സ്ത്രീകൾ ഇന്നു വരെ ചെയ്തതിൽ വച്ച് ഏറ്റവും ധീരമായ പ്രവർത്തി ഏതായിരിക്കും. ഒരെണ്ണം മാത്രം തിര‍ഞ്ഞെടുക്കുക ബുദ്ധിമുട്ടു തന്നെയാണ്. കാരണം അത്രത്തോളം സ്ത്രീ ഹീറോകൾ നമുക്കു മുന്നിൽ തങ്ങളുടെ കഴിവു പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ ഏവിയേഷൻ ചരിത്രത്തിലെ തന്നെ ധീരയായ വനിത ഏത‌െന്നു ചോദിക്കുകയാണെങ്കിൽ? ഏവിയേഷന്‍ ചരിത്രത്തിലെ തന്നെ ധീരവനിതയായി ഒരു ഇന്ത്യന്‍ എയര്‍ഹോസ്റ്റസ് മാറിയ സംഭവത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? കേട്ടിട്ടിലെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും അത് അറിഞ്ഞിരിക്കണം. നീര്‍ജ ഭാനോട്ട് – അതായിരുന്നു ആ ധീരയായ എയര്‍ഹോസ്റ്റസിന്‍റെ പേര്.

നീർജ ഭാനോട്ട് (1963 സെപ്തബർ 07 – 1986 സെപ്തംബർ 05) പാൻ ആം വിമാനത്തിലെ ജോലിക്കാരിയായിരിക്കുമ്പോൾ തീവ്രവാദികൾ തട്ടികൊണ്ടുപോയ വിമാനത്തിൽ നിന്ന് യാത്രക്കാരെ രക്ഷിക്കുന്നതിനിടയിൽ രക്തസാക്ഷിത്വം വരിച്ച ധീരവനിതയാണ്.

1963 സെപ്റ്റംബർ 07 ന് മുംബൈയിൽ മാധ്യമപ്രവർത്തകനായിരുന്ന ഹരീഷ് ഭാനോട്ടിന്റേയും രമ ഭാനോട്ടിന്റേയും മകളായി ചാണ്ഡിഗഡിൽ ജനിച്ചു. സേക്രഡ് ഹാർട്ട് സീനിയർ സെക്കണ്ടറി സ്കൂൾ – ചാണ്ഡിഗഡ്, ബോംബെ സ്കോട്ടീഷ് സ്കൂൾ – മുംബൈ, സെന്റ് സേവ്യർസ് കോളേജ് – മുംബൈ എന്നിവിടങ്ങളിലായിരുന്നു വിദ്യഭ്യാസം.

1985 മാർച്ചിൽ വിവാഹം കഴിഞ്ഞ് ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവിന്റെ അടുത്തേക്ക് വന്ന നീർജ ഭാനോട്ട് സ്തീധന വിഷയത്തിലുള്ള സമർദ്ദം കാരണം രണ്ട് മാസത്തിനുള്ളിൽ തന്നെ മുംബൈയിൽ മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചെത്തി. അതിനുശേഷം ഫ്ലൈറ്റ് അറ്റൻഡന്റ് ജോലിക്കായി PANAM ൽ അപേക്ഷിക്കുകയും ചെയ്തു. തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം മിയാമിയിലേക്ക് പരിശീലനത്തിനായി പോയ നീർജ ഭാനോട്ട് പേർസർ (purser) ആയാണ് തിരിച്ചുവന്നത്.

മോഡലിങിൽ തുടങ്ങി പിന്നീട് എയർഹോസ്റ്റസ് മേഖലയിലേക്കു തിരിഞ്ഞ നീർജ സ്വയം ത്യാഗം ചെയ്താണ് മറ്റുള്ളവർക്കു പ്രചോദനമാകുന്നത്. 359 യാത്രക്കാരുമായി 1986 സ‌െപ്തംബർ അഞ്ചിന് പാൻ എഎം ഫ്ലൈറ്റ് 73 പറന്നു പൊങ്ങുമ്പോൾ ആരും പ്രതീക്ഷിച്ചിരുന്നില്ല അതൊരു അപകടത്തിലേക്കുള്ള യാത്ര കൂടിയാണെന്ന്.

