‘ആഫ്രിക്കൻ ഗാന്ധി’ എന്നറിയപ്പെട്ടിരുന്ന നെൽസൺ മണ്ടേല – നിങ്ങൾ അറിയേണ്ട ചരിത്രം..

Total
1
Shares

ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖനേതാവാണ്‌ നെൽസൺ മണ്ടേല. തുടർന്ന് വർണ്ണ-വംശ വ്യത്യാസമില്ലാതെ ദക്ഷിണാഫ്രിക്കയിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളേയും ഉൾപ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ച മണ്ടേല 1994 മുതൽ 1999 വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായിരുന്നു. 1993-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ഫ്രഡറിക്‌ ഡിക്ലർക്കിനോടൊപ്പം പങ്കിട്ടു. ഭാരതത്തിലെ ഏറ്റവും ഉയർന്ന ദേശീയബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകി 1990 ൽ ഭാരതസർക്കാർ മണ്ടേലയെ ആദരിച്ചു. ഈ പുരസ്കാരം ലഭിക്കുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യക്തിയും നോബൽ സമ്മാനം ലഭിക്കുന്നതിനു മുൻപ് ഭാരതരത്നം ലഭിച്ച ഏക വിദേശീയനുമായിരുന്നു അദ്ദേഹം. ലോങ് വോക് റ്റു ഫ്രീഡം ആണ് ആത്മകഥ.

ദക്ഷിണാഫ്രിക്കയിലെ കിഴക്കൻ കേപ്‌ പ്രവിശ്യയിലെ ട്രാൻസ്കെയിൻ പ്രദേശം ഭരിച്ചിരുന്ന തെംബു വംശത്തിൽപ്പെട്ടതാണ് മണ്ടേലയുടെ കുടുംബം. ഉംടാട ജില്ലയിലെ മ്‌വേസോ ഗ്രാമത്തിലാണ്‌ അദ്ദേഹം ജനിച്ചത്‌. മണ്ടേലയുടെ മാതാവ്‌ ഖൊയിസാൻ (തെക്കൻ ആഫ്രിക്കയിലെ ഭൂരിപക്ഷമായ ബന്തു വിഭാഗത്തിൽപ്പെടാത്ത വംശം) വംശത്തിൽപ്പെട്ടവരായിരുന്നു. മണ്ടേലയുടെ പിതാവ് ഗാഡ്‌ല ഹെൻറി മ്‌ഫാകനൈസ്വ (1880-1928) പാരമ്പര്യനിയമപ്രകാരം പിന്തുടർച്ചാവകാശമില്ലായിരുന്നിട്ടും മ്‌വേസോയുടെ ഭരണാധികാരിയായി. എന്നാൽ കോളനിഭരണത്തിനോടുള്ള എതിർപ്പ് കാരണം ഈ സ്ഥാനം അദ്ദേഹത്തിനു നഷ്ടപ്പെട്ടു. തുടർന്ന് പ്രിവി കൗൺസിൽ അംഗമായിരുന്ന അദ്ദേഹത്തിന്റെ സഹായത്തോടെ ഈ സ്ഥാനത്ത് ജോൺഗിന്റാബ ഡാലിൻഡ്യേബോ അവരോധിക്കപ്പെട്ടു. ഗാഡ്‌ല ഹെൻറി മ്‌ഫാകനൈസ്വയുടെ മൂന്നാമത്തെ ഭാര്യയായ നോസികേനി ഫായിയായിരുന്നു മണ്ടേലയുടെ മാതാവ്‌.

മണ്ടേലയും രണ്ട് സഹോദരിമാരും അമ്മയുടെ ഗ്രാമത്തിലാണ് വളർന്നത്. ബാലനായിരുന്നപ്പോൾ അദ്ദേഹം പശുക്കളെ മേക്കുന്ന ജോലി അടക്കം വീട്ടുജോലികളെല്ലാം ചെയ്തിട്ടുണ്ട്. മാതാപിതാക്കൾ നിരക്ഷരരായിരുന്നുവെങ്കിലും, മതകാര്യങ്ങളിൽ ശ്രദ്ധാലുക്കളായിരുന്നു. മണ്ടേലക്ക് ഏഴു വയസ്സുള്ളപ്പോൾ കുട്ടിയെ അടുത്തുള്ള പള്ളിയിൽ മതപഠനത്തിനായി ചേർത്തു. കൂടുതൽ സമയവും മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിലായിരുന്നു അന്ന് മണ്ടേലക്ക് താൽപര്യം. അക്കാലത്ത് സ്കൂളിലെ ഒരദ്ധ്യാപകനായിരുന്നു അദ്ദേഹത്തിന്റെ നാടൻപേരിനോട് നെൽസൺ എന്നുകൂടി കൂട്ടിച്ചേർത്തത്. മണ്ടേലക്ക് ഒമ്പതു വയസ്സുള്ളപ്പോൾ പിതാവ് ശ്വാസകോശസംബന്ധമായ രോഗങ്ങളാൽ അന്തരിച്ചു.

