വിവരം – ദീപ ഗംഗേഷ്.
നെല്ലിയാമ്പതിയിലെ അത്തിമരങ്ങളിൽ വിരിഞ്ഞ വേഴാമ്പൽവസന്തം തേടിയൊരു യാത്ര ആയിരുന്നു അത്. ദ ഗ്രേറ്റ് ഇന്ത്യൻ ഹോൺബിൽ എന്ന മിസ്റ്റർ കേരളയായ മലമുഴക്കി വേഴാമ്പലിനെ കാണുവാൻ. ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് എപ്പോഴും നിങ്ങൾക്കായി കാത്ത് വയ്ക്കുന്നു. ചിദംബര സ്മരണകളിലെ ആമുഖത്തിൽ പറഞ്ഞ പോലെ പ്രകൃതി അന്ന് ഞങ്ങൾക്കായി മറ്റൊരു അത്ഭുതവും കാത്തു വച്ചിരുന്നു. പശ്ചിമഘട്ടത്തിൻ്റെ പൊന്നോമനയായ സൈലൻ്റ് വാലി കാടുകളിൽ സംരക്ഷിച്ചു വരുന്ന, ഇന്ത്യൻ റെഡ് ഡാറ്റാ ബുക്കിൽ പേര് രേഖപ്പെടുത്തിയ സാക്ഷാൽ സിംഹവാലൻ കുരങ്ങ്. ഒരാളല്ല ഒരു കൂട്ടം.
സുഹൃത്തും വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫറുമായ രതീഷ് രാജൻ്റെ വേഴാമ്പൽ ചിത്രകൾ കണ്ട് കൊതിച്ചിരിക്കുമ്പോൾ ആണ് വേഴാമ്പലിനെ കാണിച്ചു തരാം എന്ന രതീഷിൻ്റെ വാഗ്ദാനം . രതീഷിൻ്റെ സുഹൃത്തുക്കൾ കൂടിയായ നാല് വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫർമാർക്കൊപ്പം കയ്യിലുള്ള ചെറിയ ക്യാമറയുമായി ഞങ്ങളും യാത്ര തുടങ്ങി. കൂടെ ആത്മസുഹൃത്ത് മിത്രയും മകൻ നാരായണനും.
നെല്ലിയാമ്പതിയുടെ കാലാവസ്ഥയും പ്രകൃതി ഭംഗിയും ആസ്വദിക്കാൻ ആവോളം യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇതൊരു വേറിട്ട അനുഭവമായിരുന്നു. വെളുപ്പിന് മൂന്ന് മണിക്ക് ആരംഭിച്ച യാത്ര. കുതിരാൻ ചുരത്തിൽ ബ്ലോക്ക് കാരണം ഷൊർണ്ണൂർ വഴി പാലക്കാടിൻ്റെ പ്രകൃതിഭംഗിയും സൂര്യോദയവുമെല്ലാം ആസ്വദിച്ച് പോത്തുണ്ടി ചെക്പോസ്റ്റിൽ എത്തിയപ്പോൾ പ്രതീക്ഷിച്ചതിലും രണ്ട് മണിക്കൂർ വൈകിയിരുന്നു. ഇത്രയും സുന്ദരമായ ഒരു കാഴ്ച കാണുവാൻ ഭാഗ്യം സിദ്ധിച്ചതും അതുകൊണ്ട് മാത്രമായിരുന്നു.
ചെക് പോസ്റ്റിൽ രജിസ്റ്റർ ചെയ്ത് കാടിൻ്റെ വന്യതയിലേക്ക് ഞങ്ങളുടെ വാഹനങ്ങൾ ഉരുണ്ടു നീങ്ങി. പോത്തുണ്ടിയിൽ നിന്ന് 22 കി.മി ദൂരത്തിൽ നെല്ലിയാമ്പതി പ്രവേശന കവാടമായ കൈകാട്ടി വരെയാണ് ചുരപാതയുള്ളത്. കാനന സൗന്ദര്യം ആകുവോളം നുകർന്നുള്ള യാത്ര. മുന്നിലുള്ള കൂട്ടുകാരുടെ, വാഹനങ്ങളിൽ നിന്ന് പുട്ടുകുറ്റികൾ എന്ന് ഞങ്ങൾ തമാശക്ക് പറയുന്ന വലിയ ക്യാമറകൾ പുറത്തേക്ക് നീളുമ്പോഴാണ് ഞങ്ങൾ പലപ്പോഴും കാട്ടിൽ മറഞ്ഞിരിക്കുന്ന കാടിൻ്റെ സന്തതികളെ കണ്ടത്. വൃക്ഷങ്ങളിൽ ഇലകൾക്കിടയിലിരിക്കുന്ന പക്ഷികളെയും മലയണ്ണാനെയുമെല്ലാം കണ്ടു പിടിക്കുന്ന അവരുടെ കണ്ണുകളുടെ കഴിവ് സമ്മതിക്കാതെ വയ്യ. വലിയ ക്യാമറകൾക്കൊപ്പം ഞങ്ങളുടെ കുഞ്ഞു ക്യാമറയും കാറിൽ നിന്ന് നീണ്ടു തുടങ്ങി. അവർ ഇല്ലായിരുന്നുവെങ്കിൽ ഈ കാഴ്ചകളൊന്നും ഞങ്ങൾ കാണില്ലായിരുന്നു എന്നതാണ് സത്യം.
