിയും, ചേങണ പുല്ലുകളും ഇടവിട്ട് വളരുന്ന മലഞ്ചെരുവിൽ കുറിഞ്ഞി പൂക്കൾ നിറഞ്ഞ് ചേങണ പുല്ലുകൾ അതിൽ മറഞ്ഞു പോയിരിക്കുന്നു. ഈ വർഷം വേനലിൽ കാട്ടു തീയിലാകെ കത്തിയമർന്ന മലഞ്ചെരുവുകളിൽ ചാരവും, കരിയും നിറഞ്ഞ് നല്ല വളക്കൂറുള്ള മണ്ണിലാണ് തകർത്തു പെയ്ത മഴയിൽ ചേങണയും, കുറിഞ്ഞിയും നിറഞ്ഞ പുല്മേടുകൾ പുനർജനിച്ചത്. പുല്മേടുകളിലെ മണ്ണിന് കറുത്ത നിറമാണ്, കാട്ടുതീ കരിച്ച പുല്മേടിൻറ്റെ കറുത്ത നിറം.

നീക്കുറിഞ്ഞി വസന്തം കാണാൻ എത്തുന്നവർക്ക് നല്ല കാഴ്ച്ച ഒരുക്കുവാൻ മുനമ്പിലെ പൈനും മറ്റു മരങളും വെട്ടി മാറ്റിയിട്ടുണ്ട്. ആ മരങളുടെ കമ്പും, കോലും ഒക്കെ ഉപയോഗിച്ചാണ് അവിടെ സുരക്ഷക്കായി കൈവരി ഒരുക്കിയിരിക്കുന്നത്. കൊളുക്കുമലയാകെ കോടമഞ്ഞു മൂടിയപ്പോൾ, മഞ്ഞിൽ കുളിച്ചു നിൽക്കുന്ന നീലക്കുറിഞ്ഞി വസന്തം കൺകുളിർക്കെ കണ്ട് ഞങൾ മലയിറങി ജീപ്പിനു അടുത്ത് എത്തി. ഞങൾക്ക് അനുവദിച്ചിരുന്നതിനും കൂടുതൽ സമയ എടുത്തതിൻറ്റെ വൈമനസ്യം ഒന്നും ഞങളുടെ സാരഥി പ്രകടിപ്പിച്ചില്ല. പകരം നീൽക്കുറിഞ്ഞി ആവോളം ആസ്വദിച്ചില്ലേ എന്ന ചോദ്യം മാത്രം. ഞങൾ തിരിച്ചിറങും മുൻപ് അവിടെ നല്ല തിരക്കായി, മറ്റു അഞ്ചു ജീപ്പുകൾ കൂടി ആ മലമുകളിലെത്തി.

ഞങൾ അവിടെ നിന്നും തേയില ഫാക്ടറിയിലേക്ക് തിരിച്ചു. കൊളുക്കുമലയിലെ ഏറ്റവും ഉയരം കുറഞ്ഞ ഭാഗത്താണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. 60 ഓളം കുടുംബങൾ കൊളുക്കു മലയിൽ താമാസിക്കുന്നു . എല്ലാവരും തേയില തോട്ടങളിലും, ഫാക്ടറിയിലുമായി ജോലി ചെയ്യുന്നു. തിങ്കളാഴ്ച്ച ദിവസം അവിടെ അവധിയാണ്. ഞായർ പ്രവൃത്തി ദിവസവും, ഞായറാഴ്ച്ച സന്ദർശകർ അധികമായി എത്തുന്നതുകൊണ്ട്, ഫാക്ടറിയുടെ പ്രവർത്തനങൾ സന്ദർശകർക്ക് പ്രദർശിപ്പിക്കുന്നതിനു വേണ്ടിയാണ് ഞായർ പ്രവൃത്തി ദിവസമാക്കിയത്.