തെംബു ഗോത്രത്തിന്റെ നേതൃപാരമ്പര്യം പിന്തുടരാനായി, ഏഴാമത്തെ വയസിൽ മണ്ടേല വിദ്യാഭ്യാസമാരംഭിച്ചു. മണ്ടേലക്കായിരുന്നു കുടുംബത്തിൽ ആദ്യമായി സ്കൂൾ വിദ്യാഭ്യാസം ലഭിച്ചത്. അക്കാലത്തെ ടീച്ചറായിരുന്ന മിസ് എംഡിംഗാനെയാണ് നെൽസൺ എന്ന ഇംഗ്ലീഷ് പേര് അദ്ദേഹത്തിനു നൽകിയത് പിതാവിന്റെ മരണത്തെ തുടർന്ന് റീജന്റ്‌ ജോൺഗിന്റാബ മണ്ടേലയുടെ രക്ഷാകർത്തസ്ഥാനം ഏറ്റെടുത്തു. റീജന്റിന്റെ കൊട്ടാരത്തിനടുത്തുള്ള വെസ്ലിയൻ മിഷൻ സ്കൂളിൽ വിദ്യാഭ്യാസം തുടർന്നു. ക്ലാർക്ക്ബറി ബോർഡിംഗ്‌ ഇൻസ്റ്റിറ്റ്യൂട്ടിൽ പതിനാറാമത്തെ വയസ്സിൽ ചേർന്ന അദ്ദേഹം ജൂനിയർ സർട്ടിഫിക്കറ്റ്‌ രണ്ട്‌ വർഷംകൊണ്ട്‌ പൂർത്തിയാക്കി. ദക്ഷിണാഫ്രിക്കയിൽ കറുത്ത വർഗ്ഗക്കാർക്കുവേണ്ടിയുള്ള പാശ്ചാത്യരീതിയിലുള്ള ഒരു മികച്ച സ്കൂളായിരുന്നു ക്ലാർക്ക്ബറി. പിതാവിന്റെ പ്രിവി കൗൺസിലർ പദവി ഏറ്റെടുക്കാൻ നിയുക്തനായ അദ്ദേഹം, 1937-ൽ, തെംബു രാജകുടുംബാംഗങ്ങൾ പഠിക്കാറുള്ള ഫോർട്ട് ബ്യൂഫോർട്ടിലെ വെസ്‌ലിയക് കോളേജിലെ ഹെൽദ്ടൗൺ കോമ്പ്രഹൻസീവ് സ്കൂളിൽ ചേർന്നു. സ്കൂളിലെ പ്രധാനാധ്യാപകൻ ഇംഗ്ലീഷ് രീതിയിലുള്ള വിദ്യാഭ്യാസത്തിനായിരുന്നു ഊന്നൽ നൽകിയിരുന്നതെങ്കിലും, ആഫ്രിക്കൻ സംസ്കാരവും ചരിത്രവും പഠിക്കാനായിരുന്നു മണ്ടേല താൽപര്യപ്പെട്ടത്. ഒഴിവു സമയങ്ങളിൽ ദീർഘദൂര ഓട്ടവും, ബോക്സിംഗും മണ്ടേല പരിശീലിച്ചിരുന്നു.

മെട്രികുലേഷൻ വിജയിച്ചതിനുശേഷം ഫോർട്ട്‌ ഹെയർ സർവ്വകലാശാലയിൽ ആണ് മണ്ടേല ഉപരിപഠനത്തിനായി ചേർന്നത്. കറുത്ത വംശജർക്കു വേണ്ടിയുള്ള മികച്ച ഒരു സ്ഥാപനമായിരുന്നു ഫോർട്ട് ഹെയർ സർവ്വകലാശാല. പ്രധാനമായും, ഇംഗ്ലീഷ് ഭാഷ, നരവംശശാസ്ത്രം, രാഷ്ട്രീയം എന്നീ വിഷയങ്ങളാണ് മണ്ടേല ബിരുദപഠനത്തിനായി തിരഞ്ഞെടുത്തത്. ആദ്യവർഷം പഠിക്കാനുള്ള വിഷയങ്ങളിൽ നിയമം കൂടി ഉൾപ്പെട്ടിരുന്നു. അവിടെവച്ചാണ്‌ പിന്നീട് ദീർഘകാല സുഹൃത്തായിത്തീർന്ന ഒളിവർ തംബുവിനെ പരിചയപ്പെട്ടത്. സാമ്രാജ്യത്വത്തിനെതിരേ പോരാടുന്ന ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിൽ സുഹൃത്തുക്കൾ പലരും അംഗങ്ങളായിരുന്നുവെങ്കിലും, മണ്ടേല തുടക്കത്തിൽ ഇത്തരം പൊതുപ്രവർത്തനത്തിൽ യാതൊരു താൽപര്യവും കാണിച്ചിരുന്നില്ല. മാത്രവുമല്ല, രണ്ടാം ലോകമഹായുദ്ധകാലത്ത് അദ്ദേഹം ബ്രിട്ടന്ന് അനുകൂലമായി സംസാരിക്കുകപോലും ചെയ്തിരുന്നു. എന്നാൽ പിന്നീട് സ്റ്റുഡന്റ്സ് റെപ്രസന്റേറ്റീവ് കൗൺസിലിൽ മണ്ടേല അംഗമായി. സ്റ്റുഡന്റ്‌ റപ്രസന്റേറ്റിവ്‌ കൗൺസിൽ സർവ്വകലാശാല നിയമങ്ങൾക്കെതിരെ നടത്തിയ സമരത്തിൽ മണ്ടേല പങ്കെടുക്കുകയും, തുടർന്ന് അദ്ദേഹത്തെ സർവ്വകലാശാല പുറത്താക്കുകയും ചെയ്തു. ബിരുദം പൂർത്തിയാക്കാനാവാതെ അദ്ദേഹത്തിനു സർവ്വകലാശാല വിട്ടിറങ്ങേണ്ടി വന്നു.