ഓരോ യാത്രകളും എന്നും ഓരോ അനുഭവങ്ങളാണ്. പാടഗിരി വ്യൂ പോയൻ്റിനടുത്തായി മുന്നിലെ കാറുകൾ സ്ലോ ആകുന്നതുകണ്ട് ഞങ്ങളും കാർ ഒതുക്കി നിർത്തി. നോക്കുമ്പോൾ ചെറിയൊരു മരത്തിൽ ഒരു സിംഹവാലൻ കുരങ്ങ്. മരച്ചില്ലയിൽ ഇരുന്ന് ഞങ്ങളെ സൂക്ഷിച്ചു നോക്കുകയാണ്. സാധാരണ മനുഷ്യരുമായി ഇടപഴകാൻ വൈമുഖ്യം കാണിക്കുന്നവരാണ് ഇക്കൂട്ടർ എന്ന് കേട്ടിട്ടുണ്ട്.
കാറിലിരുന്ന് അവൻ്റെ ഫോട്ടൊ എടുക്കാൻ ശ്രമിക്കുമ്പോഴാണ് വേറിട്ടൊരു കാഴ്ചകണ്ട് ഞങ്ങൾ അമ്പരന്നത്. കാറിനോട് ചേർന്ന് ഒരു സിംഹവാലൻ കുരങ്ങൻ മനുഷ്യരെ പോലെ റോഡിൽ രണ്ട് കാലിൽ നിവർന്ന് നിൽക്കുന്നു. മുൻജന്മത്തിൽ ഏതോ ഫെയ്മസ് മോഡൽ ആയിരുന്നെന്ന് തോന്നുന്നു കക്ഷി. റാമ്പിൽ നടക്കുന്ന മോഡലിനെപോലെ രണ്ടു കാലിൽ നടന്ന് ചാഞ്ഞും ചരിഞ്ഞും ഫോട്ടോഗ്രാഫർമാരുടെ മുന്നിൽ അവൻ പോസ് ചെയ്തു. പെട്ടന്നാണ് ഒരു ഇരമ്പൽ ഉൾകാടുകളിൽ നിന്ന് ഒരു കൂട്ടം സിംഹവാലൻ കുരങ്ങൻമാർ ആ മരത്തിലേക്ക്. അമ്മയും കുഞ്ഞുങ്ങളും അച്ഛൻമാരുമായി ആ മരം പൂത്തുലഞ്ഞ കുരങ്ങുമരമായി മാറിയത് വളരെ പെട്ടന്നാണ്. മരത്തിനു മറവിൽ പതുങ്ങി നിന്ന് ഒളിച്ചുനോക്കുന്ന കുഞ്ഞിക്കണ്ണുകൾ. കൈകളിൽ തൂങ്ങിയാടുന്നവർ. കാഴ്ചകൾ ക്യാമറ കണ്ണുകൾക്ക് ചാകരയായി. നാരായണൻ്റെ കുഞ്ഞി കണ്ണുകളിൽ അതേ അത്ഭുതഭാവമാണ്.
