എഴുത്ത് – ജിതിൻ ജോഷി.
മഴയിൽ കുതിർന്നു അടിമുടി സുന്ദരിയായി സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് നെല്ലിയാമ്പതി. പാലക്കാട് ജില്ലയിൽ പട്ടണത്തിൽ നിന്നും ഏതാണ്ട് 50 കിലോമീറ്ററുകളോളം നെന്മാറ ഭാഗത്തേക്ക് മാറി സ്ഥിതിചെയ്യുന്ന ഈ മലമുകളിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണിപ്പോൾ..
കണ്ണിനും മനസിനും കുളിർമയേകുന്ന ഒരുപാട് കാഴ്ചകൾ ആണിവിടെ. എന്നാൽ ഈ മനോഹരമായ കാഴ്ചകൾ ആസ്വദിക്കുന്നതിനിടയിൽ സുരക്ഷ എന്നത് ഒരു വലിയ ചോദ്യചിഹ്നം ആവുന്നുണ്ട്..
റോഡിൽ നിന്നുതന്നെ തുടങ്ങാം. നെന്മാറയിൽ നിന്നും ആരംഭിക്കുന്ന നെന്മാറ – നെല്ലിയാമ്പതി റോഡിന്റെ സ്വഭാവം കാട്ടിലേക്ക് കടക്കുന്ന ചെക്ക് പോസ്റ്റ് കഴിയുമ്പോൾ മാറിത്തുടങ്ങും. ഇടതൂർന്ന കാടിനിടയിലൂടെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന ചുരം പാത. എന്നാൽ ഒരുപാട് അപകടം പതിയിരിക്കുന്ന വഴികളാണിവ. ഏതു നിമിഷവും മണ്ണിടിച്ചിലിനു സാധ്യതയുള്ള പ്രദേശം. കടപുഴകാൻ തയ്യാറായി നിൽക്കുന്ന വന്മരങ്ങൾ.. ഓർക്കുക, ഒരു മരം കടപുഴകി വീണാലോ മണ്ണിടിഞ്ഞാലോ തികച്ചും ഒറ്റപ്പെട്ടുപോവുന്ന പ്രദേശമാണ് നെല്ലിയാമ്പതി.
ഈ റോഡിലൂടെ പോവുമ്പോൾ അമിതവേഗത തീർത്തും അപകടമാണ്. മിക്കയിടത്തും വഴിക്കിരുവശവും കാഴ്ചകളെ മറച്ചുനിൽക്കുന്ന പുൽകാടുകൾ ഏതുനിമിഷവും വില്ലനായേക്കാം. അതുപോലെ തന്നെ ഫോട്ടോ എടുക്കാനായി വന്മരങ്ങൾ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന സ്ഥലങ്ങളിൽ വാഹനം നിർത്തി ഇറങ്ങുക, വാഹനം വഴിയുടെ നടുവിൽ വിലങ്ങനെ ഇട്ട് ഫോട്ടോ എടുക്കുക, ചാഞ്ഞുനിൽക്കുന്ന മരക്കമ്പുകളിൽ തൂങ്ങിയാടുക തുടങ്ങി ഒരുപാട് അപകടകരമായ കാഴ്ചകൾ ഈ പാതകളിൽ കാണാൻ സാധിക്കും. വലിയ വാഹനങ്ങളടക്കം ധാരാളം കടന്നുവരുന്ന വഴിയാണിത്. ആയതിനാൽ ഡ്രൈവിങ്ങിൽ എപ്പോളും ശ്രദ്ധ പതിപ്പിക്കുക.
അതിമനോഹരമായ കാഴ്ചയാണ് സീതാർകുണ്ഡ് വ്യൂ പോയിന്റിൽ നിന്നും നമുക്ക് ലഭിക്കുക. ഞങ്ങൾ പോയപ്പോൾ അതിമനോഹരമായ കാലാവസ്ഥ ആയിരുന്നു. അതിനാൽ തന്നെ നല്ല തിരക്കും. കുടുംബമായിട്ടും അല്ലാതെയും ഒരുപാടാളുകൾ ഈ കാഴ്ചകൾ ആസ്വദിക്കാൻ എത്തുന്നു. പക്ഷേ ഇന്നിവിടെ കാണുന്ന പല കാഴ്ചകളും മനസ്സിൽ ഭീതിയുണർത്തുന്നു..
കുതിർന്ന മണ്ണുള്ള വിളുമ്പുകളാണ് വ്യൂപോയിന്റിൽ മിക്കവാറും ഇടങ്ങളിൽ. ചില പാറകൾ പോലും ഈ ബലമില്ലാത്ത മണ്ണിലാണ് പറ്റിച്ചേർന്നിരിക്കുന്നതെന്ന് നാം മനസിലാക്കണം. ഏതുനിമിഷവും ഇളകിപ്പോവാനിടയുള്ള പാറകളിൽ അതിസാഹസികമായി നിന്നും ഇരുന്നും ഫോട്ടോയെടുക്കുന്ന കുട്ടികൾ. കാലൊന്ന് തെന്നിയാൽ, ഇത്തിരി മണ്ണിളകിയാൽ പതിക്കുന്നത് ആഴങ്ങളിലെ പാറകളുടെ പുറത്തേക്കാവും..