ഫോർട്‌ ഹെയർ വിട്ടതിനുശേഷം ജോൺഗിന്റാബ, മണ്ടേലയെ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു. വിവാഹത്തിനു താൽപര്യമില്ലാത്തതിനാൽ മണ്ടേല ജൊഹാനസ്‌ബർഗിലേക്ക്‌ ഓടിപ്പോയി ഒരു ഖനിയിൽ കാവൽക്കാരനായി ജോലിനോക്കാൻ തുടങ്ങി. മുതലാളിത്തത്തിന്റെ ക്രൂരതകൾ മണ്ടേല മനസ്സിലാക്കിത്തുടങ്ങിയത് ഖനിയിലെ ആ ചുരുങ്ങിയ കാലത്തെ ജോലിക്കിടയിലാണ്. പുതിയ ജോലിക്കാരൻ ഒരു ഒളിച്ചോട്ടക്കാരനാണെന്നറിഞ്ഞപ്പോൾ ഖനിയിലെ മേലധികാരി മണ്ടേലയെ അവിടെനിന്നും പിരിച്ചുവിട്ടു. ജോഹന്നസ്ബർഗ് ജീവിതത്തിനിടക്കാണ് മണ്ടേല ഒരു സുഹൃത്തു വഴി വാൾട്ട‍ർ സിസുലുവിനെ പരിചയപ്പെടുന്നത്. സിസുലുവിന്റെ ശുപാർശയിൽ മണ്ടേലക്ക് ഒരു അഭിഭാഷകന്റെ ഓഫീസിൽ ഗുമസ്തനായി ജോലി ലഭിച്ചു. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ നയങ്ങളോട് പിന്തുണ പുലർത്തിയിരുന്ന കുറേ ആളുകളാണ് അവിടെ ജോലി ചെയ്തിരുന്നത്. ഇവിടെ വെച്ച് മണ്ടേല, കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരെ പരിചയപ്പെടുകയുണ്ടായി. പാർട്ടിക്ലാസ്സുകളിൽ പങ്കെടുക്കുകയും, ചർച്ചകളിൽ ഭാഗഭാക്കാകുകയും ചെയ്തെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വം നേടാൻ അദ്ദേഹം ശ്രമിച്ചില്ല. നിരീശ്വരവാദത്തെ പിന്തുണക്കുന്ന കമ്മ്യൂണിസ്റ്റു പാർട്ടിയുമായുള്ള ബന്ധം തന്റെ ക്രൈസ്തവമതവിശ്വാസത്തിനു പരുക്കേൽപ്പിക്കുമെന്ന് അക്കാലത്ത് വിശ്വസിച്ചിരുന്നതായി മണ്ടേല പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്. ജോലിക്കിടയിൽ മണ്ടേല യൂണിവേർസിറ്റി ഒഫ്‌ സൗത്ത്‌ ആഫ്രിക്കയിൽനിന്നും ബി. എ ബിരുദമെടുക്കുകയും യൂണിവേർസിറ്റി ഒഫ്‌ വിറ്റ്വാട്ടർസ്രാൻഡിൽ നിയമപഠനം തുടങ്ങുകയും ചെയ്തു.

തന്റെ ജോലിയിൽ നിന്നും ലഭിച്ചിരുന്ന വരുമാനം തുച്ഛമായിരുന്നതുകൊണ്ട് അലക്സാണ്ട്രയിൽ ഒരു കുടുംബത്തോടൊപ്പമാണ് മണ്ടേല താമസിച്ചിരുന്നത്. മോശം ജീവിതസാഹചര്യങ്ങളുള്ള ഒരു പ്രദേശമായിരുന്നു അലക്സാണ്ട്ര. കൂടാതെ അക്രമവും ദാരിദ്ര്യവും കൊണ്ട് അലക്സാണ്ട്രയിലെ ജനങ്ങൾ പൊറുതിമുട്ടിയിരുന്നു. സാധാരണ ജനങ്ങൾക്കൊപ്പം ഇടപഴകി അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും, ഒപ്പം പണം ലാഭിക്കാനും മണ്ടേല വിറ്റ്വാട്ടർസ്രാൻഡിലുള്ള ഒരു തൊഴിലാളി കോളനിയിലേക്ക് താമസം മാറുകയുണ്ടായി. വിവിധ ഖനികളിൽ ജോലിചെയ്തിരുന്ന പല ഗോത്രങ്ങളിലുള്ള ആളുകൾ ഒന്നിച്ചുതാമസിച്ച ഒരു കോളനിയായിരുന്നു അത്. 1941 ൽ ജോൺഗിന്റാബ, മണ്ടേലയെ വിറ്റ്വാട്ടർസ്രാൻഡിൽ ചെന്നു കണ്ട് തെംബുലാൻഡിലേക്ക് തിരിച്ചുവരാൻ ആവശ്യപ്പെട്ടു. 1943 ൽ ബിരുദം പൂർത്തിയാക്കിയ മണ്ടേലക്ക്, തെംബുലാൻഡിലെ കൗൺസിലറാകാൻ താൽപര്യമുണ്ടായിരുന്നില്ല. അവശതയനുഭവിക്കുന്ന കറുത്ത വർഗ്ഗക്കാർക്കുവേണ്ടി സമരം നയിക്കാനാണ് അദ്ദേഹം തീരുമാനിച്ചിരുന്നത്.

വിറ്റ്വാട്ടർസ്രാൻഡ് സർവ്വകലാശാലയിൽ നിയമപഠനം നടത്തിയിരുന്നവരിൽ ഏക കറുത്തവർഗ്ഗക്കാരനായിരുന്നു മണ്ടേല. വർണ്ണവിവേചനത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ഏറെ ബോധവാനായിരുന്ന മണ്ടേല, സർവ്വകലാശാലയിലെ കമ്മ്യൂണിസ്റ്റ്പ്രവർത്തകരായ വെളുത്ത വംശജരുമായി സൗഹൃദം സ്ഥാപിച്ചു. റൂത്ത് ഫസ്റ്റ്, ജോ സ്ലോവ് എന്നിവരായിരുന്നു സർവ്വകലാശാലയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവർത്തകർ. വാൾട്ടർ സിസുലുവിന്റെ ആശയങ്ങൾ മണ്ടേലയെ ഏറെ സ്വാധീനിച്ചിരുന്നു. അടിമത്തത്തിനെതിരേയും, സാമ്രാജ്യത്വതിനെതിരേയും സമരം ചെയ്തുകൊണ്ടിരുന്ന കമ്മ്യൂണിസ്റ്റുകാരുമായുള്ള സൗഹൃദത്തിന്റെ സ്വാധീനത്തിൽ നിന്നാണ് കറുത്തവർഗ്ഗക്കാരുടെ രാഷ്ട്രീയമോചനത്തിനായുള്ള സമരത്തിന് വേണ്ടി അവർ തന്നെ സ്വയം പര്യാപ്തരാവണമെന്ന ആശയത്തിൽ മണ്ടേല എത്തിച്ചേരുന്നത്. മണ്ടേലയും, കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുകൂടി പ്രവർത്തിക്കുന്ന സംഘടനയായ ആഫ്രിക്കൻ നാഷണലിസ്റ്റിന്റെ നേതാവ് ആന്റൺ ലെംബാഡേയും ചേർന്ന് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന് ഒരു യുവജനവിഭാഗത്തിന്റെ ആവശ്യകതയെക്കുറിച്ച് എ.എൻ.സിയുടെ പ്രസിഡന്റ് ക്സുമായോട് സംസാരിക്കുകയുണ്ടായി. 1944 ലെ ഈസ്റ്റർ ദിനത്തിൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് യൂത്ത് ലീഗ് സ്ഥാപിതമായി. ലെംബാഡെയായിരുന്നു ലീഗിന്റെ ആദ്യ പ്രസിഡന്റ്. നെൽസൺ മണ്ടേല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. 1947 ൽ ലെംബാഡെയുടെ മരണത്തോടെ മണ്ടേല യൂത്ത് ലീഗിന്റെ പ്രസിഡന്റായി.