റോഡിൽ ബൈക്കുകളുടെയും കാറുകളുടെയും തിരക്കായി. എല്ലാവരും ഫോട്ടൊ എടുക്കുന്ന തിരക്ക്. എങ്കിലും ആളുകൾ അധികം ഒച്ചയും ബഹളവും ഇല്ലാതെ മൃഗങ്ങളെ ശല്യപ്പെടുത്താതിരുന്നപ്പോൾ സന്തോഷം തോന്നി. ഞാൻ നോക്കുമ്പോൾ രതീഷ് നടുറോഡിൽ കമിഴ്ന്ന് കിടന്ന് നിരങ്ങി നീങ്ങിയാണ് ഫോട്ടൊ എടുക്കുന്നത്. ഒരു നല്ലചിത്രത്തിനു പിന്നിലെ കഷ്ടപ്പാട് എന്തെന്ന് ശരിക്കും മനസ്സിലായത് അപ്പോഴാണ്. ഫോട്ടൊഗ്രാഫർ സുഹുത്തുക്കളിൽ നിന്ന് കിട്ടിയിരുന്ന ടിപ്സ് അനുസരിച്ച് ക്യാമറ മോഡലിൻ്റെ മുഖത്ത് ഫോക്കസ് ചെയ്യാൻ മോൾക്ക് നിർദ്ദേശം നൽകി. പ്രതീക്ഷ തെറ്റിയില്ല വലിയ വായ തുറന്ന്കാണിച്ചത് ക്യാമറയിലെ കിടിലിൻ ചിത്രമായി മാറി. ഒരഞ്ചു മിനിറ്റോളം കാഴ്ചയുടെ വിരുന്നൊരുക്കിക്കൊണ്ട് അവർ റോഡ് മുറിച്ചുകടന്ന് ഉൾകാടിനുള്ളിൽ മറഞ്ഞു.
സന്തോഷം കൊണ്ട് കണ്ണ്നിറഞ്ഞ നിമിഷങ്ങൾ. ഇവരെ കാണാൻ സൈലൻ്റ് വാലി കാടുകളിൽ അട്ടകടി കൊണ്ട് നടന്നത് ഓർമ്മ വന്നു. അന്നവർ കനിഞ്ഞില്ല. അതിരപ്പിള്ളി മലക്കപ്പാറ റൂട്ടിൽ ഒരിക്കൽ ഒരാൾ മുഖദർശനം തന്നിരുന്നു. മൃഗശാലയിൽ മാത്രമാണ് പിന്നീട് ഇവനെ അടുത്ത് കണ്ടിട്ടുള്ളത്. വർഷത്തിൽ എല്ലാ കാലത്തും കായ്കനികൾ ലഭിക്കുന്ന പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങളിലാണ് ഇവയെ പ്രധാനമായും കാണുന്നത്. സാധാരണ ഇവ 10 മുതൽ 20 വരെയുള്ള അംഗങ്ങളുള്ള കൂട്ടങ്ങളായാണ് കഴിയുന്നത്. പഴങ്ങളും ഇലകളും ചെറിയ പ്രാണികളും കുഞ്ഞുജീവികളുമാണ് പ്രധാന ഭക്ഷണം. കറുത്ത നിറത്തിൽ വെള്ളി നിറവും വെള്ള നിറവും ഇടകലർന്ന സടയുടെ ഭംഗി ഒന്ന് വേറേ തന്നെയാണ്. ശരീരത്തിന് 45 മുതൽ 60 സെ.മീ വരെ നീളവും പത്തു കിലോയിൽ താഴെ തൂക്കവുമാണ് ഇവയ്ക്കുള്ളത്. കടുത്ത വംശനാശ ഭീഷണി നേരിടുന്ന ഇവ ഇന്ത്യൻ റെഡ് ഡാറ്റ ബുക്കിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
നെല്ലിയാമ്പതിയുടെ പ്രവേശന കവാടമായ കൈകാട്ടിയിലൂടെ കാരപ്പാറ തൂക്കുപാലത്തിലേക്കുള്ള വഴിയിലേക്ക് വണ്ടി തിരിഞ്ഞു. ഈ റൂട്ട് വളരെ കുറവ് മാത്രമേ യാത്ര ചെയ്തിട്ടുള്ളൂ. ഈ വഴികളിലാണെത്രെ വേഴാമ്പലിനെ ധാരാളം കാണുവാൻ കഴിയുന്നത്. മറുവശത്തേക്കുള്ള വഴിയിലാണ് റിസോർട്ടുകൾ കൂടുതലായും കാണുന്നത്. ആയതിനാൽ തന്നെ ആ വഴികളിലൂടെയായിരുന്നു കൂടുതലും യാത്രകൾ ചെയ്തിട്ടുള്ളത്. പുലിയാമ്പാറയിലെ സർക്കാർ ഓറഞ്ച് ആൻ്റ് വെജിറ്റബിൾ ഫാം കാണാനും നെല്ലിയാമ്പതിയിലെ പ്രധാന കാഴ്ചയായ സീതാർകുണ്ട് കാണാനും ആ വഴിയെ ആണ് പോകേണ്ടത്. സീതാർകുണ്ട് വ്യൂ പോയൻ്റ് അതിമനോഹരമായ കാഴ്ചകളാണ് സഞ്ചാരികൾക്ക് സമ്മാനിക്കുക.