ആരെ കാണിക്കാനാണ് ഈ അതിസാഹസികത? കേവലം കുറച്ചു ലൈക് കിട്ടാനിടയുള്ള ഫോട്ടോയ്ക്കുവേണ്ടിയോ..? യാത്രകൾ പുറപ്പെടുമ്പോൾ ഓർക്കുക, പ്രതീക്ഷയോടെ ഒരു കുടുംബം നിങ്ങളെ കാത്തിരിക്കുന്നുണ്ട്..
സഞ്ചാരികളെ നിയന്ത്രിക്കാൻ പോലീസുകാരോ മറ്റു സുരക്ഷാഉദ്യോഗസ്ഥരോ ഇല്ലാത്ത ഇടമാണ് നെല്ലിയാമ്പതി. ഇവിടെ സീതാർകുണ്ടിലും ലഹരിയുടെ പുകച്ചുരുളുകൾ യഥേഷ്ടം പാറിക്കളിക്കുന്നു. കാഴ്ചകൾ കണ്ടു നടക്കുന്നിടയിലാണ് ആ കാഴ്ചയിൽ കണ്ണുടക്കിയത്. ഒരുകൂട്ടം കുട്ടികൾ കൊക്കയിലേക്ക് തള്ളി നിൽക്കുന്ന ഒരു പാറയിൽ താഴേക്ക് കാലുകൾ ഇട്ട് ആസ്വദിച്ചു പുകവലിക്കുന്നു. തൊട്ടടുത്തായി ഒരു വാനരപ്പടയുമുണ്ട്. ഒന്ന് പിഴച്ചാൽ നെല്ലിയാമ്പതി എന്ന സ്വർഗ്ഗത്തിലെ മാലാഖാമാരാകാം അവർക്ക്..
എന്തൊരു ധൈര്യം…പക്ഷേ ഈ കാട്ടിക്കൂട്ടലുകൾ ഒരുപക്ഷെ കണ്ണുനീരിലേക്കാവും കൊണ്ടുചെന്നെത്തിക്കുക..പ്രകൃതിയെ ആസ്വദിക്കൂ. അതുപക്ഷേ ജീവൻ പണയം വച്ചുകൊണ്ടാവരുത്.
ഇത്രയധികം സഞ്ചാരികൾ കുടുംബത്തോടൊപ്പം (ചെറിയ കുട്ടികൾ ഉൾപ്പെടെ) വരുന്ന സ്ഥലം ആയിട്ടുകൂടി ഒരു സെക്യൂരിറ്റിയേ ഇവിടെ നിയമിച്ചിട്ടില്ല.. പക്ഷേ പാർക്കിങ്ങിൽ പൈസ മേടിക്കാൻ ഒരാളെ നിർത്തിയിട്ടുണ്ട്..
ഇങ്ങനെ ദിവസം പിരിക്കുന്ന പാർക്കിങ് ഫീസിന്റെ ചെറിയൊരു അംശം മാത്രം മതി അപകടം പതിയിരിക്കുന്ന ഇടങ്ങളിൽ ഒരു കമ്പിവേലി കെട്ടാൻ. അല്ലെങ്കിൽ സഞ്ചാരികളെ നിയന്ത്രിക്കാൻ ഒരു ഗാർഡിനെ നിയമിക്കാൻ. ഇപ്പോൾ വല്ലപ്പോഴും ഒന്ന് വന്നുപോകുന്ന പോലീസുകാർ മാത്രമാണ് ഒരു ആശ്വാസം..
ഒരു അപകടം ഉണ്ടായാൽ മാത്രമേ നാം ഉണരൂ. അപ്പോൾ മാത്രമേ ഹാഷ് ടാഗുകൾ ഉയർന്നുവരൂ. എന്നാൽ എങ്ങനെ ആ അപകടം ഉണ്ടാവാതെ നോക്കാം എന്ന് ആരും ചിന്തിക്കുന്നില്ല..ഈ സുന്ദരഭൂമിയിൽ വീശുന്ന കാറ്റിൽ രക്തത്തിന്റെ മനംമടുപ്പിക്കുന്ന ഗന്ധം കലരാതെറ്റിക്കട്ടെ.. ശുഭയാത്ര..സുരക്ഷിതയാത്ര..
1 comment
100 % Correct, 20 years before our Friend fell down from this point and died. even body found after 2-3 days
please very careful with Seethar kundu