ആഫ്രിക്കാൻസ് ഭാഷ സംസാരിക്കുന്ന യൂറോപ്യൻ വംശജരായ ആഫ്രിക്കാനർക്ക് ആധിപത്യമുള്ളതും, വർണ്ണവിവേചനത്തിനും വംശീയമായ വേർ‍തിരിവിനും വേണ്ടി നിലകൊണ്ടിരുന്നതുമായ നാഷണൽ പാർട്ടിയുടെ 1948-ലെ തിരഞ്ഞെടുപ്പ്‌ വിജയത്തിനുശേഷം, മണ്ടേല, ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ 1952-ലെ സമരത്തിലും 1955-ലെ പീപ്പിൾസ്‌ കോൺഗ്രസ്സിലും സജീവമായി പങ്കെടുക്കുകയുണ്ടായി. 1950 ൽ മണ്ടേല എ.എൻ.സിയുടെ ദേശീയ എക്സിക്യുട്ടീവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അക്കൊല്ലം ജോഹന്നസ്ബർഗിൽ നടന്ന ഒരു കൺവെൻഷനെ തുടർന്ന് ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേ സമാന ലക്ഷ്യങ്ങളുള്ള സംഘടനകൾ ഒരു സമരം നടത്തുകയുണ്ടായി. മണ്ടേല ഈ സമരത്തിനെതിരായിരുന്നു. ഈ സമരം ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ളതല്ലായിരുന്നു. കൂടാതെ സമരത്തെ അടിച്ചമർത്താൻ സർക്കാൻ എന്തു നടപടിയും സ്വീകരിച്ചേക്കാമെന്നും മണ്ടേലക്കറിയാമായിരുന്നു. ഈ സമരത്തിനെ തുടർന്ന് സർക്കാർ ആന്റി കമ്മ്യൂണിസം സപ്രഷൻ ആക്ട് കൊണ്ടു വന്നു. ഇതുപ്രകാരം എല്ലാത്തരം സമരങ്ങളും നിരോധിക്കപ്പെട്ടു. 1951 ൽ നടന്ന ദേശീയ സമ്മേളനത്തിൽ വച്ച് മണ്ടേല, ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കറുത്ത വർഗ്ഗക്കാരുടെ ഒരു മുന്നണി രൂപീകരിക്കുന്നതിനെക്കുറിച്ച് മണ്ടേല ആലോചിച്ചിരുന്നുവെങ്കിലും വേണ്ടത്ര പിന്തുണ കിട്ടാതിരുന്നതുകൊണ്ട് ആ ആശയം നടപ്പിലായില്ല.

1962 ആഗസ്റ്റ്‌ 5-ആം തീയതി, പതിനേഴു മാസത്തോളം ഒളിവിൽ കഴിഞ്ഞ മണ്ടേല അറസ്റ്റ്‌ ചെയ്യപ്പെടുകയും ജൊഹാനസ്‌ബർഗ് കോട്ടയിൽ തടവിൽ പാർപ്പിക്കപ്പെടുകയും ചെയ്തു. അമേരിക്കയുടെ ചാരസംഘടനയായ സി. ഐ. എ.യും, ചില പ്രവർത്തകരും ഒറ്റിക്കൊടുത്തതിനാലാണ് മണ്ടേലയുടെ താമസസ്ഥലം പോലീസിനു മനസ്സിലാക്കാൻ കഴിഞ്ഞതെന്നു പറയപ്പെടുന്നു. എന്നാൽ മണ്ടേല ഇത്തരം വാർത്തകളെല്ലാം തന്നെ നിഷേധിക്കുന്നു, തന്റെ തന്നെ ശ്രദ്ധക്കുറവുകൊണ്ടു മാത്രമാണ് താൻ പോലീസ് പിടിയിലായതെന്ന് അദ്ദേഹം തന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിരിക്കുന്നു. മൂന്നു ദിവസത്തിനു ശേഷം മണ്ടേലയെ കോടതിയിൽ ഹാജരാക്കി. 1961-ൽ സമരത്തിനു ആഹ്വാനം നൽകിയതും, അനധികൃതമായി രാജ്യം വിട്ടതുമായിരുന്നു അദ്ദേഹത്തിന്റെ പേരിൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ. 1962 ഒക്ടോബർ 25-നു മണ്ടേലയെ അഞ്ചു വർഷത്തേക്ക്‌ തടവിൽ കഴിയാനായി കോടതി വിധിച്ചു.