വേറിട്ട യാത്രയിലെ വഴികളും വേറിട്ടു തന്നെ കാണപ്പെട്ടു. തേയില തോട്ടങ്ങളിലൂടെയുള്ള യാത്ര, വീതി തീരെകുറഞ്ഞ വഴികൾ.. എതിരെ ഒരു വാഹനം വന്നാൽ ശരിക്കു ബുദ്ധിമുട്ടേണ്ടി വരും. അപൂർവ്വ പക്ഷികളായ ക്രസ്റ്റഡ് ഹോക്ക് ഈഗിളിൻ്റെയും സർപ്പൻ്റെൻ ഈഗിളിൻ്റെയും ചിത്രങ്ങൾ തേയില തോട്ടത്തിലെ മരങ്ങളിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചു. നൂറടി കവലയും കഴിഞ്ഞ് വിജനമായ കാപ്പി തോട്ടങ്ങളിലൂടെയായി യാത്ര. വാഹനങ്ങൾ തീരെ കുറഞ്ഞ വഴികൾ.
വിജനമായ കാപ്പിത്തോട്ടവും കാടുകളും നിറഞ്ഞ സ്ഥലത്ത് കാർ ഒതുക്കി നിർത്തി വേഴാമ്പലിനെ നോക്കി നടത്തം തുടങ്ങി. ആദ്യമായി കണ്ടവർ ഞങ്ങളിലുണ്ടെങ്കിലും അപ്പോഴേക്കും എല്ലാവരും അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നു. എറണാകുളംകാരായ രാംഹരി, വിപിൻമാർ രണ്ടാള്, ആൻവിൻ, മിത്രയും മോനും, പിന്നെ ഞങ്ങളും ആയിരുന്നു ഞങ്ങളുടെ ടീം. വല്ലപ്പോഴും വരുന്ന ഓരോ വാഹനങ്ങളൊഴിച്ചാൽ വഴി മിക്കവാറും വിജനം തന്നെ ആയിരുന്നു. ശബ്ദം ഉണ്ടാക്കാതെ നടക്കണമെന്ന് രാമിൻ്റെ നിർദ്ദേശം. സ്വതസിദ്ധമായ രസികൻ സംഭാഷണത്താൽ രാം എല്ലാവരെയും പെട്ടന്ന് കയ്യിലെടുത്തു കഴിഞ്ഞിരുന്നു. വേഴാമ്പൽ പറക്കുമ്പോൾ വിമാനം പറക്കുന്ന പോലെ ഒരു ശബ്ദമുണ്ടാവും ഇതുകൊണ്ടും വൃക്ഷങ്ങളിലിരുന്ന് ഇവയുണ്ടാക്കുന്ന വലിയ ശബ്ദങ്ങളും ശ്രദ്ധിച്ചാണ് ഇവയുടെ സാന്നിദ്ധ്യം മനസ്സിലാക്കുകയെത്രെ.
കുറച്ച് നടന്നപ്പോൾ തന്നെ വിമാനം പോകുന്ന പോലൊരു ശബ്ദം. തൊട്ടു മുന്നിലൂടെ ചിറകുവിടർത്തി രാജകീയ പ്രൗഡിയിൽ പറക്കുന്ന അവനെ തൊട്ടടുത്ത് കണ്ടപ്പോൾ രോമാഞ്ചം. യാത്രയുടെ ആദ്യപടി സഫലം. ഇനി ഫോട്ടൊ എടുക്കണം. വലിയൊരു മരത്തിൻ്റെ മുകളിലേക്ക് ക്യാമറകൾ തിരിയുന്നത് കണ്ടപ്പോൾ അങ്ങോട്ട് നോക്കി. ഞാനൊന്നും കാണുന്നില്ല. എല്ലാവരും വേഴാമ്പലിനെ കണ്ടു. “ചേച്ചിയുടെ നോട്ടീസ് പവർ വളരെ മോശമാണ് ട്ടൊ” രതീഷിൻ്റെ കമൻ്റ്. ക്യാമറയിൽ അവനെടുത്ത ഒരു ഫോട്ടൊ കാണിച്ചു തന്നപ്പോഴാണ് വേഴാമ്പലിൻ്റെ കൃത്യമായ സ്ഥാനം പിടികിട്ടിയത്. ദൂരെയാണ്. സൂക്ഷിച്ചു നോക്കുമ്പോഴേക്കും അത് ഇലകൾക്കിടയിൽ മറഞ്ഞു .