1986 സെപ്റ്റംബർ 5 ന് മുംബൈയിൽ നിന്ന് കറാച്ചിയിലേക്കു തിരിച്ച പാൻ ആം ഫ്ളൈറ്റ് 73, കറാച്ചിയിൽ നിന്നും ഫ്രാങ്ക്ഫർട്ട് വഴി ന്യൂയോർക്കിലേക്കു പോകാൻ ടാർമാർക്കിൽ ഒരുങ്ങി നിൽക്കുമ്പോഴാണ് എയർപോർട്ട് ഗാർഡിന്റെ വേഷം ധരിച്ചെത്തിയ ആയുധധാരികളായ നാലു തീവ്രവാദികൾ വിമാനം റാഞ്ചിയത്. ലിബിയയിൽ നിന്നുള്ള അബു നിദാൽ ഓർഗനൈസേഷനിലെ തീവ്രവാദികളാണ് വിമാനം റാഞ്ചിയത്. വീമാനം റാഞ്ചിയതിന്റെ സൂചന നൽകുന്ന ബട്ടൺ നീർജ ഭനോട്ട് അമർത്തി കോക്‌പിറ്റ് ജോലിക്കാരെ വിവരം അറിയിച്ചു. പൈലറ്റ്, സഹ പൈലറ്റ്, ഫ്ലൈറ്റ് എഞ്ചിനീയർ തുടങ്ങിയവർ വീമാനത്തിൽ നിന്ന് ഉടനെ രക്ഷപ്പെടുകയും പിന്നെ വീമാനത്തിൽ സീനിയറായിരുന്ന നിർജ ഭാനോട്ട് വീമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

അമേരിക്കക്കാരനെന്ന് വ്യക്തമാക്കിയ ഒരു അമേരിക്കക്കാരനെ തീവ്രവാദികൾ വെടിവെച്ച് കൊന്നു. അമേരിക്കക്കാരായ മറ്റ് യാത്രക്കാരെ തിരിച്ചറിയുന്നതിനായി നീർജ ഭാനോട്ടിനോട് എല്ല്ലാവരുടേയും പാസ്പോർട്ട് വാങ്ങിതരാൻ തീവ്രവാദികൾ ആവശ്യപ്പെട്ടു. നീർജയും കൂടെയുള്ള മറ്റ് വിമാനജോലിക്കാരും കൂടി 19 അമേരിക്കൻ പാസ്‌പോർട്ടുകൾ (18 യാത്രക്കാർ + 1 ജോലി ചെയ്യുന്നയാൾ) സീറ്റിന്റെയടിയിലും മാലിന്യപാത്രത്തിലുമായി ഒളിപ്പിച്ചു.

17 മണിക്കൂർ നീണ്ടുനിന്ന റാഞ്ചലിനുശേഷം തീവ്രവാദികൾ വെടിവെയ്പ്പ് തുടങ്ങുകയും സ്പോടനം നടത്തുകയും ചെയ്തു. നീർജ ഭാനോട്ട് എമർജൻസി വാതിൽ തുറക്കുകയും കുറെ പേരെ രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്തു. മൂന്ന് കുട്ടികൾക്ക് വെടിയേൽക്കാതെ മറയായി നിന്നുകൊണ്ട് തീവ്രവാദികളുടെ വെടിയേറ്റ് അവർ രക്തസാക്ഷിയായി. തന്റെ 23-ആം പിറന്നാളിന് രണ്ടുദിവസം മാത്രം മുമ്പാണ് ഈ ധീരകൃത്യം അവർ ചെയ്തത്. മൃതദേഹം തുടർന്ന് നാട്ടിലെത്തിച്ച് പൂർണ ഔദ്യോഗികബഹുമതികളോടെ സംസ്കരിച്ചു.

അബു നിദാൽ സംഘടനയുടെ തീവ്രവാദികളെന്ന് കരുതപ്പെടുന്നവരെ പാകിസ്താനിൽ വെച്ച് പിടിക്കുകയും വിചാരണചെയ്യുകയും 1988 ൽ വധശിക്ഷ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് വധശിക്ഷ ജീവപരന്ത്യം ശിക്ഷയായി കുറയ്ക്കുകയും ചെയ്തു. യാത്രക്കാരെ വെടി വെച്ച് സയിദ് ഹസൻ അബ്ദ് അൽ ലതീഫ് മസൂദ് അൽ സഫറിനി എന്ന തീവ്രവാദിയെ പാകിസ്താൻ ജയിലിൽ നിന്ന് വിട്ടയച്ചതിനുശേഷം ബാങ്കോക്കിൽ നിന്ന് എഫ്.ബി.ഐ പിടിക്കുകയും അമേരിക്കയിലെ കോളറഡോ ജയിലിൽ 160 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. പാകിസ്താനിലെ റാവർപിണ്ടിയിലെ അദ്യാല ജയിലിൽ നിന്ന് ബാക്കിയുള്ള നാല് പേരെ 2008 ജനുവരിൽ വിട്ടയച്ചു. അവരുടെ തലയ്ക്ക് 5 മില്ല്യൺ ഡോളർ ഇനാം എഫ്.ബി.ഐ പ്രഖ്യാപിച്ചിട്ടുണ്ട്.