അടുത്ത പതിനെട്ടു വർഷക്കാലം മണ്ടേല റോബൻ ദ്വീപിലെ ജയിലിലായിരുന്നു ശിക്ഷ അനുഭവിച്ചത്‌. മറ്റു തടവുകാരോടൊപ്പം മണ്ടേലയെ ഒരു ക്വാറിയിൽ ജോലിയെടുപ്പിച്ചു. തടവുകാരെ അവരുടെ വർണ്ണമനുസരിച്ച്‌ വേർതിരിച്ചിരുന്നു, കറുത്ത വർഗ്ഗക്കാരായിരുന്നു താഴെത്തട്ടിൽ. കൂടാതെ രാഷ്ട്രീയത്തടവുകാർ മറ്റുള്ള തടവുകാരെ അപേക്ഷിച്ച്‌ താഴ്‌ന്ന നിലയിലായിരുന്നു കണക്കാക്കിയിരുന്നത്‌. 8അടി നീളവും, 7 അടി വീതിയുമുള്ള ഒരു മുറിയിലായിരുന്നു അദ്ദേഹത്തെ തടവിലിട്ടിരുന്നത്. കിടക്കാനായി ഒരു പുല്ലുപായ മാത്രമാണ് നൽകിയിരുന്നത്. ഡി ഗ്രൂപ്പ്‌ തടവകാരനായതിനാൽ ആറു മാസത്തിൽ ഒരു സന്ദർശകനേയും ഒരു കത്തുമായിരുന്നു മണ്ടേലക്ക്‌ നൽകിയിരുന്നത്‌, കത്തുകൾ പലപ്പോളും വൈകിയും, സെൻസർഷിപ്പ്‌ കാരണം വായിക്കാൻ പറ്റാത്ത അവസ്ഥയിലുമായിരുന്നു അദ്ദേഹത്തിനു ലഭിച്ചിരുന്നത്‌. ചുണ്ണാമ്പ് ക്വാറിയിലെ ജോലിയുടെ കാഠിന്യം മൂലം മണ്ടേലയുടെ കാഴ്ചശക്തിക്ക് സാരമായ പ്രശ്നങ്ങൾ ഉണ്ടായി. ഇക്കാലത്ത്‌ യൂണിവേർസിറ്റി ഒഫ്‌ ലണ്ടന്റെ വിദൂരപഠനപരിപാടിയിലൂടെ ബാച്ചിലർ ഒഫ്‌ ലോ ബിരുദം കരസ്ഥമാക്കി. വർത്തമാനപത്രങ്ങൾ അദ്ദേഹത്തിന് വിലക്കിയിരുന്നു.

ജയിലിൽ വിവധതരക്കാരായ ആളുകളുമായി അദ്ദേഹം ഇടപഴകുമായിരുന്നു. ജയിലിലെ അന്തേവാസികൾ അവർക്ക് പ്രാവീണ്യമുള്ള മേഖലകളിൽ പ്രസംഗങ്ങൾ നടത്തുമായിരുന്നു. റോബിൻ ഐലൻഡ് സർവ്വകലാശാല എന്നു പേരിട്ടു വിളിച്ച ഈ സൗഹൃദസദസ്സിൽ മണ്ടേല, സ്വവർഗ്ഗരതിയെക്കുറിച്ചും, രാഷ്ട്രീയത്തെക്കുറിച്ചുമാണ് സംസാരിച്ചിരുന്നത്. ജയിൽ ജീവിതകാലഘട്ടത്തിൽ മണ്ടേല ഇസ്ലാം മതത്തെക്കുറിച്ചും പഠിച്ചു. ലോകനേതാക്കളുൾപ്പടെയുള്ളവർ മണ്ടേലയെ ജയിലിൽ സന്ദർശിച്ചിരുന്നു. മണ്ടേലയുടെ ജയിൽവാസകാലത്ത് അദ്ദേഹത്തിന്റെ അമ്മയും മകനും മരണമടഞ്ഞുവെങ്കിലും, അവരുടെ ശവസംസ്കാരചടങ്ങുകളിൽ പങ്കെടുക്കാൻ അധികാരികൾ അദ്ദേഹത്തെ അനുവദിച്ചില്ല. 1967ൽ കറുത്ത വർഗ്ഗക്കാരോട് ജയിൽ അധികൃതർ കാണിച്ചിരുന്ന മനോഭാവത്തിന് അല്പം അയവു വന്നു. അവർക്കു ധരിക്കാൻ മാന്യമായ വസ്ത്രങ്ങൾ ലഭിച്ചു. തടവുകാരുടെ ഭക്ഷണം കൂടുതൽ മെച്ചപ്പെട്ടതായി, ഒഴിവു നേരങ്ങളിൽ ഫുട്ബോൾ കളിക്കാനുള്ള അനുമതിയും അവർക്ക് ലഭിച്ചു. 1975 ൽ മണ്ടേലയെ എ ക്ലാസ്സ് തടവുകാരുടെ ഗണത്തിൽ പെടുത്തി. അതോടെ, സന്ദർശകരുടെ എണ്ണത്തിന് പരിധിയില്ലാതായി. പുറം ലോകത്തിൽ വർണ്ണവിവേചനത്തിനെതിരേ പോരാടുന്ന നേതാക്കളായ ഡെസ്മണ്ട് ടുട്ടുവിനെപോലുള്ളവരുമായി നിരന്തര ബന്ധം പുലർത്തി. ഇക്കാലത്താണ് മണ്ടേല തന്റെ ആത്മകഥ രചിക്കാൻ തുടങ്ങിയത്. ആത്മകഥയുടെ ഭാഗങ്ങൾ ജയിലിൽ നിന്നും കണ്ടെടുത്ത അധികൃതർ അദ്ദേഹത്തിന്റെ വിദൂരപഠനംപോലും നിറുത്തലാക്കി. 1980 കളുടെ അവസാനമാണ് പിന്നീട് അദ്ദേഹം തന്റെ നിയമപഠനം തുടർന്നത്.