വീണ്ടും മുന്നിലേക്ക് നടന്നു തുടങ്ങി. പെട്ടന്നാണ് ആശിച്ച ആ കാഴ്ച കണ്ടത് വേഴാമ്പൽ പൂത്തുലഞ്ഞ പോലൊരു മരം. നിറയെ വേഴാമ്പലുകൾ. ഇണക്കിളികളുടെ സ്നേഹപ്രകടനങ്ങൾ. ചുവന്ന കണ്ണുള്ളവയാണ് ആൺവേഴാമ്പൽ വെളുത്ത കണ്ണുള്ളവ പെൺപക്ഷികളും. പ്രിയതമയുടെ കൊക്കിലേക്ക് സ്നേഹത്തോടെ കൊടുക്കുന്ന പഴങ്ങൾ. ഒരാൾ മരത്തിൻ്റെ ഏറ്റവും മുകളിൽ ഇരുന്ന് മുകളിലൂടെ പറക്കുന്ന തുമ്പികളെ പിടിച്ച് കഴിക്കുന്നു. രസകരമായ ഒരു കാഴ്ചയായിരുന്നു അത്. മതിയാവോളം വേഴാമ്പൽ ചിത്രങ്ങൾ പകർത്തി.
ചില സമയത്ത് കാട്ടിൽ നിന്നും മുഴങ്ങുന്ന സ്വരങ്ങൾ തിരമാലകളെ പോലെ അലയടിച്ചുയർന്ന് വീണ്ടും നേർത്ത് നേർത്ത് കുറയുന്നു. മലമുഴക്കി വേഴാമ്പൽ എന്ന് ഇവയെ വിളിക്കുന്നതിൻ്റെ കാരണം ഇതാവാം. പശ്ചിമഘട്ടത്തിലെ ഇലപൊഴിയാ കാടുകളിലെ വലിയ മരങ്ങളിലാണ് വേഴാമ്പൽ കൂട് കൂട്ടുന്നത്. ഭംഗിയും കുടുംബജീവിതത്തിലെ സ്നേഹ ബന്ധവും ജീവിതചര്യയുടെ പ്രത്യേകതകളുമാണ് ഇവയ്ക്ക് സംസ്ഥാന പക്ഷിയുടെ പദവി നേടികൊടുത്തത്.ഏകപത്നീ വൃതക്കാരനായ ആൺവേഴാമ്പലാണ്, മുട്ടയിട്ട് മരത്തിൻ്റെ പോതിൽ വാതിൽ ദ്വാരം അതിൻ്റെ കാഷ്ഠവും മരത്തൊലിയും ചെളിയും കൊണ്ടടച്ചുമൂടി അതിൽ അടയിരിക്കുന്ന പെൺവേഴാമ്പലിനും വിരിഞ്ഞു വരുന്ന കുട്ടികൾക്കുമുള്ള ഭക്ഷണം ശേഖരിച്ച് നൽകുന്നത്. വാതിലിലെ ചെറിയൊരു ദ്വാരത്തിലൂടെയാണ് ഈ കൈമാറ്റം.
ഏകദേശം രണ്ട് മാസത്തോളം നീളുന്ന ഈ കാലത്ത് അതായത് കുഞ്ഞുങ്ങളും അമ്മയുംവാതിൽ പൊളിച്ചു പുറത്ത് വരുന്നതുവരെ രാത്രിയിലും പകലും മഞ്ഞായാലും മഴയായാലും ആൺപക്ഷി പുറത്ത് ശ്രദ്ധയോടെ കാവലിരിക്കുന്നു. ബന്ധനസ്ഥയായ ഭാര്യയെയും മക്കളെയും സ്നേഹിക്കുന്ന യഥാർത്ഥ കുടുംബനാഥനെ നമുക്ക് ഇവരിൽ കാണാൻ കഴിയും.. കുഞ്ഞുങ്ങളെയും കൊണ്ട് കൂട് പൊളിച്ചു പുറത്തു വരുന്ന പെൺപക്ഷിയുടെയും ആൺപക്ഷിയുടെയും സ്നേഹപ്രകടനങ്ങൾ കാണേണ്ട കാഴ്ചയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഒരു പക്ഷെ ഇത്തരം സ്നേഹപ്രകടനത്തിനാവും ഞങ്ങളും സാക്ഷ്യം വഹിച്ചത്.