ഫക്ടറിക്ക് മുന്നിലുള്ള കെട്ടിടത്തിൽ നിന്നും സന്ദർശകർക്ക് ഉയരങളിലെ ചായ രുചിക്കാൻ അവസരമുണ്ട്. കോളുക്കുമല പാസ്സ് വാങിയവർക്ക് സൗജന്യമായി നല്ല കട്ടൻ ചായയും, ലെമൺ ചായയും ലഭിക്കും. ഇഷ്ടമുള്ളത് ഒന്ന് സന്ദർശകർക്ക് തിരിഞ്ഞെടുക്കാം. ആകെ കോടമഞ്ഞു മൂടിയ കൊളുക്കുമലയിൽ, ലോകത്തിൽ ഏറ്റവും ഉയരത്തിൽ വളരുന്ന പ്രകൃതി ദത്ത ജൈവ തേയില തോട്ടത്തിൽ, തേയില ഫാക്ടറിക്ക് മുന്നിൽ തണുത്ത് വിറച്ചിരുന്ന്, നല്ല മധുരമുള്ള ചെറുനാരങ ചേർത്ത ചൂട് ചായ നുണഞ്ഞിറക്കാൻ എന്തു രസമായിരുന്നെന്നോ. കോടമഞ്ഞും, തണുത്ത കാറ്റും, ശരീരം വിറക്കുന്ന തണുപ്പും, പിന്നെ ഉയരം കൂടും തോറും രുചിയേറുന്ന ചൂടു ചായയും, നല്ല പ്രകൃതിയുള്ള സഹയാത്രികരുടെ സൗഹൃദവും. ഇത്തരം കൂടിച്ചേരലുകൾ നീലക്കുറിഞ്ഞി വസന്തം പോലെ തന്നെ അപൂർവ്വമായ ഒന്നാണ്.

ചായ കുടിയും അല്പ സമയത്തെ സൊറ പറച്ചിലും കഴിഞ്ഞ് ഞങൾ മടക്ക യാത്ര ആരംഭിച്ചു. മടക്കയാത്രയിൽ ഒരു മലകയറ്റം കൂടി ഉണ്ട്. കൊളുക്ക്മലയിലെ, ഗർജ്ജിക്കുന്ന സിഹത്തിൻറ്റെ ശിരസ്സിൻറ്റെ ആകൃതിയിലുള്ള സിങ്കപ്പാറ. തിരുച്ചുവരുമ്പോൾ കുരിശു പള്ളിക്ക് സമീപം കൊളുക്കുമലക്കു പാസ്സ് നൽകുന്നിടത്തു നിന്നും അല്പം കൂടി മുന്നോട്ട് പോയാൽ സിങ്കപ്പാറയുടെ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. അവിടെ ജീപ്പ് നിറുത്തി ഞാങൾ വീണ്ടും നടപ്പു തുടങി. നടന്നു തുടങുമ്പോൾ തെളിഞ്ഞ ഒരു കാഴ്ച്ച കിട്ടുമെന്ന് ഉറപ്പില്ലായിരുന്നു. തേയില ഫാക്ടറിക്ക് മുന്നിൽ നിന്നും യാത്ര തുടങുമ്പോൾ മുതൽ മൂടി നിന്നിരുന്ന കോടമഞ്ഞ് ഒരിക്കൽ പോലും തെളിഞ്ഞിരുന്നില്ല.

സിങ്കപ്പാറയിലേക്ക് നടന്ന് കയറി ചെല്ലുന്നതും, ഒരു ആകാശ മുനമ്പിലേക്കാണ്. വീതി വളരെ കുറഞ്ഞ മല മുകളിൽ പാറക്കെട്ടുകൾക്ക് ഇടയിലെ ചേങണ പുല്ലുകളെ തഴുകിയും, തലോടിയും ഉയരങളിലേക്ക് എത്തിയപ്പോൾ ലഭിച്ച കാഴ്ച്ച അവർണനീയമാണ്.

സിങ്കപ്പാറയിലേക്ക് നടന്ന് അടുക്കുമ്പോൾ ഇടതു വശം കോറിങിണിയിലേക്കുള്ള കാണ്ണെത്താ താഴ്ച്ച കോടമഞ്ഞു മൂടി അകാശമേട ഒരുക്കിയിരിക്കുന്നു. വലതു വശം നമ്മെ തഴുകി കടന്നു പോകുന്ന കോടമഞ്ഞിന് അടിയിലൂടെ, സൂര്യനെല്ലിയിലെ തേയില ചെടികൾ പച്ചപ്പട്ടു വിരിച്ച മലനിരകൾ കാണാം, പുറകിലേക്ക് തിരിഞ്ഞു നോക്കിയാൽ മീശപ്പുലി മലയും, കൊളുക്കുമലയും അതിരിടുന്ന പാറക്കെട്ടുകളിലേക്ക് തേയില തോട്ടങൾ അരിച്ചു കയറുന്നതു പോലേ തൊന്നും. ഇടതു വശത്തെ താഴ്വാര കാഴ്ച്ചകൾക്കായി ഇടം തിരിഞ്ഞപ്പോൾ ടോപ്പ് സ്റ്റേഷനും, കൊറിങിണിയും കോടമഞ്ഞിനൊപ്പം ഒളിച്ചും, കണ്ടും കളിക്കുന്നതു പോലെ ആയിരുന്നു പ്രകൃതി ഒരുക്കിയ മായക്കാഴ്ച്ചകൾ.