1982 മാർച്ചിൽ, മുതിർന്ന എ എൻ സി നേതാക്കളായ വാൾട്ടർ സിസുലു, ആൻഡ്രൂ മ്‌ളാങ്ങേനി, അഹമ്മദ്‌ കത്രാഡ, റയ്‌മണ്ട്‌ മ്‌ലാബ എന്നിവരോടൊപ്പം മണ്ടേലയെ പോൾസ്‌മൂർ ജയിലിലേക്ക്‌ മാറ്റി. ചെറുപ്പക്കാരായ തടവുകാർക്ക്‌, മുതിർന്ന നേതാക്കളിൽനിന്നുമുള്ള പ്രചോദനം ലഭിക്കുന്നത് തടയാൻ വേണ്ടിയാണ്‌ ഇങ്ങനെ ചെയ്തതെന്ന് തടവുകാർ കരുതി, എന്നാൽ തടവുകാരും സമ്പർക്കം സ്ഥാപിക്കാനാണ്‌ ഈ മാറ്റമെന്ന് നാഷണൽ പാർട്ടി മന്ത്രിയായ കോബി കോയെറ്റ്‌സി പ്രസ്താവിച്ചു. റോബൻ ദ്വീപിനേക്കാൾ മികച്ച അന്തരീക്ഷമായിരുന്നു പോൾസ്മൂറിലേത്. ഇവിടെ കൂടുതൽ വായിക്കാനും എഴുതാനുമുള്ള സൗകര്യം അദ്ദേഹത്തിനുണ്ടായിരുന്നു. വർഷത്തിൽ 52 എഴുത്തുകുത്തുകൾ നടത്താനുള്ള അവകാശം അദ്ദേഹത്തിനനുവദിച്ചു കിട്ടിയിട്ടുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായിരുന്ന ബോത്തയുടെ നവീകരണനയങ്ങൾക്കെതിരേ പോരാടാനായി രൂപംകൊടുത്ത യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ മുഖ്യ രക്ഷാധികാരിയായി മണ്ടേല തിരഞ്ഞെടുക്കപ്പെട്ടു. 1985 ഫെബ്രുവരിയിൽ പ്രസിഡന്റ്‌ പി. ഡബ്ല്യു. ബോത്ത ഉപാധികൾക്കു വിധേയമായി മണ്ടേലക്ക്‌ ജയിൽമോചനം വാഗ്ദാനം ചെയ്തു, കോയെറ്റ്‌സിയടക്കമുള്ള മന്ത്രിമാർ ഇതിനെ എതിർത്തു. എന്നാൽ എ എൻ സിയുടെ നിരോധനം നിലവിലുള്ള കാലത്തോളം തനിക്ക്‌ സ്വാതന്ത്ര്യം വേണ്ടെന്നു പ്രസ്താവിച്ച മണ്ടേല ഈ വാഗ്ദാനം നിരസിക്കുകയാണുണ്ടായത്‌. 1989-ൽ പ്രസിഡന്റ് ബോത്തയ്ക്ക് പക്ഷാഘാതമുണ്ടായതിനെത്തുടർന്ന് ഫ്രഡറിക്‌ ഡിക്ലർക്ക് സ്ഥാനമേറ്റെടുത്തത് വലിയ മാറ്റങ്ങൾക്ക് കളമൊരുക്കുകയും 1990 ന്റെ തുടക്കത്തിൽ മണ്ടേലയുടെ മോചനത്തിനായുള്ള വഴി തെളിയുകയും ചെയ്തു.

1990 ഫെബ്രുവരി 20-ന്‌ പ്രസിഡന്റ്‌ ഡി ക്ലാർക്‌, എ.എൻ.സിയുടെയും മറ്റു വർണ്ണവിരുദ്ധപ്രസ്ഥാനങ്ങളുടേയും മേലുണ്ടായിരുന്ന നിരോധനം എടുത്തുമാറ്റുകയും മണ്ടേലയെ ജയിൽമോചിതനാക്കുമെന്നും പ്രസ്താവിച്ചു. ഫെബ്രുവരി 11-നു മണ്ടേലയെ വിക്റ്റർ വേർസ്റ്റർ ജയിലിൽനിന്നും മോചിതനാക്കി. അന്നു നടത്തിയ പ്രസംഗത്തിൽ, സമാധാനത്തിനു വേണ്ടിയുള്ള തന്റെ പ്രതിബദ്ധതയെറിച്ചും ന്യൂനപക്ഷമായ വെള്ളക്കാരോടുള്ള ഒത്തുതീർപ്പ്‌ ഉണ്ടാക്കുന്നതിനെക്കുറിച്ചും പ്രസ്താവിക്കുകയും, എന്നാൽ എ എൻ സിയുടെ സായുധസമരം അവസാനിച്ചിട്ടില്ലെന്നു ഓർമ്മിപ്പിക്കുകയും ചെയ്തു. തന്റെ പ്രധാന ലക്ഷ്യം കറുത്തവർക്ക്‌ സമാധാനം പുനഃസ്ഥാപിക്കുകയും, അവർക്ക്‌ ദേശീയവും പ്രാദേശികവുമായ തിരഞ്ഞെടുപ്പുകളിൽ വോട്ടവകാശം നേടിക്കൊടുക്കലുമാണെന്നും മണ്ടേല പ്രഖ്യാപിച്ചു.

ജയിൽ മോചിതനായ മണ്ടേല, ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം അവസാനിപ്പിക്കുന്നതിനായി ലോകരാഷ്ട്രങ്ങളുടെ പിന്തുണ തേടി, ഒരു അന്താരാഷ്ട്ര പര്യടനം ആരംഭിച്ചു. സാംബിയ, സിംബാബ്‌വെ, നമീബിയ, ലിബിയ, സ്വീഡൻ എന്നീ രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചു. ഈ പര്യടനത്തിൽ മണ്ടേല, വത്തിക്കാനിൽ വെച്ച് ജോൺ പോൾ മാർപാപ്പയേയും, ബ്രിട്ടനിൽ മാർഗരറ്റ് താച്ചറേയും കണ്ട് ചർച്ച നടത്തി. അമേരിക്കയിൽ ജോർജ്ജ് ബുഷുമായുള്ള ചർച്ചകൾക്കു ശേഷം, അവിടുത്തെ അമേരിക്കൻ-ആഫ്രിക്കൻ സമുഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയുണ്ടായി. ഇന്ത്യാ സന്ദർശനത്തിൽ മണ്ടേലയെ സ്വീകരിച്ചത് രാഷ്ട്രപതിയായിരുന്ന വെങ്കിട്ടരാമനായിരുന്നു. കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ക്യൂബയിൽ ഫിദൽ കാസ്ട്രോയെ സന്ദർശിച്ചത് പാശ്ചാത്യരാജ്യങ്ങൾക്കിടയിൽ നിന്നും എതിർപ്പുകൾ ഉണ്ടാക്കി.