“റാഞ്ചലിലെ നായിക” (the heroine of the hijack) ആയി ലോകമെങ്ങും അംഗീകരിച്ചു. സമാധാനസമയത്ത് ധീരതയ്ക്ക് ഇന്ത്യ നൽകുന്ന ഏറ്റവും വലിയ അവാർഡായ അശോക് ചക്ര നൽകി ആദരിച്ചു. ഇന്ത്യയിൽ ഈ ബഹുമതി ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറി നീർജ ഭാനോട്ട്. 2004 ൽ തപാൽ വകുപ്പ് നീർജയുടെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കി. യു എസ് സർക്കാർ ജസ്റ്റില് ഫോർ ക്രൈം അവാർഡ് സമർപ്പിച്ചു.

നീർജ ഭാനോട്ടിന് ലഭിച്ച ഇൻഷുറൻസ് തുകയും പാൻ ആം നൽകിയ തുകയും (ഇൻഷുറൻസ് തുകയുടെയത്ര തന്നെ) ചേർത്ത് നീർജ ഭാനോട്ടിന്റെ മാതാ-പിതാക്കൾ നീർജ ഭാനോട്ട് പാൻ ആം ട്രസ്റ്റ് രൂപം നൽകി. ട്രസ്റ്റ് എല്ലാവർഷവും രണ്ട് അവാർഡുകൾ നൽകുന്നുണ്ട്, ലോകമാകെയുള്ള മികച്ച എയർലൈൻ ക്രുവിനും മറ്റൊന്ന് സ്ത്രീധനത്തിനും മറ്റ് സാമൂഹിക പ്രശ്നങ്ങളിലും സ്തീകളെ സഹായിക്കുന്ന ഒരു ഇന്ത്യൻ സ്തീക്ക്. ഒരു ട്രോഫിയും 1,50,000 രൂപയും അടങ്ങുന്നതാണ് അവാർഡ്.

അമേരിക്കയിലെ കൊളംബിയ ഡിസ്ട്രികിലെ യുണറ്റൈഡ് സ്റ്റേറ്റ്സ് അറ്റോർണിയുടെ ഓഫിസിൽ ആനുവൽ ക്രൈം വീക്കിനോട് ചേർന്ന് ജസ്റ്റീസ് ഫോർ ക്രൈംസ് അവാർഡ് നീർജ ഭനോട്ടിന് മരണശേഷം 2005 ൽ നൽകുകയും സഹോദരൻ അനീഷ് ഏറ്റുവാങ്ങുകയും ചെയ്തു. 2006 – ൽ യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റീസ് നീർജയ്ക്കും വീമാനത്തിലുണ്ടായിരുന്ന ബാക്കിയുള്ള അറ്റൻഡുമാർക്കും പാൻ ആം ഫ്ലൈറ്റിലെ പാകിസ്താനിലെ ഡയറക്ടർക്കും ധീരതയ്ക്കുള്ള പ്രത്യേക (the Special Courage award) സമ്മാനിക്കുകയുണ്ടായി.

മുമ്പൈയിലെ ഗാഡ്‌കോപ്പർ(കിഴക്ക്) പ്രാന്തപ്രദേശത്തുള്ള ഒരു കവല നീർജ ഭാനോട്ട് ചൗക്ക് എന്ന് 1990 ൽ മുമ്പൈ മുൻസിപ്പൽ കോർപ്പൊറേഷൻ നാമകരണം ചെയ്തു. ചടങ്ങ് അമിതാഭ് ബച്ചനാണ് ഉദ്ഘാടനം ചെയ്തത്.

2010 ഫെബ്രുവരി 18 ന് ന്യു ഡൽഹിയിൽ വെച്ച് ഇന്ത്യൻ വ്യോമയാന യാത്രയുടെ നൂറു വർഷം ആഘോഷിക്കുന്ന ചടങ്ങിൽ വെച്ച് വ്യോമയാനമന്ത്രാലയം നീർജ ഭാനോട്ടിനെ ഭരണശേഷം ആദരിക്കുകയുണ്ടായി.

നീർജ ഭാനോട്ടിന്റെ ജീവിതകഥ ആസ്പദമാക്കി 2016-ൽ രാം മാധ്വാനി സംവിധാനം ചെയ്ത ഹിന്ദി ചലച്ചിത്രമായിരുന്നു ‘നീർജ’. ചിത്രത്തിൽ സോനം കപൂറാണ് നീർജയായി അഭിനയിച്ചത്. 20 കോടി രൂപ മുടക്കി നിർമ്മിച്ച ഈ ചിത്രം 2016 ഫെബ്രുവരി 19-ന് പുറത്തിറങ്ങി. ബോക്സ് ഓഫീസിൽ 135 കോടി ചിത്രം കരസ്ഥമാക്കി.

ഓർക്കാം ഒരു എഞ്ചിനീയറോ ഡോക്ടറോ സയന്റിസ്റ്റോ ഒക്കെയാകുവാൻ ആർക്കും കഴിയും, പക്ഷേ നീർജയെപ്പോലെ പച്ചയായ മനുഷ്യനാകുവാന്‍ വളരെ കുറച്ചുപേർക്കു മാത്രമേ സാധിക്കൂ…

കടപ്പാട് – വിക്കിപീഡിയ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.