അത്തിമരത്തിൻ്റെയും മുളക്നാറിയുടെയുമൊക്കെ പഴുത്ത പഴങ്ങളാണ് ഇവയുടെ ഇഷ്ട ഭക്ഷണം. അണ്ണാൻ, ഓന്ത് പോലുള്ള ചെറിയ ജീവികളെയും ഇവ ഭക്ഷണമാക്കും. ഞങ്ങളുടെ സാന്നിദ്ധ്യം അറിയിക്കാതെ ഇലപോലും അനങ്ങാതെ ഞങ്ങൾ നടന്നു. അങ്ങ് കുറച്ചകലെ മരത്തിൽ കറുത്തൊരു വൈറ്റ് ബെല്ലീഡ് വുഡ്പെക്കർ എന്ന അപൂർവ്വ മരംകൊത്തി. ചുവന്ന തലപ്പാവും വച്ച് ചാടിച്ചാടി മുകളിലേക്ക് കയറുന്നു. സുന്ദരൻമാരായ മലയണ്ണാൻമാർ മരങ്ങളിൽ ചാടിക്കളിക്കുന്നുണ്ട്. കാഴ്ചകൾ കണ്ട് സംതൃപ്തിയോടെ തിരിച്ചു നടന്നു.
കൊണ്ടുപോയിരുന്ന ഭക്ഷണം എല്ലാവരും പങ്കിട്ടു കഴിച്ചു. ഇടയ്ക്ക് ജീപ്പിൽ നിന്ന് ചാടിയിറങ്ങി വന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ കാടിനുള്ളിലേക്ക് കടക്കരുത്, വേഴാമ്പലുകളെ ശല്യപ്പെടുത്ത് എന്നെല്ലാം ഉപദേശം നൽകി. വളരെ മാന്യമായ പെരുമാറ്റം. സന്തോഷം തോന്നി. വേഴാമ്പൽ പറക്കുന്നത് കാണാൻ ഇവയെ കല്ലെടുത്ത് എറിയുന്ന ആളുകൾ വരെ ഉണ്ടെത്രെ. കഷ്ടം.
എല്ലാവരുടെയും കാലുകളിൽ നിന്ന് ചോര ഒഴുകുന്നുണ്ട്. അട്ടകടിച്ചതാണ്. ഓരോ അട്ടയെ കണ്ട് വിറക്കുമ്പോഴും മിത്ര തന്ന ധൈര്യം. “ചേച്ചീ ഇതിനെ കൈ കൊണ്ട് പിടിച്ച് ഞങ്ങൾ ട്രീറ്റ്മെൻറിന് ഉപയോഗിക്കാറുണ്ട്.” മിത്രയുടെ കാൽപാദം കണ്ടാൽ ഭരതനാട്യത്തിന് ചുവന്ന ഛായം പൂശിയ പോലുണ്ട്. അട്ടപേടി അതോടെ മാറിക്കിട്ടി. സാനിറ്റെസർ സ്പ്രേ ചെയ്താൽ അട്ടവിട്ടു പോകും എന്നൊരു പുതിയ കണ്ടുപിടുത്തവും ഞങ്ങൾ നടത്തി.
തിരിച്ചിറങ്ങി ചെറിയൊരു ഹോട്ടലിൽ നിന്നൊരു ചുടു ചായയും ചൂടുള്ള പഴംപൊരിയും കഴിച്ചു. അയ്യപ്പൻ തിട്ട് വ്യൂ പോയൻറിൽ ഒരു ഗ്രൂപ്പ് സെൽഫിയും ഫോട്ടോഷൂട്ടും. AVT ഔട്ട് ലെറ്റിൽ നിന്ന് ചായപ്പൊടി വാങ്ങി, നെല്ലിയാമ്പതി ഓറഞ്ച് മധുരവും നുകർന്ന് ഞങ്ങൾ പിരിഞ്ഞു. ഇനിയും കാണാം എന്ന മധുര വാഗ്ദാനവുമായി.