ഇന്ത്യോനേഷ്യയിൽ പ്രസിഡന്റ് സുഹാർതോയേയും, മലേഷ്യയിൽ പ്രധാനമന്ത്രിയായ മഹാതിർ മുഹമ്മദിനേയും മണ്ടേല സന്ദർശിച്ചു തങ്ങളുടെ പോരാട്ടത്തിനു പിന്തുണ ലഭിക്കാൻ ചർച്ചകൾ നടത്തി. ജപ്പാൻ പ്രധാനമന്ത്രിയേയും മണ്ടേല കണ്ടിരുന്നുവെങ്കിലും, ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ സൗഹൃദ രാജ്യമായിരുന്ന സോവിയറ്റ് യൂണിയൻ സന്ദർശിക്കാതിരുന്നത് ആശ്ചര്യമുളവാക്കിയിരുന്നു.

1990 മേയിൽ ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനു വിരാമമിടാൻ സർക്കാരുമായി ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് ചർച്ചകൾ പുനരാരംഭിച്ചു. ചർച്ചകൾ സുഗമമായി തീരാൻ, മണ്ടേല, എ.എൻ.സിയുടെ ഭാഗത്തു നിന്നും ഒരു വെടിനിർത്തൽ പ്രഖ്യാപിച്ചു. എ.എൻ.സി.യെ ഒരു സംഘടിത ശക്തിയാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് പിന്നീടുള്ള കാലങ്ങളിൽ മണ്ടേല നടത്തിയത്. തീവ്രചിന്തകളിൽ നിന്നും മിതവാദിയായ ഒരു ലോകനേതാവിലേക്കുള്ള മാറ്റമാണ് മണ്ടേലയിൽ രാഷ്ട്രീയ നിരീക്ഷകർ ദർശിച്ചത്. 1991 ൽ നടന്ന എ.എൻ.സി സമ്മേളനത്തിൽ മണ്ടേലയെ വീണ്ടും ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുത്തു.

ദക്ഷിണാഫ്രിക്കയിലെ എല്ലാ ജനവിഭാഗങ്ങളെയും ഉൾപ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യതിരഞ്ഞെടുപ്പ് 27 ഏപ്രിൽ 1994നു നടന്നു. എ. എൻ. സി 62% വോട്ടുകൾ നേടുകയും 10 മേയ്‌ 1994-നു മണ്ടേല ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്തവർഗ്ഗക്കാരനായ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തു. ആഫ്രിക്കൻ നാഷണൽ പാർട്ടിക്ക് ഭരണത്തിൽ മുൻപരിചയം ഉണ്ടായിരുന്നില്ലെങ്കിലും, നാഷണൽ പാർട്ടിയിലെ അംഗങ്ങൾ പുതിയ മന്ത്രിസഭയിൽ ഉണ്ടായിരുന്നുവെന്നത് മണ്ടേലക്ക് സഹായകരമായിരുന്നു. നാഷണൽ പാർട്ടിയിലെ ഡി ക്ലാർക്ക്‌ ആദ്യത്തെ ഡെപ്യൂട്ടി പ്രസിഡെന്റായും, താബോ എംബെക്കി രണ്ടാമത്തെ ഡെപ്യൂട്ടി പ്രസിഡന്റായും നാഷണൽ യൂണിറ്റി സർക്കാർ രൂപികരിക്കപ്പെട്ടു. പുതിയ സർക്കാരിന്റെ നയരൂപീകരണത്തിന് ഡെപ്യൂട്ടി പ്രസിഡന്റ് താബോ എംബെക്കിയെയാണ് മണ്ടേല ചുമതലയേൽപ്പിച്ചത്. 1999 ജൂൺ വരെ പ്രസിഡണ്ട്‌ സ്ഥാനത്ത്‌ തുടർന്ന മണ്ടേല, വർണ്ണവിവേചനത്തിൽനിന്നും ന്യൂനപക്ഷഭരണത്തിൽനിന്നും രാജ്യത്തെ ഐക്യത്തിലേക്ക്‌ നയിച്ചത്‌ അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചു.

76 ആമത്തെ വയസ്സിൽ അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്നും പൂർണ്ണമായി വിരമിച്ചു. 1995 ൽ ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി മണ്ടേലയെ ദക്ഷിണാഫ്രിക്കയിൽ വന്ന് സന്ദർശിച്ചത്, പാർട്ടിയിലെ മുതലാളിത്തവിരുദ്ധചേരിയിൽ നിന്നും വളരെയധികം വിമർശനത്തിനിടയാക്കി. വളരെ ലളിത ജീവിതം നയിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു മണ്ടേല, തന്റെ വരുമാനത്തിന്റെ മൂന്നിലൊന്ന് താൻ തന്നെ തുടങ്ങിയ നെൽസൺ മണ്ടേല ചിൽഡ്രൻസ് ഫണ്ടിലേക്ക് സംഭാവനയായി നൽകിയിരുന്നു. 1994 ൽ മണ്ടേലയുടെ ആത്മകഥയായ ലോങ് വാക്ക് ടു ഫ്രീഡം പ്രസിദ്ധീകരിച്ചു. 1995 ൽ ഭാര്യയായിരുന്ന വിന്നിയുമായി വിവാഹമോചന നടപടികളാരംഭിച്ചു. 1995 ൽ തന്നെ മൊസാംബിക്കിലെ രാഷ്ട്രീയ പ്രവർത്തകയായ ഗ്രേസ മഷേലുമായി മണ്ടേല ബന്ധം ആരംഭിച്ചിരുന്നു. മൊസാംബിക്കിലെ മുൻ പ്രസിഡന്റായിരുന്ന സമോറ മഷേലിന്റെ വിധവയായിരുന്നു ഗ്രേസ. വളരെ ലളിതമായ ജീവിതം നയിച്ച ഒരു വ്യക്തിയായിരുന്നു മണ്ടേല,മദ്യപാനം പുകവലി എന്നീ ശീലങ്ങളൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. തന്റെ വികാരങ്ങൾ പുറത്തു പ്രകടിപ്പിക്കാതെ, തന്നിലേക്കുതന്നെ അടക്കിവെക്കുന്ന ഒരു പ്രകൃതക്കാരനായിരുന്നു അദ്ദേഹം. മൂന്നു തവണ വിവാഹിതനായ മണ്ടേലക്ക്‌ ആറു കുട്ടികളും 17 ചെറുമക്കളുമുണ്ട്‌. മണ്ടേലയുടെ ആറു മക്കളിൽ മൂന്നുപേർ മരണമടഞ്ഞിരുന്നു.