സിങ്കപ്പാറയുടെ താഴ്വാരങളിലും നീലക്കുറിഞ്ഞി വസന്തം പ്രകൃതി ഒരുക്കിയിട്ടുണ്ട്.
സിങ്കപ്പാറ മലമുകളിലാകെ മഞ്ഞു മൂടിയപ്പോൾ ഞങൾ തിരിച്ചു നടന്നു. എനിക്ക് മുൻപേ നടന്നു പോയ സഹയാത്രികർ കോടമഞ്ഞിൽ അലിഞ്ഞ് ഇരുണ്ട നിഴൽ രൂപങളായി കാണപ്പെട്ടു. അധികം ദൂരക്കാഴ്ച്ച ലഭിക്കാതിരുന്ന കാലാവസ്ഥ ജീപ്പിന് അടുത്ത് എത്തിയപ്പോഴേക്കും ഒന്നു തെളിഞ്ഞു നിന്നു. മടക്കയാത്രയിൽ സൂര്യനെല്ലിക്കു മുൻപായി, ഒരു വെള്ളച്ചാട്ടത്തിൽ നിന്നും, തുള്ളി കളിച്ച് ഒഴുകി വരുന്ന തണുതണുത്ത വെള്ളത്തിൽ കയ്യും, കാലും, മുഖവും, ശരീരവും കഴുകി ഉന്മേഷവാന്മാരയി. മടക്കയാത്രയിൽ ഇടവേളകളില്ലാതെ പൂക്കുന്ന മറ്റുചെടികളുടെ ചിത്രങൾ എടുത്തും, സൂര്യനെല്ലിയിലെ 1920 മുൻപു പണികഴിപ്പിച്ച, ഇന്നും നിലനിൽക്കുന്ന, ഉപയോഗിക്കുന്ന ചെറുകെട്ടിടങൾ കണ്ടു ഞെട്ടിയും, 2 മണിക്ക് മുൻപ് ഞങൾ സൂര്യനെല്ലിയിൽ മടങിയെത്തി.

മടക്കയാത്രയിൽ കുറിഞ്ഞി കുടുംബത്തിലെ മറ്റു മൂന്ന് അംഗങളേയും പരിചയപ്പെട്ടു, എല്ലാവരും നീല നിറക്കാർ തന്നെ, എന്നാൽ പൂവിൻറ്റെ ആകൃതിയിലും, വലിപ്പത്തിലും വ്യത്യാസം ഉണ്ടായിരുന്നു. മൂന്നാറിൽ മാത്രം 47 ഇനം കുറിഞ്ഞികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ 6-7 ഇനങൾ ഒന്നു മുതൽ 12 വർഷത്തെ ഇടവേളകളിൽ പൂക്കുന്നവയാണ് ഇപ്പോൾ കുറിഞ്ഞി വസന്തം ഒരുക്കിയിരിക്കുന്നത്. രാജമലയിൽ മാത്രം 20 ഓളം ഇനത്തിൽപെട്ട നീലക്കുറിഞ്ഞികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. 60 വർഷത്തെ ഇടവേളയി പൂക്കുന്ന ഇനങൾ വരെ ഇതിലുണ്ട്. “സ്ട്രോബിലാന്തസ് കുന്തിയാനസ്” എന്ന പേരിലറിയപ്പെടുന്ന നീലക്കുറിഞ്ഞികളാണ് ഇപ്പോൾ വ്യാപകമായി പൂത്തുലഞ്ഞു നിൽക്കുന്നത്. കൊളുക്കുമലയിലും, ഇരവികുളം നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന രാജമലയിലും, വട്ടവടയും, കൊട്ടക്കാമ്പൂരും ഉൾപ്പെടുന്ന കുറിഞ്ഞി സംരക്ഷണ മേഘലകളിലും, മറയൂർ തീർത്ഥമലയിലും, നീലക്കുറിഞ്ഞി വസന്തം വ്യാപകമായി കാണാം.

രജമലയിൽ സഞ്ചാരികൾക്കായി നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കാൻ സൗകര്യങൾ ഒരുക്കിയിട്ടുണ്ട്. പ്രതിദിനം 5000 ൽ അധികം ആളുകൾക്ക് രാജമലയിൽ പ്രവേശനം ഒരുക്കിയിട്ടുണ്ട്, കേരളത്തിൽ മറ്റിടങളിൽ ഒന്നും ഇത്തരത്തിൽ സൗകര്യം ഒരുക്കിയിട്ടില്ല. മറയൂർ തീർത്ഥമല പ്രദേശങളിൽ കുറിഞ്ഞി പൂക്കും നാളുകളിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post