മണ്ടേലയെയും തുടർന്നുവന്ന വർണ്ണവിവേചനവിരുദ്ധപ്രവർത്തകരെയും മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾ സ്വാധീനിച്ചിരുന്നു. മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിൽ സത്യാഗ്രഹം ആരംഭിച്ചതിന്റെ നൂറാം വാർഷികത്തിനോടനുബന്ധിച്ച്‌ 2007 ജനവരി 29/30 തീയതികളിൽ ദില്ലിയിൽ നടന്ന സമ്മേളനത്തിൽ മണ്ടേലയും സന്നിഹിതനായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ചരിത്രം എഴുതപ്പെടുമ്പോൾ അതിൽ ഒഴിവാക്കാനാവാത്ത ഒരു വ്യക്തിത്വമാണ് ഗാന്ധിയുടേതെന്ന് മണ്ടേല അഭിപ്രായപ്പെട്ടിട്ടുണ്ട്. ഗാന്ധി എന്ന വ്യക്തിയുടെ പിന്നിൽ ഒറ്റക്കെട്ടായി നിന്ന് കോൺഗ്രസ്സ് പൊരുതി നേടിയ സ്വാതന്ത്ര്യം ആണ് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രചോദനം, നിയമലംഘന എന്ന ആശയവും കടംകൊണ്ടത് ഗാന്ധിയിൽ നിന്നുമാണ്, എന്ന് ഗാന്ധിയുടെ പ്രതിമ ദക്ഷിണാഫ്രിക്കയിൽ അനാച്ഛാദനം ചെയ്യവേ മണ്ടേല പറയുകയുണ്ടായി.

നെൽസൺ മണ്ടേലയുടെ ആരോഗ്യനില അതീത ഗുരുതരാവസ്ഥയിലാണെന്ന് 2013 ജൂൺ 23-ആം തിയതി ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് ജേക്കബ് സുമ അറിയിച്ചു. ജേക്കബ് സുമ പ്രിട്ടോറിയയിലുള്ള ആശുപത്രിയിലെത്തി നെൽസൺ മണ്ടേലയുടെ ഭാര്യയെ സന്ദർശിച്ച് മണ്ടേലയുടെ രോഗവിവരങ്ങളെക്കുറിച്ച് ഏതാനും നിമിഷം ചർച്ച ചെയ്തു. മണ്ടേലയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച നിലയിൽ 2013 ജൂൺ ഇരുപത്താറാം തിയതി കുടുംബാംഗങ്ങൾ മണ്ടേലയുടെ ശവസംസ്‌കാരം എവിടെ വേണമെന്നതിനെക്കുറിച്ച് നടത്തിയ ചർച്ചഅഭിപ്രായ വ്യത്യാസങ്ങൾ കാരണം തീരുമാനം എടുക്കാനാവാതെ തുടരുകയായിരുന്നു. മണ്ടേലയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന സാഹചര്യത്തിൽ പ്രസിഡണ്ട് ജേക്കബ് സുമ 2013 ജൂൺ 27-ആം തിയതി തന്റെ മൊസാംബിക്ക് സന്ദർശനം റദ്ദാക്കി. മണ്ടേലയുടെ ആരോഗ്യ സ്ഥിതി തികച്ചും നിരാശാജനകമാണെന്ന് മണ്ടേലയുടെ കുടുംബത്തെ പ്രതിനിധീകരിച്ച് അഭിഭാഷകനായ ഡേവിഡ് സ്മിത്ത് പറയുകയുണ്ടായി. മണ്ടേലയെ ചികിത്സിച്ചിരുന്ന ഡോക്ടർമാർ ഈ വാർത്തയെ ഖണ്ഡിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്ഥിതി സങ്കീർണ്ണമാണെങ്കിലും, മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ ജനങ്ങളെ അറിയിച്ചു.അതീവഗുരുതരാവസ്ഥയിലിരിയ്ക്കേത്തന്നെ, 2013 ഓഗസ്റ്റ് 31-ആം തിയതി മണ്ടേല ആശുപത്രി വിട്ടു.

2013 ഡിസംബർ 5ന് തന്റെ 95-ആം വയസ്സിൽ നെൽസൺ മണ്ടേല അന്തരിച്ചു. ജോഹന്നാസ് ബർഗിലെ സ്വന്തം വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മണ്ടേലയുടെ മരണവാർത്ത, ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായിരുന്ന ജേക്കബ് സുമ,ദേശീയ ടെലിവിഷനിലൂടെ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ പത്തു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഡിസംബർ 15ന് എല്ലാ വിധ ബഹുമതികളോടും കൂടെ മണ്ടേലയുടെ ശവസംസ്കാരചടങ്ങുകൾ നടത്തി. തൊണ്ണൂറോളം രാഷ്ട്രങ്ങളുടെ പ്രതിനിധികൾ മണ്ടേലയുടെ അന്ത്യയാത്രക്കു സാക്ഷ്യം വഹിക്കുവാനായി ദക്ഷിണാഫ്രിക്കയിൽ വന്നു ചേർന്നിട്ടുണ്ടായിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് പ്രണബ് മുഖർജി, ലോക്സഭ പ്രതിപക്ഷനേതാവ് സുഷമ സ്വരാജ്, സിപിഎം നേതാവ് സീതാറാം യെച്ചൂരി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

1 comment
  1. ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്ന വ്യക്തി കെന്നത്ത് ഗൗണ്ട ആണ് ദക്ഷിണാഫ്രിക്കൻ ഗാന്ധി ആണ് നെല്സണ് മണ്ടേല

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post